(രചന: ശ്രേയ)
” നിങ്ങൾ ഇങ്ങനെ വല്ല നാട്ടിലും പോയി കിടക്കുമ്പോൾ ഇവിടെ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ട ആവശ്യമില്ലല്ലോ.. നിങ്ങളുടെ അച്ഛനും അമ്മയും എന്നോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അറിയാമോ നിങ്ങൾക്ക്..?”
ഫോണിലൂടെ ഇടർച്ചയുള്ള സ്വരത്തിൽ അവൾ അവനോട് ചോദിച്ചപ്പോൾ അവനും അമ്പരന്നു പോയി.
“എന്താടോ.. എന്തുണ്ടായി..? അവിടെ താനും അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചിരിക്കുന്നത് കണ്ടാൽ അമ്മയും അച്ഛനും മകളും കൂടി ഇരിക്കുന്നതു പോലെയാണ് എന്ന് എല്ലായിപ്പോഴും ആളുകൾ പറയുന്നത് ഞാനും കേൾക്കുന്നതല്ലേ.
കഴിഞ്ഞ തവണ നാട്ടിൽ വന്നു പോയപ്പോഴും ഞാൻ കണ്ടതാണ് ഇതൊക്കെയും.. എന്നിട്ടും ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് എന്തുണ്ടായി..?”
അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് പരുങ്ങി. പക്ഷേ നടത്തിയെടുക്കേണ്ടത് തന്റെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. അതുകൊണ്ടു തന്നെ അവന്റെ വാക്കുകൾക്ക് മുന്നിൽ പതറാൻ പാടില്ല..!
” മിന്നുന്നതെല്ലാം പൊന്നല്ല എന്ന് നിങ്ങൾ കേട്ടിട്ടില്ലേ…? പുറമേയുള്ള ആളുകൾ പറയുന്നത് ഒന്നുമല്ലല്ലോ നമ്മുടെ ജീവിതം. നാട്ടുകാരെ കാണിക്കാൻ വേണ്ടി ഓരോ പ്രവർത്തനം കാണിക്കുന്നു എന്നല്ലാതെ ഉള്ളിന്റെയുള്ളിൽ എന്താണെന്ന് അറിയുന്നത് എനിക്ക് മാത്രമാണ്.. ”
വല്ലാത്തൊരു ഗൗരവത്തിൽ അവൾ അത് പറയുമ്പോൾ അവനും ആകെ ഒരു വല്ലായ്മ തോന്നിയിരുന്നു.
ലിജിന് ബാംഗ്ലൂർ ആണ് ജോലി. അവന്റെ ഭാര്യയാണ് അച്ഛനോടും അമ്മയോടും ഒപ്പം വീട്ടിൽ നിൽക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യസമയത്ത് അവളെയും ഒപ്പം കൂട്ടിയാലോ എന്നൊരു ആഗ്രഹം അവനു ഉണ്ടായിരുന്നു.
ഇപ്പോഴേ ഒറ്റയ്ക്ക് ഒരു കുടുംബം നടത്താൻ ആ പെൺകുട്ടിക്ക് പറ്റില്ല ആയിരിക്കും എന്നുള്ള അമ്മയുടെ മറുപടിയിലാണ് അവൻ ആ തീരുമാനം വേണ്ടെന്ന് വെച്ചത്. മാത്രവുമല്ല വിവാഹം കഴിയുന്ന സമയത്ത് അവൾ ഡിഗ്രി ഫൈനലിയർ എക്സാം എഴുതുന്ന സമയമായിരുന്നു.
ലീജിന്റെ വീട്ടിന് എന്ത് കൊണ്ടും ചേരുന്ന ഒരു മരുമകൾ ആയിരുന്നു തൻവീ.അച്ഛനോടും അമ്മയോടും അവൾക്ക് വല്ലാത്ത ഇഷ്ടമായിരുന്നു.
എല്ലാ ആഴ്ചയുടെയും അവസാനമാണ് ലിജിൻ സാധാരണ വീട്ടിലേക്ക് പോകാറ്. എല്ലാ വെള്ളിയാഴ്ചകളിലും രാത്രിയിൽ ട്രെയിൻ കയറി ശനിയാഴ്ച വെളുപ്പിനെ അവൻ വീട്ടിലെത്തും.
രണ്ടുദിവസം അവിടെ ചെലവഴിച്ച് ഞായറാഴ്ച വൈകുന്നേരം ആണ് പിന്നീട് അവൻ തിരികെ കയറാറ്. തിങ്കളാഴ്ച രാവിലെ ബാംഗ്ലൂർ എത്തുന്ന അവൻ അന്നു തന്നെ ജോലിക്കും കയറാറുണ്ട്.
അവളുടെ എക്സാം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ അവളെയും കൂടി ഒപ്പം കൂട്ടട്ടെ എന്ന് അവൻ അവളോട് ചോദിച്ചു.
അവൾക്കും അവനോടൊപ്പം പോകാൻ താല്പര്യമുണ്ടായിരുന്നെങ്കിലും അച്ഛനോട് അമ്മയോടും ചോദിച്ചിട്ട് അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് എന്താണെന്ന് വെച്ചാൽ ചെയ്യാം എന്ന് അവൾ പറഞ്ഞു.
” അവളെയും കൂടെ കൊണ്ടുപോയാൽ ഞങ്ങൾ ഇവിടെ തനിച്ചാവില്ലേടാ.. ഈ വയസ്സുകാലത്ത് ഞങ്ങൾക്ക് മിണ്ടാനും പറയാനും കൂട്ടിന് അവൾ അല്ലേ ഉള്ളൂ..? ”
അമ്മയുടെ ദുഃഖപൂർണ്ണമായ ആ സംസാരം കേട്ടപ്പോൾ അവളെ ഉടനെ ഒന്നും അങ്ങോട്ട് കൊണ്ടുപോകേണ്ട എന്നൊരു തീരുമാനത്തിൽ അവൻ എത്തി.
അധികം വൈകാതെ അവൾ ഗർഭിണിയാണ് എന്നൊരു വാർത്ത കൂടി കേട്ടതോടെ അവളെയും കൊണ്ട് താമസം മാറാനുള്ള അവന്റെ തീരുമാനം അവൻ ഉപേക്ഷിച്ചു.
ഈ സമയത്ത് അമ്മയുടെ കെയറാണ് അവൾക്ക് ഏറ്റവും ആവശ്യമെന്ന് അവനു അറിയാമായിരുന്നു.
അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുത്തും വേണ്ടുന്നതൊക്കെ പാചകം ചെയ്ത് നൽകിയും അമ്മയും അച്ഛനും അവളെ വേണ്ടുവോളം സ്നേഹിച്ചു.
ഓരോ തവണയും ലീവിന് നാട്ടിൽ എത്തുമ്പോൾ ലീജിന് അത് സന്തോഷം നൽകുന്ന കാഴ്ചകൾ ആയിരുന്നു. ആ വീട് അവൾക്കും സന്തോഷം നൽകുന്ന തന്നെയാണ് എന്നൊരു തോന്നൽ ആയിരുന്നു അവൾക്കുണ്ടായിരുന്നത്.
പ്രസവത്തിന് അവളെ അവളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയെങ്കിലും അധികം ദിവസം അവളെ കാണാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൂടി അവളെ തിരികെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
പ്രസവം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് അവൾ പോയെങ്കിലും അച്ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് അവളെ കാണാൻ പോകാറുണ്ടായിരുന്നു.
അപ്പോഴൊക്കെ ലീജിന് തമാശയായി പറയാറുണ്ടായിരുന്നു,
“അതെ.. അവള് നിങ്ങളുടെ മരുമകളാണ് കേട്ടോ.. നിങ്ങളുടെ കാട്ടായം കണ്ടാൽ തോന്നും അവൾ നിങ്ങളുടെ മോളും ഞാൻ മരുമകനും ആണെന്ന്..”
പരാതി പോലെ അവൻ പറയുമ്പോൾ ആ അച്ഛനും അമ്മയും പൊട്ടിച്ചിരിക്കുക പതിവായിരുന്നു.
പ്രസവശേഷം അവളെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുഞ്ഞിനെ ശ്രദ്ധിക്കാനുള്ളതുകൊണ്ടു തന്നെ അവളെക്കൊണ്ട് കൂടുതൽ ജോലി ഒന്നും ചെയ്യിക്കാതിരിക്കാൻ അവന്റെ അമ്മ ശ്രദ്ധിച്ചിരുന്നു.
അത്രയും കാര്യമായിട്ട് കൊണ്ട് നടന്നതാണ്.ഇപ്പോൾ എന്താ പെട്ടെന്ന് ഒരു പ്രശ്നം എന്ന് ആലോചിച്ചിട്ട് ലീജിന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
“നീ കാര്യം എന്താണെന്ന് വെച്ചാൽ തുറന്നു പറയുന്നുണ്ടോ..?”
ക്ഷമ നശിച്ച് അവൻ ചോദിച്ചു.
” ഞാൻ പറയാൻ പോകുന്ന കാര്യം ഏട്ടൻ വിശ്വസിക്കുമോ എന്ന കാര്യത്തിൽ പോലും എനിക്ക് ഒരുറപ്പുമില്ല. എങ്കിലും ഞാൻ അനുഭവിക്കുന്നത് ഏട്ടൻ അറിയേണ്ടതാണ് നല്ലത്..
ഇവിടുത്തെ അച്ഛൻ എന്നെ ഒരു മകളെപ്പോലെയല്ല കാണുന്നത്. മകളാണ് എന്നാണ് ഇന്നലെ വരെയും ഞാൻ വിശ്വസിച്ചിരുന്നത്..പക്ഷേ ഇന്നലെ.. ”
അത് കേട്ടപ്പോൾ അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി. എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ഉടലെടുത്തു.
” നീ കാര്യം എന്താണെന്ന് തെളിച്ച് പറയുന്നുണ്ടോ…? ”
അവൻ ദേഷ്യപ്പെട്ടു.
” ഇന്നലെ കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് ഞാൻ കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ് തിരികെ വരുമ്പോൾ ഞാൻ കാണുന്ന കാഴ്ച എന്താണെന്നറിയാമോ..? ഞാൻ മാറിയിട്ട് പോയ അടിവസ്ത്രം എടുത്ത് സ്വയംഭോ ഗം ചെയ്യുന്ന അച്ഛനെ..!
ഈയൊരു കാഴ്ച ഏതു മകൾക്കാണ് സഹിക്കാൻ കഴിയുക..? ഞാൻ കണ്ടു എന്ന് ആയപ്പോൾ കള്ളന്മാരെ പോലെ അതും അവിടെ ഇട്ടിട്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇങ്ങനെ ഒരാളിന്റെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ഇവിടെ ജീവിക്കും..? ”
പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു. കേട്ട വാർത്ത വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ.
പ്രതിഭാഗത്ത് നിൽക്കുന്നത് സ്വന്തം അച്ഛനാണ്. അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവൻ ഉഴറി.
പിറ്റേന്ന് തന്നെ അവൻ നാട്ടിലെത്തി. വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കരുത് എന്ന് അവൾ അവനോട് അപേക്ഷിച്ചു.
അതുകൊണ്ടു തന്നെ അച്ഛനും മകനും തമ്മിൽ പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല.
പക്ഷേ ഇത് അങ്ങനെ വിട്ടു കളയാൻ അവൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അച്ഛനെയും വിളിച്ച് വീട്ടിൽ നിന്ന് മാറി നിന്നുകൊണ്ട് അവൻ ഈ വിവരങ്ങൾ അച്ഛനോട് ചോദിച്ചത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു അച്ഛന്റെ മറുപടി.
” നിന്നെ ഈ നെഞ്ചിലിട്ട് വളർത്തിയത് അല്ലേ ഞാൻ..? ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ..? ”
അച്ഛൻ ചോദിച്ചപ്പോൾ ഇല്ല എന്ന് ഉത്തരം പറയാൻ അവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
” സ്വന്തം ഭാര്യയോട് പോലും ഇന്നുവരെ അവളുടെ അനുവാദം ചോദിക്കാതെ ഒന്നും ചെയ്യാത്ത ആളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ മകളെപ്പോലെ കാണുന്ന ഒരു പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറി എന്ന് പറയുമ്പോൾ.. ”
ഹൃദയവേദനയോടെ അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ വീട്ടിലേക്ക് തിരിച്ചു.
പിന്നീട് വീട്ടിൽ എത്തുമ്പോൾ അവൻ കാണുന്നത് ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആയിരുന്നു.
മകനുവേണ്ടി അവർ സൂക്ഷിച്ചുവെച്ച കത്തിൽ അത്രയും എഴുതിയിരുന്നു.
“എന്ത് സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ് നിന്റെ ഭാര്യ ഇങ്ങനെ ചെയ്തത് എന്ന് ഞങ്ങൾക്കറിയില്ല.പക്ഷേ സ്വന്തം മകളെ പോലെയല്ലാതെ ഇന്നുവരെ അവളെ കണ്ടിട്ടില്ല.
എന്നെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം അവളുടെ മനസ്സിലുള്ള സ്ഥിതിക്ക് ഇനി അവൾക്ക് ഒരു ഭാരമായി ഇവിടെ നിൽക്കാൻ ഞാനും ഉദ്ദേശിക്കുന്നില്ല. ഏതു പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന എന്റെ ഭാര്യയെയും ഞാൻ ഒപ്പം കൂട്ടുന്നു..”
അത് വായിച്ച് അവൻ ആകെ തകർന്നു പോയി.
സംഭവിച്ച കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ തൻവിക്ക് രണ്ടു പൊട്ടിക്കേണ്ടി വന്നു. പക്ഷേ അവൾ സത്യം പറഞ്ഞു.
” നിങ്ങളോടൊപ്പം എന്നെ പറഞ്ഞു വിടാൻ ഈ അച്ഛനും അമ്മയ്ക്കും എന്തൊരു മടിയായിരുന്നു.. ഞാൻ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ എന്നെ ഇവിടെ നിർത്താതെ നിങ്ങളോടൊപ്പം കൊണ്ടുപോകും എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. അല്ലാതെ ഇങ്ങനെയൊന്നും ഞാൻ ഒരിക്കലും… ”
അത്രയും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞിട്ടും അവളോടുള്ള അവന്റെ പക അടങ്ങുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് അവൻ പോലീസിൽ അറിയിച്ചത്.
പോലീസുകാർ വന്ന് അവളെ കയ്യാമം വച്ചു കൊണ്ടു പോകുമ്പോൾ സ്വന്തം കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു കൊണ്ട് അവൻ ആ കാഴ്ച കണ്ടു നിന്നു.
പ്രാണനെപ്പോലെ സ്നേഹിച്ച സ്വന്തം അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തിയവളാണ്..! ഇതിലും വലിയൊരു ശിക്ഷ അവൾക്ക് കൊടുക്കാനില്ലെന്ന് അവനെ തോന്നി..!!