(രചന: രുദ്ര)
അല്ല അമ്മൂട്ടാ ഇതിപ്പോ ഒരാഴ്ചതേക്കുള്ള പോക്കാണോ അതോ എന്നെ പറ്റിച്ചു കുറച്ചു ദിവസം കൂടി നീട്ടാനുള്ള വല്ല പരിപാടിയും ഇണ്ടോ ….?
തുണികൾ ഓരോന്നായി മടക്കി ബാഗിലേക്ക് വെയ്ക്കുന്ന അമൃതയുടെ തൊട്ടരികിലായി ഇരുന്നു കൊണ്ട് ജിതിൻ കളിയാക്കി.
അതെന്താ ജിത്തുഏട്ടാ…ഞാൻ അമേരിക്കേലോട്ടൊന്നും അല്ലല്ലോ പോണേ എന്റെ വീട്ടിലേക്കല്ലേ ??
ചുണ്ട് കോറി കൊണ്ട് അവൾ പരിഭവം നടിച്ചു.
ആഹ് അത് തന്നെയാ എന്റേം വിഷമം.. അമേരിക്കലോട്ടെങ്ങാൻ പോകുവാണേൽ എനിക്കങ്ങനെ എങ്കിലും ആശ്വസികാം.
ഇതിപ്പോ സ്വന്തം കുടുംബത്തിലോട്ട് കേറി ചെന്ന് അമ്മേനേം ആങ്ങളമാരേം കിട്ടി കഴിയുമ്പോ പെണ്ണ് എന്നെ മറക്കില്ലെന്ന് ആര് കണ്ട്.
അങ്ങനെ ആണേൽ കണക്കായി പോയി… കെട്ടി കൊണ്ട് വന്നിട്ട് മാസം എട്ടായി എന്നിട്ട് ഞാനെപ്പോ ന്റെ വീട്ടി പോയി നിന്നാലും സെന്റിമെന്റ്സ് അടിച്ചു വീഴ്ത്തി പിറ്റേ ദിവസം എന്നെ ഇവിടെ കൊണ്ടെത്തിക്കില്ലേ മനുഷ്യ നിങ്ങള്..
നിങ്ങളിവിടെ ഊണ് കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ എന്ന് ഓർത്തിരിക്കുമ്പോ എനിക്കവിടെ നിന്നാൽ നില്പ്പ് ഉറക്കില്ല.
അത് എനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേടി.. ഇക്കാലത്ത് എന്നെ പോലൊരാളെ ഭർത്താവായി കിട്ടാൻ നീ പുണ്യം ചെയ്യണം.
അവളെ ഇടം കണ്ണിട്ട് നോക്കി കള്ള ചിരി ചിരിച്ചാണ് അവനത് പറഞ്ഞത്…
ദേ ജിത്തുവേട്ട ഇക്കുറി എന്ത് നമ്പർ ഇറക്കീട്ടും കാര്യമില്ല കേട്ടല്ലോ . ആകപ്പാടെ എനിക്കുള്ളോരനിയന്റെ കല്യാണമാ…. വേറെ ഏതെങ്കിലും ചേച്ചിമാർ ആണേൽ രണ്ടാഴ്ച മുന്നേ അവിടെ കാണുമായിരുന്നു..
ഇതിപ്പോ ഞാൻ ഇത്രേം വൈകിയത് നിങ്ങൾ ഒരാളുടെ കാര്യമോർത്താ…എന്നെ പോലൊരു പെണ്ണിനെ കിട്ടിയത് ഇങ്ങേര് ഇതെന്ത് പുണ്യം ചെയ്തിട്ടാണാവോ ന്റെ ഗുരുവായൂരപ്പാ…
തലയിൽ കൈ വെച്ച് കൊണ്ട് അമൃത തിരിച്ചടിച്ചപ്പോൾ ജിതിൻ മൗനം പാലിച്ചു.
അതെ അമ്മുട്ടാ… നിന്നെ പോലൊരു പെണ്ണിനെ കിട്ടിയത് ഞാൻ ഏതോ ജന്മത്തിൽ ചെയ്ത പുണ്യം തന്നെയാ… അല്ലെങ്കിലും ഈ ലോകത്ത് ആരോരും ഇല്ലാതെ അനാഥനായ എന്നെപ്പോലൊരാളെ സ്നേഹിക്കാൻ ആര് വരാനാ… ആരും വരില്ല.
ഏതോ ഒരു നിമിഷത്തിൽ തോന്നിപോയ ഇഷ്ടത്തിന്റെ പേരിൽ നീയിപ്പോ ഒരുപാട് സഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. നിനക്ക് സ്നേഹിക്കാൻ എല്ലാരും ഉണ്ട്.അച്ഛൻ, അമ്മ, ഏട്ടൻ, ഏടത്തി, അനിയൻ എല്ലാരും പക്ഷെ എനിക്ക്…
എനിക്കീ ലോകത്തിൽ സ്വന്തം എന്ന് പറയാൻ നീ മാത്രമേയുള്ളു അത് കൊണ്ടാ ഞാനിടക്ക് സ്വാർത്ഥൻ ആയി പോകുന്നെ. സോറി.
മാസങ്ങളായി അമൃതയെ വരുതിക്ക് കൊണ്ട് വരുന്ന ഈ ഡയലോഗിൽ അവൾ വീണിരിക്കും എന്ന ജിതിന്റെ വിശ്വാസം തെറ്റിയില്ല.
അത്ര നേരം സൂര്യതേജസിൽ പ്രസന്നമായിരുന്ന അവളുടെ മുഖം അമാവാസി നാളിലെ ചന്ദ്രനെ പോലെ അപ്രത്യക്ഷമായത് അവൻ ശ്രദ്ധിച്ചു. തിളങ്ങി നിന്നിരുന്ന മിഴികൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.
എന്തിനാ ജിത്തുവേട്ട എന്നെ ഇങ്ങനെ ധർമസങ്കടത്തിൽ ആക്കണേ.. ആരും ഇല്ലാത്തവൻ എന്ന സിംപതിയുടെ പേരിലാണോ ഞാൻ ജിത്തുവേട്ടനെ സ്നേഹിച്ചത്?
ഇന്നേവരെ ജിത്തുവേട്ടന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകും വിധം ഞാൻ എന്തെകിലും പറഞ്ഞിട്ടുണ്ടോ, പെരുമാറീട്ടുണ്ടോ? പറ.. ജിത്തുവേട്ടന് ലീവ് കിട്ടാത്തൊണ്ടല്ലേ ഞാൻ തനിച്ചാക്കി പോണേ.. അല്ലാതെ എനിക്കിഷ്ടം ണ്ടായിട്ടാണ് ന്നാണോ കരുതി വെച്ചേക്കണേ…
അങ്ങനെ ആണേൽ ഞാൻ പോണില്ല. ജിത്തുവേട്ടനെ വിഷമിപ്പിച്ചിട്ട് ഞാൻ പോണില്ല അപ്പൂനെ വിളിച്ചു ഞാൻ പറഞ്ഞോളാം.
അപ്പോഴേക്കും നിറഞ്ഞു തുളുമ്പിയ കണ്ണീർ അണപൊട്ടി ഒഴുകാൻ തുടങ്ങി.
അയ്യേ… എടി പൊട്ടി പെണ്ണെ… എന്തൊക്കെ പറഞ്ഞാലും ഇളകില്ലെന്ന് വെല്ലു വിളിച്ച നിന്റെ മനസൊന്നു ഇളക്കാൻ പറ്റുമോന്ന് നോക്കിയതില്ലേ ഞാൻ.. അപ്പൊ എന്റെ പെണ്ണിന് സ്നേഹം ഉണ്ട്.
തന്റെ മുഖം കൈകുമ്പിളിൽ കോരിയെടുക്കാൻ വന്ന ജിതിന്റെ കൈ അവൾ തട്ടി മാറ്റി.
പോ അവിടുന്ന്. ജിത്തുവേട്ടന് എല്ലാം തമാശയാ… വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുമ്പോ അത് കേട്ട് നിക്കുന്നവരുടെ മാനസികാവസ്ഥ കൂടി ഇടക്കൊന്നു മനസിലാക്കിക്കൂടെ..
ഇല്ല നിർത്തി… ഇനി മേലാൽ ഞാൻ ഈ വർത്താനം പറയില്ല. സത്യം .
അല്ലേലും എന്നെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യാനും സ്നേഹിക്കാനും എന്റെ സ്നേഹനിധിയായ ഭാര്യ ഉള്ളപ്പോ ഞാൻ എങ്ങനെ ഒറ്റക്കാവനാ…
ആ എടി പിന്നെ… എന്റെ പുന്നാര അളിയന്മാരോട് കുപ്പിയൊക്കെ മാറ്റി വെക്കാൻ പറഞ്ഞേക്കണേ… അതോ ഞാൻ വരുമ്പോഴേക്കും എല്ലാം കാലിയക്കോ അവന്മാര്?
ഓ പിന്നെ… നിങ്ങടെ കുപ്പി കണക്ക് പറയാൻ ആണല്ലോ ഞാനങ്ങോട്ടേക്ക് പോണേ… അതൊക്കെ അളിയന്മാരോട് തന്നെ വിളിച്ച് നേരിട്ടങ് പറഞ്ഞാൽ മതി..
പെട്ടിയെല്ലാം റെഡിയാക്കി ഒരു സൈഡിലേക്ക് വെച്ചവൾ അവന്റെ അരികത്തായി വന്നിരുന്നു.
ഹ്മ്മ്… അല്ലെങ്കിലും ഞാൻ ഒരു അനാ…….
ദേ ജിത്തുവേട്ട ഇനി ആ വാക്ക് പറഞ്ഞാൽ ഉണ്ടല്ലോ ഭർത്താവ് ആണെന്നൊന്നും ഞാൻ നോക്കില്ല സത്യായിട്ടും ഞാൻ അടിക്കും.
സംസാരിക്കാൻ അനുവദിക്കാതെ വായ് പൊത്തി പിടിച്ചവൾ ദേഷ്യപ്പെട്ടപ്പോൾ അവനു ചിരിയടക്കാൻ കഴിഞ്ഞില്ല. ഇത്തിരി നേരം കൂടി കഴിഞ്ഞാൽ ഞാൻ ശ്വാസം മുട്ടി ചത്തു പോയേനെ… നിനക്കെന്നോട് എന്തേലും വൈരാഗ്യം ഉണ്ടോടി…
ആ ഉണ്ട്. വെറുതേ ഇരിക്കുന്ന എന്നെ സൈക്കോ ആക്കുന്നതെ ജിത്തുവേട്ടനാ.. അപ്പൊ അനുഭവിച്ചോ….
ജിത്തുവേട്ട…. തലേന്ന് നേരത്തെ തന്നെ അങ്ങ് എത്തിയേക്കണേ… ലീവ് കിട്ടില്ലെന്ന് അറിഞ്ഞപ്പോ അപ്പൂന് നല്ല വിഷമായിട്ടുണ്ട് .അവനത് കാണിക്കാഞ്ഞത. അവർക്ക് ആകെക്കൂടി ഉള്ളൊരു അളിയനല്ലേ…
അളിയന്റെ വിഷമമൊക്കെ ഞാൻ അവിടെ വന്നിട്ട് മാറ്റിക്കോളാം.. അതോർത്തു എന്റെ സഹധർമിണി ടെൻഷൻ ആവേണ്ട..
പിന്നെ ജിത്തുവേട്ട..
ആഹ് മതി മതി ബാക്കി ഞാൻ പറയാം.
എന്നും നേരത്തെ വീട്ടിൽ വരണം. ആഹാരം നന്നായി കഴിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. വിഷമിക്കാതെ ഇരിക്കണം… എന്നൊക്കെയല്ലേ… എന്റെ അമ്മൂട്ട ഇതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടേൽ പറ.
തത്കാലം എനിക്ക് ഇത് തന്നേ പറയാൻ ഉള്ളൂ… എല്ലാം കാണാ പാഠം പഠിച്ചു വെച്ചാൽ പോരാ അനുസരിക്കണം.
പരിഭവം നടിച്ചിരുന്ന അവളെ ചേർത്ത് പിടിച്ചവൻ തുടർന്നു.
അമ്മുട്ട… ഇനി കുറച്ചു ദിവസം കഴിഞ്ഞല്ലേ നമ്മൾ കാണൂ.. അതുകൊണ്ട്..
അത് കൊണ്ട്??? എന്താ മോന്റെ ഉദ്ദേശ്യം?
നീയിങ്ങോട്ട് കിടക്ക് ഞാൻ പറയാം…
അതുംപറഞ്ഞു ബെഡിലേക്ക് വലിച്ചിട്ടതും അവൾ കുതറി മാറി.
അയ്യടാ… മോനേ ജിത്തുവേട്ട എനിക്കപ്പോഴേ തോന്നി ഇതിനാണെന്ന് … ഈ ഒരു ചിന്തയെ ഉള്ളൂ എപ്പോഴും ..കളിക്കാതെ എണീറ്റു പോയെ അവിടുന്ന്.
കയ്യിൽ നിന്ന് പിടിവിട്ട അവളെ അവൻ വീണ്ടും കട്ടിലിലേക്ക് വലിച്ചിട്ട് തന്റെ നെഞ്ചോടടുപ്പിച്ചു.അവളുടെ തല നെഞ്ചിൽ അമർത്തി കൊണ്ട് മുടിയിഴകളിലൂടെ മെല്ലെ തഴുകി.
അതിശയത്തോടെ അവൾ മെല്ലെ തലയുയർത്തി നോക്കി.
അമ്മുട്ടാ… എന്റെ ബീജങ്ങളെ ഉറക്കാൻ ഉള്ള തൊട്ടിൽ മാത്രമല്ല പെണ്ണെ നിന്റെ ശരീരം.. എന്റെ സ്നേഹവും സംരക്ഷണവും കൂടി ഏറ്റുവാങ്ങാൻ ഉള്ളതാ…
നിനക്ക് ഇങ്ങനെ എന്റെ നെഞ്ചിൽ കിടക്കുന്നത് അല്ലെ ഏറ്റവും ഇഷ്ടം. ഇനി കുറച്ചു നാളുകൾ കഴിയണ്ടേ അതിനു? മതിവരുവോളം കിടന്നിട്ട് പൊയ്ക്കോ…
അവളറിയാതെ തന്നെ അടർന്നു വീണ മിഴിനീർ തുള്ളി തന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നത് അവനറിഞ്ഞു.
അല്ല അമ്മൂട്ട ഞാൻ വിളിച്ചപ്പോ ശരിക്കും നീ എന്തിനാണെന്ന കരുതിയെ??
അതും പറഞ്ഞു ഒളി കണ്ണോടെ അവൻ അവളെ നോക്കി.
പോ ജിത്തുവേട്ട.. ഞാൻ ഒന്നും കരുതിയില്ല.
നെഞ്ചിൽ ഒന്ന് നുള്ളി കൊണ്ട് ചെറിയ ചമ്മലോടെ അവൾ വീണ്ടും മുഖം അവന്റെ നെഞ്ചിൽ ചേർത്തു വെച്ചങ്ങനെ കിടന്നു.