(രചന: ശാലിനി)
തുലാ മഴ പുറത്ത് ശക്തമാകാൻ തുടങ്ങിയിരുന്നു. പുറത്തെ ഇരുട്ടിലൂടെ ചില്ല് ഗ്ലാസ്സ് തുളച്ചെത്തുന്ന മിന്നലും കാതടപ്പിക്കുന്ന ഇടിയുടെ മുഴക്കവും ! തന്റെ മനസ്സിന്റെ വിങ്ങൽ പ്രകൃതി പോലും തിരിച്ചറിഞ്ഞത് പോലെ..
ഗാഥ അരികിൽ കിടന്ന ഭർത്താവിനെ ഒളികണ്ണിട്ട് ഒന്ന് നോക്കി. പുറത്തും അകത്തും എന്തൊക്കെ ഭൂകമ്പം ഉണ്ടായാലും ഉറക്കം കളയാൻ ഇഷ്ടപ്പെടാത്ത ആൾ.
അല്ലെങ്കിലും പെട്ടെന്ന് ഉറങ്ങാൻ കഴിയുന്നവർ നിഷ്കളങ്കരാണെന്നു കേട്ടിട്ടുണ്ട്. അവർക്ക് ഒന്നിനെക്കുറിച്ചും വലിയ ടെൻഷൻ കാണില്ലത്രെ !
തനിക്ക് പിന്നെ എന്തെങ്കിലും ഒരു ചെറിയ കാര്യം മതിയല്ലോ ആഹാരവും, ഉറക്കവും ഒന്നുമില്ലാതെ എരിപൊരി സഞ്ചാരം കൊള്ളാൻ !
നാളെയാണ് ആ ദിവസം എന്നോർക്കുമ്പോൾ, ഉറങ്ങുവാനല്ല എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടിപ്പോകാനാണ് തോന്നുന്നത് !
കയ്യിൽ ഇരിക്കുന്ന നിധി തനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.
പക്ഷെ, അങ്ങനെ ഒരു ഒളിച്ചോട്ടത്തിന് തനിക്ക് കഴിയുമോ?
അത്രയും മനഃസാക്ഷി ഇല്ലാത്തവൾ ആണോ താൻ.. ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ ദൈവമേ !
വിവാഹം കഴിഞ്ഞ് വർഷം ആറു കഴിഞ്ഞിട്ടും പ്രതീക്ഷിച്ചത് ഒന്ന് മാത്രം സംഭവിക്കാത്തത്തിൽ ഏറെ നിരാശയായിരുന്നു താൻ.
ഓരോ മാസവും അണുവിട തെറ്റാത്ത തീയതിയിൽ ചോരക്കീറുകൾ ചാലിട്ട് ഒഴുകുമ്പോൾ കുത്തുവാക്കുകൾക്ക് മാത്രം
ഒരു പഞ്ഞവുമുണ്ടായിരുന്നില്ലല്ലോ.
ആരുടെയൊക്കെ വിമർശനങ്ങൾ കേട്ടാലും പ്രതികരിക്കാതിരിക്കാനാണ് സേതുവേട്ടൻ ഉപദേശിച്ചത്. അതായിരുന്നു ഒരാശ്വാസവും. എന്തിനും ഏതിനും കൂടെ നിൽക്കാൻ ഒരാളുള്ളത് മറ്റുള്ളവരെ ചില്ലറയല്ല ചൊടിപ്പിച്ചതും.
പക്ഷെ, സേതുവേട്ടൻ ഉപദേശിച്ചത് അനുസരിക്കാൻ കണ്ണുകൾ തയ്യാറായില്ല.
നിയന്ത്രണം വിട്ടു പായുന്ന രണ്ടരുവികൾ പോലെ അവ സദാ സമയവും തന്നോട് മത്സരിച്ചു കൊണ്ടിരുന്നു.
“ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നാൽ വല്ലതും നടക്കുമോ. ആർക്കാണ് കുഴപ്പം എന്ന് അറിയണ്ടായോ..?”
അമ്മയുടെ ചോദ്യം അനാവശ്യമല്ല എന്നറിയാം. എങ്കിലും ടെസ്റ്റുകൾ ഒരുപാട് നടത്തി. കുഴപ്പം ആണൊരുത്തനായാലും അത് സമ്മതിച്ചു തരാൻ ഇഷ്ടപ്പെടാത്തവരുടെ മുന്നിൽ ഇനി മുതൽ കരയില്ല എന്ന് ശപഥം ചെയ്‌തു.
മരുന്നുകൾ മുടങ്ങാതെ സേതുവേട്ടൻ കഴിച്ചു കൊണ്ടിരുന്നു. പക്ഷെ നീണ്ടു നീണ്ടു പോകുന്ന ദിവസങ്ങൾ മാസങ്ങളിലേയ്ക്കും വർഷങ്ങളിലേയ്ക്കും ചെന്ന് ചേരുമ്പോൾ നിരാശ കൊണ്ട് രണ്ടാളും
മടുത്തു പോകും.
ബാംഗ്ലൂരിൽ ജോലിയുണ്ടായിരുന്ന സേതുവേട്ടന്റെ ഇളയ പെങ്ങൾ ചാരു കടിഞ്ഞൂൽ പ്രസവത്തിനായി നാട്ടിൽ വന്നത് ആയിടയ്ക്കായിരുന്നു !
അവൾക്ക് വിശേഷം ഉണ്ടായത് അറിഞ്ഞത് മുതൽക്ക് , അതുവരെ തനിക്ക് നേരെ നീണ്ടിരുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങൾ പതുക്കെ പരിഹാസത്തിലേയ്ക്ക് വഴുതി വീണത് എത്ര പെട്ടെന്നായിരുന്നു!
പക്ഷെ, നിറഞ്ഞ മനസ്സോടെ അവൾക്ക് വേണ്ടുന്നതൊക്കെ ഒരുക്കി കൊടുക്കുമ്പോഴനുഭവിച്ച ആത്മ സംതൃപ്തി മൂലം, അമ്മയാകാൻ പോകുന്നത് താനാണോ എന്ന് പോലും പലപ്പോഴും സ്വയം തോന്നിത്തുടങ്ങി!
ഓരോ തവണ അവൾക്കൊപ്പം ഹോസ്പിറ്റലിൽ കൂട്ട് പോകാനും, ഒരമ്മയെ പോലെയോ, ചേച്ചിയെ പോലെയോ അവളെ പരിചരിക്കാനും വലിയ സന്തോഷമായിരുന്നു.
അപ്പോഴൊക്കെ മച്ചിയുടെ കണ്ണേറ് തട്ടല്ലേ എന്ന് താൻ കേൾക്കെയും അല്ലാതെയും അമ്മ എത്രവട്ടം മകളോട് പിറുപിറുത്തിരിക്കുന്നു.
തനിക്കുണ്ടായില്ലെങ്കിലെന്താ.. ഈ വീട്ടിലുണ്ടാകുന്ന കുഞ്ഞ് തങ്ങളുടെയും കൂടി അല്ലേ എന്ന് മാത്രമേ അപ്പോൾ ചിന്തിച്ചുള്ളൂ.
ഒരു പാതിരാ നേരത്ത് പെട്ടെന്നാണ് അവൾക്ക് വേദന തുടങ്ങിയത്. ഞരക്കലും മൂളലും കേട്ട് ഓടിചെല്ലുമ്പോൾ അമ്മ പേടിച്ചു കരയുന്നുണ്ടായിരുന്നു.
സേതുവേട്ടൻ പെട്ടന്ന് വണ്ടി വിളിച്ചു.
അപ്പോഴേക്കും തയ്യാറാക്കി വെച്ചിരുന്ന അവളുടെ ഡ്രസ്സുകൾ അടങ്ങിയ പെട്ടിയും എടുത്തു കൊണ്ട് അവളെ ചേർത്ത് പിടിച്ചു വണ്ടി വരുന്നതിനായി പൂമുഖത്തു കാത്തു നിൽപ്പായി.
കർക്കിടക മഴയുടെ അഴിഞ്ഞാട്ടത്താൽ ഇരുട്ട് വീണ വീഥികൾ വല്ലാതെ താറുമാറായി കിടന്നിരുന്നു.
“ഹ്ഹോ എന്തൊരു നശിച്ച മഴയാണ് ഇത്,
എന്റെ ദൈവങ്ങളെ, പെണ്ണിനേയും കൊണ്ട് ഒരു കുഴപ്പവും കൂടാതെയങ്ങു ചെല്ലാൻ പറ്റിയാൽ മതിയായിരുന്നു.. ”
അമ്മയുടെ പ്രാർത്ഥന കേട്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായി. എന്തിനും അമ്മയ്ക്ക് വിപരീതമായി ചിന്തിക്കുവാനേ കഴിയുകയുള്ളൂ എന്നോർത്തപ്പോൾ ഈർഷ്യയാണ് തോന്നിയത്.
മഴയിൽ കുളിച്ചെത്തിയ കാറിലേയ്ക്ക് അവളെ മെല്ലെ താങ്ങി പിടിച്ചു കയറ്റി. സേതുവേട്ടൻ വാതിൽ പൂട്ടി ഇറങ്ങിയതും ഒരു വലിയ മിന്നൽ, തേച്ചു മിനുക്കിയ വടിവാളിന്റെ വായ്ത്തല പോലെ ഇരുട്ടിൽ പിടഞ്ഞുണർന്നു !
ഹോസ്പിറ്റലിലേക്കുള്ള ആ ദുർഘടം പിടിച്ച യാത്ര ഇതിനുമുൻപൊരിക്കലും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.
കോരിച്ചൊരിയുന്ന മഴ ആരോടൊക്കെയോ വാശി തീർക്കുന്നത് പോലെ മുന്നിൽ ആർത്തട്ടഹസിക്കുകയായിരുന്നു.
മുന്നോട്ടുള്ള വഴി കാണാതെ ഡ്രൈവർ വല്ലാതെ വിഷമിച്ചു.
സകല ദൈവങ്ങളെയും മുറുക്കെ വിളിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. കരച്ചിൽ അമർത്തി വെച്ചിട്ടും ചാരുവിൽ നിന്ന് വല്ലാതെ ഞടുങ്ങി തെറിച്ചു പോയ ഒരു നൊമ്പര ചീളിൽ നിന്ന് അവളനുഭവിക്കുന്ന വേദന അത്രയും മനസ്സിലേയ്ക്ക് കൊണ്ട് കയറി.
ഇല്ലെടാ ഇപ്പൊ നമ്മൾ ഹോസ്പിറ്റലിൽ എത്തും.. എന്ന് സമാധാനിപ്പിക്കാനായി പറയുമ്പോഴും ആശങ്കയായിരുന്നു. ഇടയ്ക്ക് സേതുവേട്ടൻ അക്ഷമയോടെ പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒടുവിൽ മഴയുടെ കൂർത്ത ചിറകുകളെ അരിഞ്ഞു വീഴ്ത്തി കാർ ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിച്ചേർന്നു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നുവല്ലോ.
ഇടയ്ക്ക് ബ്ലഡിന് വേണ്ടിയുള്ള പാച്ചിലും ടെൻഷനും..
പാവം ! അവൾ വേദന ഒരുപാട് സഹിച്ചു.
ഒടുവിൽ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ നേർമ്മയുള്ള തുണിയിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഒരു കുഞ്ഞ് ജീവനെ മുന്നിലേയ്ക്ക് നീട്ടിയതും
അറിയാതെ മാറിടം ചുരക്കുന്നത് പോലൊരു തീവ്ര വേദന തന്നിലേക്ക് ആവാഹിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നിയത്.
ആ സന്തോഷത്തോടെ പരിസരം മറന്ന് നിൽക്കുമ്പോൾ , ഒരു സ്ട്രക്ച്ചർ ഏതോ വിലാപഗീതം പോലെ അവർക്കരികിലേയ്ക്ക് ഇഴഞ്ഞെത്തി !
ഓപ്പറേഷന് ശേഷമുണ്ടായ അമിതമായ രക്‌ത സ്രാവം നിയന്ത്രിക്കാൻ കിണഞ്ഞു ശ്രമിച്ചുവെന്നും, പക്ഷെ ഫലമുണ്ടായില്ല, സോറി എന്നും ഡോക്ടർ പറയുന്നത് ഏതോ ഗുഹാ മുഖത്ത് നിന്നെന്നത് പോലെയാണ് കേട്ടത്.
കൈയിലിരിക്കുന്ന തുണിക്കെട്ടിലേയ്ക്ക് നോക്കി ഒന്ന് വിതുമ്പാൻ പോലും മറന്നു പോയി.
പിന്നെ എന്തൊക്കെ നടന്നു എന്ന് ഇന്നും ഓർത്തെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ..
പക്ഷെ, ഒന്ന് മാത്രം ചെവിയിൽ തറച്ചു നിന്നു.
മച്ചിയുടെ കണ്ണേറിൽ പെടരുതേ എന്ന് ഞാനവളോട് പല വട്ടം പറഞ്ഞതായിരുന്നു എന്ന് അലമുറയിടുന്ന അമ്മയുടെ
വാക്കുകൾ !!
ആ മച്ചിയാണ് പിന്നീട് മൂന്ന് വർഷത്തോളം പ്രസവിക്കാതെ ഒരു കുഞ്ഞിന്റെ അമ്മയായത്!
തന്റെ ഒരിക്കലും ചുരക്കുവാനിടയില്ലാത്ത ഈ മാറിടത്തിലാണ് അവനൊരു ഉണ്ണിക്കണ്ണനെ പോലെ കരയാൻ മറന്ന് അലിവോടെ ഉറങ്ങിയത്..
അമ്മയില്ലാത്ത കുഞ്ഞ് എന്നൊരു സഹതാപം ആരിൽ നിന്നും ഏൽപ്പിക്കാതെ ഇതുവരെ താനാണ് പൊന്നുപോലെ വളർത്തിയത്.
മഹേഷ്, അവധിയ്ക്ക് വരുമ്പോഴൊക്കെ കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ശ്രമിക്കുമെങ്കിലും തന്നെ വിട്ട് എങ്ങും പോകാൻ അവൻ സമ്മതിച്ചില്ല.
മഹേഷിന്റെ വിഷമം കണ്ടു എത്ര വട്ടം താനും സേതുവേട്ടനും കണ്ണനെയും കൊണ്ട് അയാളോടൊപ്പം അവരുടെ വീട്ടിൽ പോയിരിക്കുന്നു .
അവിടെയും ഒരു കുഞ്ഞിനെ ഏൽപ്പിക്കാനുള്ള ചുറ്റുപാടുകളോ, അവകാശം പറയാനോ ആർക്കും താല്പ്പര്യവും ഇല്ലായിരുന്നു.
ഒരുപക്ഷെ, തന്റെ ദുഃഖം കണ്ട് ദൈവം ഒരു കച്ചിത്തുരുമ്പ് മുന്നിലേയ്ക്ക് ഇട്ടു തന്നതായിരിക്കുമോ എന്ന് ഏതോ സ്വാർത്ഥത നിറഞ്ഞ നിമിഷത്തിൽ ചിന്തിച്ചു പോയതും കുറ്റബോധം കൊണ്ട് മനസ്സ് നീറി..
തനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ എങ്ങനെ മനസ്സ് വന്നുവെന്നോർത്തു സ്വയം ലജ്ജ തോന്നി.
പക്ഷെ, ഇതുവരെ ദൈവം തനിക്ക് ഒരു ഔദാര്യം പോലെ വെച്ചു നീട്ടിയ ഈ ജീവിതം ഒരുപക്ഷെ നാളെ മുതൽ അവസാനിച്ചേക്കാം !
പിന്നെ താൻ എന്നത്തേയും പോലെ വെറുമൊരു മച്ചി മാത്രമായി തീർന്നേക്കാം.
അതെ! നാളെയാണ് മഹേഷ് എത്തുന്നത്.
അവൻ ഒരുപാട് നാളുകളായി ആവശ്യപ്പെടുന്ന ഒരു കാര്യം! അവന്റെ കുഞ്ഞിനെ കൂടെ കൊണ്ട് പോകണം, താൻ അതിന് സമ്മതിക്കണം!
കഴിയുമോ ?
താൻ വിട്ടു കൊടുത്താലും എന്റെ പൊന്നുമോൻ അവന്റെ അച്ഛനോടൊപ്പം പോകുമോ ?
ഒന്നും അറിയില്ല..
സ്വന്തം കുഞ്ഞ് എന്ന് അവകാശം പറയാനുള്ള എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത് എന്ന് മറ്റുള്ളവർ തന്റെ നേരെ കൈ ചൂണ്ടിയാൽ ഇതുവരെ നോക്കിയതിന്റെ കണക്ക് ആരും അംഗീകരിച്ചു തരില്ല.
ഒരമ്മയ്ക്കു തന്റെ കുഞ്ഞിനെ നോക്കിയതിന്റെ കണക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.
പക്ഷെ, നാളെ മഹേഷ് തന്നിൽ നിന്ന് അധികാരത്തോടെ മകനെ കൊണ്ട് പോയിക്കഴിഞ്ഞതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല.
സേതുവേട്ടനും ഒരുപാട് ദുഃഖം ഉണ്ടാവും., എങ്കിലും തനിക്ക് മാത്രമായിരിക്കും നഷ്ടം മുഴുവനും!
അമ്മയാകാൻ പ്രസവിക്കണമെന്നില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ തനിക്ക് മാത്രമാണ് എല്ലാ നഷ്ടങ്ങളും!!
ഒരുപക്ഷെ, കുഞ്ഞിന് വേണ്ടി എന്തെങ്കിലും കാരുണ്യം അപ്പോഴും താൻ പ്രതീക്ഷിക്കും, ദയാ വധം കാത്തു കിടക്കുന്ന ഒരുവന് കിട്ടുന്ന ഒരാനുകൂല്യം പോലെ, ഒരു മനസ്സലിവ് !
പക്ഷെ ഒന്നുണ്ട്, കണ്ണനില്ലാത്ത ഒരു നിമിഷം താൻ ശ്വാസം നിലച്ചു പോയൊരു വെറും ജഡം മാത്രമായിരിക്കും എന്നുറപ്പ്!
പിന്നെ ഈ ഗാഥക്ക് ഒരു ലോകം ഇല്ല, ജീവിതമില്ല, ജീവനുമില്ല.
അരികിൽ കിടന്ന കണ്ണൻ ഒന്ന് ഞരങ്ങിയത് പോലെ തോന്നി. ആരൊക്കെ വേണമെങ്കിലും വന്നോട്ടെ , അതുവരെ എങ്കിലും ഈയൊരു പുണ്യം തന്റേത് മാത്രമാണ്. തന്റേത് മാത്രം!
പുറത്ത്, അപ്പോഴും വിട്ട് പിരിയാൻ മടിച്ചത് പോലെ ഇടിയും മഴയും പരസ്പരം കെട്ട് പിണഞ്ഞു കിടന്നു. ഗാഥ കുഞ്ഞിന്റെ അരികിലേയ്ക്ക് തിരിഞ്ഞു കിടന്ന് മെല്ലെ അവനെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു.
നാളെയുടെ ജാതകം തിരുത്തിക്കുറിക്കുന്ന ഒരത്ഭുതത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടു അവൾ ഉറങ്ങാൻ ശ്രമിച്ചു.