ഡിവോഴ്സ് ചെയ്ത് വീട്ടിൽ വന്നു കുടിയിരിക്കുന്ന പെങ്ങൾക്ക് ചിലവിന് കൂടി കൊടുക്കാൻ ഉള്ള സാമ്പത്തീകമൊന്നുമില്ലെന്നു പറഞ്ഞും പറയാതെയും ഒളിയമ്പുകൾ അയച്ചുകൊണ്ടിരുന്ന നാത്തൂനും

തിരുപ്പൂരിലെ ഒരു കൊച്ചു ഗ്രാമം
(രചന: ശാലിനി)

അവിടെ ഏറെയും മലയാളികൾ തിങ്ങി പാർക്കുന്നയിടമാണെന്ന് തെളിയിച്ചുകൊണ്ട് പാതയുടെ ഓരോ അറ്റത്തും ഓരോ മലയാളി ഹോട്ടലുകളും ബേക്കറികളും പരിചിതമായ രുചിയുടെ ഗന്ധങ്ങൾ സമ്മാനിച്ചുകൊണ്ട് തെളിച്ചമുള്ള ഒരു വലിയ ചിരിയോടെ സ്വാഗതം ഓതിക്കൊണ്ട് നിലനിന്നിരുന്നു..

തോളിലെ കനത്ത ബാഗും കയ്യിലെ മറ്റൊരു സഞ്ചിയും ഞാൻ മാറിമാറി പിടിച്ചു കൊണ്ട് ചുറ്റുപാടും ഒന്ന് നോക്കി..

മെടഞ്ഞിട്ട നീണ്ട ചെമ്പൻ മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി ഒരു പറ്റം സ്ത്രീകൾ എന്തൊക്കെയോ തമ്മിൽ പറഞ്ഞും അമർത്തി ചിരിച്ചും അതുവഴി കടന്നു പോയി..

തൊട്ടടുത്തു കണ്ട ചെറിയൊരു കടയിലെയ്ക്ക് കയറി. അവിടെ ഇരുന്ന ഒരു യുവാവിന്റെ നേർക്ക് കയ്യിലിരുന്ന ഒരു തുണ്ട് പേപ്പർ നീട്ടി..

അതിലേക്കൊന്നു നോക്കിയിട്ട് വലതു വശത്തേക്ക് കാണുന്ന ടാറിട്ട ചെറിയൊരു വഴിയിലേക്ക് അയാൾ കയ്യ് ചൂണ്ടി..

അയാളുടെ വിരലിന്റെ അങ്ങേയറ്റത്ത് ഒരു വെളുത്ത പെയിന്റ് പൂശിയ വലിയൊരു കെട്ടിടം ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു.

നന്ദി സൂചകമായി ഞാൻ അയാളെ നോക്കി കൈ കൂപ്പി തൊഴുതു. വീണ്ടും തോളത്തെ വലിയ ഭാരവും താങ്ങി മുന്നോട്ട് നടന്നു..

അപ്പോൾ മുൻപേ കണ്ട കലപില പറഞ്ഞു മുല്ലപ്പൂ വാസനയുമായി കടന്നുപോയ സ്ത്രീകൾ അവിടെ നിരയായി നിൽപ്പുണ്ടായിരുന്നു..!

കൂറ്റൻ ഗേറ്റിനു മുൻപിൽ വരച്ചു വെച്ചത് പോലെ നിൽക്കുന്ന വാച്ച് മാൻ.

അയാളെ മറികടന്നു മുന്നിൽ കണ്ട കണ്ണാടി ചില്ലിട്ട വലിയ ക്യാബിനിലേക്ക് കയറുമ്പോൾ പുതിയൊരു ലോകത്ത് എത്തിപ്പെട്ടത് പോലെ തോന്നിച്ചു..
അവിടെ നിരന്നു കിടന്ന കസേരയിൽ നിറയെ പെൺകുട്ടികൾ !

ഒടുവിൽ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു എന്റെ പേര് വിളിച്ചത്.. സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ കൊടുത്തിട്ട് കുറച്ചു ചോദ്യങ്ങളും അന്വേഷണങ്ങളും കഴിഞ്ഞു പുറത്ത് കാത്തിരിക്കാൻ പറഞ്ഞു..

അടുത്തിരുന്ന പലരോടും നാടും വീടും പേരുമൊക്കെ പറഞ്ഞും ചോദിച്ചും പരസ്പരം പരിചയപ്പെട്ടപ്പോൾ വലിയ ആശ്വാസം തോന്നി.

പേരുകേട്ട എക്സ്പോർട്ടിങ്‌ കമ്പനി ആണ്. പേടിക്കാനൊന്നുമില്ല. കൂടുതലും അവിവാഹിതരായ ചെറുപ്പക്കാരായിരുന്നു.

അന്ന് തിരഞ്ഞെടുത്തവർക്ക് വേണ്ട നിർദ്ദേശങ്ങളും ചുമതലകളും നൽകിയ ശേഷം പി ആർ ഒ എല്ലാവരെയും കമ്പനിയോട് തൊട്ടു ചേർന്നുള്ള വലിയൊരു ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഓരോ വലിയ ഹാളിലും അഞ്ചാറ് ഡബിൾ കട്ടിലുകളും അലമാരകളും ഒക്കെയുള്ള ഒരു ഹോസ്റ്റൽ.

പഠിത്തവും നാട്ടിലെ ചില പ്രൈവറ്റ് ഓഫീസിലെ ജോലികളും ഒക്കെയായി കഴിയുമ്പോഴാണ് പത്രത്തിലെ ആ പരസ്യം കണ്ണിലുടക്കിയത്.

തിരുപ്പൂരിലെ എക്സ്പോർട്ടിങ് കമ്പനിയിലേക്ക് ക്വാളിറ്റി ചേക്കേഴ്സിനെ ആവശ്യമുണ്ട്. താൽപ്പര്യം ഉള്ളവർ പറഞ്ഞിരിക്കുന്ന തീയതിയിൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം എന്നായിരുന്നു ഉള്ളടക്കം.

ഒരു മാറ്റം കൊതിച്ചിരുന്ന നേരത്തായിരുന്നു ആ ഓഫർ എന്റെ മുൻപിൽ എത്തിപ്പെട്ടത്..
ജീവിതം വഴി മുട്ടി നിന്ന നേരം..ഇപ്പോഴുള്ള ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടിലുള്ളവർക്ക് വളരെ പുച്ഛമായിരിക്കുന്നു..

ഡിവോഴ്സ് ചെയ്ത് വീട്ടിൽ വന്നു കുടിയിരിക്കുന്ന പെങ്ങൾക്ക് ചിലവിന് കൂടി കൊടുക്കാൻ ഉള്ള സാമ്പത്തീകമൊന്നുമില്ലെന്നു പറഞ്ഞും പറയാതെയും ഒളിയമ്പുകൾ അയച്ചുകൊണ്ടിരുന്ന നാത്തൂനും താൻ ഒന്ന് ഒഴിവായി കിട്ടിയാൽ അത്രയും ആശ്വാസം ആകുമല്ലോ..

പ്രായമായ അമ്മയ്ക്ക് മകളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഒരു നിവൃത്തിയുമില്ല.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ. ആ ഒരോർമ്മയിൽ ആരും കാണാതെ പെട്ടെന്ന് ഞാൻ കണ്ണുകൾ തുടച്ചു..

“നയന ഡൈനിങ് ഹാളിലേക്ക് വരൂ.
മേട്രൺ എല്ലാവരെയും വിളിക്കുന്നുണ്ട് ”

കയ്യിലിരുന്ന ബാഗുകൾ കബോർഡിനുള്ളിലേക്ക് ഒതുക്കി വെച്ചു. ഇന്റർവ്യൂവിന് വന്നപ്പോൾ തൊട്ട് അടുത്തിരുന്ന കുട്ടിയാണ് രാധിക.നാട്ടിൽ ഒറ്റപ്പാലത്താണ് വീട്. പരിചയപ്പെട്ടപ്പോൾ ചെറിയൊരു അടുപ്പം തോന്നിയത് അതിനോട് മാത്രമാണ്..

രാധികയോടൊപ്പം ചെല്ലുമ്പോൾ ഒരു അൻപത് അൻപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന പ്രൗഢയായ ഒരു സ്ത്രീ ഹാളിലെ കസേരയിൽ കാത്തിരിപ്പുണ്ടായിരുന്നു..

എല്ലാവരെയും പരിചയപ്പെട്ടും നിയമങ്ങളും നിർദ്ദേശങ്ങളും പറഞ്ഞു തന്നും ആ ഒരു ദിവസത്തെ എല്ലാവരും ഉല്ലാസകരമാക്കി.

എക്സ്പോർട്ട് ചെയ്യേണ്ടുന്ന ടീ ഷർട്ടുകളും ഫ്രോക്കുകളും കുഞ്ഞുടുപ്പുകളുമൊക്കെ പരിശോധിച്ച് അയണിങ്‌ സെക്ഷനിലേക്ക് കൊടുക്കുന്നത്തിന്റെ ചാർജ്ജ് ഞങ്ങളുടെ കൂടെയുള്ള മൃദുല എന്ന തമിഴ് പെൺകുട്ടിക്കായിരുന്നു..

വളരെ ചുറുചുറുക്കോടെ ഓടിനടന്ന് ജോലി ചെയ്യുകയും ഹോസ്റ്റലിൽ എല്ലാവരോടും വളരെ പക്വതയോടെ പെരുമാറുകയും ചെയ്യുന്ന അവളോട് എല്ലാവർക്കും വളരെ പ്രിയമായിരുന്നു..

ജോലി കഴിഞ്ഞുള്ള നേരങ്ങളിൽ എല്ലാവർക്കുമൊപ്പം ഇരുന്ന് വീട്ടുകാര്യങ്ങളും സ്വന്തം ജീവിതങ്ങളും പങ്കു വെയ്ക്കുമ്പോൾ തുറന്നു പറയാൻ വയ്യാത്ത ഒരുപാട് കാര്യങ്ങൾ ഒളിപ്പിച്ചു വെയ്ക്കുവാൻ വല്ലാതെ പാടുപെട്ടു..

അതുകൊണ്ട് തന്നെ ആരോടും അധികം അടുപ്പത്തിന് പോകാതെ ഒതുങ്ങിക്കഴിയാനായിരുന്നു ഇഷ്ടപ്പെട്ടത്..

ഒരിക്കൽ വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ അമ്മയുടെ ക്ഷീണിച്ച സ്വരത്തിൽ വല്ലാത്തൊരു വേദന കലർന്നതു ശ്രദ്ധിച്ചു..

എടുത്തു ചോദിച്ചെങ്കിലും പറയാൻ വയ്യാതെ വിമ്മിഷ്ടപ്പെട്ടുനിന്ന അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഏട്ടത്തിയമ്മ പറഞ്ഞ വാക്കുകൾ കേട്ട് കുറച്ചു നേരം തരിച്ചു നിന്നു..

പക്ഷെ അടുത്ത് നിന്നിരുന്ന രാധിക തന്നെ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലായപ്പോൾ പെട്ടെന്ന് വിഷയം മാറ്റി മക്കളുടെ വിശേഷങ്ങൾ തിരക്കുകയും ചെയ്തു..

കലപിലകൾക്കിടയിലും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടൊരു മനസ്സുമായി സ്വന്തം കട്ടിലിൽ ഒതുങ്ങി കൂടി. അപ്പോഴും ഫോണിലൂടെ വാക്കുകൾ ഉള്ളിൽ കിടന്നു വട്ടം ചുറ്റിക്കൊണ്ടിരുന്നു..

ശ്രീനിയുടെ മാര്യേജ് കഴിഞ്ഞത്രെ സമാധാനം ! അതുകേൾക്കുമ്പോൾ തന്റെ മനസ്സിനെ ബാധിക്കുന്ന നൊമ്പരം ഭാവനയിൽ കണ്ട് നിർവൃതി അടഞ്ഞതിന്റെ സന്തോഷത്തിലാവണം അവർ കേട്ട വാർത്തയുടെ ചൂട് പോകാതെ ഫോൺ വിളിച്ചത്..

ഒരു നരകം ജീവിതത്തിൽ നിന്ന് അകന്നു പോയ രാത്രി പോലും താൻ കരഞ്ഞിട്ടില്ല., പിന്നെയാണോ ഇന്ന് തനിക്ക് വെറുമൊരു അന്യനായ അയാളുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത കേൾക്കുമ്പോൾ തോന്നുന്നത്.

രാത്രികളുടെ ഇരുണ്ട മാറിൽ സ്ത്രീ രൂപത്തോട് ആർത്തി കാണിച്ച് മൃത പ്രായയാക്കുന്ന ഒരു ഭർത്താവിനെ വെറുത്തു പോയത് കൊണ്ടാണ് അയാളിൽ നിന്ന് എന്നന്നേക്കുമായി അകലാൻ തീരുമാനിച്ചത്..

സ്വന്തം ഭാര്യയോട് മൃദുലമായി പെരുമാറുന്നത് അനാവശ്യമാണെന്നുള്ള ധാരണ വെച്ചു പുലർത്തുന്ന അയാളെ വേണ്ട എന്ന് തുറന്നു തന്നെ പറഞ്ഞു..

അമ്മയുടെ ദൈന്യത നിറഞ്ഞ നോട്ടവും ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും പ്രോകോപിക്കുന്ന സംസാരങ്ങളും കുറച്ചു നാളത്തേക്ക് അവഗണിച്ചു..

എങ്കിലും ഇരുട്ടിൽ ഉയരുന്ന അമ്മയുടെ തേങ്ങലുകൾ ഒരുപാട് നാളൊന്നും അവഗണിക്കാനായില്ല.. ലൈറ്റ് തെളിച്ച് അയാൾ തന്നിലേൽപ്പിച്ച ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ കാട്ടികൊടുത്തിട്ടാണ് ചോദിച്ചത്..

“അമ്മ പറ ഇനിയും ഞാൻ അവിടെ കിടന്നു ചാകണമായിരുന്നോ. ഇതിന് വേണ്ടിയായിരുന്നോ നിങ്ങളെല്ലാരും
എന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തത്.. ”

സിഗരറ്റു കൊണ്ട് കുത്തിയിറക്കിയ തുടയിലെയും മാറിലെയും വ്രണങ്ങളിലൂടെ തലോടിയ വിരലിൽ അമ്മയുടെ കണ്ണുനീർ അടർന്നു വീണു കൊണ്ടേയിരുന്നു..

“എന്നെ കുറിച്ച് നിങ്ങളാരും വിഷമിക്കണ്ട
ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.
കിട്ടിയാലുടനെ ഞാൻ ഒഴിഞ്ഞു തന്നേക്കാം”

പെറ്റ വയറ്റിനോട് അങ്ങനെയൊക്കെ പറയുന്നത് ക്രൂരത ആണെന്നറിയാഞ്ഞിട്ടല്ല..പക്ഷെ മറ്റുള്ളവരുടെ മുന്നിലുള്ള അമ്മയുടെ നിസ്സഹായത ഓർത്തിട്ടാണ്..

അതുകൊണ്ട് തന്നെ ഇങ്ങോട്ട് വന്നിട്ട് ഇന്നുവരെയും അമ്മയെ വിളിക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..

മറ്റുള്ളവരുടെ ബഹളങ്ങളിൽ പലപ്പോഴും തന്റെ സ്വന്തം കാര്യം ചിന്തിക്കാൻ പോലും നേരം കിട്ടിയിരുന്നില്ല.. ജോലിയുടെ തിരക്കുകളും മുല്ലപ്പൂവിന്റെ ഗന്ധങ്ങളും ഓരോ ദിനങ്ങളെയും ആട്ടിത്തെളിച്ചു കൊണ്ടിരുന്നു..

ജീവിക്കാൻ വേണ്ടി പല നാടുകളിൽ നിന്നെത്തിയ പല തരക്കാരുടെ ഇടയിൽ വലിയ ഗൗരവത്തിൽ ഇരുന്ന തന്നോട് അടുക്കാനും ആരും അധികം ശ്രമിച്ചിരുന്നില്ല.

പക്ഷെ മധുരയിൽ നിന്നെത്തിയ മൃദുലയെ എന്ത് കൊണ്ടോ അറിയാതെ ശ്രദ്ധിച്ചിരുന്നു..
വളരെ പെട്ടെന്ന് ആയിരുന്നു എല്ലാവരേക്കാൾ മുന്നേ ജോലിയിൽ മിടുക്കും കഴിവും കാട്ടി ഉയർന്ന പോസ്റ്റിൽ അവളെത്തിയത്..

ചടുലമായ തമിഴ് സംസാരവും തീക്ഷ്ണമായ മുഖഭാവവും പക്വത വന്ന പെരുമാറ്റവും അവളെ മറ്റുള്ളവരിൽ നിന്നൊക്കെ വിഭിന്നയാക്കി..

ഒരു ദിവസം മൃദുലയെ തിരക്കി രണ്ട് പേർ അവളുടെ നാട്ടിൽ നിന്നെത്തിയിരുന്നു..
കൂടെ കറുത്ത് മെല്ലിച്ച ഒരു പെൺകുട്ടിയും..
അവളെ മൃദുല അക്കയെന്നാണ് വിളിച്ചത്..

അവളെയും കൊണ്ട് ഓഫീസിലേക്ക് കയറി പോകുന്നതും കുറച്ചു നേരത്തിനു ശേഷം വിടർന്ന മുഖത്തോടെ ഇരുവരും ഇറങ്ങി വരുന്നതും കണ്ടു.

അൽപ്പ സമയത്തിനകം മറ്റു രണ്ടു പേർ അവളോട് യാത്ര പറഞ്ഞു പോവുകയും പുതിയ പെൺകുട്ടിയുമായി ഹാളിലേക്ക് വന്ന മൃദുല അവൾക്ക് വേണ്ടി ഒരു മേശ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു.

പുതിയ അപ്പോയിന്മെന്റ് ആണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് മൃദുലയുടെ സ്വന്തം ചേച്ചി ആണെന്നും !

പക്ഷെ എല്ലാവരിൽ നിന്നും തീർത്തും വ്യത്യസ്തയായിരുന്നു അവൾ. പേര് പക്ഷെ,
ആ എനിക്കൊരുപാടിഷ്മായി.. ഹിമയ. നല്ല ഒതുക്കമുള്ള പേര്.

പക്ഷെ ആളിന് വലിയ കടുപ്പവും സംസാരിക്കാൻ ഇഷ്ടക്കുറവും. ആരെയും ഗൗനിക്കാതെ ഹിമയ ജോലി ചെയുകയും ഡൈനിങ് റൂമിൽ അനിയത്തിയോടൊപ്പമിരുന്ന് ആർത്തിയോടെ ആഹാരം കഴിക്കുകയും ചെയ്തു !

ഇടയ്ക്ക് എവിടെയോ ചില പാകപ്പിഴകൾ പോലെ തോന്നിച്ചു, അവളുടെ പെരുമാറ്റത്തിൽ..

പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം. മൃദുലയോട് മുറിക്കുള്ളിൽ വെച്ച് ഉറക്കെ കയർക്കുന്നതും വാശി പിടിക്കുന്നതും കേൾക്കാം..

അവളാകട്ടെ അപ്പോഴൊക്കെ സ്വാഭാവികമായ ക്ഷമയോടെ അക്കയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

“ഇങ്ങനെയുള്ളവരെയൊക്കെ എന്തിനാണ് ജോലിക്ക് എടുക്കുന്നത്.. അതും ഇത്രയും ദൂരെ..”

കൂടെയുള്ള പലരും പരസ്പരം അടക്കം പറഞ്ഞു.
പക്ഷെ മൃദുലയാകട്ടെ കേട്ടതൊന്നും ചെവിക്കൊള്ളാൻ പോയില്ല..
അല്ലെങ്കിലും ഒരാളുടെ ജീവിതത്തിലെ കുറ്റങ്ങളും കുറവുകളും മാത്രമാണല്ലോ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുക..

പ്രായമായ അച്ഛനും അമ്മയ്ക്കും ആകെയുള്ള രണ്ട് പെൺമക്കളിൽ മൂത്തവൾ ഇങ്ങനെ ആയിപ്പോയത് ആരുടെയും കുറ്റം കൊണ്ടല്ലല്ലോ..

ഇനിയും ജോലിക്ക് പോകാൻ ആവതില്ലാത്ത അച്ഛന് ഒരു ആശ്രയമാകട്ടെ എന്ന് കരുതി മാത്രമാണ് ഹിമയയെ കൂടെ നിർത്താൻ മൃദുല തയാറായത്..

അതിന്റെ പേരിൽ പലരിൽ നിന്നും പരിഹാസവും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നെങ്കിലും അവൾ തളർന്നില്ല. പയ്യെ പയ്യെ ഹിമയ ജോലികളെല്ലാം എളുപ്പം പഠിച്ചെടുത്തു..

ഇതിനിടയിൽ എപ്പോഴോ കമ്പനിയിലെ തന്നെ മറ്റൊരു സെക്ഷനിൽ ചാർജിയന്റായ സെന്തിൽ എന്നയാൾക്ക് മൃദുലയോട് ഒരു അനുരാഗം തോന്നിത്തുടങ്ങിയിരുന്നു..

അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നടന്ന അവളോട് അത് തുറന്നു പറഞ്ഞിട്ടും മറുപടി കൊടുക്കാതെ അവൾ പെട്ടെന്ന് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്..

നല്ല ബന്ധമാണെങ്കിൽ ഒന്ന് നോക്കിക്കൂടെ എന്ന് വെറുതെ ഒരു ഒഴിവ് നേരത്ത് ഞാൻ മൃദുലയോട് അതേപ്പറ്റി ചോദിച്ചുവെങ്കിലും അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ ദൂരെ കാറ്റിൽ ഉലയുന്ന വേപ്പ് മരങ്ങളിലേക്ക് നോക്കിയിരുന്നു..

” നയനക്ക് അറിയാഞ്ഞിട്ടാണ് എന്റെ കുടുംബത്തെ പറ്റി.. എനിക്ക് അക്കയുടെ ഭാവിയാണ് വലുത്.

അപ്പായുടെ ഹാർട്ടിന് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പൊ മൂന്ന് തവണയായി.. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവർക്ക് ഞാൻ മാത്രമേയുള്ളൂ.. അതിനിടയിലാ ഒരു പ്രേമം !!”

“ഹിമയയ്ക്ക് ഒരു കല്യാണം നോക്കിക്കൂടെ .. ”

“ഇങ്ങനെ ഉള്ള ആളിനെ കെട്ടാൻ ആരാണ് മനസ്സ് കാണിക്കുക. എപ്പോഴാണ് ആളു വയലന്റാവുക എന്ന് പറയാൻ പറ്റില്ല. ”

ഒരു ദീർഘനിശ്വാസത്തോടെ അവൾ പറയുന്നത് കേട്ടിരിക്കാൻ മാത്രമേ ആയുള്ളൂ.
പുലർച്ചെ എഴുന്നേറ്റു കുളിച്ച് മുരുകന്റെ കോവിലിൽ പോകാൻ ഒരുങ്ങുമ്പോൾ മൃദുലയും കൂടെ വരട്ടെ എന്ന് ചോദിക്കും..

അപ്പോഴും അവളുടെ അക്ക പുതച്ചു മൂടി നല്ല ഉറക്കമായിരിക്കും..
പുലർമഞ്ഞിന്റെ കുളിരിൽ നിരത്തിനിരുവശത്തുമുള്ള വീടുകളിൽ അപ്പോൾ കോലം വരയ്ക്കാനുള്ള ഒരുക്കത്തിലാണ് സ്ത്രീകളും
കുട്ടികളും !

മുല്ലപ്പൂ മാലകൾ കൊട്ടയിലാക്കി വിൽക്കാനായി കോവിലിന്റെ പടികൾക്കിരുവശത്തുമായി സ്ഥാനം പിടിച്ചിരിക്കുന്ന വയസ്സായവർ !

അവിടേക്കുള്ള യാത്രകളിലായിരുന്നു ഞങ്ങൾ മനസ്സുകൾ യഥേഷ്ടം തുറന്നിട്ടത്.

സെന്തിൽ സാറിനോട് ഞാൻ മൃദലയുടെ വീട്ടിലെ അവസ്ഥ പറയട്ടെ എന്ന് ചോദിച്ചപ്പോൾ

അവൾ എന്റെ കയ്യിൽ കയറി പിടിച്ചു..

“എനിക്ക് അദ്ദേഹത്തെ കുറിച്ച് എതിരഭിപ്രായം ഒന്നുമില്ല. പക്ഷെ എന്റെ അക്കയുടെ ജീവിതം ഒരു കരയ്‌ക്കെത്തിക്കുന്നത് വരെ എനിക്ക് വേണ്ടി കാത്തിരിക്കുമെങ്കിൽ സമ്മതമാണ്. ”

“അയാൾ അതുവരെ കാത്തിരിക്കുമോ മൃദൂ?? ”

“എന്നോട് തോന്നുന്ന സ്നേഹം യഥാർത്ഥമാണെങ്കിൽ കാത്തിരിക്കട്ടെ.. അല്ലെങ്കിൽ ഇത് വേണ്ടെന്ന് വെയ്ക്കാമല്ലോ.. എന്നേക്കാൾ എത്രയോ നല്ല പെൺകുട്ടികളെ സാറിന് കിട്ടും ”

“അതൊക്കെ ശരി തന്നെ..കുടുംബത്തിന് വേണ്ടി ഒടുവിൽ സ്വന്തം ഭാവി ഇല്ലാതാക്കരുത്. ”

അവൾ തല ചെരിച്ച് ഒരു വല്ലാത്ത ഭാവത്തോടെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് തിരിച്ച് എന്നോടൊരു ചോദ്യം !

“സ്വന്തം ഭാവിയെ കുറിച്ച് യമുനയ്ക്ക് എന്താ ഒരു വിചാരമില്ലാത്തത്? ”

“എന്റെ ഭാവി ഇനി മറ്റാരുടെയും കയ്യിലല്ല. ഇനിയൊരു പുതിയ ജീവിതം വയ്യാ.. എന്നെപ്പോലല്ല നിങ്ങളൊക്കെ തീരെ ചെറുപ്പമാണ്..പക്ഷെ നല്ലതും ചീത്തയും തിരിച്ചറിയാൻ മാങ്ങയോ ചക്കയോ ഒന്നുമല്ലല്ലോ ഇത് ”

അവൾക്ക് മനസ്സിലായിട്ടോ എന്തോ അപ്പോൾ ഉറക്കെ ചിരിക്കും.. കൂടെ ഞാനും !!

ഉറക്കം വരാതെ കിടന്ന ഒരു രാത്രിയിൽ അവൾക്ക് മാത്രമായി ഞാൻ എന്റെ മനസ്സ് തുറന്നിട്ടിരുന്നു. അന്ന് അത് കേട്ടപ്പോൾ അവളാദ്യം ചോദിച്ച ചോദ്യം എന്നെ അതിശയിപ്പിച്ചു !

“നയനയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ആ കാമഭ്രാന്തനെ വെട്ടിക്കൊന്നേനെ.. ഒരു പെണ്ണിന്റെ ശരീരത്തിൽ ആധിപത്യം നേടുന്നതാണോ ആണത്തം !!”

ആ ഒരു നിമിഷം എനിക്ക് ആ തമിഴ് പെൺകൊടിയോട് ആരാധന തോന്നിപ്പോയി ! അതേ പെൺകുട്ടികൾ ആയാൽ ഇങ്ങനെ തന്നെ വേണം.

എന്തും സഹിച്ച് അടിമയെ പോലെ കിടന്നു കൊടുക്കുന്നത് കൊണ്ട് മാത്രമാണ് പെണ്ണെന്ന വർഗ്ഗത്തെ ഇവർ ചവുട്ടി താഴ്ത്തുന്നത്.

ഹിമയയുടെ സ്വാഭാവത്തിൽ വന്നതിലൊക്കെ ഒരുപാട് മാറ്റം കണ്ട് തുടങ്ങി.. എല്ലാവരോടും കടുത്ത തമിഴിൽ തമാശ പറയുകയും ജോലിയിൽ വലിയ താല്പ്പര്യം കാണിക്കുകയും കോവിലിൽ രാവിലെ ഞങ്ങളോടൊപ്പം ഒരുങ്ങി വരാൻ ഉത്സാഹം കാട്ടുകയും ചെയ്തു.

പൊങ്കലിന്റെ അവധിക്ക് മിക്കവരും നാട്ടിൽ പോയപ്പോൾ പോകണോ വേണ്ടയോ എന്നൊരു ചിന്താ കുഴപ്പത്തിൽ ഇരുന്ന തന്റെ നേരെ ഒരു പായ്ക്കറ്റ് സ്വീറ്റ് നീട്ടിയിട്ട് മൃദുല മുഖം നിറയെ ചിരിയോടെ ആണ് പറഞ്ഞത്.

“ഞാനും അക്കയും നാട്ടിൽ പോകുവാ.. മാമൻ വിളിക്കാൻ വന്നിട്ടുണ്ട്. യമുന പോകുന്നില്ലേ.”

“ഒന്നും തീരുമാനിച്ചില്ല.നിങ്ങൾ രണ്ട് പേരും പോയിട്ട് വരൂ.. ”

ഹിമയ തിരിഞ്ഞു നോക്കി ഒരു യാത്ര പറച്ചിൽ പോലെ ഒന്ന് നിന്നു. പിന്നെ അടുത്തേക്ക് വന്ന് എന്റെ കയ്യിലൊരു പൊതി പിടിപ്പിച്ചു..ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കുമ്പോഴേക്കും അവൾ മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.

അവൾ തിളക്കമുള്ള മുത്തുകളും നൂലുകളും കൊണ്ട് തയ്‌ച്ചെടുത്ത മനോഹരമായ ഒരു കൊച്ചു പേഴ്സ് ആയിരുന്നു അത്..

പാവം !

പെട്ടെന്ന് ആരുമില്ലാതായ പോലൊരു തോന്നൽ.. ഒട്ടുമിക്കവരും പോയി കഴിഞ്ഞിരുന്നു..

അമ്മയുടെ പേരിൽ എല്ലാ മാസത്തേയും കാൾ കുറച്ചു കൂടുതൽ പൈസ അയച്ചു കൊടുത്തിരുന്നു.. പിന്നെ മറ്റുള്ളവരുടെ താൽക്കാലികമായ അഭിനയങ്ങൾ കാണാൻ തീരെ താല്പ്പര്യവും തോന്നിയില്ല..

ഹോസ്റ്റലിലെ പാചകകാരിക്കും അവധി കൊടുത്ത് ഞങ്ങൾ കുറച്ചു പേർ ആ ജോലി ഏറ്റെടുത്തു..

നല്ല മലയാളിത്തമുള്ള അവിയലും സാമ്പാറും ഇഞ്ചിക്കറിയുമൊക്കെ ഉണ്ടാക്കി എല്ലാവർക്കും വിളമ്പിയും ടൗണിലെ തീയറ്ററിൽ പോയി രജനീകാന്തിന്റെ പുതിയ സിനിമ കണ്ട് രസിച്ചും കുമരൻ സിൽക്കിൽ നിന്ന് പട്ടു സാരിയും ചുരിദാറുകളും വാങ്ങികൂട്ടിയും അടിച്ചു പൊളിച്ച കുറെ ദിവസങ്ങൾ !

പൊങ്കൽ അവധി തീർന്ന് പലരും തിരിച്ചെത്താൻ തുടങ്ങിയിരുന്നു.

പക്ഷെ മൃദുലയുടെയും ഹിമയയുടെയും കട്ടിലുകൾ മാത്രം അപ്പോഴും ഒഴിഞ്ഞു കിടന്നു.. എന്തോ ഒരു വിഷമം ഉള്ളിലെങ്ങോ നീറ്റലുണ്ടാക്കുന്നുണ്ടായിരുന്നു.

തന്നിരുന്ന നമ്പറിൽ വിളിച്ചപ്പോഴൊക്കെയും സ്വിച്ച് ഓഫ്‌ എന്ന് മാത്രം കേട്ട് ഒരു പന്തികേട് മണത്തു.

മേട്രനോട് അന്വേഷിച്ചു. പക്ഷെ അവർക്കും ഒരു വിവരവും ഇല്ലായിരുന്നു.. അവളില്ലാതെ കടന്നു പോയ ഓരോ ദിനങ്ങളും നരച്ച താടിരോമങ്ങൾ പോലെ കൊഴിഞ്ഞു വീണു..

പ്രതീക്ഷയോടെ മൃദുലയുടെ സീറ്റിലേക്ക് നോക്കുന്ന സെന്തിൽ സാറിന്റെ കണ്ണുകളിലെ നിരാശയുടെ നനവ് ഞാൻ മാത്രം തിരിച്ചറിഞ്ഞു..

മൃദുലയും അവളുടെ അക്കയും ഇല്ലാതെ മാസം ഒന്ന് ഒരു തടവ് പുള്ളിയെ പോലെ കടന്നു പോയി !

ഒരു അമേരിക്കൻ കമ്പനിയിലെ എമർജൻസി വർക്ക്‌ നടക്കുന്ന ഒരു ചൂടുള്ള ദിവസം.. പതിവ് പോലെ എല്ലാവരും വളരെ വേഗതയിൽ ജോലി തുടരുമ്പോൾ ആണ് അപ്രതീക്ഷിതമായി മൃദുല ഞങ്ങളുടെ സെക്ഷനിലേക്ക് കയറി വന്നത്.

പോയതിലും അവൾ ഒരുപാട് ക്ഷീണിച്ചിരുന്നു.. സന്തോഷത്തോടെ അവളുടെ കയ്യിൽ അമർത്തി പിടിച്ചപ്പോഴേക്കും നിയന്ത്രണം വിട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.. അമ്പരപ്പോടെ അവളെത്തന്നെ നോക്കിയിരുന്ന ആർക്കും ഒന്നും പിടികിട്ടിയില്ല..

“എവിടെ ഹിമയ? വന്നില്ലേ.. എന്താ വരാനിത്ര താമസിച്ചത്.. ഞാൻ എത്ര തവണ വിളിച്ചു നോക്കി.. ”

ഒന്നും പറയാനാകാതെ അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. സീറ്റിൽ നിന്ന് പെട്ടന്ന് എഴുന്നേറ്റ് ഞാൻ അവളെയും കൂട്ടി ഹോസ്റ്റൽ റൂമിലേക്ക് നടന്നു.

“എന്താ മോളെ നിന്റെ പ്രശ്നം.അച്ഛന്.. ”

“ഹിമയ പോയി.. ”

ഞെട്ടി പോയി.

” അക്കയ്ക്ക് പെട്ടെന്ന് ഒരു തലചുറ്റൽ പോലെ വന്നു. ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോഴേക്കും എല്ലാം കഴിഞിരുന്നു. സൈലന്റ് അറ്റാക്ക് !!”

യമുനാ എന്നൊരു തമിഴ് ചുവയുള്ള വിളി എവിടെനിന്നോ കേട്ടത് പോലെ പെട്ടന്ന് തിരിഞ്ഞു നോക്കി..

“അക്കയുടെ കുറച്ചു സാധനങ്ങൾ ഇവിടെയുണ്ട് അത് എടുക്കാൻ വന്നതാ. ”

പിന്നെ പി എഫും കുറച്ചു സാലറിയും ശരിയാക്കാനുണ്ട്.. അപ്പാവുക്കും അമ്മാവുക്കും വേണ്ടി മാത്രം.. ഇനി അവർക്ക് ഞാൻ

മാത്രമല്ലേയുള്ളു.. ”

കണ്ണും മുഖവും തുടച്ചിട്ട് അവൾ കബോർഡിനുള്ളിലെ ഹിമയയുടെ സാധനങ്ങൾ ഒരു ബാഗിലേക്ക് പെറുക്കി വെയ്ക്കാൻ തുടങ്ങി..

അവളെ യാത്രയാക്കാൻ ഗേറ്റ് വരെ അനുഗമിക്കുമ്പോൾ കൂടെ വന്ന ബന്ധു ഒരു യാത്ര പറച്ചിൽ പോലെ തലയിളക്കി.

കാറിനുള്ളിലേക്ക് കയറിയിരുന്നുകൊണ്ട് അവളെന്റെ കൈകൾ കൂട്ടി പിടിച്ചു..

“ഞാൻ വരും..ജീവിക്കണ്ടേ..”

യന്ത്രികമായെന്നോണം ഞാനും തലകുലുക്കി.

കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ എന്തോ നഷ്ടപ്പെട്ടു പോയൊരു വഴിയാത്രക്കാരിയെ പോലെ ചിതറിയ നോട്ടത്തോടെ ഞാൻ തിരിഞ്ഞു നടന്നു..

വീണ്ടും പഴയ ആ തിരക്കുകളും അമ്മാ ശീഘ്രം മുടിച്ചിട് എന്നുള്ള നിർദ്ദേശങ്ങളും ജോലിക്ക് വരുന്ന തമിഴ് പെൺകൊടിയുടെ മുടിക്കെട്ടിലെ മുല്ലപ്പൂവിന്റെ വാടിയ ഗന്ധവും അമ്മയുടെ പരിഭവങ്ങൾ നിറഞ്ഞ ഫോൺ വിളികളും പഴയ ഓർമ്മകളിൽ നിന്നും മനസ്സിനെ മെല്ലെയടർത്തി മാറ്റിയിരുന്നു..

പക്ഷെ ആർക്കും പിടികൊടുക്കാത്തൊരു മനസ്സുമായി ഏകയായി തുഴഞ്ഞു കരയെത്താതലയുന്ന ഞാൻ അപ്പോഴേക്കും ഒരു ശിലയിലലിഞ്ഞു ചേർന്നിരുന്നു !

ഒരു മൗനശിലയിൽ !

Leave a Reply

Your email address will not be published. Required fields are marked *