(രചന: Rajitha Jayan)
ചുമരിലെ ക്ളോക്കിലേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ അതിന്റെ ശബ്ദത്തിനെക്കാൾ ഉച്ചത്തിൽ തന്റെ ഹൃദയമിടിക്കുന്നുണ്ടെന്ന് തോന്നിയ ശാലിനി ഞെട്ടലിൽ തൊട്ടപ്പുറത്തുകിടക്കുന്ന ശരത്തിനെയൊന്ന് നോക്കി…
ഫാനിന്റ്റെ നേർത്ത കാറ്റിൽ സുഖകരമായൊരു ഉറക്കത്തിലായിരുന്നു ശരത്തെന്ന ശാലിനിയുടെ ഭർത്താവപ്പോൾ……
ഇപ്പോൾ സമയം പതിനൊന്നായിരിക്കുന്നു..
പന്ത്രണ്ട് മണിക്ക് ഇവിടെന്ന് ഇറങ്ങാനാണ് റോബിച്ചൻ പറഞ്ഞിരിക്കുന്നത്.. വീടിന് പുറകിലെ റബ്ബർ പുരയുടെ അടുത്ത് കാത്തുനിൽക്കും റോബിൻ
ഈശ്വരാ നീ കാത്തോളണേ…..
ചെയ്യുന്നത് തെറ്റാണെന്നറിയാം…ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിക്കാതെ വയ്യ. ….താൻ സ്വപ്നം കണ്ടതുപോലെ തനിക്ക് ഇനിയെങ്കിലും ജീവിച്ചേ പറ്റൂ…
അതിനു ശരത്തിനെക്കാൾ നല്ലത് റോബിനാണ്…… ഒരു മൊബൈൽ സൗഹൃദം തന്നെ ഏതെല്ലാം വഴികളിലൂടെയാണ് നയിക്കുന്നത്. ….
ഉതിർന്നു വീണ നിശ്വാസത്തിനൊപ്പം ശാലിനി വയറിലൊന്നു മെല്ലെ തൊട്ടു ,റോബിച്ചന്റ്റെ ചോര തന്റ്റെ വയറ്റിലൊരു കുഞ്ഞായി രൂപംകൊണ്ടിരിക്കുന്നിപ്പോൾ
എന്നാണ്. ..എപ്പോഴാണ് തന്റ്റെ മനസ്സിടറിയത്……
ഭർത്താവും കുഞ്ഞുമായ് ജീവിച്ചിരുന്ന തന്റെ മനസ്സിലേക്ക് റോബിച്ചൻ എങ്ങനെ കയറി പറ്റി…??
ആശിച്ച ജീവിതം റോബിച്ചൻ നീട്ടിയപ്പോൾ താനെത്ര പെട്ടെന്ന് തന്റ്റെ കുടുംബത്തെ മറന്നു. ..
വേണ്ട അതൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ല. .. കാര്യങ്ങൾ എല്ലാം കരയ്ക്കടുക്കാറായിരിക്കുന്നിപ്പോൾ….
സമയം പതിനൊന്നര ആയപ്പോൾ ശാലിനി ശബ്ദമുണ്ടാക്കാതെ ശരത്തിനരിക്കിൽനിന്നെഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു….
തൊട്ടപ്പുറത്തെ മുറിയിൽ അച്ചമ്മക്കൊപ്പം കിടക്കുന്ന അനഘമോളെ നോക്കിനിന്നപ്പോൾ എന്തിനെന്നറിയാതൊരു വേദന ശാലിനിയിലുടലെടുത്തു….
കുറ്റബോധമോ പശ്ചാതാപമോ അതെന്ന് വേർതിരിക്കാനവൾക്കപ്പോൾ സാധിച്ചില്ല. …
ശരത്തെന്ന ഭർത്താവിനെ…,, അനഘയെന്ന മകളെ എല്ലാം കഴിഞ്ഞജന്മമായി മറന്നു കളയാനാണ് റോബിൻ പറഞ്ഞിരിക്കുന്നത്. ..
ഈ ജന്മത്തിൽ തനിക്കൊരു ഭർത്താവ് മാത്രമാണ് ഉളളത് അത് റോബിനാണ് ….
തനിക്ക് ഇതുവരെ കുട്ടികൾ പിറന്നിട്ടില്ല…. പിറക്കാനിരിക്കുന്നതേയുളളൂ…..
അതെ അതുമതി തനിക്ക്. … തന്റെ സ്വപ്നങ്ങളെ
വർണ്ണങ്ങൾചാലിച്ചൊരു പൂങ്കാവനമാക്കിമാറ്റാൻ കഴിവില്ലാത്ത ശരത്തെന്ന തന്റ്റെ ഭർത്താവിനെയും…,
താൻ ആഗ്രഹിക്കാതെ തന്റ്റെയുളളിൽ കുരുത്ത് തന്റ്റെ സന്തോഷങ്ങൾ ചവിട്ടി മെതിച്ച് പുറത്തേക്ക് വന്ന അനഘയെന്ന മകളോ തനിക്കാരുമല്ല……
തന്റെ ഒന്നുമല്ല. …
ജീവിക്കണം റോബിച്ചനുമൊത്ത് താൻ കണ്ട സ്വപ്നങ്ങൾ നേടികൊണ്ടൊരു സ്വർഗ്ഗീയ ജീവിതം…
ചിന്തകൾക്ക് കടിഞ്ഞാണിട്ട് മനസ്സിനെ പാകപ്പെടുത്തി അടുക്കളയിൽ ആരും കാണാതെ റെഡിയാക്കി വെച്ചിരുന്ന ബാഗുമെടുത്ത് വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ ഒരു വല്ലാത്ത ധൈര്യം തോന്നി ശാലിനി….
പ്രതീക്ഷിച്ചപോലെതന്നെ റബ്ബർ പുരയിൽ റോബിൻ കാത്തു നിന്നിരുന്നു. ..
റോബിച്ചാ……..
ശ്ശ്….ശബ്ദം ഉണ്ടാക്കല്ലേ ശാലു….
വേഗം പുറകുവശത്തെ വേലികടന്ന് പുറത്തെത്തണം… അവിടെയാണ് ഞാൻ വണ്ടി നിർത്തിയിരിക്കുന്നത്….
വാ. …
ശാലിനിയുടെ കൈപിടിച്ച് മുന്നോട്ട് നടക്കാൻ റോബിനൊരുങ്ങിയ ആ നിമിഷം തന്നെ അവർക്ക് പുറകിൽ വീട്ടിലെ ലൈറ്റുകൾ ഒന്നാകെ തെളിഞ്ഞു…
ഞെട്ടിപകച്ച് തിരിഞ്ഞു നോക്കിയ ശാലിനി ഷോക്കടിച്ചെന്നപോലെ ഞെട്ടിവിറച്ചു. ..
അടുക്കള വാതിൽക്കൽ ചാരി അവളെ നോക്കി ശരത്ത്… അവനൊപ്പം അനഘയെന്ന മകളും ശരത്തിന്റ്റെ അമ്മയും…
റോബിച്ചാ….കുടുങ്ങി…
മന്ത്രണംപോലെ അവളിൽ നിന്നു വാക്കുകൾ പുറത്തേക്ക് വേച്ചുവീഴവേ നാലുചുറ്റും നിന്ന് തങ്ങൾക്കരിക്കിലേക്ക് മിന്നിതെളിച്ചു വരുന്ന ടോർച്ചിന്റ്റെ വെട്ടത്തെ നോക്കി പകച്ചു നിൽക്കുകയായിരുന്നു റോബിൻ….
ഒരു വലയമായി തങ്ങൾക്ക് ചുറ്റും നിൽക്കുന്ന അയൽക്കാരുടെ മുഖത്തൊന്ന് നോക്കാൻ പോലും സാധിക്കാതെ നിന്നുരുക്കുമ്പോൾ ജീവിതത്തിലാദ്യമായ് ശാലിനി മരണത്തെ സ്നേഹിച്ചുപോയി… ..ആ നിമിഷം അവിടെ മരിച്ചുവീണിരുന്നെങ്കിൽ…..
“”” ശരത്തേ…..നീ പറ. .എന്താണ് ഞങ്ങൾ ഇനി ചെയ്യേണ്ടത്…??
ഇന്ന് രാത്രി നിനക്ക് ഞങ്ങളുടെ ആവശ്യമുണ്ടെന്ന് നീ പറഞ്ഞപ്പോൾ ഞങ്ങളിത്രയും കരുതിയില്ല മോനെ…..”””
അയൽവാസിയായ മോഹനേട്ടനത് പറയുമ്പോൾ ശാലിനി പകച്ച് ശരത്തിനെ നോക്കി. ..
“”അപ്പോൾ… ..,,,,അപ്പോൾ..താനിന്നിവിടെനിന്ന് റോബിച്ചനൊപ്പം ഇറങ്ങി പോവുമെന്ന് ശരത്തേട്ടൻ നേരത്തെ അറിഞ്ഞിരുന്നുവോ….. ??
തങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കിയിട്ടാണോ യാതൊരു മുന്നറിയിപ്പുമില്ലാതെ ശരത്തേട്ടൻ പെട്ടെന്ന് ഗൾഫിൽ നിന്നും വന്നത്….??
തന്നോട് പറഞ്ഞത് ജോലി നഷ്ടമായത് കൊണ്ട് പെട്ടെന്ന് പോന്നു എന്നാണല്ലോ…??
മോഹനേട്ടാ….പത്തൊൻപതാം വയസ്സിൽ വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ഗൾഫിലെത്തിയവനാണ് ഞാൻ. .. നിങ്ങൾക്കറിയാലോ അത്…
അച്ഛന്റെ മരണശേഷം രണ്ടനിയത്തിമാർക്കും അമ്മയ്ക്കും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ… കുറച്ചധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനവരെയെല്ലാം നന്നായി വളർത്തി വിവാഹം കഴിപ്പിച്ചയച്ചൂ….
എന്റെ ജീവിതത്തിലേക്കൊരു കൂട്ടായി ഞാനിവളെ കൂട്ടിയതിവളുടെ സൗന്ദര്യം കണ്ടിട്ടല്ല. ..മറിച്ച് അഞ്ചു പെൺമക്കളിൽ മൂത്തവളായ ഇവളെ ഞാൻ സ്വീകരിച്ചാൽ അതിവളുടെ കുടുംബത്തിനൊരാശ്വാസം ആവുമെന്ന് എനിക്ക് തോന്നിയിട്ടാണ്…,,
അന്ന് മുതലിന്നോളം എന്നെക്കൊണ്ട് കഴിയും പോലെ ഞാനാ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്….
എന്റെ ഇല്ലായ്മകളെ എന്നും പുച്ഛവും പരിഹാസവും ആയിരുന്നിവൾക്ക്…
സമ്പന്നരായ മറ്റു ഗൾഫ് ഭാര്യമാരെപോലെ ധാരാളിത്തംകാട്ടി ജീവിക്കാൻ സാധിക്കാത്തതിന് അമർഷവുമുണ്ടായിരുന്നെന്നോട്…..
പക്ഷേ എന്നിരുന്നാലും ഇവളിങ്ങനൊരു ചതി എന്നോട് കാട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല മോഹനേട്ടാ…..
കാര്യങ്ങൾ പറഞ്ഞു നിർത്തുമ്പോൾ ശരത്ത് അറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
മോനെ. ….നീ…നീ എങ്ങനെ അറിഞ്ഞെടാ ഇവളുടെ ഈ ബന്ധം. … ??
മോഹനേട്ടന്റ്റെ ചോദ്യത്തിനുത്തരമായ്, ,
പകയെരിയുന്ന കണ്ണുകളോടെ ശാലിനിയെ തന്നെ തുറിച്ചുനോക്കികൊണ്ടുനിന്നിരുന്ന അനഘയെ ശരത്ത് തന്നോട് ചേർത്ത് നിർത്തി …
എന്നിട്ട് വളരെപതിഞ്ഞ ഒച്ചയിൽ പറഞ്ഞു. ..
“”ഇവൾ ,,,ഇവളാണ് എന്നോടീകാര്യം വിളിച്ചു പറഞ്ഞത് മോഹനേട്ടാ….
അവളുടെ അമ്മയ്ക്ക് അച്ഛനെപോലെ തന്നെ വേറൊരാളും കൂട്ടിനുണ്ടെന്ന്….
ഒരു മന്ത്രണംപോലെ ശരത്ത് പറഞ്ഞ വാക്കുകൾ കേട്ട് ശാലിനി ഉമിതീയ്യിലെന്നപോലെ നീറി മകളെ നോക്കി. ..
ഈശ്വരാ. ..ചെറിയ കുട്ടിയെന്ന് താൻ ധരിച്ച് വച്ചിരുന്ന ഇവളാണോ ഈ കാര്യം ശരത്തേട്ടനെ വിളിച്ചറിയിച്ചത്….?
മോനെ….മോൻ പറയണത്…..
ഞാൻ പറഞ്ഞത് സത്യം ആണ് മോഹനേട്ടാ…. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്ഒരു രാത്രി ഉറക്കമുണർന്ന് അമ്മയെ അന്വേഷിച്ചു അമ്മയുടെ മുറിവാതിൽക്കലെത്തിയ എന്റ്റെ മോൾ കണ്ടത് അമ്മയ്ക്കരിക്കിൽ നൂൽബന്ധമില്ലാതെ കിടക്കുന്ന ഇവനെയാണ്.
പ്രായത്തിലധികം ബുദ്ധിയുണ്ടെന്റ്റെ മോൾക്ക്… അതാണല്ലോ കണ്ട കാര്യങ്ങൾ അച്ചമ്മയോട്പോലും പറയാതെ എന്റെ കുട്ടിഎന്നെ വിളിച്ചു പറഞ്ഞത്…
പറഞ്ഞതൊന്നും അമ്മ അറിയല്ലേ അച്ഛാ…… അറിഞ്ഞാലമ്മയെന്നെ ചിലപ്പോൾ കൊല്ലുമെന്ന് അവൾ പറഞ്ഞത് നമ്മുക്ക് ചുറ്റും നടക്കുന്ന വാർത്തകൾ അവളും ശ്രദ്ധിക്കുന്നതിനാലാണ്….
ജോലി നഷ്ടപ്പെട്ടെന്നൊരു കളളംപറഞ്ഞിവിടേക്ക് ഞാൻ വന്ന അന്നുതന്നെ എനിക്ക് മനസ്സിലായിരുന്നു എന്റ്റെ മോളെന്നോട് പറഞ്ഞതെല്ലാം സത്യമായിരുന്നെന്ന്….
ഒരു പത്തുവയസ്സുക്കാരിയെക്കാൾ പക്വത എന്റ്റെ മോൾ കാണിച്ചപ്പോൾ എനിക്ക് മുന്നിൽ തകർന്നു വീണത് എന്റ്റെ ഭാര്യയുടെ കപടമുഖം ആയിരുന്നു. …
ഇനി എന്താണ് മോനെ നമ്മൾ ചെയ്യേണ്ടത്. …??
ഇവളെ നമ്മൾ എന്താണ് ചെയ്യേണ്ടത്…??
താലികെട്ടിയ ഭർത്താവ് ജീവിച്ചിരികെ സ്വന്തം മനസ്സിലും ശരീരത്തിലും അന്യ പുരുഷനെ സ്വീകരിച്ച ഇവളെ എന്ത് ചെയ്യണം…..??
എനിക്കിനിയിവളെ വേണ്ട മോഹനേട്ടാ…. ഉറക്കമുണൊർന്നൊരു പ്രഭാതത്തിൽ ഈ നാട്ടുക്കാർക് പാടി രസിക്കാനൊരു കോമാളിയായ് ഞാൻ മാറരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…,,,
അതുകൊണ്ടാണ് ഇവൾ ഇറങ്ങി പോവുമ്പോൾ സാക്ഷികളായ് നിങ്ങൾ അയൽക്കാര് വേണമെന്ന് ഞാൻ കരുതിയത്. ….
ഈ ചെറ്റയെ കൂട്ടുപിടിച്ച് ജീവിത സ്വപ്നങ്ങൾ തേടി പോവുന്ന ഇവൾക്കറിയില്ല ഇവന്റ്റെ തനിസ്വഭാവം..
നാടുനീളെ ഭാര്യമാരെ സൃഷ്ടിച്ചവരുടെ സമ്പത്തും കവർന്നു മുങ്ങി നടക്കുന്ന ഒരുത്തനെയാണ് ഫോണിലൂടെ പരിച്ചയപ്പെട്ട് സ്വന്തം മനസ്സിലും ശരീരത്തിലും കുടിയിരുത്തിയിരിക്കുന്നതെന്ന് തിരിച്ചറിയുന്ന ഇവൾക്ക് ഇവിടേക്ക് മടങ്ങി വരവിനൊരവസരം ഇല്ലാതാക്കുകയാണ് ഞാൻ. ….
ഭാര്യയെ പ്രാണനിൽ സ്നേഹിക്കുന്ന ഭർത്താവിനെ അവന്റെ ഇല്ലായ്മകളുടെ പേരിൽ വലിച്ചെറിഞ്ഞു പുതിയ ഭർത്താക്കൻമാരെ തേടി പോവുന്ന ഇവൾക്കെല്ലാം ലഭിക്കുന്നത് എത്തരക്കാരെയാണെന്ന് ഇവളെയൊന്ന് ബോധ്യപ്പെടുത്താൻ…,,,
എന്നെ പറ്റിച്ചല്ല മറിച്ച് ഞാൻ വലിച്ചെറിയുന്ന എച്ചിലായ് വേണമിവൾ ഇവിടെ നിന്ന് പോവാൻ എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു… അതിനാലാണിങ്ങനെയൊരു പരിപാടി തയ്യാറാക്കിയത്….
ജന്മം നൽകിയവൾ അന്യനൊരുത്തന്റ്റെ കയ്യും പിടിച്ചീ പടിയിറങ്ങുന്നത് നേരിട്ട് കാണണമെന്ന് എന്റെ മോൾ പറഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണിൽ അവളുടെ അമ്മ എന്ന സ്ത്രീ എരിഞ്ഞടങ്ങുന്ന കനൽ….
അതിവളെയൊന്ന് അറിയിപ്പിക്കണമെന്ന് തോന്നി.. ..മരിച്ചിരിക്കുന്നു ഇവൾ ഞങ്ങളുടെ മനസ്സിൽ…
”’ശാലിനി ഇനി നീ പൊയ്ക്കോ…നിന്റ്റെ സ്വപ്നങ്ങളിലേക്ക്…പക്ഷേ അതിനുമുൻപ് ഞാൻ നിന്റ്റെ കഴുത്തിൽ ചാർത്തിയ ആ താലിമാല ഇവിടെ അഴിച്ചു വെക്കണം, അതണിയാനുളള യോഗം ഇല്ല… ..
വിറയ്ക്കുന്ന കൈകളാൽ ആ മാലയൂരിയവൾ ശരത്തിന്റ്റെ കയ്യിലേക്ക് വച്ചതും അനഘ വേഗം അച്ഛന്റെ കൈപിടിച്ചകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു……..
വെറുപ്പോടെ തന്നെ നോക്കി പിരിഞ്ഞുപോവുന്ന അയൽവാസികളെ നിർവികാരത്തോടെ ശാലിനി നോക്കിനിന്നപ്പോൾ അവളുടെ വരും കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ടവളുടെ മുഖത്തൂടെ അനഘയുടെ തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..
കാലം അവൾക്കായ് കാത്തവച്ചത് ഇതാണെന്ന ഓർമ്മ പെടുത്തൽപോലെ……