സ്വർഗ്ഗം
(രചന: Raju Pk)
ഭാര്യയേയും കൂട്ടി രാവിലെ വാടക വീട്ടിലേക്ക് പടിയിറങ്ങിയ ഏക മകൻ കൈയ്യിൽ നിറയെ സാധനങ്ങളുമായി തിരികെ പടി കയറിവരുന്നത് കണ്ടപ്പോൾ ഞാൻ പോലും അറിയാതെ കണ്ണുനീർ തുള്ളികൾ താഴെ വീണ് പൊട്ടിച്ചിതറി.
മകൻ അടുത്തെത്തിയതും ഗൗരവത്തിൽ ചോദിച്ചു.
”നിന്നോട് ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഞങ്ങൾ പറഞ്ഞതല്ലേ ഇനി ഈ പടി തിരികെ ചവിട്ടരുതെന്ന്”
അപ്പോൾ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
”അതിന് ഞാൻ പടി ചവിട്ടിയിട്ടില്ല അമ്മച്ചീ ചാടിക്കടന്നിങ്ങ് പോന്നു.”
”പിന്നെ ഇങ്ങോട്ട് വരാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ അങ്ങനെ മുറിച്ച് മാറ്റാൻ കഴിയുന്ന ബന്ധമല്ലല്ലോ നമ്മൾ തമ്മിൽ…
ഒരുമിച്ചൊരു വീട്ടിൽ കഴിയാൻ ഞാൻ പരമാവധി ശ്രമിച്ച് നോക്കി സാലിയുംനിങ്ങളും ഒരിക്കലും യോജിച്ച് പോകില്ലെന്ന് ഉറപ്പായപ്പോൾ എനിക്ക് വേറെ വഴിയില്ലായിരുന്നു.
പിന്നെ രണ്ട് കുട്ടികളും ആ കുരുന്ന് മനസ്സുകൾ ഓരോ ദിവസവും വല്ലാത്ത ഭീതിയിലായിരുന്നു.
മൂന്ന് നേരം വയറ് നിറയ കഴിച്ചില്ലെങ്കിലും സാരമില്ല മനസ്സിനൊരു സമാധാനമില്ലെങ്കിൽ പിന്നെ ജീവിക്കുന്നതിൽ എന്തർത്ഥം”
”ഇന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയപ്പോൾ ഞാൻ ഇങ്ങോട്ടുള്ളതും വാങ്ങി വേറെ വല്ലതും വാങ്ങേണ്ടതുണ്ടെങ്കിൽ പറഞ്ഞാൽ മതി നാളെ വരുമ്പോൾ കൊണ്ടു വരാം.”
”അപ്പച്ചനെവിടെ അമ്മച്ചി..?
”അകത്തുണ്ട് കിടക്കുവാ ആ മനസ്സ് വല്ലാതെ വേദനിച്ചു”
”വല്ലാതെ വിശക്കുന്നു അമ്മച്ചി കഴിക്കാൻ എന്തെങ്കിലും എടുക്ക് ഞാൻ അപ്പച്ചനെ വിളിക്കട്ടെ”
”മോനേ കഴിക്കാൻ…. ഇന്നിവിടെ ഒന്നും വച്ചുണ്ടാക്കിയില്ല വിശപ്പും തോന്നിയില്ല”
”അമ്മച്ചി അകത്ത് കൊണ്ടുപോയി വച്ച കവറിനുള്ളിൽ നല്ല പോത്തിറച്ചിയും പൊറോട്ടയും ഉണ്ട് അതിങ്ങെടുക്ക് എനിക്കറിയാമായിരുന്നു നിങ്ങൾ ഒന്നും കഴിച്ച് കാണില്ലെന്ന് നമുക്ക്
ഒരുമിച്ചിരുന്ന് കഴിക്കാം”
ഭക്ഷണം കഴിക്കുമ്പോൾ ഇച്ചായൻ മകനോടായി പറഞ്ഞു.
”ഒരുമിച്ച് കഴിയുമ്പോൾ ആർക്കും സ്നേഹത്തിൻ്റെ വിലയറിയില്ല തൊട്ടതിനും പിടിച്ചതിനുമെല്ലാം പരസ്പരം കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
പരസ്പരം പറയാവുന്നതും അതിനപ്പുറവും പറഞ്ഞ് ഒറ്റക്കിരുന്ന് ചിന്തിക്കുമ്പോഴാണ് ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നതും പക്ഷെ പറഞ്ഞതൊന്നും പിന്നെ തിരിച്ചെടുക്കാൻ കഴിയില്ലല്ലോ.!
”നീ അവളേയും മക്കളേയും കൂട്ടി ഇങ്ങോട്ട് തന്നെ വരണം നിങ്ങൾ ഇറങ്ങിയപ്പോൾ ഈ വീടുറങ്ങിയതുപോലായി”
”വരാം അപ്പച്ഛാ സാലിക്കു കൂടി തോന്നട്ടെ തിരികെ വരണമെന്ന്”
”മോനേ ഇപ്പോൾ എനിക്ക് മനസ്സിലായി പരസ്പരമുള്ള തെറ്റുകൾ ക്ഷമിച്ചും പരസ്പരം സ്നേഹിച്ചും ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴാണ്..
വീടൊരു സ്വർഗ്ഗമാവുന്നത് അതിന് നമ്മൾ ഓരോരുത്തരും തെയ്യാറാവണം എന്ന് മാത്രം വീടിൻ്റെ പുറംമോടിയിലല്ല കാര്യം അകത്തുള്ളവരുടെ പരസ്പര സ്നേഹത്തിലാണ് കാര്യം”
ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ച് മകൻ തിരികെ ഇറങ്ങുമ്പോൾ പ്രാർത്ഥിക്കുകയായിരുന്നു എത്രയും പെട്ടന്ന് സാലിയുടേയും മനസ്സൊന്ന് മാറാൻ. സത്യത്തിൽ ഞങ്ങളാരും ചിന്തിക്കുന്നില്ല ഞങ്ങളുടെ ഇടയിൽ പെട്ട മകൻ്റെ മനസ്സിൻ്റെ ഉള്ളുരുക്കങ്ങൾ.