നിനക്കത്ര വലിയ കഴിവും ബുദ്ധിയും ഉണ്ടെങ്കിൽ നീ ഒരിക്കലെങ്കിലും ദാക്ഷായണിക്കുന്നിലെ ദാക്ഷായണിയെ കീഴടക്കി ഒരു രാത്രി എങ്കിലും അവളുടെ കൂടെ അന്തിയുറങ്ങ് ..

(രചന: രജിത ജയൻ)

“ശങ്കറേ… നീ വലിയ ധൈര്യശാലിയും തന്റേടിയുമാണെന്നാണല്ലോ എപ്പോഴും പറയാറ് ,

” നിനക്കത്ര വലിയ കഴിവും ബുദ്ധിയും ഉണ്ടെങ്കിൽ നീ ഒരിക്കലെങ്കിലും ദാക്ഷായണിക്കുന്നിലെ ദാക്ഷായണിയെ കീഴടക്കി ഒരു രാത്രി എങ്കിലും അവളുടെ കൂടെ അന്തിയുറങ്ങ് ..

“അങ്ങനെ സംഭവിച്ചാൽ അന്ന് ഞാൻ പറയും നീയൊരാൺക്കുട്ടിയാണെന്ന് ,ധൈര്യശാലിയാന്നെന്ന് .

ശങ്കറിനെ എരികേറ്റുന്നതിനിടയിൽ അരവിന്ദൻ തന്റെ കൂടെയുള്ളവരെയൊന്ന് നോക്കി ..

എല്ലാവരും അരവിന്ദന്റെ സംസാരം ഇഷ്ട്ടപ്പെട്ടിട്ടെന്നവണ്ണം അവനെയും ശങ്കറിനെയും മാറി മാറി നോക്കി ..

എന്തു പറയുന്നു ശങ്കറേ..നീയേറ്റെടുക്കുന്നുണ്ടോ എന്റെ വെല്ലുവിളി..?

” ഞാൻ തയ്യാറാണ് അരവിന്ദാ ….

തന്നെ വാശിക്കേറ്റാനും വെല്ലുവിളിക്കാനുമാണ് അരവിന്ദന്റെ നീക്കമെന്നറിഞ്ഞിട്ടും ശങ്കറത് കാര്യമാക്കാതെ പറഞ്ഞു..

“എടാ ശങ്കറെ നാട്ടിൽ ആളുകളെ പേടിപ്പിച്ച് കാര്യം നേടുന്നത് പോലെ എളുപ്പമല്ലാട്ടോ ദാക്ഷാണിയുടെ കാര്യം..
നീ വെറുതെ നാണം കെടാൻ നിൽക്കണ്ട ..

കൂട്ടത്തിലെ ഗോപി പറഞ്ഞു..

“അതേയതെ ഗോപി പറഞ്ഞതു സത്യമാണ് ,അവളോട് നിന്റെ ഗുണ്ടാ കളിയൊന്നും നടക്കില്ല മോനെ..

” നാണംകെട്ട് നാറും നീ .. അവള് തന്നെ നിന്നെ നാണം കെടുത്തും ..

കൂട്ടത്തിലോരുത്തരായ് ദാക്ഷായണിയെ വാഴ്ത്തിയും ശങ്കറെ പേടിപ്പിച്ചും പറഞ്ഞപ്പോൾ അവന്റെ ഉള്ളിൽ അവളെ കാണാനും കീഴടക്കാനുമുള്ള വാശി പെരുകി ..

“നിന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലല്ലോ ല്ലേ..?

ദാക്ഷായണി കുന്നിലേക്ക് പോകാനായ് തയ്യാറായ ശങ്കറിനോട് അരവിന്ദൻ വീണ്ടും ചോദിച്ചു

“ഇല്ല, മാറ്റമൊന്നുമില്ല ഞാൻ പോവാണ് അങ്ങോട്ട്..

കനത്ത സ്വരത്തിൽ ശങ്കർ പറഞ്ഞതു കേട്ട് അരവിന്ദനുള്ളിൽ ചിരി പൊട്ടി

“ഉം.. വേഗം ചെല്ല്.. ഇപ്പോ നടക്കും ..
അതേ ,ദാക്ഷായണി ആണ് ദാക്ഷായണി ,
അവളെ മോഹിച്ചൊരു പാടാളുകൾ ചാമ്പതോടും കടന്ന് ദാക്ഷായണിക്കുന്നിലെത്തിയിട്ടുണ്ട് ..

“അവർക്കൊന്നും പക്ഷെ അവളെ സ്വന്തമാക്കാൻ പോയിട്ടൊന്ന് തൊടാൻ പോലും പറ്റിയിട്ടില്ല .. പിന്നെയല്ലേ നീ…

അരവിന്ദൻ മനസ്സിൽ പറഞ്ഞു ..

“നിനക്കിതെന്തിന്റെ കേടായിരുന്നു അരവിന്ദാ… അവനെ ഇളക്കി വിടാനായിട്ട് ..?

ശങ്കർ തങ്ങൾക്കരികിൽ നിന്ന് നീങ്ങിയതും ഗോപി അരവിന്ദനോട് ചോദിച്ചു .

“എനിക്കൊരു കേടുമില്ല, അവനിത്തിരി അഹങ്കാരം കൂടിട്ടുണ്ടിപ്പോൾ അതൊന്ന് കുറയ്ക്കാനാ…

“കാര്യം ഞാനും നിങ്ങളും അവനുമെല്ലാം തന്തയും തള്ളയും ആരെന്നറിയാതെ അനാഥാലയത്തിൽ ഒരുമിച്ചു വളർന്നവരാണ് ..

“അന്നും പഠിപ്പു കൊണ്ടും പെരുമാറ്റം കൊണ്ടും നമ്മളിൽ കേമനവനായിരുന്നു, ഇപ്പോഴിതാ പഠിത്തം കഴിഞ്ഞ് പണിയൊന്നുമാവാതെ സി സി പിടുത്തതിനിറങ്ങിയപ്പോൾ അവിടെയും കേമനവനാണ്

“എല്ലാവർക്കും പേടിയവനെ മാത്രം ,ബഹുമാനവും അവനോട്..

“എല്ലാം കൂടിയിപ്പോഴവനിത്തിരി ഗമ കൂടിട്ടുണ്ട് അതൊന്ന് കുറയ്ക്കാൻ ചെയ്തതാ …

അരവിന്ദൻ പറഞ്ഞു

“ഇതു ശരിക്കും പറഞ്ഞാൽ ശങ്കറിന്റെ അഹങ്കാരം അല്ലെടാ നിനക്കവനോടുള്ള അസൂയയാണ് …

ഗോപി പറഞ്ഞപ്പോൾ അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി…

“എന്നാലും നീയെങ്ങനെ ദാക്ഷായണിയിലെത്തി അരവിന്ദാ …?

“നീയെങ്ങാനുമിനി അവളുടെ അടുത്ത് പോയ് നാണം കെട്ടോ …?

കൂട്ടത്തിലൊരുത്തൻ ചോദിച്ചു ..

“പിന്നെ എനിക്കതല്ലേ പണി ,ഇന്നു രാവിലെ ടൗണിൽ വെച്ച് ശങ്കർ ദാക്ഷായണിയെ നോക്കി നിൽക്കുന്നതു കണ്ടപ്പോ എനിക്ക് തോന്നി ഇവന് അവളോടൊരു കമ്പം ഉണ്ടെന്ന്.. അങ്ങനെ പറഞ്ഞതാ …

“ആ…. എന്താവുംന്ന് നമ്മുക്ക് നോക്കാം, ഇന്നുവരെ ഇറങ്ങി തിരിച്ച ഒരു കാര്യവും വിജയത്തിലേക്കെത്തിയ്ക്കാതെ പിൻതിരിയാത്തവനാണ് ശങ്കർ … ഇവിടെയുമൊരു പക്ഷേ അവൻ തന്നെ വിജയിച്ചാലോ …?

ഗോപി സംശയം പറഞ്ഞപ്പോൾ അരവിന്ദന്റെ മുഖത്തൊരു പുച്ഛഭാവം വന്നു

“പിന്നെ… ഇമ്മിണി വിജയിക്കും ..
അവൾദാക്ഷായണിയാണ്..

“ചാമ്പക്കുന്ന് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ തന്റെ പ്രവർത്തി കൊണ്ട് സ്വന്തം പേരിലാക്കിയവളാവൾ..

“ഒരു ദിവസം ഒരാളെന്ന നിലയ്ക്ക് തനിക്ക് ഇഷ്ട്ടപ്പെടുന്നവനോടൊത്ത് ഒരിക്കൽ മാത്രം അന്തിയുറങ്ങുന്നവൾ.. അവൾക്കൊരിക്കലും ഇവനെ പോലൊരുത്തനെ ഇഷ്ട്ടപ്പെടില്ല..

അരവിന്ദൻ സ്വയം ആശ്വസിക്കാനെന്നവണ്ണം പറഞ്ഞു ..

ദാക്ഷായണിക്കുന്നിലെ ദാക്ഷായണി …,,,

ചാമ്പതോടും കടന്ന് ദാക്ഷായണിയുടെ വീടു ലക്ഷ്യമാക്കി നടക്കുമ്പോൾ ശങ്കറും ചിന്തിച്ചതവളെ പറ്റിയായിരുന്നു ..

ഒരു മോഹമായവളെ ഉള്ളിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ടേറെ കാലമായ് ..

അതുകൊണ്ടുതന്നെയാണ് അരവിന്റെ വെല്ലുവിളി ഏറ്റെടുത്തതും .. ഇതിനൊരവസാനം വേണമല്ലോ …?

കുന്നുകയറി മുകളിലെത്തിയപ്പോഴേ കണ്ടു പിറുപിറുത്തു കൊണ്ട് കുന്നിറങ്ങുന്ന തോമസ് മുതലാളിയെ …

“ആ…ആരിത് ശങ്കറോ.. നിനക്കും ഉണ്ടോ ഈ പണി..?

” എന്തായാലും ഇന്നിനി പോയിട്ട് കാര്യമില്ലെടാ ..

“ഇന്നവൾക്ക് ആരെയോ പറ്റിയിട്ടുണ്ട് ,വാതിൽ അടഞ്ഞു കിടക്കാണ് ..

“ഒരു ദിവസം ഒരാൾ അതല്ലേ അവളുടെ രീതി… ആരാണോ ആ ഭാഗ്യവാൻ..?

“ഞാനൊക്കെ ദിവസവും ഈ കുന്നുകയറി തീരുമെന്നല്ലാതെ കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ലെടാ ..

നിരാശയോടെ പറഞ്ഞു കൊണ്ട് തോമസ് മുതലാളി കുന്നിറങ്ങി പോയപ്പോൾ ശങ്കർ കുറച്ചപ്പുറം കാണുന്ന ദാക്ഷായണിയുടെ വീട്ടിലേക്ക് നോക്കി …

ചെങ്കല്ലുകൊണ്ട് പണിത മനോഹരമായ ആ കൊച്ചു വീടിന്റെ
ഉമ്മറ വാതിൽ അടഞ്ഞുകിടക്കുന്നു..

അവനൊരു നിമിഷമെന്തോ ചിന്തിച്ചു നിന്നതിനു ശേഷം ആ വീടിനു നേർക്ക് നടന്നു

അടഞ്ഞുകിടന്ന വാതിലിൽ ഒന്നു രണ്ടു പ്രാവശ്യം ശക്തിയിൽ തട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമൊന്നും വന്നില്ല

“ദാക്ഷായണി..വാതിൽ തുറക്ക് ഇതു ഞാനാണ് ശങ്കർ ..
എനിക്ക് നിന്നെയൊന്ന് കാണണം ഒരു കാര്യം പറയാനുണ്ടായിരുന്നു ..

ശങ്കർ ഉറക്കെ വിളിച്ചു പറഞ്ഞു

കുറച്ചു നേരത്തെ നിശബ്ദത .. പെട്ടെന്ന് ശങ്കറിനു മുന്നിൽ വാതിൽ തുറക്കപ്പെട്ടു ..

സന്ധ്യയ്ക്ക് ഉമ്മറകോലായിൽ കത്തിച്ചു വെച്ച നിലവിളക്കു പോലെ പ്രഭ ചൊരിഞ്ഞ് തനിക്ക് മുമ്പിൽ നിൽക്കുന്ന ദാക്ഷായണിയെ ശങ്കർ ഒരു നിമിഷം നോക്കി നിന്നു

ചാമ്പ കുന്നിനെ ദാക്ഷായണി കുന്നാക്കി മാറ്റി ഒരു ദേശത്തെ ആണുങ്ങളുടെ മുഴുവൻ സ്വപ്നമായ് മാറിയവൾ ..

അലങ്കാരങ്ങളോ ചമയങ്ങളോ ഇല്ലാത്ത തുടുത്ത വട്ട മുഖത്തൊരു ചന്ദനക്കുറി മാത്രമണിഞ്ഞു നിൽക്കുന്നവളുടെ മുഖത്തേക്കവൻ വീണ്ടും വീണ്ടും നോക്കി .

“എന്താണ് ശങ്കർ ഈ വഴിയ്ക്ക് …?

“എന്താണെന്നോട് പറയാനുണ്ടെന്ന് പറഞ്ഞത് ..?

ആകാംക്ഷയുടെ മേപ്പൊടിയേതുമില്ലാതെ പതിഞ്ഞു ശാന്തമായ സ്വരത്തിൽ ദാക്ഷായണി ചോദിച്ചു …

“ഈ വഴി വന്നതും പറയാനുണ്ടെന്നു പറഞ്ഞതും ഒറ്റ കാര്യമാണ് ..

ചാമ്പ കുന്നിലെ ആണുങ്ങളെ മുഴുവൻ വശീകരിക്കുന്ന ,ഇഷ്ട്ടപ്പെട്ടവനോടൊത്ത് മാത്രം ഒരു രാത്രി അന്തിയുറങ്ങുന്ന ദാക്ഷായണിക്കുന്നിലെ ഈ ദാക്ഷായണിയെ കഴുത്തിലൊരു താലി കെട്ടി ഞാൻ എന്റേതാക്കിക്കോട്ടേന്ന്…?

ശങ്കർ പറഞ്ഞു നിർത്തി ആകാംക്ഷയോടെ അവളെ നോക്കി

നിറദീപം പോലെ തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖത്തെ വെളിച്ചം പെട്ടന്ന് അണഞ്ഞുപോയതുപോലെ തോന്നി അവന് ..

അവളുടെകണ്ണുകളിലൊരു നീർ തിളക്കം വന്നതു പോലെ തോന്നിയവന്..

“ദാക്ഷായണി ഒന്നും മറുപടി പറഞ്ഞില്ല …

“എന്താണ് ശങ്കർ, ഇരുട്ടിന്റെ മറപറ്റി വന്നാൽ നിനക്ക് മുന്നിലീ വാതിൽ ഞാൻ തുറയ്ക്കില്ലെന്നു കരുതിയാണോ നീ ഇങ്ങനെ ഓരോഫർ വെച്ചത്..?

ദാക്ഷായണി ചോദിച്ചതും ശങ്കറിന്റെ മിഴികളിൽ കനലെരിഞ്ഞു

“വായടക്കടീ അസത്തേ .., ശങ്കറിന്നുവരെയും ഒളി സേവ നടത്താനായ് ഒരുത്തിയുടെ വീട്ടിലേയ്ക്കും ഇരുട്ടിന്റെ മറപറ്റിപ്പോയിട്ടില്ല..

”ഇപ്പോ നിനക്കടുത്തേക്ക് വന്നതും നീയിന്നുവരെ ഒരുത്തനും അന്തിക്കൂട്ടിനായ് പാ വിരിച്ചിട്ടില്ല ഇതുവരെ എന്ന പൂർണ്ണ ബോധ്യം എനിക്കുള്ളതുകൊണ്ടുതന്നെയാണ് …

ശങ്കർ പറഞ്ഞതും അവിശ്വാസത്തോടെ അവളവന്റെ മുഖത്തേക്ക് നോക്കി

”എന്തു വിശ്വാസം ശങ്കർ..? ഈ നാടും നാട്ടുക്കാരും എന്നെ പറ്റി പറയുന്നത് നീ കേൾക്കുന്നില്ലേ ..?
ഞാൻ ദാക്ഷായണിയാണ് .. ദാക്ഷായണിക്കുന്നിലെ ദാക്ഷായണി …

വേദന നിറഞ്ഞ സ്വരത്തിൽ സ്വയം പരിഹസിച്ചെന്ന പോലെ അവൾ പറഞ്ഞതും അവൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നാ കണ്ണുകളിലേക്ക് നോക്കി ..

ഒരു സാഗരം തന്നെയാ മിഴികളിൽ അലയടിക്കുന്നുണ്ടെന്നവനു തോന്നി..

“ജീവിതത്തിൽവഴി പിഴച്ചു പോയൊരു സ്ത്രീ പ്രസവിച്ചു വളർത്തിയതുകൊണ്ടു മാത്രം ,ചീത്ത പേരു വന്ന നിന്നെ സ്വന്തമാക്കാൻ വന്നവർ പറഞ്ഞു പരത്തിയ കഥകളിലൂടെ അല്ല ഞാൻ നിന്നെ അറിഞ്ഞതുംമനസ്സിലാക്കിയതും ..

“എന്നോ ഒരിക്കൽ മനസ്സിൽ പതിഞ്ഞ മുഖമാണ് നിന്റെ.. അന്നുതൊട്ടിന്നുവരെ നീയെന്റെ ഉള്ളിലുണ്ട് ..

“നിനക്കരികിലേക്കെത്തുന്നവരെ അസഭ്യവർഷങ്ങൾ ചൊരിഞ്ഞ് നീ ആട്ടി അകറ്റുമ്പോഴും അവർ നിന്നെ പറ്റി ഇല്ലാവചനങ്ങൾ പറയുമ്പോഴും ഞാൻ നിന്റെ മുന്നിൽ വരാതിരുന്നത് എനിക്കതിനുള്ള യോഗ്യത ഇല്ലെന്നു കരുതിയിട്ടാണ് …

അപ്പോൾ ഇന്ന് വന്നത് ..?

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി

“ഞാൻ കൂടപ്പിറപ്പായ് കണ്ട് എനിക്കൊപ്പം കൊണ്ടു നടക്കുന്ന അരവിന്ദൻ നിന്നെ തേടി ഇവിടെ വന്നെന്ന് എനിക്കു മനസ്സിലായ് ,നീ അവനെ ആട്ടിയകറ്റി എന്നും .. അവൻ പറഞ്ഞു

എങ്ങനെ മനസ്സിലായ് ..? അരവിന്ദൻ പറഞ്ഞോ ..?

“ദാക്ഷായണി ….എല്ലാ കാര്യവുംഎല്ലാവരും പറയണമെന്നില്ല നമ്മുക്ക് മനസ്സിലാവാൻ , ചിലതെല്ലാം ആരും പറയാതെ തന്നെ നമ്മുക്ക് മനസ്സിലാക്കാൻ പറ്റും ..

” എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇഷ്ട്ടമാണെന്ന് ആരും പരസ്പരം പറയാതെ തന്നെ എനിക്ക് മനസ്സിലായല്ലോ ..

അവൾ സംശയത്തോടെ അവനെ കണ്ണുകൾ കൂർപ്പിച്ചു നോക്കി..

” ഇന്നുവരെ ആർക്ക് മുമ്പിലും തുറക്കാത്ത ഈ വാതിൽ നീ ഇന്നെനിക്കു മുമ്പിൽ തുറന്നിട്ടുണ്ടെങ്കിൽ എന്റെ വാക്കുകൾക്കായ് നീ കാതോർത്തു നിന്നിട്ടുണ്ടെങ്കിൽ എനിക്ക് മനസ്സിലാക്കാം നിന്റെ മനസ്സിലും ഞാനുണ്ടെന്ന്..

“പരസ്പരം അറിയാതെയെന്നവണ്ണം നീ എന്നെ നോക്കുന്നതൊക്കെ എന്നേ തിരിച്ചറിഞ്ഞവനാണ് ഞാൻ ..

“ഇനി ചോദിക്കാൻ ഒന്നേ ബാക്കിയുള്ളു, പോരുകയല്ലേ ഈ ദാക്ഷായണി കുന്നിറങ്ങി എന്റെ കൂടെ.. എന്റെ ഭാര്യയായ് ..ജീവനുള്ള കാലം വരെ ,എന്റെ നെഞ്ചിലെ ചൂടാറും വരെ ഒരു ചീത്ത നോട്ടം കൊണ്ടു പോലും ആരും നിന്നെ നോവിക്കാതെ സംരക്ഷിച്ചോളാം ഞാൻ ..

ശങ്കർ പറഞ്ഞു നിർത്തിയതും അവളിൽ നിന്നൊരു തേങ്ങലുയർന്നു …

“അരവിന്ദാ … നീ വേഗം താഴെക്കാവിലേക്ക് വായോ.. ഒരു കാഴ്ച കാണിച്ചു തരാം …

പിറ്റേന്ന് പുലർച്ചെ ഫോണിലൂടെ ഗോപി വിളിച്ചു പറഞ്ഞതു കേട്ട് താഴെ കാവിലെത്തിയ അരവിന്ദനമ്പരന്നു പോയ് ..

ക്ഷേത്ര മുറ്റത്ത് നിറയെ ദേശവാസികൾ നിറഞ്ഞു നിൽക്കുന്നു .. അവർക്ക് നടുവിൽ നെറ്റിയിൽ ശങ്കർ ചാർത്തിയ ഒരു നുള്ള് സിന്ദൂരവും കഴുത്തിൽ അവനണിയിച്ച ആലില താലിയുമായ് ദാക്ഷായണി ശങ്കറിനോടൊപ്പം ഒരു ദേവകന്യകയെ പോലെ നിൽക്കുന്നു

ഒരു നഷ്ട്ട ബോധം വന്നു തന്നെയാകെ മൂടുന്നത് തിരിച്ചറിഞ്ഞ അരവിന്ദൻ തനിക്ക് ചുറ്റുമുള്ള മുഖങ്ങ ളിലേക്ക് നോക്കി..

എല്ലായിടത്തും ഒരു നഷ്ട്ട ബോധം കണ്ട അരവിന്ദൻ അവിടെ നിന്നു മെല്ലെ പിൻ വാങ്ങി ..

“ഇവിടെയും വിജയിച്ചത് ശങ്കർ തന്നെയല്ലേ അരവിന്ദാ ..?

ഗോപി പരിഹാസത്തിൽ ചോദിച്ചതും ഉത്തരമില്ലാത്തവനായ് അവൻ നിന്നു ..

അപ്പോൾ അവർ ശങ്കറും ദാക്ഷായണിയും ആരംഭിക്കുകയായിരുന്നു അവരൊന്നിച്ചുള്ള പുതിയ യാത്ര…

Leave a Reply

Your email address will not be published. Required fields are marked *