(രചന: ശ്രേയ)
” പെണ്മക്കളെ വളർത്തുമ്പോൾ മര്യാദക്ക് വളർത്തണം.. അല്ലാതെ ഇത് പോലെ.. ”
ബാക്കി പറയാതെ അറച്ചത് പോലെ അവർ നിർത്തി. മറു വശത്ത് അതൊക്കെ കേട്ടു നിന്ന ദേവകിയുടെ കണ്ണുകൾ നിറഞ്ഞു..
” ദയവ് ചെയ്ത് നിങ്ങളുടെ മകളോട് എന്റെ മകന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ പറയണം.. അവന്റെ ഭാര്യ എന്നൊരുത്തി ഈ വീട്ടിൽ ഉണ്ട്.. അവരെ ജീവിക്കാൻ അനുവദിക്കണം.. ”
അവരെ തുടർന്ന് പറയാൻ അനുവദിക്കാതെ ദേവകി ഫോൺ കട്ട് ചെയ്തു. അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു കേട്ട വാർത്തകൾ ഒക്കെയും..!!
താൻ സ്നേഹിച്ചും ലാളിച്ചും വളർത്തിയ മകളാണ്..അവളെക്കുറിച്ച് ഇങ്ങനെയൊരു വാർത്ത കേൾക്കുമ്പോൾ ഏത് അമ്മക്കാണ് സഹിക്കാൻ കഴിയുക..?
തന്റെ മകൾ ഇത്രത്തോളം അധപതിച്ചു പോയോ..? കുടുംബമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കുടുംബത്തെ പിരിച്ചെടുത്ത് സ്വന്തമാക്കാൻ ശ്രമിക്കുന്ന തരത്തിൽ ആയിപ്പോയോ തന്റെ മകൾ..?
ആ അമ്മയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.
“എന്തുപറ്റി അമ്മ..? എന്താ വല്ലാതെ ഇരിക്കുന്നത്..? അമ്മയ്ക്ക് എന്തുപറ്റി..? വയ്യായ്ക എന്തെങ്കിലും ഉണ്ടോ..?”
പുറത്ത് എവിടെയോ പോയിട്ട് വന്ന മകൾ അകത്തേക്ക് കയറി വരുമ്പോൾ കാണുന്നത് തളർന്നിരിക്കുന്ന അമ്മയെയാണ്. അതോടെ അവൾ അടുത്തുവന്ന് കാര്യങ്ങൾ ചോദിച്ചു തുടങ്ങി.
പക്ഷേ അവളെ കണ്ട നിമിഷം അമ്മയുടെ മനസ്സിൽ വല്ലാത്ത ഒരു വെറുപ്പ് തോന്നുന്നുണ്ടായിരുന്നു. കുറച്ചുനേരത്തെ ഫോണിലൂടെ കേട്ട വാക്കുകൾ ആയിരുന്നു അതിന് കാരണം.
“തൊട്ടുപോകരുത്..”
അമ്മയുടെ കയ്യിൽ പിടിക്കാൻ തുടങ്ങിയ മകൾ പകപോടെ അമ്മയെ നോക്കി.
” നീ ഇങ്ങനെ പഞ്ച പാവമായി നടിച്ച് എന്നെ നോക്കുകയൊന്നും വേണ്ട. നീ കാരണം ഒരു കുടുംബം നശിക്കുകയാണ്.. അതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ..? ”
അവർ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൾ ഒന്നു പതറി.
രാഹുലിന്റെ കാര്യം അമ്മ എങ്ങനെ അറിഞ്ഞു..?
അവളുടെ ഉള്ളിൽ ചോദ്യം ഉയർന്നു.സംശയത്തോടെ അവൾ അമ്മയെ നോക്കി.
” നീ എന്നെ നോക്കുന്ന നോട്ടം കാണുമ്പോൾ നിന്നെപ്പോലെ സാധു വേറെ ആരും ഇല്ല എന്ന് തോന്നുന്നു. പക്ഷേ നീ കാരണം ജീവിതം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ കരച്ചിൽ ഇതിനേക്കാൾ ഒക്കെ മേലെയാണ്. ഇനി മേലാൽ എന്റെ മുന്നിലേക്ക് വരരുത്.. ”
ദേഷ്യത്തോടെ അമ്മ പറഞ്ഞപ്പോൾ അവൾക്കും വല്ലാതെ വേദന തോന്നുന്നുണ്ടായിരുന്നു.
” അമ്മ കാര്യം അറിയാതെ എന്നെ മാത്രം കുറ്റപ്പെടുത്തരുത്.. എന്താ സംഭവിച്ചത് എന്ന് അമ്മ അറിയണം.. ”
അവൾ നിരപരാധം പറഞ്ഞു ബോധ്യപ്പെടുത്താൻ എന്നപോലെ അമ്മയ്ക്ക് പിന്നാലെ ചെന്നു.
” എനിക്ക് കേൾക്കണ്ട കണ്ണിൽ കണ്ട വൃത്തികെട്ട കഥകൾ..എന്റെ നല്ല പ്രായത്തിലാണ് നിന്റെ അച്ഛൻ മരിക്കുന്നത്. എന്നിട്ടും ഈ പ്രായം വരെ എനിക്ക് മറ്റൊരാളുടെ പിന്നാലെ പോകണം എന്ന് തോന്നിയിട്ടില്ല.
ആ മനുഷ്യനെ മാത്രം മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോഴാണ് നിന്റെ ഓരോ ദാഹം തീർക്കാൻ വേണ്ടി കുടുംബമായി ജീവിക്കുന്ന ഒരു ചെറുക്കന്റെ പിന്നാലെ കൂടിയിരിക്കുന്നത്.. അസത്ത്.. മനുഷ്യനെ നാണം കെടുത്താനായി ഉണ്ടായ ജന്മം.. ”
എത്രയൊക്കെ പറഞ്ഞിട്ടും അവർക്ക് അവളോടുള്ള ദേഷ്യവും വെറുപ്പും മാറുന്നുണ്ടായിരുന്നില്ല.
” അമ്മേ… ”
അവൾ വിളിച്ചപ്പോൾ ദേഷ്യത്തോടെ അവർ അവളെ നോക്കി.
” നിന്നോട് ഞാൻ പറഞ്ഞതാണ് എന്നോട് സംസാരിക്കരുതെന്ന്.. ”
ദേഷ്യത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവർ അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
ലോകത്ത് മറ്റാരും തന്നെ വിശ്വസിച്ചില്ലെങ്കിലും അത് തനിക്ക് ഒരു പ്രശ്നമല്ല. പക്ഷേ തന്റെ അമ്മ.. അമ്മ തന്നെ വെറുക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല..
ഇങ്ങനെയാണെങ്കിലും അമ്മയെ തന്റെ ഭാഗം ബോധ്യപ്പെടുത്തിയേ പറ്റൂ എന്ന ചിന്തയോടെ അവൾ അമ്മയുടെ പിന്നാലെ മുറിയിലേക്ക് ചെന്നു.
” അമ്മ പറയുന്നതുപോലെ ഈ ഭൂമിയിൽ ഏറ്റവും വൃത്തികെട്ട സ്ത്രീ ഞാനാണെന്ന് തന്നെ ഇരിക്കട്ടെ. അയാൾക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കേണ്ടിയിരുന്നത് അയാൾ അല്ലേ അമ്മേ..? ”
അവൾ ചോദിച്ചപ്പോൾ അവർ അവളെ രൂക്ഷമായി നോക്കി.
” നിനക്ക് അത്രയും വലിയ അസുഖമായിരുന്നെങ്കിൽ നിന്റെ കല്യാണം നടത്തി തരാമെന്ന് ഞാൻ പറഞ്ഞതല്ലേ… നിനക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല.. പിന്നെ നിനക്ക് എന്തിനാണ് താൽപര്യം.? ”
അവർക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
” ഞാൻ പറയുന്നത് ഒന്ന് സമാധാനത്തിൽ കേൾക്കാനുള്ള മനസ്സെങ്കിലും അമ്മ കാണിക്കണം..”
അവൾ കുറെ കെഞ്ചിയതിന്റെയും കരഞ്ഞതിന്റെയും ഫലമായി അവളെ കേൾക്കാം എന്നൊരു ഉറപ്പ് അവർ പറഞ്ഞു.
“രാഹുലും ഞാനും ഒരുമിച്ച് വർക്ക് ചെയ്യുന്നവരാണ്. ഇൻഫക്റ്റ് എന്റെ സീനിയർ ആണ്.ഞാൻ ആദ്യം ചെന്ന സമയത്ത് എന്റെ വർക്ക് ഒക്കെ ആക്സസ് ചെയ്ത് തന്നിരുന്നത് രാഹുൽ ആയിരുന്നു.
അങ്ങനെയാണ് ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടത്. എല്ലാവരോടും നല്ല രീതിയിൽ ഇടപെടുന്ന നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു രാഹുൽ.
സാധാരണ ഒരു പെൺകുട്ടിക്ക് തോന്നാവുന്ന രീതിയിൽ ഒരു അട്രാക്ഷൻ എനിക്ക് രാഹുലിനോടും തോന്നിയിരുന്നു.
അവനോടു കൂടെ ഒന്ന് സംസാരിച്ചിട്ട് അത് അമ്മയോട് പറയണം എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു ഞാൻ. ഒരു പ്രൊപ്പോസൽ ആയി തന്നെ അവതരിപ്പിക്കാം എന്നായിരുന്നു എന്റെ മനസ്സിലെ പ്ലാൻ.
അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്ന സമയത്താണ് അവൻ മാരീഡ് ആണ് എന്ന് ഞാൻ അറിയുന്നത്. അതോടെ ഞാൻ എന്റെ മനസ്സിനെ പറഞ്ഞു തിരുത്താൻ ആരംഭിച്ചു. ചിന്തിച്ചു പോയ മഹാ അപരാധത്തിന് മാപ്പ് തരണമെന്ന് ദൈവത്തിനോട് ഇരക്കാത്ത ദിവസങ്ങൾ ഇല്ല.”
അവൾ പറഞ്ഞത് കേട്ടപ്പോൾ അമ്മയ്ക്കും ഒരു വല്ലായ്ക തോന്നി.
” പക്ഷേ ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും രാഹുലിന് എന്നോടുള്ള അടുപ്പത്തിന് മറ്റെന്തോ ഒരു നിറം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു. എവിടെ നിന്നാലും ആ കണ്ണുകൾ എന്നെയാണ് തേടുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
അങ്ങനെയാണ് ഒരിക്കൽ അവനോട് നേരിട്ട് സംസാരിക്കാൻ ഞാൻ തീരുമാനിക്കുന്നത്. ഒരു പുരുഷൻ അനാവശ്യമായി ഒരു രീതിയിൽ നമ്മളെ നോക്കുമ്പോൾ അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമല്ലോ. അവരോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ ജീവിതത്തെക്കുറിച്ച് അറിയുന്നത്.
അവൻ വിവാഹിതനാണ് എന്ന കാര്യം എന്നോട് മറച്ചു വച്ചില്ല. അവന് അവന്റെ ഭാര്യയുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പോലും കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. ആ പെൺകുട്ടിക്ക് മറ്റ് ആരോ ആയി അടുപ്പം ഉണ്ടായിരുന്നു.
വിവാഹത്തിനു ശേഷമാണ് അവനത് അറിയുന്നത്.സ്വാഭാവികമായും കാമുകനെ മറക്കാൻ സമയം കൊടുക്കാം എന്നും അവന്റെ ജീവിതത്തിലേക്ക് അധികം വൈകാതെ കടന്നുവരണമെന്നും അവളോട് അവൻ അപേക്ഷിച്ചു.
അത് അവൾ സമ്മതിച്ചതും ആണ്. പക്ഷേ എന്നിട്ടും അവളുടെ സ്വഭാവത്തിൽ മാറ്റം വരാതെ അവൾ കാമുകന് ഫോൺ ചെയ്യുന്നതും മെസ്സേജ് അയക്കുന്നതും ഒക്കെ രാഹുൽ കാണാനിടയായി.
അതോടെ ഇനി ഒരിക്കലും അവളെ തനിക്ക് തിരിച്ചു കിട്ടില്ല എന്നൊരു തോന്നൽ രാഹുലിന് ഉണ്ടായി.അങ്ങനെ ആരുമില്ലാതെ ഒരു ആശ്രയവുമില്ലാതെ നിൽക്കുന്ന ഒരു അവസ്ഥയിലായിരുന്നു രാഹുൽ ആ സമയത്ത്.
അങ്ങനെയാണ് എന്നെ കണ്ടുമുട്ടുന്നത്. അവന്റെ കോൺസെപ്റ്റ് അനുസരിച്ച് ഒരാളാണ് ഞാൻ എന്ന് തോന്നിയത് കൊണ്ടായിരിക്കണം എന്നോട് ഒരു ഇഷ്ടം തോന്നിയത്. ആ ഇഷ്ടം തുറന്നു പറഞ്ഞതിനോടൊപ്പം അവൻ എന്നോട് കുറച്ച് സമയമാണ് ആവശ്യപ്പെട്ടത്.
അവന്റെ ഡിവോഴ്സ് നടന്നതിനുശേഷം വിവാഹം നടത്താമെന്ന് അവൻ എന്നോട് പറഞ്ഞു. പക്ഷേ ഇതൊന്നും അമ്മയോട് തുറന്നു പറയാൻ എനിക്ക് കഴിയില്ലായിരുന്നു. എത്രത്തോളം അമ്മ ഇതൊക്കെ സപ്പോർട്ട് ചെയ്യുമെന്ന് അറിയില്ലല്ലോ..”
അവൾ അത് പറഞ്ഞപ്പോൾ അവർക്ക് ആകെ ഒരു വല്ലായ്ക ആയിരുന്നു.
“നിന്നോട് അങ്ങനെയൊക്കെ വാക്കു പറഞ്ഞ് അവൻ തന്നെയാണ് അവന്റെ ഭാര്യയെ ഇപ്പോൾ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാൻ താൽപര്യം കാണിക്കുന്നത്..
ഒരുമിച്ച് ജീവിക്കാമെന്ന് അവളോട് വാക്ക് പറഞ്ഞത് അവൻ തന്നെയാണ്. നിന്നെ കുറിച്ചുള്ള വിവരങ്ങൾ ആ കുടുംബത്തിൽ വെളിപ്പെടുത്തിയതും അവനാണ്.
പക്ഷേ അവൻ പറഞ്ഞത് അവനെ കിട്ടിയില്ലെങ്കിൽ നീ ചത്തുകളയും എന്ന് ഭീഷണിപ്പെടുത്തി എന്നാണ്..
പിന്നെ നീ പറഞ്ഞ പോലെ അവന്റെ ഭാര്യക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെ ഇപ്പോൾ ആ കുട്ടി അവനെ മാത്രം സ്നേഹിച്ചു അവനോടൊപ്പം ജീവിക്കാൻ തയ്യാറാണ്.
അങ്ങനെ ഒരു സാഹചര്യത്തിൽ അവർ ഒരുമിക്കുന്നതല്ലേ നല്ലത്..? നീ വെറുതെ എന്തിനാണ് അവർക്കിടയിലേക്ക് ചെന്നുകയറുന്നത്..?”
അമ്മ ചോദിച്ചു ചോദ്യം അവളെ വല്ലാതെ പിടിച്ചുലച്ചു. അമ്മയോട് മറുപടിയൊന്നും പറയാതെ അവൾ തന്റെ മുറിയിലേക്ക് നടന്നു.
അമ്മ പറഞ്ഞ കാര്യങ്ങളിൽ അവളെ ഏറ്റവും വേദനിപ്പിച്ചത് രാഹുൽ തന്നെയാണ് അവന്റെ ഭാര്യയെ ഇവിടേക്ക് കൊണ്ടുവരാൻ താല്പര്യം പ്രകടിപ്പിക്കുന്നത് എന്നതായിരുന്നു.
അതിനെല്ലാം ഉപരി അവനുവേണ്ടി താൻ ഇത്രയും തരം താഴ്ന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്ന് അവൻ അവന്റെ കുടുംബത്തോട് പറഞ്ഞു കളഞ്ഞല്ലോ എന്നൊരു വേദന..
അവനു തന്നെ വേണ്ടായിരുന്നു എങ്കിൽ അത് മാന്യമായി പറഞ്ഞാൽ മതിയായിരുന്നല്ലോ.. തന്നെ ഇത്രത്തോളം മോശപ്പെട്ട ഒരു സ്ത്രീയായി ആർക്കും മുന്നിലും ചിത്രീകരിക്കേണ്ടിയിരുന്നില്ല..!!
അവൾ ചിന്തിച്ചിരിക്കുന്നത് ഇടയിലാണ് അവളുടെ ഫോണിലേക്ക് രാഹുലിന്റെ കോൾ വരുന്നത്. കുറച്ചു മണിക്കൂറുകൾക്കു മുന്നേ അവന്റെ ഫ്ലാറ്റിൽ ഒരുമിച്ച് സമയം ചെലവഴിച്ചതാണ്. അപ്പോൾ പോലും അവൻ ഇതിനെക്കുറിച്ച് ഒരു വാക്കും പറഞ്ഞിരുന്നില്ല.
” എന്താ രാഹുൽ..? ”
വല്ലാത്തൊരു കടുപ്പത്തിൽ അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് അവന് തോന്നിയിരുന്നു.
“എന്താടോ എന്താ പ്രശ്നം..?”
അവൻ അത് ചോദിച്ചതോടെ അവൾക്ക് വല്ലാതെ ദേഷ്യം വന്നു.
“എന്താ പ്രശ്നം എന്ന് തനിക്ക് അറിയില്ല അല്ലേ..? ഞാനാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത്..? തന്നെ കിട്ടിയില്ലെങ്കിൽ ചത്തുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ഞാനാണല്ലോ..? ഭാര്യയെയും കൊണ്ട് തനിക്ക് ഇവിടെ വന്ന് ജീവിക്കാനുള്ള തടസ്സവും ഞാനാണല്ലോ..?
ആ തടസ്സം ഇല്ലാതാക്കാനാണ് എന്റെ തീരുമാനം. ഇനിമേലിൽ രാഹുൽ എന്നെ വിളിക്കരുത്.. സംസാരിക്കാനും ശ്രമിക്കരുത്. എത്രയും പെട്ടെന്ന് ആ ഓഫീസിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രാൻസ്ഫർ വാങ്ങി ഞാൻ പൊക്കോളാം.. അതുവരെ ദയവുചെയ്ത് എന്നെ ശല്യം ചെയ്യരുത്.”
അത്രയും പറഞ്ഞുകൊണ്ട് അവൾ കോൾ കട്ട് ആകുമ്പോൾ, അവന്റെ ഹൃദയവും വേദനിക്കുന്നുണ്ടായിരുന്നു.
ബന്ധനങ്ങൾക്കിടയിൽ പെട്ടുപോയ തന്റെ പ്രണയം തനിക്ക് എങ്ങനെ നേടിയെടുക്കാൻ ആകുമെന്ന് അറിയാതെ ആശങ്കപ്പെടുന്ന ഒരു മനസ്സ് അവനും ഉണ്ടായിരുന്നു..!
ചില പ്രണയങ്ങൾ അങ്ങനെയാണല്ലോ ബന്ധങ്ങളും ബന്ധനങ്ങളും കൊണ്ട് നേടിയെടുക്കാൻ കഴിയാതെ പോകുന്നവ..!!