കാൽപ്പാടുകൾ തേടി
(രചന: Sarath Lourd Mount)
മരണത്തിന്റെ അവസാനവിനാഴികയിലായിരുന്നു സുരേഷിന്റെ കൈ ചേർത്ത് പിടിച്ച് ചെവിയിൽ അച്ഛൻ ആ രഹസ്യം പറഞ്ഞത്.
അവനെ കൂടാതെ മറ്റൊരു മകൾ കൂടി അച്ചന് ഉണ്ടെന്ന്, ഒരിക്കലും അവളെ കൈവിടരുതെന്ന്…..
അമ്മ നേരത്തെ പോയി… അച്ഛനും താനും മാത്രമുള്ള ആ വീട്ടിലേക്ക് അനിയത്തിക്കുട്ടിയായി അവളെ കൂട്ടിക്കൊണ്ട് വരാൻ…
എന്ത് കൊണ്ട് അച്ഛൻ മടിച്ചു എന്ന അവന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുൻപ് അയാളുടെ കണ്ണുകൾ അടഞ്ഞിരുന്നു.
ആരാണ് അവൾ???? അത് അച്ഛൻ പറഞ്ഞില്ലല്ലോ….
എങ്ങനെയാണ് കണ്ട് പിടിക്കുക??? ഉത്തരമില്ലാത്ത രണ്ട് ചോദ്യങ്ങൾ മനസ്സിൽ ചേക്കേറി..
സ്വന്തമെന്നു പറയാൻ ഈ ഭൂമിയിൽ തനിക്കിനി ആകെ ഉള്ളത് അച്ഛൻ പറഞ്ഞ ആ മകൾ മാത്രമാണ്. തന്റെ അനിയത്തിക്കുട്ടി…. കണ്ടുപിടിക്കണം എങ്ങനെയും…
അച്ഛന്റെ അന്ത്യകർമങ്ങൾ കഴിച്ച് തെക്കേതൊടിയിൽ അച്ഛൻ എരിഞ്ഞടങ്ങിയ ചിതക്കരികിൽ അവൻ നിന്നു.
നാട്ടുകാർ ഓരോരുത്തരായി പിരിഞ്ഞുപോയി, അവസാനം അവനും അച്ഛന്റെ ആത്മാവും മാത്രം ബാക്കിയായി.
ആരാ അച്ഛാ അവൾ???? ഉത്തരം ലഭിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും ആ ചിതയിലേക്ക് നോക്കി അവൻ ഒന്ന് കൂടി ചോദിച്ചു. കുറച്ചുനേരം കൂടി അവൻ ആ ചിതക്കരികിൽ നിന്നു.
അച്ഛന്റെ മുറിയിൽ തിരഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും കിട്ടിയേക്കാം മനസ്സിനുള്ളിൽ നിന്ന് ആരോ പറഞ്ഞപ്പോൾ പ്രതീക്ഷയോടെ അവൻ ആ മുറിയിലേക്ക് നടന്നു.
മുറിയാകെ നിറഞ്ഞു നിന്നിരുന്ന തൈലത്തിന്റെയും പലവിത മരുന്നുകളുടെയും ഗന്ധം പരിചിതമായത് കൊണ്ട് തന്നെ അവന് പുതുമ ഒന്നും തോന്നിയില്ല. അച്ഛന്റെ സാമിപ്യം തനിക്കൊപ്പം ഉള്ളപോലെ……
അച്ഛൻ ഉപയോഗിച്ചിരുന്ന മേശവലിപ്പിലും , പെട്ടിയിലുമെല്ലാം തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം.
അവസാനം പ്രതീക്ഷയറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളാണ് അവന്റെ കണ്ണുകൾ മൂലയിലായി കൂട്ടിയിട്ട പത്രപേപ്പറുകൾക്കിടയിലെ പഴകിയ ഒരു ബാഗിൽ പതിഞ്ഞത്.
ആ ബാഗ് തുറന്ന് പരിശോധിക്കുമ്പോൾ പ്രതീക്ഷക്ക് വകയെന്ന പോലെ മോളൂട്ടിക്ക് എന്നെഴുതിയ കുറച്ചു ലെറ്ററുകൾ മാത്രം അവന് കിട്ടി. അതിലെ അഡ്രസ്സ് തിരക്കിയായി പിന്നെ അവന്റെ യാത്ര…
ഓരോയിടത്ത് തിരക്കി അവസാനം ആ വീട് കണ്ട് പിടിച്ചപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു.
എന്നാൽ സന്തോഷത്തോടെ തന്റെ അനിയത്തിയെ കാണാൻ ചെന്ന അവന് അവിടെയും നിരാശ ആയിരുന്നു ഫലം.
അശ്രീകരം അവളുടെ അമ്മ ബാക്കി വച്ച കടത്തിന് പുറമെ ആ നാശത്തെയും ഞാൻ നോക്കണോ. എനിക്കറിയില്ല ഇന്നലെ അവളുടെ അമ്മ മരിച്ചു ലക്ഷങ്ങള എനിക്ക് തരാൻ ഉള്ളത് അതിന്റെ കൂടെ ആ പെണ്ണും എങ്ങോട്ടാ പോയതെന്ന് എനിക്ക് അറിയില്ല.
അവളുടെ അമ്മാവൻ എന്ന് സ്വയം വിശേഷിപ്പിച്ച ആ മനുഷ്യൻ ദേഷ്യത്തോടെ പറഞ്ഞു. അവളുടെ ഒരു ഫോട്ടോ എങ്കിലും കിട്ടുമോ എന്ന് ചോദിക്കുമ്പോളും നിരാശ ആയിരുന്നു മറുപടി.
അവളുടെ രൂപ ഭാവങ്ങൾ ചോദിച്ചറിഞ്ഞ് പ്രതീക്ഷയറ്റ് തിരിഞ്ഞു നടക്കുമ്പോൾ ഒന്ന് കൂടിയറിഞ്ഞു തന്റെ അനിയത്തിയുടെ പേര്.
മാളു…. ഏട്ടന്റെ മാളൂട്ടി പുഞ്ചിരിയോടെ അവൻ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടു.
എന്നാൽ എങ്ങനെ അവളെ കണ്ടെത്തും എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ലായിരുന്നു.
അവർ പറഞ്ഞ രൂപങ്ങൾ വച്ച് പലയിടത്തും തിരഞ്ഞു. എന്നാൽ ആ കുറുമ്പ് നിറഞ്ഞ, എപ്പോളും പുഞ്ചിരിക്കുന്ന, കുഞ്ഞിക്കണ്ണുകളുള്ള ചില മുഖങ്ങൾ കണ്ടെങ്കിലും അതിലൊന്നും തന്റെ അനിയത്തിയെ മാത്രം അവൻ കണ്ടില്ല….
ദിവസങ്ങൾ മുന്നോട്ട് നീങ്ങികൊണ്ടേയിരുന്നു അച്ഛൻ പോയിട്ട് ഇന്ന് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു, പലയിടത്തും തേടി നടന്നിട്ടും അച്ഛൻ തനിക്കായി ബാക്കിവച്ചുപോയ ആ കാൽപ്പാടുകൾ മാത്രം അവന് കണ്ടെത്താനായില്ല.
ആ ഞായറാഴ്ച്ച രാത്രി ഏറെ വൈകിയുള്ള തിരച്ചിലിനൊടുവിൽ തന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോളാണ് പെട്ടെന്ന് എന്തോ ഒന്ന് കാറിന്റെ മുന്നിലേക്ക് ചാടിയപോലെ അവന് തോന്നിയത്.
ബ്രേക്ക് ചവുട്ടി നിർത്തുമ്പോൾ വണ്ടി ചെറുതായി തട്ടിയ പോലെ തോന്നി.
ചെറിയൊരു ഭയത്തോടെ അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടിക്ക് മുന്നിൽ ഒരു പെൺകുട്ടി നിലത്ത് വീണ് കിടക്കുന്നു.
തലപൊട്ടി രക്തം ഒലിക്കുന്നുണ്ട്. ബോധം നശിച്ചു എന്ന് തോന്നുന്നു. ആ പെണ്കുട്ടിയെ കണ്ടപ്പോൾ അവന് ഓർമവന്നത് താൻ തേടി നടന്ന തന്റെ അനിയത്തിയെ തന്നെ ആയിരുന്നു.
പെട്ടെന്ന് തന്നെ അവളെ വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അടുത്ത ദിവസം കുട്ടിക്ക് ബോധം തെളിഞ്ഞിട്ടുണ്ട് എന്ന് നഴ്സ് വന്ന് പറഞ്ഞപ്പോൾ ആണ് അവനും സമാധാനമായത്.
പ്രതീക്ഷയോടെ അവൻ ആദ്യം തിരക്കിയത് അവളുടെ പേര് തന്നെ ആയിരുന്നു. എന്നാൽ അവന്റെ പ്രതീക്ഷക്ക് വിപരീതമായി അവൾ പാർവതി എന്ന് മറുപടി പറഞ്ഞപ്പോൾ അവന്റെ മനസ്സൊന്ന് തേങ്ങി.
എന്നാൽ അത് ആ കുട്ടി കാണാതിരിക്കാൻ അവൻ പരിശ്രമിച്ചു. വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് ആരുമില്ല എന്നവൾ മറുപടി പറഞ്ഞു.
തന്റെ കുഞ്ഞു നാളിൽ മരിച്ചുപോയ അച്ഛൻ അവൾക്ക് കേട്ടറിവ് മാത്രമായിരുന്നു. അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ അവൾ അറിയില്ല എന്ന് തലയാട്ടി.
അപ്പോളേക്കും ഡോക്ടർ അവിടേക്ക് വന്നിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ക്ഷതം ഉണ്ടെന്നും, റെസ്റ്റ് എടുക്കണമെന്നും, ഞരമ്പിൽ ക്ഷതം ഏറ്റത് കൊണ്ട് ചിലപ്പോൾ പഴയതൊക്കെ മറന്ന് പോയേക്കാം എന്നും അവർ പറഞ്ഞു.
എന്നാൽ അച്ഛന്റെയും മറ്റും കാര്യം അവൾ പറഞ്ഞു എന്ന് അവൻ ഡോക്ടറോട് തിരിച്ചും പറഞ്ഞു.
പേടിക്കാൻ ഒന്നുമില്ല റെസ്റ്റ് എടുത്താൽ മതി വീട്ടിലേക്ക് മാറ്റാം എന്ന് പറഞ്ഞ് ഡോക്ടർ തിരികെ നടന്നപ്പോൾ അവനൊന്ന് ചിന്തിച്ചു. എങ്ങോട്ട് ??? എങ്ങോട്ടാണ് അവളെ കൊണ്ട് പോകുക???
തന്റെ അനിയത്തിക്ക് പകരം ദൈവം തന്നതാകുമോ ഇവളെ??
ഇവളും തനിക്ക് അനിയത്തി തന്നെ അല്ലെ??? രക്തബന്ധം കൊണ്ട് മാത്രമേ സഹോദരങ്ങൾ ആകാവു എന്നുണ്ടോ???
ഉള്ളിൽ അലയടിച്ച ചോദ്യങ്ങൾക്കൊപ്പം പെണ്ണ് ഒറ്റക്കായാൽ അവളെ പിച്ചിച്ചീന്താൻ കാത്തിരിക്കുന്ന കഴുകൻ കണ്ണുകൾ കൂടി ഉള്ളിൽ നിറഞ്ഞപ്പോൾ…
അവളെ തന്റെ പെങ്ങളായി ഒപ്പം കൂട്ടാൻ തന്നെ അവന് പിന്നീടൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല..
ഏട്ടൻ എന്ന് വിളിക്കാൻ അവളെ പറഞ്ഞു പടിപ്പിക്കുമ്പോൾ അവൻ ശരിക്കും അവൾക്കൊരു ഏട്ടൻ തന്നെ ആകുകയായിരുന്നു…
ആ ഹോസ്പിറ്റൽ മുറിയിൽ നിന്ന് തന്റെ ജീവിതത്തിലേക്ക് അവളെ ഒപ്പം കൂട്ടി അവൻ അവിടെ നിന്നിറങ്ങി. പുതിയൊരു ജീവിതത്തിലേക്ക്……
മുൻപ് സുരേഷ് മാളുവിനെ തേടിച്ചെന്ന ആ ദിവസം…. അവൻ പോയി എന്നുറപ്പായപ്പോൾ ആ പഴയ തറവാട്ടിൽ ആ അമ്മാവനും അമ്മാവിയും തമ്മിൽ ഉള്ള സംഭാഷണം.
ആ ചെറുപ്പക്കാരൻ അവൻ ആരാണ്???
ആ സ്ത്രീ ചോദിച്ചപ്പോൾ അയാൾ അറിയില്ല എന്ന് തലയാട്ടി.
മനുഷ്യ ആരെന്ന് പോലുമറിയാത്ത ഒരുത്തനോടാണോ നിങ്ങൾ അവളുടെ പേരും നമ്മൾ ചെയ്തതൊക്കെയും പറഞ്ഞത്??
അവർ ദേഷ്യത്തോടെ ചോദിച്ചു.
എടീ അവൻ ആരായാലും നമുക്ക് എന്താ???
അവൻ അവളെ എവിടെ പോയി കണ്ടുപിടിക്കാൻ ആണ്???
പിന്നെ അവളുടെ പേര് മാളു എന്ന് നമ്മൾ വിളിച്ചിരുന്നത് അല്ലെ അവളുടെ ശരിക്കുള്ള പേര് അതല്ലലല്ലോ ???
പാർവതി എന്ന അവളുടെ രേഖകളിലുള്ള മറ്റുള്ളവർ വിളിച്ച് ശീലിച്ച പേര് പോലുമറിയാതെ
മാളു എന്ന പേര് മാത്രം വച്ച് അവൻ അവളെ എങ്ങനെ കണ്ടെത്താൻ ആണ്??? അയാൾ പുച്ഛത്തോടെ ചിരിച്ചു.
അയാൾ പറഞ്ഞത് ശരിയാണെന്ന് ഓർത്ത് ആ സ്ത്രീയും ആ ചിരിയിൽ പങ്കുചേർന്നു.
എന്നാൽ ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാവും എന്ന് അവർ ഓർത്തില്ല.
ആ സത്യം ഇനി കാലം തെളിയിക്കട്ടെ…
ചെറിയൊരു ആഘാതത്തിൽ അവൾക്ക് നഷ്ടമായ അവളുടെ ചില ഓർമകൾ തിരികെ വരുമ്പോൾ അവൻ അറിയും…
തനിക്കായി ദൈവം കാത്ത് വച്ച നിധിയെ തന്നെയാണ് കഴുകൻ കണ്ണുകളിൽ നിന്ന് താൻ ചേർത്ത് പിടിച്ചതെന്ന്, തനിക്ക് സ്വന്തമായും ഒരുവൾ ഉണ്ടെന്ന്……