വാട്സാപ്പിൽ ദിവസോം ദിവസോം അവള് ഫോട്ടോ മാറ്റുന്നു. ഇവനിതൊന്നും കാണുന്നില്ലേ.. കുറച്ചു കഴിയുമ്പോൾ ഭാര്യ വല്ലവന്റെയും കൂടെ ഇറങ്ങിപ്പോകുമ്പോൾ പഠിച്ചോളും..

(രചന: ശാലിനി)

ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്.

“തന്റെ വൈഫ്‌ എഴുത്തുകാരിയാണല്ലേ..?

പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു പാത്രത്തിന്റെ തട്ടിലേയ്ക്ക് പകർന്നു വെയ്ക്കുകയായിരുന്നു അയാളപ്പോൾ.

സതീഷിന്റെ ചോദ്യം തന്നോടല്ലെന്നാണ് ആദ്യം അയാൾ കരുതിയത്. പക്ഷെ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന സുഹൃത്തിനെ കണ്ട് അയാളൊന്ന് ഞെട്ടി.
ചോദ്യം തന്നോടാണല്ലോ !!

“എഴുത്തുകാരിയോ.. ആരുടെ വൈഫ്‌ ..?”
“എടൊ, കീർത്തിയുടെ കാര്യം തന്നെയാണ് ഞാൻ ചോദിച്ചത്.. പുള്ളിക്കാരി വലിയ കഥാ കാരിയാണെന്നും,. ഫേസ്ബുക്കിലൊക്കെ ഒരുപാട് ആരാധകരുണ്ടെന്നും ഒക്കെയാണ് ശാന്തി പറഞ്ഞത്. ”

ശാന്തി, സതീഷിന്റെ വൈഫ്‌ ആണ്. അവർ രണ്ട് പേരും വലിയ കൂട്ടുകാരും ആണ്.
പക്ഷെ, ഇങ്ങനെ ഒരു കാര്യം താനിതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം!

സതീഷ്, അയാളുടെ പാത്രത്തിൽ നിന്ന് ഒരു അടമാങ്ങാ കഷ്ണം എടുത്തു വിനയന്റെ പാത്രത്തിലേയ്ക്ക് ഇട്ടു കൊടുത്തു ..

“പക്ഷെ, എഴുതുന്നത് മറ്റെന്തോ പേരിൽ ആണ് കേട്ടോ..അവളാ പേര് എന്നോട് സൂചിപ്പിച്ചതായിരുന്നു. പക്ഷെ, ഞാൻ അതങ്ങു മറന്ന് പോയി.
ഞാൻ വീട്ടിൽ ചെന്നിട്ട് അവളോട് ചോദിച്ചിട്ട് പറയാം..”.

തുറന്നു വെച്ച ടിഫിൻ ബോക്സിന്റെ മുന്നിൽ കഴിക്കാൻ പോലും മറന്ന് വിനയൻ വെറുതെ ഇരിക്കുന്നത് കണ്ട് സതീഷ് അയാളെ ഒന്ന് തട്ടി.

“ഏയ്‌, തനിക്ക് ഇതെന്തുപറ്റി..? ഞാൻ പറഞ്ഞത് ഓർത്തിരിക്കുവാണോ. അത് ഒരു നല്ല കാര്യമല്ലേ.. അതിനൊക്കെ ഒരു കഴിവും അനുഗ്രഹവും വേണം. ദേണ്ടെ, എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട്. ടിവി കാഴ്ച്ചയും, അയലത്തെ വീട്ടുകാരുടെ പരദൂഷണം പറച്ചിലും, പിന്നെ ഈ ചോറും കറിയും വെപ്പുമല്ലാതെ അവളെക്കൊണ്ട് ഒരു കൊണോം ഇല്ല.. താൻ ഭാഗ്യവാൻ ആണെടോ..

പറ്റിയാൽ പുള്ളിക്കാരിയുടെ കഥകൾ എല്ലാം പുസ്തകം ആക്ക്. ഇപ്പൊ അതാ ട്രെൻഡ്.
നല്ല കാശും കിട്ടും, പബ്ലിസിറ്റി വേറെയും.”

സതീഷ് തന്നെ ഒന്ന് കളിയാക്കിയതാണോ എന്ന് ഒരു നിമിഷം അയാൾ സംശയിച്ചു.. ഏയ്‌ ആവില്ല. അയാൾ ആത്മാർത്ഥമായിട്ടായിരിക്കും അത് പറഞ്ഞത്.
ഇഷ്ടപ്പെട്ട കറികൾ കണ്ടു വലിയ വിശപ്പോടെയാണ് കഴിക്കാൻ തുടങ്ങിയത്.

പക്ഷെ, കേട്ടതൊക്കെ വയറു നിറപ്പിക്കുന്നതായിരുന്നു ! ഇനി തന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും..
സഹോദരങ്ങൾ എല്ലാം പരിഷ്ക്കാരികളൊക്കെ ആണെങ്കിലും സ്വന്തം വീട്ടിൽ ഇത്തരം കാര്യങ്ങൾ ആരെങ്കിലും, പ്രത്യേകിച്ച് വന്നു കയറിയ സ്ത്രീകൾ ചെയ്യുന്നത് ഒട്ടും ദഹിക്കാത്തവരാണ്

ഒരു പുതിയ സ്മാർട്ട്‌ ഫോൺ അവൾക്ക് രണ്ടു മാസം മുൻപ് വാങ്ങി കൊടുത്തതിനു പറയാൻ
ഇനി ഒന്നുമില്ല. പെണ്ണുമ്പിള്ളയെ അഴിച്ചു വിട്ടേക്കുവാണ്..

വാട്സാപ്പിൽ ദിവസോം ദിവസോം അവള് ഫോട്ടോ മാറ്റുന്നു. ഇവനിതൊന്നും കാണുന്നില്ലേ..
കുറച്ചു കഴിയുമ്പോൾ ഭാര്യ വല്ലവന്റെയും കൂടെ ഇറങ്ങിപ്പോകുമ്പോൾ പഠിച്ചോളും..

എല്ലാം കേൾക്കെയും അല്ലാതെയും പറയുന്നത് കേട്ട് ടെൻഷൻ പിടിക്കുമ്പോൾ കീർത്തിയാകട്ടെ എത്ര നിസ്സാരമായിട്ടാണ് ഇതെല്ലാം കാണുന്നത്.

“വിനയേട്ടനായിട്ടല്ലേ ഇതൊക്കെ കേട്ട് കൊണ്ട് മിണ്ടാതെ നിൽക്കുന്നത്. സ്വന്തം ഭാര്യയെ മനസ്സിലാക്കിയിരുന്നെങ്കിൽ തിരിച്ച് അവരോട് പറയാമായിരുന്നു., എനിക്കെന്റെ ഭാര്യയെ വിശ്വാസമാണ്. അത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന്..”

ഇങ്ങനെ ഒക്കെ പറഞ്ഞവളുടെ ഉള്ളിൽ ഇത്തരം ഒരു മുഖം ഉണ്ടെന്ന് ഇന്ന് ആദ്യമായിട്ടാണ് തിരിച്ചറിയുന്നത്. അതും ആരെങ്കിലും ഒക്കെ പറഞ്ഞ്. ഇതിൽ പരം ഒരു പുരുഷന് അപമാനം വരാനുണ്ടോ ?

പെട്ടെന്ന് ഊണ് മതിയാക്കി എഴുന്നേറ്റു.

“അല്ലാ, വിനയൻ സർ ഇന്നെന്താ പതിവില്ലാതെ പെട്ടെന്ന് എഴുന്നേറ്റത്..?”

ക്ലാർക്ക് ശോഭന ആണ്.. വയറിനു നല്ല സുഖം തോന്നുന്നില്ല.. ”
അയാൾ പറഞ്ഞത് കള്ളമാണെന്ന് സതീഷിന് മാത്രമേ മനസ്സിലായുള്ളൂ.

അയാളും പെട്ടന്ന് ഊണ് മതിയാക്കി വിനയന്റെ പിന്നാലെ ചെന്നു.

“എടൊ താൻ ഇതിത്ര സീരിയസ് ആയിട്ടെടുക്കുമെന്ന് ഞാൻ കരുതിയില്ല. ഒന്നുമില്ലെങ്കിലും അയാൾ സ്വന്തം പേരിൽ അല്ലല്ലോ. ഒരു ഫേക്ക് ഐഡിയിൽ അല്ലെ. പിന്നെ തനിക്കെന്താ കുഴപ്പം..?

മറുപടി ഒന്നും നൽകാതെ വിനയൻ കയ്യ് കഴുകി പെട്ടന്ന് തന്റെ സീറ്റിലേയ്ക്ക് പോയി.

ഈശ്വരാ.. താനീ കാര്യം അയാളോട് പറഞ്ഞത് അബദ്ധമായോ. അയാൾ വീട്ടിൽ ചേന്ന് എന്തെങ്കിലും അവിവേകം കാണിക്കുമോ..? ച് ഛേ വേണ്ടായിരുന്നു ഭാര്യ പറഞ്ഞത് തന്റെ മനസ്സിൽ തന്നെ സൂക്ഷിച്ചാൽ മതിയായിരുന്നു..”

സതീഷിന് തന്റെ പ്രവൃത്തിയിൽ കുറ്റബോധം തോന്നി. ശാന്തി ഇതറിഞ്ഞാൽ എന്തൊക്കെ പറയുമോ??

അന്ന് വൈകുന്നേരം പതിവിലും നേരത്തെ വിനയൻ വീട്ടിൽ എത്തി.

അവൾ അല്പം താമസിച്ചാണ് ഗേറ്റ് തുറക്കാൻ എത്തിയത്. കയ്യിൽ മൊബൈൽ ഫോൺ!
കലിയടക്കി അയാൾ സ്കൂട്ടർ എരപ്പിച്ചു കൊണ്ടിരുന്നു.

“നീ ഇതുവരെ എന്തെടുക്കുവായിരുന്നു. ഞാൻ എത്ര നേരമായി ഗേറ്റിനു വെളിയിൽ നിൽക്കുന്നു. അതെങ്ങനെയാ ഏത് നേരവും ഫോണിനകത്തല്ലേ കളി. എല്ലാത്തിനും വളം വെച്ച് കൊടുക്കുന്ന എന്നെ പറഞ്ഞാൽ മതി.”

പതിവില്ലാതെ ചാടിത്തുള്ളുന്ന ഭർത്താവിനെ കണ്ട് അവൾ അമ്പരന്നു.
ഇന്ന് എന്ത് പറ്റിയോ . ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിക്കാണും. അല്ലെങ്കിൽ ഇങ്ങനെ ദേഷ്യപ്പെടുന്ന ആളല്ല വിനയേട്ടൻ.

ഫോൺ നോക്കുന്നതിനും കുറ്റമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചിലപ്പോഴൊക്കെ ചില കുത്തുവാക്കുകൾ കേൾക്കുമ്പോൾ വിഷമം തോന്നിപ്പോകും..
താനെത്ര ആത്മാർത്ഥമായിട്ടാണ് ഏട്ടനെ സ്നേഹിക്കുന്നത്.
എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ സംശയിക്കുന്നത്..

അവൾ ഓരോന്നും ചിന്തിച്ചു കൂട്ടി വിഷണ്ണയായി അടുക്കളയിലേയ്ക്ക് പോയി.
നല്ലൊരു ചൂട് ചായ കുടിച്ചാൽ ഈ ദേഷ്യമെല്ലാം പമ്പ കടക്കും.

ചായയും കൊണ്ട് വരുമ്പോൾ മുറിയിൽ ആളിനെ കണ്ടില്ല.
വരാന്തയിൽ ഫോണും നോക്കി നിൽക്കുന്നു..

“ഏട്ടാ ദേ ചായ..”
വിനയൻ അവളുടെ ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി.
ആ ഞെട്ടലും വിളർച്ചയും കണ്ടവൾക്ക് അതിശയമായി.
ആളിന്റെ കയ്യിൽ തന്റെ ഫോൺ ആണെന്ന് വല്ലായ്മയോടെ അവൾ തിരിച്ചറിഞ്ഞു..
ഒന്നും മിണ്ടാതെ അയാൾക്ക് ചായയും കൊടുത്തു തിരിഞ്ഞു നടന്നു.

ഏട്ടൻ വാങ്ങിച്ചു തന്ന ഫോൺ ! അത് നോക്കുന്നതിനു ഇത്രയും പരിഭ്രമിക്കേണ്ടതുണ്ടോ..?
അത് ഉപയോഗിക്കുന്ന തനിക്ക് പക്ഷെ ആ പരിഭ്രമം ഒന്നുമില്ല . എന്ത് വേണേൽ നോക്കട്ടെ.
അതിൽ പ്രത്യേകിച്ച് രഹസ്യങ്ങൾ ഒന്നുമില്ലല്ലോ..
ഉണ്ടെങ്കിലും അത് ഏട്ടനെ ബാധിക്കാത്തതുമാണ്.
പിന്നെയെന്താ..!

ഒരല്പം കഴിഞ്ഞതും വിനയൻ അവളോട് ഒരക്ഷരം മിണ്ടാതെ സ്കൂട്ടർ എടുത്തു ധൃതിയിൽ പുറത്തേക്ക് പോകുന്നത് കണ്ടു..

എന്തായിരിക്കും സംഭവം??
തന്നെ സംബന്ധിക്കുന്ന എന്തെങ്കിലും ആയിരിക്കുമോ.?

ഏയ്‌ .. രാവിലെ ജോലിക്ക് പോകുന്നത് വരെ വളരെ സന്തോഷത്തിൽ ആയിരുന്നല്ലോ ആള് !
പോകാൻ നേരം പതിവുള്ള യാത്ര പറച്ചിലും, കവിളിൽ ഒരു ഉമ്മയും തന്നതുമാണ്.
പിന്നെ ഇത്രയും നേരം കൊണ്ട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക ??

അവളാകെ ചിന്താക്കുഴപ്പത്തിൽ ആയി.

മക്കൾ സ്കൂളിൽ നിന്ന് വന്നു എന്തൊക്കെയോ വിശേഷങ്ങൾ വാ തോരാതെ പറയുന്നുണ്ടായിരുന്നു. പക്ഷെ, മനസ്സ് അവിടെങ്ങും ആയിരുന്നില്ല.
പോയ ആളിനെ കാണാനുമില്ല..

സന്ധ്യയ്ക്ക്, മേല് കഴുകി വന്നു. വിളക്ക് കൊളുത്തി വെച്ച് കുട്ടികളെ നാമം ചൊല്ലാൻ വിളിച്ചിരുത്തി..

ഓഫീസിൽ നിന്ന് വന്നാൽ പിന്നെ എന്തെങ്കിലും വീട്ടിലേക്ക് വാങ്ങാൻ അല്ലാതെ പുറത്തേയ്ക്ക് പോകാത്ത ആളാണ്.. മൊബൈലിൽ രണ്ട് മൂന്ന് തവണ വിളിച്ചു നോക്കി.
പക്ഷെ, സ്വിച്ചഡ് ഓഫ്‌ ആണ് !
താനും കുഞ്ഞുങ്ങളും മാത്രം വീട്ടിൽ ഉള്ളപ്പോൾ ഫോൺ ഒരിക്കലും ഓഫ്‌ ചെയ്തു വെയ്ക്കാറില്ല..

മക്കൾക്കരികിൽ ഇരുന്നു പാഠങ്ങൾ പറഞ്ഞു കൊടുക്കാനുള്ള മൂഡ് ഇല്ലായിരുന്നു..
അവൾ വേപഥുവോടെ സിറ്റൗട്ടിൽ തന്നെ തറഞ്ഞു നിന്നു.

പുള്ളിയുടെ സുഹൃത്തുക്കളുടെ ആരുടെയും ഫോൺ നമ്പറും കൈവശമില്ല. അതൊന്നും ഏട്ടന് ഇഷ്ടവുമല്ല . നീ അവരുടെ നമ്പറൊക്കെ സൂക്ഷിച്ചു വെയ്ക്കേണ്ട കാര്യമില്ല എന്നാണ് പറച്ചിൽ.

പിന്നെ ഉള്ളത് ശാന്തിയുടെ നമ്പർ ആണ്. അവളുടെ ഹസ്ബൻഡ് സതീഷ് ഏട്ടന്റെ ഓഫീസിൽ ഒന്നിച്ചു വർക്ക്‌ ചെയ്യുന്ന ആളാണ് .. ഒരുപക്ഷെ, ശാന്തിയെ വിളിച്ചാൽ ആളിനെ പറ്റി എന്തെങ്കിലും വിവരം തരാൻ കഴിഞ്ഞേക്കും.

അവൾ പെട്ടെന്ന് ശാന്തി സതീഷ് എന്ന നമ്പറിലേയ്ക്ക് കാൾ ചെയ്തു.
ശ്ശോ, എന്ത് കഷ്ടമാണ്. അതും സ്വിച്ചഡ് ഓഫ്‌ !!
ഇവർക്കൊക്കെ ഇതെന്തു പറ്റി?

പെട്ടെന്ന് ആണ് സ്കൂട്ടറിന്റെ ഒച്ച കേട്ടത്. അവൾ ഇറങ്ങാൻ ഭാവിച്ചതും,
മോൻ ഓടിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു.
സ്കൂട്ടർ കയറ്റി വെച്ചിട്ട് ആള് ആടിയാടി വരുന്നത് കണ്ട് അവൾ ഞെട്ടിപ്പോയി.
പതിവില്ലാതെഈ വീട്ടിൽ ഇതെന്തൊക്കെയാണ് ഈശ്വരാ നടക്കുന്നത്..?

കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല.. വിവാഹത്തിന് ശേഷം മദ്യം ഉപയോഗിക്കാത്ത ആളാണ്!
അവൾ അവിടെ നിൽക്കുന്നത് കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഇടറുന്ന കാലുകളോടെ
അയാൾ കട്ടിലിലേയ്ക്ക് വേച്ചു വീണു.

കുട്ടികൾ അച്ഛനെ കണ്ട് വിരണ്ടിരിക്കുന്നു !
പെട്ടന്ന് അവർക്ക് രണ്ടാൾക്കും ചോറ് വിളമ്പിക്കൊടുത്തു.

“പെട്ടെന്ന് കഴിച്ചിട്ട് പോയി കിടക്ക്..”
മോൾ ചോദ്യഭാവത്തിൽ അവളെ നോക്കി.
ഒന്നുമില്ലെന്ന് കണ്ണടച്ചു.

വിശപ്പ് ചത്തിരുന്നു. കുടിച്ചു വയറു നിറപ്പിച്ച ആൾക്ക് ഇനി ചോറ് ഇറങ്ങുമോ എന്തോ..
വിളിക്കാൻ ചെന്നാൽ ചീത്ത വിളിച്ചെങ്കിലോ എന്ന് ഭയന്ന് അവൾ എല്ലാം അടച്ചു ഫ്രിഡ്ജിൽ
വെച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു.

കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന ആളിനെ നോക്കി ഇരിക്കുമ്പോൾ കരച്ചിൽ വന്നു മുട്ടി.
എന്ത് കാര്യമുണ്ടെങ്കിലും തന്നോട് പറയുന്നത് ആണ്. ഇതിപ്പോൾ എന്തായിരിക്കും കാരണം?

അവൾക്ക് എത്ര ചിന്തിച്ചിട്ടും ഒരുത്തരവും കിട്ടിയില്ല.
കണ്ണ് നീരോടെ അവളും കട്ടിലിന്റെ ഇത്തിരിയുള്ള ഇടത്തോട്ട് ചുരുണ്ടു കൂടി.

എപ്പോഴോ ദുർബലമായൊരു ഉറക്കത്തിലേയ്ക്ക് അവൾ വീണ് പോയി..
അപ്പോഴാണ് ഒരലർച്ച !

“എടീ മോഹിനീ..എഴുന്നേൽക്കെടീ..”

പിടഞ്ഞ് എഴുന്നേൽക്കുമ്പോഴും ആ വിളിപ്പേരാണ് അവളെ ഞെട്ടിച്ചത് !

മോഹിനി !!
“എന്താടീ പേടിച്ചു പോയോ പേര് കേട്ട്.. ആരാടീ മോഹിനി. പറയെടീ..”

അയാളുടെ കയ്യിൽ അവളുടെ ഫോൺ അപ്പോഴാണ് കണ്ടത്.

“നീയാരാടീ മാധവിക്കുട്ടിയോ..നീ എന്നെ വിറ്റ് കാശു വാങ്ങിക്കും അല്ലെടീ. നിനക്ക് എഴുതാൻ എന്റെയും എന്റെ വീട്ടുകാരുടെയും കഥയെ കിട്ടിയൊള്ളോ എരണം കെട്ടവളെ. നിനക്കിത് വാങ്ങി തന്നപ്പോൾ മുതൽ എന്റെ വീട്ടുകാരുടെ
പഴി ഞാൻ കേൾക്കുന്നതാണ്.. എനിക്കിത് തന്നെ വരണം.
ഇനിയീ ഫോൺ ഉണ്ടെങ്കിലല്ലേ നീ വിശ്വ സാഹിത്യം എഴുതൂ..
ഇതിന്ന് ഞാൻ കാണിച്ചു തരാം.. ”

അയാൾ ആ മൈബൈൽ ഫോൺ നിലത്തേയ്ക്ക് എറിഞ്ഞു പൊട്ടിക്കാൻ ഭാവിച്ചതും
അവൾ അയാളുടെ കയ്യിൽ കടന്നു പിടിച്ചു.

“അയ്യോ ഏട്ടാ അരുത്..അത് നശിപ്പിച്ചു കളയരുത്
കഥ എഴുതുന്നത് കുറ്റമാണോ..?
അതും ഞാൻ എന്റെ സ്വന്തം പേരിൽ അല്ലല്ലോ..
പിന്നെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..?”

അവൾ അയാളെ തണുപ്പിക്കാൻ ശ്രമിച്ചു..

“ഞാൻ കഥയല്ലേ എഴുതുന്നുള്ളൂ. അല്ലാതെ ആരോടും ഫോണിലൂടെ കൊഞ്ചിക്കുഴയുകയല്ലല്ലോ. എല്ലാവരും പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക് എത്ര നേരമാണ് ടിവി കാണുന്നതും ഉറങ്ങുന്നതും. പണ്ട് കോളേജിൽ പഠിക്കുമ്പോൾ വല്ലതുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു. അതൊക്കെ ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണല്ലോ.

ഇപ്പോൾ എനിക്ക് അറിയാവുന്ന ഒരു കാര്യം ചെയ്യുന്നത് തെറ്റാവുന്നത് എങ്ങനെ ആണേട്ടാ.
ഞാൻ ആരുടെയും കുറ്റങ്ങളല്ല എഴുതുന്നത്..
ചുറ്റും കാണുന്ന ചിലരിലെ നന്മയും തിന്മയും എഴുതുന്നു..

അതിത്ര വലിയ കുറ്റമാണെങ്കിൽ ആ ഫോൺ എറിഞ്ഞങ്ങു പൊട്ടിച്ചേക്ക്..
പിന്നെ, ഞാൻ എന്തുകൊണ്ടാണ് സ്വന്തം പേരോ പ്രൊഫൈൽ ഫോട്ടോയോ വെയ്ക്കാതെ
ഒരു ഫേക്ക് ഐഡിയിൽ എഴുതുന്നത് എന്നറിയാമോ..
അത് നിങ്ങൾക്ക് ഇഷ്ടമില്ലെന്ന് അറിയാവുന്നത് കൊണ്ട്..

എന്റെ കുടുംബ സമാധാനത്തിന് വേണ്ടി..
ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ലെന്നുറപ്പുള്ളത് കൊണ്ട്.
അവിടെ എനിക്കെന്തും എഴുതാൻ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട്.

എനിക്കെന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളെങ്കിലും സാധിക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നെങ്കിൽ എന്റെ സ്വന്തം പേരിൽ ഞാനൊരു എഴുത്തുകാരി ആയേനെ..
അറിയുമോ..? ന്നിട്ട് ഇപ്പൊ ആരോ എന്തോ പറഞ്ഞത് കേട്ട് ചോദ്യം ചെയ്യാൻ വന്നേക്കുന്നു..?”

അവളുടെ ഉറക്കെയുള്ള പ്രഖ്യാപനങ്ങൾ കേട്ട് അയാൾ അന്തം വിട്ടിരുന്നു..
ഇവളുടെ ഉള്ളിൽ ഇത്രയൊക്കെ കാലുഷ്യങ്ങൾ ഉണ്ടായിരുന്നോ…
തന്നിൽ നിന്ന് വീണു കിട്ടുന്ന പലതും ഇവൾ കഥയാക്കി മാറ്റിയിരിക്കുന്നു !

വൈകിട്ട് സതീഷിന്റെ വീട്ടിൽ പോയി അവന്റെ ഭാര്യയുടെ ഫോണിൽ ഇവളുടെ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു ചെക്ക് ചെയ്തപ്പോഴല്ലേ അറിയുന്നത് ഇവളിത്രയൊക്കെ എഴുതുമായിരുന്നു എന്ന്..
കൂടെ പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ഒന്നുമറിയാതെ പോയ വിഡ്ഢിയാണ് താൻ. അവൾ തന്നെ പറ്റിക്കുകയായിരുന്നു എന്ന ഓർമ്മയിൽ ഓടിച്ചെന്ന് അവളുടെ കരണം പുകയ്ക്കാനാണ് തോന്നിയത്.. പക്ഷെ, ശാന്തി പറഞ്ഞത് കേട്ട് ഒന്നടങ്ങി.

“കീർത്തി എഴുതുന്ന കാര്യം മറ്റാർക്കും അറിയില്ല. പിന്നെ എന്തിനാണ് ഇത് ഇത്ര ഇഷ്യു ആക്കുന്നത്. നമുക്ക് അറിയാവുന്ന എത്രയോ പേര് ഒരുപക്ഷെ മറ്റൊരു പേരിൽ ഇതുപോലെ എഴുതുന്നില്ലെന്ന് എന്താണ് ഉറപ്പ്. അതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. ഈയൊരു ഇഷ്ടമെങ്കിലും അവൾക്ക് അനുവദിച്ചു കൊടുത്തൂടെ..”

അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങിയതാണ്. പോകുന്ന വഴി ബാർ എന്നെഴുതിയ പ്രകാശിക്കുന്ന വലിയ അക്ഷരങ്ങളിലേയ്ക്ക് നോക്കി ഒരു നിമിഷം നിന്നു. ജീവിതത്തിൽ ഇന്നേവരെ മദ്യപിച്ചിട്ടില്ല. ഇനിയും അത് വേണോ? അയാൾ സ്കൂട്ടർ എങ്ങും നിർത്താതെ നേരെ വീട്ടിലേക്ക് വിട്ടു..

അവളെ ഒന്ന് ഭയപ്പെടുത്താനായി കുഴയുന്ന കാലുകളോടെ കയറി ചെന്നു. അത് ഏതായാലും ഫലിച്ചു. ആൾ ശരിക്കും വിരണ്ടിട്ടുണ്ട്.വിനയൻ ഉള്ളിലെ ചിരി പുറത്ത് കാട്ടാതെ നിന്നു.

അവൾ കട്ടിലിന്റെ ഓരത്ത് ഒരു പുഴുവിനെ പോലെ ചുരുണ്ടു കൂടി..
ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജീവിതമായിപ്പോയല്ലോ തന്റേത്..
ഒരുപാട് തുടർ കഥകൾ പൂർത്തിയാകാത്തത് ഉണ്ട്. അതിന്റെയൊക്കെ ബാക്കിയെവിടെ എന്ന് തിരക്കുന്നവരോട് എന്ത് മറുപടി കൊടുക്കും..
മോഹിനി എന്ന എഴുത്തുകാരി മരിച്ചു പോയെന്നോ..!
ഓർത്തപ്പോൾ ഉള്ളു പിടച്ചു.

മുറിക്കുള്ളിലപ്പോൾ ഇരുട്ടായിരുന്നു . ആ ഇരുട്ടിലൂടെ ഒരു കൈ അവളെ ചുറ്റിപ്പിടിച്ചു..
മോഹിനീ…
പിൻകഴുത്തിൽ അയാളുടെ നിശ്വാസം! ഒപ്പം കാതിലേക്ക് ചുണ്ട് ചേർത്ത് വെച്ച് ഒരു മൃദു മന്ത്രണം!

“മോഹിനി എന്ന പേര് ഇനി വേണ്ട കേട്ടോ.. നിന്റെ സ്വന്തം പേര് തന്നെ വെച്ചോ.,
കീർത്തി..
അല്ല കീർത്തി വിനയൻ എന്ന്.”

കേട്ടത് സ്വപ്നം പോലെയാണ് തോന്നിയത്.. അവൾ ശ്വാസം അടക്കിപ്പിടിച്ചു.

“ഞാൻ നിന്റെ എല്ലാ കഥകളും വായിച്ചു.. മനോഹരമായിട്ടുണ്ട് എല്ലാം.
സതീഷ് പറഞ്ഞത് പോലെ എല്ലാം നമുക്ക് ഒരു പുസ്തകമാക്കണം.
എന്താ..?”

ഒന്നും പറയാനില്ലാതെ ഒരു വിതുമ്പലോടെ അവൾ അയാളെ കെട്ടിപ്പിടിച്ചു..

“സോറി പെണ്ണെ, പെട്ടെന്ന് അതൊക്കെ കേട്ടപ്പോൾ ഞാൻ ഒന്നുമല്ലാതായിപ്പോയി. ഒരു വാക്ക് നിനക്ക് എന്നോട് പറയാമായിരുന്നു എന്ന് തോന്നിപ്പോയി. അതാണ് പറ്റിയത്..
നിന്റെ സ്വാതന്ത്ര്യം ഞാൻ ഇല്ലാതാക്കുന്നില്ല, പോരെ..?”

അവൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അയാളുടെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു.

“അപ്പോഴാ മോഹിനിയെ ഇനിയെന്ത് ചെയ്യും??”

“പാവത്തിനെ , വെറുതെ വിട്ടേക്കാം അവളെവിടെയെങ്കിലും പോയി ജീവിച്ചോട്ടെ..”

അവൾ അറിയാതെ ചിരിച്ചു പോയി. കൂടെ അയാളും.
അവരുടെ പൊട്ടിച്ചിരിയാൽ ആ രാത്രി മധുര മനോഹരമായി.

Leave a Reply

Your email address will not be published. Required fields are marked *