തന്നെ ഒരുപാട് സ്നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും ആത്മഹത്യ ഭീഷണിക്കു മുൻപിൽ ദുർബലയായ അവൾക്കു വഴങ്ങേണ്ടി വന്നു. എല്ലാം കഴിഞ്ഞിട്ടു ഇപ്പോൾ രണ്ടു വർഷം തികഞ്ഞു…

വാമിക
(രചന: Rivin Lal)

ഓഫിസിൽ നല്ല തിരക്കിട്ട പണികൾക്കിടയിലാണ് ഫോണിൽ അമ്മയുടെ മിസ്കോൾ കണ്ടത്. എത്ര തിരക്കാണേലും അമ്മയുടെ കോൾ കണ്ടാൽ മഹിഷ്വിൻ തിരിച്ചു വിളിക്കും.

ആദ്യത്തെ റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.
“എന്താ അമ്മേ വിളിച്ചേ.?” മഹി ചോദിച്ചു.
“മോനെ.. നീ തിരക്കിലാണോ..? അമ്മ ഒരു കുട്ടിയുടെ ഫോട്ടോ നിന്റെ വാട്സ്ആപ്പ്ലേക്ക് അയച്ചിടുണ്ട്. നീയതൊന്നു തുറന്നു നോക്കീട്ടു ഇഷ്ടമായോ എന്നൊന്ന് പറഞ്ഞെ.

കുട്ടിക്കു ദുബായിലാണ് ജോലി. നീ നാളെ ദുബായിൽ നിന്നല്ലേ വരുന്നേ. ആ കുട്ടിയും നാളെ നാട്ടിൽ വരുന്നുണ്ടെന്നാ കുട്ടീടെ വീട്ടുകാർ പറഞ്ഞെ. നിന്റെ മറുപടി കിട്ടീട്ടു വേണം ബാലമാമനെ ഒന്ന് വിളിച്ചു പറയാൻ. ആൾ കൊണ്ട് വന്ന പ്രൊപോസലാണേ.” അമ്മ പ്രതീക്ഷയോടെ പറഞ്ഞു നിർത്തി.

“ഓ.. കല്യാണ കാര്യമാണോ.? ഞാൻ വേറെ എന്തോ അത്യാവശ്യ കാര്യമാണെന്ന് വിചാരിച്ചു. ഞാൻ നാളെ എന്തായാലും നാട്ടിൽ എത്തൂലെ അമ്മേ.? എന്നിട്ടു നോക്കിയാൽ പോരെ എല്ലാം… അതല്ലേ നല്ലത്.? ഇപ്പോൾ എനിക്കൊരു മീറ്റിംഗ് ഉണ്ട്.

വൈകിട്ടു റൂമിൽ എത്തീട്ടു വിളിക്കാം. അമ്മ ഇപ്പോൾ വെച്ചോളൂ ട്ടോ.” പിന്നെ ഒന്നും അമ്മയെ കൊണ്ട് പറയാൻ സമ്മതിക്കാതെ മഹി ഫോൺ വെച്ചു.

മീറ്റിംഗ് കഴിഞ്ഞു വൈകിട്ടു റൂമിൽ എത്തി ഫ്രഷായിട്ടാണ് മഹി പിന്നെ ഫോൺ നോക്കുന്നത്. ഫോൺ എടുത്തതും ബാറ്ററി ലോ മെസ്സേജ് വന്നു. “ശേ.. ബേറ്ററിക്കു തീരാൻ കണ്ട നേരം.”

മഹി പിറു പിറുത്തു. നാട്ടിൽ എത്തിയിട്ട് ആദ്യം തന്നെ ഫോണിന്റെ കംപ്ലൈന്റ്റ് ഉള്ള ഈ ബാറ്ററി ഒന്ന് മാറ്റണം എന്ന് മഹി അപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു.

ഫോൺ കുത്തിയിട്ടു മഹി കുക്കിംഗ്‌ തുടങ്ങി. ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു മഹി ഫോൺ എടുത്തു നോക്കി. മുക്കാൽ ഭാഗവും ചാർജ് ആയിട്ടുണ്ട്. അമ്മ അയച്ച മെസ്സേജ് തുറന്നു. ഫോട്ടോ ഡൗൺലോഡിങ്… പകുതി ഡൌൺലോഡ് ആയതും കറക്റ്റ് സമയത്തു വൈഫൈ റൂട്ടർ ഓഫ്‌ ആയി..

“ശ്ശെ.. എന്തൊരു കഷ്ടമാണിത്.” മഹിക്കു ദേഷ്യം വന്നു. വൈഫൈ റൂട്ടറും ചാർജിൽ ഇട്ടു.. അപ്പോൾ ദാ സിഗ്നൽ ജാം.. ഫോട്ടോ ആണേൽ മങ്ങിയ പോലെ കാണുകയും ചെയാം. മഹിക്ക് ആ ഫോട്ടോ മുഴുവൻ ഡൌൺലോഡ് ചെയ്യാൻ കഴിയാത്ത ദേഷ്യം ഇരട്ടിച്ചു വന്നു.

കോപ്പിലെ ഒരു നെറ്റ്‌വർക്ക്.. മഹിയുടെ വായിൽ ഭരണി പാട്ടു വന്നു തുടങ്ങി. ഒരു സിഗരറ്റ് ചുണ്ടിൽ എടുത്തു കത്തിച്ചു മഹി ഹാളിൽ പോയി ജനൽ തുറന്നു പുറത്തേക്കു നോക്കി വലിച്ചു തുടങ്ങി.

ഡിസംബറിലെ തണുപ്പിൽ ഒരു കുളിർത്ത കാറ്റു മഹിയുടെ മുഖത്തേക്കു അടിച്ചപ്പോൾ അനുവിന്റെ മുഖം അവൻ പോലുമറിയാതെ അവന്റെ മനസിലേക്കു ഓടി വന്നു.

അനു.. അനു തന്റെ ആരായിരുന്നു.. ഒരിക്കൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ വിവാഹത്തിന് പോയപ്പോൾ അവന്റെ ബന്ധുവായ കുട്ടി. അങ്ങിനെ അവനിലൂടെ വന്ന പരിചയം. പക്ഷെ പിന്നീട് എപ്പോളോ സുഹൃത്തുക്കളായി. നീണ്ട നാല് വർഷം.

അവസാനം അവളുടെ വീട്ടുകാർ വേറെ കെട്ടിച്ചയച്ചു. ഇറങ്ങി വരാൻ വിളിച്ചിരുന്നു. പക്ഷെ തന്നെ ഒരുപാട് സ്നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും ആത്മഹത്യ ഭീഷണിക്കു മുൻപിൽ ദുർബലയായ അവൾക്കു വഴങ്ങേണ്ടി വന്നു. എല്ലാം കഴിഞ്ഞിട്ടു ഇപ്പോൾ രണ്ടു വർഷം തികഞ്ഞു…

പെട്ടെന്നാണ് കോളിങ് ബെൽ അടിച്ചത്. മഹി ഓർമകളിൽ നിന്നും ഉണർന്നു. ഡോർ തുറന്നപ്പോൾ മുൻപത്തെ ഓഫിസിൽ കൂടെ ജോലി ചെയ്‌തിരുന്ന രേവതി ചേച്ചിയും ഹസ് ഹരിയേട്ടനുമാണ്.
“അല്ലാ.. ഇതാരാ.? രേവതി ചേച്ചിയോ.. എന്താ ഇവിടെ.? മഹി ചോദിച്ചു.

“നീ നാളെ നാട്ടിൽ പോവാണല്ലേ. നിന്റെ കൂട്ടുകാരൻ രോഹൻ പറഞ്ഞപ്പോളാ ഞാൻ വൈകിട്ടു അറിഞ്ഞേ. അപ്പോൾ ഈ വഴിക്കു പോയപ്പോൾ നിന്നെ കണ്ടിട്ടു പോകാം എന്ന് വിചാരിച്ചു. അല്ലേലും ഇപ്പോൾ പോക്കൊന്നും നമ്മളോടൊന്നും പറയൂല ലേ..” ചേച്ചി കളിയാക്കി ചോദിച്ചു.

“ഹേയ്.. അങ്ങിനെയൊന്നുമില്ല ചേച്ചി. എല്ലാം പെട്ടെന്നായിരുന്നു. വിസ മൂന്ന് ദിവസം മുൻപാ പുതുക്കി കിട്ടിയേ. അപ്പോൾ തന്നെ ടിക്കറ്റ് എടുത്തു. ഞാൻ വിളിക്കാൻ ഇരിക്കയായിരുന്നു എല്ലാരേയും. ഇനി ഇപ്പോൾ ചേച്ചി നേരിട്ടു വന്ന സ്ഥിതിക്കു യാത്ര ഇപ്പോൾ തന്നെ പറയാലോ. അല്ലെ ഹരിയേട്ടാ.. ചേച്ചിടെ ഹസിനോടായി മഹി ചോദിച്ചു.

“അതെയതെ.” ഹരി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അത്‌ കേട്ടപ്പോൾ.

“നിന്റെ ഫ്ലൈറ്റ് എത്ര മണിക്കാണെടാ..?” രേവതി ചേച്ചി ചോദിച്ചു.

“നാളെ രാവിലെ ആറു മണിക്കാ ചേച്ചി. രോഹൻ കൊണ്ട് വിടാമെന്ന് പറഞ്ഞിട്ടുണ്ട്.” മഹി പറഞ്ഞു.
“നിന്റെ പാക്കിങ് തീർന്നു കാണില്ല എന്നറിയാം. അങ്ങിനെയാണല്ലോ പണ്ടും പതിവ്. കുഴി മടിയനാ ഹരിയേട്ടാ ഇവൻ..!” ചിരിച്ചു കൊണ്ട് അവസാനത്തെ കമന്റ്‌ ഹരിയോടായി രേവതി പറഞ്ഞു.

“എന്തായാലും ഇത്തവണ നീ കെട്ടിയിട്ട് പാർട്ടിയുമായി തിരിച്ചു വന്നാൽ മതി. നീ മാത്രം അങ്ങിനെ ക്രോണിക് ബാച്‌ലർ ആയി സുഖിക്കേണ്ട കേട്ടോ” വീണ്ടും ചേച്ചിയുടെ കമന്റ്.
“മതി.. മതി.. പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ എന്റെ പൊന്നെ..” മഹി ചിരിച്ചു കൊണ്ട് ചേച്ചിക്ക് നേരെ കൈ കൂപ്പി.

“എന്നാൽ പാക്കിങ് തീർത്തു ഭക്ഷണം കഴിച്ചു വേഗം കിടന്നോടാ.. നാളെ നേരത്തെ പോകേണ്ടതല്ലേ. അപ്പോൾ ഹാപ്പി ജേർണി മഹി.. എത്തീട്ടു മെസ്സേജ് അയക്കു ട്ടോ.. അമ്മയോട് എന്റെ അന്വേഷണം സ്പെഷ്യൽ ആയി പറയണം..”

അത്രയും പറഞ്ഞു രേവതി അവനു ഷെയ്ക് ഹാൻഡ് കൊടുത്തു. ഹരിയും. അത്രയും പറഞ്ഞു രേവതിയും ഹരിയും ഇറങ്ങി തുടങ്ങി.

” എന്തായാലും വിളിക്കാം ഞാൻ. അപ്പോൾ ഗുഡ് നൈറ്റ്‌ ചേച്ചി. സൂക്ഷിച്ചു പൊയ്ക്കോളൂ..” അവരെ യാത്രയാക്കി മഹി റൂമിൽ വന്നു പാക്കിങ് തുടങ്ങി. എല്ലാം തീർത്തു ഭക്ഷണവും കഴിച്ചു ക്ലോക്ക് നോക്കിയപ്പോൾ സമയം 12 മണി. ഹോ. എത്ര പെട്ടെന്നാ സമയം പോയത്. മഹി 3 മണിക് എണീക്കാൻ അലാറം വെച്ചു ബെഡിലേക്കു ചാഞ്ഞതും അങ്ങിനെ ഉറങ്ങി പോയി.

3 മണിക് അലാറം അടിച്ചു. എല്ലാം റെഡി ആക്കി. അപ്പോളേക്കും രോഹൻ വന്നു. 3.35 നു അവർ ഇറങ്ങി. എയർപോർട്ടിലേക്കു 5 കിലോ മീറ്റർ ഉള്ളു. 4 മണി ആയപ്പോളേക്കും എയർപോർട്ട് എത്തി.

പുലർച്ചെ ആതുകൊണ്ട് തിരക്കു കുറവായിരുന്നു. എമിഗ്രേഷൻ എല്ലാം കഴിഞ്ഞു മഹി ഫ്ലൈറ്റിൽ കേറി. അപ്പോളാണ് അമ്മയുടെ മെസ്സേജ് ഓർമ വന്നത്. എയർ ഹോസ്റ്റസ് വന്നു ഫോൺ ഓഫാക്കാൻ പറയുമ്പോളേക്കും മഹി ഇന്റർനെറ്റ് ഓണാക്കി.

തൊട്ടടുത്തൂടെ ഫ്ലൈറ്റിലേക്കു ഉള്ളവർ സീറ്റ്‌ തിരഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. മഹിയുടെ സീറ്റ്‌ വിൻഡോ സീറ്റിന്റെ അടുത്തുള്ള മിഡിൽ സീറ്റാണ്. ഫോണിൽ അമ്മ അയച്ച കുട്ടിയുടെ ഫോട്ടോ ഡൗൺലോങ്ങിൽ പിങ്ക് ടോപ്പും നീല ബോട്ടവുമുള്ള എന്തോ ടൈപ്പ് ഒരു ഡ്രസ്സ് ആണതെന്നു മഹിക്ക് മനസ്സിലായി.

ഹോ.. ഈ എയർ ഇന്ത്യയിൽ മൊബൈൽ ചാർജിങ്ങ് പോർട്ടും ഇല്ലല്ലോ എന്ന സത്യം മഹി ഓർത്തു. ഫോട്ടോ മുഴുവൻ ഡൌൺലോഡായി കൊണ്ടിരിക്കുമ്പോൾ മഹിയുടെ തോളിൽ തട്ടി സുന്ദരിയായ ഒരു പെൺകുട്ടി ചോദിച്ചു.

“എസ്ക്യൂസ്‌ മി.. ഒന്ന് അവിടേക്കു ഇരുന്നോട്ടെ. ആ വിൻഡോ സീറ്റ്‌ എന്റേതാണ്…” മഹി ആ കുട്ടിയുടെ മുഖത്തേക്കും ഫോണിലേക്കും ഒന്നൂടി അത്ഭുതത്തോടെ നോക്കി. കാരണം ആ കുട്ടി അണിഞ്ഞിരുന്നത് പിങ്ക് ടോപ്പും നീല ജീൻസുമായിരുന്നു.

മഹി അല്പം മാറി കൊടുത്തു. ആ പെൺകുട്ടി വിൻഡോ സീറ്റിലേക്ക് ഇരുന്നു. ഫോണിലേക്കു ഫോട്ടോ മുഴുവൻ ഡൌൺലോഡ് ആയൊന്നു നോക്കിയപ്പോളേക്കും ഫോൺ വീണ്ടും ഓഫ്‌ ആയിട്ടുണ്ടായിരുന്നു. എയർ പോർട്ടിൽ വെച്ചു കൂട്ടുകാരെ വിളിച്ചു യാത്ര പറയുന്ന തിരക്കിൽ നെറ്റ് ഓണാക്കി അമ്മയുടെ മെസ്സേജ് തുറന്നു നോക്കാതിരുന്ന നിമിഷത്തെ മഹിയപ്പോൾ ശപിച്ചു.

അപ്പോൾ എയർ ഹോസ്റ്റസ് വന്നു എല്ലാവരോടും ഫോൺ ഓഫ് ചെയ്ത് സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പറഞ്ഞു.

“ഒരു മിനിറ്റ് മാഡം.. ഞാൻ ഹാൻഡ് ബാഗിൽ നിന്നും പവർ ബാങ്ക് ഒന്ന് എടുത്തോട്ടെ..?”
മഹി എയർ ഹോസ്റ്റസിനോടായി പറഞ്ഞു.
എന്നിട്ടു ക്യാബിൻ ബാഗേജിൽ നിന്നും പവർ ബാങ്ക് എടുത്തു ഫോൺ ചാർജിൽ ഇട്ടു. അതിനു ശേഷം രണ്ടു പേരും സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നു . അടുത്ത ഏതാനും മിനിറ്റുകൾക്കു ശേഷം എയർ ഇന്ത്യ വിമാനം അവരെയും കൊണ്ട് ആകാശത്തേക്ക് ഉയർന്നു പൊങ്ങി.

മഹിക്ക് അവളോടെങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നൊരു എത്തും പിടിയും കിട്ടിയില്ല. എന്നാലും വെറുതെ ഒരു വിഷയത്തിനായി തുടക്കമിട്ടു.
ഒരു ചെറു പുഞ്ചിരിയോടെ “ഹായ്” പറഞ്ഞു.
ആ കുട്ടിയും തിരിച്ചൊരു “ഹായ്” പറഞ്ഞു
മഹി: ഫ്ലൈറ്റൊരു പത്തു മിനിറ്റ് ലേറ്റായാണോ ടേക്ക് ഓഫ്‌ ചെയ്തേ.?

“ആഹ്.. അതേയെന്നു തോന്നുന്നു.” അവൾ മറുപടി പറഞ്ഞു.

മഹി: എന്താ പേര്.? .

“വാമിക..!” അവൾ പേര് പറഞ്ഞു.

മഹി: ദുബായിൽ തന്നെയാണോ ജോലി ചെയ്യുന്നേ.?

വാമിക: അതെ.. ഞാൻ ഒരു മണി എക്സ്ചേഞ്ചിന്റെ ഓഫിസിൽ അക്കൗണ്ടന്റ് ആണ്.

മഹി: നാട്ടിൽ എവിടെയാ.?

വാമിക: തൃശ്ശൂർ. അവൾ മറുപടി പറഞ്ഞു.

മഹി: അതെയോ.. ഞാൻ എറണാകുളമാണ് കേട്ടോ..

മഹിയുടെ ആ മറുപടിയിൽ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എന്നിട്ടു ഇയർ ഫോൺ ചെവിയിൽ വെച്ചു കണ്ണടച്ച് പാട്ട് കേൾക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞു എയർ ഹോസ്റ്റസ് പ്രഭാത ഭക്ഷണവുമായി അവരുടെ അടുത്തേക്ക് വന്നു. മഹി രണ്ടു പേർക്കുമുള്ള ഭക്ഷണം വാങ്ങി അവളെ തട്ടി വിളിച്ചു. അവൾ ഒരു മയക്കത്തിൽ നിന്നെന്ന പോലെ ഉണർന്നു ഭക്ഷണം വാങ്ങി മഹിയോട് താങ്ക്സ് പറഞ്ഞു.

മഹി: നാട്ടിൽ എത്ര ദിവസമുണ്ട്.?”

“ഒരു മാസം തികച്ചുള്ളൂ..” അവൾ പറഞ്ഞു.

മഹി: ദുബായിൽ വന്നിട്ടു കുറേ ആയോ.?”

“അഞ്ചു വർഷമായി. ഗൾഫിൽ നിൽക്കാൻ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ചേച്ചിയും ഭർത്താവും ഇവിടെ ദുബായിയിൽ സെറ്റ്റിൽഡാണ്. ഒരിക്കൽ ഞാൻ ചേച്ചിടെ അടുത്തേക്ക് വിസിറ്റിംഗിന് വന്നതായിരുന്നു.

വന്ന സമയത്തൊരു ജോലി ഒഴിവ് കണ്ടപ്പോൾ വെറുതെ അപ്ലൈ ചെയ്തു നോക്കീതാ. ആ ജോലി കിട്ടി. പിന്നെ ദിർഹം കയ്യിൽ കിട്ടി സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം തീർന്നു തുടങ്ങിയാൽ നാട്ടിലേക്കൊരു തിരിച്ചു പോക്ക് പ്രവാസികൾക്ക് ബുദ്ധിമുട്ടല്ലേ. ചേട്ടനും നന്നായി അറിയുമായിരിക്കും അത്. അങ്ങിനെയല്ലേ.?”

അവൾ മഹിയോടായി ചോദിച്ചു.
“അതെ. ചിലരുടെ ജീവിതത്തിൽ ശരിയാണ്.!” മഹിയതിനെ ശരി വെച്ചു കൊണ്ട് പറഞ്ഞു.

ചേട്ടന്റെ പേര് പറഞ്ഞില്ല..? അവൾ ചോദിച്ചു.
“മഹിഷ്വിൻ. മഹി എന്ന് എല്ലാവരും വിളിക്കും. ദുബായിൽ ഒരു യൂറോപ്യൻ കമ്പനിയുടെ ഓഡിറ്ററായി ജോലി ചെയ്യുന്നു”.

അത്രയും പറഞ്ഞു അവർ ഭക്ഷണം കഴിച്ചു തുടങ്ങി. അവളുടെ നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും ഇല്ലെന്ന കാര്യം മഹി അതിനിടക്ക് ശ്രദ്ധിച്ചു. ഇനി ന്യൂ ജനറേഷൻ ആണേൽ അതും മനസിലാവില്ല. എന്തായാലും അതൊന്നു ചോദിക്കാമെന്നു മനസിലുറപ്പിച്ചു.

പവർ ബാങ്കിലെ ചാർജിൽ നിന്നും ഫോൺ അപ്പോളേക്കും സ്വിച്ച് ഓണായിരുന്നു. ഇനി ഈ ആകാശത്തു വെച്ചു നെറ്റ് ഓണാക്കിട്ടു കാര്യമില്ല. കൊച്ചിയെത്തട്ടെ. ഫോട്ടോ ശരിക്കൊന്നു നോക്കണം. ഇപ്പോളും മുഴുവൻ കണ്ടിട്ടില്ലല്ലോ.

മിനിഞ്ഞാന്ന് സുഹൃത്ത് അലിയെ വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു “മഹിയേട്ടാ.. നിങ്ങൾ ആപ്പിളിന്റെ സർവീസ് സെന്ററിൽ കൊടുത്താൽ ഫോൺ അപ്പോൾ തന്നെ ചിലപ്പോൾ കിട്ടൂല,

പോകാൻ നേരത്തേക്കു അതിന്റെ പിന്നാലെ ഓടി നടക്കേണ്ടി വരും, നിങ്ങൾ നമ്മളെ മൊബൈൽ ഷോപ്പിലേക്ക് തന്നേക്കൂ. ഏത് ഐ ഫോണിന്റെ ബാറ്ററിയും വേഗം മാറ്റി തരാമെന്ന്”
അപ്പോൾ ഒന്നിനും സമയമില്ലായിരുന്നു. നാട്ടിൽ പോകാനായാൽ അങ്ങിനെ തന്നെയാണല്ലോ.

ഓഫിസിലെ പണികൾ ഹാൻഡ് ഓവർ ചെയ്യാനും ഷോപ്പിങ്ങിനും എല്ലാരോടും യാത്ര പറയാനും തുടങ്ങിയാൽ പിന്നെ സമയം പോണത് സൂപ്പർ ഫാസ്റ്റു പോലെയാണ്.

ആ സമയത്തു പെട്ടെന്ന് തീരുമാനിച്ചതാണ് ഇനി ഒരൊറ്റ ദിവസം കൂടിയല്ലേയുള്ളു ഇവിടെ. നാളെ നാട്ടിൽ എത്തീട്ടു ഫോൺ ശരിയാക്കാമെന്ന്. ആ തീരുമാനം ഇങ്ങിനെയൊരു രീതിയിൽ പണി തരുമെന്ന് ഒട്ടും ചിന്തിച്ചില്ല.

രണ്ടു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് കോഫിയും കുടിച്ച കപ്പ്‌ എയർ ഹോസ്റ്റസിനെ തിരിച്ചേല്പിക്കുമ്പോൾ മഹി ചോദിച്ചു.
“വാമിക മാരീഡ് ആണോ.?”

“അല്ല. വീട്ടിൽ നോക്കുന്നുണ്ട്. ഏതൊക്കെയോ പ്രൊപോസൽ അവിടുന്നും ഇവിടുന്നുമൊക്കെ വരുന്നുണ്ട്. നാട്ടിൽ ചെന്നാലറിയാം കാര്യങ്ങൾ. എന്തേ..

എന്നെ കണ്ടിട്ടു ഒന്ന് കെട്ടിയതായി തോന്നുന്നുണ്ടോ.?” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ലാ.. എന്നാലും ചോദിച്ചതാ..!” മഹി മറുപടി പറഞ്ഞു.

“ചേട്ടനോ.?” അവളുടെ തിരിച്ചുള്ള ചോദ്യം വന്നു.
“ഇല്ലാ. പക്ഷെ ഒരു പ്രൊപോസൽ പെന്റിങ് ഉണ്ട്. കുട്ടിയുടെ ഫോട്ടോ അമ്മ അയച്ചു തന്നു. ഞാൻ മാത്രം കണ്ടിട്ടില്ല. ഫോൺ അപ്രതീക്ഷിതമായി പണി തന്നു. നാട്ടിൽ എത്തീട്ടു രണ്ടും തീരുമാനമാവും..”

മഹി പറഞ്ഞു.

“ഓക്കെ.. ഓക്കെ.. എന്തായാലും ഓൾ ദി ബെസ്റ്റ് കേട്ടോ..!” അവൾ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.

“വാമിക നന്നായി സംസാരിക്കുന്ന ആളാണല്ലേ.?” മഹി അതിശയത്തോടെ ചോദിച്ചു.

“വേഗം മനസിലായല്ലേ..? സത്യം പറയാലോ ചേട്ടാ.. ഞാൻ ഭയങ്കര കത്തിയടിയാ എന്ന് എന്റെ ചേച്ചി എപ്പോളും പറയും. പച്ചക്കു പറഞ്ഞാൽ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ കത്തി വെച്ചു കൊന്നു കയ്യിൽ കൊടുക്കും. അതാ എന്റെ രീതി. അപ്പോൾ ഏതാണ്ട് എന്നെ കുറിച്ചൊരു ഐഡിയ കിട്ടി കാണുമല്ലോ..? ഏത്.? അവൾ നിഷ്കളങ്കമായി പറഞ്ഞു.

“മനസിലായി. എന്റെ ഓഫിസിലുമുണ്ട് ഇത് പോലെ നന്നായി സംസാരിക്കുന്ന ഒരു പെൺകുട്ടി. വാമികയുടെ സംസാര ശൈലി കേട്ടപ്പോൾ അവളെയാ ആദ്യം ഓർമ വന്നേ. അതു കൊണ്ടാ ചോദിച്ചത്”.

“വാമിക കഥകൾ വായിക്കുമോ..? ഈ ചെറു കഥകളൊക്കെ. ഫേസ്ബുക്കിലൊക്കെ.?

മഹിയുടെ ചോദ്യം കേൾക്കേണ്ട താമസം ചാടി കേറി അവൾ പറഞ്ഞു.

” വായിക്കുമോ എന്നോ. ഞാനൊരു പുസ്തക പുഴുവാണ്. വായന എന്റെ ലോകമാണ്. മിക്ക നല്ല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചേട്ടൻ കഥകൾ എഴുതുമോ..?”

“എഴുതുമോ എന്നൊക്കെ ചോദിച്ചാൽ..!!! എഴുത്ത് ഒരുപാടിഷ്ടമാണ് .

മനസ്സിൽ എനിക്ക് തോന്നുന്നതൊക്കെ കുറിച്ചിടും. വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയുടയും കഥകൾ പോലെ നമ്മൾക്ക് ചുറ്റുമുള്ള ആളുകളും ചുറ്റും നടക്കുന്ന സംഭവങ്ങളുമാണ് എന്റെ കഥയിലെ കഥാപാത്രങ്ങളും തിരക്കഥയും.

എന്റെ അടുത്ത കഥ വാമികയുമൊത്തുള്ള ഇന്നത്തെ ഈ യാത്രയാണ്. എന്നിട്ടു തൂലിക ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യും.” എന്താ അങ്ങിനെ ചെയ്യുന്നതിൽ അഭിപ്രായം.?”

“ഓഹ്. ആയിക്കോട്ടെ. കഥ ഇട്ടാൽ ലിങ്ക് അയക്കണേ. എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ഗ്രൂപ്പിൽ ആഡ് ആക്കിയാൽ മതി. “വാമിക മാധവ്”. അതാണ്‌ ഫേസ്ബുക്കിലെ പേര്. ചേട്ടന്റേത് തന്നെയല്ലേ ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്.” അവൾ ചോദിച്ചു.

“അതെ. എന്റെ തന്നെയാണ് പ്രൊഫൈൽ ഫോട്ടോ. ഗ്രൂപ്പിൽ ചേർത്ത് കഥയിൽ ഞാൻ മെൻഷൻ ചെയ്‌തേക്കാം എന്തായാലും.” മഹി മറുപടി കൊടുത്തു.

ആ സംസാരം അങ്ങിനെ ആകാശത്തു വെച്ചു നീണ്ടു നീണ്ടു പോയി. ജോലിയെയും ഗൾഫ് ജീവിതത്തെ കുറിച്ചുമെല്ലാം. പക്ഷെ അപ്പോളൊന്നും മഹി നീല ഡ്രസ്സ്‌ ഇട്ട കുട്ടിയുടെ ഫോട്ടോയെ കുറിച്ച് മാത്രം അവളോട്‌ പറഞ്ഞില്ല. അമ്മ തനിക്കായി കണ്ടു വെച്ച കുട്ടി വാമിക തന്നെയായിരിക്കുമെന്നു മഹി മനസ്സിൽ ഉറപ്പിച്ചു.

സമയം ആരെയും കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടേയിരുന്നു. ഫ്ലൈറ്റ് കൊച്ചി എയർപോർട്ടിലേക്കു ലാൻഡ് ചെയാൻ തയാറെടുപ്പുകളെടുത്തു തുടങ്ങി.

ഒരു പക്ഷെ ഫോട്ടോയിൽ വാമിക തന്നെയാണെങ്കിൽ അവളെ പെണ്ണ് കാണാൻ പോകുമ്പോൾ അവളോട്‌ ആദ്യമേ അമ്മ ഫോട്ടോ അയച്ചു തന്ന കാര്യവും അവൾ തന്നെയാണ് തനിക്കു പറഞ്ഞു വെച്ച പെൺകുട്ടി എന്നു ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു എന്നും പറഞ്ഞൊരു സസ്പെൻസ് കൊടുക്കാം.

ഒരു ത്രില്ല് ആയിക്കോട്ടെ. അവളും ഞെട്ടും. മഹി കണക്കുകൾ ഓരോന്നായി കൂട്ടി. കൂടെ ആ യാത്രയെ കുറിച്ച് മൊബൈലിലെ നോട്ട് പാഡിൽ എഴുതി തുടങ്ങി “ഓഫീസിൽ നല്ല തിരക്കിട്ട പണികൾക്കിടയിലാണ് അമ്മയുടെ മിസ്കാൾ കണ്ടത്……….”

വാമികയെ മനസ്സിൽ കണ്ട് മഹി ഭാവി സ്വപ്നങ്ങൾ നെയ്തു കൂട്ടുമ്പോൾ അവരുടെ മൂന്ന് സീറ്റുകൾക്ക് പിന്നിലിരുന്ന് ഈ നടക്കുന്ന കഥകൾ ഒന്നുമറിയാതെ പിങ്ക് ടോപ്പും നീല ബോട്ടവുമുള്ള ഡ്രസ്സിട്ട മറ്റൊരു പെൺകുട്ടി തനിക്കു വേണ്ടി

വീട്ടുകാർ കണ്ടു വെച്ച താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മഹിഷ്വിൻ എന്ന ദുബായിക്കാരന്റെ മുന്നിൽ ഞായറാഴ്ച അണിഞ്ഞൊരുങ്ങി ചായ കൊടുക്കൽ ചടങ്ങിനെ കുറിച്ച് സ്വപ്നം കാണുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *