അതുകൊണ്ട് നിന്റെ ശരീരത്തിൽ ആർക്കും എന്തും ചെയ്യാം എന്ന മൗനാനുവാദം കൊടുത്തു അല്ലേ? ഇതായിരുന്നോ ഞാൻ ഇത്രയും നാൾ പറഞ്ഞു തന്നിട്ടുള്ളത്.

(രചന: ശാലിനി മുരളി)

ഇന്നും പതിവ് പോലെ രാവിലെ തന്നെ ശ്രുതി ഒരു വലിയ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
പെട്ടന്ന് അവൾ അസഹ്യമായ വേദന എടുത്തത് പോലെ വയറു രണ്ട് കൈകളും കൊണ്ട് അമർത്തി പിടിച്ചു കരയാൻ തുടങ്ങി. യൂണിഫോം ഇട്ട് പോകാൻ റെഡി ആയിവന്ന മകളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സാധന അമ്പരന്നു.

വയറു വേദന എടുക്കാൻ പ്രത്യേകിച്ച് ഒന്നുമിപ്പോൾ കഴിച്ചില്ലല്ലോ. രാവിലെ നിർബന്ധിച്ച് മൂന്ന് ഇഡ്ഡലിയും സാമ്പാറും കഴിപ്പിച്ചതാണ്. അതല്ലാതെ.. ഇല്ല ഒന്നും ഇല്ല. ഈയിടെയായിട്ട് സാധനയ്ക്ക് ചെറിയൊരു സംശയം തോന്നിത്തുടങ്ങിയിരുന്നു.

സ്കൂളിൽ പോകാനിറങ്ങുമ്പോൾ വല്ലാത്ത മടിയും അസ്വസ്ഥതയും ഒക്കെയാണ്.
ഹോം വർക്ക്‌ ഒന്നും പെൻഡിങ്ങിൽ ഇടാത്ത കുട്ടിയാണ്. എല്ലാ ലെസ്സണും ബൈഹാർട്ട് ആണ് അവൾക്ക്. അങ്ങനെയുള്ള ഒരു കുട്ടിക്ക് സ്കൂളിൽ പോകുന്ന ടൈമിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കുമോ?

അതായത് താൻ ഇനിയും അറിയാത്ത എന്തെങ്കിലും പ്രശ്നം അവൾക്കുണ്ടാവുമോ?
അങ്ങനെ ഒന്നുണ്ടെങ്കിൽ അത് അവളുടെ അമ്മയെന്ന നിലയിൽ തന്റെ ഏറ്റവും വലിയ പരാജയം ആയിരിക്കും.
എന്താണെങ്കിലും അത് കണ്ട് പിടിച്ചേ മതിയാവൂ..

പതിവ് സമയത്തു തന്നെ സ്കൂൾ ബസ് വീടിന്റെ വാതിൽക്കൽ എത്തി. അപ്പോഴേക്കും ശ്രുതിക്ക് ചൂട് വെള്ളം കൊടുത്ത് എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചിരുന്നു സാധന. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബസിൽ കയറി പോകുന്ന മകളെ തന്നെ അവൾ നോക്കിനിന്നു.

അന്ന് വൈകുന്നേരം സ്കൂളിൽ നിന്നെത്തിയ ശ്രുതി വാടിയ ചേമ്പിൻ താളുപോലെ തളർന്നിരുന്നു. മുഖത്തെ ഓജസ്സ് ഒക്കെ ചോർന്നു പോയത് പോലെ..

അവൾ ഡ്രസ്സ്‌ മാറാൻ അകത്തേയ്ക്ക് പോയ പിന്നാലെയാണ് സാധനയും ഒപ്പം തന്നെ മുറിയിലേയ്ക്ക് ഇടിച്ചു കയറിയത്. ശ്രുതി ആകെ അമ്പരന്നിരുന്നു. അമ്മ ഇങ്ങനെ ഈ നേരത്ത് കയറി വരാറില്ലല്ലോ. തന്നെ തുറിച്ചു നോക്കുന്ന മകളെ അവഗണിച്ചു കൊണ്ട് അവർ വാതിൽ ചേർത്തടച്ചു.

തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തിയിട്ട് അവളുടെ താഴ്ന്നു പോയ മുഖം തന്റെ കയ്യ്ക്കുള്ളിൽ എടുത്തു. എന്തോ കണ്ട് ഭയന്ന് പോയതുപോലെ ഉണ്ടായിരുന്നു അപ്പോഴവളുടെ മുഖം !

“എന്താ എന്റെ മോൾക്ക് പറ്റിയത്? എന്തുണ്ടെങ്കിലും അമ്മയോട് പറയാനുള്ള ഫ്രീഡം ഞാൻ തന്നിട്ടില്ലേ. പിന്നെ എന്തിനാ നീ എന്നോട് എല്ലാം മറച്ചു വെയ്ക്കുന്നത്?”

അമ്മയുടെ കൂർത്ത നോട്ടവും ചോദ്യവും അവളുടെ ഉള്ളിലെവിടെയോ തറച്ചു. ഹൃദയം മുറിഞ്ഞു ചോര പടരുന്ന നീറ്റൽ അവളറിഞ്ഞു. അമ്മ എന്ത് അറിഞ്ഞെന്നാണ്? ഞാൻ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ആരോടും.

വീണ്ടും കുനിഞ്ഞു തുടങ്ങിയ മുഖം സാധന അല്പം ബലത്തോടെ തന്നെ നേരെ പിടിച്ചുയർത്തി. അമ്മയുടെ കണ്ണുകളിൽ നോക്കാൻ കഴിയാതെ അവൾ ദൃഷ്ടി മറ്റെവിടെയോ കോർത്തു. തന്റെ മനസ്സിലുള്ളത് പലതും അമ്മ ഒരുപക്ഷെ കണ്ണുകളിൽ നിന്ന് വായിച്ചെടുത്താലോ..

നിശബ്ദയായി നിൽക്കുന്ന മകളുടെ ചുമലിൽ ഇത്തവണ അവർ ശക്തിയായി ഒന്ന് കുടഞ്ഞു.

“ഞാൻ നിന്റെ അമ്മയാണ്. കുറെ ദിവസങ്ങളായി നിന്റെ ഓരോ മാറ്റങ്ങളും ഞാൻ ശ്രദ്ധിക്കുന്നു. ഇങ്ങനെ ആയിരുന്നില്ല നീ മുൻപൊന്നും. സ്കൂളിൽ പോകാൻ എന്തുത്സാഹമായിരുന്നു.

സുഖമില്ലാതിരിക്കുമ്പോൾ പോലും സ്കൂളിൽ പോകണമെന്ന് വാശി പിടിച്ചിരുന്ന നിനക്ക് ഇതെന്തു പറ്റി മോളെ..? ശരീരത്തിന് എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം. ഇപ്പൊ തന്നെ.. ”

മുഖം ശക്തിയോടെ ഒന്ന് കുടഞ്ഞിട്ട് അവൾ പിറു പിറുത്തു.

“എനിക്ക് ഒന്നുമില്ല. ഒന്നുമില്ല..”

സാധനയ്ക്ക് വല്ലാത്ത നിരാശ തോന്നി. ഇത്രയും നാൾ ഒരു ഫ്രണ്ടിനെ പോലെയാണ് മകളോട് പെരുമാറിയിട്ടുള്ളത്. എന്നിട്ടും അവളെന്തെ തന്നോട് ഒന്നും പറയാൻ ഇഷ്ടപ്പെടുന്നില്ല. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് തന്നിൽ നിന്ന് ഒളിച്ചു വെയ്ക്കാൻ മാത്രം ഭീകരമായൊരു രഹസ്യംഎന്തെങ്കിലും ഉണ്ടായിരിക്കുമോ? മകളെ മുറിയിൽ ഉപേക്ഷിച്ച് സാധന ആലോചനയോടെ നടന്നകന്നു.

അന്ന് രാത്രിയിൽ അവൾ ഒരുപാട് ആലോചിച്ചു. ഭർത്താവിനോട് ഇതെക്കുറിച്ച് പറയണോ മകളുടെ ഇപ്പോഴത്തെ മാറ്റങ്ങൾ..
അല്ലെങ്കിൽ വേണ്ട, താനവളുടെ അമ്മയാണ്. തനിക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യമാണെങ്കിൽ നോക്കാം.

ആ നേരത്ത് തലയിണയിൽ മുഖം അമർത്തി കിടന്നു കണ്ണീരൊഴുക്കുകയായിരുന്നു ശ്രുതി !
ഇത് വരെ അമ്മയോട് ഒന്നും മറച്ചു വെച്ചിട്ടില്ല. എന്നിട്ടും ഇന്ന് അമ്മയുടെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിന്നു. ഇതെത്ര നാൾ സഹിക്കണം.
അമ്മ എപ്പോഴും പറയാറുള്ളതാണ് ഒരു കാര്യവും മറച്ചു വെയ്ക്കരുത്. എന്ത് കാര്യവും തുറന്നു സംസാരിക്കണം എന്നൊക്കെ. പക്ഷെ, ഇത് തന്നെക്കൊണ്ട് കഴിയുമോ?

ഓരോന്ന് ഓർത്തിട്ട് തല പെരുക്കുന്നുണ്ട്. അവൾ സങ്കടവും ദേഷ്യവും സഹിക്കാതെ തലയിട്ടുരുട്ടി. പിറ്റേന്ന് രാവിലെ സ്കൂളിൽ പോകാനൊരുങ്ങുന്ന മകളെ അവളറിയാതെ സാധന നിരീക്ഷിച്ചു കൊണ്ടിരുന്നു. ആർക്കോ വേണ്ടി എന്തോ ചെയ്യുന്നത് പോലെ. ബസ് വരാറായപ്പോൾ അവൾ ഇന്ന് എന്ത് അടവായിരിക്കും പ്രയോഗിക്കുക എന്ന ജാഗ്രതയോടെ കാത്തു നിന്നു.

പക്ഷെ സ്വാഭാവികമായ പെരുമാറ്റത്തോടെ അവൾ അന്ന് നല്ല കുട്ടിയായി സ്കൂൾ ബസിൽ കയറി പോയി. താൻ ഒരുപക്ഷേ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാരണത്താൽ ആണെന്ന് സാധനയ്ക്ക് ഉറപ്പുണ്ടായിരുന്നു.

മകൾ പോയ പിന്നാലെ അവൾ മൊബൈൽ ഫോണിൽ ചില നമ്പറുകൾ ഡയൽ ചെയ്യാൻ തുടങ്ങി. മകളുടെ ഏറ്റവും അടുത്ത ചില ഫ്രണ്ട്സിൽ നിന്ന് കിട്ടിയ വിവരങ്ങൾ കേട്ട് സാധന അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയിരുന്നു.

ഒരടി പോലും ചലിക്കാൻ കഴിയാത്ത വണ്ണം തളർന്നു പോയിരുന്നു. എന്ത് വേണമെന്ന് ഒരുപാട് തവണ തലപുകഞ്ഞ് ആലോചിച്ചു..
ഇപ്പൊ തന്നെ സ്കൂളിലേയ്ക്ക് ഒരുങ്ങിയിറങ്ങിയാലോ എന്ന ചിന്ത അവൾ പെട്ടെന്ന് തന്നെ തിരുത്തി.
വേണ്ട..

മകൾക്ക് ഒരവസരം കൊടുക്കണം. അവളാണ് ശബ്ദിക്കേണ്ടത്.
നിശബ്ദത പലപ്പോഴും പലതിലേയ്ക്കുമുള്ള അവസരങ്ങൾക്ക് വഴി വെട്ടുന്നു എന്നവൾക്ക് മനസ്സിലാക്കി കൊടുക്കണം.

അന്ന് ശ്രുതിക്ക് ഇഷ്ടമുള്ള നാലുമണി പലഹാരങ്ങൾ ഉണ്ടാക്കി സാധന കാത്തിരുന്നു. പതിവ് പോലെ വാടി തളർന്നെത്തിയ മകൾ അവളുടെ മുറിയിലേയ്ക്ക് കയറി വാതിൽ ചേർത്തടച്ചു. ബാഗ് മേശപ്പുറത്തേയ്ക്ക് അലക്ഷ്യമായി എറിഞ്ഞു.

നിലകണ്ണാടിയിൽ തന്റെ തെളിച്ചം കെട്ട മുഖത്തേയ്ക്ക് തന്നെ നോക്കി നിൽക്കവേ പിന്നിൽ അവളെ ഞെട്ടിച്ചു കൊണ്ട് അമ്മയുടെ
നിഴൽ രൂപം !

അമ്മയിവിടെ ഉണ്ടായിരുന്നോ?
സാധന സാവകാശം മകളെ തന്റെ അരികിലേയ്ക്ക് ചേർത്ത് പിടിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഇരുന്നു.

പിന്നെ അടഞ്ഞു പോയ ശബ്ദത്തിൽ ഒരേയൊരു ഒരു ചോദ്യം മകളുടെ നേർക്ക് എറിഞ്ഞു.

“അയാൾ നിന്നെ എന്തൊക്കെ ചെയ്‌തു?”

ഞെട്ടിത്തരിച്ച വണ്ണം അവൾ അമ്മയെ തുറിച്ചു നോക്കി.
അമ്മ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടാവുമോ? എങ്ങനെ അറിഞ്ഞു!
ഒട്ടും അയവില്ലാത്ത അമ്മയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി അവൾ യൂണിഫോമിന്റെ നൂലിഴകൾ കോർത്തു വലിച്ചു.

” ശ്രുതി… ഞാൻ നിന്നോടാണ് ചോദിച്ചത്? ഇനിയും നീ എന്നിൽ നിന്ന് ഒന്നും ഒളിച്ചു വെക്കേണ്ട. ഞാൻ ശിഖയോടും അപർണ്ണയോടും എല്ലാം ചോദിച്ചു കഴിഞ്ഞിരിക്കുന്നു.. ”

“സോറി അമ്മേ.. ഞാൻ പേടിച്ചിട്ടാണ് അല്ലാതെ അമ്മയോട് ഒന്നും ഒളിച്ചു വെച്ചതല്ല..
ആരോടെങ്കിലും പറഞ്ഞാൽ എക്സാമിന് തോൽപ്പിച്ചു കളയും എന്ന് സർ പറഞ്ഞു.. അതാണ് ..”

സാധനയ്ക്ക് രോഷം അടക്കാൻ കഴിഞ്ഞില്ല. ഉയർന്നു പോയ ശബ്ദത്തെ തടുക്കാൻ കഴിയാതെ മകളുടെ നേർക്ക് അവൾ അലറി.

“അതുകൊണ്ട് എല്ലാം ഒറ്റയ്ക്ക് സഹിക്കാം എന്നങ്ങു തീരുമാനിച്ചു അല്ലേ? അതുകൊണ്ട് നിന്റെ ശരീരത്തിൽ ആർക്കും എന്തും ചെയ്യാം എന്ന മൗനാനുവാദം കൊടുത്തു അല്ലേ? ഇതായിരുന്നോ ഞാൻ ഇത്രയും നാൾ പറഞ്ഞു തന്നിട്ടുള്ളത്.

അനുവാദമില്ലാതെ ആർക്കും സ്വന്തം ശരീരത്തിൽ സ്പർശിക്കാനുള്ള സ്വാതന്ത്ര്യം നല്കരുതെന്ന് പറഞ്ഞു തന്നിട്ടുള്ളത് ഇതിനായിരുന്നോ?
ഒരു പരീക്ഷയ്ക്ക് തോറ്റു പോയാൽ നിന്റെ മാനം ഇടിഞ്ഞു വീഴുമോ… അതുപോലെയാണോ
നിന്റെ ശരീരം. അതിന്റെ മാനം പോയാൽ പിന്നെ അത് തിരിച്ചെടുക്കാൻ കഴിയുന്നതാണോ..

നിന്റെ നാവിന്റ മൂർച്ച എവിടെ കൊണ്ട് കളഞ്ഞു നീയ്. എനിക്ക് നിന്നെക്കുറിച്ചു ഓർത്ത് ലജ്ജ തോന്നുന്നു. സ്വന്തം അച്ഛനായാൽ പോലും ആരെയും അനാവശ്യമായി ശരീരത്ത് ഒന്ന് തൊടാൻ പോലും അനുവദിക്കരുതെന്ന് എത്ര വട്ടം ഈ അമ്മ പറഞ്ഞു തന്നിട്ടുള്ളതാണ്.
എന്നിട്ടും നീ എല്ലാം എന്നിൽ നിന്നും മറച്ചു വെച്ചു തകർത്ത് അഭിനയിച്ചു. ഛെ ! നിന്നോടെനിക്കിപ്പോൾ വെറുപ്പാണ് തോന്നുന്നത് !”

അമ്മയുടെ മുന്നിൽ താൻ ചുരുങ്ങി ഇല്ലാതാവുന്നത് ശ്രുതി അറിഞ്ഞു. ഇനിയെന്തൊക്കെ പറഞ്ഞാലും അമ്മ തന്നെ വിശ്വസിക്കില്ല. എല്ലാം ആദ്യം മുതൽ തുറന്നു പറയേണ്ടതായിരുന്നു. എങ്കിൽ ഇന്ന് തനിക്ക് ഇങ്ങനെ കുറ്റവാളിയെ പോലെ അമ്മയുടെ മുന്നിൽ നിൽക്കേണ്ടിവരില്ലായിരുന്നു. ശ്രുതി അമ്മയുടെ മടിയിലേയ്ക്ക് തല ചേർത്ത് വെച്ചു കിടന്നു വിങ്ങിപ്പൊട്ടി.

കമ്പ്യൂട്ടർ ലാബിൽ നിന്ന് അപ്പോഴും ഒരു ബലിഷ്ഠമായ കൈ തന്റെ നെഞ്ചിനു നേർക്ക് നീണ്ടു വരുന്നുണ്ടെന്ന് തോന്നി.
അത് തന്റെ മാറിടങ്ങളെ കശക്കി ഞെരിക്കുമ്പോഴും ഭീഷണിയുടെ സ്വരം ഉള്ളിൽ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.
തനിക്ക് മാത്രമല്ല ശിഖയ്ക്കും അപർണ്ണയ്ക്കും എല്ലാം ഈയൊരു പീഡനം ഏൽക്കേണ്ടി വന്നപ്പോൾ സാറിനെതിരെ ഒരു കംപ്ലയിന്റ് കൊടുക്കാൻ പലവട്ടം ചിന്തിച്ചതാണ്.

പക്ഷെ, തന്നെക്കാൾ പേടി അവർക്കായിരുന്നു. എല്ലാ സബ്ജെക്ടിനും നല്ല മാർക്കുള്ളതാണ്. ഈയൊരു വിഷയത്തിനു മാത്രം തോറ്റുപോയാൽ വീട്ടിൽ നിന്ന് കിട്ടുന്ന വഴക്കിനെ കുറിച്ച് ഓർത്ത് തല്ക്കാലം എല്ലാം സഹിക്കാം എന്ന് തീരുമാനിച്ചതാണ് ഉപദ്രവം ഇത്രയും കൂടാൻ കാരണം എന്ന് ഇപ്പോഴാണ് മനസ്സിലായത്.

എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അമ്മയുടെ അടുത്തുണ്ടായിരുന്നിട്ടും…
ശ്രുതിക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ചില നേരത്തെ മൗനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

മകളുടെ കണ്ണു നീർ വീണ് തന്റെ മടിയാകെ നനയുന്നതറിഞ്ഞു സാധനയുടെ നെഞ്ചു വിങ്ങി. ആ കശ്മലൻ ഇനിയും അവിടെ അധ്യാപകൻ ആയിരിക്കാൻ ഒരു യോഗ്യതയുമില്ല. സ്കൂൾ അസംബ്ളിയിൽ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ നിർത്തി അയാളുടെ മുഖം മൂടി വലിച്ചു കീറണം.

ഇനിയും അയാളെ ഭയന്നു നിശബ്ദരായിരിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടായിരിക്കണം.
ഒരു നിമിഷം പോലും അയാളെ അവിടെ വെച്ചു വാഴിക്കാൻ അനുവദിക്കരുത്. അഭിമാനം ഓർത്ത് പലരും പലതും മിണ്ടാതിരിക്കുന്നതാണ് എല്ലാ ദുരന്തത്തിനും കാരണം.

മകളുടെ മുഖം പിടിച്ചുയർത്തി കണ്ണു നീർ തുടച്ചു കൊടുത്ത് അവൾ മകളെ ആശ്വസിപ്പിച്ചു..
ഈ പിഞ്ചു ദേഹത്ത് എവിടെയെല്ലാം അയാളുടെ ചവുണ്ട വിരലുകൾ വേദനിപ്പിച്ചിട്ടുണ്ടാവാം എന്ന ഞടുക്കത്തിൽ തെകട്ടി വന്ന പല ചോദ്യങ്ങളത്രയും അവൾ ഭയപ്പാടോടെ വിഴുങ്ങിക്കളഞ്ഞു.

“നാളെ മോൾക്കൊപ്പം അമ്മയും വരുന്നുണ്ട് സ്കൂളിലേയ്ക്ക്..”

ശ്രുതിയുടെ ഭയന്ന നോട്ടം കണ്ടില്ലെന്ന് നടിച്ചു സാധന മെല്ലെ മുറി വിട്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *