ജീവിതത്തിൽ ആദ്യമായി മുല്ലപ്പൂവ് ചൂടി, പട്ടു പാവാട ഉടുത്ത് കോളേജിൽ പോയതിൻ്റെ അടുത്ത ദിവസം തന്നെ എനിയ്ക്കും കിട്ടി ഒരു പയ്യൻ്റെ പ്രണയാഭ്യർത്ഥന.

പട്ടു പാവാട
രചന: Sheeba Joseph

എടി പെണ്ണേ.. നീ എഴുന്നേൽക്കുന്നില്ലേ.?

ഉച്ചിയിൽ വെയിലടിച്ചാലും എഴുന്നേൽക്കില്ല അസത്ത്..!

എൻ്റെ പൊന്നമ്മെ.. ഒന്ന് മിണ്ടാതിരിക്കുമോ.?

“ഉറങ്ങാനും സമ്മതിക്കില്ല.”

നീ ഇങ്ങനെ കിടന്നുറങ്ങിക്കോ.!

ഓരോ പെൺകുഞ്ഞുങ്ങൾ അതിരാവിലെ തന്നെ എഴുന്നേറ്റു കുളിച്ചൊരുങ്ങി പോകുന്നത് കണ്ടോ.?

“ഇവിടെ ഒരുത്തിയുണ്ട്.. കുളിയുമില്ല നനയുമില്ല.”

“എഴുന്നേറ്റു പല്ല് എങ്കിലും തേയ്ക്കടി അസത്തെ…”

ഓ.. ഈ അമ്മച്ചിയുടെ ഒരു കാര്യം..?

“ഉദാഹരണം ചൂണ്ടിക്കാട്ടി പറയാൻ തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല.”

അന്ന, പതിയെ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു.

ഏതവളുമാരാണ് എന്നെ പറയിക്കാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി പോകുന്നത്…
ഒന്നു നോക്കിയിട്ട് തന്നെ കാര്യം.?

അന്ന എഴുന്നേറ്റു ഉമ്മറത്ത് വന്ന് നോക്കി.

ഒഹോ.. ഇവരായിരുന്നോ.!

“വീടിനടുത്ത് തന്നെയുള്ള തരുണീമണികൾ ആണ്.”

അമ്മച്ചിയെ പറഞ്ഞിട്ടും കാര്യമില്ല. അവരങ്ങനെ കുളിച്ചൊരുങ്ങി, മുല്ലപ്പൂ ചൂടി, പട്ടുപാവാട ഒക്കെ ഉടുത്ത് പോകുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. പലപ്പോഴും കൊതിയോടെ ഞാനും നോക്കി നിന്നിട്ടുണ്ട്.

എന്താടി പെണ്ണെ നീ ഇങ്ങനെ നോക്കി നിൽക്കുന്നത് ….?

നീ പല്ലു തേക്കുന്നില്ലേ..?

“എൻ്റെ പൊന്നമ്മച്ചി അവര് അമ്പലത്തിൽ പോകുവല്ലെ.”

അതിനാണോ എൻ്റെ ഉറക്കം കളഞ്ഞത്..?

“എനിയ്ക്കും മേടിച്ചു താ അമ്മച്ചി ഒരു പട്ടുപാവാട.”
ഇനി പള്ളിയിൽ പോകുമ്പോൾ ഞാനും അതുപോലെ പോകാം…

പോടീ പെണ്ണെ അവിടുന്ന്.!

നമ്മുടെ ആൾക്കാർ അങ്ങനെ പട്ടുപാവാടയൊന്നും ഇടില്ല പെണ്ണേ.!

ശെടാ…

ഇതിപ്പോ പട്ടുപാവാട ഒട്ടു മേടിച്ചും തരില്ല…
എന്നെ ഉറങ്ങാനും സമ്മതിക്കില്ല….

” ചട്ടയും മുണ്ടും ഇട്ടു നടന്നാലും പട്ടുപാവാട മാത്രം തരില്ല എന്ന് അമ്മച്ചി.”

” ഹോ, ഒരു ക്രിസ്ത്യാനി ആയിട്ട് ജനിയ്ക്കണ്ടായിരുന്നു.”

അമ്മച്ചിയ്ക്ക് വല്ലോ ഹിന്ദുവിനെയും പ്രേമിച്ചു കെട്ടിയ പോരായിരുന്നോ. ?

അപ്പൊ ഞാനും ഇതുപോലെ ഒരുങ്ങി അമ്പലത്തിൽ പോകില്ലാരുന്നോ.?

ഒന്നു പോടീ പെണ്ണേ എൻ്റെ കൺമുന്നിൽ നിന്ന്.!

“കറി ഇളക്കികൊണ്ടിരിക്കുന്ന തവിയും പൊക്കി അമ്മച്ചി തിരിഞ്ഞതും അന്ന കണ്ടം വഴി ഓടി.”

“വെറുതെ എന്തിനാ കാശ് കൊടുത്ത് മേടിച്ച നല്ല ഒന്നാന്തരം ഒരു തവി ചളുക്കി കളയുന്നത്.”

എൻ്റെ ആ മഹാമനസ്ക്കത അമ്മച്ചിയ്ക്ക് മനസ്സിലാകണ്ടേ.?

ദേഷ്യം വന്നാൽ ചട്ടുകം മുതൽ കമ്പിപ്പാര വരെ എടുത്ത് പയറ്റി കഴിവ് തെളിയിച്ച അമ്മച്ചിയുടെ മുന്നിൽ നിന്നും ഞാൻ നൈസ് ആയി എസ്കേപ് ആയി…

കാലവും, എൻ്റെ കോലവും അമ്മച്ചിയുടെ ചിന്തകളും, മനസ്സും മാറിവന്ന, അല്ലെങ്കിൽ മാറ്റി മറിച്ച എൻ്റെ കോളേജ് കാലം.

ചുരിദാർ, മിഡി ടോപ്, ഫ്രോക്ക് പോലുളള വസ്ത്രങ്ങൾ അമ്മച്ചി പണ്ടേ അംഗീകരിച്ചിരുന്നുവെങ്കിലും, പട്ടുപാവാടയും ബ്ലൗസും മാത്രം അമ്മച്ചി അംഗീകരിച്ചില്ല…

പാട്ടു പാവാട ഉടുത്ത് വരുന്ന തരുണീമണികൾ കോളേജിൽ തലങ്ങും വിലങ്ങും വിലസുന്നത് കണ്ട
അന്നയ്ക്ക് പിന്നെയും പട്ടുപാവാട പ്രേമം തല പൊക്കി.

കോളേജിൽ ഓണപരുപാടിയ്ക്ക് പട്ടുപാവാട എല്ലാവർക്കും നിർബന്ധമാണ് എന്നൊരു കുഞ്ഞുനുണ അമ്മച്ചിയോടു പറഞ്ഞു. ?

“കാലം അമ്മച്ചിയുടെ ചിന്താഗതികളെ സ്വാധീനിച്ചു കൊണ്ടിരുന്ന സമയം ആയിരുന്നു അത്.”

പട്ടുപാവാടയോടുള്ള കൊതി മൂത്ത് വല്ലോ ഹിന്ദു മതത്തിൽ പെട്ട ആളിനെയെങ്ങാനും പ്രേമിച്ചു പുറകെ പോയാലോ എന്ന് പേടിച്ചിട്ടാണോ എന്തോ, അമ്മച്ചി അകത്ത് പോയി അലമാരയിൽ സൂക്ഷിച്ചിരുന്ന നല്ല ഒന്നാന്തരം ഇളം ചോക്ലേറ്റ് നിറത്തിലുള്ള ഒരു പട്ടുസാരി എടുത്ത് എൻ്റെ കയ്യിൽ കൊണ്ടു വച്ചുതന്നു.

ഇതുകൊണ്ട് നീ ഒരെണ്ണം തയ്ച്ചോ.?

ഞാൻ അമ്മച്ചിയുടെ മുഖത്തോട്ട് തന്നെ അതിശയത്തോടെ നോക്കി.!

“അമ്മച്ചിക്ക് ഏറ്റവും പ്രിയപ്പെട്ട സാരിയായിരുന്നു അത്.”

അത് കയ്യിൽ കിട്ടിയപ്പോൾ ഞാനത് തിരിച്ചും മറിച്ചും നോക്കി.

“എനിക്കെന്തോ ഒരു സങ്കടം തോന്നി.”

“പൊതുവേ സുന്ദരിയായ അമ്മച്ചി അതുടുത്ത് പുറത്തു പോകുന്നത് എനിയ്ക്കും ഒത്തിരി ഇഷ്ടമായിരുന്നു.”

“ഇളം നിറത്തിലുള്ള ചോക്ലേറ്റ് കളർ സാരിയിൽ അമ്മച്ചി ഒന്നുകൂടി സുന്ദരി ആകുമായിരുന്നു.”

“അമ്മച്ചിയുടെ പൂർണ്ണ സമ്മതത്തോടെ തന്നെ ഞാനും തയ്പ്പിച്ചു, ഒരു പട്ടു പാവാടയും ബ്ലൗസും.”

അങ്ങനെ ജീവിതത്തിൽ ആദ്യമായി മുല്ലപ്പൂവ് ചൂടി, പട്ടു പാവാട ഉടുത്ത് കോളേജിൽ പോയതിൻ്റെ അടുത്ത ദിവസം തന്നെ എനിയ്ക്കും കിട്ടി ഒരു പയ്യൻ്റെ പ്രണയാഭ്യർത്ഥന.

“വികാരങ്ങളും, പ്രണയവും ഒക്കെ കൊടിയ പാപങ്ങളായി പറഞ്ഞു പഠിപ്പിച്ചു, കേട്ട് വളർന്നു വന്ന എനിയ്ക്ക്, ആ പ്രണയത്തിനെ റോസാച്ചെടിയുടെ മുള്ള് പോലെ തോന്നി.

അല്ലെങ്കിൽ തന്നെ, കോളേജിൽ പോകുന്നതൊക്കെ കൊള്ളാം…
” പ്രേമിച്ച കൊല്ലും ഞാൻ”..
“വെറുതേ കുടുംബത്തിന് പേരുദോഷം ഉണ്ടാക്കി വയ്ക്കരുത്…” എന്നുള്ള അമ്മച്ചിയുടെ നാഴികയ്ക്ക് നാൽപ്പത് വട്ടം ഉള്ള പറച്ചിലിൻ്റെ അശരീരി എന്റെ ചെവികളിൽ അലയടിച്ചു കൊണ്ടിരുന്നു..

പട്ടുപാവാടയ്ക്ക് ഒരു പ്രത്യേക അഴക് തന്നെയുണ്ട് എന്നെനിക്ക് മനസ്സിലായി..

“അതുടുത്ത് വരുന്ന പെൺകുട്ടികളെ കാണാൻ തന്നെ ഒരു പ്രത്യേക ഐശ്വര്യം ആണ്..
“അവരോട് ആൺകുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു…”

എന്തായാലും..
എൻ്റെ പട്ടുപാവാടയോടുള്ള പ്രണയം എനിയ്ക്ക് എട്ടിൻ്റെ പണി തരുമെന്ന് മനസ്സിലാക്കിയ ഞാൻ അതോടുകൂടി ആ ഇഷ്ട്ടം അങ്ങ് ഉപേക്ഷിച്ചു.

“അല്ലെങ്കിൽ അതിനെ എൻ്റെ മനസ്സിൻ്റെ ഉള്ളറകളിൽ പൂട്ടി വച്ചു എന്നും പറയാം…”

ഇപ്പോഴും പട്ടുപാവാട ഉടുത്ത് മുല്ലപ്പൂവ് ചൂടി പോകുന്ന പെൺകുട്ടികളെ കാണുമ്പോൾ…
ചെറുപ്പത്തിലെ ഉള്ള പട്ടു പാവാട പുരാണങ്ങൾ ഒക്കെ നൊസ്റ്റാൾജിയ ആയി കയറി വരുമെന്നത് വേറൊരു സത്യം…

Leave a Reply

Your email address will not be published. Required fields are marked *