(രചന: ശ്രേയ)
” അമ്മയോട് ക്ഷമിക്കു മോളെ.. ”
സ്വന്തം മകളുടെ മുന്നിൽ നിന്ന് പറയുമ്പോൾ, രേഖയ്ക്ക് സങ്കടം ഒന്നും തോന്നിയില്ല.
അവളോട് മാപ്പ് ഇരക്കാവുന്നതാണ് തനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം എന്ന് അവൾക്ക് അപ്പോൾ തോന്നുന്നുണ്ടായിരുന്നു. കാരണം ഈ ലോകത്ത് താൻ ഏറ്റവും അധികം വേദനിപ്പിച്ചത് അവളെയാണ്.
“ക്ഷമ.. അമ്മയ്ക്ക് എന്നോട് ഇങ്ങനെ സംസാരിക്കാൻ ഒരു അല്പം പോലും നാണം തോന്നുന്നില്ലേ..?
അമ്മയുടെ ആവശ്യമില്ലാത്ത എടുത്തു ചാട്ടവും തെറ്റിദ്ധാരണയും ഒക്കെ കൊണ്ട് നഷ്ടം മുഴുവൻ എനിക്ക് ആയിരുന്നല്ലോ.. എന്റെ ബാല്യം.. എന്റെ കൗമാരം..
അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷമായി കടന്ന് പോകേണ്ടിയിരുന്ന എത്രയോ അവസരങ്ങൾ..!!”
ശരണ്യ നിന്ന് കിതയ്ക്കുകയായിരുന്നു. അത് കണ്ടപ്പോൾ രേഖയ്ക്ക് വല്ലാത്തൊരു സങ്കടം തന്നെ വന്നു മൂടുന്നത് പോലെ തോന്നി.
അവൾ പറഞ്ഞത് ശരിയാണ്..!തന്റെ ദുർവാശി.. അതൊന്ന് മാത്രമാണ് തങ്ങളുടെ ജീവിതം ഇങ്ങനെ ആക്കി മാറ്റിയത്..!
അവൾ തങ്ങളുടെ കഴിഞ്ഞ കാല ജീവിതത്തിലേക്ക് എത്തി നോക്കുകയായിരുന്നു.
രേഖയും രതീഷും.. എത്രത്തോളം മനോഹരമായിരുന്നു തങ്ങളുടെ ജീവിതം..!
വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതിനു ശേഷം പലപ്പോഴും രതീഷ് രേഖയെ കാണാൻ കോളേജിനു മുന്നിൽ കാത്തു നിൽക്കാറുണ്ടായിരുന്നു. കണ്ടു മിണ്ടിയും ഒക്കെ അവർ തമ്മിൽ പരസ്പരം ഒരുപാട് അടുത്തിരുന്നു.
സുഹൃത്തുക്കൾക്കൊക്കെ അത്ഭുതമായിരുന്നു രതീഷ് എന്ന മനുഷ്യൻ. അവരുടെയൊന്നും വീട്ടിലുള്ള പുരുഷന്മാരെ പോലെയല്ല രതീഷ് എന്ന് പലപ്പോഴും അവർ പറയുന്നത് കേട്ടിട്ടുണ്ട്.
വിവാഹം കഴിഞ്ഞതോടെ തങ്ങൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഇനി അധികം ദൂരമില്ല എന്നുള്ള ചിന്തയിൽ, ഇരുവരും വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.
വിവാഹത്തിന്റെ ചടങ്ങുകൾ ഓരോന്നും ഒരുപാട് ആസ്വദിച്ചാണ് രണ്ടാളും ചെയ്തു തീർത്തത്.
രതീഷിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ, ഇനി ഈ വീട്ടിലുള്ളവരൊക്കെയും തനിക്ക് സ്വന്തമായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് രേഖ ഓരോ ചുവടും മുന്നോട്ടു വച്ചത്.
അവരുടെ തീരുമാനവും ആഗ്രഹവും ഒക്കെ പോലെ രണ്ടാളും ഒരുപാട് ആസ്വദിച്ചു തന്നെ ഓരോ ദിവസങ്ങളും തള്ളി നീക്കി.
“അവരെപ്പോലെ അവർ മാത്രമേ ഉണ്ടാകൂ..”
രണ്ടാളെയും ഒന്നിച്ച് കാണുന്ന സ്വന്തക്കാരും നാട്ടുകാരും മുഴുവൻ പറഞ്ഞിരുന്നത് അതു തന്നെയായിരുന്നു. അത്രത്തോളം സ്നേഹത്തിൽ ആയിരുന്നു രണ്ടാളും.
അധികം വൈകാതെ അവർക്കിടയിലേക്ക് ശരണ്യ കൂടി കടന്നു വന്നപ്പോൾ സന്തോഷം ഇരട്ടിയായി എന്ന് തന്നെ പറയാം.
രേഖയുടെ ഗർഭകാലം മുഴുവൻ, വല്ലാത്തൊരു ആവേശത്തോടെയാണ് രണ്ടാളും കാത്തിരുന്നത്. തങ്ങളുടെ ജീവന്റെ അംശം ഭൂമിയിലേക്ക് എത്തുന്നത് കാണാൻ രണ്ടാൾക്കും വല്ലാത്ത കൊതി ഉണ്ടായിരുന്നു.
കുഞ്ഞു ജനിച്ചു കഴിഞ്ഞപ്പോൾ, രതീഷിന് കുഞ്ഞിനോടാണ് സ്നേഹക്കൂടുതൽ എന്ന് പലപ്പോഴും പരിഭവത്തോടെ രേഖ പറയാറുണ്ട്.
പക്ഷേ അപ്പോഴൊക്കെയും ഒരു കൈകൊണ്ട് കുഞ്ഞിനെയും മറുകൈ കൊണ്ട് രേഖയെയും ചേർത്തുപിടിച്ചാണ് രതീഷ് മറുപടി പറയാറ്.
സന്തോഷപൂർണ്ണമായി ആ ജീവിതം കടന്നു പോകുമ്പോൾ, രതീഷിന് അപ്രതീക്ഷിതമായി നഗരത്തിലേക്ക് ട്രാൻസ്ഫർ കിട്ടി.കുഞ്ഞിനെയും രേഖയെയും പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ട് രണ്ടാളെയും അവൻ കൂടെ കൂട്ടി.
നഗരത്തിൽ പുതിയൊരു വീട് വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു താമസം. കുഞ്ഞ് തീരെ ചെറുതായതു കൊണ്ട് തന്നെ വീട്ടിൽ സഹായത്തിന് ഒരാളിനെയും നിർത്തി.
രതീഷ് വീട്ടിൽ ഇല്ലാത്ത സമയത്ത് സഹായത്തിന് വരുന്ന രാജമ്മ ചേച്ചി അവനെ സംബന്ധിച്ച് വല്ലാത്തൊരു ആശ്വാസമായിരുന്നു.
രേഖയ്ക്ക് കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കാൻ കഴിയാത്തതു കൊണ്ട് തന്നെ രാജമ്മ ചേച്ചി കൂടെയുള്ളപ്പോൾ അവന് സന്തോഷമായിരുന്നു.
പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. രതീഷിന്റെ ഒരു സുഹൃത്തും കുടുംബവുമാണ് തൊട്ടടുത്ത വീട്ടിൽ താമസം എന്ന് രേഖ അറിഞ്ഞിരുന്നില്ല.
ഒരു ദിവസം സുഹൃത്ത് ശാലിനിയും കുടുംബവും വീട്ടിലേക്ക് കയറി വന്നപ്പോഴാണ് രേഖ അത് അറിഞ്ഞത്.
” നീ ഇങ്ങോട്ട് താമസത്തിന് വന്നിട്ട് ഒരു ദിവസം പോലും എന്റെ വീട്ടിലേക്ക് വരാൻ തോന്നിയില്ലല്ലോ.. ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞ് വിളിച്ചപ്പോഴെങ്കിലും ഞാൻ അങ്ങോട്ട് ഒരു വരവ് പ്രതീക്ഷിച്ചതാണ്.. ”
ശാലിനി സ്വാതന്ത്ര്യത്തോടെ രതീഷിനോട് സംസാരിച്ചപ്പോൾ രേഖ അമ്പരപ്പോടെയാണ് അത് കണ്ടു നിന്നത്.
” ജോലിയും കാര്യങ്ങളും ഒക്കെയായി ആകെ തിരക്കായിരുന്നു.. ”
രതീഷ് ചിരിച്ചുകൊണ്ട് തന്നെ അവളോട് മറുപടി പറയുന്നുണ്ട്.
“പിന്നെ.. എനിക്കുമുണ്ട് ജോലിയും തിരക്കും ഒക്കെ. എന്നിട്ടും നിനക്ക് ഈ നഗരത്തിലേക്ക് വരണമെന്നും ഒരു വീട് നോക്കണം എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ തൊട്ടടുത്തു തന്നെ ഒരു വീട് ശരിയാക്കി തന്ന എന്നോട് ഒരു നന്ദി എങ്കിലും കാണിക്കാം..
ആ ഒരു കാരണം കൊണ്ടെങ്കിലും നിനക്ക് നിന്റെ ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് എന്റെ വീട്ടിലേക്ക് വരാമായിരുന്നു..”
അവൾ പരിഭവം പറയുന്നുണ്ട്. പക്ഷേ അവൾ പറഞ്ഞ വാചകങ്ങൾ ഒക്കെയും രേഖ എന്ന ഭാര്യയെ സംബന്ധിച്ച് സംശയം വാരി വിതറുന്നതായിരുന്നു.
കാരണം ഈ നഗരത്തിലേക്ക് താമസം മാറുമ്പോൾ ഒരു വീട് എങ്ങനെ ശരിയാക്കും എന്നുള്ള രേഖയുടെ ചോദ്യത്തിന് ഏതെങ്കിലും ഒരു ബ്രോക്കറിനോട് പറയാം എന്നാണ് രതീഷ് മറുപടി പറഞ്ഞത്.
വീട് കണ്ടു ഇഷ്ടപ്പെട്ടതിനു ശേഷം അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ പോലും ബ്രോക്കർ ശരിയാക്കി തന്ന വീടാണ് എന്നാണ് രതീഷ് പറഞ്ഞത്. ഒരിക്കൽ പോലും അത് അയാളുടെ സുഹൃത്ത് ശരിയാക്കിയതാണ് എന്ന് പറഞ്ഞിട്ടില്ല.
തന്നോട് അങ്ങനെ ഒരു കാര്യം മറച്ചു വയ്ക്കേണ്ട ആവശ്യം എന്താണ്..?
ആ ചോദ്യം അവളുടെ ഉള്ളിലിരുന്ന് പുകയാൻ തുടങ്ങി.
അന്നത്തെ പരിചയപ്പെടലിനിടയിലാണ് ശാലിനി ആ വാചകം പറയുന്നത്.
” ഞാനും രതീഷും ഒന്നിച്ചു പഠിച്ചതാണ്. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചായിരുന്നു.. പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ.. എന്റെ ആദ്യ പ്രണയം ആയിരുന്നു അവൻ..
അവനും അങ്ങനെയൊരു ഇഷ്ടം എന്നോട് ഉണ്ടായിരുന്നു കേട്ടോ.. പക്ഷേ എന്തു പറയാൻ…വിധി ഞങ്ങളെ തമ്മിൽ ഒന്നിപ്പിച്ചില്ല.. അല്ലായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ തന്റെ സ്ഥാനത്ത് ഞാനായിരുന്നേനെ..!”
രേഖയും ശാലിനിയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ശാലിനി ആ വാചകം പറഞ്ഞത്. അത് രേഖയെ വല്ലാതെ മുറിവേൽപ്പിക്കുകയും ചെയ്തു.
അന്ന് അവർ ആ വീട്ടിൽ നിന്നും മടങ്ങിയതിന് പിന്നാലെ രേഖ രതീഷിനോട് അതിനെക്കുറിച്ച് ചോദിച്ചിരുന്നു.
“ഞാനത് നിന്നോട് മനപ്പൂർവ്വം പറയാതിരുന്നതാണ്. എന്റെ സുഹൃത്താണ് വീട് ശരിയാക്കിയത് എന്ന് പറഞ്ഞാൽ ചിലപ്പോൾ നീ വേറെ വല്ലതും തെറ്റിദ്ധരിച്ചാലോ..?
പിന്നെ ഞാൻ എന്ത് ചെയ്താലും അതൊക്കെ നിന്നോട് പറയണം എന്ന് വാശിപിടിക്കുന്നതൊക്കെ ബോറല്ലേ..?”
ചിരിച്ചു കൊണ്ട് വലിയ കാര്യം പോലെ രതീഷ് അത് പറയുമ്പോൾ രേഖയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി തുടങ്ങിയിരുന്നു.
പിന്നീട് പലപ്പോഴും ശാലിനി അവർക്കിടയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി കയറി വന്നുകൊണ്ടേയിരുന്നു.ശാലിനി രതീഷിനോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യം രേഖയ്ക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
അത് ഒരുപക്ഷേ അവർ തമ്മിൽ പരസ്പരം പ്രണയിച്ചിരുന്നു എന്ന് അറിയുന്നതു കൊണ്ടായിരിക്കണം..! അതിനെക്കുറിച്ച് അവൾ രതീഷിനോട് പറയുകയും ചെയ്തു.
” എന്റെ സുഹൃത്തുക്കൾക്ക് എന്നോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല എന്ന് പറഞ്ഞാൽ ഇതൊക്കെ കുറച്ച് കഷ്ടമാണ്..
ഞാൻ എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടക്കണം എന്നാണ് നിന്റെ ആഗ്രഹം. പക്ഷേ ഞാനും ഒരു സാമൂഹ്യ ജീവി അല്ലേ..? എനിക്കും സുഹൃത്തുക്കളും ബന്ധങ്ങളും ഒക്കെ ഇല്ലേ..? ”
അവന്റെ ആ മറുപടി അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
അന്നുമുതൽ തുടങ്ങിയ പ്രശ്നങ്ങൾ കാലങ്ങളോളം നീണ്ടുനിന്നു. എല്ലാ പ്രശ്നത്തിന്റെയും മൂല കാരണം ശാലിനി തന്നെയായിരുന്നു.
മകൾക്ക് ഒരു നാല് വയസ്സ് പ്രായമാകുമ്പോഴേക്കും രേഖക്കും രതീഷിനും പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നൊരു ഘട്ടം വരെ കാര്യങ്ങൾ എത്തി കഴിഞ്ഞിരുന്നു.
പരസ്പരം പിരിയാം എന്നു പറഞ്ഞപ്പോൾ രതീഷിന്റെ അമ്പരപ്പ് ഇപ്പോഴും രേഖക്ക് ഓർമ്മയുണ്ട്.
” അതിനു മാത്രം എന്തു പ്രശ്നമാണ് നമുക്കിടയിലുള്ളത്..? ഞാൻ ഇതുവരെ കരുതിയത് നീ പറയുന്ന ഓരോന്നും വെറുതെയായിരിക്കും എന്നാണ്. ശാലിനിയും ഞാനും തമ്മിൽ അങ്ങനെ ഒരു ബന്ധവുമില്ല.
പണ്ടപ്പോഴോ ഞങ്ങൾ തമ്മിൽ പ്രണയിച്ചിട്ടുണ്ട് എന്ന് കരുതി… ഞാനിപ്പോൾ നിന്റെ ഭർത്താവും ഈ കുഞ്ഞിന്റെ അച്ഛനുമാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാനൊരിക്കലും തെറ്റിലേക്ക് പോയിട്ടില്ല.. ”
അന്ന് രതീഷ് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതൊക്കെയും അയാളുടെ നാടകം മാത്രമായിട്ടാണ് രേഖയ്ക്ക് തോന്നിയത്.
അത് കൊണ്ട് തന്നെയാണ് അയാളുടെ കണ്ണീരോ,സംസാരമോ ഒന്നും അവളെ ബാധിക്കാതെ ഇരുന്നത്.
ഡിവോഴ്സ് കഴിഞ്ഞ് ഇടയ്ക്കൊക്കെ മകളെ കാണാനായി രതീഷ് വരാറുണ്ടായിരുന്നു. അതുമാത്രമായിരുന്നു തങ്ങൾ തമ്മിലുള്ള ബന്ധം.
ഇപ്പോൾ മകൾക്ക് 21 വയസ്സ് പ്രായമുണ്ട്. കാര്യങ്ങൾ ഒക്കെ തിരിച്ചറിയാനുള്ള പ്രായം ആയപ്പോൾ മുതൽ അവൾ അച്ഛനോട് ചോദിച്ചു ഞങ്ങൾ തമ്മിൽ പിരിയാനുള്ള കാരണം..!
അതിൽ നിന്നാണ് ഒക്കെയും എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് അവൾക്ക് ബോധ്യം വന്നത്.
ഇപ്പോൾ മകൾക്ക് മുന്നിൽ ഒരു തെറ്റുകാരിയായി നിൽക്കുമ്പോൾ തനിക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അന്ന് ഉണ്ടായതൊക്കെയും വെറും തെറ്റിദ്ധാരണകൾ മാത്രമാണെന്ന്…