(രചന: ശ്രേയ)
“ഈ ബന്ധം ഇനിയും മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല.. എത്രയും പെട്ടെന്ന് നമുക്ക് ഡിവോഴ്സ് ഫയൽ ചെയ്യണം. മോള് ഇന്ന് ഉച്ച കഴിയുമ്പോൾ അച്ഛന്റെ കൂടെ ഒന്ന് പുറത്തേക്ക് പോകാൻ വരണം.. നമുക്ക് ഇന്ന് തന്നെ വക്കീലിനെ കണ്ടു സംസാരിക്കാം.. ”
അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ കുടിച്ചു കൊണ്ടിരുന്ന ചായ തരിപ്പിൽ കയറി ലക്ഷ്മി ചുമച്ചു. വേഗം തന്നെ അച്ഛൻ വന്നു അവളുടെ തലയിൽ ചെറുതായി തട്ടിക്കൊടുത്തു.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൾ ദയനീയമായി തന്റെ അമ്മയെ നോക്കി. അമ്മയുടെ മുഖത്തും അവളോട് സഹതാപം മാത്രമാണ് എന്ന് അവൾക്ക് തോന്നി..
” ഞാൻ പറഞ്ഞത് മോള് കേട്ടില്ലെന്നുണ്ടോ..? ”
അച്ഛൻ വീണ്ടും ചോദിച്ചപ്പോൾ കേട്ടു എന്ന് അവൾ തലയാട്ടി.അത് കണ്ടതോടെ അച്ഛൻ മുറിയിലേക്ക് പോവുകയും ചെയ്തു.
അച്ഛൻ മുന്നിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ അവൾ തലയ്ക്ക് കൈയും കൊടുത്ത് ഡൈനിങ് ടേബിളിലേക്ക് ചാഞ്ഞിരുന്നു പോയി.
“മോളെ..”
അമ്മ തോളിൽ കൈവച്ചു കൊണ്ട് വിളിച്ചപ്പോൾ അവൾ ദയനീയമായി അമ്മയെ നോക്കി.
” ഞാനെന്തു ചെയ്യാനാ അമ്മേ..? ”
അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.
” എനിക്കറിയില്ല മോളെ.. അച്ഛൻ ഇങ്ങനെ തുടങ്ങിയാൽ നിന്റെ ജീവിതമാണ് നഷ്ടപ്പെട്ട പോകുന്നത് എന്നൊന്നും അച്ഛൻ ചിന്തിക്കുന്നില്ല.. ”
അമ്മ പറയുമ്പോൾ അവൾക്കും അത് ശരിയാണെന്ന് തോന്നുന്നുണ്ടായിരുന്നു.
” അമ്മ അച്ഛനോട് ഒന്നു പറയൂ എനിക്ക് കിച്ചേട്ടനെ മറക്കാൻ പറ്റില്ലെന്ന്.. ”
അവൾ പറഞ്ഞപ്പോൾ അവളോട് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അച്ഛനോട് സംസാരിക്കണം എന്ന് അമ്മ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അമ്മ മുറിയിലേക്ക് ചെല്ലുമ്പോൾ അച്ഛൻ തിരക്കിട്ട് എന്തൊക്കെയോ ഫയലുകൾ തപ്പിയെടുക്കുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി.
“ഏട്ടാ..ഇപ്പോൾ ഒരു ഡിവോഴ്സിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമുണ്ടോ..?”
അവരുടെ ചോദ്യം കേട്ടപ്പോൾ അയാൾ ചെയ്യുന്ന പ്രവർത്തികൾ നിർത്തിക്കൊണ്ട് അവരെ രൂക്ഷമായി നോക്കി.
“ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അതൊക്കെ ചെയ്യേണ്ട സമയം..?”
അയാൾ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവർ ഒന്ന് പതറി.
“ഏട്ടന് അറിയാവുന്നതല്ലേ അവർ രണ്ടുപേരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്..എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് അവർ..എന്നിട്ട് അവരെ തമ്മിൽ പിരിക്കുന്നത് ദൈവദോഷം അല്ലേ..?”
അമ്മ ചോദിച്ചത് കൂടി കേട്ടതോടെ അച്ഛന്റെ നിയന്ത്രണം വിട്ടു എന്ന് തന്നെ പറയാം.
“അപ്പോൾ ഇപ്പോഴും നീ അവനെയാണ് ന്യായീകരിക്കുന്നത് എന്ന് സാരം..അവൻ എന്നെ അപമാനിച്ചത് നിനക്കൊരു പ്രശ്നമല്ല..ഇക്കണ്ട നാട്ടുകാരുടെ മുന്നിൽ ഞാനൊരു തെറ്റുകാരനായി നിന്നത് നിനക്ക് ഒരു പ്രശ്നമേയല്ല..”
അച്ഛൻ അത് പറയുന്നത് കേട്ടപ്പോൾ അമ്മ അയാളെ തിരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പ്രതീക്ഷിക്കുന്നത് മാത്രമേ നടക്കാവൂ എന്ന് ഒറ്റബുദ്ധിയിൽ ചിന്തിക്കുന്ന ഒരാളായിരുന്നു അവളുടെ അച്ഛൻ.
ആ സമയത്ത് അവളും ഓർമ്മകളിൽ ആയിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയതാണ് കൃഷ്ണകുമാർ എന്ന കിച്ചേട്ടനെ.കൊടിയും പിടിച്ച് ക്ലാസ്സിലേക്ക് കയറി വരുമ്പോൾ ആണ് ആദ്യമായി കാണുന്നത്.
പിന്നീട് പലപ്പോഴും പലയിടങ്ങളിലും വച്ച് കണ്ടിട്ടുണ്ടെങ്കിലും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു കടന്നുപോകും എന്നല്ലാതെ സംസാരിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.
പക്ഷേ ഒരിക്കൽ നാട്ടിൽ ഒരു പരിപാടി നടന്നപ്പോൾ അതിൽ കൃഷ്ണകുമാറിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു.അങ്ങനെ അന്വേഷിച്ചു വന്നപ്പോഴാണ് ഇവിടെ തൊട്ടടുത്തു തന്നെ അയാളുടെ ഒരു ബന്ധു താമസിക്കുന്നുണ്ട് എന്ന് അവൾ അറിയുന്നത്.
അന്ന് അവിടെ വച്ച് കണ്ടുമുട്ടിയപ്പോൾ അവർ തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തു. പിന്നീട് കോളേജിൽ വച്ച് കാണുമ്പോഴും പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു ബന്ധം മുന്നോട്ടുപോയി.
പതിയെ പതിയെ അത് പ്രണയത്തിലേക്ക് വഴിമാറി സഞ്ചരിച്ചു.കോളേജിൽ മിക്കവാറും സുഹൃത്തുക്കൾക്കിടയിൽ അറിയുന്ന പ്രണയമായിരുന്നു അവരുടേത്.
രണ്ടുപേരുടെയും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അവർ തന്നെയാണ് അവരവരുടെ വീടുകളിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.രണ്ടു വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
കാരണം ഇരു കുടുംബങ്ങളും സാമ്പത്തികമായും കുടുംബ മഹിമയും ഒക്കെയായി ഒരുമിച്ച് നിൽക്കുന്ന കുടുംബങ്ങൾ ആയിരുന്നു.
ആർഭാട പൂർവ്വം തന്നെ വിവാഹം നടന്നു.ആദ്യത്തെ കുറച്ചു നാളുകൾ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ കടന്നുപോയി എന്ന് തന്നെ പറയാം.
അവരുടെ പ്രണയദിനങ്ങൾ തന്നെയായിരുന്നു അത്..രണ്ടു വീടുകളിലും അവർ ഒറ്റക്കുട്ടികൾ ആയതുകൊണ്ട് തന്നെ രണ്ടു വീടുകളിലും അവർ മാറിമാറി താമസിച്ചു.
ഇരു വീട്ടുകാർക്കും അവർ രണ്ടുപേരും മക്കൾ തന്നെയായിരുന്നു.
പക്ഷേ യഥാർത്ഥ പ്രശ്നം ഉടലെടുത്തത് പിന്നീടാണ്.
അവളുടെ അച്ഛന് അവളുടെ കാര്യത്തിൽ വല്ലാത്തൊരു സ്വാർത്ഥത ഉണ്ടായിരുന്നു. അവളുടെ പിറന്നാളിന് ആദ്യം തന്നെ അച്ഛൻ വിഷ് ചെയ്യണം എന്നുള്ളതായിരുന്നു അയാൾ തലേന്ന് തന്നെ വച്ച ഡിമാൻഡ്. അയാൾ അത് കിച്ചുവിനോട് പ്രത്യേകം വിളിച്ചു പറയുകയും ചെയ്തു.
അവളെ ഞാൻ ആശംസ അറിയിച്ചതിനുശേഷം മാത്രമേ നിങ്ങൾ ആരെങ്കിലും അവളെ ആശംസ അറിയിക്കാൻ പാടുള്ളൂ.അയാളുടെ ആ നിർദ്ദേശം കിച്ചുവിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്മായിയച്ചൻ ആദ്യമായി പറഞ്ഞ കാര്യം അനുസരിക്കാതിരിക്കുന്നത് എങ്ങനെ എന്നൊരു തോന്നലിൽ അവൻ അത് ശരി വച്ചു.
പക്ഷേ പിന്നീട് പിന്നീട് അവളുടെ ജീവിതത്തിൽ എന്തു നടക്കുന്നു എങ്കിലും അച്ഛന്റെ അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാനാവു എന്നൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ വന്നെത്തി.
എന്തിനധികം പറയുന്നു അവൾക്ക് ഒരു ജോലി ഉടുപ്പ് വാങ്ങിയാൽ അതുപോലും അച്ഛനെ കാണിച്ച് അച്ഛന് ഇഷ്ടപെട്ടാൽ മാത്രമേ അവൾക്കിടാൻ പറ്റൂ.അവൻ കണ്ടു ഇഷ്ടപ്പെട്ടു കൊതിയോടെ വാങ്ങിക്കൊണ്ടു വരുന്ന വസ്ത്രങ്ങൾ പോലും അച്ഛനെ ഇഷ്ടപ്പെട്ടില്ല എന്നൊരു കാരണം കൊണ്ട് അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
ഇതിനൊക്കെ പുറമേ ഒരിക്കൽ അവളുടെ അച്ഛൻ വീട്ടിലേക്ക് ചെന്നപ്പോൾ ഇനിമുതൽ അവളും അവനും അവളുടെ വീട്ടിൽ താമസിച്ചാൽ മതി എന്നൊരു ഡിമാൻഡ് മുന്നോട്ടു വച്ചു.
അയാളുടെ പല പ്രവർത്തികളും സ്വൈര്യം കെടുത്തിയിരുന്ന ആ കുടുംബത്തിന് അയാളുടെ ഇത്തരത്തിലുള്ള പ്രവർത്തി കൂടി അംഗീകരിക്കാൻ കഴിയുമായിരുന്നില്ല..!
അവനെ ദത്ത് നിൽക്കാൻ വിടാൻ പറ്റില്ല എന്ന് അവന്റെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. അങ്ങനെ ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ അവസാനം മകളെയും കൊണ്ട് അച്ഛൻ അവിടെ നിന്ന് പടിയിറങ്ങി.
അവളെ പിടിച്ചു വലിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു എന്ന് പറയുന്നതാണ് ഒരർത്ഥത്തിൽ ശരി. അവളുടെ അഭിപ്രായം ചോദിച്ചിട്ട് പോലുമില്ല.
വീട്ടിലേക്ക് വന്നിട്ട് ഇപ്പോൾ ഏകദേശം ഒരു മാസത്തോളമായി.അവളുടെ ഫോൺ പോലും കൈകാര്യം ചെയ്യുന്നത് അച്ഛനാണ് എന്ന് പറയാം.ഒരുതരത്തിലും കിച്ചുവിനെ കോൺടാക്ട് ചെയ്യാൻ പോലും അവളുടെ അച്ഛൻ അനുവദിക്കുന്നുണ്ടായിരുന്നില്ല..!
ഇപ്പോൾ ഡിവോഴ്സിന്റെ കാര്യവും പറഞ്ഞു അച്ഛൻ അവളെ വല്ലാതെ നിർബന്ധിതിക്കുന്നുണ്ട്. അപ്പോഴും മകളുടെ ഇഷ്ടമോ താൽപര്യമോ അച്ഛൻ അന്വേഷിക്കുന്നില്ല എന്ന് ഓർക്കുമ്പോൾ അവൾക്ക് വല്ലാതെ വേദന തോന്നി.
ഇനിയും ഇങ്ങനെ മുന്നോട്ടു പോയാൽ തന്റെ ജീവിതമാണ് നഷ്ടപ്പെട്ടു പോകുന്നത് എന്നൊരു തോന്നൽ ഉടലെടുത്തപ്പോൾ അച്ഛനോട് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
” അച്ഛാ.. ഡിവോഴ്സ് എനിക്ക് സമ്മതമല്ല..”
അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് അതിശയം തോന്നി.
” ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം എന്ത് ഇഷ്ടമാണെന്ന് അച്ഛൻ അറിയാമോ..? പിരിയുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല..
അങ്ങനെയുള്ള ഞങ്ങളെ തമ്മിൽ പിരിക്കുന്നത് അച്ഛന്റെ ദേഷ്യവും വാശിയും കാരണമല്ലേ..? അച്ഛൻ വിചാരിച്ച കാര്യം നടക്കാത്തതുകൊണ്ട് മാത്രം ഞങ്ങളെ തമ്മിൽ പിരിക്കുമ്പോൾ എന്ത് ലാഭമാണ് അച്ഛൻ ഉണ്ടാകുക..? ഞാനെന്തായാലും ചേട്ടന്റെ അടുത്തേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു.. ”
അവൾ അത് പറയുമ്പോൾ അയാൾക്ക് വല്ലാത്തൊരു അതിശയം ആയിരുന്നു. അയാളുടെ കഴിവിന്റെ പരമാവധി അയാൾ അവളെ എതിർത്തു നോക്കി. ഇനി ആ വീടിന്റെ പടി കടക്കരുത് എന്ന് വരെ പറഞ്ഞു നോക്കി. പക്ഷേ അയാളുടെ ഓരോ വാദപ്രതിവാദങ്ങളെയും അവൾ നിഷ്പ്രഭമാക്കി.
“നിങ്ങൾ രണ്ടു മാതാപിതാക്കളും ഞങ്ങളും ഒന്നിച്ച് ഒരു വീട്ടിൽ താമസിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.ഞങ്ങൾക്ക് നിങ്ങളെല്ലാവരും വേണം..
അതിനിടയിൽ അച്ഛൻ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങളുടെ ജീവിതമാണ് ഇല്ലാതായി പോകുന്നത്..ഞങ്ങൾ രണ്ടു വീടുകളിലും മാറിമാറി താമസിക്കാൻ തയ്യാറാണ്..അത് നിങ്ങളും കൂടി അംഗീകരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂ..”
മകൾ പറഞ്ഞ ആ വാക്കുകൾ അയാൾക്ക് തിരിച്ചറിവ് നൽകാൻ മാത്രം പ്രാപ്തിയുള്ളതായിരുന്നു.
പിന്നീട് ആ കുടുംബം ഓരോ ഒത്തുചേരലിനും ഒന്നിച്ചിരിക്കുമ്പോൾ അയാൾ ഓർക്കുന്നത് മുഴുവൻ അവൾ പറഞ്ഞ ആ വാചകങ്ങളാണ്..
” കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.. പക്ഷേ അത് പരസ്പരം ചേർന്നിരിക്കുമ്പോഴാണെന്ന് മാത്രം.. “