”ഛെ! ഒന്നിനും കൊള്ളാത്തവൻ ‘ ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.

(രചന: Saji Thaiparambu)

”ഛെ! ഒന്നിനും കൊള്ളാത്തവൻ ‘

ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.

ആ വാക്കുകൾ കൂരമ്പായി നെഞ്ചിലേക്കേറ്റു വാങ്ങുമ്പോൾ, അപകർഷതാബോധം കൊണ്ടയാൾ പിടഞ്ഞു.

“ആ കുട്ടികൾ നിങ്ങളുടെത് തന്നെയാണോന്നാ എനിക്കിപ്പോൾ സംശയം ”

തളർന്ന് പോയ മനസ്സിനകത്ത് ചൂണ്ട കൊളുത്തി വലിക്കുന്ന വേദന പിന്നെയും അനുഭവപ്പെട്ടു.

അവൾ പറഞ്ഞത് ശരിയാണ്, അവളിലേക്കടുക്കുമ്പോൾ തന്റെ സഫ്രീനയുടെ, ചേതനയറ്റ ശരീരമാണ് മനസ്സിൽ തെളിഞ്ഞ് വരുന്നത്.

ഒപ്പം, തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളും.

അക്കാലത്തൊക്കെ എപ്പോഴും അവൾ പറയുമായിരുന്നു.

“ദേ.. ഞാനെങ്ങാനും മരിച്ചാൽ നിങ്ങള് വേറെ പെണ്ണ് കെട്ടിയേക്കരുത്,
എനിക്കത് സഹിക്കാൻ കഴിയില്ല, നിങ്ങളുടെ ജീവിതത്തിൽ ഞാനല്ലാതെ മറ്റൊരു പെണ്ണും കടന്ന് വരുന്നത് എനിക്കിഷ്ടമല്ലെന്ന് ”

അപ്പോഴൊക്കെതന്റെ കാര്യത്തിൽ അവൾ ശരിക്കും സ്വാർത്ഥ മതിയാകുമായിരുന്നു.

പിന്നീട് രണ്ട് മക്കളുണ്ടായതിന് ശേഷം അവളുടെ സ്നേഹം പങ്ക് വച്ച് പോയെങ്കിലും, ഇടയ്ക്കിടെ, ഇക്കാര്യം തന്നോട് ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു.

ആ സന്തുഷ്ട ജീവിതത്തിന് കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ,ക്യാൻസർ എന്ന മാരക രോഗം അവളെ പിടികൂടിയത്.

തനിക്കിനി ആയുസ്സ് അധികമില്ല എന്ന് ബോധ്യമായപ്പോൾ, പറക്കമുറ്റാത്ത രണ്ട് കുട്ടികളെ കുറിച്ചായിരുന്നു അവളുടെ ആശങ്ക.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവൾ തന്നോട് അവസാനമായി ഒരാഗ്രഹം പ്രകടിപ്പിച്ചു.

അവൾ, ഇല്ലാതായാൽ തന്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വളർത്താൻ തനിക്കൊറ്റയ്ക്കാവില്ലെന്നും
അത് കൊണ്ട്, മറ്റൊരു വിവാഹം കഴിക്കാൻ താൻ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങേണ്ടി വരുമെന്നവൾ ആശങ്കപ്പെട്ടു.

താൻ പ്രോമിസ് ചെയ്തിട്ടും അവളുടെ ആശങ്ക ഒഴിഞ്ഞില്ല.

ഒടുവിൽ അവൾ തന്നെ ഒരു ഉപാധി മുന്നോട്ട് വച്ചു

അവളുടെ ഇളയ അനുജത്തിയെ താൻ നിക്കാഹ് ചെയ്യണമെന്ന്,
സഫ്രീന, ശയ്യാവലംബയായതിന് ശേഷം, അനുജത്തിയാണ് മക്കളെ പൊന്ന് പോലെ നോക്കുന്നത്,
അത് കൊണ്ട്, അവളെ തന്നെ വിവാഹം ചെയ്താൽ, തന്റെ മക്കളുടെ ജീവിതം സുരക്ഷിതമാകുമെന്ന് അവൾ വിശ്വസിച്ചു.

ഒടുവിൽ മരണാസന്നയായി കിടക്കുന്ന തന്റെ പ്രിയതമയുടെ ആഗ്രഹസാഫല്യത്തിനായി, അവളുടെ കണ്ണടയുന്നതിന് മുൻപ് തന്നെ അനുജത്തിയെഅവൾ, തന്റെ കൈയ്യിൽ പിടിച്ചേൽപിച്ചു.

അനുജത്തിക്കും വീട്ടുകാർക്കും പരിപൂർണ്ണ സമ്മതമായിരുന്നത് കൊണ്ട്, അന്ന്തനിക്ക് നിസ്സഹായനായി നില്ക്കാനെ കഴിഞ്ഞുള്ളു.

സഫ്റീനയുടെ മരണശേഷം ,
ആദ്യത്തെ ആണ്ട് നടത്തിക്കഴിഞ്ഞപ്പോൾ, ബന്ധുക്കളെല്ലാം ചേർന്ന് ,വലിയ ആർഭാടമില്ലാതെ അനുജത്തിയുമായുള്ള നിക്കാഹ് നടത്തി തന്നു.

വിവാഹം കഴിഞ്ഞെങ്കിലും
തനിക്ക് സഫ്രീനയുടെ ഓർമ്മകളിൽ നിന്നും മുക്തി നേടാൻ കഴിയാതിരുന്നത് കൊണ്ട്, അനുജത്തി, ഷബാനയുടെ സങ്കല്പത്തിലുണ്ടായിരുന്ന ആദ്യരാത്രി എന്ന സ്വപ്നം സഫലമാകാതെ നീണ്ട് നീണ്ടു പോയി.

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ടാഴ്ചയായി.

ഷബാനയുടെ സ്നേഹപരിലാളനകളേറ്റിട്ടും തനിക്ക് ഉത്സാഹമുണ്ടാകുന്നില്ല എന്ന് ബോധ്യമായപ്പോഴാണ് അവൾ ഇത്രയും ക്ഷോഭിച്ചത്.

അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

ഏതൊരു പെണ്ണും, കല്യാണത്തിന് മുൻപ് നെയ്ത് കൂട്ടുന്ന സ്വപ്നങ്ങൾ സാക്ഷാത്കരികരിച്ച് കൊടുക്കേണ്ടത്, വിവാഹശേഷം ചുറുചുറുക്കുള്ള അവളുടെ ഭർത്താവാണ്.

അക്കാര്യത്തിൽ താൻ തികഞ്ഞ പരാജിതനാണ്.

ആദ്യ ഭാര്യയെ അത്രയേറെ സ്നേഹിച്ച് പോയ തനിക്ക്, ഇനി ഒരിക്കലും മറ്റൊരു സ്ത്രീയേയും ആ സ്ഥാനത്ത് കാണാൻ കഴിയില്ല.

തെറ്റ് തിരുത്തണം.

അയാൾ, കട്ടിലിൽ നിന്ന് എഴുന്നേറ്റ് കസേരയിൽ വന്നിരുന്നു.

“ഷബാന, നീ എന്നോട് ക്ഷമിക്കണം, നിനക്കറിയാമല്ലോ? നിന്റെ ഇത്തിയുടെയും വീട്ടുകാരുടെയും നിർബന്ധപ്രകാരമാണ്, ഞാൻ നിന്നെ നിക്കാഹ് ചെയ്തത്

പക്ഷേ, ഞാനെത്ര ശ്രമിച്ചിട്ടും നിന്റെ ഇത്തിയെ, എനിക്ക് മറക്കാൻ കഴിയുന്നില്ല,

ഷബാന..
അത് കൊണ്ട് നമുക്ക് പരി യാo ,നീ സുന്ദരിയാണ്, ചെറുപ്പമാണ് അത് കൊണ്ട് തന്നെ ,നിനക്ക് നല്ലൊരു ബന്ധം ഇനിയും കിട്ടും,
നാളെ നേരം വെളുക്കുമ്പോൾ ഞാൻ തന്നെ എല്ലാരോടും കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാം”

അയാൾ, അവൾക്ക് വാക്ക് കൊടുത്തു.

”വേണ്ട സൈഫിക്കാ , തെറ്റ് കാരി ഞാനാണ് ,എന്റെ പൊട്ട മനസ്സിൽ ഉണ്ടായ ചില മണ്ടത്തരങ്ങളാണ് ,എന്നെ കൊണ്ട് അങ്ങനൊക്കെ പറയിച്ചത്,

സൈഫിക്കായുടെ മാനസികാവസ്ഥ ഞാൻ മനസ്സിലാക്കിയില്ല. സൈഫിക്കായുടെ ഈ അളവറ്റ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ,എന്റെ സഫ്രീനാ ഇത്തി, എത്ര ഭാഗ്യവതിയാണ്,

ഞാൻ, കാത്തിരിക്കാൻ തയ്യാറാണ് സൈഫിക്കാ,
എന്നെങ്കിലും ഇക്കാടെ സ്നേഹം എനിക്ക് തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ, എത്ര കാലം വേണമെങ്കിലും അങ്ങയുടെ ഭാര്യയായി തന്നെ ജീവിക്കാൻ ഞാൻ തയ്യാറാണ്,

എന്റെ ഇത്തിയുടെ
മക്കളെയും താലോലിച്ച്, സൈഫിക്കാ കെട്ടിയ ഈ താലിമാലയും അണിഞ്ഞ് കൊണ്ട്, ഞാൻ ഇവിടെ തന്നെ ജീവിച്ചോളാം, എന്നെ ഉപേക്ഷിക്കല്ലേ സൈഫിക്കാ”

കസേരയിൽ ഇരുന്ന സൈഫിന്റെ കാൽമുട്ടുകളിൽ, മുഖം അമർത്തി വച്ച്, അവൾ തേങ്ങിക്കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *