ഞാൻ ഇപ്പോൾ പ്രഗ്നൻറ് ആണ്, അറിയാമോ.. മാസം രണ്ട് കഴിഞ്ഞു. ഞാൻ ഈ കൊച്ചു പിള്ളേരെയും കൊണ്ട് എന്ത് ചെയ്യും..അമ്മ തന്നെ ഒന്ന് പറഞ്ഞ് താ..”

(രചന: ശാലിനി മുരളി)

രണ്ട് മക്കളെയും ചേർത്ത് പിടിച്ചു പടി കയറി വരുന്ന മകളെ കണ്ടപ്പോഴേ സുശീലയമ്മയ്ക്ക് എന്തോ പന്തികേട് തോന്നി.

അമ്മൂമ്മയെ കണ്ട പാടെ ആരവത്തോടെ ഓടിവന്ന പേരക്കുട്ടികളെ രണ്ട് കയ്യിലും അവർ വാത്സല്യത്തോടെ അണച്ചു പിടിച്ചു. കവിളിൽ മത്സരത്തോടെ തന്ന മുത്തങ്ങൾ അമ്മൂമ്മയെ ശ്വാസം മുട്ടിച്ചു.

പിന്നെ, അപ്പൂപ്പനെ തിരഞ്ഞ് അകത്തേക്ക് ഓടിപ്പോയ അവരെ ഒരു നിമിഷം നോക്കി നിന്നു.

അപ്പോഴും മുഖം വീർപ്പിച്ചു അകത്തേയ്ക്ക് കയറാതെ നിൽക്കുന്ന മകളെ കണ്ട് അവർ അതിശയിച്ചു.

“നിനക്കിതെന്ത് പറ്റി. എന്തിയെ ദേവൻ..?
മൂന്നാളും കൂടി അവനെ ഒറ്റയ്ക്ക് ആക്കിയിട്ടിങ്ങു പോന്നോ..? ”

“അമ്മയ്ക്ക് അല്ലെങ്കിലും മരുമോനോടാണ് പ്രിയം. ഞാൻ വേറെ കെട്ടിലുണ്ടായതല്ലേ.. ”

ആകെ ഇടങ്കേടിലാണല്ലോ!

രണ്ടുപേരും പതിവുള്ള സൗന്ദര്യ പിണക്കത്തിലാവും.

എന്തെങ്കിലും പറഞ്ഞു തമ്മിൽ പിണങ്ങുമ്പോൾ ബാഗും തോളിലിട്ട് കൊച്ചുങ്ങളെയും കൈയിൽ പിടിച്ചു വരുമ്പോൾ ചിലതൊക്കെ ഉപദേശിക്കുന്നതാണ് അവളുടെ  ഈ പരിഭവത്തിന് കാരണം.

അല്ലെങ്കിലും കൊച്ചുങ്ങൾ രണ്ടെണ്ണം ആയിട്ടും ഇവളുടെ കുട്ടിക്കളി മാറിയില്ലേ.. ഇതങ്ങനെ എപ്പോഴും അനുവദിച്ചു കൊടുക്കുന്നത് അത്ര നല്ലതല്ലല്ലോ

അകത്തെയ്ക്ക് ആരോടൊക്കെയോ ഉള്ള വിദ്വേഷം ചവുട്ടിയരച്ചത് പോലെ ഉറഞ്ഞു തുള്ളി പോകുന്ന മകളെ നോക്കി അവർ താടിക്ക് കയ്യും കൊടുത്തു നിന്നു.

ഇനി അവൾ പറയുന്ന കാര്യങ്ങൾക്കൊക്കെ യെസ് മൂളിക്കൊടുത്തില്ലെങ്കിലും കുറ്റമാണ്. മുറിയിൽ വിഷാദിച്ചിരിക്കുന്ന മകളുടെ അടുത്തേക്ക് തലേന്ന് ഉണ്ടാക്കിയ കായവറുത്തതും, ചൂട് ചായയുമായി ചെല്ലുമ്പോൾ വെറുതെ പരിഭവിച്ചു.

“നീയ് ഈ വീട്ടിലെ വിരുന്നുകാരിയാണോ. ഇങ്ങനെ മുറിയിൽ നിന്നിറങ്ങാതെ അടയിരിക്കാൻ..നിനക്ക് ഇവിടെ വന്നാൽ എന്താ വേണ്ടതെന്നു വെച്ചാൽ എടുത്തു കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതോ.. ദേ അച്ഛൻ നിന്നെ കാണാഞ്ഞിട്ട് തിരക്കുന്നുണ്ട്. ”

ചൂട് ചായ ഊതിക്കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

അമ്മയുടെ മുഖത്ത് നോക്കി ഇങ്ങനെ അടുത്തിരിക്കുമ്പോൾ കിട്ടുന്ന സമാധാനം മറ്റെവിടെ നിന്നും കിട്ടില്ല. അതാണ് എന്തുണ്ടെങ്കിലും ഇവിടേക്ക് തന്നെ ഓടിവരുന്നത്.അത് പക്ഷെ, അമ്മയ്ക്ക് മനസ്സിലാകത്തുമില്ല.

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് പിണങ്ങി ഇറങ്ങിപ്പോരുന്ന വെറുമൊരു പെണ്ണിനെ പോലെയാണ് അമ്മ തന്നെ കാണുന്നത്. തന്റെ വിഷമങ്ങൾ ആരും മനസ്സിലാക്കുന്നില്ലല്ലോ.. മകളുടെ ചിന്താഭാരത്തോടെയുള്ള ഇരിപ്പ് കണ്ട് അമ്മ കാര്യം തിരക്കി.

“എന്താ പുതിയ പ്രശ്നം ? കുട്ടികൾ വളർന്നു വരുകയാണ്. നിങ്ങൾ രണ്ടാളും അവരുടെ മുന്നിൽ വെച്ച് എപ്പോഴും വഴക്ക് കൂടുന്നത് ശരിയാണെന്ന് കരുതുന്നുണ്ടോ.

നീ പഠിപ്പും വിവരവും ഉള്ള കുട്ടിയല്ലേ.ആഴ്ചയിൽ ഒരു ദിവസം എങ്കിലും രണ്ടാൾക്കും വഴക്ക് കൂടണമെന്ന് നിർബന്ധം ആണല്ലോ.. ”

“അമ്മ എന്തറിഞ്ഞിട്ടാണ് എന്നെ ഇങ്ങനെ വഴക്ക് പറയുന്നത്? ഞാൻ ഇപ്പോൾ പ്രഗ്നൻറ് ആണ്, അറിയാമോ.. മാസം രണ്ട് കഴിഞ്ഞു.
ഞാൻ ഈ കൊച്ചു പിള്ളേരെയും
കൊണ്ട് എന്ത് ചെയ്യും..അമ്മ തന്നെ ഒന്ന് പറഞ്ഞ് താ..”

അമ്മയ്ക്ക് അതൊരു പുതിയ അറിവായിരുന്നു.

ഇതുവരെ എന്നിട്ട് ഈ കാര്യം ഇവൾ തന്നെയൊന്നു വിളിച്ചു പറഞ്ഞതു പോലുമില്ലല്ലോ !

അമ്മയുടെ മനസ്സ് അറിഞ്ഞത് പോലെയാണ് അവൾ ബാക്കി പറഞ്ഞത്.

“മെൻസസ് റെഗുലർ അല്ലായിരുന്നു. അതുകൊണ്ട് അറിഞ്ഞില്ല. അന്നേ അതങ്ങ് നിർത്തേണ്ടതായിരുന്നു. എല്ലാരും കൂടി പിന്നീടാകട്ടെ എന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ ഇങ്ങനെ ആയി.. ”

“അതിന് ഇപ്പോൾ എന്ത് പറ്റി. അവിഹിത ഗർഭം ഒന്നുമല്ലല്ലോ ഇത്. ലോകത്തിൽ ആരും മൂന്നാമത് പ്രസവിച്ചിട്ടില്ലേ..? ”

“അതുപോലെ ആണോ ഇത്. അച്ചൂനും കിച്ചൂനും എന്ത് പ്രായമുണ്ട്. അവരുടെ കാര്യം തന്നെ ഒറ്റയ്ക്ക്  നേരെചൊവ്വേ നോക്കാൻ പറ്റുന്നില്ല. എനിക്ക് ഇത് വേണ്ടമ്മേ. എന്നെക്കൊണ്ട് വയ്യ. ”

അവർക്ക് മറുപടി ഒന്നും കിട്ടിയില്ല. അന്ന് രണ്ടാമത്തെ പ്രസവം കഴിഞ്ഞതും ഡോക്ടർ ചോദിച്ചതാണ് ഉടനെ പ്രസവം നിർത്തുന്നുണ്ടോ എന്ന്.

അന്ന് പക്ഷെ തന്റെ മനസ്സിൽ ഒരു പെൺകുഞ്ഞിനെ കൂടി മകൾക്ക് വേണമായിരുന്നു എന്നൊരു ആഗ്രഹം ഉണ്ടായിരുന്നതുമാണ്. പക്ഷെ അതൊക്കെ തീരുമാനിക്കാൻ ദേവൻ കൂടെയുള്ളപ്പോൾ താനൊന്നും പറയുന്നത് ശരിയല്ലല്ലോ എന്ന് കരുതി മിണ്ടാതെ നിന്നു.

പക്ഷെ തന്റെ മനസ്സ് പോലെ തന്നെ അവൻ അന്ന് അതിന് സമ്മതിച്ചില്ല. ഉടനെ നിർത്തണ്ട, കുറച്ചു കൂടി കഴിയട്ടെ എന്ന തീരുമാനം ഡോക്ടറെ അറിയിക്കുകയായിരുന്നു.

ഇപ്പോൾ ഓർക്കാപുറത്ത് അവൾ വീണ്ടും ഗർഭിണി ആയിരിക്കുന്നു. അതൊരു നല്ല കാര്യമായിട്ടാണ് അവർക്ക് തോന്നിയത്. ആകട്ടെ, ഒരു പെൺകുഞ്ഞിനെ കൂടി ഈശ്വരൻ അവൾക്ക് കൊടുക്കട്ടെ..

എത്ര മക്കളുണ്ടായാലും ഒരു പെൺകുഞ്ഞിന് പകരമാകാൻ മറ്റാർക്കും കഴിയില്ല. പക്ഷെ, ഈ പെണ്ണ് വെട്ടുപോത്തിനെ പോലെ അമ്പിനും വില്ലിനും അടുക്കാത്തത് പോലെ നിൽക്കുകയാണല്ലോ. എന്ത് ചെയ്യും?

“മോളെ.. അമ്മയ്ക്ക് ഇത് കേട്ടിട്ട് സന്തോഷമാണ് തോന്നുന്നത്. പിള്ളേരൊക്കെ എളുപ്പമങ്ങു വളർന്നോളും. ആദ്യത്തെ കുറച്ചു ബുദ്ധിമുട്ടേയുള്ളൂ.. ഞങ്ങളൊക്കെ എന്തിനും ഏതിനും കൂടെയുണ്ടല്ലോ. പിന്നെന്താ പ്രശ്നം.”

“എനിക്ക് ഇനിയെങ്കിലും ഒന്ന് സ്വസ്ഥമാകണമെന്നുണ്ട്. അമ്മയ്ക്ക് അറിയാമല്ലോ, എന്റെ പ്രൊഫഷനെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.

ഇപ്പോൾ തന്നെ പ്രാക്ടീസ് ചെയ്യാതെ വയറൊക്കെ ചാടി. ക്ലാസ്സ്‌ എന്നാ തുടങ്ങുന്നതെന്ന് ചോദിച്ചു പിള്ളേരും പേരന്റ്‌സും ഒക്കെ സമാധാനം തരുന്നില്ല.

ഈ വർഷം അരങ്ങേറ്റം നടത്താനിരിക്കുന്ന കുറെ കുട്ടികളുണ്ട്. ആ ഞാൻ വീണ്ടും വയറും തള്ളി അവരുടെ മുന്നിൽ ചെന്ന് നിന്ന് എങ്ങനെ പറയും ഉടനെ ഒന്നും ഇനിയെന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന്.

ഇത് അബോർട്ട് ചെയ്യാമെന്ന് പറഞ്ഞിട്ട് ദേവേട്ടൻ സമ്മതിക്കുന്നില്ല. ഇത് ചിലപ്പോൾ പെൺകുഞ്ഞാണെങ്കിലോ എന്നാണ് ചോദിക്കുന്നത്.”

“അതെ മോളെ. അവൻ പറഞ്ഞത് ആവും ശരി. രണ്ട് ആൺകുഞ്ഞുങ്ങൾ ഉള്ള നിനക്ക് ദൈവം അറിഞ്ഞുകൊണ്ട് ഒരു പെൺകുഞ്ഞിനെ കൂടി സമ്മാനിക്കുന്നതാണെങ്കിലോ.

നിനക്ക് പ്രൊഫഷൻ അവസാനിച്ചു എന്ന തോന്നലൊന്നും വേണ്ട. അതിന് തക്ക പ്രായവും ആയിട്ടില്ല. വയറൊക്കെ ആയാലും വലിയ ആയാസമില്ലാതെ ഇരുന്നു കൊണ്ട് നിനക്ക് ക്ലാസ്സ്‌ പറഞ്ഞു കൊടുക്കാമല്ലോ.

എല്ലാം പോസിറ്റീവ് ആയിട്ട് വേണം ചിന്തിക്കാൻ.
ഒരു കൊച്ചു സുന്ദരി ചിലങ്കയൊക്കെ അണിഞ്ഞു നിന്റെ മുന്നിൽ തന്നെ നിന്നു നൃത്തം ചെയ്യുന്നത് നീയൊന്ന് ആലോചിച്ചു നോക്കിയേ.എന്ത്‌ രസമായിരിക്കും !!”

അമ്മയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കാതെ അവൾ കാൽമുട്ടിലേക്കു മുഖം ചേർത്തിരുന്നു.

അമ്മയ്ക്ക് എല്ലാം എത്ര നിസ്സാമാണ്! സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന അറിയപ്പെടുന്ന ഒരു നർത്തകി ആണ് സുചിത്ര ദേവൻ.. അവൾക്ക് മറ്റെന്തിനെക്കാളും വലുത് നൃത്തം തന്നെയാണ്.

ഒരു പ്രമുഖ ക്ഷേത്രത്തിൽ വെച്ചു നടന്ന സുചിത്രയുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ദേവന്റെ ആലോചന വരുന്നത് പോലും. നാലും ആറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് ആൺകുട്ടികൾ ആണ് അവർക്കുള്ളത്..

രണ്ട് പേരും സ്കൂളിലും പ്ലേ സ്കൂളിലും ഒക്കെ പോകാൻ തുടങ്ങിയതോടെ ഒന്ന് ആശ്വസിച്ചതാണ് അവൾ.

പക്ഷെ, ദേവേട്ടൻ എല്ലാം നശിപ്പിച്ചു. പിന്നെയും പിന്നെയും അവൾക്ക് കരയാൻ തോന്നി.

ഫാനിന്റെ കാറ്റിൽ മേശപ്പുറത്തിരുന്ന പലഹാരങ്ങൾ തണുത്തുപോയിരുന്നു.

മുറ്റത്തു കുട്ടികളുടെ ബഹളങ്ങൾ കേൾക്കാം. കൂടെ അപ്പൂപ്പനുമുണ്ട്. അവർക്ക് അല്ലെങ്കിലും അമ്മ വീട്ടിൽ വരുന്നത് ഒരു ഉത്സവം പോലെയാണ്.

ഫ്ലാറ്റിലെ അടച്ചിട്ട മുറികളിലിരുന്നു ഓടാനും ചാടാനും മറന്നു പോകുന്ന അവർക്ക് ഇവിടെ സ്വർഗ്ഗം പോലെയാണ്.

കുട്ടികൾക്ക് ഇഷ്ടമുള്ളത് ഓരോന്നും യാന്ത്രികമായി  ചെയ്യുമ്പോഴും മനസ്സിൽ മകൾ പറഞ്ഞ വാക്കുകൾ കയ്യും കാലുമിട്ടടിച്ചു കൊണ്ടിരുന്നു.

മകളുടെ രണ്ട് പ്രസവങ്ങളും അടുപ്പിച്ച് ആയിരുന്നു. കൊച്ചു കുഞ്ഞുങ്ങൾ ആയിരുന്നത് കൊണ്ട് പെട്ടന്ന് പ്രസവം നിർത്താൻ ദേവന്റെ വീട്ടുകാരും താല്പ്പര്യപ്പെട്ടില്ല.

പോരെങ്കിൽ കുടുംബത്തിൽ ഒരു പെൺകുഞ്ഞിനെ കിട്ടാൻ ഒരുപാട് കൊതിക്കുന്നവരും.. ദേവനും കൂടി
ചേർന്ന് മൂന്ന് ആണ്മക്കളാണ് അവർക്ക്.

സ്വാഭാവികമായും ആണ്മക്കൾക്കെങ്കിലും ഒരു പെൺകുഞ്ഞുണ്ടാകാൻ അയാളുടെ വീട്ടുകാർ വല്ലാതെ കൊതിക്കും. പക്ഷെ, നൃത്തം.. നൃത്തം എന്ന് പറഞ്ഞു നടക്കുന്ന ഇവളുടെ തലയിൽ ഇതൊക്കെ എങ്ങനെ കേറാനാണ്..

ഉണ്ടാകുന്നത് പെണ്ണ് തന്നെ ആണോന്ന് വല്ല ഉറപ്പുമുണ്ടോ എന്നൊക്കെ ചോദിച്ചാൽ എന്ത്‌ മറുപടി പറയും. അതൊക്കെ ദൈവത്തിന്റെ കയ്യിലല്ലേ. ആഗ്രഹിക്കാനും പ്രാർത്ഥിക്കാനുമല്ലാതെ നമുക്കൊക്കെ എന്ത് ചെയ്യാനാവും!

ഇപ്പോൾ ഇത് അറിയുമ്പോൾ അവർക്ക് എന്ത് സന്തോഷമായിരിക്കും, പ്രതീക്ഷയായിരിക്കും !

മകൾ, പണ്ടെ ഒരു വാശിക്കാരിയാണ്. വിവാഹശേഷം  അവളുടെ സ്വപ്നമായിരുന്ന നൃത്തസ്കൂൾ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല.

അപ്പോഴേക്കും പെട്ടെന്നായിരുന്നു ആദ്യത്തെ ഗർഭവും പ്രസവവും. വീണ്ടും ഒന്നര വർഷം കഴിഞ്ഞപ്പോൾ കിച്ചുവിനെ പ്രസവിക്കുകയും ചെയ്തു.

ആദ്യത്തെ പ്രസവം കഴിഞ്ഞു എട്ട് ഒൻപത് മാസം കഴിഞ്ഞു രണ്ടാമത്തെ ഗർഭം ആയപ്പോഴും അവൾ ഇതുപോലെ ഇവിടെ കിടന്നു ഉഴുതു മറിച്ചതാണ്!

അവളുടെ കരീയർ നശിച്ചെന്ന് പറഞ്ഞ് ഒരേ കരച്ചിൽ! അന്നും അവളെയൊന്ന് അടക്കാൻ ഒരുപാട് പാടുപെട്ടുതാണ്.

ഇപ്പോൾ കുട്ടികൾ രണ്ട് പേരും സ്കൂളിൽ പോയിത്തുടങ്ങിയ സന്തോഷത്തിൽ ആയിരുന്നു അവളും.

പക്ഷെ ഇത് വേണ്ടെന്ന് വെയ്ക്കാൻ ദേവനെ പോലെത്തന്നെ തനിക്കും കഴിയുന്നില്ലല്ലോ.

ഒരു കുഞ്ഞിക്കാലിനു വേണ്ടി നൊയമ്പും നേർച്ചയുമായി നടക്കുന്ന ഒരുപാട് പേരെക്കുറിച്ച് ഓർക്കുമ്പോൾ അങ്ങനെ ചിന്തിക്കുന്നത് പോലും അപരാധമായി തോന്നുകയാണ്.
ഒരു മഹാപാപം ചെയ്യാൻ അവളെ ഒരിക്കലും അനുവദിച്ചു കൂടാ..

മകൾ കാണാതെ അവർ ദേവനെ വിളിച്ചു സംസാരിച്ചു . അവൻ വളരെ വിഷമത്തിലായിരുന്നു.

വീട്ടിൽ പറഞ്ഞിട്ടില്ല. അറിഞ്ഞാൽ അവർ സമ്മതിക്കില്ല. പക്ഷേ ഇത് വേണ്ടെന്ന് പറഞ്ഞു സുചിത്ര ഭയങ്കര കരച്ചിൽ ആണത്രേ..

“ഞാൻ എന്ത് വേണം അമ്മേ. അവൾ എന്നോട് പിണങ്ങിയാണ് മക്കളെയും കൊണ്ട് അങ്ങോട്ട് പോന്നത്. ഇത് പെൺകുട്ടിയാണെന്ന് എന്താണ് ഉറപ്പ് എന്നാണ് അവളുടെ ചോദ്യം..

അവൾക്ക് ഡാൻസ് സ്കൂൾ നടത്താൻ പറ്റുന്നില്ല എന്ന് പറഞ്ഞു എന്നോട് എന്നും വഴക്കാണ്. അമ്മ അവളോട് ഒന്ന് സംസാരിക്കണം. ഞാൻ  പറഞ്ഞു മടുത്തു.. ”

അന്ന്, ജീവിതത്തിൽ ആദ്യമായി സ്വന്തം മകളോട് അവർക്ക് കടുത്ത അമർഷം തോന്നി. രണ്ട് ആണ്മക്കൾക്ക് ശേഷം ഉണ്ടായ മകളെ കൂടുതൽ ലാളിച്ചു പോയതിന്റെ വൈഷമ്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.

അവൾ വിചാരിക്കുന്നതും ചിന്തിക്കുന്നതും മാത്രം നടക്കണം. മുഖത്ത് നോക്കി കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ
രണ്ടു ദിവസം ജലപാനം  പോലുമില്ല.

ആൺമക്കൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം വിദേശത്ത് ആയത് കൊണ്ട് സ്വാഭാവികമായും മകളോടാണ് അടുപ്പക്കൂടുതൽ. അതാണ് ഇപ്പോൾ അവൾ മുതലെടുക്കുന്നതും .

നല്ല ജോലിയും വിവരവും സ്നേഹവും  ഉള്ള മരുമകനെ കിട്ടിയതിൽ സന്തോഷിക്കുമ്പോഴും സ്വന്തം മകളുടെ വാശിയും പിണക്കവും അവളുടെ ഭാവിയെ കുഴപ്പത്തിൽ ആക്കുമോ എന്ന ആശങ്ക അവരെ വിട്ടൊഴിയാതെ നിന്നു.

അമ്മയുടെ മുഖത്തെ കനം ശ്രദ്ധിച്ചാവണം രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് അവൾ ലേശം കുറുമ്പോടെ പറഞ്ഞത്.

“ഞാനും മക്കളും നാളെ പുലർച്ചയ്ക്കങ്ങു പോകും.ഇനി അതിനാരും മുഖം വീർപ്പിക്കണ്ട.. ”

ഉള്ളിൽ ചിരിച്ചു പോയി. പക്ഷെ  ഭാവഭേദം ഒട്ടുമില്ലാതെയാണ് മറുപടി കൊടുത്തത്.

“നീ തനിച്ചു പോകണ്ട ഞാനും
വരുന്നുണ്ട് ഒപ്പം..”

അവളുടെ മുഖം ഒന്ന് വാടിയോ ?

രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാൽ മതി എന്ന് അമ്മ പറയുമെന്ന് കരുതിയിട്ടുണ്ടാവും!

ചില പിടി മുറുക്കങ്ങൾ നല്ലതാണ്. ജീവിതത്തിലെ നിസ്സാരമായ ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിച്ചു വലിയൊരു പൊട്ടിത്തെറി ഉണ്ടാക്കാൻ ഇനിയും അനുവദിച്ചു കൊടുത്തു കൂടാ.

എല്ലാ വാശികൾക്കും അമ്മയും അച്ഛനും കൂടെയുണ്ട് എന്ന തോന്നലാണ് അവളെ ഇത്രമേൽ അഹങ്കാരിയാക്കുന്നത്.

മുറിയിൽ ലൈറ്റ് അണഞ്ഞിരുന്നില്ല. മക്കൾ രണ്ട് പേരും അപ്പൂപ്പന്റെ ഇരുവശത്തുമായി  ഉറക്കം പിടിച്ചിരുന്നു. ഫോണിലെന്തോ നോക്കിയിരിക്കുന്ന മകളുടെ അരികിൽ ഇരിക്കുമ്പോൾ അവൾ മുഖം വീർപ്പിച്ചു നീങ്ങിയിരുന്നു.

“ഇനി ഇതുപോലെ കുട്ടികളെയും കൊണ്ട്
ഒറ്റക്ക് പുറപ്പെട്ടേക്കരുത്.നിന്റെ വയറ്റിൽ ഒരാള് കൂടിയുണ്ടെന്ന വിചാരം വേണം കേട്ടോ . നിന്നെപ്പോലെ ഒരു കൊച്ചു സുചിത്ര !

എന്തോ അതിശയം കേട്ടത് പോലെ നോക്കിയ മകളുടെ വയറ്റിൽ അമ്മ കൈകൾ അരുമയോടെ ചേർത്ത് വെച്ചു..

“നീ ഒരമ്മയാണ്. ഒന്നിന്റെ അല്ല രണ്ട് കുഞ്ഞുങ്ങളുടെ.. ഈ വയറ്റിൽ കുരുത്തു പോയത് കൊണ്ട് ജീവിക്കാൻ അവകാശം കിട്ടാതെ പോയൊരു പിഞ്ചു കുഞ്ഞിന്റെ ശാപം എന്റെ മോൾക്കും കുടുംബത്തിനും വേണ്ടാ..

സ്വന്തം പ്രസവക്കാര്യത്തിൽ പോലും നിനക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലേയെന്ന് നീ ചിന്തിക്കുന്നുണ്ടാവും.

പക്ഷെ, കരുതൽ വേണമായിരുന്നു. അത് ചിന്തിക്കാതെ പറ്റിപ്പോയത് വലിയ തെറ്റാണെന്ന് നീ വിചാരിക്കുന്നതാണ് കുഴപ്പം.

ഇത്രയും സമയം കിട്ടിയിട്ടും എന്തുകൊണ്ട് ഇത് നിർത്താൻ അവനെ പറഞ്ഞു സമ്മതിപ്പിച്ചില്ല. എന്നിട്ട് അവനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണോ? ഇനി വന്നത് വന്നു.

മക്കളെ രണ്ട് പേരെയും ഞാൻ നോക്കിക്കോളാം. നീ അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട. ഇപ്പോൾ വരാൻ പോകുന്ന പുതിയ അതിഥിയെ കുറിച്ച് മാത്രം ചിന്തിക്കുക..

ഒരു പെൺകുഞ്ഞിനെ തരാൻ മനസ്സുരുകി ഈശ്വരനോട് പ്രാർത്ഥിക്കുക, അതാവണം ഇനിയുള്ള നിന്റെ തീരുമാനം. കേട്ടല്ലോ അമ്മ പറഞ്ഞത് ?? ”

ഒന്നും പറയാതെ തലയാട്ടിയ മകളെ കണ്ട് അമ്മയുടെ കണ്ണുകൾ മാത്രമല്ല ഹൃദയവും നിറഞ്ഞു  കവിഞ്ഞു..

പിറ്റേന്ന് രാവിലെ തന്നെ മടങ്ങി പോകാനായി ഒരുങ്ങുന്ന മകളെയാണ് കണ്ടത്.

“അമ്മയും കൂടെ വരാം. കുഞ്ഞുങ്ങളെയും കൊണ്ട് തനിച്ച് പോകണ്ട. ”

“വേണ്ടമ്മേ.. ഏട്ടൻ കൂട്ടിക്കൊണ്ട് പോകാനായി എത്താമെന്നു പറഞ്ഞിട്ടുണ്ട്.” ആഹാ അപ്പോൾ ഇതിനിടക്ക് അതും സംഭവിച്ചോ !

അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒതുക്കിവെച്ചൊരു ലജ്ജ ഒളിഞ്ഞിരിക്കുന്നത് അവർ കണ്ട് പിടിച്ചു.

“നന്നായി മോളെ.. ഇനിയും ഒരു സൗന്ദര്യപ്പിണക്കം നിങ്ങൾക്കിടയിൽ ഉണ്ടാവാതിരിക്കട്ടെ.”

താഴെ അപ്പോഴേക്കും ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.

ദേവൻ എത്തിയെന്നു തോന്നുന്നു.
മകളും കുഞ്ഞുങ്ങളും കൂടി യാത്ര പറഞ്ഞു കാറിലേയ്ക്ക് കയറാനൊരുങ്ങുമ്പോൾ നന്ദിസൂചകമായിട്ടുള്ള മരുമകന്റെ നോട്ടം കണ്ട് അവർ ഉള്ളിൽ ചിരിച്ചു.

കള്ളൻ! എല്ലാം ഒപ്പിച്ചു വെച്ചിട്ട് നോക്കുന്ന നോട്ടം കണ്ടില്ലേ..!

കാറ്റിൽ ഇളകുന്ന കുഞ്ഞിളം തളിരുകൾ പോലെ മൂന്ന് കൈകൾ അകന്നു പോകുന്ന കാറിൽ നിന്ന് തങ്ങൾക്ക് നേരെ മെല്ലെ ചലിക്കുന്നത് നോക്കി നിൽക്കുമ്പോൾ അവരുടെ മനസ്സിൽ ഒരു കുഞ്ഞ് പ്രതീക്ഷ വീണ്ടും തളിരിടുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *