കാലിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയാണ് ഞാൻ ഞെട്ടിയുണർന്നത്. പക്ഷെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഇരുട്ടിൽ ഒരു രൂപം അടുത്തേയ്ക്ക് വരുന്നു! ഒന്നലറി കരയാൻ

(രചന: ശാലിനി മുരളി)

കാലിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയാണ് ഞാൻ ഞെട്ടിയുണർന്നത്. പക്ഷെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഇരുട്ടിൽ ഒരു രൂപം അടുത്തേയ്ക്ക് വരുന്നു! ഒന്നലറി കരയാൻ ശ്രമിച്ചെങ്കിലും ഒച്ച ഉയരുന്നില്ല.

തൊണ്ട വല്ലാതെ തണുത്തുറഞ്ഞു പോയിരിക്കുന്നു.അരികിൽ കിടക്കുന്ന ഭർത്താവിനെ തൊട്ട് വിളിക്കാൻ പോലും പറ്റാത്തപോലെ കൈകൾ രണ്ടും
പേടികൊണ്ട് മരവിച്ച് ഒരു ശില പോലെ!
എല്ലാവരും നല്ല ഉറക്കത്തിലും!

ആ രൂപം ഓരോ ചുവടുകൾ അളന്ന് മുറിച്ചത് പോലെ വെക്കുന്നത് തന്റെ നേർക്ക് ആണല്ലോ !
അതൊരു പുരുഷനോ, സ്ത്രീയോ??
ഇരുട്ടിന്റെ കനത്ത പുതപ്പു ചുറ്റിയ ഒരു വലിയ രൂപത്തെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ..

പക്ഷെ തിളങ്ങുന്ന കണ്ണുകൾ വല്ലാതെ പേടിപ്പെടുത്തുന്നു.നീണ്ടു വളർന്ന നഖങ്ങൾ തന്റെ കഴുത്തിനു നേർക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു!

“അമ്മേ…”

ഒന്നലറിയത് മാത്രമേ ഓർമ്മയുള്ളൂ!
പിന്നെ, കണ്ണ് തുറക്കുമ്പോൾ ശ്രീയേട്ടനും മക്കളും തന്നെ ഉറ്റു നോക്കി വല്ലാതെ വിഷമിച്ചു നിൽക്കുന്നു! ഞാനിതെവിടെയാണ് കിടക്കുന്നത്!!

“നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് രാത്രിയിൽ ഒറ്റയ്ക്ക് അറയ്ക്കുള്ളിൽ കയറരുതെന്ന്..”
ദൈവമേ അറയ്ക്കുള്ളിലൊ?
പക്ഷെ ഉറങ്ങാൻ കിടന്നത് ബെഡ്‌റൂമിൽ ആയിരുന്നുവല്ലോ ?

മുൻപൊരിക്കൽ പൊടിയും മാറാലയും തുടയ്ക്കാൻ കയറിയത് മറ്റൊരു ദുരനുഭവം ആയിരുന്നു സമ്മാനിച്ചത്.

അന്ന് അറയ്ക്കുള്ളിലേയ്ക്ക് ഒറ്റക്ക് പോയ തന്നെ അവിടെ ആരോ പൂട്ടിയിട്ടത് പോലെ അകപ്പെട്ടു പോയിട്ട് മണിക്കൂറുകളോളമാണ് ബോധമറ്റ നിലയിൽ കിടന്നത്!

എല്ലാവരും ലൈറ്റ് അണച്ചു വീണ്ടും കിടന്നു.
പക്ഷെ ഉറക്കം മുറിഞ്ഞു പോയത് കൊണ്ട് മാത്രമല്ല, ഭയം ഒഴിഞ്ഞു മാറാൻ മടിച്ചത് കൊണ്ട് കണ്ണുകൾ വെറുതെ ഇറുകി പൂട്ടി കിടന്നു. ഉറങ്ങാൻ വിസമ്മതിച്ചൊരു മനസ്സ് ഓരോ ചിന്തകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഈ അനുഭവം ആദ്യമായിട്ടല്ലല്ലോ.
ഇവിടെ ഈ പുതിയ വാടക വീട്ടിൽ വന്ന നാൾ മുതൽ ഓരോ ചെറിയ സംശയകരമായ അനുഭവങ്ങൾ തോന്നുന്നുണ്ട്.

ഉറക്കത്തിൽ ആരോ തന്റെ ശരീരത്തിലേയ്ക്ക് പടർന്നു കയറുന്നത് പോലെ പേടിച്ചു ഞെട്ടി വിയർപ്പിൽ കുളിച്ച് ഉണരുമ്പോഴൊക്കെ അരികിൽ നല്ല ഉറക്കമായിരിക്കും ശ്രീയേട്ടൻ !
ഷോക്ക് അടിപ്പിക്കുന്നത് പോലെ ദേഹം മുഴുവനും ഉലച്ചു കൊണ്ടേയിരിക്കും കുറെ സമയം!

പിന്നെ ആകെയൊരു തളർച്ചയാണ്.
തന്റെ രക്തം മുഴുവനും ഏതോ അദൃശ്യ ജീവി ഊറ്റി കുടിക്കുന്നുണ്ട്..
തീർച്ചയാണ്!

പക്ഷെ ഭർത്താവിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഒക്കെ നിന്റെ തോന്നലാണ്. ഇവിടെ ആര് ഇരുന്നിട്ടാണ് രക്തം കുടിക്കാൻ, അതും നിന്റെ രക്തം തന്നെ!
എന്നൊക്കെ പറഞ്ഞു പരിഹസിക്കും.

ഒരുമാസം പോലും തികഞ്ഞിട്ടില്ല ഈ വീട്ടിൽ വന്നിട്ട്. മക്കൾക്ക് സ്കൂളിൽ പോകാനുള്ള സൗകര്യം നോക്കിയാണ് സ്കൂളിന് അടുത്ത് തന്നെ ഉള്ള

ഈ വീട് എടുത്തത്. കാണാൻ വന്നപ്പോഴേ ഒരു പഴയ തറവാടിന്റെ മട്ടിലും കെട്ടിലുമുള്ള വീടിന്റെ അകത്തളങ്ങൾ കണ്ട് ഇത് വേണോ എന്നൊരു സന്ദേഹം ഉള്ളിൽ മുളപൊട്ടിയതുമാണ്.

പക്ഷെ ശ്രീയേട്ടന് വല്ലാതങ്ങു പിടിച്ചു. ടൗണിൽ തന്നെ ആണെങ്കിലും ഉള്ളിലേക്ക് കയറി ഒതുങ്ങിയ ആ വീടും, അതിന്റെ അറയും, നിരയും മച്ചിലെ തടിപ്പണിയുടെ ഡിസൈനുമൊക്കെ കണ്ട് ആൾ ഉറപ്പിച്ചു. ഇത് മതി, ഇനി വേറെ വീടൊന്നും കാണാൻ നടക്കേണ്ട.

പക്ഷെ വീടിന്റെ നടുവിലായി രണ്ട് അറയും തറയുടെ നിരപ്പിൽ നിന്ന് താഴേക്ക് ഇരുട്ട് മൂടികിടക്കുന്ന ഒരു നിലവറയും ആ വീടിന് വല്ലാത്തൊരു നിശബ്ദത ആണ് സമ്മാനിച്ചത്.നിലവറയ്ക്ക് തടിയഴികൾ കൊണ്ട് പണിത ചെറിയൊരു ജനലുണ്ടായിരുന്നു.

പലപ്പോഴും ആകാംക്ഷ കൊണ്ട് നിലത്തു മുട്ട് കുത്തി ആ ജനലഴികളിലൂടെ അകത്തെ ഇരുട്ടിലേക്ക് കണ്ണുകൾ ചേർത്ത് വെച്ച് നിരീക്ഷിച്ചിട്ടുണ്ട്. ഒരു നേർത്ത അനക്കം ആ എവിടെ എങ്കിലും കേൾക്കാനുണ്ടോ..?
പക്ഷെ ഇരുട്ടിൽ ഒന്നും വ്യക്തമായിരുന്നില്ല!

ശ്രീയേട്ടനും മക്കളും, ഓഫീസിലും സ്കൂളിലുമൊക്കെ പോയിക്കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു മ്ലാനത ആണ് വീട്ടിനുള്ളിൽ!
ജോലി ചെയ്യുമ്പോഴൊക്കെയും ആരോ തന്റെ പിന്നിലായി നിന്ന് തന്നെ നോക്കിനിൽപ്പുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങി.

അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കിയാൽ പക്ഷെ ഒന്നും തന്നെ കാണാനുമില്ല..!
ഒരുപക്ഷെ ഉള്ളിലെ ഭീതി കൊണ്ടായിരിക്കും ഇങ്ങനെ ഒക്കെ തോന്നുന്നത് എന്ന് സ്വയം സമാധാനിക്കും.

പക്ഷെ, ചില ഉച്ച മയക്കത്തിൽ അറയ്ക്കുള്ളിൽ നിന്ന് വല്ലാത്ത തട്ടും മുട്ടും കേൾക്കുമ്പോൾ ഞെട്ടിത്തരിക്കും! അതുകേട്ടു വീണ്ടും ഉറങ്ങാൻ തോന്നില്ല.

പഴയ വീടായത് കൊണ്ട് ഒരുപാട് എലിയും മരപ്പട്ടിയുമൊക്കെ കേറുന്നതാണ്.
അല്ലാതെ പൂട്ടിയിട്ട വീട്ടിനുള്ളിൽ ആര് കയറാനാണ് ?
ശ്രീയേട്ടൻ അതിനും സമാധാനം കണ്ടെത്തി.

പക്ഷെ ഒരു രാത്രിയിൽ കിടക്കാൻ ബെഡ് റൂമിലേയ്ക്ക് കയറുമ്പോഴാണ് അത് കണ്ടത്! വെളുത്ത ടൈൽസിന്റെ നിലത്ത് ചുവന്ന വൃത്തങ്ങൾ!!

മുന്നോട്ട് വെച്ച കാല് ഒരു ഞെട്ടലോടെയാണ് പിന്നോട്ട് വെച്ചത്. എല്ലാവരും അത് കണ്ട് ഒന്ന് ഭയന്നു. പക്ഷെ മച്ചിൽ നിന്ന് പൂച്ച,വല്ല ജന്തുക്കളെയോ മറ്റോ പിടിച്ചതാവും എന്ന് പറഞ്ഞു ശ്രീയേട്ടൻ അത് വളരെ നിസ്സാരമാക്കി.

ആരോടും ഇനി ഒന്നും പറയണ്ട എന്ന് അതോടെ തീരുമാനിച്ചു ..

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു!
പതിവുള്ള ഉച്ച മയക്കത്തിൽ വല്ലാത്തൊരു സ്വപ്നം കണ്ട് ഞെട്ടി ഉണർന്നതാണ്. കണ്ടത് കൃത്യമായിട്ട് ഓർത്തെടുക്കാൻ പറ്റുന്നുമില്ല. ആകെയൊരു ഭയാനകമായ ഇരുട്ടും, ഭയവും ഉള്ളിൽ അവശേഷിച്ചു.

വീണ്ടും കിടക്കാൻ തോന്നിയില്ല. കുട്ടികൾ എത്താൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്.

പൂമുഖത്തു ചെന്ന് നിന്നു, മുറ്റത്തു വീണു കിടന്ന വാടി തളർന്ന അരളിപ്പൂക്കളിലേയ്ക്ക് വെറുതെ നോക്കി നിന്നു..

“ശ്…”

പെട്ടന്ന് പിന്നിൽ കേട്ട ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് നോട്ടം പതിച്ചതും ഞെട്ടി പോയി.

നിലവറയുടെ ജനലഴികളിൽ പിടിച്ചു കൊണ്ട് ഒരാൾ!
മുടിയാകെ വളർന്നു ജടപിടിച്ചിരിക്കുന്നു!
കണ്ണുകളിൽ നിന്ന് തീയാളുന്നുണ്ടോ.. തന്റെ നേർക്ക് ഉള്ള നോട്ടത്തിൽ വല്ലാത്തൊരു ആർത്തി ഉണ്ട്!
അതോ കൊല്ലുന്ന തീക്ഷണതയോ??

ഭയപ്പാടോടെ ഓടി മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.

“എനിക്ക് ഇനി ഇവിടെ പറ്റില്ല. നമുക്ക് വേറെ വീട് നോക്കാം. ഇവിടെ എന്തൊക്കെയോ ഉണ്ട്, ഉറപ്പാണ്.”

അന്ന് ഉറങ്ങാൻ കിടന്നപ്പോഴാണത് പറഞ്ഞത്.തന്റെ സ്വരത്തിലെ ഉറപ്പ് കണ്ടാവണം അന്ന് ശ്രീയേട്ടൻ പക്ഷെ ഒന്നും മറുത്ത് പറഞ്ഞില്ല.

മിക്ക രാത്രികളിലും അറയുടെ വാതിൽ തുറന്നു കിടക്കുന്നതും, ബോധമില്ലാത്ത നിലയിൽ ഭാര്യയെ അതിനുള്ളിൽ കാണുന്നതും അയാളെയും ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

ഒരു ഉച്ച കഴിഞ്ഞ നേരത്താണ്, ഒരു വലിയ കുട്ടയും തലയിൽ വെച്ച് പതിവില്ലാതെ ഒരാൾ അവിടെ എത്തി.
വാതിൽക്കൽ നിന്ന് അമ്മാ എന്ന് വിളിക്കുന്നത് കേട്ടാണ് എത്തി നോക്കിയത്.
പ്രായം ചെന്ന ഒരു സ്ത്രീ തോളിലെ മാറാപ്പും തലയിലെ കുട്ടയും താഴെ വെച്ച് വിയർപ്പ് ഒപ്പി.

“അമ്മാ വല്ലാതെ ദാഹിക്കുന്നു. കുറച്ചു
വെള്ളം തരുമോ? ”
ഒരു സ്റ്റീൽ മൊന്ത നിറയെ കൊടുത്ത വെള്ളം കുടിച്ചിട്ട് അവർ ആകെയൊന്ന് സൂക്ഷിച്ചു നോക്കി.

“നിങ്ങൾ പുതിയ താമസക്കാരാണ് അല്ലേ?എന്താ മോൾക്ക് ഇവിടെ താമസിക്കാൻ ഭയം വല്ലതും തോന്നിയിട്ടുണ്ടോ?”

അത്ഭുതം തോന്നി. ഇതെങ്ങനെ മനസ്സിലായി.

“ഞാൻ പണ്ട് മുതലേ ഇവിടെയൊക്കെ വരുന്നതാണ്.അകത്തു പമ്മിയിരിക്കുന്നത് ചില്ലറക്കാരനൊന്നുമല്ല കേട്ടോ. എത്രയും പെട്ടന്ന് വേറെ വീട് എടുത്തു മാറിയില്ലെങ്കിൽ കുഴപ്പമാണ്.”

“അയ്യോ അതെന്താ?”

“അപ്പൊ ഒന്നും അറിഞ്ഞിട്ടില്ലേ ഇതുവരെ ?ഇവിടുത്തെ പയ്യനെ കാണാതായത് എങ്ങനെ ആണെന്നാ കരുതിയെ?”

ആകെ തല പെരുക്കുന്നു. ഇവര് എന്തൊക്കെയാണ് ഈ പറയുന്നത്?
ഇവിടുത്തെ ഏത് കുട്ടിയെയാണ്?

“അതേയ്,ഈ വീടിന്റെ ഉടമസ്ഥരുടെ മകന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.അവന് ഒരു മു സ്ലിം പെണ്ണുമായി ഇഷ്ടത്തിലായി.അവർ ഒളിച്ചോടാനായി തീരുമാനിച്ച രാത്രി മുതൽ പയ്യനെ ആരും കണ്ടിട്ടേയില്ല.

പെൺകുട്ടിക്ക് പോലും അറിയില്ല അവൻ എവിടെയാണെന്ന്!
പക്ഷെ നാട്ടുകാർക്ക് എല്ലാമറിയാവുന്ന ഒരു കാര്യമുണ്ട്.അവനെ ഈ വീടിന്റെ നിലവറയിൽ അന്ന് രാത്രി കൊന്ന് കുഴിച്ചു മൂടിയെന്ന് !
എന്നിട്ട് അവൻ നാട് വിട്ട് പോയെന്ന് എല്ലാവരോടും പറഞ്ഞു പരത്തുകയും ചെയ്‌തു..”

കേട്ടത് വിശ്വസിക്കാനാവാതെ വിയർപ്പ് പൊടിയുന്ന മുഖത്തോടെ അവരെ തന്നെ ഉറ്റുനോക്കി.

“അതിൽ പിന്നെ അവർക്കാർക്കും ഈ വീട്ടിൽ ഒരു നേരം പോലും അന്തിയുറങ്ങാൻ കഴിഞ്ഞിട്ടില്ല. അതല്ലേ അവര് ഇത്
വാടകയ്ക്ക് കൊടുത്തിട്ട് നാട് വിട്ട്
പോയത് തന്നെ.”

നിലത്തിരുന്ന കുട്ടയും തലയിലേയ്ക്ക് എടുത്തു വെച്ച് പോകാനൊരുങ്ങുമ്പോൾ അവർ കൂട്ടിച്ചേർത്തു.

“ഇവിടെ താമസിക്കാൻ വന്നവരൊന്നും ഒരു വർഷം തികച്ചും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കുഞ്ഞുങ്ങളെയും കൂട്ടി എത്രയും പെട്ടന്ന്
വീടൊഴിയാൻ നോക്ക്. എനിക്കും ഇതേ പ്രായത്തിൽ ഒരു മോളുള്ളത് കൊണ്ട് പറഞ്ഞതാണെന്ന് കരുതിയാൽ മതി..!”

അവർ പോയിക്കഴിഞ്ഞും തിരികെ അകത്തേയ്ക്ക് കയറാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവല്ലോ ഞാനും.
ഇപ്പൊ എല്ലാം വ്യക്തമായി.അറയ്ക്കുള്ളിൽ നിന്ന് അപശബ്ദങ്ങൾ കേൾക്കുന്നതിന്റെ പൊരുൾ ഇതാണ്.

കണ്ണ് തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആ രൂപം ഇത് തന്നെ.. എപ്പോഴും തന്നെ നിലവറയുടെ സമീപത്തേയ്ക്ക് ആരോ വിളിക്കുന്നത് പോലെ തോന്നി ഉറക്കത്തിൽ പോലും എത്ര വട്ടം അവിടെ പോയിരിക്കുന്നു.
മേലാകെ ഭയം സൂചി മുന പോലെ അരിച്ചു കയറുന്നു.

പേടിയോടെ ധൃതി പിടിച്ചു മുറിക്കുള്ളിൽ കയറി വാതിൽ കൊട്ടിയടക്കുമ്പോൾ ആരോ അകത്തേയ്ക്ക് ശക്തിയായി തള്ളുന്നുണ്ടായിരുന്നു.

“ഇല്ല, തുറക്കില്ല ”

“ഗായത്രി ഇത് ഞാനാണ് ”

ഹാവൂ ഏട്ടനാണ്!

“ഞാൻ ഇവിടുന്നു കുറച്ചു മാറി ഒരു വീട് കണ്ടു പിടിച്ചിട്ടുണ്ട്. നീ വിഷമിക്കണ്ട ”

അറിഞ്ഞ കാര്യങ്ങളൊക്കെ വിശദീകരിക്കുമ്പോൾ നിലവറക്കുള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്ന ഒച്ചയും ബഹളവും!! പേടിയോടെ ഏട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *