ഭർത്താവ്
(രചന: റിൻസി പ്രിൻസ്)
” നീ അവളോട് ചോദിച്ചു നോക്കിക്കേ അവൾ ഇവിടെ കയറി വന്നപ്പോൾ എത്ര മണിയായി എന്ന്…? സമയം 6 കഴിഞ്ഞു, അതായിത് വിളക്ക് വയ്ക്കുന്ന സമയം കഴിഞ്ഞു എന്നർത്ഥം,
അത് കഴിഞ്ഞ് ആണ് തമ്പുരാട്ടി കേറി വന്നത്, എന്നിട്ട് കേട്ടില്ലമ്മ ഒരു ചായയും തന്നെ ഇട്ടു കുടിച്ചു അപ്പോൾ തന്നെ പോയി കട്ടിലിൽ കയറി കിടക്കുകയും ചെയ്തു…
എനിക്ക് ഒരു ചായ എങ്കിലും ഇട്ടു തന്നൊന്ന് നീ ഒന്ന് അവളോട് വിളിച്ചു ചോദിച്ചു നോക്കൂ…
ഇനി വൈകിട്ട് വേണ്ടത് ഞാൻ വേണേൽ ഉണ്ടാക്കാൻ ആണോ…? നോക്കുമ്പോൾ എന്താ അമ്മ ഭാര്യയുടെ കുറ്റം പറഞ്ഞു തരികയാണ് എന്ന് തോന്നും…
ഓഫീസിൽ നിന്ന് വന്നപാടെ രാജീവനെ പിടിച്ചു നിർത്തി അനുപമയുടെ കാര്യം പറയുക ആണ് ശാരദ…
” അവൾ ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നതല്ലേ അമ്മേ, ഒന്ന് കിടന്നിട്ടുണ്ടാവും, അത് ഇത്ര വലിയ പ്രശ്നമാക്കേണ്ട കാര്യമുണ്ടോ…?
രാജീവ് ചോദിച്ചു….
” അപ്പോൾ എനിക്ക് ക്ഷീണം ഒന്നും ഇല്ല എന്നാണോ നീ പറയുന്നത്….? അവൾ ഒന്നുമില്ലേലും ചെറുപ്പം അല്ലേ..?
” അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ, അമ്മയ്ക്ക് അമ്മയുടേതായ ക്ഷീണമുണ്ട്, അമ്മേടെ പ്രായത്തിന്റെതായ ബുദ്ധിമുട്ടുകളും ഉണ്ട്,
പക്ഷേ അവൾ ചെറുപ്പം ആണെന്ന് വിചാരിച്ച് അവൾക്ക് അസുഖങ്ങളൊന്നും ഇല്ലെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ…..
” നീ അല്ലെങ്കിലും നിൻറെ പെണ്ണുമ്പിള്ള പറയുന്നത് മാത്രമേ വിശ്വസിക്കു,
” അതിനു ഞാൻ ബുദ്ധി വളർച്ച ഇല്ലാത്ത ആൾ ആയിരിക്കണം…. ഇക്കാര്യത്തിൽ അവളെ കുറ്റം പറയാൻ മാത്രം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ,
എന്നെ വിളിച്ചു അവൾ പറഞ്ഞിരുന്നു അവളുടെ ബാങ്ക് ഓഡിറ്റിംഗ് നടക്കുന്നു എന്ന്, അതുകൊണ്ട് അവൾ താമസിച്ചിട്ട് ഉണ്ടാകും, വൈകും എന്ന് എന്നെ വിളിച്ചു പറയുകയും ചെയ്തു,
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് എനിക്ക് പരിചയമുള്ള ഒരു ഓട്ടോ ബാങ്കിലേക്ക് പറഞ്ഞു വിട്ടതും,
ക്ഷീണിച്ചു വന്നപ്പോൾ ഒരു ചായ എടുത്തു കുടിച്ചിട്ട് കിടന്നിട്ടുണ്ടാവും, എന്നെ വിളിച്ചു പറഞ്ഞിരുന്നു തലവേദനയാണെന്ന്,
തലവേദനയ്ക്കുള്ള മരുന്ന് കൊണ്ടാണ് ഞാൻ വന്നതും….. അമ്മയ്ക്ക് ക്ഷീണം ഇല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ വെയിലും മഴയും അടിക്കാതെ ഈ വീടിനുള്ളിൽ അല്ലേ അമ്മ കഴിയുന്നത്,
രാവിലെ തന്നെ അവൾ എഴുന്നേറ്റു അത്യാവശ്യം ജോലി തീർത്തിട്ട് അല്ലേ പോകുന്നത്,
പിന്നെ ഒരു മെഴുക്കുവരട്ടി അല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്ന് എന്തെങ്കിലും എടുത്ത് ചൂടാക്കുകയൊ ചെയ്താ പോരെ അമ്മയ്ക്ക്,
ഇത്രയും ഇവിടെ ചെയ്തിട്ടും അവൾ വീണ്ടും അവിടെ പോയിട്ട് ആ കമ്പ്യൂട്ടറിന്റെ മുൻപിൽ ആണ്, ഞാനാണെങ്കിൽ 10 മണിക്ക് കിടന്നാൽ രാവിലെ 7 മണിക്ക് ആണ് എഴുന്നേൽക്കുന്നത്,
അത്രയും സമയം എനിക്ക് ഉറങ്ങാൻ കിട്ടും, അവൾ കിടക്കുന്നത് തന്നെ പതിനൊന്നര ആയിട്ടാണ്, പിറ്റേന്നത്തേക്കുള്ള കുറച്ചു ജോലിയും കൂടി ഒതുക്കി വച്ചിട്ട്, രാവിലെ 4 മണി ആവുമ്പോഴേക്കും ഉണരും….
എത്ര മണിക്കൂർ ഉറങ്ങുന്നുണ്ടാവും….? ചിന്തിച്ചുനോക്കൂ….? പിന്നെ രാവിലെ എഴുന്നേറ്റ് കുട്ടികളെ പഠിപ്പിച്ച് അവരുടെ കാര്യങ്ങൾ നോക്കി സ്കൂളിൽ വിടണ്ടേ ,
ഇതെല്ലാം കഴിഞ്ഞാണ് അവൾ ഓഫീസിലേക്ക് പോകുന്നത്, ഇതിനിടയിൽ ആർക്കേലും വയ്യാഴ്ക വന്നാൽ ലീവ് എടുക്കുന്നതും അവൾ അല്ലേ, അവിടെയും ജോലി,
അതും കഴിഞ്ഞ് തിരികെ വന്ന ഒരു അഞ്ചുമിനിറ്റ് റസ്റ്റ് എടുത്തതിന് കുറ്റം പറയുന്നത് മോശമല്ലേ അമ്മേ…? മനുഷ്യൻ അല്ലേ മിഷ്യൻ അല്ലല്ലോ, റസ്റ്റ് വേണ്ടേ…?
ഞാൻ അവളുടെ പക്ഷം പിടിച്ച് പറയുന്നത് ആയി അമ്മയ്ക്ക് തോന്നു, അങ്ങനെ അല്ല, അമ്മയെ പോലെ തന്നെ ഒരു നാണയത്തിന്റെ ഒരു മറുവശം തന്നെയല്ലേ അവളും എനിക്ക്…..
അമ്മയ്ക്ക് നാളെ ഒരു വേദന വന്നാലും ഞാൻ അവളോട് ഇങ്ങനെ സംസാരിക്കും,
ഭാര്യയും അമ്മയും ഉപമിക്കാൻ പറ്റാത്തവർ ആണ് അമ്മേ, ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയില്ല, എനിക്ക് നിങ്ങൾ രണ്ടുപേരും പ്രിയപ്പെട്ടവർ ആണ് …. നമുക്കും കൂടെ വേണ്ടിയല്ലേ അവൾ കഷ്ടപ്പെടുന്നത്,
“അങ്ങനെയാണെങ്കിൽ നീ അവളോട് ജോലിക്ക് പോകേണ്ട എന്ന് പറ,
” എന്തിനാ ഞാൻ അങ്ങനെ പറയുന്നത്….? അവളുടെ അച്ഛനുമമ്മയും പഠിപ്പിച്ചു,
ജോലിചെയ്യാൻ അവൾക്ക് താൽപര്യവുമാണ്, ഈ വീട്ടിൽ അടുക്കള പണികൾ ചെയ്യാൻ വേണ്ടി ഞാൻ അത്രയും നല്ല ജോലി കളയാൻ പറയണോ….?
അത് പറയാനുള്ള അവകാശം എനിക്കില്ല, മാത്രമല്ല ഞാൻ ജോലിക്ക് പോകേണ്ട എന്ന് അവൾ പറഞ്ഞാൽ എന്തു ചെയ്യും…..?
” നീ ഒരു ആണല്ലേ…? നീ പോകാതിരുന്നാൽ ഇവിടെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും ..?
” അവൾ പെണ്ണായൊണ്ട് അവൾക്ക് ആവിശ്യങ്ങൾ ഇല്ലെ….? അവളുടെ കാര്യങ്ങളൊക്കെ അപ്പോൾ എങ്ങനെ നടക്കും…?
എന്നോട് ഒരു രൂപ പോലും അവളുടെ ഒരു കാര്യത്തിനും അവൾ ചോദിക്കുന്നില്ല, അവളുടെ ശമ്പളം കുട്ടികൾക്കുവേണ്ടിയും ഈ വീടിനു വേണ്ടി ചെലവാക്കുന്നത്,
പിന്നെ അവളുടെ വീട്ടിൽ അവളുടെ അച്ഛനും അമ്മയ്ക്കും എന്തേലും കൊടുക്കണം എങ്കിൽ എന്ത് ചെയ്യും…?
നാളെ അവൾ ജോലിക്ക് പോകാതിരുന്നാൽ അവളുടെ കാര്യങ്ങൾ ഞാൻ നോക്കണം,
അതെനിക്കൊരു ബുദ്ധിമുട്ട് ഉള്ള കാര്യമില്ല, പക്ഷേ അവൾ സമ്പാദിച്ച് അവളുടെ കാര്യങ്ങൾ നോക്കുമ്പോൾ അവൾക്ക് ഒരു തൃപ്തി ഉണ്ട്, അത് ഞാൻ കാശ് കൊടുത്താൽ കിട്ടില്ല….
ചിലപ്പോൾ ഞാൻ എൻറെ കയ്യിൽ എടുത്തു കൊടുക്കുമ്പോൾ അറിയാതെയാണെങ്കിലും ഞാൻ ചിലപ്പോൾ കടങ്ങളുടെ കഴിഞ്ഞുപോയ ചിലവിന്റെയും കാര്യം പറയുമ്പോൾ അവൾ വിചാരിക്കില്ലേ ഞാൻ അവളോട് കണക്ക് പറഞ്ഞതാണെന്ന്…..
” ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഇങ്ങനെയൊക്കെ ഉള്ള ചിന്തകൾ വളരെ മോശമാണ്,
” ആയിരിക്കാം, പക്ഷെ കാലം മാറി, നല്ല ജോലിയുണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി ചെയ്യാനുള്ള കഴിവുണ്ട്,
അപ്പോൾ ഇവിടുത്തെ ജോലി ചെയ്യണമെന്ന് പറഞ്ഞു അവളെ ജോലിക്ക് വിടാതിരിക്കാൻ മാത്രം മൂരാച്ചി ഭർത്താവല്ല ഞാൻ,
അവൾക്ക് മടുക്കുമ്പോൾ അവൾ നിർത്തട്ടെ, അന്ന് ഞാൻ അവൾക്കൊപ്പം ഉണ്ടാകും…
അതിൻറെ പേരിൽ അമ്മ എന്നെ പെൺകോന്തൻ എന്ന് ആണ് വിളിക്കുന്നത് എങ്കിൽ ഞാൻ അതാണെന്ന് സമ്മതിച്ചേ പറ്റൂ,
അവൾ ഒന്ന് തലവേദനയായി കേറി കിടന്നത് അല്ലേ അമ്മയുടെ പ്രശ്നം, ഇവിടെ വൈകിട്ട് ഒന്നും ഉണ്ടാക്കിയില്ല അത്രയേ ഉള്ളൂ, ഞാൻ പോയി കുളി കഴിഞ്ഞു വന്നിട്ട് വൈകിട്ടതേക്ക് ചപ്പാത്തി ഉണ്ടാക്കാം,
“നാണം ഉണ്ടോടാ അടുക്കളയിൽ കയറി പാചകം ചെയ്യാൻ…
” അതെന്താ ഞാൻ അടുക്കളയിൽ കയറിയാൽ അത് ഇടിഞ്ഞുവീഴുമോ….? എൻറെ അമ്മേ ഇന്നത്തെ കാലത്ത് പെണ്ണുങ്ങൾ മാത്രം അടുക്കള കയറാവു എന്ന് നിയമമൊന്നുമില്ല,
ആർക്കുവേണമെങ്കിലും കേറാം, ഇനി വരുന്ന തലമുറ അങ്ങനെ വളരട്ടെ, എന്റെ മോനെ കൊണ്ട് ഞാൻ എന്തൊക്കെ ചെയ്യിപ്പിക്കുന്നത് എന്ന് അമ്മ കണ്ടിട്ടില്ലേ,
അവന്റെ കാര്യങ്ങളെല്ലാം അവൻ തന്നെ ആണ് ഇപ്പോഴേ നോക്കുന്നത്, 8 വയസ്സേ ഉള്ളു എങ്കിലും അവന്റെ അ ടിവസ്ത്രം അവൻ തന്നെ ആണ് അലക്കുന്നത്,
നാളെ അവൻറെ ഭാര്യ വരുമ്പോൾ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്, കാലത്തിനൊപ്പം നീന്തണം, ഇപ്പോഴും പഴയ മാമൂലുകൾ കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ലല്ലോ,
അതും പറഞ്ഞ് രാജീവൻ അകത്തേക്ക് പോയപ്പോൾ മറുപടിയില്ലാതെ നിൽക്കാനേ ശാരദയമ്മയ്ക്ക് കഴിഞ്ഞുള്ളൂ..
(ഭാര്യക്ക് അല്പം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഭർത്താക്കന്മാരും ഈ നാട്ടിൽ ഉണ്ട് കേട്ടോ..? പക്ഷെ എണ്ണത്തിൽ കുറവാണ് എന്ന് മാത്രം…)