ചേച്ചിമാർക്ക് നടുവിൽ ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് ആശങ്കയായി.. ഇവനെന്താ ഇവിടെ നിൽക്കുന്നത്.

(രചന: ശാലിനി മുരളി)

അയാൾ കാര്യം പറഞ്ഞവസാനിപ്പിച്ചത്
പോലെ എല്ലാവരെയും ഒന്ന് നോക്കി.
ആങ്ങള പറഞ്ഞത് കേട്ട് പെങ്ങൾ മക്കളെയെല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കി.

ആരും ഒന്നും മിണ്ടുന്നില്ല.

“എന്താ ഞാൻ പറഞ്ഞതിനോട് ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ ഇപ്പോൾ പറയാം.
പിന്നെ ഈ കാരണവും പറഞ്ഞ് ഒരു വരവുണ്ടാകില്ല.. ”

“ഏട്ടൻ പറഞ്ഞ കാര്യത്തോട് എനിക്ക് സമ്മതമാണ്. എടാ പവി നീയെന്താ ഒന്നും മിണ്ടാത്തത്..അമ്മാവൻ ചോദിച്ചത്
കേട്ടില്ലേ ? ”

പവിശങ്കർ എന്തോ പറയാൻ വാ തുറന്നപ്പോഴേക്കും പിന്നിൽ നിന്ന്
ഒരു വിളി വന്നു.

അവൻ തിരിഞ്ഞു നോക്കി ..

അകത്തു നിന്ന് കൈയാട്ടി വിളിക്കുന്ന വല്യേച്ചി.

“എടാ, നീ നല്ലത് പോലെ ആലോചിച്ചു വേണം ഈ കാര്യത്തിൽ മറുപടി പറയാൻ.
ഇത് നിന്റെ ജീവിതമാണ്. ഈ നൂറ്റാണ്ടിൽ
ഇങ്ങനെ ഉള്ള മുറ കല്യാണമൊക്കെ പഴഞ്ചൻ ഏർപ്പാടാണ്. പോരെങ്കിൽ ജനിക്കുന്ന കുട്ടികൾ കൂടി അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണം. ഞങ്ങള് പിന്നെ പറഞ്ഞില്ലെന്നു പറയരുത്.. ”

പവി മൂന്ന് സഹോദരിമാരെയും നോക്കി മിണ്ടാതെ നിന്നു. എല്ലാവർക്കും സ്വന്തം ജീവിതം ആയിരിക്കുന്നു. ഇനിയുള്ളത് തന്റെ ജീവിതമാണ്. പക്ഷേ തന്റെ ഇഷ്ടങ്ങൾ തട്ടിപ്പറിച്ചെടുക്കുന്ന ബന്ധങ്ങൾ ആണ് ചുറ്റിനും..
ഒരു ജോലി കിട്ടികഴിഞ്ഞപ്പോഴേക്കും ഇന്ന് എല്ലാവർക്കും താൻ വിലയുള്ളവനായിരിക്കുന്നു.

അമ്മാവന്റെ മകൾ അപർണ്ണയുമായി കുട്ടിക്കാലം തൊട്ടേ നല്ല അടുപ്പത്തിലുമാണ്.

അവധിക്കാലം ആഘോഷിക്കാൻ അമ്മ അവളെ ഒരിക്കൽ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത് മുതൽക്കാണ് അപർണ്ണയുമായി കൂടുതൽ അടുക്കുന്നത്..പിന്നീടെപ്പോഴോ തനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുള്ളത് അമ്മയോട് മാത്രമായിരുന്നു.

അമ്മയത് പറഞ്ഞ് മറ്റുള്ളവരും അറിഞ്ഞിരിക്കുന്നു. എന്നിട്ടാണ് ഇന്ന് തന്നെ ഇവരൊക്കെ ഇങ്ങനെ ഉപദേശിക്കുന്നത് !

“എന്താ ആരുമൊന്നും പറയാത്തത്.? ”

അമ്മാവൻ അക്ഷമനാവുന്നുണ്ടായിരുന്നു.

മകൾക്ക് വേണ്ടി ചെറുക്കൻ വീട്ടിൽ പോയി കല്യാണം ആലോചിക്കുന്നത് നാട്ടു നടപ്പല്ല.പക്ഷേ ഇത് ഒരേയൊരു പെങ്ങളുടെ അടുത്താണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം. അവൾ ഒരിക്കലും ഈ ഏട്ടന്റെ ആവശ്യം നിരാകരിക്കില്ല. അവളുടെ കാര്യങ്ങൾക്കെല്ലാം തന്നെയാണ് സമീപിച്ചിട്ടുള്ളത്. അപ്പോഴൊന്നും നിരാശപ്പെടുത്തി വിട്ടിട്ടുമില്ല.

ഇന്ന് തന്റെ മകൾക്ക് അവളാഗ്രഹിക്കുന്ന ഒരു ജീവിത പങ്കാളിക്ക് വേണ്ടി ഒരച്ഛന്റെ അഭിമാനം മാറ്റിവെച്ച് ഒരു വെറും ആങ്ങളയുടെ സ്ഥാനത്തു നിന്നാണ് താനിത് ആവശ്യപ്പെട്ടിരിക്കുന്നത്..

അവൾക്ക് നല്ലൊരു വരനെ കിട്ടാഞ്ഞിട്ടുമല്ല.

ആലോചിച്ചപ്പോൾ മറ്റ് ദൂഷ്യങ്ങളൊന്നും ഇല്ലാത്ത പവി ശങ്കറെന്ന അനന്തിരവനോട് തനിക്കും താല്പര്യമായിരുന്നു..

സുഭദ്ര മകനെ തിരഞ്ഞു അകത്തേക്ക് ചെന്നു.

ചേച്ചിമാർക്ക് നടുവിൽ ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് ആശങ്കയായി..

ഇവനെന്താ ഇവിടെ നിൽക്കുന്നത്. അവിടെ ഏട്ടനോട്‌ എന്തെങ്കിലും സംസാരിക്കാൻ ആരുമില്ലേ.

അപർണ്ണയെ തനിക്കു വിവാഹം കഴിച്ചു തരുമോ അമ്മേ എന്ന് ചോദിച്ച മകന്റെ ആ ഭാവം ഇന്നെവിടെ പോയി.

ആരും കൊതിച്ചു പോകുന്ന അവൾ തനിക്ക് സ്വന്തമാകുന്നതിൽ സന്തോഷം മാത്രമേയുണ്ടായിരുന്നുള്ളൂ.

പവിയ്ക്ക് ഇന്ന് നല്ലൊരു സർക്കാർ ജോലി ഉണ്ട്. ആരുടെയും മുന്നിൽ അവനും അവൾക്കും കൈ നീട്ടേണ്ട കാര്യവുമില്ല.

നല്ലൊരു മുഹൂർത്തം നോക്കി ഒട്ടും വൈകാതെ രണ്ട് പേരുടെയും കല്യാണം നടത്തണം..

“മോനെ നിയങ്ങോട്ട് ചെല്ല്. അമ്മാവൻ നിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുവാണ്..
അമ്മാവനെ സന്തോഷത്തോടെ വേണം തിരിച്ചയക്കാൻ. ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം.. ”

“അമ്മാവനെ സന്തോഷപ്പെടുത്തുന്നത് നമ്മുടെ സന്തോഷം കളഞ്ഞിട്ട് വേണോ അമ്മേ..”

മൂത്ത മകൾ പ്രിയയാണ് അത് ചോദിച്ചത്.

“മനസ്സിലായില്ല.. നമ്മുടെ സന്തോഷം എങ്ങനെ നഷ്ടപ്പെടാനാണ്. അവന്റെ ഇഷ്ടവും അതാണല്ലോ. പിന്നെയെന്താ കുഴപ്പം. ”

“അമ്മയ്‌ക്കെന്തറിയാം.അവന് ഇതിലൊക്കെ എത്ര നല്ല ആലോചന വരും. നല്ല ഗവണ്മെന്റ് ജോലിയുള്ള കിളി പോലത്തെ പെണ്ണിനെ ഞാൻ കൊണ്ട് വരാമല്ലോ.. ”

“ഓഹോ അപ്പൊ അതാണ് നിങ്ങടെയൊക്കെ മനസ്സിലിരിപ്പ്.
ആങ്ങളയെ സർക്കാരു ജോലിക്കാരിയെ കൊണ്ട് കെട്ടിക്കാൻ ഉദ്ദേശിച്ചാണോ നീയൊക്കെ ഇങ്ങോട്ട് വന്നത്.. ”

“അമ്മയൊന്നു പതുക്കെ പറ. മുറച്ചെറുക്കനും മുറപ്പെണ്ണുമൊക്കെ ഇപ്പൊ ആരാമ്മേ നോക്കുന്നെ. അവൾക്ക് ഒരു ജോലി പോലുമില്ല. പിന്നെ എന്തിനാ നമ്മുടെ പവിക്കുട്ടന്റെ തലയിൽ അവളെ കെട്ടി വെയ്ക്കുന്നത്.. ”

“നീ ഇവളുമാര് പറയുന്നതും കേട്ട് നിൽക്കുവാണോ. അങ്ങോട്ട് ചെല്ല്.. ”

അമ്മയുടെ മുഖത്തെ നീരസം കണ്ടപ്പോൾ
പവി ഒന്നും മിണ്ടാതെ മുറി വിട്ടു.

ഇവന്റെ നാക്കിനെന്ത് പറ്റി. ഇവനും ജോലി കിട്ടി കഴിഞ്ഞപ്പോഴേക്കും മനസ്സ് മാറി തുടങ്ങിയോ !!

“പ്രിയ, നീ അവനെ ഓരോന്നും പറഞ്ഞു കുഴപ്പത്തിൽ ആക്കരുത്. അവർ തമ്മിലുള്ള ഇഷ്ടം നിനക്കും അറിയാവുന്നതല്ലേ..നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ് അപർണ്ണ.
ഇത് മതി അവന്.. ”

“അമ്മയും മോനും കൂടി ഒറ്റയ്ക്ക് നടത്തിക്കോ. ഞങ്ങളില്ല ഈ കല്യാണത്തിന്..
അവന് നല്ലൊരു ജീവിതം കിട്ടാനാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.അല്ലാതെ അവൻ നശിച്ചു കാണാനല്ല.. ”

ഇവരിതെന്തൊക്കെ ആണ് വിചാരിച്ചു കൂട്ടിയിരിക്കുന്നത്. അപർണ്ണ വന്നാൽ അവനെങ്ങനെ ആണ് നശിക്കുന്നത്. കൊള്ളാം ! സഹോദരന് ഒരു ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അവനെ വെച്ച് മുതലെടുക്കാനാണോ ഇവളുമാര് ശ്രമിക്കുന്നത്..

ഏട്ടനോട് എന്ത് പറയും ദൈവമേ..
ഈ പവിക്കും സ്വന്തമായിട്ട് ഒരഭിപ്രായം ഇല്ലാതായോ. അവനല്ലേ ആദ്യമേ ഈ ഒരു ആഗ്രഹം തന്നോട് പറഞ്ഞത്.എന്നിട്ടിപ്പോ പെങ്ങന്മ്മാരുടെ കയ്യിലെ കളിപ്പാവയെ പോലെ നിൽക്കുന്നത് കണ്ടില്ല..!
അവർക്ക് വല്ലാതെ വിറഞ്ഞു കയറി.

പുറത്ത് സംസാരം ഒന്നും കേൾക്കുന്നില്ലല്ലോ.അവൻ എന്തായിരിക്കും അമ്മാവനോട് പറഞ്ഞിട്ടുണ്ടാകുക..ഏട്ടനെ വിഷമിപ്പിച്ചു വിടേണ്ടി വരുമോ..ആ മനഃ ശാപം കൂടി അവൻ ഏറ്റു വാങ്ങേണ്ടി വരുമോ ..??

ആകുലതകൾ നിറഞ്ഞ ഹൃദയത്തോടെ അവർ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടന്നു.

ഒടുവിൽ എന്തും വരട്ടെയെന്ന് കരുതി ചോറും കറികളും വിളമ്പി ഊണ് മേശയിൽ നിരത്തി വെച്ചു. ഏട്ടന് വലിയ ഇഷ്ടമാണ് മാമ്പഴ പുളിശ്ശേരി. എല്ലാം എടുത്തു വെച്ച് ഏട്ടനെ വിളിക്കാനായി പൂമുഖത്തേക്കു ചെല്ലുമ്പോൾ പുറപ്പെടാൻ തയാറായി നിൽക്കുന്ന ആളിനെ കണ്ട് അവർ അന്ധാളിച്ചു.. പവിയെ അവിടെ എങ്ങും കണ്ടതുമില്ല.

മുഖം കണ്ടിട്ട് അത്ര പന്തിയല്ലാത്തത് പോലെ.. തോറ്റു പോയവന്റെ ഇരുളിമ ആ മുഖത്ത് നിന്നവർ വായിച്ചെടുത്തു.

“ഭദ്ര വന്നോ. ഞാൻ ഇറങ്ങട്ടെ. ഇപ്പൊ പള്ളിപ്പടിയിലേക്ക് ചെന്നാൽ വീട്ടിലോട്ടു നേരിട്ടുള്ള ബസ് കിട്ടും. ഞാൻ ഇറങ്ങുവാ.. ”

“അയ്യോ അതെന്താ ഏട്ടാ വെറുതെക്കാരുടെ അടുത്ത് വന്നിട്ട് പോകുന്നത് പോലെ ഇങ്ങനെ പെട്ടന്ന് ഇറങ്ങി പോകുന്നത്..ഞാൻ ഊണ് എടുത്തു വെച്ചിരിക്കുന്നു. ഏട്ടൻ പോയി
കൈ കഴുകി യിട്ട് വന്നേ. ഊണൊക്കെ കഴിച്ചിട്ട് മെല്ലെ പോകാം.പവി അവന്റെ വണ്ടിയിൽ
ഏട്ടനെ വെയിലാറിക്കഴിഞ്ഞു സ്റ്റോപ്പിലേക്ക് കൊണ്ടാക്കും. ”

“ഏയ്‌ അതൊന്നും വേണ്ട. ഞാൻ ഇറങ്ങുകയാണ്..നിങ്ങളൊക്കെ അങ്ങ് ഒരുപാട് ഉയരത്തിൽ എത്തിയത് ഞാൻ അറിഞ്ഞില്ലല്ലോ..
എന്റെ മോളൊരു പാവമാണ്. അവൾക്ക് ഒരുപാട് ആലോചനകൾ വരുന്ന സമയമാണ്.

വരുന്നവരൊക്കെ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പോകുന്നതും. പക്ഷെ, കുട്ടിക്കാലം തൊട്ടേ മനസ്സിൽ കൊണ്ട് നടന്ന ഒരു ബന്ധമായത് കൊണ്ട് ഇതിലായിരുന്നു അവൾക്ക് കൂടുതൽ താല്പര്യം.

അത് പക്ഷെ, അവന്റെ ജോലിയും പത്രാസ്സും കണ്ടിട്ടുമായിരുന്നില്ല. എന്നോട് അവളൊരാഗ്രഹം പറഞ്ഞപ്പോൾ ഇവിടെ വന്നൊന്ന് ചോദിച്ചേക്കാം എന്നെ ഞാനും കരുതിയുള്ളൂ. കൂടുതലൊന്നും ആലോചിച്ചില്ല…ദൈവം അവൾക്ക് ഇതിലും നല്ലൊരു പയ്യനെ എവിടെ എങ്കിലും ഒരുക്കി വെച്ചിട്ടുണ്ടാകും. ഉറപ്പ്..”

അയാൾ സംസാരം നിർത്തി അൽപ്പം നേരം മൗനിയായി. പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ അരികിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന തന്റെ പെങ്ങളുടെ മുഖത്തേക്ക് ഒന്നു നോക്കി. പാവം! അവളുടെ നിസ്സഹായാവസ്ഥ തനിക്ക് മനസ്സിലാകും.

“ശരി ഭദ്രേ ഏട്ടനിറങ്ങുവാ. നീ കൂടുതലൊന്നും ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കണ്ട.. ”

ഇടിവെട്ടേറ്റതു പോലെ അവർ തറഞ്ഞു നിന്നു.. കണ്ണുകളിൽ നിന്ന് രക്തം ചീന്തിയതുപോലെ മനമുരുകിയ വേദന ഒലിച്ചിറങ്ങി.
എന്നോട് പൊറുക്ക് ഏട്ടാ.. പൊറുക്ക്.

കടുത്ത വെയിൽ നാളത്തിലേക്കു കുടയും നിവർത്തി ഇറങ്ങിപ്പോകുന്ന ആ മനുഷ്യന്റെ ചങ്ക് കലങ്ങിയിട്ടുണ്ടെന്ന് തീർച്ചയാണ്.

കോപത്തോടെ പവിയുടെ നേരെ പിന്തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ശൂന്യമായിരുന്നു.

അവനെന്താകും ഏട്ടനോട് പറഞ്ഞിട്ടുണ്ടാവുക..

“അമ്മയെന്തിനാ ഇങ്ങനെ കരയുന്നത്. അവനല്ല ഞാനാണ് അമ്മാവനോട് കാര്യം പറഞ്ഞത്. ഇവർക്ക് ജനിക്കുന്ന കുട്ടികൾ വല്ല മന്ദബുദ്ധികളോ പൊട്ടൻമ്മാരോ ആയിപ്പോയാൽ നിങ്ങളൊക്കെ സഹിക്കുമോ.അവന് വേറെ നല്ല ആലോചനവരും. എന്തായാലും ബന്ധത്തിൽ നിന്നൊരു കല്യാണം ഇവിടെ വേണ്ട.”

വെയിൽ പെയിതിറങ്ങുന്നത് തന്റെ ഉള്ളിലേക്കാണെന്ന് അയാൾക്ക് തോന്നി.
കണ്ണുനീർ മൂടി കാഴ്ച്ച മറച്ചു കളയുന്ന കണ്ണട ഊരി തുടയ്ക്കുമ്പോൾ അയാൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.

ഒരു കണക്കിന് നന്നായി..

സ്വന്തമായി ഒരഭിപ്രായം പോലും പറയാൻ കെല്പില്ലാത്തവന്റെ കയ്യിൽ തന്റെ മകളെ കെട്ടിച്ചു കൊടുക്കേണ്ടി വന്നില്ലല്ലോ..

അവന് നല്ലൊരു ജോലിക്കാരിയെ ആണ് ആവശ്യം പോലും.. ആയിക്കോട്ടെ.

എന്തായാലും തന്റെ മകൾ മൂത്ത് നരച്ചു പോയിട്ടൊന്നുമില്ല. അവിടെ നിൽക്കട്ടെ.

അവൾക്ക് ഇഷ്ടപ്പെടുന്ന അനുയോജ്യനായ ഒരുത്തന്റെ കയ്യിൽ മാത്രമേ പിടിച്ചു കൊടുക്കുന്നുള്ളു.

വിഷമം കുറച്ചു നാളുകളെ ഉണ്ടാവൂ..
അതേ ഇതായിരിക്കും ഈശ്വരേച്ഛ..!!

തന്നെയും കാത്തിരിക്കുന്ന മകൾക്ക് കൊടുക്കാൻ ഉശിരുള്ള കുറേ വാചകങ്ങൾ
ആ സ്നേഹ നിധിയായ അച്ഛൻ തന്റെ
ഹൃദയ ഭിത്തികളിൽ അടുക്കി വെച്ചു.

ദൂരെ ഒരു പൊട്ടു പോലെ ബസിന്റെ വരവ് കണ്ട ആയാൾ കണ്ണട മുഖത്ത് എടുത്തു വെച്ചു കൊണ്ട് തയാറായി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *