രാവിലെ പടിക്കൽ വരുന്ന നീല മാരുതിയിൽ അവളെയും കൂട്ടി കൊണ്ട് പോകാനെത്തുന്ന ആജാനുബാഹുവായ ഒരാളിനെ കണ്ട് അമ്മയ്ക്ക് അങ്കലാപ്പായി.

(രചന: ശാലിനി മുരളി)

പുലർച്ചെ മുറ്റം അടിച്ചു വാരുമ്പോഴാണ് തങ്കം പുതിയൊരു വാർത്ത അറിയിച്ചത്.

“അറിഞ്ഞോ പത്മജേ സീരിയലുകാരന്റെയൊപ്പം ഒളിച്ചോടിപ്പോയ ആരാമത്തിലെ കുട്ടി തിരികെ വന്നൂന്ന്.. ”

“ഉവ്വോ. ആരോ പറഞ്ഞു കണ്ടെന്ന്. അതിന്റെ കോലമൊക്കെ കെട്ടിരിക്കുന്നൂത്രേ.
എങ്ങനെ ജീവിക്കേണ്ട കുട്ടിയായിരുന്നു..
ഓരോന്നിന്റെയും തല വരയെന്നു
പറഞ്ഞാൽ മതിയല്ലോ.. ”

“അതെയതെ..വല്ലാത്ത തലേവരയായി
പോയി. നല്ല കഴിവുള്ള കുട്ടിയായിരുന്നു.
കഴിവ് മാത്രമോ കാണാനും ബഹു സുന്ദരി. പക്ഷെ പറഞ്ഞിട്ടെന്താ,എല്ലാം കളഞ്ഞു കുളിച്ചു ..”

അമ്പലത്തിൽ മാലകെട്ടുന്ന തങ്കം ഒരു നെടുവീർപ്പിട്ടു കൊണ്ട് വീണ്ടും പൂവിറുക്കാൻ തുടങ്ങി..

പത്മജ അപ്പോൾ ഓർക്കുകയായിരുന്നു.
ആ ജീവിതം മാറിമറിഞ്ഞതിനൊക്കെ
താനും സാക്ഷിയായിരുന്നുവല്ലോ.
ആരാമത്തിലെ എല്ലാ കാര്യത്തിനും ഒരു കയ്യാളായി നിന്നിരുന്ന ആളാണ് സുധാകരേട്ടൻ.

തനിക്ക് പുടവയും തന്നു കൂട്ടിക്കൊണ്ട് വന്നത് അങ്ങോട്ടേക്കായിരുന്നു എന്ന് വേണേലും പറയാം.

അത്രയ്ക്ക് അടുപ്പമായിരുന്നു ഭർത്താവിന് ആ വീട്ടുകാരോടുള്ളത്. ശരിക്കും ഒരു കാര്യസ്ഥൻ എന്നതിനേക്കാൾ ഉപരി ഒരു അനിയനെയും അനിയത്തിയേയും പോലെ ആയിരുന്നു അവർ തങ്ങളെ കണ്ടിരുന്നത്.

മരുന്നിനുള്ള പച്ചിലകൾ ഒരുക്കി കൂട്ട് തയാറാക്കാനും മക്കളുടെ കാര്യങ്ങൾ നോക്കാനുമൊക്കെ താനാണ് അവിടെ എപ്പോഴും ഉണ്ടായിരുന്നത്.

പാലപ്പത്തിന്റെ നിറമുള്ള ഒരു സുന്ദരി കുട്ടിയായിരുന്നു ദേവൂട്ടി. ആരാമം ആ നാട്ടിലുള്ള എല്ലാവർക്കും ഏറെ വേണ്ടപ്പെട്ട വീടായിരുന്നു. വിഷചികിത്സക്ക് പേര് കേട്ട തറവാട്.

പണ്ട് കാലം മുതൽക്കേ പാരമ്പര്യമായി കൈമാറി കിട്ടിയ വൈദ്യം. അവിടുത്തെ മുത്തശ്ശിയിൽ കൂടി ആയിരുന്നു ചികിത്സയുടെ തുടക്കം. .
അവരുടെ തൂങ്ങിയ മുഖത്ത് മുഴുവനും വലിയ വടുക്കൾ മുഴച്ചു നിന്ന് ആരിലും ഭയം തോന്നിപ്പിച്ചിരുന്നു.

പക്ഷേ ഏത് വിഷം ഉള്ളിലെത്തിയവനും തിരികെ പൂർണ്ണ സുഖത്തോടെ ചിരിച്ചു കൊണ്ട് മാത്രമേ മടങ്ങിയിരുന്നുള്ളൂ.

അത്രയ്ക്ക് കൈപ്പുണ്യമായിരുന്നു ആ മുത്തശ്ശിക്ക്. അവരുടെ മകന്റെ ഇളയ മകൾ ദേവയാനി എന്ന ദേവു വലിയ കലാകാരിയായിരുന്നു. ആരും കൊതിക്കുന്ന രൂപവും ഭംഗിയും അവൾക്ക് ആ നാട്ടിൽ ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.

ദേവുവിന്റെ മൂത്ത സഹോദരി ദേവി ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു.

പക്ഷേ വീട്ടിൽ എത്തുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിലായിരുന്നു അവൾക്ക് താൽപ്പര്യം. അച്ഛന്റെ കയ്യാളായി നിന്ന് കൊണ്ട് ചികിത്സാ വിധികളെല്ലാം പഠിച്ചെടുത്തിരുന്നു ദേവി.

മുത്തശ്ശിയുടെ മരണത്തോടെ പാരമ്പര്യ ചികിത്സ മകൻ ഏറ്റെടുത്തു.. കലയോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഇളയമോൾ ഒരുപാട് സ്ഥലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ പോകുമ്പോൾ കൂട്ടിന് അച്ഛനും ഒപ്പം ചെന്നു.

അങ്ങനെ ഒരു നൃത്ത വേദിയിൽ വെച്ചാണ് അവളുടെ ജീവിതത്തിൽ പുതിയൊരു മാറ്റം സംഭവിക്കുന്നത്.

ഒരു സീരിയലിലേക്ക് നായികയെ തിരിഞ്ഞു കൊണ്ടിരിക്കുന്ന തിരക്കഥാ കൃത്ത് ശ്രീവൽത്സൻ എന്നൊരാൾ അന്ന് ദേവുവിന്റെ നൃത്തം കാണാനിടയാവുകയും അവളെ തങ്ങളുടെ പുതിയ പരമ്പരയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

അതോടെ അവൾ ഒരു മായിക ലോകത്ത് എത്തിയത് പോലെ ആയിത്തീർന്നു..
ഒരിക്കൽ പോലും അങ്ങനെ ഒരു സ്വപ്നം അവളിൽ അന്നുവരെ ഉണ്ടായിരുന്നില്ല. പക്ഷേ പുതിയ ഓഫർ തലയ്ക്കു പിടിച്ചതോടെ അവൾ വീട്ടിലുള്ളവരുടെ കയ്യും കാലും പിടിക്കാൻ തുടങ്ങി.

അമ്മ അതുകേട്ടു വിലക്കി.

“വേണ്ടാ.. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾക്കൊന്നും
പറഞ്ഞിട്ടുള്ളതല്ല സിനിമയും സീരിയലുമൊന്നും.. അമ്മൂമ്മയുണ്ടായിരുന്നെങ്കിൽ ഇതൊന്നും സമ്മതിക്കുമായിരുന്നില്ല. ”

ചേച്ചിയ്ക്കും വലിയ താല്പര്യം ഇല്ലായിരുന്നു. പിന്നെ അവളുടെ നിർബന്ധം കണ്ടപ്പോൾ പാതി മനസ്സായി. അച്ഛൻ മാത്രം അവൾക്ക് പൂർണ്ണ പിന്തുണ നൽകി.

“അതിനെന്താ അവൾക്ക് താൽപ്പര്യം അതാണെങ്കിൽ ചെയ്യട്ടെ. നമ്മൾ എല്ലാത്തിനും കൂടെയുണ്ടല്ലോ. പിന്നെ എന്ത്
പേടിക്കാനാണ്.”

അതോടെ ആ തീരുമാനം ഉറപ്പിച്ചു.
സന്തോഷം കൊണ്ട് ദേവു തുള്ളിച്ചാടി.
അമ്മയുടെ മുഖത്തെ വീർപ്പ് ഒരു മുത്തം കൊടുത്തു അവൾ അലിയിച്ചു കളഞ്ഞു..

അങ്ങനെ പറഞ്ഞ തീയതിക്ക് അച്ഛനോടൊപ്പം ദേവു സ്ക്രീൻ ടെസ്റ്റിനും മറ്റുമായി ചെന്നു.എല്ലാ ടെസ്റ്റുകളും അവൾ നിഷ്പ്രയാസം തരണം ചെയ്തു. പോരെങ്കിൽ കൊഴുപ്പിന് ഒരു ക്ലാസ്സിക്കൽ നൃത്തം കൂടി അവതരിപ്പിച്ചതോടെ നായികയായി ദേവയാനി മാത്രം മതിയെന്ന് തീരുമാനമായി !

തിരികെ വന്നത് കൈ നിറയെ പായ്ക്കറ്റുകളും മുഖം നിറഞ്ഞ ചിരിയുമായിട്ടായിരുന്നു.
അങ്ങനെ ദേവു ഒരു സീരിയൽ താരമായി മാറി. അച്ഛനും അമ്മയും മാറി മാറിയാണ് അവൾക്കൊപ്പം ഓരോ ലൊക്കേഷനുകളിലേക്കും കൂട്ട് പോയിരുന്നത്..

സീരിയൽ പകുതി ആയതോടെ അവൾക്ക് പുതിയ കൂട്ടുകെട്ടുകളും ആയിത്തുടങ്ങി.

ഒഴിവു നേരങ്ങളിൽ പോലും വീട്ടിൽ ഇരിക്കാൻ അവൾ മടിച്ചു. രാവിലെ പടിക്കൽ വരുന്ന നീല മാരുതിയിൽ അവളെയും കൂട്ടി കൊണ്ട് പോകാനെത്തുന്ന ആജാനുബാഹുവായ ഒരാളിനെ കണ്ട് അമ്മയ്ക്ക് അങ്കലാപ്പായി.

ഇയാൾ എന്തിനാണ് എപ്പോഴും അവളെയും കൊണ്ട് കറങ്ങുന്നത്. അയാളോടൊപ്പം അവളെ തനിച്ചു വിടുന്നതിൽ അവർ പലപ്പോഴും ഭർത്താവിനോട് ലഹള വെച്ചു.

പക്ഷേ അയാൾക്ക് ശ്രീവത്സനെ വലിയ വിശ്വാസമായിരുന്നു. മകളുടെ ഇപ്പോഴത്തെ സ്റ്റാറ്റസിന് കാരണം അയാൾ മാത്രമാണ്.
അല്ലായിരുന്നുവെങ്കിൽ അവളിപ്പോഴും ഏതെങ്കിലും കുട്ടികൾക്ക് ഡാൻസ് ക്ലാസ്സ്‌ നടത്തി പിച്ചക്കാശും വാങ്ങി കഴിയേണ്ടി വന്നേനെ.

ഇന്ന് ദേവയാനി എന്ന് കേട്ടാൽ എല്ലാവർക്കും അറിയാം. ആരാമത്തിലെ ദേവദത്തന്റെ മകൾ എന്നൊരു പദവി ആണ് അവൾക്കിപ്പോൾ കൈ വന്നിരിക്കുന്നത്.. അതൊരു അഭിമാനം തന്നെ ആണ്.

അമ്മയുടെ വിഷ ചികിത്സ കൊണ്ട്
ഇപ്പൊ കാര്യമായ വരുമാനം ഒന്നും ഇല്ലാതായിരിക്കുന്നു..

എല്ലാവർക്കും ഇന്ന് ഹോസ്പിറ്റലിൽ
പോയാൽ മതിയല്ലോ.. മകൾ ഒരു താരമായതോടെ കയ്യിൽ കുറച്ചു കാശൊക്കെ വന്നിരിക്കുന്നു.അതിന്റെ ഒരു തലക്കനം അയാളിൽ മുഴച്ചു നിന്നു.

ദേവുവിന് ഇപ്പോൾ കൂട്ടിന് അച്ഛനും അമ്മയും ചെന്നില്ലെങ്കിലും കുഴപ്പമില്ല എന്നായിരിക്കുന്നു..
രാവിലെ അവളെ പിക് അപ്പ്‌ ചെയ്യാനുള്ള കാർ സമയാസമയം റെഡി ആയിരിക്കും.

തിരികെ കൊണ്ട് വിടുന്നതും അതേ കാറിൽ തന്നെയായിരിക്കും. ഒരു തുലാമാസത്തിലെ ഇടിയും മഴയുമുള്ള വൈകുന്നേരം. ദേവു എത്തേണ്ട നേരം കഴിഞ്ഞിരിക്കുന്നു.. രാവിലെ പോയാൽ അഞ്ചു മണിക്ക് മുൻപ് അവളിങ്ങെത്താറാണ് പതിവ്.

ഇരുട്ടിന്റെ കട്ടി കൂടുംന്തോറും വീട്ടിലുള്ളവർക്ക് ആധിയും വെപ്രാളവും കൂടി കൂടി വന്നു.
ഫോൺ വിളിച്ചിട്ട് സ്വിച്ചഡ് ഓഫും !
ശ്രീവത്സന്റെ നമ്പറിൽ വിളിച്ചിട്ടും പരിധിക്ക് പുറത്ത് എന്നൊരു അശരീരി മാത്രം.

അന്ന് രാത്രിയിൽ പെയ്യ്ത മഴയ്‌ക്കൊപ്പം തോരാത്ത കണ്ണുനീരുമായി ആ കുടുംബം ഉറക്കമില്ലാതെ അവൾക്ക് വേണ്ടി കാത്തിരുന്നു..

രാവിലെ അച്ഛനും അമ്മയും കൂടി ഷൂട്ടിങ് സ്ഥലത്തെത്തി ദേവുവിനെ കുറിച്ച് തിരക്കിയെങ്കിലും ഞെട്ടിക്കുന്ന വർത്തമാനമായിരുന്നു അവരെ
കാത്തിരുന്നത്.

ശ്രീവത്സനോടൊപ്പം ദേവയാനി ചെന്നൈയിലേക്ക് പോയിരിക്കുന്നു. അവരുടെ രെജിസ്റ്റർ മാരിയേജ് കഴിഞ്ഞിട്ട് രണ്ട് ദിവസം ആയിരുന്നു. ആ കാര്യം സെറ്റിലുള്ളവർ പോലും അറിയുന്നത് തലേന്ന് വൈകുന്നേരം മാത്രം !!

ബോധക്ഷയം വന്ന ഭാര്യയെ താങ്ങിപ്പിടിച്ചു നിന്ന അയാൾക്കും തല കറങ്ങുന്നത് പോലെ തോന്നിച്ചു. അല്ല ബോധം എന്നന്നേക്കുമായി മറഞ്ഞു പോയിരുന്നെങ്കിൽ എന്നയാൾ
ഉൽക്കടമായി ആഗ്രഹിച്ചു.

തിരികെ വീട്ടിൽ ഇരുവരും എത്തിയത്
എങ്ങനെ എന്നറിയില്ല. മരണ സദൃശമായ
വീടും ആൾക്കാരുടെ എത്തിനോട്ടങ്ങളും പരിഹാസങ്ങളും കൊണ്ട് ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചു പോയ നിമിഷങ്ങൾ..

സുധാകരൻ അവരുടെ ഒപ്പം തന്നെ എന്തിനും നിന്നു.

“നമുക്ക് ചെന്നൈയിൽ പോയി കൊച്ചിനെ വിളിച്ചിറക്കിക്കൊണ്ട് പോരാം ചേട്ടാ.
ചേട്ടൻ ധൈര്യമായി ഇരിക്ക്. അതിനൊക്കെയുള്ള ആളുകൾ എന്റെ കസ്റ്റഡിയിലുണ്ട്. എപ്പോ പോണമെന്നു പറഞ്ഞാൽ മാത്രം മതി.. ”

ശബ്‌ദിക്കാൻ ആവതില്ലാതെ ദൂരെയെവിടേയ്ക്കോ തുറിച്ചു നോക്കിയിരുന്ന അയാൾക്ക് മറുപടി ഒന്നുമില്ലായിരുന്നു..

“ഇനിയെന്തിനു അവളെ കൂട്ടിക്കൊണ്ട് വരണം. തന്നിഷ്ടത്തിനു പോയവൾ വിളിച്ചാൽ വരുമോ. അല്ലെങ്കിലും ഇനി ഈ കുടുംബത്തിൽ അങ്ങനൊരെണ്ണം ജനിച്ചിട്ടില്ലെന്നു കരുതിയാൽ മതി. ”

ആ ശബ്ദം അവളുടെ അമ്മയുടേതായിരുന്നു..

എല്ലാം താനൊരുത്തന്റെ അശ്രദ്ധ
കൊണ്ട് സംഭവിച്ചു പോയതാണ്. അന്ന് ഭാര്യ എത്ര തവണ കെഞ്ചി പറഞ്ഞതാണ്. മോളെ ഇതിനൊന്നിനും വിടണ്ട എന്ന് ! അന്നത് വളരെ നിസ്സാരമായി തോന്നി. തന്റെ മകൾ ചതിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു.

അവളെക്കാൾ എത്രയോ വയസ്സിനു മുതിർന്ന ഒരാളാണ് ശ്രീവത്സൻ എന്നതായിരുന്നു അയാളെയും ഭാര്യയെയും ഏറെ വിഷമിപ്പിച്ചത്.

അയാൾ വിവാഹിതനും മുതിർന്ന രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു എന്നത് അതിലേറെ നടുക്കുന്ന സത്യമായി അവരുടെ നെഞ്ചിൻ കൂട് തകർത്തു കൊണ്ടിരുന്നു.

എന്ത് കണ്ടിട്ടാണ് അവൾ..
ഓർക്കുംതോറും ഒരു അന്തവും ഇല്ലാത്ത അവസ്ഥ..

ഓർമ്മകൾ ഇടയ്ക്കിടെ വീട്ടിനുള്ളിൽ അടയിരുന്നവരെ കുത്തിപ്പരിക്കേൽപ്പിക്കാൻ എത്തിനോക്കിയെങ്കിലും പതിയെ പതിയെ അവരാ സത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു..

ഇനി ദേവുവിന്റെ കളിയും ചിരിയും ഈ ഇടനാഴിയിലും അകത്തളങ്ങളിലും ഇല്ല.
പകരമുള്ളത് അവളവശേഷിപ്പിച്ചിച്ചിട്ടു പോയ കുറെയേറെ തുണിത്തരങ്ങളും ഫോട്ടോകളും പിന്നെ ഒരിക്കലും മറക്കുവാനാകാത്ത അവളുടെ
ഓർമ്മകളും മാത്രം !!

എല്ലാം കരുതി കൂട്ടിയായിരുന്നു എന്ന് പതിയെ ആണ് തിരിച്ചറിഞ്ഞത്. ഓരോന്നും അന്വേഷിച്ചു ചെല്ലുമ്പോൾ പലതും അപ്രത്യക്ഷമാണ് എന്ന് അത്ഭുതത്തോടെയും അതിലുപരി വേദനയുടെയും അറിഞ്ഞു.

അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്ന ആഭരണപ്പെട്ടിയും പൈസയും പാസ്സ് ബുക്കും അങ്ങനെ അവൾ ആവശ്യമുള്ള പലതും കൈക്കലാക്കിയാണ് കടന്നു കളഞ്ഞത്..

സീരിയൽ നടിയുടെ ഒളിച്ചോട്ടം പത്രത്തിലും ടെലിവിഷനിലും വലിയ വാർത്തയായത് അവരെ കൂടുതൽ പ്രതിസന്ധിയിലാക്കി..

മൂത്ത മകൾക്ക് പറഞ്ഞുറപ്പിച്ചു വെച്ചിരുന്ന നല്ലൊരു ബന്ധം ഇല്ലാതായി. വല്ലപ്പോഴും വിഷം തീണ്ടിയെത്തിയിരുന്നവരുടെ എണ്ണവും ചുരുങ്ങി തുടങ്ങി..

ഒടുവിൽ മകളുടെ കൂടെ ജോലി ചെയുന്ന ചെറുപ്പക്കാരനായ ഒരു ഡോക്ടർ വിവാഹം കഴിക്കാനുള്ള സന്നദ്ധത അറിയിച്ചപ്പോൾ മറിച്ചൊന്നും ചിന്തിക്കാതെയും വലിയ ആർഭാടമൊന്നുമില്ലാതെയും അവരുടെ വിവാഹം നടത്തി കൊടുത്തു..

വർഷങ്ങൾ ഓരോ ഇതളുകളായും ചിലപ്പോൾ കൂട്ടത്തോടെയും പൊഴിഞ്ഞു തീർന്നു കൊണ്ടിരുന്നു..

ഇന്നിപ്പോൾ സുധാകരേട്ടനും പ്രായമായി. കാര്യസ്ഥ പണിയൊക്കെ നിർത്തി വീട്ടിൽ തന്നെ ഇരുപ്പായി. അതോടെ അവിടേക്കുള്ള പോക്കും നിലച്ചു.

ഇന്ന് അമ്പലത്തിലേക്കുള്ള പൂക്കൾ ഇറക്കാൻ വന്ന തങ്കമാണ് ഒക്കെയും ഓർമ്മപ്പെടുത്തിയത്.

ദേവു മടങ്ങിയെത്തിയിരിക്കുന്നു. അതും ഒറ്റയ്ക്കല്ല, കൂടെ ഒരു കുട്ടിയും !

അവൾ പോയിട്ട് എട്ടു വർഷം ആകുന്നു.
ഒന്ന് പോയി കാണാൻ മനസ്സ് തുടിച്ചു.
കുഞ്ഞിലെ മുതൽക്കേ താനായിരുന്നല്ലോ അവരുടെ കാര്യങ്ങൾ മുഴുവനും നോക്കിയിരുന്നത്.

പക്ഷേ കേട്ടപാതി സുധാകരൻ എതിർത്തു.
വേണ്ട അവൾ പോയത് നിന്നോട് യാത്ര ചോദിച്ചിട്ടായിരുന്നോ അല്ലല്ലോ.

എങ്കിലും എവിടെ യെങ്കിലും വെച്ച് കാണാമെന്നൊരു പ്രതീക്ഷ ഒരു തുടിപ്പ് പോലെ ഉണ്ട്..

മക്കളില്ലാത്ത തങ്ങൾ സ്വന്തം മക്കളെ പോലെ ആണ് ദേവിയെയും ദേവുവിനെയും സ്നേഹിച്ചത്..

ഭർത്താവ് വിലക്കിയെങ്കിലുംഅവളുടെ മുഖമൊന്നു കാണാഞ്ഞിട്ട് മനസ്സിന് വല്ലാത്ത ഒരു തിക്കുമുട്ടൽ പോലെ..

മുട്ട് വേദനയ്ക്കുള്ള കഷായം വാങ്ങാൻ അങ്ങാടിയിലേക്ക് ഒന്ന് പോയിട്ട് വരാമെന്നു പറഞ്ഞു മുണ്ടും നേര്യതും എടുത്തു ചുറ്റി.
ശീഘ്രം ആരാമത്തിലെക്ക് ലക്ഷ്യമാക്കി നടന്നു.

ഒന്ന് കണ്ടിട്ട് പെട്ടെന്ന് മടങ്ങണം. സുധാകരേട്ടന് പ്രായമായിട്ടും ദേഷ്യത്തിനൊന്നും ഒരു കുറവുമില്ല..

പഠിപ്പുര കടന്ന് ചെല്ലുമ്പോൾ ഒരു കൊച്ച് കുട്ടി ചരൽ വിരിച്ച മുറ്റത്ത് പിച്ച വെച്ച് നടക്കുന്നുണ്ടായിരുന്നു. കൂടെ അവൾ മറിഞ്ഞു വീഴാതെയിരിക്കാൻ ഒരു കയ്യിൽ പിടിച്ചു കൊണ്ട് ദേവൂട്ടിയുടെ അച്ഛനും.

തന്നെ കണ്ടത് കൊണ്ടാകണം ആ മുഖം വല്ലാതൊന്നു വിളറി. പത്മം അയാളെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി അടുക്കളപ്പുറത്തേയ്‌ക്ക്‌ നടക്കുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. ദേവുവിന്റെ കുഞ്ഞിലത്തെ അതേ മുഖവും നിറവും !!

“ആഹാ പത്‌മജയോ..ഇങ്ങോട്ടേക്കുള്ള
വഴിയൊക്കെ മറന്നോ..ഒത്തിരി നാളായല്ലോ നിന്നെ കണ്ടിട്ട്!
സുധാകരൻ എന്തിയെ, പണിയൊക്കെ ഉണ്ടോ?
അവനും ഈവഴിയൊന്നും ഇപ്പൊ
വരാറേയില്ല.. ”

“ഏട്ടന് ഇപ്പൊ തീരെ വയ്യ.
കാലിനൊക്കെ എപ്പോഴും വേദനയും നീർക്കെട്ടുമൊക്കെയാണ്.

അതുകാരണം പണിക്കൊന്നും പഴയത് പോലെ പോകാൻ മേല. മരുന്ന് വാങ്ങാൻ ഇറങ്ങിയതാണ്. അപ്പോഴാണ് കുഞ്ഞ് വന്നിട്ടുണ്ടെന്ന് അറിഞ്ഞത്. എത്ര നാളായി ഒന്ന് കണ്ടിട്ട്. എവിടെ ആള്?
ഈ പപ്പേച്ചിയെ ഒക്കെ മറന്നു കാണും.. ”

ഒരു നിഴൽ അപ്പോൾ
അടുക്കളപ്പുറത്തേക്കിറങ്ങി വന്നതുകണ്ട്
ഞെട്ടലോടെയാണ് പത്മം അങ്ങോട്ട്‌ നോക്കിയത്..

കരിഞ്ഞു പോയൊരു നിലവിളക്ക് പോലെ
ദേവുവിന്റെ പുതിയ കോലം കണ്ട് പത്മജയുടെ ശ്വാസം നിലച്ചു പോയി!
ഈശ്വരാ! എങ്ങനെ ഇരുന്ന ഒരു കുട്ടിയാണ്.

കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.
അവൾക്ക് ഒരു കാലിന് ലേശം മുടന്തുണ്ടോ എന്ന് തോന്നി.

വല്ലാതെ വേച്ചു വേച്ചുള്ള നടത്തവും മൗനവും ഒക്കെ കണ്ട് ഏട്ടത്തിയുടെ നേർക്ക് സംശയത്തോടെ ഒന്ന് നോക്കിയപ്പോൾ അവർ സാരിയുടെ കോന്തല കൊണ്ട്
കണ്ണ് തുടയ്ക്കുന്നതാണ് കണ്ടത്..

“എല്ലാം നശിച്ചു പപ്പേ. ഇനിയെന്ത്
പറയാനാ.. കുറേ നാള് സന്തോഷത്തോടൊക്കെ കഴിഞ്ഞു. പിന്നെ ജീവിക്കാനുള്ളതൊക്കെ തീർന്നു കഴിഞ്ഞപ്പോൾ അവന് ഇവളെ വേണ്ടാതായി.

പട്ടിണിക്കിട്ടും ഉപദ്രവിച്ചുമൊക്കെ കൊല്ലാൻ നോക്കി. ഒടുവിൽ കൊച്ചിനെയും ദേവൂനെയും ഉപേക്ഷിച്ചു അയാൾ പഴയ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് തിരിച്ചു പോയി..

അതോടെ ആരുമില്ലാതായതിന്റെ ദുഃഖത്താൽ ട്രെയിനിനു മുന്നിൽ ചാകാനായി ചാടിയതാ കുഞ്ഞിനേയും കൊണ്ട് എന്റെ മോള് !. ആരോ ആ തക്ക സമയത്തു കണ്ടത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ .

ഹോസ്പിറ്റലിൽ വെച്ച് ദേവിയുടെ കൂടെ പഠിച്ച ഒരു ഡോക്ടർ ആണ് ഇവളെ കണ്ട് തിരിച്ചറിഞ്ഞത്. അവർ ഇവിടേക്ക് വിളിച്ചു പറഞ്ഞു. അദ്ദേഹവും മരുമോനും ദേവിയും കൂടെ പോയി കുഞ്ഞിനേയും ഇവളെയും കൂട്ടിക്കൊണ്ട് വരികയായിരുന്നു.”

ഇത്രയും പറഞ്ഞിട്ടും, കേട്ടിട്ടും ഒരു ശില പോലെ ഉറച്ച മുഖത്തോടെ നിന്ന അവൾ ഒന്ന് കരഞ്ഞത് പോലുമില്ല.

“മോൾ അകത്തേക്ക് പൊയ്ക്കോ..അമ്മ കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട്‌ വന്നോളാം. ”

“എന്താ ഏട്ടത്തി മോൾക്ക്‌ മിണ്ടാൻ
പാടില്ലേ ? ”

“ആക്‌സിഡന്റ് കൊണ്ട് ഒരു ഷോക്ക് ഉണ്ടായതാണ്. പതിയെ പതിയെ ശരിയായിക്കോളും എന്നാണ് ഡോക്‌ടേഴ്‌സ് പറഞ്ഞത്. കേൾവിക്ക് ചെറിയൊരു കുഴപ്പം ഉണ്ട്. എന്റെ കുഞ്ഞ് എങ്ങനെ ജീവിക്കേണ്ടതാ.. അവള് സ്വയം ഇല്ലാതാക്കിയതല്ലേ എല്ലാം..”

അവർ പൊട്ടിപ്പൊളിഞ്ഞു കരഞ്ഞു. ഇതുവരെ അടക്കി നിർത്തിയ ദുഃഖം മുഴുവനും അണപൊട്ടി ഒഴുകി.. കൂടെ കരയാനല്ലാതെ തനിക്കും മറ്റൊന്നിനും കഴിയില്ലല്ലോ !!

മുത്തശ്ശി എന്ന് കൊഞ്ചി വിളിച്ചു കൊണ്ട് കുഞ്ഞ് ദേവൂട്ടി അവർക്കിടയിലേക്കപ്പോൾ നടന്നടുത്തു.

അവർ അവളെ വാരിയെടുത്തു മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ആവേശത്തോടെ പിറുപിറുക്കുന്നുണ്ടായിരുന്നു..

“ഇല്ല ഇനി നിന്നെയാർക്കും ഞാൻ വിട്ടുകൊടുക്കില്ല.. കൊടുക്കില്ല. ”

അത് കണ്ട് കൂടെ കരയാനല്ലാതെ പത്മജയ്ക്കും മറ്റു വഴിയില്ലായിരുന്നു. മുറിയിലപ്പോൾ വീണുടഞ്ഞൊരു താരകം പോലെ, വിദൂരതയിലേയ്ക്ക് നോക്കി ദേവു ഒറ്റയ്ക്ക് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *