(രചന: ശ്രേയ)
” എനിക്ക് നിന്നെ ഒന്ന് കാണാൻ പറ്റുമോ..? ”
വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് അനീഷ് വിളിക്കുന്നത്.
” എന്താടാ..? എന്താ കാര്യം..? അത്യാവശ്യം വല്ലതും ആണോ..? ”
ആകാംഷയോടെ താര അന്വേഷിച്ചു.
” അതെ.. ”
അവന്റെ സംസാരത്തിൽ ഗൗരവം മനസ്സിലായത് കൊണ്ട് തന്നെ കാര്യമായ എന്തോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു..
” നമുക്ക് കോഫി ഡേയിൽ കാണാം.. ഞാൻ ഇപ്പോ എത്താം.. ”
മറുപടിയായി അത് പറയുമ്പോൾ അവൻ കാൾ കട്ട് ആക്കിയിരുന്നു..!
എന്തിനാവും അവൻ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്..? ഇനി വീണ്ടും മിനിയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടോ ആവോ..?
താര അത് ചിന്തിച്ച് തീരുന്നതിനു മുൻപ് തന്നെ വീണ്ടും അവളുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി.
സ്ക്രീനിൽ മിനി എന്ന പേരിനോടൊപ്പം നമ്പർ തെളിഞ്ഞു കാണുമ്പോൾ, താരയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.
താൻ ഉദ്ദേശിച്ചത് പോലെ തന്നെ അവൻ കാര്യങ്ങൾ എന്ന് ആ ഒരു കോളിലൂടെ തന്നെ അവൾക്ക് വ്യക്തമായിരുന്നു.
അവനോട് പറഞ്ഞതു പോലെ കൃത്യം സമയത്ത് തന്നെ അവൾ കോഫി ഡേയിൽ അവനു വേണ്ടി കാത്തിരുന്നു.
പതിവു പോലെ അവൻ താമസിച്ചു തന്നെയാണ് അവിടെ എത്തിയത്.
” നിനക്ക് നേർച്ച വല്ലതും ഉണ്ടോ ആഴ്ചയിൽ ഒരു ദിവസം എന്നെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെ പോസ്റ്റാക്കാമെന്ന്..? ”
അവനെ കണ്ടതോടെ അവൾ പരിഭവത്തോടെയും അല്പം ദേഷ്യത്തോടെയും ചോദിച്ചു.
“എടി.. ഞാൻ മനപ്പൂർവം ലേറ്റ് ആയതല്ല..നിനക്കറിഞ്ഞൂടെ എന്റെ ജോലിത്തിരക്കുകൾ..”
അവൻ എക്സ്ക്യൂസ് പറഞ്ഞു.
” എല്ലായിപ്പോഴും ഒരേ പതിവുകൾ.. ഒരേ എക്സ്ക്യൂസുകൾ.. പറയുന്ന നിനക്ക് യാതൊരു വിധ ബോറിങ്ങും ഇല്ലെങ്കിലും കേൾക്കുന്ന എനിക്കു ഉണ്ടല്ലോ..”
അവൾ അവനെ പുച്ഛിച്ചു.
“അതൊക്കെ പോട്ടെ.. ഇപ്പൊ എന്ത് കാര്യത്തിനാണ് അത്യാവശ്യമായി എന്നെ കാണണമെന്ന് പറഞ്ഞത്..?”
അല്പം ഗൗരവത്തിൽ ആയിരുന്നു അവളുടെ ചോദ്യം.
” എടി എന്റെ കാര്യം നിനക്ക് അറിഞ്ഞുകൂടെ.? അവളെ എനിക്ക് എന്ത് ഇഷ്ടമാണ്..!പക്ഷേ അതൊന്നും മനസ്സിലാവാത്ത പോലെ പ്രവർത്തിക്കുന്നത് അവൾ അല്ലെ..? ”
അവൻ ചോദിച്ചപ്പോൾ ഇന്നും ഇതുതന്നെയാണോ എന്നൊരു ഭാവത്തിൽ അവൾ അവനെ നോക്കി.
” എടാ ഞാനൊരു കാര്യം ചോദിക്കട്ടെ നിനക്ക് അവളെ ഇഷ്ടമാണ് എന്ന് ഇടയ്ക്കിടയ്ക്ക് എന്നോട് വന്നു പറയുന്നതിനു പകരം നിനക്ക് പോയി അവളോട് പറഞ്ഞുകൂടെ..? ”
അല്പം ദേഷ്യത്തിൽ ആയിരുന്നു അവൾ പ്രതികരിച്ചത്. അത് കേട്ടപ്പോൾ അവൻ ദയനീയമായി അവളെ നോക്കി.
” അതിപ്പോ ഞാൻ ചെന്ന് അങ്ങനെ പറഞ്ഞാൽ അവൾക്ക് എന്തെങ്കിലും തോന്നില്ലേ..? ”
അവൻ ചോദിച്ചപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.
” അതിന് നീ പോയി പറയുന്നത് അയലത്തെ പെണ്ണുങ്ങളോട് അല്ലല്ലോ.. നിന്റെ ഭാര്യയോട് അല്ലേ..? ”
അത് ചോദിച്ചപ്പോൾ അവന്റെ ഉത്തരം മുട്ടി.
“നിന്നോടൊക്കെ ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി.അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങളെല്ലാം ഒരേ സെറ്റ് ആണ്. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നീ എപ്പോഴും അവളെ മാത്രമേ സപ്പോർട്ട് ചെയ്യൂ..”
അവൻ പറഞ്ഞപ്പോൾ അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി.
“അത് ശരിയാ.അതുകൊണ്ടാണല്ലോ നീ വിളിക്കുമ്പോൾ വിളിക്കുമ്പോൾ ഞാൻ നിന്നെ കാണാൻ വരുന്നത്.വേറെ ഏതെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ വരുമോ..,?”
അവൾ ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
” നീ വന്നിട്ടും എനിക്ക് വലിയ കാര്യമൊന്നുമില്ലല്ലോ. ഞാനെന്തെങ്കിലും സങ്കടം പറയുമ്പോൾ എന്നെ എങ്ങനെയെങ്കിലും താഴ്ത്തി കെട്ടാനാണ് നീ ശ്രമിക്കുക. അല്ലാതെ അതിനൊരു പരിഹാരം കണ്ടുപിടിച്ചു തരാനോ സാരമില്ല എന്ന് പറഞ്ഞ് എന്നെ ഒന്ന് ആശ്വസിപ്പിക്കാനോ നിനക്ക് പറ്റില്ല.”
അവൻ വീണ്ടും സെന്റി ട്രാക്ക് പിടിക്കുകയാണ് എന്ന് കണ്ടതോടെ അവൾ മൗനം പാലിച്ചു. അവന് പറയാനുള്ളത് മുഴുവൻ പറഞ്ഞു കഴിഞ്ഞോട്ടെ എന്ന് കരുതിയാണ് അവൾ മിണ്ടാതിരുന്നത്.
“നീ എന്താ ഒന്നും മിണ്ടാത്തത്..?”
അവളുടെ മൗനം അസഹ്യമായി തോന്നിയപ്പോൾ അവൻ ചോദിച്ചു.
” നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിയട്ടെ എന്ന് കരുതിയിട്ട് തന്നെയാണ് ഞാൻ മൗനം പാലിച്ചത്.
ഞാനൊന്നു ചോദിച്ചോട്ടെ..? അവൾക്കും നിനക്കും ഇടയിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന പ്രശ്നം എന്താണെന്ന് നിനക്കറിയില്ലേ..? ആ പ്രശ്നം പരിഹരിച്ചിട്ടുണ്ടെങ്കിൽ നിനക്ക് അത് അവളോട് തുറന്നു പറയുന്നതു കൊണ്ട് എന്താ പ്രശ്നം..? ”
അവൾ ചോദിച്ചപ്പോൾ അവൻ മറുപടിയില്ലാതെ തലതാഴ്ത്തി.
” ഒരു പെണ്ണ് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ എന്തൊക്കെ സ്വപ്നം കണ്ടിട്ടായിരിക്കും വന്നു കയറുക എന്ന് നിനക്കറിയാമോ..?
മിനിയും അങ്ങനെ ഒരുപാട് സ്വപ്നങ്ങളോടെ നിന്റെ ജീവിതത്തിലേക്ക് വന്നു കയറിയതാണ്. അവളുടെ ആ സ്വപ്നങ്ങൾ മുഴുവൻ അരിഞ്ഞു വീഴ്ത്തുന്ന തരത്തിലുള്ള സംസാരമാണ് നിന്റെ ഭാഗത്തുനിന്ന് ആദ്യത്തെ ദിവസം തന്നെ ഉണ്ടായത്.ശരിയല്ലേ..? ”
അവൾ ചോദിച്ചപ്പോൾ അവൻ തലയാട്ടി.
” നിനക്ക് മറ്റൊരു പ്രണയം ഉണ്ടെന്നും ചില സാഹചര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒന്നിക്കാൻ കഴിയാതെ പോയതാണെന്നും ഇപ്പോഴും ആ പെൺകുട്ടി നിന്നെയും കാത്തിരിക്കുകയാണ് എന്നും ഒക്കെ പറയുമ്പോൾ, നിന്റെ താലിയും കഴുത്തിലിട്ട് നിൽക്കുന്ന ആ പെൺകുട്ടി ഇതൊക്കെ എങ്ങനെ സഹിക്കണം എന്നാണ് നീ കരുതുന്നത്..?
എന്നിട്ടും അവളുടെ സാഹചര്യങ്ങൾ കൊണ്ടായിരിക്കാം അവൾ ഒക്കെയും സഹിച്ചും ക്ഷമിച്ചും നിന്റെ വീട്ടിൽ നിൽക്കാൻ തീരുമാനിച്ചത്.
അല്ലെങ്കിൽ നീ അവളിലേക്ക് തിരിച്ചെത്തും എന്നുള്ള അവരുടെ വിശ്വാസം കൊണ്ടായിരിക്കണം. ഇതിപ്പോ രണ്ടുമൂന്നു വർഷമായില്ലേ..? ഒന്നെങ്കിൽ നീ അവളെ സ്വതന്ത്രയാക്കി വിടണം. അത് കഴിയാത്ത പക്ഷം അവളെ സ്നേഹിച്ച് കുടുംബമായി ജീവിക്കാൻ നോക്കണം. ”
അവൾ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവനും ഒന്ന് ചിരിച്ചു.
” നീ പറഞ്ഞത് ശരിയാണ്. അന്ന് മിനിയോട് അങ്ങനെ സംസാരിക്കുമ്പോൾ അവളുടെ സാഹചര്യത്തിനെ കുറിച്ച് ഞാൻ ഓർത്തിരുന്നില്ല.
എന്റെ പ്രണയം എനിക്ക് നഷ്ടപ്പെട്ടു പോകുമോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ. പക്ഷേ ആ പ്രണയം ഒരു മരിചികയായിരുന്നു എന്ന് ഞാൻ തിരിച്ചറിയാൻ നാളുകൾ വേണ്ടിവന്നു. അപ്പോഴേക്കും എനിക്കും മിനിക്കും ഇടയിൽ വല്ലാത്തൊരു ഗ്യാപ്പ് വന്നു കഴിഞ്ഞിരുന്നു.
ഇത്രയും നാൾ അവളെ ആട്ടിയോടിക്കാനും അവളെ മുന്നിൽ കണ്ടാൽ ചീത്ത പറയാനും ശ്രമിച്ചിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം അവളോട് സ്നേഹം ഭാവിച്ചാൽ അത് കള്ളത്തരമാണെന്ന് അവൾ ചിന്തിക്കില്ലേ..?”
ആശങ്കയോടെ അവൻ ചോദിച്ചപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.
“നിനക്ക് അവളെ കുറിച്ച് ഒന്നുമറിയാത്തതു കൊണ്ടാണ് നീ ഇങ്ങനെ ഓരോ മണ്ടത്തരങ്ങൾ ചിന്തിക്കുന്നത്.അവൾക്ക് നിന്നെ എന്ത് ഇഷ്ടമാണെന്ന് അറിയോ..?
നീ ഓരോ ദിവസവും വൈകി വീട്ടിൽ എത്തുമ്പോൾ നിനക്ക് എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ഒക്കെ അവൾ എന്നെയാണ് വിളിക്കാറ്. ചേച്ചി ഏട്ടനു എന്താ പറ്റിയത്? ഏട്ടൻ ഇന്നാകെ ടെൻഷൻ ആണല്ലോ എന്നൊക്കെ..
സത്യം പറഞ്ഞാൽ അവളുടെ സ്നേഹം കാണുമ്പോൾ നിന്നെ എടുത്ത് കിണറ്റിൽ ഇടാൻ എനിക്ക് തോന്നാറുണ്ട്.അങ്ങനെ നിന്നെ സ്നേഹിക്കുന്ന പെൺകൊച്ചിനോട് നിനക്ക് ഇഷ്ടമാണെന്ന് പറയാനാണ് നീ എന്നോട് അഭിപ്രായം ചോദിക്കാൻ വന്നിരിക്കുന്നത്..
നാണമില്ലെടാ നിനക്ക്.? ഇങ്ങനെയുള്ള കാര്യങ്ങളിലെങ്കിലും മറ്റുള്ളവരുടെ അഭിപ്രായം തിരക്കാതെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് എന്താണെന്ന് വെച്ചാൽ ചെയ്യണം..
നിന്റെ മറ്റേ പഴയ തേപ്പ് കാമുകിയെ നീ കണ്ടുപിടിച്ചത് എന്റെ അഭിപ്രായം ചോദിച്ചിട്ടല്ലല്ലോ..ഒരു കാര്യം കൂടെ ഞാൻ പറഞ്ഞേക്കാം.ഇനിയും ആ പെൺകൊച്ചിനെ കരയിക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ എന്റെ സ്വഭാവം മാറും..”
ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവളെഴുന്നേറ്റ് നടന്നു.
ഇങ്ങനെയെങ്കിലും അവന്റെ കുടുംബജീവിതം ഒന്ന് നന്നായി കണ്ടാൽ മതി എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്.
പിറ്റേന്ന് അവൾ ഓഫീസിലിരിക്കുമ്പോൾ ആണ് മിനി അവളെ വിളിക്കുന്നത്. ഫോണെടുത്ത് ഉടനെ കേട്ടത് മിനിയുടെ കരച്ചിലാണ്. അതോടെ അവനെ കൊല്ലാൻ ഉള്ള ദേഷ്യമാണ് അവൾക്ക് തോന്നിയത്.
അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയതിനു ശേഷം കാര്യമന്വേഷിച്ചപ്പോഴാണ് അവൾ പറയുന്നത്.
” ചേച്ചി ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷം ആർക്കാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ എനിക്ക് ആയിരിക്കും.
എന്റെ ഏട്ടൻ എന്റെ ഇഷ്ടം തിരിച്ചറിഞ്ഞു. ഇന്നലെ എന്നോട് ഒരുപാട് സംസാരിച്ചു. പറ്റിപ്പോയ തെറ്റുകൾക്കൊക്കെ മാപ്പ് പറഞ്ഞു.ഇനി ഒരുമിച്ച് സന്തോഷമായിട്ട് ജീവിക്കാമെന്ന് എനിക്ക് വാക്ക് തന്നു.. ”
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു പെൺകുട്ടിയുടെ ജീവിതമാണല്ലോ തിരികെ കിട്ടിയത്..!!
ആശ്വാസത്തോടെ അവൾ തന്റെ ജോലികളിലേക്ക് തിരിഞ്ഞു.