രാത്രിയിൽ ആ കര വലയത്തിൽ ഒതുങ്ങി കിടന്ന് അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ ചിത്രങ്ങൾ വരയ്ക്കുവാനും, വാ തോരാതെ മനസ്സിലുള്ളതെല്ലാം തുറന്നു പറയാനും,

(രചന: ശാലിനി മുരളി)

“അതേയ് ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് വല്ല ഓർമ്മയുമുണ്ടോ ? ”
പ്രേമ പരവശയായി ആണ്‌ അവൾ തന്റെ പ്രിയ ഭർത്താവിനോട് ആ ചോദ്യം ചോദിച്ചത്. പക്ഷേ ഫോണിലൂടെ കേട്ട മറുപടി അവളെ തകർത്തു കളഞ്ഞു.

“ഒരു കുരിശ് എടുത്തു തലയിൽ വെച്ച ദിവസം ആരെങ്കിലും മറക്കുമോ.. ”
അന്ന് അവരുടെ ഒന്നാം വിവാഹവാർഷിക ദിനമായിരുന്നു..

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ വിദേശത്തേക്ക് വിമാനം കയറിയ ഭർത്താവിന്റെ വിരഹം താങ്ങാനാവാതെ മുറിയിലെ ഏകാന്തതയിൽ അവൾ ഒരു വർഷത്തോളം എങ്ങനെയൊക്കെയോ കരഞ്ഞും അവനുള്ള പ്രണയലേഖനങ്ങൾ എഴുതിയും, അവന്റെ ഫോട്ടോയിൽ കാതര മിഴിയാൽ ചുംബന പൂക്കൾ അർപ്പിച്ചും കഴിഞ്ഞ് പോകുന്ന നാളുകൾ !!.

വിളിക്കുമ്പോഴൊക്കെ ഇനിയെന്നാണ് വരുന്നത്..
എനിക്ക് കാണാൻ കൊതിയായിട്ട് വയ്യാ എന്നൊക്കെപറഞ്ഞ് ഫോണിലൂടെ അവൾ വിതുമ്പി കരഞ്ഞു..

“വരാം.. ഞാൻ ഇങ്ങോട്ട് വന്നതല്ലേയുള്ളൂ നീ ഒന്ന് അടങ്ങിയിരിക്ക്.. ഇനി രണ്ട് വർഷം കഴിയാതെ എനിക്ക് വരാൻ പറ്റില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ.. ”

അതുകേൾക്കുമ്പോൾ അവൾക്ക് കൂടുതൽ കരച്ചിൽ വരും.. വേണ്ടായിരുന്നു.. ഈ ഗൾഫുകാരെ കല്യാണം കഴിച്ചാലുള്ള സ്ഥിതി ഇതാണ്..

ജീവിതത്തിലെ ഒരു നല്ല കാര്യത്തിനും കൂടെയുണ്ടാവില്ല..
പാറു ചിറ്റയെ കല്യാണം കഴിച്ചതും ഒരു ഗൾഫുകാരനാണ്.. അന്ന് ആ ആലോചന വന്നപ്പോൾ വീട്ടിലെല്ലാവർക്കും എന്തായിരുന്നു സന്തോഷം !

പാറു ചിറ്റ നിലത്തൊന്നും അല്ലായിരുന്നു..
പക്ഷേ കല്യാണം കഴിഞ്ഞ് ആള് പോയതോടെ വാടിവീണ ആമ്പൽ പൂവ് പോലെയായി ചിറ്റ..
ആരോടും മിണ്ടാട്ടമില്ലാതെ മുറിയിലൊരേ കിടപ്പ്..

പലപ്പോഴും ചിറ്റപ്പന്റെ ഫോട്ടോയും നെഞ്ചോട് ചേർത്ത് കണ്ണീരൊഴുക്കുന്നത് വാതിൽ പാളിക്കിടയിലൂടെ മറഞ്ഞു നിന്ന് കണ്ടിട്ടുണ്ട്..
ഇതിനിത്ര കരയാൻ എന്താണ് !! പോയിട്ട് രണ്ട് വർഷം കഴിഞ്ഞു ആൾ ഇങ്ങെത്തുമല്ലോ.. അതും കയ്യ് നിറയെ ചിറ്റയ്ക്കുള്ള സമ്മാനങ്ങളുമായിട്ട്..
മായക്കുട്ടിയുടെ ഏട്ടൻ പണ്ട് ഗൾഫിൽ പോയിട്ട് വന്നപ്പോൾ എത്ര പെട്ടികളാണ് കൊണ്ടുവന്നത്..

അവൾ ദിവസവും ഓരോ പുതിയ മണമുള്ള സ്പ്രേയും അടിച്ച് ഞങ്ങളുടെ മുന്നിലൂടെ എന്ത് ഗമയിലാണ് വിലസിയിട്ടുള്ളത്..
അവൾ കൊണ്ട് തരുന്ന പല വർണ്ണ കടലാസ്സിലുള്ള മിട്ടായികൾ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
അന്നേ മനസ്സിൽ മോഹിച്ചതാണ്.. കല്യാണം കഴിക്കുന്നെങ്കിൽ ഒരു ഗൾഫുകാരനെ തന്നെ മതിയെന്ന്..

സ്വർണ്ണ കളറിലുള്ള വാച്ചും, പളപളാ മിന്നുന്ന ചൈനീസ് സിൽക്ക് സാരിയും കനം കൂടിയ ഗൾഫ് മാലയും, തോളിലൊരു വാനിറ്റി ബാഗും തൂക്കി ഭർത്താവിന്റെ കയ്യിൽ പിടിച്ച് ആൾക്കാരുടെ മുന്നിലൂടെ അങ്ങനെ ഗമയിൽ നടക്കുന്ന രംഗങ്ങൾ കണ്ട് കുറെ പുളകം കൊണ്ടതാണ്.. ഇന്ന് അതൊക്കെ ഓർക്കുമ്പോഴേ അവൾക്ക് ഓക്കാനമാണ് വരുന്നത്..

ഭർത്താവിനോടൊപ്പമുള്ള ഒരു ജീവിതം മാത്രമാണ് ഇന്നവളുടെ ഏക സ്വപ്നം !
രാത്രിയിൽ ആ കര വലയത്തിൽ ഒതുങ്ങി കിടന്ന് അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ ചിത്രങ്ങൾ വരയ്ക്കുവാനും, വാ തോരാതെ മനസ്സിലുള്ളതെല്ലാം തുറന്നു പറയാനും, അയാളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് എല്ലാം ചെയ്ത് കൊടുക്കാനും വല്ലാത്തൊരു കൊതി തോന്നിപ്പോകുന്നു..

പക്ഷേ ആഗ്രഹങ്ങൾ സഫലമായപ്പോഴാണ് ഇത്രയും തീവ്രമായിരുന്നോ വിരഹ വേദന എന്ന് അവൾ അത്ഭുതപ്പെട്ടുപോയത് !!
കല്യാണ ആൽബത്തിൽ ഒരു ചുള്ളൻ ചെക്കനായി തന്നോട് ചേർന്ന് നിൽക്കുന്ന ഭർത്താവിന്റെ ഫോട്ടോയിലേക്ക് എത്ര നേരം നോക്കിയിരുന്നാലും അവൾക്ക് മതിവരില്ല.

അമ്മായി അമ്മയുടെ പിറുപിറുക്കലുകളും, കറുത്ത മുഖവും കണ്ടാലും അവൾ തന്റെ ജോലികൾ വളരെ പെട്ടന്ന് തന്നെ തീർത്ത് മുറിയിലെ ഏകാന്തതയിലേക്ക് ചേക്കേറും..
അവിടെ അയാളുടെ നിശ്വാസങ്ങളും ഗന്ധങ്ങളും തങ്ങി നിൽപ്പുണ്ടെന്ന് തോന്നി..

അന്ന് അയാൾ പോകുന്നതിന് മുൻപ് അണിഞ്ഞിരുന്ന ഷർട്ട് ഒരു നിധി പോലെ തന്റെ കിടക്കയുടെ വലത്ത് ഭാഗത്ത്‌ അവൾ ആരും കാണാതെ സൂക്ഷിച്ചു വെച്ചു. ഓർമ്മകകൾ ശക്തമാകുമ്പോൾ ആ ഷർട്ടിലെ അയാളുടെ ഗന്ധത്തിലേക്ക് അവൾ ആഴ്ന്നിറങ്ങി ! ഡയറി എടുത്ത് അന്ന് നടന്ന കാര്യങ്ങളും തന്റെ മോഹങ്ങളും നിരാശകളുമെല്ലാം അവൾ അതിൽ കോറിയിടും..

ഒരു സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചു മാത്രമാണ് വാർഷിക ദിവസത്തിന്റെ കാര്യം അയാളിൽ നിന്ന് അവൾ മറച്ചു പിടിച്ചത്..
അതെങ്കിലും ഓർക്കുന്നുണ്ടോ എന്നൊന്ന് അറിയണമല്ലോ… പക്ഷേ തലേദിവസം രാത്രിയിൽ വിളിച്ചപ്പോൾ പോലും അയാൾ അതേക്കുറിച്ച് ഒരക്ഷരം സൂചിപ്പിച്ചില്ല..

അവളാകട്ടെ പ്രതീക്ഷയോടെ കാത്തിരുന്നത് വെറുതെ ആയല്ലോ എന്ന മനോവിഷമത്തോടെ ഡയറിയിൽ തന്റെ വേദന മുഴുവനും പകർത്തി വെച്ചിട്ട് ലൈറ്റ് പോലും അണക്കാൻ മിനക്കെടാതെ നിരാശയോടെ കയറിക്കിടന്നു..
തങ്ങളുടെ വിവാഹ ദിവസം കലണ്ടറിൽ ഒരു ചുവന്ന വൃത്തത്തിനുള്ളിൽ അവൾ ഒരു മാസം മുൻപേ വരച്ചിട്ടിരുന്നു.

ആ ദിവസങ്ങളിലേക്ക് എത്താൻ കൊഴിഞ്ഞു പോകുന്ന ദിനങ്ങളെ അവൾ ആവേശത്തോടെ വെട്ടി വെട്ടി കളഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ കാത്തിരുന്ന അവളുടെ ജീവിതത്തിലെ ആ ധന്യ ദിനമായിരുന്നു ഇന്ന്.
പുലർച്ചെ എഴുന്നേറ്റു കുളിച്ച് സെറ്റ് മുണ്ടും മുല്ലപ്പൂവും ഒക്കെ ചൂടി ഒരു നവവധുവിന്റെ താരള്യത്തോടെ കൃഷ്ണന്റെ അമ്പലത്തിലേക്ക് തിരിച്ചു..

ഭർത്താവിന്റെയും തന്റെയും നാളുകൾ പറഞ്ഞ് ഐക്യമത്യാർച്ചനയും പാൽപ്പായസവും കഴിപ്പിച്ചു.. ഭർത്താവിന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ നിറകുടങ്ങളായി. ആദ്യത്തെ വിവാഹ വാർഷികമായിട്ട് ഇങ്ങനെ ഒറ്റയ്ക്ക് വന്നു നിന്റെ മുന്നിൽ നിൽക്കാനാണല്ലോ കൃഷ്ണ.. എന്റെ വിധി.
തിരികെ വീട്ടിൽ എത്തുവോളം മനസ്സിന്റെ പിടച്ചിൽ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു.

കൂടെയുണ്ടാവേണ്ട ആളിന്റെ കുറവ് മറക്കാൻ എത്ര ശ്രമിച്ചിട്ടും ഒരു കാരമുള്ള് പോലെ അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വീട്ടിൽ എത്തി പല ജോലി തിരക്കിലേയ്ക്ക് ഊളിയിടുമ്പോഴും
ഫോണിലേക്ക് ഇടയ്ക്ക് ഒന്ന് നോക്കാൻ അവൾ മറന്നില്ല. ഇല്ല ! ഏറെ നേരമായിട്ടും ഒരു മിസ്കാൾ പോലുമില്ല. ദുഷ്ടൻ !

ഇങ്ങോട്ട്വി ളിക്കുമോന്ന് അറിയട്ടെ..
താൻ ഏതായാലും ഓർമിപ്പിക്കുവാനെ പോകുന്നില്ല. പക്ഷേ ഉച്ചയായിട്ടും അയാൾ വിളിച്ചതേയില്ല.. ഇല്ല ഇനിയും ഈ കാത്തിരിപ്പ് സഹിക്കാൻ വയ്യ..

അങ്ങോട്ടൊന്നു വിളിച്ചു നോക്കാം. അങ്ങെനെ എങ്കിലും ഇങ്ങോട്ട് വിളിക്കുമോന്നു നോക്കാം.
ഭർത്താവിന്റെ നമ്പറിലേയ്ക്ക് ഒരു മിസ്കാൾ കൊടുത്തിട്ട് അവൾ കാത്തിരുന്നു..
അയാൾ പക്ഷെ വിളിച്ചതേയില്ല !

വൈകുന്നേരം വിളക്കത്തു വെയ്ക്കാനുള്ള പൂക്കൾ പിച്ചുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. കയ്യിലിരുന്ന തളിക എങ്ങോട്ടോ വെച്ച് ഉത്സാഹത്തോടെ ഓടി അവൾ അകത്തു കയറി.

“ഹലോ..”

ഓടി വന്നതിന്റെ കിതപ്പ് കേട്ടിട്ടാവണം ഇങ്ങോട്ട് ഒരു ചോദ്യമാണ് ആദ്യമുണ്ടായത്..

“എവിടെയോ മറിയാൻ പോയ ലക്ഷണം ഉണ്ടല്ലോ ”

“അത് ഞാൻ വിളക്ക് കൊളുത്താനുള്ള ഒരുക്കത്തിലായിരുന്നു.. മറിയാൻ ഇവിടെന്താ സ്വിമ്മിംഗ് പൂള് ഉണ്ടാക്കിവെച്ചിട്ടുണ്ടോ.
ഏട്ടനെന്താ രാവിലെ വിളിക്കാഞ്ഞത്.. ”

“രാവിലെ അതിനെന്തു വിശേഷമായിരുന്നു ഇവിടെ ..”
കൊള്ളാം !! നല്ല കക്ഷിയാണ്.. വായിൽ വന്നത് ഒരു തർക്കുത്തരം ആയിരുന്നു. പക്ഷെ, പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റിയത് കൊണ്ട് അയാൾ രക്ഷപെട്ടു!

“കൊള്ളാം ! മറന്നു പോയോ ഇത്ര പെട്ടന്ന്.. ”

“നീ കാര്യം എന്താന്ന് വെച്ചാൽ പറ പെണ്ണെ. നിന്നെ പോലെ വെറുതെയിരുന്നു സ്വപ്നം കാണുവല്ല ഞാനിവിടെ. എനിക്ക് ഒരുപാട് ജോലിതിരക്ക് ഉള്ളതാ .. ”

അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. ദുഷ്ടൻ. പറയുന്നത് കേട്ടില്ലേ.ഒന്നും ഓർമ്മയില്ല. ഈ കണക്കിന് നാട്ടിൽ വരുന്നതിനു മുൻപ് തന്നെയും കൂടി മറന്നു കളയുമല്ലോ!
എന്തൊരു മനുഷ്യനാണ് !! ഒടുവിൽ സഹികെട്ട്, നിവൃത്തിയില്ലാതെ അവൾക്ക് തന്നെ ആ വിശേഷം പറയേണ്ടി വന്നു..

പക്ഷെ, തിരികെ കിട്ടിയ ആ മറുപടി ആയിരുന്നു അവളെ വല്ലാതെ തകർത്തു കളഞ്ഞത്..
കുരിശ് ആണത്രേ താൻ ! കുരിശ് !!
അപ്പോൾ ഈ ദിവസത്തിന്റെ പ്രത്യേകത അറിയാൻ വയ്യാഞ്ഞിട്ടുമല്ല..
തന്നെ മനപ്പൂർവ്വം വേദനിപ്പിക്കാൻ വേണ്ടി കാത്തിരുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.. ഫോൺ കട്ട് ചെയ്ത് ഒരു കരച്ചിലോടെ അവൾ കട്ടിലിലേക്ക് വീണു..

എത്ര ദിവസങ്ങളായുള്ള കാത്തിരിപ്പായിരുന്നു..
ഒന്ന് സന്തോഷത്തോടെ സംസാരിച്ചാൽ മാത്രം മതിയായിരുന്നു തന്റെ മനസ്സിനൊരു ആശ്വാസം കിട്ടാൻ.. പക്ഷേ ഇത് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല..
എത്ര നേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല.. അമ്മ വിളക്ക് കൊളുത്തിയതും നാമം ചൊല്ലാനിരുന്നതുമൊന്നും അവൾ കേട്ടില്ല.
എപ്പോഴാ അമ്മ മുറിയിൽ വന്നു ലൈറ്റ് തെളിച്ചപ്പോൾ ആ പ്രകാശത്തിലേക്ക് നോക്കാനാവാതെ അവൾ തലയണയ്‌ക്കുള്ളിലേക്കു മുഖം പൂഴ്ത്തി..

“ദേ.. ലച്ചൂനെ അന്വേഷിച്ച് ആരോ വന്നിരിക്കുന്നു..”

വിശ്വാസം വരാതെ അവൾ അമ്മായിയമ്മയെ നോക്കി.. തന്നെ ഈ സന്ഡ്യാ നേരത്ത് ആര് തിരക്കി വരാനാണ്.. വീട്ടിൽ നിന്ന് രാവിലെ വിളിച്ച് ആശംസകളൊക്കെ പറഞ്ഞതാണല്ലോ.
കരഞ്ഞു കരഞ്ഞു മുഖവും കണ്ണുമെല്ലാം ചുവന്നു തുടുത്തിരുന്നു..

കണ്ണാടിയിൽ നോക്കി കൈത്തലം കൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചു. മുടിയും ഡ്രസ്സും നേരേ പിടിച്ചിട്ടു.. ഹാളിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരാൾ ചിരിയോടെ അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവളെ കണ്ടപാടെ അയാൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ലക്ഷ്മിയല്ലേ.. എന്നെ മനസ്സിലായി കാണില്ല അല്ലെ.. സോറി വരാൻ അല്പം ലേറ്റ് ആയിപ്പോയി.. ഞാൻ ദേവന്റെ ഫ്രണ്ട് കാർത്തിക് ആണ്. ഇന്നലെ ആണ് നാട്ടിലെത്തിയത്.. ”

സംസാരിച്ചു കൊണ്ട് തന്നെ അയാൾ ടീപ്പോയിൽ ഇരുന്ന ഒരു വലിയ കവർ എടുത്ത് അവൾക്ക് നേരേ നീട്ടി.. ഒരന്ധാളിപ്പോലെ അവൾ അതിലേക്ക് തുറിച്ചു നോക്കി.

“ഇന്ന് രാവിലെ തന്നെ ഇങ്ങ് എത്തിച്ചേക്കണമെന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നതാണ്.. പക്ഷേ ഇറങ്ങാൻ കുറച്ചു താമസിച്ചു പോയി..സോറി.”

ഒരു സ്വപ്നത്തിലെന്നവണ്ണം യാന്ത്രികമായി അവളത് വാങ്ങുമ്പോൾ ഒരു നിറഞ്ഞ ചിരിയോടെ അയാൾ ആശംസിച്ചു..

“വിഷ് യു എ ഹാപ്പി വെഡിങ്ങ് ആനിവേഴ്സറി ”

കണ്ണുകൾ വല്ലാതെ മിഴിഞ്ഞു പോയി..
അയാൾ പറഞ്ഞത് മനസ്സിലാക്കാൻ അവൾക്ക് ഏറെ നേരം വേണ്ടി വന്നു. ഇപ്പോൾ സന്തോഷമായില്ലേ.. വെറുതെ എന്റെ മോനെ നീ തെറ്റിദ്ധരിച്ചില്ലേ..എന്നൊരു നോട്ടം അവളിലേക്ക് എറിഞ്ഞ് അമ്മ ചായ എടുക്കാൻ അകത്തേക്ക് പോയി..അവളുടെ മുറിയിൽ അപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു !!

ഒരു നാണത്തോടെ കുനിഞ്ഞ മുഖവുമായി നിൽക്കുന്ന ലക്ഷ്മിയെ നോക്കി കള്ള ചിരിയോടെ അയാൾ പറഞ്ഞു. അവനായിരിക്കും വിളിക്കുന്നത്, പോയി എടുത്തോളൂ … ”

കയ്യിലിരുന്ന കവറുമായി അവൾ ഓടി..അതോ പറക്കുകയായിരുന്നോ !!

Leave a Reply

Your email address will not be published. Required fields are marked *