(രചന: രജിത ജയൻ)
“ടാ.. ഇന്നു വൈകുന്നേരം നാല് മണിക്ക് ടൗൺ ഹാളിൽ അനാമികയുടെ ലൈവ് പത്രസമ്മേളനം ഉണ്ട്..
ഗൗതം പറഞ്ഞതും വിനു അവനെ നോക്കി
“ഏത് അനാമികയുടെ..?
“നിനക്ക് എത്ര അനാമികമാരെ അറിയാം വിനൂ..
ദേഷ്യത്തോടെയുള്ള ഗൗതത്തിന്റെ ചോദ്യം കേട്ടതും വിനു പകച്ചവനെയൊന്ന് നോക്കി ..
ഏതോ ഓർമ്മയിലവന്റെ തല താഴ്ന്നു പോവുന്നത് ഗൗതം നോക്കി നിന്നു..
“ചെറുതും വലുതുമായ എല്ലാ മീഡിയയേയും ക്ഷണിച്ചിട്ടുണ്ട്..
” അവളെന്തോ മനസ്സിൽ ഉറപ്പിച്ചിട്ടു തന്നെയാണ് ..
“ഞാൻ പോവുന്നുണ്ട് വൈകുന്നേരം പരിപാടിക്ക് ,നീ വരുന്നുണ്ടോ വിനു..?
ഗൗതം ചോദ്യഭാവത്തിൽ വിനുവിനെ നോക്കിയെങ്കിലും അവനുത്തരമൊന്നും പറയാതെ ദൂരയെങ്ങോ നോക്കി നിന്നു..
“നീ ശരിയ്ക്കും ആലോചിച്ചിട്ട് തന്നെയാണോ അനൂ പത്ര സമ്മേളനം നടത്തുന്നത് ..?
“ഇതൊരു എടുത്തു ചാട്ടമായിട്ടാണ് എനിക്ക് തോന്നുന്നത് ,നീയൊന്നു കൂടി ആലോചി……
“മതി മീരാ..വേണ്ടാ… നിർത്ത്…,,,
മീര പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അനാമിക ശബ്ദമുയർത്തി.
“ഞാനൊരുപാട് ചിന്തിച്ച് ആലോചിച്ച് എടുത്ത തീരുമാനമാണിത് ..
“ഇതിൽ നിന്നൊരു പിൻമാറ്റം ഇനിയില്ല..
“ഇതോടെ തീരണം, അവസാനിക്കണം എല്ലാം..
എനിക്കും ജീവിക്കണം തലയുയർത്തി …
ഉറച്ച ശബ്ദത്തിൽ അനാമിക പറഞ്ഞതും മീര അവളുടെ മുഖത്തേക്ക് നോക്കി..
” അനൂ.. നീ നിന്റെ വീട്ടുക്കാരെ പറ്റിയൊന്നും ചിന്തിക്കുന്നില്ലേ മോളെ..?
“നിന്റെയീ തീരുമാനം അവരെ എങ്ങനെയാണ് ബാധിക്കുക എന്ന് ഓർത്തിട്ടുണ്ടോ അനൂ..?
“വീട്ടുക്കാർ… ഓർത്തതും എന്തിനെന്നറിയാതെ അനാമികയുടെ കണ്ണുകൾ നിറഞ്ഞു ..
“മീരാ.. ഞാനാരെപറ്റിയും ഒന്നിനെ പറ്റിയും ചിന്തിക്കുന്നില്ലിപ്പോൾ …
” നീയിനി കൂടുതൽ ഒന്നും പറഞ്ഞെന്നെ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ നോക്കരുത് പ്ലീസ്..
“ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്തവളുടെ അപേക്ഷയായ് കണ്ടാൽ മതി..
മീരയോട് പറഞ്ഞു കൊണ്ട് തന്റെ ക്രച്ചസ്സിൽ ശരീരമൂന്നി അനാമിക അകത്തേക്ക് നടന്നു..
വൈകുന്നേരം തിങ്ങി നിറഞ്ഞിരിക്കുന്ന ടൗൺ ഹാൾ പരിസരം കണ്ടതും ഗൗതം വിനുവിനെ നോക്കി ,അവനുമാ ജനക്കൂട്ടത്തെ കണ്ട് അമ്പരന്നു പോയി ..
“ഗൗതം നീയല്ലേ പറഞ്ഞത് മീഡിയ മാത്രമാണെന്ന് ..? ഇതിപ്പോ …?
“അറിയില്ലെടാ നമ്മുക്ക് നോക്കാം.. നീ വാ..
ഗൗതം വിനുവിനെയും കൂട്ടി ഹാളിനു അകത്തേക്ക് നടന്നു..
അകത്തിരിക്കുന്ന മിക്കവരുടെയും കയ്യിലെ ഫോണിൽ അവളുടെ, അനാമികയുടെ നഗ്ന ചിത്രങ്ങളും വീഡിയോയുമായിരുന്നു..
പലരും അവളുടെ നഗ്നതയിലേക്ക് ആർത്തിപൂണ്ട കണ്ണുകളുമായ് നോക്കി നിൽക്കുന്നത് കണ്ടതും ഗൗതം ദേഷ്യത്തോടെ തന്റെ കണ്ണുകളടച്ചു ..
“എന്നാലും ഇവളുടെ ഒരു ധൈര്യം സമ്മതിക്കണം ല്ലേ .. ?
“കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളായ് ടി വി യിലും പത്രങ്ങളിലുമെല്ലാം ഇവളിങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ..?
“അതും കൂട്ടബലാൽസംഗത്തിലെ ഇരയായ് .., എന്നിട്ടിപ്പോൾ യാതൊരു നാണവുമില്ലാതെ അവൾ പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു ..
“എന്തിനാണാവോ ആവോ..?
“ആ.. എന്തായാലും വരട്ടെ ഫോണിലും മറ്റും കണ്ട് നിർവൃതിഅടഞ്ഞവളെ നേരിട്ടൊന്ന് കാണാലോ .. കണ്ടൊന്ന് ആസ്വദിക്കാലോ ..
ഗൗതമിന് മുമ്പിലിരുന്ന ചെറുപ്പക്കാരിലൊരാൾ വഷളത്തരം നിറഞ്ഞ ചിരിയോടെ പറഞ്ഞതും കൂടെയുള്ളവർ അതോർത്തിട്ടെന്നവണ്ണം ആ ചിരിയിൽ പങ്കു ചേർന്നു..
ആകാംക്ഷയും ആർത്തിയും നിറഞ്ഞ കണ്ണുകളോടെ അവരോരുത്തരും അനാകമിയെ പ്രതീക്ഷിച്ചെന്ന വണ്ണം മൈക്ക് പോയിന്റിലേക്ക് നോക്കിയിരിക്കെ ശരീരമാകെ മൂടുന്നൊരു വസ്ത്രമണിഞ്ഞ് മുഖത്തൊരുമാസ്കു ധരിച്ച് അനാമിക മെല്ലെ അങ്ങോട്ടു വന്നു..
നടക്കുമ്പോൾ ഇടറുന്ന അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചിരുന്നു മീര ..
തനിക്ക് മുമ്പിൽ തിങ്ങി നിറഞ്ഞിരിക്കുന്ന പുരുഷാരത്തെ കണ്ടതും അവളുടെ മുഖത്തൊരു പുച്ഛ ചിരി വിരിഞ്ഞു..
“എന്നെ കാത്തിരുന്ന് മുഷിഞ്ഞോ നിങ്ങൾ..? സോറി ഞാനൽപ്പം വൈകി പോയ് ..
അവളിൽ നിന്ന് വാക്കുകളോരോന്നായ് പുറത്തേക്ക് വന്നതും അവിടെ ഒരു നിശബ്ദത പരക്കുന്നത് വിനു ശ്രദ്ധിച്ചു ..
“നിങ്ങളിലെന്നെ അറിയാത്തവർ കുറവായിരിക്കുമെന്ന് എനിക്കറിയാം എങ്കിലും ഞാനെന്നെ നിങ്ങൾക്കൊന്ന് പരിചയപ്പെടുത്തുകയാണ് .
ഞാൻ അനാമിക, അത്യാവശ്യം നല്ല രീതിയിലറിയപ്പെടുന്നൊരു മോഡലായിരുന്നു ,
“ഇപ്പോഴും ഞാനറിയപ്പെടുന്നുണ്ട്..
” ആദ്യം ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ പേരും പ്രശസ്തിയും ഇന്നെനിക്കുണ്ട്, എന്തിന് എനിക്ക് മുമ്പിലിരിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും കയ്യിലെ ഫോണിൽ പോലും ഇപ്പോൾ എന്റെ ഫോട്ടോയോ വീഡിയോ യോ ഉണ്ടാവും.. ശരിയല്ലേ ഞാൻ പറഞ്ഞത് ..?
അനാമിക തനിക്ക് മുമ്പിലിരിക്കുന്ന ഓരോ മുഖങ്ങളിലേക്കും സൂക്ഷിച്ചു നോക്കി..
അവൾ പറഞ്ഞത് ശരിയാണെന്ന് അവിടെ കൂടിയിരുന്ന ഓരോ മുഖവും അവളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
“എന്റെ ജോലിയുമായ് ഒരാൾക്കും ശല്യമാവാതെ എന്റേതായ സന്തോഷങ്ങളിൽ ജീവിച്ചിരുന്നവളായിരുന്നു ഞാൻ ..
“രണ്ടു മാസങ്ങൾക്ക് മുമ്പൊരു ദിനം ആരെന്നും ഏതെന്നും അറിയാത്ത ഒരു കൂട്ടം മനുഷ്യമൃഗങ്ങൾ എന്നെ വളരെ ക്രൂരമായ രീതിയിൽ പിച്ചിചീന്തി ഒടുവിൽ ഞാൻ മരിച്ചെന്ന് കരുതി എന്നെ തെരുവിൽ ഉപേക്ഷിച്ചു പോയ്..
“എനിക്ക് സംഭവിച്ച ദുരന്തത്തെ ആദ്യമെല്ലാം സഹതാപത്തോടെ നോക്കിയിരുന്ന നിങ്ങളെല്ലാം പിന്നീട്എന്നു മുതലാണ് എന്റെ സങ്കടങ്ങൾക്ക് കാരണക്കാരായ് തീർന്നത്..?
“ഒരു രാത്രി വെളുക്കുവോളം ഒരു കൂട്ടമാളുകളുടെ രതിവൈകൃതങ്ങൾക്കിരയായ ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാൻ ഒരു കോടതിയും തയ്യാറായില്ല..
“തെളിവെടുപ്പെന്ന പേരിൽ എന്നെ കൊണ്ടു നടന്ന പോലീസുക്കാർ വരെ തിരഞ്ഞെത് എന്നിലെ സ്ത്രീയുടെ നഗ്നതയെ ആയിരുന്നു..
“ഞാൻ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്നെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആളു പോലും എന്റെ അപകട സമയത്ത് എന്നെ ഉപേക്ഷിച്ചു പോയ്..
നിറകണ്ണുകൾ തുടയ്ക്കാൻ മെനക്കെടാതെ അനാമിക അതു പറഞ്ഞപ്പോൾ ഗൗതമിനരികെ നിന്നിരുന്ന വിനുവിന്റെ തല ഭൂമിയോളം താഴ്ന്നുപോയ്..
അവനരികെ നിന്നിരുന്ന ഗൗതമവനെ പുച്ഛത്തോടെ നോക്കി ..
”ഒരു പെണ്ണ് ഈ സമൂഹത്തിന് മുമ്പിൽ പീഢനത്തിനിരയായ് നിൽക്കുമ്പോൾ നിങ്ങൾ ഉൾപ്പെടുന്ന സമൂഹം ആദ്യം അവളെ സപ്പോർട്ട് ചെയ്യുകയും പിന്നീട് അവളുടേത് എന്ന് പറഞ്ഞിറങ്ങുന്ന ഓരോ അശ്ലീല വീഡിയോയും ഫോട്ടോയും കാണാൻ തിരക്ക് കൂട്ടുകയും ചെയ്യുമ്പോൾ നിങ്ങളറിയുന്നില്ല നിങ്ങളും അവളെ വീണ്ടും വീണ്ടും പീഢനത്തിന് ഇരയാക്കുകയാണെന്ന് ..
“ഇപ്പോൾ ഇതാ നിങ്ങളിലോരോരുത്തരും ദിവസേനെ തിരയുകയാണെന്നെ..
” താൽകാലികമായെങ്കിലും നിങ്ങളുടെ ശരീരത്തിന്റെ വികാരങ്ങളെ തണുപ്പിക്കാൻ നിങ്ങളെന്റെ ശരീരത്തിന്റെ ഉയർച്ചതാഴ്ചകൾ പലയിടത്തും തിരയുന്നു
“നിങ്ങൾ ഇതുവരെതേടി കണ്ടെത്തിയതെന്നും അല്ല എന്റെ ശരീരം.. നിങ്ങളോരോരുത്തരും കാണാൻ ആഗ്രഹിക്കുന്ന ,അനുഭവിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന എന്റെ നഗ്നശരീരത്തെ നിങ്ങൾക്ക് മുമ്പിൽ നേരിട്ടു കാണിച്ചു തരാൻ വേണ്ടിയാണ് ഇന്നത്തെ നമ്മുടെ ഈ കൂടിച്ചേരൽ..
അനാമിക പറഞ്ഞതും അവിടെ കൂടിയിരുന്നവർ ഞെട്ടിയവളെ നോക്കി
“ഇനി ഒരു സ്ത്രീയുടെ നഗ്നത തിരയുമ്പോൾ ,ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തെ അനുഭവിക്കാൻ ശ്രമിക്കുമ്പോഴെല്ലാം നിങ്ങൾക്ക് ഓർമ്മ വരേണ്ടത് എന്റെ ഈ രൂപമാവണം …
പറഞ്ഞു കൊണ്ട് അനാമിക തന്റെ മുഖത്തെ മാസ്ക് മാറ്റിയതും അടർന്നുകീറി മുറിഞ്ഞു തുന്നിച്ചേർത്ത അവളുടെ ചുണ്ടുകൾ കണ്ടവർ ഞെട്ടി
തന്റെ ശരീരത്തിനെ മൂടിയിരുന്ന വസ്ത്രമവൾ അഴിച്ചു മാറ്റിയതും കടിച്ചു പറിച്ച് വികൃതമാക്കപ്പെട്ട മുറിവുകൾ ഇനിയും പൂർണ്ണമായ് ഉണങ്ങിയിട്ടില്ലാത്ത അവളുടെ മാറിടങ്ങൾ അവിടെ കൂടിയിരുന്നവരിലൊരു വിറയൽ സമ്മാനിച്ചു..
തുന്നിയും കീറി മുറിച്ചും കൂട്ടി ചേർക്കാൻ പറ്റാത്ത വിധം വേർപ്പെട്ടും അവളുടെ ശരീരം പൊക്കിൾച്ചുഴി മുതൽ അടിനാഭിവരെ വികൃതമാക്കപ്പെട്ടതു കണ്ടതും അവരിലൊരു വിറയൽ പടർന്നു കയറി .. എണ്ണിയാൽ തീരാത്ത വിധം ചെറുതും വലുതുമായ മുറിവുകളാൽ നിറഞ്ഞിരുന്നു അവളുടെ അടിവയർ ..
“ഇതാണ്, ഈ ശരീരമാണ് നിങ്ങളോരോരുത്തരും കഴിഞ്ഞ കുറെ ദിവസങ്ങളായ് പലയിടത്തും തിരയുന്നത് .
കണ്ടു കണ്ണ് നിറച്ചു വെച്ചോളൂ നിങ്ങളോരോരുത്തരും ഈ ശരീരത്തെ ,നിങ്ങളുടെ കാമ ചിന്തകൾക്ക് പൂർണ്ണത വരുത്താൻ ..
“എനിക്ക് നിങ്ങൾ ഉൾപ്പെടുന്ന ഈ സമൂഹം തന്ന വേദനക്കുള്ള എന്റെ പ്രതികാരമാണിത് ..
“പിടഞ്ഞു പിടഞ്ഞു പറന്നു പോവാത്തൊരു പ്രാണനെ തിരികെ പിടിച്ചു ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ വാക്കുകൾ കൊണ്ടും ,നോക്കുകൾ കൊണ്ടും എന്നെ വീണ്ടും വീണ്ടും പിച്ചിചീന്തിയ ഇവിടുത്തെ നിയമ വ്യവസ്ഥയുൾപ്പെടെ ഉള്ള എല്ലാറ്റിനോടുമുള്ള എന്റെ പ്രതികാരം ..
“മറച്ച് വെച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല ഞാനൊന്നും ഇനി മുതൽ ,എന്റെ ശരീരമാണെന്റെ ജീവിതമെന്ന് കരുതുന്നുമില്ല ..
“ഞാൻ ജീവിക്കാൻ തീരുമാനിച്ചു ഇങ്ങനെ നിങ്ങൾക്ക് മുമ്പിൽ ..കണ്ടുമതി തീർത്തു കൊള്ളൂ നിങ്ങൾ ഓരോരുത്തരും …
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് തന്റെ ശരീരത്തിലെ അവസാന നൂലിഴയും അവിടെ ഉപേക്ഷിച്ചവൾ അവർക്കിടയിലേക്ക് തലയുയർത്തി ഇറങ്ങി നടന്നപ്പോൾ തല താഴ്ത്തി മുഖമുയർത്താൻ പോലും പറ്റാതെ വിധം കുനിഞ്ഞ ശിരസ്സോടെ അവിടെ കൂടിയിരുന്നവരെല്ലാം തന്നെ ഇരിക്കുന്നുണ്ടായിരുന്നു, ഇനിയാ ശിരസ്സുകൾ ഒരിക്കലും അഭിമാനത്തോടെ ഉയർത്താൻ കഴിയില്ല എന്ന ഉത്തമ ബോധ്യത്തോടെ …