പിന്നെ നാളെ നമുക്ക് ഒരു പെണ്ണ് കാണാൻ പോവണം ഞാൻ ഒരു പത്ത് മണിയാവുമ്പോൾ നിന്റെ വീട്ടിൽ വരാം. അവസാനം വീശിയ വല വള്ളത്തിലേക്ക് വലിച്ച് കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ദേവദത്തൻ

ചൊവ്വാദോഷം
(രചന: Raju Pk)

ഇത്തവണ നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ മീൻ കിട്ടി അല്ലേ ശ്രീനി.

ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല അമ്മയുടെ പണയത്തിലിരിക്കുന്ന മാല നാളെ എടുക്കണം ഒരു പവൻ കൂടി ചേർത്ത് പുതിയതൊന്ന് വാങ്ങിക്കൊടുക്കണം..!

പിന്നെ നാളെ നമുക്ക് ഒരു പെണ്ണ് കാണാൻ പോവണം ഞാൻ ഒരു പത്ത് മണിയാവുമ്പോൾ നിന്റെ വീട്ടിൽ വരാം.
അവസാനം വീശിയ വല വള്ളത്തിലേക്ക് വലിച്ച് കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ദേവദത്തൻ.

ഒരുപാടായല്ലോ ശ്രീനി നിന്റെ പെണ്ണ് കാണൽ നിനക്ക് കെട്ടാത്തതിന്റെ വിഷമം എനിക്ക് കെട്ടിയതിന്റേയും.

എന്ത് ചെയ്യാനാ സഹോ പത്താം ക്ലാസും ഗുസ്തിയും പിന്നെ ഈ കടലിലെ പണിയും കൈമുതലായുള്ള എന്നെ ഇഷ്ടപ്പെടണ്ടേ പെൺകുട്ടികൾ.

ഇനി ഇഷ്ടപ്പെട്ടെന്നിരിക്കട്ടെ പിന്നാലെ വരും നാൾപ്പൊരുത്തം ജാതകം എല്ലാ കടമ്പകളും കടന്ന് കിട്ടിയാൽ അവസാന നിമിഷം പെൺകുട്ടിയുടെ വീട്ടുകാരുടെ വക നാടാകെയുള്ള അന്യേഷണം അതുകൂടി കഴിഞ്ഞാൽ പകുതി ആശ്വാസം പിന്നെ കല്യാണം അടുക്കുന്തോറും നമ്മുടെ ബിപി കൂടിക്കൊണ്ടിരിക്കും.

കാലം കലികാലമല്ലേ കല്യാണം നടന്നിട്ടും ഒളിച്ചോടുന്ന എത്രയോ പെൺകുട്ടികൾ.

കല്ല്യാണം കഴിഞ്ഞാൽ രാത്രി കൂട്ടുകാരുടെ വക ഒരു ഗംഭീര വെടിക്കെട്ടും അത് വീട്ടിനകത്താണോ പുറത്താണോ പാതിരാത്രിയാണോ വെളുപ്പിനാന്നോ എന്ന് ആര് കണ്ടു. അതുകൂടി കഴിഞ്ഞ് കിട്ടിയാൽ ഭാഗ്യം..!

പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയോടെ പെണ്ണിന്റെ വീട്ടിലെത്തി ഒരു ചെറിയ വീട് ദാവണിയുടുത്ത ഒരു പെൺകുട്ടി ചായയുമായി വന്നപ്പോൾ സത്യത്തിൽ ഒന്നമ്പരന്നു.ഇനി ഇവിടെ എന്താണാവോ.?

എന്തായാലും അല്പം പേടിയോടെ ഇരുന്നെങ്കിലും പ്രതിക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല.
എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോൾ പെൺകുട്ടി എന്നെ ഒന്ന് നോക്കിയിട്ട് അടുത്ത മുറിയിലേക്ക് പോയി.

അകത്തേക്ക് കയറിയതും പെൺകുട്ടി പറഞ്ഞു. എനിക്ക് ഏട്ടനെ ഇഷ്ടമായി പിന്നെ എനിക്ക് ഒരു ചെറിയ പ്രശ്നമുണ്ട് തെല്ലമ്പരപ്പോടെ ഞാൻ ആ മുഖത്തേക്ക് നോക്കി.എനിക്ക് രണ്ട് ജാതകമുണ്ട് ഒന്ന് ചൊവ്വാദോഷക്കാരിയുടെ.

മറ്റൊന്ന് എനിക്ക് വിവാഹമൊന്നും നടക്കാതെ വന്നപ്പോൾ അച്ഛനോട് ഞാൻ പറഞ്ഞ് പ്രത്യേകം ഉണ്ടാക്കിയതും ഏത് വേണം എന്ന് ഏട്ടന് തീരുമാനിക്കാം.

രണ്ട് ജാതകവും വാങ്ങി ഞാൻ ദത്തനോടൊപ്പം ആ പടിയിറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളുമായി ഞങ്ങളേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു രേവതി.എന്റെ കയ്യിൽ ഉണ്ടായിരുന്ന അവളുടെ രണ്ട് ജാതകവും നിർഭാഗ്യവശാൽ എന്റെ ജാതകവുമായി ചേരുന്നതായിരുന്നില്ല..?

അവസാനം എന്റെ ജാതകത്തോട് ചേരുന്ന മൂന്നാമതൊരു ജാതകം രേവതിക്ക് ഞാനുണ്ടാക്കി അവളെ ഞാൻ എന്റെ സ്വന്തമാക്കി.

ആദ്യം കുറെക്കാലം സത്യത്തിൽ നല്ല ഭയമുണ്ടായിരുന്നു മനസ്സിൽ ഇതിനിടെ അവൾ എന്നോട് പറയുകയുണ്ടായി രണ്ടാമത്തെ ജാതകം ഉണ്ടാക്കാനുള്ള കാരണം.

അവൾക്ക് താഴെ ഉണ്ടായിരുന്ന രണ്ടനുജത്തിമാർ ചേച്ചിയുടെ കല്യാണം കഴിയാതെ ഞങ്ങളുടെ കല്ല്യാണത്തെപ്പറ്റി ചിന്തിക്കുക പോലും വേണ്ടന്ന് പറഞ്ഞപ്പോൾ അച്ഛനും എനിക്കും വേറെ വഴിയില്ലായിരുന്നു.

കാലങ്ങളേറെ കഴിഞ്ഞു ഇന്ന് ഞങ്ങൾക്ക് മക്കളും അവരുടെ കൊച്ചുമക്കളുമായി.മകന്റെ മകളുടെ ജാതകം കാണാൻ വന്ന ചെറുക്കന്റെ ജാതകമായി ചേരാത്തതു കൊണ്ട് നല്ലൊരാലോചനയായിട്ടും അവർ വേണ്ടന്ന് വച്ചപ്പോൾ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു അവൾ തന്ന രണ്ട് ജാതകവും ചേരാതെ വന്നപ്പോൾ ഞാൻ മൂന്നാമത്തെ ജാതകം ഉണ്ടാക്കിയതും പെരുത്തം ശരിയാക്കിയതും.

ആദ്യമായി എന്നെ കാണുന്ന പോലെ അവളെന്നെ അമ്പരപ്പോടെ നോക്കുന്നുണ്ടായിരുന്നു..!

അവളെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു എല്ലാം ഒരു വിശ്വാസമാണ് ജാതകവും കവടിയും നോക്കി കൂട്ടി ചേർക്കപ്പെട്ട എത്രയോ ജീവിതങ്ങളും ഇടയിൽ തകർന്ന് പോകുന്നു അല്ലേ..!

Leave a Reply

Your email address will not be published. Required fields are marked *