ഈ അമ്മയെന്താ ഇങ്ങനെ?
(രചന: Sarya Vijayan)
മാറി കിടന്ന ഷാൾ ഒന്നുകൂടി നേരെയാക്കി ഒന്നും മിണ്ടാതെ മാളു അമ്മയോട് ചേർന്ന് നടന്നു.
“ഷാൾ നേരെ കിടന്നില്ല, അവിടെ നിന്ന ആണ്പിള്ളേരോട് മിണ്ടി തുടങ്ങിയ കാരണങ്ങൾ പറഞ്ഞു അമ്മ ഇന്നിനി വീട്ടിൽ ചെന്നാൽ സ്വസ്ഥത തരില്ല.”
കല്യാണത്തിരക്കിൽ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയുടെ ശ്രദ്ധ അതെന്നിൽ തന്നെ.
അമ്മയുടെ കൂടെ ഒരു കല്യാണത്തിന് പോകുന്നതിലും ഭേദം ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നതാണ്.
അമ്മയുടെ വിചാരം ഏതെങ്കിലും ആണ്പിള്ളേരോട് സംസാരിച്ചാൽ എന്തോ വലിയ അപരാധം ചെയ്തുവെന്ന.
അവിടെ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു. അമ്മയുടെ രൂക്ഷമായ നോട്ടം എന്നെ അതിനുള്ളിലേയ്ക്ക് തള്ളിയിട്ടു എന്ന് തന്നെ പറയാം.
അതിൽ ഇരുന്ന ഓരോ നിമിഷവും വീട്ടിൽ ചെന്നാൽ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടുന്ന വഴക്കും തല്ലും മാത്രമായിരുന്നു മനസ്സിൽ.
പേടിച്ചു പേടിച്ചു പെട്ടെന്ന് വീട്ടിൽ എത്തി. ഉണ്ണിയുടെ കൂടെ ഞാനും ഓടി വീട്ടിൽ കയറി.
അമ്മ പൈസ കൊടുത്തിട്ട് പിറകെ വന്നു.
അകത്തേയ്ക്ക് കയറിയപ്പോഴേ അമ്മ തുടങ്ങി.
“അല്ല ഇന്ന് എന്തായിരുന്നു അവിടെ?”
ഉള്ളിൽ തോന്നിയ പേടി പുറത്തു കാട്ടാതെ സാധാരണപോലെ.
“എന്താ അമ്മേ.”
“നിനക്കറിയില്ലേ” ഇല്ലാ എന്ന പോലെ നിസ്സഹായതയോടെ അമ്മയെ നോക്കി.
“അല്ലെങ്കിലും നിനക്കിപ്പോ കുറച്ചു കൂടിയിട്ടുണ്ട്. പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാട് ആട്ടമൊന്നും വേണ്ടന്ന് , ഇന്ന് ആ ഷാൾ..”
“അതമ്മേ കാറ്റടിച്ചപ്പോൾ…”
“പിൻ കുത്തിയാൽ അതവിടെ ഇരിക്കുമായിരുന്നല്ലോ?” അതൊന്നും ചെയ്യില്ല…”
കുറച്ചു മുടിയും വച്ചപ്പോൾ പിന്നെ നിലത്തൊന്നുമല്ല. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞു തന്നെയാ ഇങ്ങോട്ട് വന്നത്.”
അമ്മ നിർത്തുന്ന ലക്ഷണമില്ല. ഉള്ളിൽ വന്ന സങ്കടം ആണെങ്കിൽ കണ്ണീരായി പുറത്തു വന്നും തുടങ്ങി. നേരെ റൂമിൽ പോയി കിടന്നു.
ഒന്നും വിചാരിച്ചില്ല, ഇറങ്ങിയ സമയത്തു ഷാൾ നേരെ കുത്താൻ മറന്നു. കാറ്റടിച്ചപ്പോൾ അതൊന്നു പറന്നു അതിന് ഞാനെന്ത് ചെയ്യാനാ.
ഡിഗ്രി അഡ്മിഷൻ എടുക്കുമ്പോൾ ദൂരെ എവിടെങ്കിലും എടുക്കണം എന്നിട്ട് വല്ല ഹോസ്റ്റലിലും പോയി നിൽക്കണം ഈ കാരാഗ്രഹത്തിൽ നിന്നും മാറി.
ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയതറിഞ്ഞില്ല.
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഹോസ്റ്റലിന്റെ പടി കയറിയപ്പോൾ വിഷമം തോന്നിയെങ്കിലും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു.
പട്ടാളച്ചിട്ടയും സ്വാതന്ത്ര്യമില്ലായ്മയും ഇനി ഇല്ലല്ലോ.
സ്വന്തം ഇഷ്ടത്തിന് ഇതുവരെ ഭക്ഷണമോ? വസ്ത്രമോ? ഒന്നും കിട്ടിട്ടില്ല.
അമ്മയോടൊപ്പം കടയിൽ പോയാൽ അമ്മയ്ക്ക് ഇഷ്ടമുള്ളത് അമ്മ എടുത്തു തരും മിണ്ടാതെ അതും വാങ്ങി വരും. ഇഷ്ടമുള്ള ഭക്ഷണം വേണമെന്ന് പറഞ്ഞാൽ …
“ഇവിടെ ഇതൊക്കെ ഉള്ളൂ വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന് പറയും..”
ഇനിയിപ്പോ എല്ലാം എന്റെ ഇഷ്ടത്തിന് കഴിക്കാം, ഇഷ്ട്ടം പോലെ നടക്കാം ആരും ചോദ്യം ചെയ്യില്ല. ഹോസ്റ്റലിലേയ്ക്ക് മാറിയതിനാൽ ഒരു സ്മാർട്ട് ഫോണും കൂടി സമ്മാനമായി കിട്ടി.
ഹോസ്റ്റൽ ജീവിതം പകർന്നു തന്നത് മറ്റൊരു ലോകമായിരുന്നു. ക്ലാസ്സ് കഴിഞ്ഞു വൈകിട്ട് വന്നാൽ പിന്നെ ഇഷ്ടത്തിന് എന്തും ചെയ്യാം വേണമെങ്കിൽ പഠിക്കാം.
അല്ലെങ്കിൽ കിടന്നുറങ്ങാം
അങ്ങനെ പതിവ് പോലെ കോളേജിൽ പോയി വന്ന് ഫോണും എടുത്ത് കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുമ്പോഴാണ് ആദ്യമായി ആ നമ്പറിൽ നിന്ന് കോൾ വന്നത്.
പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വന്നാൽ എടുക്കരുത് എന്ന അമ്മയുടെ ഉപദേശം ഉള്ളിൽ ഉണ്ടെങ്കിലും.
എന്തോ? എടുത്താലെന്താ എന്ന ഉള്ളിലെ വാശി എന്നെ കൊണ്ട് ആ കോൾ എടുപ്പിച്ചു.
“ഹലോ…
ഇതുവരെ ഒരു ആണ്കുട്ടിയോടും സംസാരിക്കാത്തത് കൊണ്ടോ? എന്തോ?
ആ ഫോൺ കോളിലൂടെ ലഭിച്ചത് വല്ലാത്തൊരു സന്തോഷമായിരുന്നു.
പോക പോക എല്ലാ സന്തോഷവും വിഷമവും ആ ശബ്ദത്തോട് പങ്കു വച്ച് തുടങ്ങി.
ഫോണിൽ നിന്ന് ആ സൗഹൃദം പിന്നീട് വാട്ട്സാപ്പ് വഴി ഒരു പ്രണയം വരെ വന്നെത്തി.
പ്രണയം ശരീരത്തിന് ചൂട് പകർന്നു നൽകിയപ്പോൾ പലപ്പോഴും പല രൂപത്തിലുള്ള ചിത്രങ്ങളും പ്രണയ സമ്മാനമെന്നപ്പോൽ നൽകി.
ദിവസങ്ങൾ പോകേ.. ഒരിക്കൽ വന്ന മെസ്സേജ്.
അവൻ ആവശ്യപ്പെടുന്ന രീതിയിൽ ചെയ്തു കൊടുത്തില്ലെങ്കിൽ അവനായി മാത്രം അയച്ചു കൊടുത്ത മറ്റാരും കാണരുത് എന്ന് വാശി പിടിച്ച ഫോട്ടോസ് നെ റ്റിൽ പ്ര ചരിപ്പിക്കുമത്രേ.
എന്താ ചെയ്യുക ഒരു എത്തും പിടിയുമില്ല.
അച്ഛനോടോ അമ്മയോടോ പറയാൻ കഴിയില്ല. മ രിക്കാനാണെക്കിൽ പേടിയുമാണ്. ഇനി അവൻ പറയുന്നത് അനുസരിക്കുക അല്ലാതെ മറ്റു വഴികളില്ല.
പിറ്റേ ദിവസം അവനൊപ്പം അവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പടികൾ ചവിട്ടുമ്പോൾ വേഗത്തിൽ ഒരു ട്രെയിൻ ഇഴഞ്ഞു നീങ്ങുകയായിരുന്നു മനസ്സിൽ..
“മാളു”
ഉറക്കത്തിൽ നിന്ന് സാവിത്രി ഞെട്ടി ഉണർന്നു. പേടിച്ചു വിറച്ചു ദേഹമാസകലം വിയർപ്പു തുള്ളികൾ കൊണ്ട് നിറഞ്ഞു. തൊണ്ട വറ്റി വരണ്ടു.
കിടക്കയിൽ നിന്നെഴുന്നേറ്റു മാളുവിന്റെ റൂമിൽ ചെന്ന് അവളോട് ചേർന്ന് കിടന്നു.
ഞാൻ ശരിക്കും എന്റെ മോളോട് ചെയ്യുന്നത് തെറ്റ് തന്നെ.
സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുക്കാവുന്നതെ ഉള്ളൂ എങ്കിലും ഞാൻ വളർന്നു വന്ന സാഹചര്യത്തിൽ അമ്മമാർ ശാസിച്ചു വളർത്തിയാലേ പെണ്മക്കൾ നന്നാവു എന്നൊരു തോന്നൽ ഉള്ളത് കൊണ്ടോ എന്തോ?
ശാസനയുടെ രൂപത്തിലാണ് പലപ്പോഴും പലകാര്യങ്ങളും ഞാനെന്റെ മകൾക്ക് പറഞ്ഞു കൊടുക്കുക.
പക്ഷെ എന്നോടുള്ള ഒരു വാശി അവളിൽ ഉണ്ടായെങ്കിൽ ഞാൻ സ്വപ്നത്തിൽ കണ്ടത് പോലെ എന്തെങ്കിലും സംഭവിച്ചാൽ.
കണ്ണൊക്കെ നിറഞ്ഞു ഒന്നുകൂടി മാളുവിനോട് ചേർന്ന് കിടന്നു.
“ഭഗവാനെ ഞാൻ മാത്രമാണോ ഇങ്ങനെ അതോ എല്ലാ അമ്മമാരും ഇങ്ങനെയാണോ?”
അമ്മയുടെ സ്പര്ശനത്തിൽ ഉണർന്ന മാളു മനസ്സിൽ കരുതി. പകൽ മുഴുവൻ വഴക്ക് പറഞ്ഞു നടന്നിട്ട് രാത്രി ഇതുപോലെ വന്ന് കെട്ടി പിടിക്കും. “ഈ അമ്മയെന്താ ഇങ്ങനെ?”