അച്ഛനും മകളും കണ്ണിൽ നിന്ന് മറയും വരെ ലക്ഷ്മിയമ്മ വാതിൽപ്പടിയിൽ നോക്കി നിന്നു. കണ്ണിൽ കരടുകൾ കെട്ടിയ ബണ്ടുകൾ ആ കാഴ്ച്ചയിൽ മങ്ങലേല്പ്പിച്ചു.

വരനെ ആവശ്യമുണ്ട്
(രചന: Sarya Vijayan)

“പയ്യന് കുട്ടിയെ ഇഷ്ടമായില്ല, അതുകൊണ്ട് ഈ ബന്ധം വേണ്ട”.

തിരിച്ചെന്തെക്കിലും പറയും മുൻപേ മറുത്തലയ്ക്കൽ ഫോൺ കട്ട് ചെയ്തു.
സങ്കടത്തോടെ രാഘവൻ ഫോൺ വച്ചു ലക്ഷ്മിയെ നോക്കി .

“എന്താ ചേട്ടാ,അവർ എന്താ പറഞ്ഞത്”.

“അവർക്ക് നമ്മുടെ മോളെ ഇഷ്ടമായില്ലത്രേ”.

“ഇന്നലെ ആ കുട്ടിയുടെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയത് അവന് നൂറുവട്ടം സമ്മതം ആണ് എന്നായിരുന്നു, പിന്നെ ഇപ്പോ എന്താ. നമ്മൾ കൊടുക്കാം എന്ന് പറഞ്ഞത് കുറഞ്ഞു പോയോ”.

“എനിക്കൊന്നും അറിയില്ലെന്റെ ലക്ഷ്മി”.

രണ്ടുപേരും എന്ത് ചെയ്യണമെന്നറിയാതെ സെറ്റിൽ ഇരുന്നു.

ബുക്കും ഡ്രസ്സും വാരികെട്ടി ബാഗിൽ വെച്ചു.

“അച്ഛനോട് എത്ര തവണ പറഞ്ഞതാ വരുന്നില്ല എന്ന് നാളെത്തേയ്‌ക്കുള്ള സെമിനാർ ഇതുവരെ ഒന്നുമായിട്ടില്ല. ഇരുപത്തിരണ്ടു വയസ്സിൽ കെട്ടിച്ചു വിട്ടില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ?”.

കണ്ണാടിയിൽ നോക്കി മുടി ഒന്നു കൂടി ചീകി. എണ്ണ നിറഞ്ഞ മുടി വെളിച്ചം തട്ടി തിളങ്ങി.

“അമ്മാ…”

“എന്താ ദേവൂട്ടി “.

“ചായ എടുത്ത് വയ്ക്ക് .എനിക്ക് പോകാൻ സമയമായി”.

പത്തു മണിയ്ക്ക് ഹോസ്റ്റലിൽ എത്തണം. എങ്കിലേ ഈ വർക്ക് ഒക്കെ നാളെ സബ്മിറ്റ് ചെയ്യാൻ പറ്റു.
അതിനിടയിൽ ഒരു പെണ്ണു കാണാലും.

ബാഗും എടുത്ത് ഹാളിലേയ്ക്ക് നടന്നു. ബാഗ് സെറ്റിയിൽ വച്ച് അടുക്കളയിലേക്ക് ഓടി.

“ചായ എവിടെ അമ്മ?”.

“ഇന്നാ കുടിയ്ക്ക്”.

ലക്ഷ്മി മുഖം കൊടുക്കാതെ. പാത്രത്തിൽ ദോശ എടുത്തു ദേവിയ്ക്ക് നേരെ നീട്ടി.

ദോശ വാങ്ങി കഴിക്കുന്നതിനിടയിൽ.

“അമ്മ ഇന്നലെ വന്നവർ എന്ത് പറഞ്ഞു?നാളെ എങ്ങണം നടക്കുമോ എന്റെ കെട്ട്??”.

“നീ കളി പറഞ്ഞു നിൽക്കാതെ ഒന്ന് പോയെ,നിന്നെ സ്റ്റോപ്പിൽ ആക്കിട്ട് അച്ഛന് എവിടെയോ പോകണം”.

“ഓ..ശരി ശരി ഞാനൊന്നും ചോദിക്കുന്നില്ല”.

പാത്രം താഴെ വച്ച് കൈ കഴുകി നേരെ വന്ന് ബാഗ് എടുത്ത് .

“അപ്പൊ ശരി,ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞു വിളിപ്പിച്ചോണം,വെറുതെ സമയം കളയാൻ “.

“ഇല്ല പോയിട്ട് വാ”.

ലക്ഷ്മി ഒരു വിഷാദ ഭാവത്തിൽ യാത്ര പറഞ്ഞു.

ദേവി ഓടി അച്ഛന്റെ വണ്ടിയ്ക്ക് പിറകെ കയറി.

“അമ്മേ പോവാ”.

അച്ഛനും മകളും കണ്ണിൽ നിന്ന് മറയും വരെ ലക്ഷ്മിയമ്മ വാതിൽപ്പടിയിൽ നോക്കി നിന്നു. കണ്ണിൽ കരടുകൾ കെട്ടിയ ബണ്ടുകൾ ആ കാഴ്ച്ചയിൽ മങ്ങലേല്പ്പിച്ചു.

“മോളെ അച്ഛൻ ഒരു കാര്യം ചോദിച്ചോട്ടെ?”.

“എന്താ അച്ഛാ അച്ഛന്റെ ശബ്‌ദം എന്താ വല്ലാതെ ഇരിക്കുന്നത്?”.

“നമുക്ക് ആ ആലോചന വേണ്ട”.

“ഓ..അതാണോ അച്ഛന് വേണ്ടക്കിൽ പിന്നെന്തിനാ എനിക്ക്? വേണ്ട”.
“നിർത്ത് ദേ ബസ്സ് വന്നു”.

വണ്ടിയിൽ നിന്നിറങ്ങി ഓടി അവൾ ബസ്സിൽ കയറി. സൈഡ് സീറ്റിൽ ഇരുന്ന് കൈ വീശി അച്ഛന് യാത്ര പറഞ്ഞു.

ബസ്സ് കണ്ണിൽ നിന്ന് മറയും വരെ രാഘവൻ നോക്കി നിന്നു.

“അത് മുടങ്ങു മല്ലോ ,അതാണ് നല്ലത്”.
ദേവി സ്വയം പറഞ്ഞു.

ഓർമ്മകൾ അവളെ പിറകിലേയ്ക്ക് വലിച്ചു.

“ദേവൂട്ടി നീ എഴുന്നേൽക്കുന്നുണ്ടോ അവരിപ്പോ വരും”.

തുറക്കാൻ മടിച്ചു നിന്ന കൺപ്പോളകളെ ബലം പ്രയോഗിച്ചു തുറന്നു. പതുക്കെ പുതപ്പ് മുഖത്ത് നിന്ന് മാറ്റി.

“അവിടെയോ എനിക്ക് ഉറങ്ങാൻ പറ്റാറില്ല ഒന്ന് സ്വസ്ഥമായി ഉറങ്ങാനാ വീട്ടിലേയ്ക്ക് വരുന്നത്. അതിനും സമ്മതിക്കില്ല”.

“എന്റെ മോള് ഇന്ന് ഉറങ്ങിയത് മതി. അവർ കണ്ടിട്ട് പോകുമ്പോൾ നീ വന്ന് എത്ര വേണമെങ്കിലും കിടന്നുറങ്ങിക്കോ”.

“എങ്കിൽ അവര് വരുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം”.

അതുകേട്ട് ലക്ഷ്മിയമ്മ ദേഷ്യത്തോടെ പുതപ്പ് പിടിച്ചു വലിച്ചു. കൈപിടിച്ചെഴുന്നേല്പിച്ചു.

അമ്മയോട് ചിണുങ്ങി കുളിച്ചൊരുങ്ങി വന്നു.

“ദാ ഇത് ഉടുത്തോ”.

“ഓ..ഈ അമ്മയെ കൊണ്ട് തോറ്റു, വല്ല ചുരിദാറും ഇടേണ്ട ഇടത്തു ഈ സാരിയും വാരിചുറ്റി .എനിക്കൊന്നും വയ്യ”.

നിർബന്ധത്തിന് വഴങ്ങി നിന്ന് കൊടുത്തു. അമ്മ സാരി ഉടുപ്പിക്കുന്നതും നോക്കി ദേവി അങ്ങനെ നിന്നു.

“ഇന്നാ ഈ ഞൊറി ഒന്ന് പിടിയ്ക്ക് “.

“കണ്ടോ ഞാൻ പറഞ്ഞതാ ചുരിദാർ മതിന്ന്”.

ലക്ഷ്മി ഒന്ന് നോക്കി. അമ്മയുടെ കണ്ണിലെ നോട്ടം കണ്ട് കൈകൾ യാന്ത്രികമായി അവൾപോലുമറിയാതെ ഞൊറിയെടുത്തു.

“ലക്ഷ്മി ദേ അവർ വന്നു”.

“അവർ വന്നു അച്ഛൻ വിളിക്കുന്നു , ഞാൻ വിളിക്കുമ്പോൾ വന്നേക്കണം”.

“ഓ…വന്നേക്കാം”.

അമ്മ പോയ ശേഷം ദേവി ഒന്നു കൂടി കണ്ണാടിയിൽ നോക്കി.

ചുവന്ന സാരിയും മുല്ലപ്പൂവും അതിന് ചേർന്ന ആഭരണങ്ങളും അവളെ ദേവതയെ പോലെ തോന്നിപ്പിച്ചു.
അമ്മയ്ക്കൊപ്പം നടന്നു വന്ന് ഓരോരുത്തർക്കായി ചായ കൊടുത്തു.

ചെറുക്കന് ചായ കൊടുത്തപ്പോൾ കൂടെ ഉള്ള ബ്രോക്കർ പറഞ്ഞു.

“അതാണ് പയ്യൻ, നോക്കിക്കോളൂട്ടോ”.

ചായക്കപ്പ് പതുക്കെ അടുത്തേയ്ക്ക് നീക്കി. കപ്പിൽ നിന്ന് ചായ എടുക്കുന്ന ആ സെക്കൻഡിൽ പരസ്പരം ഒന്നു നോക്കി ചിരിച്ചു.

“നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ സംസാരിക്കണ്ടേ ,മോൻ അകത്തേയ്ക്ക് ചെല്ല്”. രാഘവൻ പറഞ്ഞു.

ഡൈന്നിങ് റൂമിൽ നിന്നിരുന്ന ദേവിയുടെ അടുത്തേയ്ക്ക് പതുക്കെ നടന്നു ചെന്നു.

“ഹലോ” പെട്ടെന്ന് അവൾ ഞെട്ടി തിരിഞ്ഞു.

“ഞാൻ അരുൺ. എഞ്ചിനീയർ ആണ് ബാംഗ്ലൂർ ജോലി ചെയ്യുന്നു”.

അവൾ ഒരു പുഞ്ചിരി നൽകി.

“താൻ ഒന്നും സംസാരിക്കില്ലേ, പേരെങ്കിലും പറയൂ”.

“ഹേയ് അങ്ങനെ ഒന്നുമില്ല,ദേവി”.

“ഓ..അപ്പൊ സംസാരിക്കും, സംസാരിക്കില്ലെങ്കിൽ വാട്ട്സ്സാപ്പ് നമ്പർ തരൂ ഞാൻ ടെക്സ്റ്റ് ചെയ്യാം”.

“എനിക്ക് വാട്ട്സ്സാപ്പ് ഇല്ല”.

“അൺഇൻസ്റ്റാൾ ചെയ്തതാകുമല്ലേ, സാരമില്ല ഫേസ്ബുക്ക് ഐഡി പറ”.

“എനിക്ക് ഫേസ്ബുക്കും ഇല്ല”.

“ഫേസ്ബുക്കും ഇല്ലേ ഇതുവരെ എടുത്തിട്ടില്ല”.

“ഇല്ല എന്തേ??”

“ഹോസ്റ്റലിൽ നിന്നൊക്കെ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഇതൊന്നും ഇല്ലെന്നോ ഞാൻ വിശ്വസിക്കില്ല”.

“സത്യം ഞാൻ ഇതുവരെ എടുത്തിട്ടില്ല. എനിക്ക് ഇഷ്ടമല്ല”.

ലക്ഷ്മിയമ്മ ചിരിച്ചു കൊണ്ട് അങ്ങോട്ടേയ്ക്ക് വന്നു.

“അരുൺ മോനെ വിളിക്കുന്നു”.

“ഒക്കെ ദേവി ബൈ ഇറങ്ങട്ടെ”.

യാത്ര പറഞ്ഞു അരുൺ നടന്നു നീങ്ങി.

“എങ്ങനെ ഉണ്ട് ?നിനക്ക് ഇഷ്ടപ്പെട്ടോ അരുൺ?”

“ഇത് ശരിയാകില്ല അച്ഛാ”.

“അതെന്താ നല്ല കുട്ടിയല്ലേ “.

“ഭംഗി മാത്രം നോക്കിയാൽ പോരല്ലോ സ്വഭാവം കൂടി നോക്കണമല്ലോ”.

“അതെന്താ അങ്ങനെ”.

“അവൾക്ക് ഫേ സ്ബുക്കും വാ ട്ട്സ്സാപ്പും ഒന്നുമില്ല അച്ഛാ. ഇപ്പോൾ ഇതൊന്നും ഉപയോഗിക്കാത്ത ആരുണ്ട്?.

അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവൾക്ക് ഉണ്ടായിരുന്ന അക്കൗണ്ട് കൈയ്യിലിരുപ്പ് കൊണ്ട് വീട്ടുകാർ ഡി ലീറ്റ് ചെയ്യിപ്പിച്ചതാകു.”

“അവൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാകും മോനെ”

“എങ്കിൽ ന്യൂ ജനറേഷൻ രീതിയിൽ ഏതെങ്കിലും ബന്ധം ഉണ്ടാകും. അല്ലാതെ വരില്ല. എന്തായാലും എനിക്കിത് വേണ്ട”.

“ഇപ്പോ എന്താ അവരോട് പറയുക ?”.

“നാളെ വിളിച്ച് ഇഷ്ടമായില്ല എന്ന് അച്ഛൻ പറഞ്ഞാൽ മതി”.

അച്ഛനും മകനും പറഞ്ഞ വാക്കുകൾ മുറ്റത്തെ മന്ദാരത്തിനും റോസാപൂക്കൾക്കുംഒപ്പം ഞാനും കേട്ടു.

“മാഡം ഒരു പത്രം വാങ്ങിക്കൂ”.

പത്രം വിൽപ്പനകാരൻറെ ശബ്‌ദം കേട്ട് ചിന്തയിൽ നിന്നുണർന്നു.
നിർബന്ധത്തിന് വഴങ്ങി ഒരു പത്രം വാങ്ങി.

ഞായറാഴ്ച് ദിവസത്തെ മാട്രിമോണിയൽ പേജ് മറിച്ചപ്പോൾ മനസ്സിൽ കരുതി. ഇവിടെ നിന്ന് ഒരു വരനെ കണ്ടെത്താം. പത്രപരസ്യത്തിൽ കൊടുക്കാനുള്ള വാക്യവും സ്വയം പറഞ്ഞു നോക്കി.

“വരനെ ആവശ്യമുണ്ട്.. ഫേ സ്ബുക്കും വാട്ട്സ്സാപ്പും ഇല്ലാത്തവർക്ക് മുൻഗണന”..

NB:- സോ ഷ്യൽ മീ ഡിയയിൽ ഇല്ലെങ്കിൽ പെൺകുട്ടികൾ കൊള്ളില്ല. രാത്രി 12 വരെ സോ ഷ്യൽ മീഡിയയിൽ കയറി ഇരുന്നാൽ അവൾ പോ ക്കു കേ സ്.

ശരിക്കും എന്താണ് തെറ്റ്?
പെൺകുട്ടിയായി ജനിച്ചതാണോ അവൾ ചെയ്ത തെറ്റ്? ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..

Leave a Reply

Your email address will not be published. Required fields are marked *