(രചന: രജിത ജയൻ)
“ഞാൻ കൂടി നിങ്ങൾക്കൊപ്പം സിനിമക്ക് വന്നൂന്ന് വെച്ച് നിങ്ങൾക്കെന്താണ് പ്രശ്നം?
“ഞാനും എന്റെ മക്കളും നിങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ഒരിടത്തിരുന്ന് സിനിമ കണ്ടോളാം…,,
” ഞങ്ങളെ കൂടി കൊണ്ടുപോവാൻ പറ അമ്മേ…,അമ്മ പറഞ്ഞാലേ ഇവൻ കേൾക്കൂ ,ഏടത്തിയമ്മക്ക് ഒരു കുഴപ്പവുമില്ല ഞങ്ങൾ ഒപ്പം ചെല്ലുന്നതിൽ ഇവനാ പ്രശ്നം … ഒന്നു പറയമ്മേ.. പ്ലീസമ്മേ…
അമ്മയ്ക്ക് മുമ്പിൽ കരഞ്ഞുകൊണ്ട് ശ്രേയ പറയുന്നതും നോക്കി നിൽക്കുന്ന ആതിരയെ ദേഷ്യത്തിലൊന്നു നോക്കി സാഗർ …
“മോനെ.. ടാ,ഇവളെയും കൂടി കൊണ്ടു പോടാനിങ്ങളുടെ ഒപ്പം…
“വിപിൻ നാട്ടിലില്ലാത്തതു കൊണ്ടല്ലേ അവൾ നിങ്ങൾക്കൊപ്പം വരാൻ വാശി പിടിക്കുന്നത് ?
“നീയല്ലാതെ ആരാടാ അവളെ കൊണ്ടുപോവാൻ..?
നിന്റെ അനിയത്തി അല്ലേടാ അവൾ …
അമ്മ പറഞ്ഞതും സാഗർ ദേഷ്യത്തിൽ അനിയത്തിയെ നോക്കി…
അവളുടെ മുഖത്ത് അവനെ കളിയാക്കി കൊണ്ടൊരു പരിഹാസ ചിരി വിരിഞ്ഞതും അവനിൽ ദേഷ്യം ആളി കത്തി…
”അമ്മ ഇതെന്തു അറിഞ്ഞിട്ടാണ് ഇവൾക്കു വേണ്ടി സംസാരിക്കുന്നത് ,ഇവളിപ്പോഴീ പറയുന്നതുപോലെ ഒന്നുമല്ല പുറത്തു പോയാൽ ,സ്വന്തം മക്കളെ പോലും ശ്രദ്ധിക്കാതെയൊരു നടപ്പാ.. ഞാനോ ആതിര യോ വേണം പിന്നെ അവരെ ശ്രദ്ധിക്കാൻ, അറിയ്യോ അമ്മയ്ക്ക് …?
“കണ്ടോ .. കണ്ടോ ..അമ്മേ .. ഇപ്പ ഞാൻ പറഞ്ഞതുപോലെ ആയില്ലേ കാര്യങ്ങൾ ?
“ഏട്ടന് ആതിരയെ കൂട്ടി പുറത്തു പോവുമ്പോൾ കൂടെ ഞാനും എന്റെ മക്കളും പോവുന്നത് ഇഷ്ട്ടമല്ല … എന്റെ മക്കൾ ശല്യമാണ് പോലും ..ശ്രേയ കള്ള കണ്ണീരൊഴുക്കി ..
“ആതിരഇവന്റെ
ഭാര്യയായി വരുന്നതിനു മുമ്പുവരെ എന്റെ മക്കളെ നിലം തൊടാതെ കൊണ്ടു നടന്നവനാണേട്ടൻ ,ഇപ്പോ എന്റെ മക്കളെ കാണുന്നതു പോലും ഏട്ടനിഷ്ട്ടമില്ല .. മനുഷ്യരിങ്ങനെയെല്ലാം മാറുമോ … ?
പറഞ്ഞു കൊണ്ടൊരു കുറ്റപ്പെടുത്തൽ പോലെ ശ്രേയ ആതിരയെ നോക്കിയപ്പോൾ അമ്മയുടെ മുഖത്ത് ദേഷ്യം നിറയുന്നത് സാഗർ കണ്ടു. അവനൊന്നും പറയാതെ വീടിനകത്തേക്ക് കയറി …
“ഇവിടുന്ന് ആരെങ്കിലും പുറത്തേക്ക് പോവുന്നുണ്ടെങ്കിൽ അവരുടെയൊപ്പം ഈ ശ്രേയ കൂടിയുണ്ടാകും ഏടത്തിയമ്മേ … എന്നെ ഒളിച്ച് പുറത്തുപോവാനായിരുന്നില്ലേ രണ്ടാളുടെയും പ്ലാൻ .. നടക്കില്ല മോളെ … അതേ എന്റെ ഏട്ടനാ… ഞാൻ കഴിഞ്ഞു മതി അവന് നീ ..കേട്ടോടീ …
അമ്മ കേൾക്കാതെ തന്റെ കാതോരം മെല്ലെ ശ്രേയ പറഞ്ഞതും ആതിരയവളെ ഒന്നു നോക്കി മിണ്ടാതെ മുറിയിലേക്ക് പോയി ..
ആ പോക്ക് നോക്കി നിന്ന ശ്രേയയുടെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു ..
“ഹും എന്നോടാ രണ്ടിന്റെയും കളി, കാണിച്ചു തരാം ഞാൻ ശ്രേയ ആരാണെന്ന് …
അവൾ പിറുപിറുത്തു …
“നിന്നോടു ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആതിരാ നമ്മൾ പുറത്തേക്ക് പോവുന്ന കാര്യം ശ്രേയ അറിയരുതെന്ന് ..?
“എന്നിട്ടും നീ ഇന്ന് നമ്മൾ പുറത്തു പോണതെന്തിനാ അവളോട് പറഞ്ഞത് ?
മുറിയിലെത്തിയ ആതിര യോട് സാഗർ ദേഷ്യപ്പെട്ടതും ആതിര സങ്കടത്തിലവനെ ഒന്നു നോക്കി …
“ഞാനൊന്നും പറഞ്ഞിട്ടില്ല സാഗറേട്ടാ… എളുപ്പത്തിൽ വീട്ടുജോലികൾ തീർക്കുന്നതു കണ്ടിട്ട് ശ്രേയയ്ക്ക് സംശയായീന്ന് തോന്നണു ,അവൾ അമ്മയെ കൊണ്ടാണ് എന്റെടുത്ത് ചോദിപ്പിച്ചത് ,ഇന്ന് പുറത്തെങ്ങാൻ പോവുന്നുണ്ടോന്ന് …?
“അമ്മയോടെങ്ങനെയാ കള്ളം പറയുക ,അതാ ഞാനമ്മയോടു പറഞ്ഞത് …
നിസ്സഹായതയോടെ ആതിര പറഞ്ഞതും സാഗറവളുടെ കവിളിൽ മെല്ലെ തട്ടി ..
“സാരമില്ല ടീ ഞാൻ പെട്ടന്നു വന്ന ദേഷ്യത്തിൽ ചൂടായതാണ് ,അവളെയും മക്കളെയും കൂടെ കൂട്ടാനെനിക്ക് മടിയൊന്നുമില്ലാന്ന് നിനക്കറിയാലോ ,
പക്ഷെ ഇപ്പോശ്രേയയുടെ സ്വഭാവം വളരെ മോശമാണ്, നിന്നോടെന്തോ വാശിയാണവൾക്ക് ,അതു തീർക്കാൻ വേണ്ടിയാണ് ഓരോന്നും കാട്ടികൂടണത്… പക്ഷെ ആ കാട്ടിക്കൂട്ടൽ കൊണ്ടവളോടു ദേഷ്യമാണ് മറ്റുള്ളവർക്കെന്ന് അവൾ മനസ്സിലാക്കുന്നില്ല …
“അവളുടെ ഏട്ടനെ ഞാൻ സ്വന്തമാക്കിയെന്നൊരു തോന്നലാണവൾക്കേട്ടാ…
“എങ്ങനെ സ്വന്തമാക്കാൻ ,നീ ഭാര്യയും അവൾ അനിയത്തിയുമാണ് .. നിങ്ങളിലൊരാൾക്കും മറ്റൊരാളാവാൻ പറ്റില്ല, പിന്നെ എന്തു സ്വന്തമാക്കാനാണ്..?
സാഗർ സങ്കടത്തോടെ പറഞ്ഞതും ആതിരയവനെ വിഷമത്തോടെ നോക്കി ..
സാഗറേട്ടൻ പറഞ്ഞതു ശരിയാണ്,
ശ്രേയക്ക് തന്നോട് ദേഷ്യവും വെറുപ്പുമാണ്
അവൾ രാജകുമാരി ആയിരുന്നിടത്തേക്ക് താൻ മരുമകളായി വന്നതിന്റെ ദേഷ്യം …ഇവിടുത്തെ അമ്മയ്ക്കും തന്നെ ഏറെ ഇഷ്ടമാണ്.
അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം ശ്രേയ അറിയാത്ത രീതിയിലെന്ന മട്ടിൽ അമ്മയുടെ മനസ്സിലേക്ക് തന്നെപ്പറ്റി ഓരോന്നും പറഞ്ഞ് അമ്മയുടെ മനസ്സിലെ തന്റെ സ്ഥാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട് ഈയിടെയായ് …
അമ്മയ്ക്ക് ശ്രേയ എന്നുവച്ചാൽ ജീവനാണ് ഭർത്താവ് വിപിൻ ഗൾഫിലായതുകൊണ്ട് ശ്രേയയും മക്കളും ഏറെ ദിവസവും ഇവിടെയാണ്…. ഇടയ്ക്ക് എപ്പോഴെങ്കിലും മാത്രമേ വീട്ടിലേക്ക് അവൾ പോകാറുള്ളൂ …
അങ്ങനെ അവൾ പോകുന്ന ദിവസങ്ങളിൽ മാത്രമാണ് തനിക്കും സാഗറേട്ടനും അല്പം സ്വാതന്ത്ര്യം കിട്ടാറ് പതിവ് ,അല്ലാത്തപ്പോഴെല്ലാം തങ്ങൾക്കിടയിലേക്ക് ഒരു ശല്യമായ് അവളിങ്ങനെ വന്നുകൊണ്ടിരിക്കും ..
അവളില്ലാതെ ഞങ്ങൾ സന്തോഷത്തിലിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് മുതൽ വിപിന്റെ വീട്ടിൽ പോകുന്ന സമയത്തിന്റെ ഇടവേള കൂട്ടി ശ്രേയ..
ഓരോന്നും ആലോചിച്ച് ആതിര നിൽക്കവേ സാഗർ അവളുടെ തോളിൽ തട്ടി…
” ഹലോ എന്താലോചിച്ചു നിൽക്കുകയാണ്?
കുറെ നേരമായല്ലോ നിൽപ്പ് തുടങ്ങിയിട്ട് ..?
സാഗർ ചിരിച്ചു കൊണ്ടുചോദിച്ചതും ആതിര ഒരു ചമ്മിയ ചിരി ചിരിച്ചു..
“ഞാൻ വെറുതെ ഓരോന്നാലോചിച്ചു നിന്നു പോയതാ സാഗറേട്ടാ…
ഏട്ടാ നമ്മളിപ്പോൾ പോകുമ്പോൾ ശ്രേയനേം മക്കളെയും കൊണ്ടുപോകേണ്ട ..?
“കൊണ്ടുപോകാതെ പറ്റില്ലല്ലോ? അവൾ അമ്മയെയല്ലേ ഇടയിൽ നിർത്തിയിരിക്കുന്നത്, അമ്മയ്ക്ക് വെറുതെ ദേഷ്യം ഉണ്ടാക്കണ്ട…
ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങാൻ നേരമാണ് സാഗർ ആതിരയുടെ ശൂന്യമായ കൈത്തണ്ട ശ്രദ്ധിച്ചത്.
“അല്ല ആതിര നിൻറെ വള എന്തിയെ..?
അതെടുത്തിട്ടേ കയ്യിൽ, വീട്ടിലോ നീ വള ഇടില്ല പുറത്തേക്ക് പോകുമ്പോഴെങ്കിലും നിനക്ക് അതെല്ലാം ഇട്ടൂടെ..?
സാഗർ ചോദിച്ചതും ആതിരയുടെ മുഖം വിളറി
” അത് സാഗറേട്ടാ നമ്മൾ പണയം വെച്ചതിന്റെ ബാക്കി രണ്ടു വളയല്ലേ ഉണ്ടായിരുന്നുള്ളൂ ,അത് കഴിഞ്ഞ ഒരു ദിവസം ശ്രേയ വിപിന്റെ വീട്ടിൽ പോകാൻ നേരം എന്നോട് ഇടാൻ മേടിച്ചിട്ട് തിരികെ തന്നില്ല..
തന്നില്ലാന്നോ …? നീ ചോദിച്ചില്ലേ..?
“ചോദിച്ചു സാഗറേട്ടാ, അവൾ അവിടെ വീട്ടിൽ വച്ച് മറന്നുപോയി ഇനി പോയി വരുമ്പോൾ കൊണ്ടുത്തരാം എന്നാ പറഞ്ഞത് ..
“നിനക്കിതെന്തിന്റെ കേടാണ് ആതിരേ, നീ എന്നിട്ടിത്ര നാളായിട്ടും എന്നോടൊരു വാക്കുപോലും ഇതിനെപ്പറ്റി പറഞ്ഞില്ലല്ലോ ..?
സാഗർ ചോദിച്ചു
“അത് അമ്മ പറഞ്ഞിട്ടാണ് സാഗറേട്ടാ …അവള് മറന്നു പോയതല്ലേ ഇനി പോയി വരുമ്പോൾ കൊണ്ട് തന്നോളും എന്ന് പറഞ്ഞമ്മ… അവളുടെ സ്വർണവും വിപിൻ പണയം വെച്ചിരിക്കുകയല്ലേ അതോണ്ടാണെന്ന്…
“അല്ലെങ്കിലും അമ്മയ്ക്ക് എന്ത് കാര്യത്തിനും അവളെ സപ്പോർട്ട് ചെയ്യുന്ന ശീലം കൂടി വരികയാണിപ്പോൾ , എന്ത് കിട്ടിയാലും അവൾക്കാണ് …
എത്ര പൈസയാണ് ഓരോ കാര്യങ്ങൾ പറഞ്ഞവൾ അമ്മയെ കൊണ്ട് എൻറെ കയ്യിൽ നിന്നും വാങ്ങിപ്പിച്ചെടുക്കുന്നത്…
കൂടപ്പിറപ്പ് അല്ലേന്നു കരുതിയാണു ഞാൻ ഒന്നും മിണ്ടാതെ എല്ലാം നൽകുന്നത് …അതൊന്നും പോരാഞ്ഞിട്ടാണ് ആകെയുള്ള രണ്ട് വളകൂടി.. ഇതങ്ങനെ വിട്ടാൽ പറ്റില്ല ചോദിച്ചിട്ട് തന്നെ കാര്യം..
സാഗർ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട്
പുറത്തേക്കിറങ്ങിയതും ആതിര അവനെ പുറത്തേക്ക് വിടാതെ അടക്കി പിടിച്ചു ..
“ഒന്നും ചോദിക്കല്ലേ ഏട്ടാ .. ഞാനിത് ഏട്ടനോട് പറഞ്ഞു എന്നറിഞ്ഞാൽ അമ്മയ്ക്കും എന്നോട് ദേഷ്യമാകും …
“ഇനി വിപിന്റെ വീട്ടിൽ പോയി വരുമ്പോൾ തന്നില്ലെങ്കിൽ ചോദിക്കാം പ്ലീസ് …
ആതിരയുടെ വാക്കുകൾ കേട്ട് സാഗർ ഒന്നും മിണ്ടാതെ അവളെ നോക്കി ഒരു നിമിഷം നിന്നു. പിന്നീട് പുറത്തേക്ക് പോയി.
പുറത്ത് ശ്രേയയും മക്കളും സിനിമയ്ക്ക് പോകാൻ റെഡിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടതും അവനിൽ ദേഷ്യം തിരികെഎത്തി.
അവളുടെ കയ്യിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ഉണ്ട് പിന്നെ എന്തിനാണ് അവൾ ആതിരയുടെ ആഭരണങ്ങൾ വാങ്ങിയത് സാഗർ ചിന്തിച്ചു.
“ഏട്ടാ ഞങ്ങൾ റെഡിയായി നമുക്ക് പോയാലോ ..?ശ്രേയ ഒരു ചിരിയോടെ അവനരികിലേക്ക് വന്നതും അവളുടെ ചെറിയ കുട്ടി എടുക്കാൻ വേണ്ടി വാശിപിടിച്ചു കരഞ്ഞു..
” അമ്മയുടെ പൊന്നു മുത്തല്ലേ , മുത്തിനെ എടുത്താൽ അമ്മയുടെ ഉടുപ്പ് എല്ലാം ചുളിയും …മോൻ നല്ല കുട്ടിയായിട്ട് ആതിര മേമയുടെ അടുത്തേക്ക് ചെല്ല് ..മേമ മോനെ എടുത്തോളും…
ശ്രേയ തൻ്റെ പതിവ് രീതിയിൽ പറഞ്ഞതും സാഗർ അവളെ ദേഷ്യത്തിൽ നോക്കി..
ഇതവളുടെ പതിവു പരിപാടിയാണ് കുട്ടികളെ തങ്ങളെ ഏൽപ്പിച്ച് ഫ്രീ ആയിനടക്കുക ,മക്കളാണെങ്കിലോ സകല കുരുത്തക്കേടും വികൃതിയും കൈമുതലായുള്ളവർ ..
പലപ്പോഴും അവർ കാരണം തനിക്കോ ആതിരക്കോ സംസാരിക്കാൻ കൂടി പറ്റില്ല.. അതു തന്നെയാണ് ശ്രേയയുടെ ലക്ഷ്യവും ..
“ആരും എങ്ങോട്ടും പോണില്ല ശ്രേയ ,എനിക്ക് പുറത്തേക്ക് പോകേണ്ട ഒരു അത്യാവശ്യം ഉണ്ട് അതുകൊണ്ട് ഇന്ന് സിനിമയ്ക്ക് പോണില്ല…
അവൻ പറഞ്ഞതും അവളുടെ മുഖം ഇരുണ്ടു
” ഞാൻ വരുന്നത് കൊണ്ടായിരിക്കും അല്ലേ പുറത്തുപോകുന്നത് ക്യാൻസൽ ചെയ്തത്,
എന്നാൽ കേട്ടോ ഞാൻ ഇല്ലാതെ നിങ്ങൾ ഒറ്റയ്ക്ക് ഈ വീടിൻറെ പടികടന്ന് എങ്ങോട്ടും പോയി സുഖിക്കില്ല …സമ്മതിക്കില്ല ഞാൻ …
ശ്രേയയുടെ കണ്ണിൽ പകഎരിഞ്ഞു
” എന്തൊരു വൃത്തികെട്ട ജന്മമാണ് നിന്റേത് ശ്രേയ .., നിന്നെപ്പോലെ തന്നെ ഒരു പെണ്ണല്ലേ ആതിരയും അവൾക്കും ഉണ്ടാവില്ലേ അവളുടെ ഭർത്താവിനൊപ്പം തനിച്ച് പുറത്തു പോകാനും മറ്റും ആഗ്രഹങ്ങൾ …?
നീ വിപിനൊപ്പം പുറത്തു പോകുമ്പോൾ അവിടെ ആരും നിങ്ങളുടെ ഇടയിൽ വരാറില്ലല്ലോ..? പിന്നെന്തിനാണ് നിനക്ക് ആതിരയോട് ഇത്ര ദേഷ്യം..?
” നീ എൻറെ ചേട്ടനാണ്, എന്നെ സ്നേഹിച്ചിട്ട് മതി നീ അവളെ സ്നേഹിക്കാൻ…
പറഞ്ഞതും ശ്രേയ ചാടി തുള്ളി അകത്തേക്ക് പോയ്
എന്തു ചെയ്യുമെന്നറിയാതെ സാഗർ പകച്ചുപോയവളുടെ സംസാരം കേട്ടിട്ട് ..
ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും സാഗറിനോടും ആതിരയോടുമുള്ള ശ്രേയയുടെ പെരുമാറ്റം വളരെ മോശമായി കൊണ്ടിരുന്നു…
തന്നെക്കൊണ്ട് പറ്റുന്നിടത്തെല്ലാം ശ്രേയ അവർക്കിടയിലേക്ക് നുഴഞ്ഞുകയറി കൊണ്ടേയിരുന്നു…
അമ്മയാണെങ്കിൽ ഇതെല്ലാം ശ്രേയയുടെ കുസൃതിയായി കണ്ടപ്പോൾ ശരിക്കും ശ്വാസം മുട്ടിയത് സാഗറിനും ആതിരക്കുമായിരുന്നു.
“നമുക്കിവിടെ നിന്ന് വേറെ എവിടെയെങ്കിലും മാറി നിന്നാലോ..?
ഒരു ദിവസം സാഗർ ആതിരയോട് ചോദിച്ചു
“അത് ശരിയാവില്ല സാഗറേട്ടാ ..
വീട്ടിൽ അമ്മയേയും അനിയത്തിയേയും തനിച്ചാക്കി നമ്മൾ മാറിയാൽ എല്ലാവരും നമ്മളെ കുറ്റപ്പെടുത്തും മാത്രമല്ല അത് ശരിയല്ല താനും …എല്ലാം ശരിയാകുംന്നേ….
അവൾ അവനെ ആശ്വസിപ്പിച്ചു
ദിവസങ്ങൾ ശ്രേയയുടെ ശല്യത്തോടെ മുന്നോട്ട് പോകുന്നതിനിടയിൽ ഒരു ദിവസം ജോലിക്ക് പോയ സാഗർ പ്രതീക്ഷിക്കാതെ പെട്ടെന്ന് വീട്ടിൽ മടങ്ങിയെത്തി..
“എന്തുപറ്റി സാഗറേട്ടാ ..?ഇന്ന് എന്താണ് ലീവ് ആണോ ..?
ആതിര ചോദിച്ചു
“അതൊക്കെ പറയാം അമ്മയെവിടെ ..?
അവൻതിരിച്ചു ചോദിച്ചു.
“അമ്മ ശ്രേയയുടെ മക്കളുമായി പുറകിലെ മുറ്റത്ത് ഉണ്ട്
“ശ്രേയ എന്തോ ആവശ്യത്തിന് രാവിലെ പുറത്തു പോയതാണ്.. ആതിര പറഞ്ഞു
ഉം..
സാഗർ ഒന്നും മൂളി അതിനുശേഷം മെല്ലെ അമ്മയുടെ റൂമിൽ എത്തി.
കഴിഞ്ഞദിവസം ചിട്ടി വിളിച്ചു കിട്ടിയ മൂന്നുലക്ഷം രൂപ അമ്മയുടെ അലമാരയിൽ നിന്നെടുത്ത് കൊണ്ടുവന്നവൻ സ്വന്തം മുറിയിലൊരിടത്ത് ഒളിപ്പിച്ചു
“സാഗരേട്ടാ ..,സാഗറേട്ടൻ ഇതെന്താണ് ഈ കാണിക്കുന്നത് ..?
ഇതു കഴിഞ്ഞദിവസം ഏട്ടന് ചിട്ടി കൂടി കിട്ടിയ കാശല്ലേ ..?
“സ്വർണം പണയത്തീന്ന് എടുക്കണമെന്ന് പറഞ്ഞ് ഏട്ടൻ തന്നെയല്ലേ ഇത് അമ്മയ്ക്ക് നൽകിയത്..?
“എന്നിട്ടിപ്പോൾ ഒരു കള്ളനെ പോലെ അതെന്തിനാ അവിടെ നിന്ന് എടുത്ത് ഇവിടെ ഒളിപ്പിച്ചത്..?
ആതിര ചോദ്യങ്ങൾ ഓരോന്നായി ചോദിക്കുമ്പോൾസാഗർ അവളോട് മിണ്ടരുതെന്ന് ആംഗ്യം കാട്ടി ..
“നീ ഒന്നും കണ്ടിട്ടില്ല ആതിരേ.. കാര്യങ്ങൾ നിനക്ക് കുറച്ചു കഴിയുമ്പോൾ മനസ്സിലാവും അവൻ അവളോട് പറഞ്ഞു.
“ആ .. മോനെ.. നീയെന്താണ് ഇന്ന് ഓഫീസിൽ പോയില്ലേ ..?
അങ്ങോട്ടേക്ക് വന്ന അമ്മ ചോദിച്ചതും അവനമ്മയെ ഒന്നു നോക്കി
“നിനക്കെന്താടാ മോനെ പറ്റിയത് …നിൻറെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് ..?
എന്തുപറ്റി മോളെ ഇവന്..?
അമ്മ ആതിരയോട് ചോദിച്ചതും തനിക്കൊന്നും അറിയില്ലന്ന് അവൾ പറഞ്ഞു..
“അമ്മേ.. ശ്രേയ എവിടെ?
സാഗർ ഗൗരവത്തിൽ ചോദിച്ചപ്പോൾ അമ്മയും ആതിരയും അവനെ നോക്കി
ഞാൻ ചോദിച്ചത് അമ്മ കേട്ടില്ലേ..?
ശ്രേയ എവിടേന്ന് ..?
സാഗറിന്റെ ശബ്ദം ഉയർന്നതും അമ്മയും ആതിരയും ഞെട്ടിപ്പോയി …
“അതു മോനെ അവൾ ആരെയോ കാണാനുണ്ടെന്നു പറഞ്ഞു പുറത്തു പോയതാ..
അവർ അവനെ നോക്കി പറഞ്ഞു ..
“ആരെ കാണാൻ?
അമ്മ ചോദിച്ചില്ലേ..?
”നീയെന്താടാ എന്നോടു പോലീസുക്കാർ ചോദിക്കും പോലെ ചോദിക്കുന്നത് ?
” അവളവളുടെ കൂട്ടുകാരിയെ കാണാൻ പോയതിനാണോ നീയെന്നോട് ദേഷ്യപ്പെടുന്നത് ?
“അവളെ… അവളുടെ കൂട്ടുകാരിയെ അല്ല കൂട്ടുകാരനെയാണ് കാണാൻ പോയത് ,അമ്മക്കറിയോ അത് …?
“കൂട്ടുകാരനെയോ നീയെന്തൊക്കെയാടാ ഈ പറയുന്നത് ..?
”ഞാൻ പറഞ്ഞത് സത്യം ആണമ്മേ, അമ്മ ഇതു കണ്ടോ?
പറഞ്ഞു കൊണ്ടവൻ തന്റെ ഫോണെടുത്ത് അമ്മയെയും ആതിരയേയും കാണിച്ചു
അതിലൊരു റസ്റ്റോറ്റിനുള്ളിൽ ഒരു പുരുഷനോടൊപ്പം ഇരുന്ന് ജ്യൂസ് കുടിക്കുന്ന ശ്രേയയുടെ ഫോട്ടോ കണ്ടതും അമ്മ ഞെട്ടി സാഗറിന്റെ മുഖത്തേക്ക് നോക്കി
“അമ്മ ഞെട്ടാൻ വരട്ടെ ,ഇതു കൂടി കാണൂ, പറഞ്ഞു കൊണ്ടവൻ ഒരു വീഡിയോ ഓണാക്കി അവർക്ക് കാണിച്ചു കൊടുത്തു
അതു ശ്രേയ ഇന്നു പുറത്തു പോയപ്പോൾ എടുത്ത വീഡിയോ ആയിരുന്നു ,അതിൽ അവൾ അവളുടെ സുഹൃത്തിന് തന്റെ കയ്യിൽ കിടക്കുന്ന വള ഊരി കൊടുക്കുന്ന ദൃശ്യങ്ങളായിരുന്നു…
അതു കണ്ടതും വിശ്വസിക്കാൻ കഴിയാതെ അമ്മ അടുത്തുള്ള സെറ്റിയിൽ തളർന്നിരുന്നു …
ആ നേരത്താണ് പടികടന്ന് ശ്രേയ കയറി വരുന്നത് അവർ കണ്ടത്.
അവൾക്കു നേരെ കൈ വീശി ഓടാനൊരുങ്ങിയ അമ്മയെ സാഗർ തടുത്തു നിർത്തി..
”ആ ഏട്ടനിന്ന് നേരത്തെ വന്നോ .. ?
ചോദിച്ചു കൊണ്ട് ശ്രേയവന്നതും അമ്മയുടെ കൈയവളുടെ മുഖത്ത് പതിച്ചു ..
“നശിയ്ക്കാനായ് ജനിച്ചവളെ…,,
നീ എവിടെപോയതാ ടീ..?ആരെ കാണാൻ പോയതാ ടീ ..?
ചോദിച്ചു കൊണ്ടമ്മ അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചതും സാഗർ അമ്മയെ പിടിച്ചു മാറ്റി..
“നീയിന്ന് ആരെ കാണാനാ ടീ ഇവിടുന്ന് പോയത് ?
സാഗർ ചോദിച്ചതും ശ്രേയ ഒന്നു ഞെട്ടി …
“അത് ഞാനെന്റെ ഫ്രണ്ടിനെ കാണാൻ .. അവൾ മെല്ലെ പറഞ്ഞു
“നിന്റെ കയ്യിലെ വള എവിടെ ടീ …
പെട്ടന്നമ്മ ചോദിച്ചതും അവളൊന്ന് പകച്ചു ..അത്.. അത്…
അവൾ മറുപടി പറയാൻ വൈകിയതും സാഗറവളുടെ നേരെ കയ്യോങ്ങി …
“അതു ഞാനെന്റെ ഫ്രണ്ടിനു കൊടുത്തതാ .. ഒരു ആശുപത്രി കേസിന് പൈസ കണ്ടെത്താൻ …ശ്രേയ പേടിച്ചു പേടിച്ചുപറഞ്ഞതും സാഗറിന്റെ കയ്യവളുടെ മുഖത്തു വീണു …
“എന്റെ പെങ്ങൾ പലപ്പോഴായി ഒരുത്തനെ കാണാൻ പോവുന്നൂന്ന് എന്റെ കൂട്ടുകാരിലൊരുത്തൻ കുറച്ചു നാൾ മുമ്പ് വിളിച്ചു പറഞ്ഞപ്പോൾ ഞാനവനെ ചീത്ത പറഞ്ഞു എനിക്കെന്റെ പെങ്ങളെ നന്നായറിയാമെന്ന് പറഞ്ഞ്, പിന്നിടവൻ ഇന്നയച്ചു തന്നതാണ് ദാ… നീയി വള ഊരി കൊടുക്കുന്ന വീഡിയോ…,
” സത്യം പറയെടീ ,നിന്റെ ആരാണവൻ …?
“അത് എന്റെ സ്കൂൾ കാലം മുതലുള്ള കൂട്ടുകാരനാണ് ,ഞങ്ങൾ തമ്മിൽ മോശം ബന്ധം ഒന്നുമില്ല
“എന്നിട്ടാണോ നീ ആതിരയുടെ വളയവന് പണയം വെക്കാൻ നൽകിയത്…?
സാഗർ ചോദിച്ചതും ആതിര അവനെ നോക്കി
“ഏടത്തി അമ്മയുടെ വള എന്റെ കയ്യിലുണ്ട്, പറഞ്ഞു കൊണ്ടവൾ ബാഗിൽ നിന്ന് വളയെടുത്ത് സാഗറിനു കൊടുത്തു..
”ഈ വള തിരിച്ചടുക്കാനല്ലേടീ നീയിന്നു നിന്റെ വളയവന് ഊരി നൽകിയത് ?
“ഇതുപോലെ നീ ഞങ്ങളറിയാതെ എന്തെല്ലാം കൊടുത്തിട്ടുണ്ടെടീ അവന് …?
“അമ്മയ്ക്കറിയോ ഇവിടെ തരാനെന്നു പറഞ്ഞിവൾ വിപിനോട് എല്ലാ മാസവും നല്ലൊരു തുക വാങ്ങുന്നുണ്ട് ,അതുപോലെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങാറില്ലേ പണം ,ഇതെല്ലാം ഇവൾ കൊടുക്കുന്നത് അവനാണ്..
ഇനി എന്താക്കെ നമ്മളറിയാതെ ഇവിടുന്നെടുത്ത് അവനു കൊടുത്തെന്ന് ആർക്കറിയാം …. സാഗർ പറഞ്ഞതും അമ്മ പെട്ടന്ന് മുറിയിലേക്ക് പോയതു കണ്ടതും സാഗറിലൊരു പുഞ്ചിരി മിന്നി മാഞ്ഞു
“ടീ.. നാശം പിടിച്ചവളെ എന്റെ അലമാരയിലിരുന്ന കാശെന്തിയേ ടീ …?
ചോദിച്ചു കൊണ്ടമ്മ പാഞ്ഞു വന്നതും കാര്യമറിയാതെ ശ്രേയ പകച്ചുപോയി …
“എന്റെ പൈസയിവിടെ വെയ്ക്കാതെ നീയിനി ഈ വീട്ടിൽ കാലുകുത്തില്ല ടീ, ഇപ്പോ ഇറങ്ങണം ഇവിടുന്ന് .. ഏതവന്റെ ഒപ്പം ആണെങ്കിലും പൊയ്ക്കോളണം ഇവിടുന്ന് …
ദേഷ്യത്തിൽ പലതും പറയുന്ന അമ്മയെ സാഗർ സമാധാനിപ്പിച്ച് മുറിയിലേക്കയച്ചു …
എട്ടാ..സതീഷ് എന്റെ കൂട്ടുകാരനാണ് , ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലെ ഒരു കൂട്ടുകാരൻ ,അവനുൾപ്പെടെ പലർക്കും അത്യാവശ്യത്തിന് ഞാൻ പണവും ആഭരണവും നൽകിയിട്ടുണ്ട് ,നിങ്ങളോടും വിപിനേട്ടനോടും കള്ളം പറഞ്ഞിട്ടു പണം വാങ്ങീട്ടുമുണ്ട് …
പക്ഷെ എനിക്കാരോടും ഒരു മോശം ബന്ധമില്ല.. ഞാൻ നല്ല പണക്കാരിയാണെന്ന് കൂടെയുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനൊക്കെ ചെയ്തത് ..അതു പോലെ ഇന്നു ഞങ്ങൾക്കൊപ്പം ഞങ്ങളുടെ വേറെ കൂട്ടുക്കാരും അവിടെ ഉണ്ടായിരുന്നു ,ഏട്ടന്റെ കൂട്ടുകാരൻ അവരെയൊന്നും കണ്ടില്ല …
“എനിക്കിനി നിന്റെ ഒരു വിവരണവും കേൾക്കണ്ട ശ്രേയ, എനിക്ക് നിന്നെ വിശ്വാസമില്ലാതെ ആയിരിക്കുന്നു ..
“എത്രയും വേഗം നീ മറ്റുള്ളവർക്ക് നൽകിയതെന്താണെന്ന് വെച്ചാൽ വേഗം തിരിച്ചു വാങ്ങിച്ചോ..അതു പോലെ അമ്മയുടെ പണവും…
ഇനി ഈ വീട്ടിൽ നീ നിൽക്കാനും പാടില്ല, കാരണം ഞങ്ങളുടെ അശ്രദ്ധ കാരണമാണ് നീ നശിച്ചതെന്ന് നാളെ ഒരാളും പറയരുത്,അതു കൊണ്ട് നാളെ തന്നെ നീ വിപിന്റെ വീട്ടിലേക്ക് പോണം… കേട്ടല്ലോ …?
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് സാഗർ മുറിയിലേക്ക് പോയതും ആകെ ആശയക്കുഴപ്പത്തിൽപ്പെട്ട ആരതി അവനെ അനുഗമിച്ചു
സാഗറേട്ടാ… എന്താണ് ഇതെല്ലാം..? എനിക്കൊന്നും മനസ്സിലാവുന്നില്ല …
അവൾക്കങ്ങനെ ഒരു മോശം ബന്ധം ഉണ്ടോ..?
മുറിയിലെത്തിയതും ആതിര സാഗറിനോട് ചോദിച്ചു
അവനൊരു ചിരിയോടെ അവളെ നോക്കി ,പിന്നെ വാതിലടച്ച് അവളെ വരിഞ്ഞു മുറുക്കി തന്നോടു ചേർത്തു..
എന്റെ മോളെ ,അവൾക്കങ്ങനെയുള്ള മോശം ബന്ധമൊന്നും ആരോടുമില്ല ,അവൾ പറഞ്ഞതെല്ലാം സത്യവുമാണ്…
“അപ്പോ സാഗരേട്ടന്റെ കൂട്ടുകാരൻ പറഞ്ഞൂന്ന് പറഞ്ഞതോ ?
“എന്നോടൊരു കൂട്ടുകാരനും ഒന്നും പറഞ്ഞിട്ടില്ല ,പറഞ്ഞത് വിപിനാണ് അതായത് ശ്രേയയുടെ കെട്ടിയവൻ ..
“വിപിൻ എന്തു പറഞ്ഞു, ഒന്ന് വ്യക്തമായ് പറയൂ ഏട്ടാ…
“ശ്രേയയുടെ പൈസ ചിലവ് അധികമാണെന്നും അവൾ കൂട്ടുകാർക്കിടയിൽ വലിയ ആളാവാൻ വേണ്ടി ധാരാളിത്തം കുറെ ചെയ്യുന്നുണ്ടെന്നും ,
പിന്നെ എങ്ങനെയെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവന്റെ വീട്ടിൽ നിർത്താനും പറഞ്ഞു ,അവിടെ അവന്റെ അച്ഛനും അമ്മയും ഒറ്റക്കല്ലേ…
എല്ലാം കൂടി അറിഞ്ഞപ്പോൾ ഞാൻ കുറച്ചു ദിവസായിട്ട് അവളെ ശ്രദ്ധിക്കുന്നുണ്ട് , അങ്ങനെയാണ് ഇന്നവൾ പുറത്തു പോണുണ്ട് എന്നു മനസ്സിലാക്കിയതും ഞാനും പോയതും ആ ഫോട്ടോ ഒപ്പിച്ചതും ,അവിടെ അവളുടെ ക്ലാസ് ഗ്രൂപ്പിലെ വേറെ ആളുകളുമുണ്ടായിരുന്നു ..
” പിന്നെ ഇവളുടെ കയ്യിൽ നിന്ന് ഓരോന്നും പറഞ്ഞ് പൈസ വാങ്ങുന്നവനൊരു ഫ്രോഡാണ്, അവനുള്ള പണി കൊടുത്തിട്ടുണ്ട് .. അവൻനാളെ തന്നെ വാങ്ങിയ വള തിരിച്ചെത്തിക്കും..
“അപ്പോ ഏട്ടനെടുത്ത മൂന്നു ലക്ഷം …?
”അതുതൽക്കാലം എന്റെ കയ്യിലിരിക്കട്ടെ ,അമ്മയെ സോപ്പിട്ടാണ് അവൾ പലപ്പോഴും പല കാര്യങ്ങളും നേടിയെടുക്കുന്നത് .ഇനി എന്തായാലും അമ്മ അവളെ വിശ്വസിക്കില്ല ..
”അവളും ജീവിതമൊന്ന് പഠിക്കട്ടെ വിപിന്റെ വീട്ടിന്ന്..
“നമ്മൾക്കും വേണ്ടേ ഇത്തിരി സ്വാതന്ത്രവും സമാധാനവും .. കൂടപ്പിറപ്പിനു വേണ്ടി കൂടെ കൂട്ടിയവളെ സന്തോഷിപ്പിക്കാതെ എത്ര നാളാടോ ഇങ്ങനെ ജീവിക്കുക ..ഇനിയൊന്നു സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിക്കണം …
മുറിയിൽ സാഗറും ആതിരയും അവരുടെ സ്വപ്നങ്ങൾ നെയ്യുമ്പോൾ അപ്പുറത്തെ മുറിയിൽ അമ്മയുടെ മൂന്നു ലക്ഷം ആരെടുത്തെന്ന് അറിയാതെ ,അതിനി അമ്മയ്ക്കെങ്ങനെ തിരിച്ചു കൊടുക്കുമെന്നറിയാതെ തല പുകച്ചിരിക്കുകയായിരുന്നു ശ്രേയ …..