“കണ്ടില്ലേ അവളുടെ മുഖത്ത് എന്തെങ്കിലും ഒരു ദുഃഖമുണ്ടോന്ന്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന പിശാച് !ഇങ്ങനെയുള്ളവളുമാരെയൊക്കെ വെടി വെച്ച് കൊല്ലണം.. “

(രചന: ശാലിനി)

ആൾക്കൂട്ടത്തിന് നടുവിൽ തലയുയർത്തി നിൽക്കുമ്പോഴും ആ മുഖത്തിന് തെല്ലും ഭാവഭേദം ഉണ്ടായിരുന്നില്ല.

ഉറച്ച കരിങ്കൽ ശിൽപ്പം പോലെ നിർവികാരമായ മുഖത്ത് നോക്കി ജനക്കൂട്ടം ആർത്തു വിളിച്ചു.

“കണ്ടില്ലേ അവളുടെ മുഖത്ത് എന്തെങ്കിലും ഒരു ദുഃഖമുണ്ടോന്ന്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന പിശാച് !ഇങ്ങനെയുള്ളവളുമാരെയൊക്കെ വെടി വെച്ച് കൊല്ലണം.. ”

പോലീസ് തീർത്ത വലയത്തിനുള്ളിലേക്ക് തെറിച്ചു വീണ അസഭ്യ വർഷങ്ങളുടെ തീച്ചൂളയിലൂടെ അവൾ പൊള്ളിപ്പിടഞ്ഞു മുൻപോട്ട് നടന്നു.

കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണ് നീർ പൊടിയാതെ..

ജീപ്പിലേക്ക് വനിതാ പോലീസ് അവളെ പിടിച്ചു കയറ്റുമ്പോൾ കാല് അല്പ്പം ഒന്നിടറിയോ..

അമ്മേ എന്ന് തന്റെ മാളു വിളിക്കുന്നുണ്ടോ..

അനക്കമറ്റ അവളെ ആരോ സീറ്റിലേക്ക് തള്ളി.

ബഹളങ്ങളെയും ശാപവാക്കുകളെയും കീറി മുറിച്ചു കൊണ്ട് പോലീസ് ജീപ്പ് മെല്ലെ ചലിച്ചു തുടങ്ങി.

അപ്പോഴും പിന്നിൽ അവൾക്ക് നേരെ ചെറു കല്ലുകൾ വന്നു വീണുകൊണ്ടിരുന്നു.

സന്തോഷം തുടികൊട്ടിയിരുന്ന അവളുടെ വീട്ടിൽ അപ്പോൾ ചോരയിൽ കുളിച്ചൊരു പാവക്കുട്ടി തന്റെ കൂട്ടുകാരിയെ കാണാതെ കണ്ണുകൾ തുറന്നു കിടന്നിരുന്നു..

സ്വന്തം മകളെ വെട്ടിക്കൊന്ന പിശാചിനി എന്ന വാക്കുകൾ കാറ്റിലൂടെ അവളുടെ ചെവിയിലേക്ക് ഒരു കൂരമ്പ് പോലെ അപ്പോഴും വന്നു തറച്ചു കൊണ്ടിരുന്നു !

“അമ്മേ ഇത് കണ്ടോ അച്ഛൻ കൊണ്ട് തന്ന പാവയാണ്. നല്ല ഭംഗിയില്ലേ കാണാൻ. “, അന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ മാളു പതിവിലും വല്ലാത്ത ആഹ്ലാദത്തിലായിരുന്നു.

അച്ഛൻ കൊടുത്ത ആ വലിയ പാവ അവളെ അത്രയ്ക്കും ആകർഷിച്ചിരുന്നു. ചുവന്നു തിളങ്ങുന്ന ഉടുപ്പും സ്വർണ്ണ തലമുടിയും കാലിലെ കറുത്ത ഷൂവും കവിളിലെ പിങ്ക് നിറവും ഒക്കെ ചേർന്ന് ആർക്കും ഇഷ്ടം തോന്നുന്ന ഒരു വലിയ പാവക്കുട്ടി !

ആറു വയസ്സുകാരിക്ക് ഒരു കൂട്ട് കിട്ടിയ സന്തോഷം അന്ന് മുഴുവനും മാളുവിൽ പ്രകടമായിരുന്നു. ജോലി കഴിഞ്ഞു വരുന്ന തന്നോട് എത്ര വിശേഷങ്ങൾ പറഞ്ഞാലും മതി വരാത്ത അവൾ അന്ന് പാവയെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു.

ഉണ്ണിയേട്ടൻ വന്നുവോ? ഒന്ന് കണ്ടത് പോലുമില്ലല്ലോ. മുറിയിൽ നോക്കിയപ്പോൾ കാണാത്തതു കൊണ്ടാണ് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറിയത്.

ആഹാ ആളിവിടെ ഇരിക്കുകയാണോ!

ബാൽക്കണിയിൽ കസേരയിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു മൊബൈലിൽ പാട്ട് കേൾക്കുന്ന ആളിനെ കുറച്ചു നേരം നോക്കിനിന്നു.

ആറുമാസമായി ഉണ്ണിയേട്ടന് പാലക്കാട്‌ സ്ഥലം മാറ്റം കിട്ടിയിട്ട്. പുതിയ കോളേജിലേക്ക് മാറ്റം കിട്ടിയതോടെ മാസത്തിൽ രണ്ടു തവണ മാത്രമേ അയാൾ വീട്ടിലേക്ക് വരാറുള്ളൂ.
അയാൾ പോയപ്പോൾ മകൾക്ക് വേണ്ടിയാണ് ഒരു ജോലിക്കാരിയെ നിർത്തിയത്. ബാങ്കിൽ നിന്ന് മിക്കവാറും എത്തുമ്പോൾ ഒരുപാട് വൈകും. അതുവരെ മാളുവിന്റെ കാര്യം നോക്കാൻ കുറച്ചു പ്രായമായ ഒരു സ്ത്രീയെ കിട്ടിയത് വലിയ ആശ്വാസമായിരുന്നു.

ഇന്ന് ഉണ്ണിയേട്ടൻ വന്നത് കൊണ്ടാവും അവർ നേരത്തെ പോയത് !

ഭാര്യയുടെയും ആകെയുള്ള മകളുടെയും കൂടെ കഴിയുന്ന സന്തോഷം ഇപ്പോൾ വല്ലപ്പോഴും മാത്രമായി ചുരുങ്ങിയതിന്റെ പ്രയാസം അയാൾ തീർത്തിരുന്നത് മൊബൈൽ ഫോണിലൂടെ ആയിരുന്നു..

പിന്നെ ചെറിയൊരു ദുഃശീലവും അയാളുടെ വിരസതയെ ചൂക്ഷണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

മുൻപ് ചില പാർട്ടികളിൽ മാത്രം മദ്യപിച്ചിരുന്ന അയാളെ നിയന്ത്രിക്കാൻ ഭാര്യയും ഒപ്പമില്ലാതെയായതോടെ ജോലി കഴിഞ്ഞു വരുന്ന ദിവസങ്ങളിലെല്ലാം ഒരു പെഗ്ഗ്‌ ശീലമായി.

ഒന്നിച്ചു കഴിയുന്ന ചുരുങ്ങിയ ദിവസങ്ങളിൽ അവരുടെ ജീവിതം വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലെ പോലെ ആഹ്ലാദതിമിർപ്പിൽ ആക്കാൻ അവർ രണ്ട് പേരും മത്സരിക്കുമ്പോഴും അപരിചിതമായ ആ ഗന്ധം അവളെ അസ്വസ്ഥയാക്കി.

“ഈ ശീലം ഉണ്ണിയേട്ടന് വേണ്ട. ഇത് ശരിയാവില്ല.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ”

പലപ്പോഴും പറഞ്ഞു. പക്ഷെ ഇതില്ലാതെ ഇപ്പോൾ പറ്റില്ല. ഞാൻ ഓവർ ഒന്നുമാകുന്നില്ലല്ലോ പിന്നെ എന്താ കുഴപ്പം എന്ന് തിരിച്ചു ചോദിച്ചപ്പോൾ അവൾക്ക് മറുപടി ഒന്നുമില്ലായിരുന്നു. കൂടുതൽ അധികാരം കാട്ടുന്നത് ചിലപ്പോൾ അയാളെ കൂടുതൽ പ്രകോപിതനാക്കുമെന്ന് അവൾ ഭയന്നു.

മൊബൈലിലെ പാട്ടു തീർന്നപ്പോൾ ആണ് അയാൾ അതുവരെ അവിടെ നിശബ്ദയായി നിന്നിരുന്ന മൃദുലയെ കണ്ടത് !

“കൊള്ളാം നീയെപ്പോളാണ് വന്നത്.. ”

“കുറച്ചു നേരമായി. മാളു വല്ലാത്ത സന്തോഷത്തിലാണ് അച്ഛൻ കൊണ്ട് കൊടുത്ത പാവ അവൾക്ക് അത്രയ്ക്കിഷ്ടപ്പെട്ടു.”

അടുത്തേക്ക് വന്ന അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു.

അതെ ! തന്നെ അസഹ്യ പെടുത്തുന്ന ആ വൃത്തികെട്ട ഗന്ധം ഇപ്പോഴും ഉണ്ട്.

കുറ്റപ്പെടുത്തുമ്പോലെ അവൾ ഒന്നു നോക്കി. പക്ഷെ അയാൾ അത് ഗൗനിച്ചില്ല !

“നിന്നെ പോലെ തന്നെ ആണ് അവളും. ഇഷ്ടമുള്ളത് കിട്ടിയാൽ പിന്നെ വിടില്ല..”

അതുകേട്ട് അവളൊന്നു ചിരിച്ചു..

അവൾക്ക് അച്ഛന്റെ സ്വഭാവം ആണ് എന്ന് പറയണമെന്നുണ്ടായിരുന്നു.

താഴേക്ക് ചെല്ലുമ്പോൾ മാളു അപ്പോഴും പാവയുമായി ചങ്ങാത്തത്തിലായിരുന്നു.

“മതി മോളെ ഇനി പോയി കുളിക്ക്.. ”

മേലുകഴുകി വന്ന് പെട്ടെന്ന് ചായയും കഴിക്കാനുള്ളതും റെഡി ആക്കുമ്പോൾ മാളു കുളിച്ചു വന്നു ഡ്രസ്സ്‌ മാറ്റിയിരുന്നു.
ഡൈനിംഗ് റൂമിലേക്ക് വന്ന മകളെ കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു.

“വൗ ! മാളൂട്ടി വല്യ പെണ്ണായല്ലോ.. ”

കുളി കഴിഞ്ഞു വന്ന അവളുടുത്തിരുന്നത് ഒരു പെറ്റിക്കോട്ടായിരുന്നു. ആറു വയസ്സിലും കൂടുതൽ ശരീര വളർച്ചയുള്ള മകളെ നോക്കി അയാൾ കണ്ണ് മിഴിക്കുന്നത് കണ്ട് ഉള്ളിലെവിടെയോ ഒരു വല്ലായ്മ തോന്നി.

മുറിയിലേക്ക് ചെന്ന് മകൾക്ക് മറ്റൊരു ഉടുപ്പ് തപ്പിയെടുത്തു.

അച്ഛനായാലും സഹോദരനായാലും പെൺമക്കളെ സൂക്ഷിക്കേണ്ട കടമ അമ്മയുടേത് തന്നെ..

അന്ന് അയാൾ ഉറങ്ങി കഴിഞ്ഞും മൃദുലക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ എപ്പോഴോ ഒന്നു മയങ്ങിയപ്പോൾ എന്തൊക്കെയോ അരുതാത്ത പേക്കിനാവ് കണ്ട് പിടഞ്ഞുണരുകയും ചെയ്തു !!
ആഴ്ചകളും മാസങ്ങളും ഒരു ഓട്ട പന്തയത്തിൽ ചേർന്നത് പോലെ മത്സരിച്ചു കൊണ്ടിരുന്നു.

ഉണ്ണിയേട്ടൻ അവധി കിട്ടുമ്പോഴെല്ലാം വരികയും പോവുകയും ചെയ്തു.

മകളോട് പഴയതിലും കൂടുതൽ ഇഷ്ടവും അടുപ്പവും ഉണ്ടോ എന്നൊരു സംശയം അവളുടെ മനസ്സിനെ കാർന്നു കൊണ്ടിരുന്നു. ഇതൊക്കെ തന്നിലെ അമ്മയുടെ വേവലാതി കൊണ്ട് തോന്നുന്നത് ആയിരിക്കാം എന്ന് സ്വയം ആശ്വസിച്ചു..

അന്ന് ആ തുലാ വർഷത്തിലെ ഇടിയിലും മഴയിലും എത്രയും പെട്ടന്ന് വീട്ടിലെത്താൻ മൃദുല സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് ഒരു ഓട്ടോ പിടിച്ചാണ് ചെന്നത്.

മോളോടൊപ്പം കൂട്ടിന് അവരുണ്ടല്ലോ എന്നതാണ് ഒരു സമാധാനം.

നനഞ്ഞു കുതിർന്ന സാരിയുടെ ഞൊറിവുകളിൽ നിന്ന് ഇറ്റ് വീണ വെള്ളത്തുള്ളികൾ വെളുത്ത ടൈൽസിൽ കുമിളകൾ പോലെ തിളങ്ങി നിന്നു.

ബെല്ലടിച്ചിട്ടും ആരും തുറക്കാത്ത വാതിലിൽ അക്ഷമയോടെ ആണ് തട്ടിയത്. ഇവരെവിടെ പോയി??

ഒരു ബെൽ അടിക്കുമ്പോഴേ അമ്മ വന്നു എന്ന് പറഞ്ഞു മോളാണ് ഓടിയെത്താറുള്ളത്. മഴയുടെ ശക്തിയിൽ കേട്ടിട്ടുണ്ടാവില്ല..

അടുക്കള വശത്തേക്ക് നടക്കുമ്പോൾ പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. ഒരിക്കലും അവിടെ തുറന്നു കിടക്കാറുള്ളതല്ല. പക്ഷെ വാതിൽക്കൽ തട്ടി ഒന്ന് വിളിച്ചതും അറിയാതെ തനിയെ വാതിൽ മെല്ലെ ഒന്നനങ്ങി..

അമ്പരപ്പോടെയാണ് അകത്തേക്ക് കയറിയത്. ചേച്ചിയെ അവിടെയെങ്ങും കണ്ടില്ല. മഴ ആയത് കൊണ്ട് പെട്ടന്ന് പോയിരിക്കുമോ.. ഒരുപക്ഷെ അടുക്കള വാതിലിൽ കൂടിയാവും പോയത്.

ഒന്നുമറിയില്ലല്ലോ..
മോളെ നീട്ടിയൊന്ന് വിളിക്കാൻ തുടങ്ങുമ്പോഴാണ് ഉണ്ണിയേട്ടൻ വന്നോ എന്നൊരു സംശയം തോന്നിയത്.

ഡയിനിങ് ടേബിളിൽ ഒരുപാട് പായ്ക്കറ്റുകൾ !

രണ്ടു പേരും മുകളിൽ ഉണ്ടാവും. നനഞ്ഞു കുതിർന്ന സാരി മാറ്റാൻ നിൽക്കാതെ പതിയെ സ്റ്റെപ്പുകൾ കയറി.

മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ എന്തോ ഞരക്കവും മൂളലും കേട്ടത് പോലെ തോന്നി വാതിൽ മെല്ലെ തുറന്നു.

പെട്ടന്ന് അവ്യക്തമായി തോന്നിയ ഇരുട്ടിലെ രൂപം മെല്ലെ തെളിഞ്ഞതോടെ കണ്ണുകളിൽ നിന്ന് കാഴ്ച മറയുന്നത് പോലെ തോന്നി. ഉണ്ണിയേട്ടന്റെ കനത്ത ദേഹത്തിന് കീഴിൽ ഞെരിഞ്ഞമരുന്നത് തന്റെ മാളൂട്ടിയല്ലേ ???

“മോളെ..” അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരാതെ തടഞ്ഞു നിന്നു.

ഓടിച്ചെന്ന് ഭർത്താവിനെ തള്ളിമാറ്റാൻ നോക്കിയപ്പോൾ അസഹനീയമായ പഴയ ആ ഗന്ധം മുറി മുഴുവനും നിറഞ്ഞിരിക്കുന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഈശ്വരാ ! മദ്യത്തിന്റെ ലഹരിയിൽ സ്വന്തം രക്തത്തെ പോലും തിരിച്ചറിയാതെയായല്ലോ !!

“വിടടാ എന്റെ കുഞ്ഞിനെ.. ”

ഒരു സംഹാര രുദ്രയെ പോലെ അലറിക്കൊണ്ട് അവൾ കൈയിൽ കിട്ടിയ സ്റ്റീൽ ജഗ്ഗു കൊണ്ട് അയാളുടെ തലയ്ക്കടിച്ചു. ഒന്നല്ല ഒരായിരം വട്ടം. പക്ഷെ പെട്ടന്ന് കുതറി മാറിയ അയാളെ കണ്ട് അവൾ പകച്ചു. മുന്നിൽ ചോരയിൽ കുളിച്ച മകളുടെ നിർജ്ജീവമായ മുഖത്തേക്ക് നോക്കാനുള്ള കെൽപ്പില്ലാതെ മൃദുല കുഴഞ്ഞു വീണു.

ബോധം തെളിയുമ്പോൾ മകളെ കൊന്ന ഘാതകിയെ കാണാൻ തടിച്ചു കൂടിയ ജനങ്ങളെ കൊണ്ട് ആ വീടും പരിസരവും നിറഞ്ഞിരുന്നു.

പോലീസുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മരവിച്ചിരിക്കുമ്പോഴും കണ്മുന്നിൽ അല്പ്പം മുൻപ് കണ്ട കാഴ്ച അവളുടെ ഹൃദയത്തെ ഞടുക്കി കൊണ്ടിരുന്നു..

സാക്ഷി മൊഴി പറയുന്ന ഭർത്താവിനെ കണ്ട് അവൾ പല്ല് ഞറുമ്മി. എത്ര വിദഗ്ദമായി അയാൾ കഥകൾ തിരിച്ചു വിട്ടിരിക്കുന്നു..

കാമുകനോടൊപ്പം വീട്ടിൽ സല്ലപിക്കാനെത്തിയ ഭാര്യയുടെ അവിഹിതം കണ്ട് പിടിച്ച മകളെ അവൾ നിഷ്‌ക്കരുണം കൊന്നു കളഞ്ഞു !!

പരിസര വാസികൾ ഒരു സിനിമ കഥ കേൾക്കുന്ന രസത്തോടെ ആ ചൂടുള്ള വാർത്ത ഓരോ കാതുകളിൽ നിന്ന് അടുത്ത കാതുകളിലേക്ക് പകർന്നു കൊണ്ടേയിരുന്നു.

പക്ഷെ കൊന്ന് കളഞ്ഞില്ലേ ഞാൻ എന്റെ പോന്നോമനയെ..

ചുറ്റിനും നടക്കുന്ന മായ കാഴ്ചകൾ കാണാനുള്ള കരുത്തില്ലാതെ അവൾ ഒരു ശില പോലെയിരുന്നു. മാളൂട്ടിയുടെ പ്രിയപ്പെട്ട പാവ അപ്പോഴും ആ കട്ടിലിൽ ചോര നിറത്തിൽ പുഞ്ചിരി തൂകി കിടന്നിരുന്നു.

കോടതിയിൽ അവൾക്ക് നേരെ ചൂണ്ടിയ വിരലുകൾ അവൾ അവശേഷിക്കുന്ന ചെറിയൊരു ബോധത്തിലും തിരിച്ചറിഞ്ഞു..

ഒരിക്കൽ തന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ച ആ കൈകൾക്ക് ഇന്ന് എന്തൊരു ചൂടാണ്. അഗ്നി നാളമായി പൊള്ളിക്കുന്ന അയാളുടെ വാക്കുകൾക്ക് എന്തൊരു തീക്ഷണതയാണ്.

അത് കേട്ടിരുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു.

“അതെ ഇവളെ തുറുങ്കിലടക്കണം. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന
കുലടയാണിവൾ.. ”
എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന വക്കീലിന്റെ ചോദ്യം കേട്ട് അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

ആ ചിരി അയാൾക്ക് നേരെയുള്ള ഒരു താക്കീതായിരുന്നു.

ഒരു വാക്ക് പോലും ഉരിയാടാതെ തടവറയിലേക്ക് പോകേണ്ടി വരുന്നത് തന്റെ പൊന്നുമോളോട് മാത്രമല്ല ഒരുപാട് പെൺകുഞ്ഞുങ്ങളോടു ചെയ്യുന്ന ഒരു അപരാധമായിരിക്കും.

“എനിക്ക് ഒരവസരം കൂടി തരണം.
ഒരു തെറ്റിനെ ശരിയാക്കാൻ വേണ്ടി മാത്രം.. ”

നിശബ്ദമായ കോടതി മുറിയിൽ അവളുടെ വാക്കുകൾക്ക് വല്ലാത്ത ഘനം അനുഭവപ്പെട്ടു.

“ഞാൻ അന്ന് കൊല്ലാൻ ഒരുങ്ങിയത് ഈ നീചനെയായിരുന്നു. പക്ഷെ ഇല്ലാതായത് എന്റെ മകളും..! സ്വന്തം ചോരയെ പിച്ചിച്ചീന്തിയ ഇയാളെ കൊല്ലാൻ ഒരവസരം കൂടി ബഹുമാനപ്പെട്ട കോടതി എനിക്ക് തരണം.
ഈയൊരു ആവശ്യം മാത്രമേ എനിക്കുള്ളൂ.”

അനക്കമറ്റ കാറ്റിലേക്ക് ആളുകളുടെ മർമ്മരങ്ങൾ ചെറു ചലനങ്ങൾ സൃഷ്ടിച്ചു.

വിധി പറയാൻ തീയതി മാറ്റി വെച്ചത് ജഡ്ജി അറിയിച്ചതോടെ മൃദുലയെയും കൊണ്ട് കാക്കി കുപ്പായങ്ങൾ പുറത്തേക്ക് ഇറങ്ങി.

അപ്പോഴും ആക്ഷോഭ്യയായി തല ഉയർത്തി പിടിച്ചു നിന്ന അവളുടെ മുഖത്തേക്ക് ഫ്ലാഷ് ലൈറ്റ്കൾ തുരുതുരാ മിന്നി. പത്രക്കാരും മീഡിയക്കാരും അവളുടെ പ്രതികരണത്തിനും ഫോട്ടോയ്ക്കും വേണ്ടി തിക്കിതിരക്കി..

ജീപ്പിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകൾ തിരഞ്ഞത് അപ്പോഴും തന്റെപൊന്നുമോളുടെ കുഞ്ഞ് ശരീരം കടിച്ചു കുടയുന്ന ആ മനുഷ്യ മൃഗത്തെയായിരുന്നു !!

Leave a Reply

Your email address will not be published. Required fields are marked *