(രചന: രജിത ജയൻ)
കൂപ്പിയ കൈയോടെ ദേവി നടയിൽ നിൽക്കുമ്പോൾ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ..
“ഈ പരീക്ഷണത്തിലും നീയെന്നെ തോൽപ്പിച്ചല്ലോ ദേവീ…
അവളുടെ മനം തേങ്ങി ,കണ്ണുനീർ കവിളിലൂടെ ഒഴുകി പരന്നു
“ഇന്നുവരെ എന്റെ എല്ലാ പ്രാർത്ഥനകളും നീ തള്ളികളഞ്ഞിട്ടേ ഉള്ളു, നഷ്ട്ടങ്ങൾ മാത്രമേ നീയെനിക്ക് എന്നും നൽകിയിട്ടുള്ളു ,അവയുടെ കൂടെ ഒന്നുകൂടി അനന്തേട്ടൻ ..,,
എന്റെ മാത്രം നന്ദേട്ടൻ ..,,”
“എന്തേ ശ്രീദേവിക്കിന്ന് വഴിപ്പാട് ചീട്ടൊന്നും ഇല്ലേ..? ഒന്നും കാണണില്ലല്ലോ ത്യപ്പടിയിൽ … ”
തീർത്ഥവുമായ് ശ്രീകോവിലിനുള്ളിൽ നിന്നിറങ്ങി വന്ന ശാന്തി ചോദിച്ചതും അവളുടെ മുഖത്തൊരു വിളറിയ ചിരി തെളിഞ്ഞു
“ഇന്നത്തെ ചിരിക്കത്ര തെളിച്ചം പോരല്ലോ ശ്രീദേവ്യേ…?
എന്തു പറ്റി ദേവിയോട് പിണക്കമാണോ…?
എത്ര പിണക്കത്തിലായാലും അനന്തനുള്ള വഴിപ്പാട് മുടങ്ങി കണ്ടിട്ടില്ല ഞാൻ ,ഇന്നതും മുടങ്ങിയിരിക്കുന്നു … ”
“ആ പേരിലും നാളിലും വഴിപാട് കഴിക്കാനും പ്രാർത്ഥിക്കാനും ഇനിയെനിക്കർഹതയില്ല തിരുമേനി ,അതിനർഹതയുള്ളവർ ചെയ്യട്ടെ ഇനിയതെല്ലാം…”
മറുപടി ലഭിക്കാതെ പിന്മാറില്ലെന്നതു പോലെ പിന്നെയും പിന്നെയും തിരുമേനി ചോദിച്ചതും ഒരുത്തരമെന്നതു പോലെ പറഞ്ഞിട്ടവൾ ദേവി നടയിൽ നിന്ന് പിൻതിരിഞ്ഞു നടന്നു ,അന്നേരമവളുടെ മനസ്സെന്ന പോലെ കൈകളും ശൂന്യമായിരുന്നു പ്രസാദം ഇല്ലാതെ.
അമ്പലത്തിന്റെ പടികൾ വേഗത്തിലിറങ്ങിയതും അവളുടെ നോട്ടം പുറത്തെ ആൽമരചുവട്ടിലേക്ക് നീണ്ടു, അവിടെ ആൽമരചുവട്ടിലായ് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് കണ്ണിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ ധൃതിയിൽ ചുറ്റുമൊന്ന് കറങ്ങി തിരിഞ്ഞു .
ബുള്ളറ്റിനരികിൽ നിന്ന് മാറി അമ്പലകുളത്തിനടുത്തായ് ഒരു നീല ഷർട്ടുക്കാരനിൽ കണ്ണുകളെത്തിയതും അവൾ കണ്ണുകൾ വേഗത്തിൽ പിൻവലിച്ചു
ഗോപൻ സാർ..,,
അവളുടെ ചുണ്ടുകളാ പേര് ഉരുവിട്ട നിമിഷം തന്നെ സാറിന്റെ ദൃഷ്ട്ടിയിൽ പെടാതിരിക്കാനെന്നവണ്ണമവൾ ആൽമരത്തിനരികിലൂടെയുള്ള വഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് നടന്നു ,തന്നെ പിൻതുടരുന്ന ആ കണ്ണുകളെയും അവയിലെ തിളക്കത്തെയും കാണാതെ.
വീട്ടിലേക്കുള്ള വഴി തിരിയവേ കണ്ടു അനന്തേട്ടൻ അവരുടെ വീടിന്റെ ഉമ്മറത്തിരുന്ന് ഫോണിൽ നോക്കുന്നത് ..
അമ്മാവന്റെ മകനാണ് അനന്തൻ .. കൗമാരം യൗവ്വനത്തിലേക്ക് കടന്നപ്പോഴെന്നോ ഒരിക്കൽ മനസ്സിലേക്ക് കയറിക്കൂടിയ മുഖമാണ് അനന്തന്റെ…
ചെറുപ്പത്തിലേ അച്ഛൻ നഷ്ട്ടപ്പെട്ട തനിക്ക് സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് അമ്മയും അമ്മയുടെ ആങ്ങളയായ അമ്മാവനും കുടുംബവും മാത്രമായിരുന്നു
കല്യാണപ്രായത്തിൽ ശ്രീദേവിയേ നമ്മുക്ക് അനന്തനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് ആരോ പറഞ്ഞതിന് ഒരു ചിരിയോടെ തനിക്ക് സമ്മതമാണതിനെന്ന് പറഞ്ഞ അനന്തേട്ടൻ തന്റെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ നൽകി
തന്നോടു പ്രണയമാണെന്നോ, ഇഷ്ട്ടമാണെന്നോ അനന്തേട്ടൻ പറഞ്ഞില്ലെങ്കിലും തന്റെ മനസ്സിൽ അനന്തേട്ടനായിരുന്നു എല്ലാം
തന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും താൻ പങ്കുവെച്ചിരുന്നത് നീതുവുമായിട്ടായിരുന്നു ,തന്റെ ഉറ്റ സുഹൃത്ത്… അല്ല അതിലുപരി അവൾ തനിക്ക് തന്റെ കൂടപ്പിറപ്പ് തന്നെയായിരുന്നു
തനിക്ക് അനന്തേട്ടനോട് തോന്നിയ ഇഷ്ട്ടം മുതൽ അനന്തേട്ടനെ സംബന്ധിച്ച ഓരോ ചെറിയ കാര്യം വരെ താൻ പങ്കുവെച്ചിരുന്നത് അവളോടായിരുന്നു.
പലപ്പോഴും താൻ മറന്നാലും അവളോരോ കാര്യങ്ങളും തന്നോട് വന്നു ചോദിക്കുമായിരുന്നു … എല്ലാം അവൾക്ക് തന്നോടും അനന്തേട്ടനോടുമുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് കരുതി, ഇന്നലെ അങ്ങനെയൊരു കാഴ്ച കാണുന്നതു വരെ
പനിയായതുകൊണ്ട് ഇന്നലെ താൻ കോളേജിൽ പോയിരുന്നില്ല ,ഇന്നലെ ആണെങ്കിൽ ഗോപൻ സാറിന്റെ ക്ലാസും ഉണ്ട്, തനിക്ക് ഏറ്റവും പേടിയുള്ള അധ്യാപകനാണ് ഗോപൻ സാർ ,വളരെദേഷ്യക്കാരനാണ് സാർ.. കോളേജ്ജിലെ പെൺക്കുട്ടികളെല്ലാം ഗോപൻ സാറിനെ പ്രണയത്തോടെ നോക്കുമ്പോൾ താൻ മാത്രം പേടിയോടെ നോക്കി ..
തന്റെ നാട്ടുക്കാരൻ തന്നെയാണ് സാറും അതുപോലെ പതിവായ് താൻ പോവുന്ന ദേവീക്ഷേത്രത്തിലെ നിത്യസന്ദർശകനും.. പക്ഷെ ഒരിക്കലും താൻ സാറിനെ നേർക്കുനേർ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലായിരുന്നു അത്ര മാത്രം ഭയമാണ് സാറിനെ തനിക്ക്
എത്ര വയ്യെങ്കിലും സാറിന്റെ ക്ലാസ് മുടക്കാറില്ല ഇന്നലെ ഒട്ടും വയ്യാത്ത കൊണ്ടാണ് പോവാത്തത് എന്നാലും നീതുവിനോട് നോട്ട് വാങ്ങി പഠിച്ചാൽ സാറിന്റെ ചീത്തയിൽ നിന്ന് രക്ഷനേടാലോന്നു കരുതിയാണ് അവളുടെ വീട്ടിലേക്ക് പോയത്
എന്നാൽ അവിടെ കണ്ട കാഴ്ച, നീതുവിനെ കെട്ടി പുണർന്ന് അവളെയാകെ ചുംബിച്ചുണർത്തുന്ന അനന്തേട്ടൻ .. അനന്തേട്ടന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി അതിലും ഇരട്ടി ആവേശത്തോടെ അനന്തേട്ടനെ തിരികെ ചുംബിക്കുന്ന നീതു
തളർന്നും തകർന്നും പോകുന്നതിനെക്കാൾ തന്നെയാ കാഴ്ചമരവിപ്പിച്ചിരുന്നു .കൂടപ്പിറപ്പിനെ പോലെ താൻ കൊണ്ടു നടന്നവൾ വളരെ സമർത്ഥമായ് തന്നെ പറ്റിച്ചിരിക്കുന്നു ….
അനന്തേട്ടനും അവളും ഇഷ്ട്ടത്തിലാണെന്നത് തന്നോട് മറച്ചുവെച്ച് തന്റെ പ്രണയത്തിനും അതിന്റെ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നൊരു നല്ല സുഹൃത്തായിട്ട് അവളെ ത്ര നന്നായി ആണ് അഭിനയിച്ചത് ..
അനന്തേട്ടനെ പറ്റി താൻ പറയുന്ന ഓരോന്നിനും കൂടെ ചിരിക്കുമ്പോൾ അവൾ തന്നെ ഉള്ളു കൊണ്ട് കളിയാക്കുകയായിരുന്നെന്ന ചിന്ത തന്നെ തളർത്തി ,അതിലുപരി തനിക്ക് അത്ഭുതം
തോന്നിയത് അങ്ങനെ ഒരു കാഴ്ച കണ്ട നിമിഷം മുതൽ തന്റെ ഉള്ളിലുള്ള അനന്തനെന്ന രൂപത്തിനും ആ ഇഷ്ട്ടത്തിനും പതിവുള്ള തെളിച്ചമില്ല എന്നതായിരുന്നു
ഒന്നുറക്കമുണർന്നൊരു രാത്രി കടന്നു പോയപ്പോഴേക്കും താൻ തന്റെ മനസ്സിനെ വരുതിയിലാക്കിയിരുന്നു ,തന്നെ വിഡ്ഢിയാക്കി സന്തോഷിച്ചിരുന്ന നീതുവിന് മുമ്പിലും താൻ പഴയ ശ്രീദേവി തന്നെയായിരുന്നു ,ഒന്നും അറിഞ്ഞതായ് പോലും ഭാവിച്ചില്ല ….
ഇന്ന് രണ്ടു വർഷങ്ങൾക്കിപ്പുറം ഈ കല്യാണമണ്ഡപത്തിൽ ഗോപൻ സാറിന്റെ അല്ല എന്റെ ഗോപേട്ടന്റ താലിയും സിന്ദൂരവുമണിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയായ് ഒപ്പം ചേർന്നു നിൽമ്പോൾ എനിക്ക് മുമ്പിലായ് ഇരിക്കുന്ന നീതുവിന്റെ കണ്ണുകളിലെ പകപ്പും കുശുമ്പുമെല്ലാം എനിക്ക് നൽകുന്നതൊരു വലിയ സംതൃപ്തിയായിരുന്നു
അനന്തേട്ടനെ സ്വന്തമാക്കാനാഗ്രഹിച്ച് ഞാൻ ദേവീ നടയിൽ പ്രാർത്ഥിക്കുമ്പോൾ എനിക്കരികെ തന്നെ എന്നെ സ്വന്തമാക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ ഗോപേട്ടനും ഉണ്ടായിരുന്നു ഞാൻ തിരിച്ചറിഞ്ഞില്ലെന്നു മാത്രം..
ഇഷ്ട്ടം പറഞ്ഞു സാറു വന്നപ്പോൾ എതിർക്കാനൊന്നും എന്നിൽ അവശേഷിച്ചിരുന്നില്ല ,എന്നെ പറ്റി എല്ലാമറിയുന്നവനെ ഞാനെന്തിന് വേണ്ടാന്നു വെക്കണം
അതിലുപരി എന്നെ പറ്റിച്ചു എന്നൊരഹങ്കാരത്തോടെ നീതു രഹസ്യമായ് ഉള്ളിൽ കൊണ്ടു നടന്ന അനന്തേട്ടൻ അവളെയും പറ്റിച്ച് അവളുടെ വേറൊരു കൂട്ടുക്കാരിയെ വിവാഹം കഴിച്ചു …
അതറിഞ്ഞു തകർന്ന അവളുടെ തളർച്ച പൂർത്തിയായത് ഗോപേട്ടൻ എന്നെ താലിചാർത്തിയപ്പോൾ ആയിരുന്നു … ഇതൊന്നും അവൾ അറിയുകയോ പ്രതീക്ഷിക്കുകയോ ചെയ്തതല്ലല്ലോ. പാവം..
നമ്മൾ ആഗ്രഹിച്ചതിനെക്കാൾ നമ്മളെ ആഗ്രഹിച്ചതിനായിരിക്കും നമ്മളെ കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവോടെ ഞാൻ തുടങ്ങുകയാണ് എന്റെ ജീവിതയാത്ര,ഒരിക്കൽ ഞാൻ കണ്ണീരോടെ പടിയിറങ്ങി പോയ ദേവിയുടെ അതേ തിരുനടയിൽ വെച്ചു തന്നെ..