(രചന: രജിത ജയൻ)
“എന്നെ വിവാഹം കഴിച്ചാലും ഉണ്ണിയേട്ടൻ ഇടയ്ക്കെല്ലാം ചേച്ചിയുടെ കൂടെയും താമസിച്ചോട്ടെ ,ഞാനൊരു പരാതിയും പറയില്ല ഒന്നുമില്ലെങ്കിലും ചേച്ചി കഴിഞ്ഞ രണ്ടു മൂന്നു വർഷമായ് ഉണ്ണിയേട്ടന്റെ ഭാര്യയായ് ജീവിക്കുന്ന വളല്ലേ..
ചുറ്റും കൂടി നിൽക്കുന്ന കുടുംബക്കാർക്കിടയിൽ നിന്ന് വലിയൊരു ഔദാര്യം തനിക്ക് നൽകുന്നതു പോലെ സംസാരിക്കുന്ന ആതിരയെ അഭിരാമി നോക്കി നിന്നു.
ആതിരയ്ക്ക് സമീപം അഭിരാമിയെ തന്നെ നോക്കി നിൽക്കുന്ന ഉണ്ണികൃഷ്ണനിലേക്ക് ഒരിക്കൽ പോലും അവളുടെ കണ്ണുകൾ ചെന്നില്ല, അവൻ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞിട്ടും.
”നിനക്ക് വലിയ മനസ്സാണ് ആതിര മോളേ .. അതു കൊണ്ടാണ് നീയിങ്ങനെ പറയുന്നത് ..
കൂട്ടത്തിലെ വല്യമ്മ ആണ്..
“അഭിരാമിയ്ക്ക് കുട്ടികൾ ഉണ്ടാവില്ലാന്നറിഞ്ഞിട്ടും ഉണ്ണിമോൻ അവളെ കയ്യൊഴിയുന്നില്ലല്ലോ ?
ആതിര മോളാണെങ്കിൽ അഭിരാമി മോളെ ഒപ്പം ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട് ,ഇതിൽപരം എന്തു വേണം മക്കൾ ഉണ്ടാവാത്ത അഭിരാമിയെ പോലൊരാൾക്ക്.. അവർക്കുണ്ടാവുന്ന മക്കളെ സ്വന്തം കുട്ടികളായ് കരുതി ശിഷ്ട്ടക്കാലം സന്തോഷത്തോടെ ജീവിയ്ക്കുക അത്ര തന്നെ .. ”
വലിയ കാര്യം പോലെ പറഞ്ഞ് വല്യമ്മ അഭിരാമിയെ നോക്കിയെങ്കിലും അവളിൽ നിന്ന് പ്രതികരണം ഒന്നും ലഭിക്കാത്തത് മൂലം അവർക്ക് തുടർന്നൊന്നും പറയാൻ സാധിച്ചില്ല
അവിടെ കൂടിയിരുന്നവരെല്ലാം തന്നെ അഭിരാമി ഈ കാര്യത്തിൽ എന്തെങ്കിലും അഭിപ്രായം പറയുന്നുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ,കാരണം ഇപ്പോൾ തീരുമാനിക്കപ്പെട്ടിട്ടുള്ള വിവാഹത്തിലെ വരൻ അവളുടെ ഭർത്താവ് ‘ഉണ്ണികൃഷ്ണനും ‘ വധു അവളുടെ തന്നെ അനിയത്തി ‘ആതിരയുമാണ് ‘ …
“നീയെന്താണ് അഭി ഒന്നും പറയാതെ നിൽക്കുന്നത്..?
“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വർഷം മൂന്നു കഴിഞ്ഞു, നിനക്ക് കുട്ടികൾ ഉണ്ടാവില്ലാന്ന് ഡോക്ടർ പറഞ്ഞിട്ടിപ്പോൾ ഒരു വർഷമായ് ,അന്നും ഇന്നും ഉണ്ണി നിന്നോട് പെരുമാറുന്നത് സ്നേഹത്തോടെ തന്നെയാണ് ,പക്ഷെ ആ സ്നേഹത്തെ നീ മുതലെടുക്കരുത് മോളെ, അവനും ഉണ്ടാവും ഒരു കുഞ്ഞവനെ അച്ഛാന്ന് വിളിക്കണമെന്ന ആഗ്രഹം.അവനു മാത്രമല്ല അവന്റെ വീട്ടുകാർക്കും …
“അതു കൊണ്ടായിരിക്കും നിങ്ങളെല്ലാം കൂടി ഉണ്ണിയേട്ടന് വേണ്ടി എന്റെ അനിയത്തിയെ തന്നെ ആലോചിച്ചത് അല്ലേ അമ്മേ …?
ദേഷ്യം നിയന്ത്രിച്ച് ശാന്തതയോടെ അഭിരാമി ചോദിച്ചപ്പോൾ അവളുടെ അമ്മ ഒന്നും മിണ്ടാതെ എല്ലാവരെയും മാറി മാറി നോക്കി
“എന്തേ അമ്മയ്ക്കൊന്നും പറയാനില്ലേ ഇപ്പോൾ..?
” എനിക്ക് കുട്ടികൾ ഉണ്ടാവില്ലാന്നറിഞ്ഞപ്പോൾ ഞാൻ ഉണ്ണിയേട്ടനോട് പറഞ്ഞതാണ് വേറെ വിവാഹം കഴിക്കാൻ ,അന്നെന്നോട് ഉണ്ണിയേട്ടൻ പറഞ്ഞത് ‘കുഞ്ഞില്ലെങ്കിലും കുഴപ്പമില്ല നീ മതി എനിക്കെന്നും എന്റെ കുഞ്ഞായിട്ടും കൂട്ടായിട്ടും ‘ എന്നാണ്….
“എന്നിട്ടതേ മനഷ്യനിതാ ഞാൻ ജോലി കിട്ടി രണ്ടു മാസം വീട്ടിൽ നിന്ന് മാറി നിന്നപ്പോഴേക്കും എന്റെ അനിയത്തിയെ കല്യാണം കഴിക്കാൻ പോവുന്നു .. എന്തു പറഞ്ഞാണ് നിങ്ങളാ മനുഷ്യന്റെ മനസ്സ് മാറ്റി എന്റെ അടുത്തൂന്ന് പറിച്ചെടുത്തത് … ?
സങ്കടത്താൽ നെഞ്ചു വിങ്ങുമ്പോഴും ഇടറാതെ ചോദ്യങ്ങളോരോന്നായ് അവളിൽ നിന്നുയർന്നതും ശബ്ദമില്ലാതെ ചുറ്റുമുള്ളവർ നിന്നു
“ചേച്ചി ഇതിലിത്ര ചോദ്യം ചെയ്യാനും ദേഷ്യപ്പെടാനും മാത്രമുള്ള കാര്യങ്ങളൊന്നും ഇല്ല ,ഉണ്ണിയേട്ടൻ ചേച്ചിയുടെ മാത്രം മുറചെക്കനല്ലല്ലോ എന്റേം കൂടി മുറചെക്കനാണ്..
“അതുകൊണ്ട് തന്നെ ചേച്ചിക്ക് നൽകാൻ കഴിയാത്ത കുഞ്ഞെന്ന സന്തോഷം ഞാൻ നൽകുമോന്ന് ഉണ്ണിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ സമ്മതം പറഞ്ഞു, കൂടെ നമ്മുടെ കുടുംബക്കാരും .. ഇതിലിത്ര ചോദ്യം ചെയ്യാൻ എന്തിരിക്കുന്നു …?
“ഞാൻ ആദ്യമേ പറഞ്ഞല്ലോ ഞങ്ങളുടെ കല്യാണം കഴിഞ്ഞാലും ഇടയ്ക്കെല്ലാം ഉണ്ണിയേട്ടൻ ചേച്ചിയുടെ അടുത്ത് വന്നാട്ടെ, ചേച്ചിയുടെ ആവശ്യങ്ങൾ നടത്തി തന്നോട്ടെ .. എനിക്ക് യാതൊരു പ്രശനമില്ലാ .. പിന്നെന്താ ചേച്ചിയ്ക്ക് ..?
വീറോടെ ആതിര ചോദിച്ചതും അഭിരാമിയുടെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു ..
“ഛീ… വൃത്തിക്കെട്ട ജന്തു…
“സ്വന്തം ചേച്ചിയായ എന്റെ പോരായ്മ മുതലെടുത്ത് എന്റെ ജീവിതം തകർത്തിട്ട് നീ എനിക്ക് ഭിക്ഷ നൽകുന്നോ ജീവിതം..
” പണ്ടും നിന്റെ ശീലം ഇതുതന്നെയാണ് ഞാൻ ആഗ്രഹിച്ച് നേടുന്നതെന്തും എന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്താണ് നിനക്ക് ശീലം, അതിന് സപ്പോർട്ട് നമ്മുടെ കുടുംബവും …
“എന്തായാലും നീ വെച്ചു നീട്ടിയ ഔദാര്യം എനിക്ക് വേണ്ട, എന്റെ കൂടെ ഒരു ജീവിതക്കാലം മുഴുവനുണ്ടാക്കുമെന്ന് പറഞ്ഞിട്ട് ഞാനൊന്ന് മാറി നിന്നപ്പോഴേക്കും അനിയത്തിയായ് കണ്ടവളെ അന്തിക്കൂട്ടിന് വിളിക്കാൻ മാത്രം തരം താഴ്ന്ന ഒരാളെ എനിക്ക് ഭർത്താവായിട്ടോ നീ ഇടയ്ക്കെല്ലാം എനിക്ക് വിട്ടുതരാമെന്ന് പറഞ്ഞ എന്റെ ശരീരത്തിന്റെ പങ്കു പറ്റുന്നവനായിട്ടോ ആവശ്യമില്ല .നീ തന്നെ എടുത്തോ മുഴുവനും പക്ഷെ അതിനു മുമ്പ് എനിക്ക് ഡിവോഴ്സ് കിട്ടിയിരിക്കണം ….
ഉറച്ച ശബ്ദത്തിൽ ആതിര യോടു പറഞ്ഞു കൊണ്ട് റൂമിനുള്ളിലേക്ക് കയറി പോവുന്നതിനിടയിൽ അഭിരാമിയുടെ കത്തുന്ന കണ്ണുകളിൽ നിന്നുള്ള ഒരു നോട്ടം ഉണ്ണികൃഷ്ണനിലേക്ക് പാറി വീണു, ആ അഗ്നിയെ നേരിടാൻ കഴിയാതെ അവൻ ശിരസ്സ് താഴ്ത്തിയതും അഭിരാമി യിലൊരു പുച്ഛച്ചിരി വിരിഞ്ഞു
രാത്രി ചുറ്റും തിങ്ങിനിറഞ്ഞ ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നിരിക്കുമ്പോൾ നിറയാത്ത തന്റെ കണ്ണുകളെ കുറിച്ചോർത്ത് അഭിരാമിയക്ക് അത്ഭുതം തോന്നി ..
ചില ഞെട്ടലുകൾക്ക് മനുഷ്യരുടെ വികാരങ്ങളെ പോലും കീഴടക്കാൻ പറ്റുമെന്നോർത്ത് അവളുടെ ചുണ്ടിലൊരു വാടിയ ചിരി വിരിഞ്ഞു
കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടു നടന്ന ഇഷ്ട്ടമായിരുന്നു ഉണ്ണിക്കൃഷ്ണൻ ,മുതിർന്നപ്പോൾ തന്റെ മനസ്സിലുള്ളത് പോലെ ഉണ്ണിയേട്ടന്റെ മനസ്സിലും താനാണെന്നറിഞ്ഞപ്പോൾ മനസ്സിനുള്ളിൽ മഞ്ഞു വീണ കുളിരായിരുന്നു ..
അന്നു മുതൽ എന്റേതാണെന്ന ഉറച്ച വിശ്വസത്തിൽ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിക്കാത്ത പോലെ ആ മനുഷ്യനെ സ്നേഹിച്ചു ,അറിയാതെ പോലും ആ മനസ്സ് വേദനിക്കരുതെന്ന് കരുതി എല്ലാ വേദനയും സ്വയം ഏറ്റുവാങ്ങി, എന്നിട്ടവസാനം തനിക്ക് കിട്ടിയതോ…?
ആ ചോദ്യം മനസ്സിലേക്ക് വന്നതും കരയാൻ മറന്നിരുന്ന കണ്ണുകൾ ആർത്തു പെയ്യാൻ തുടങ്ങി
രണ്ടു മാസം മുമ്പ് ജോലി കിട്ടി താനിവിടെ നിന്നു പോയതിനു ശേഷമൊരിക്കൽ ലീവിനു വന്നപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു ഉണ്ണിയേട്ടന് തന്നോടെന്തോ അകൽച്ച പോലെ, തന്നെക്കാളധികം ഉണ്ണിയേട്ടൻ ആതിരയെ ശ്രദ്ധിക്കുന്നത് പോലെ .. അന്നതൊന്നും ഇതുപോലൊരു ബന്ധത്തിന്റെ തുടക്കം ആണെന്ന് അറിഞ്ഞില്ല ..
താനല്ലെങ്കിൽ തന്റെ അനിയത്തി എന്നതിലേക്ക് ഉണ്ണിയേട്ടൻ മാറിയപ്പോൾ അതിനു സപ്പോർട്ട് സ്വന്തം മാതാപിതാക്കളും .. എത്ര പെട്ടന്നാണ് ജീവിതം മാറിമറിയുന്നത് ..
ആകെയൊരു ആശ്വാസം സ്വന്തമായൊരു ജോലി ഉണ്ടെന്നതും തനിക്ക് ചുറ്റുമുള്ളവരെ തിരിച്ചറിയാൻ പറ്റിയെന്നതുമാണ് അല്ലെങ്കിലീ ജന്മം മുഴുവൻ താൻ ചതിക്കപ്പെട്ടേനെ , അവളോർത്തൂ…
രാവിലെ ആരോടും യാത്ര പോലും പറയാൻ നിൽക്കാതെ ആ വീടിന്റെ പടിയിറങ്ങി പോരുമ്പോൾ ഒരിക്കലും തോൽക്കില്ല എന്നുറപ്പിച്ചൊരു ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത്…
ചമയങ്ങളും ആഭരണങ്ങളും അണിഞ്ഞ് നവവധുവരന്മാരായ് അലങ്കരിച്ച കല്യാണമണ്ഡപത്തിലിരിക്കുമ്പോഴും ഉണ്ണികൃഷ്ണന്റെയും ആതിരയുടെയും നോട്ടം സദസ്സിലിരിക്കുന്ന അഭിരാമിയിലേക്കും അവളുടെ അരികെ അവളോട് ചേർന്നിരിക്കുന്ന സുന്ദരനായ യുവാവിലേക്കും പാറി വീഴുന്നുണ്ടായിരുന്നു
ഡിവോഴ്സ് നേടിയതിന് പുറകെ തന്നെ ആരോ പറഞ്ഞിരുന്നു അഭിരാമി ആരെയോ ജീവിതത്തിലേക്ക് കൂട്ടിയെന്ന് , ഉണ്ണിയത് വിശ്വസിച്ചിരുന്നില്ല ,പക്ഷെ ഇപ്പോൾ …തന്നെ മറക്കാൻ ഇത്ര പെട്ടന്ന് സാധിച്ചോ അഭിരാമിയ്ക്ക്.. ?
അവന്റെ മനസ്സിലൊരു നീറ്റലുണ്ടായ് ആ ചിന്തയിൽ
പെട്ടന്നാണ് അഭിരാമിയും കൂടെയുള്ളയാളും എഴുന്നേറ്റ് അവർക്കരികിലേക്ക് ചെന്നത്
ഉണ്ണികൃഷ്ണന്റെ കണ്ണുകൾ അഭിരാമിയിൽ പതിച്ചു ഒന്നുകൂടി സുന്ദരിയായതുപോലെ ,വിടർന്നു നിൽക്കുന്ന കണ്ണുകളിലും ചുവന്ന ചുണ്ടുകളിലുമെല്ലാം ഒരു പുഞ്ചിരി തത്തി കളിക്കുന്നു ..
തുടുത്തു നിൽക്കുന്ന അവളുടെ ശരീരത്തിലേക്ക് ഒന്നു പാളി നോക്കിയതും ആ മേനി കൊഴുപ്പ് കണ്ടവന്റെ ശരീരത്തിലൂടെ രു മിന്നൽ പാഞ്ഞു പോയ്, ഓടി ചെന്നവളെ തന്നോട് ചേർത്തമർത്താനൊരു ത്വര അവനിൽ ഉയർന്നതും അടുത്തു നിന്ന ആതിര അവന്റെ കയ്യിൽ അമർത്തി നുള്ളി..
“നാണമില്ലല്ലോ നിങ്ങൾക്ക് വേണ്ടാന്നു പറഞ്ഞു വലിച്ചെറിഞ്ഞവളെ നോക്കി വെള്ളമിറക്കാൻ …?
പതിഞ്ഞ ശബ്ദത്തിൽ ആതിര ചോദിച്ചതും ഒരു വിളറിയ ചിരി അവന്റെ മുഖത്തുണ്ടായ്.
ആതിരയാണെങ്കിലും അഭിരാമിയെ കണ്ടാകെ പുകഞ്ഞു നിൽക്കുകയായിരുന്നു
എന്നും തന്നെക്കാൾ കഴിവും സുന്ദരിയും ആയ ചേച്ചിയോട് മനസ്സിൽ ദേഷ്യവും അസൂയയും മാത്രമായിരുന്നു തോന്നിയിരുന്നത് ,അതുകൊണ്ടാണ് അവൾ ഇഷ്ട്ടത്തോടെ നേടി എടുക്കുന്ന ഓരോന്നും വാശിയോടെ അവളിൽ നിന്ന് തട്ടി പറിച്ചെടുത്തത് ,അവളുടെ ഭർത്താവിനെ ഉൾപ്പെടെ എന്നിട്ടും ഇതാ ഒട്ടും തളരാതെ തലയുയർത്തി അവൾ തന്റെ മുമ്പിൽ.. അവളിൽ ദേഷ്യം ആളിപടർന്നു
നിറഞ്ഞ പുഞ്ചിരിയോടെ വധൂവരന്മാരുടെ മുന്നിലെത്തി അവരുടെ കയ്യിലേക്കൊരു ഗിഫ്റ്റ് ബോക്സ് വെച്ചു കൊടുത്തു അഭിരാമി..
“ചേട്ടാ.. ചേട്ടന് കുട്ടികൾ വേണ്ടാഞ്ഞിട്ടാണോ മച്ചിയായ ഇവളെ തന്നെ തിരഞ്ഞെടുത്ത് കെട്ടിയത് ..?
മണ്ഡപത്തിൽ നിന്ന് അഭിരാമി തിരിഞ്ഞു നടക്കുന്നതിനിടയിൽ പെട്ടന്നാണ് ആതിരയുടെ ആ ചോദ്യം അവിടെ ഉയർന്നത്..
അങ്ങനൊരു ചോദ്യം ആ നിറഞ്ഞ സദസ്സിനു മുമ്പിൽ നിന്ന് ചോദിക്കുമ്പോൾ വല്ലാത്തൊരു സംതൃപ്തി ഉണ്ടായിരുന്നു ആതിരയുടെ മുഖത്ത്, അഭിരാമിയെ വേദനിപ്പിക്കാൻ പറ്റിയതിന്റെ സംതൃപ്തി …
ആതിരയുടെ ചോദ്യം കേട്ടതും അഭിരാമിയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവൊരു ചിരിയോടെ ആതിരയ്ക്ക് നേരെ തിരിഞ്ഞു ശേഷം അഭിരാമിയെ തന്നോട് കൂടുതൽ ചേർത്തു പിടിച്ചു ..
“കുട്ടികൾ വേണ്ടാഞ്ഞിട്ടല്ല അഭിരാമിയെ കെട്ടിയത് ആതിരേ ,കുട്ടികൾക്ക് കൂടി വേണ്ടിയാണ് .അതിന്റെ തെളിവായ് രണ്ടു മാസം വളർച്ചയെത്തിയ എന്റെ ഒരു കുഞ്ഞുണ്ട് തന്റെ ചേച്ചിയുടെ ഈ കുഞ്ഞു വയറിനുള്ളിൽ ..
അയാൾ പറഞ്ഞതു കേട്ടതും തന്റെ ചുറ്റുമുള്ളതെല്ലാം നിശ്ചലമായതു പോലെ തോന്നി ഉണ്ണികൃഷ്ണന് ,അവിടെ കൂടിയിരുന്നവരുടെ എല്ലാം അവസ്ഥ അതു തന്നെയായിരുന്നു
”നിങ്ങളെന്താ പറഞ്ഞത് ഇവൾക്ക് കുട്ടികൾ ഉണ്ടാവും എന്നോ..? ഇവൾ ഗർഭിണി ആണ് എന്നോ..?
ഒരു തമാശ കേട്ടതു പോലെ ആതിര ഉറക്കെചിരിച്ചു കൊണ്ട് ചോദിച്ചതും അഭിരാമി അവൾക്ക് മുന്നിലെത്തി
”അതേ ടീ, അതു തന്നെയാണ് ഇദ്ദേഹം പറഞ്ഞത്, ഞാൻ ഗർഭിണിയുമാണ് ,ഇതെങ്ങനെ സംഭവിച്ചു എന്നറിയണമെങ്കിൽ നീ സമയം പോലെ ഞാനിപ്പോൾ നിനക്ക് തന്ന ഈ ഗിഫ്റ്റ്മ്പോക്സ് ഒന്നു തുറന്നു നോക്കിയാൽ മതി അതിലുണ്ടാവും നിന്റെ ഈ ഭർത്താവിന് കുട്ടികൾ ഉണ്ടാവില്ലാന്ന് ഡോക്ടർ തന്ന സർട്ടിഫിക്കറ്റ് …
“ഇയാളോടുള്ള എന്റെ അമിത സ്നേഹവും വിശ്വാസവും കാരണം ഇയാളറിയാതെ ഞാൻ സത്യങ്ങൾ മൂടിവെച്ചതാണ് ,ഇയാൾക്ക് വേദനിക്കാതിരിക്കാൻ .. എന്നിടെനിയ്ക്ക് ഇയാൾ തിരികെ തന്നതെന്താ ..?
അതുപോലെ നിന്റെ സ്ഥാനത്ത് വേറെ ഒരു പെൺകുട്ടിയെ ആണ് ഇയാൾ വിവാഹം കഴിക്കുന്നതെങ്കിൽ ഞാനീ സത്യം കല്യാണത്തിന് മുമ്പേ തന്നെ ആ കുട്ടിയോട് തുറന്നു പറഞ്ഞേനെ ,പക്ഷെ നിന്നോട് പറയില്ല കാരണം നീ ഇതനുഭവിക്കണം എന്തും എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്ത് ആസ്വദിച്ചല്ലേ ശീലം ഇതും അതുപോലെ ആസ്വദിച്ചോ …
കേട്ട കാര്യങ്ങളുടെ മരവിപ്പിൽ ആതിരയും ചുറ്റുമുള്ളവരും തരിച്ച് നിൽക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അഭിരാമി ആ മണ്ഡപം വിട്ടിറങ്ങി അവളുടെ പ്രാണനായവനൊപ്പം അവളുടെ ജീവിതത്തിലേക്ക് തലയുയർത്തി നടന്നു…