(രചന: ശ്രേയ)
“ഈ തള്ളയെ കൊണ്ട് മനുഷ്യൻ തോറ്റു.. എപ്പോഴും അവർക്ക് എന്തെങ്കിലും തിന്നുകൊണ്ടിരുന്നില്ലെങ്കിൽ സമാധാനമില്ല..
ഇതിനൊക്കെ പണം ചെലവാക്കുന്നത് എന്റെ ഭർത്താവാണ് എന്നൊരു ചിന്ത പോലും ഈ തള്ളക്ക് ഇല്ലാതെ പോകുന്നുണ്ടല്ലോ.. ഞാനും എന്റെ മക്കളും അനുഭവിക്കേണ്ടതാണ് ഈ തള്ള തിന്നു തീർക്കുന്നത്..”
ദേഷ്യത്തോടെ മരുമകൾ മായ അടുക്കളയിൽ നിന്ന് പറയുന്നത് ഉമ്മറത്തിരുന്നു കൊണ്ട് തന്നെ അമ്മിണി അമ്മ കേൾക്കുന്നുണ്ടായിരുന്നു.
ഒക്കെയും കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
സമയം ഉച്ചയായി. നേരം വെളുത്ത് ഈ സമയത്തിനിടയ്ക്ക് ഒരു തുള്ളി വെള്ളം പോലും തനിക്ക് കുടിക്കാൻ കഴിഞ്ഞിട്ടില്ല. വിശപ്പ് സഹിക്കാൻ വയ്യാതായത് ആയതോടെയാണ് രാവിലത്തെ ആഹാരത്തിന്റെ ബാക്കിയിരുന്നത് കഴിക്കാൻ എടുത്തത്.
ചോറ് കഴിക്കാനുള്ള സമയമാണ്. പക്ഷേ അവൾ ചോറ് കഴിക്കാതെ താനെങ്ങാനും ചോറ് കോരി കഴിച്ചാൽ പിന്നെ അതുമതി ഇന്നത്തെ ഇവിടുത്തെ ബഹളത്തിന്..
അതിനെക്കാൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് എന്ന് തോന്നിയതു കൊണ്ടാണ് രാവിലത്തെ ആഹാരം എടുത്തത്.
അതിനാണ് അവളിപ്പോൾ ഇങ്ങനെ ബഹളം വയ്ക്കുന്നത്..!
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും, തന്റെ അവസ്ഥ മറ്റാരും അറിയരുത് എന്നൊരു ആഗ്രഹം അവർക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ കണ്ണുകൾ വ്യഗ്രതയോടെ ചുറ്റുപാടും പാഞ്ഞു നടന്നു. അയലത്തുള്ളവർ ആരും ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ ഒരു ആശ്വാസത്തോടെ അവർ അകത്തേക്ക് നടന്നു.
എടുത്തുവെച്ച ആഹാരം കഴിച്ചു പൂർത്തിയാക്കാൻ പോലും കഴിയാതെ അവർ അത് കോഴിക്കു മുന്നിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് പാത്രം കഴുകി വച്ചു.
രാവിലെ മുതലുള്ള പണിയുടെ ക്ഷീണം കൊണ്ട് ഇത്തിരി നേരം വിശ്രമിക്കാം എന്ന് കരുതി മുറിയിലേക്ക് നടക്കുന്നതിന് മുൻപ് തന്നെ മരുമകൾ പിന്നിൽ നിന്ന് വിളിച്ചു കഴിഞ്ഞു.
” എങ്ങോട്ടാ..? തീറ്റയും കൂടിയും മാത്രം പോരല്ലോ.. എനിക്കും ആഹാരം കഴിക്കണം.. ഒരു ഓംലെറ്റ് ഉണ്ടാക്കി തന്നെ..”
അവൾ ഒരു ആജ്ഞാ സ്വരത്തിൽ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ രാവിലെ മുതൽ ഇത്രയും നേരം താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആഹാരങ്ങളിലേക്കാണ് ചെന്ന് നിന്നത്. മീൻ ഉൾപ്പെടെ ഉള്ളവ ഉണ്ടാക്കി വച്ചിട്ടുണ്ട്.
എന്നിട്ടും ഇപ്പോൾ ഓംലെറ്റ് വേണമെന്ന് പറയുന്നത് അത് കഴിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല.. പകരം തന്നെക്കൊണ്ട് പണിയെടുപ്പിക്കാൻ ആണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ആ വൃദ്ധജന്മത്തിന് ഉണ്ടായിരുന്നു.
അവളോട് തർക്കിക്കാൻ നിൽക്കാതെ അവർ വേഗം തന്നെ ഒരു മുട്ട ഓംലെറ്റ് ഉണ്ടാക്കി കൊടുത്തു. ചോറും എടുത്തു അവൾക്ക് ടൈംടേബിൾ കൊണ്ടുവന്നു വച്ചതിനു ശേഷം ആണ് അവൾ കൈകഴുകി വന്നിരുന്നത്.
ആഹാരം കഴിച്ചു കഴിഞ്ഞു അവളുടെ പാത്രവും കഴുകി വെക്കേണ്ടത് തന്റെ കടമയാണ്.താൻ അത് ചെയ്യാൻ വൈകിയാൽ അതിന്റെ പേരിലായിരിക്കും ഇന്നത്തെ ഭൂകമ്പം..
അതോർത്തപ്പോൾ ക്ഷീണം കാരണം കിടക്കണം എന്നുണ്ടായിരുന്ന അവരുടെ തീരുമാനം അവർ മാറ്റി വച്ചു.
അവൾ കഴിച്ചു കഴിയാൻ വേണ്ടിയാണ് അവർ കാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം അവൾ ഫോണിൽ നോക്കി വളരെ പതിയെയാണ് ആഹാരം കഴിച്ചിരുന്നത്.
എത്രത്തോളം അവരെ ബുദ്ധിമുട്ടിക്കാൻ പറ്റുമോ അത്രത്തോളം ചെയ്യണം എന്നൊരു ചിന്ത അവൾക്കുള്ളിൽ ഉണ്ടായിരുന്നു.
അവൾ ആഹാരം കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് പോയപ്പോൾ അവൾ കഴിച്ച പാത്രവും കഴുകിവെച്ച് ഡൈനിങ് ടേബിളും തുടച്ചു വൃത്തിയാക്കിയതിനു ശേഷം ആണ് അമ്മിണി അമ്മയ്ക്ക് ഇത്തിരി നേരം വിശ്രമിക്കാൻ കഴിഞ്ഞത്.
വൈകിട്ട് കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോൾ അവർക്കുള്ള ചായയും പലഹാരവും ഒക്കെ ഉണ്ടാക്കേണ്ടത് അമ്മിണിയമ്മയുടെ കടമയായിരുന്നു. അതൊക്കെയും അവർ യാതൊരു പരാതികളും ഇല്ലാതെ ചെയ്തുതീർത്തു.
എന്നിട്ടും വൈകുന്നേരം മകൻ ജോലി കഴിഞ്ഞു വന്നപ്പോൾ മരുമകളുടെ വക അവരെക്കുറിച്ച് പറയാൻ ഒരു നൂറു കുറ്റങ്ങൾ ഉണ്ടായിരുന്നു..!
“നിങ്ങളുടെ അമ്മയ്ക്ക് മിനിറ്റ് വെച്ച് ആഹാരം കഴിക്കണം.. ഉച്ചയ്ക്ക് ഇവിടെ ആഹാരം ഉണ്ടാക്കി വെച്ചിട്ട് ഞാൻ കഴിച്ചോ എന്ന് പോലും ചോദിക്കാതെ ഒറ്റയ്ക്ക് എടുത്തുകൊണ്ട് വെച്ച് കഴിക്കുന്നത് കണ്ടു.
എന്നിട്ട് വല്ലതും ചോദിക്കുകയോ പറയുകയോ ചെയ്താൽ ഞാൻ എന്തോ അപരാധം പറഞ്ഞു എന്ന മട്ടിൽ ആ എടുത്ത സാധനം കൊണ്ടു വന്നു കോഴിക്ക് കൊടുക്കുന്നത് കാണാം.
ഇങ്ങനെ അനാവശ്യമായി എടുത്ത് ചെലവാക്കുന്നത് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാണ് എന്ന വിചാരം ഒന്നും അവർക്കില്ല.അത് പറഞ്ഞാൽ ഒട്ടും മനസ്സിലാവുകയുമില്ല..”
മരുമകൾ ദേഷ്യത്തോടെ പറയുന്നത് അവർ കേൾക്കുന്നുണ്ടായിരുന്നു.മകൻ മൗനം പാലിക്കുന്നതും അവർ അറിഞ്ഞു.
കണ്ണുനീർ ചാലിട്ട് ഒഴുകുന്നുണ്ടെങ്കിലും പ്രതികരിക്കാതെ അവർ മുറിയിൽ തന്നെ ഇരുന്നു. പുറത്തെ സമയം കഴിഞ്ഞപ്പോൾ അവരെ അന്വേഷിച്ച് മകൻ മുറിയിലേക്ക് വന്നു.
“ഇന്ന് ഇവിടെ നല്ല മേളമായിരുന്നു അല്ലേ..?”
അവൻ ചോദിച്ചപ്പോൾ അവർ അവനെ നോക്കി.നിറഞ്ഞിരിക്കുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ അവന് വല്ലാത്ത വേദന തോന്നി.
അച്ഛൻ ഉണ്ടായിരുന്ന സമയത്ത് ഒരു രാജകുമാരിയെ പോലെ നോക്കിയതാണ്.
അച്ഛന്റെ മരണശേഷം തന്നെ വളർത്താനും പഠിപ്പിക്കാനും വേണ്ടിയാണ് അമ്മ ജോലിക്ക് പോയി തുടങ്ങിയത്. അന്നുമുതൽ അമ്മയ്ക്ക് കഷ്ടപ്പാട് ആയിരുന്നു.
സ്വന്തമായി ഒരു തുണി വേണമെന്നു പോലും അമ്മ ആഗ്രഹിച്ചതായി തനിക്കറിയില്ല.
അമ്മയ്ക്ക് വേണ്ടി ചെലവാക്കിയാൽ തനിക്ക് തരുന്നതിൽ കുറവുണ്ടാകും എന്ന് പേടിച്ച് സ്വന്തമായി ഒന്നും വാങ്ങുകയോ സ്വന്തം ഇഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുകയോ ഇല്ല.
അമ്മയുടെ ആ സ്വഭാവം അറിഞ്ഞ നാൾ മുതൽ തീരുമാനിച്ചതാണ് സ്വന്തമായി ജോലി കിട്ടി വരുമാനമായി കഴിയുമ്പോൾ അമ്മയ്ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുക്കണമെന്നും അമ്മയുടെ ഇഷ്ടത്തിന് ഓരോ ഇടങ്ങളെ കാണിക്കാൻ കൊണ്ടുപോകണം എന്നൊക്കെ.
തന്റെ കല്യാണത്തിന് മുൻപ് അതൊക്കെയും നടന്നിരുന്നു.. പക്ഷേ അതിനുശേഷം..!
അവൾ എന്തെങ്കിലും പറയുമ്പോൾ അവളോട് തിരികെ മറുപടി പറയാൻ നിന്നാൽ പിന്നെ ഭീഷണിയും കരച്ചിലും ഒക്കെയായി ആകെ ബഹളമാണ്.കുട്ടികളും കൂടി ആയിക്കഴിഞ്ഞതോടെ അവളെ ഒഴിവാക്കാൻ കൂടി വയ്യ എന്നൊരു അവസ്ഥയിലാണ് കാര്യങ്ങൾ.
താൻ അവളോട് എന്തെങ്കിലും എതിർത്തു പറയാൻ ചെന്നാൽ പിന്നെ അതിന്റെ ദേഷ്യം മുഴുവൻ അവൾ കാണിക്കുന്നത് അമ്മയുടെ അടുത്തായിരിക്കും.
“ഞാൻ അമ്മയോട് ഒരു കാര്യം പറഞ്ഞാൽ അത് ഒരിക്കലും തെറ്റിദ്ധരിക്കരുത്..
ഈ വീട്ടിൽ ഒരു കാലത്തും മനസ്സമാധാനം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അമ്മ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് കാണാൻ എന്നെക്കൊണ്ട് പറ്റുന്നതുമില്ല.
അവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വിടാം എന്ന് പറഞ്ഞാൽ അമ്മ അതിനും സമ്മതിക്കില്ല. അവൾക്ക് പന്ത് തട്ടാൻ അമ്മയെ ഇനിയും വിട്ടുകൊടുക്കാൻ എനിക്ക് പറ്റില്ല..”
അമ്മയോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്ന് ഓർത്ത് അവനെ ഒരു വൈഷമ്യമുണ്ടായിരുന്നു.
“അമ്മയെ ഞാൻ സ്നേഹതീരത്ത് കൊണ്ടാക്കട്ടെ..? വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ വിഷമം ഉണ്ടാകുമെന്ന് മാത്രമേയുള്ളൂ.
അല്ലാതെ അമ്മയെ കൊണ്ട് ആരും അവിടെ ഇങ്ങനെ പണിയെടുപ്പിക്കില്ല. ആഹാരം കഴിക്കുന്നതിന്റെ കണക്കു പറയില്ല. ദേഹോപദ്രവം ഏൽപ്പിക്കുകയുമില്ല..”
അവൻ പറഞ്ഞത് കേട്ട് അവർക്ക് ആകെ വിഷമം തോന്നിയെങ്കിലും തരത്തിൽ ആലോചിക്കുമ്പോൾ അതാണ് നല്ലത് എന്ന് അവർക്കും തോന്നുന്നുണ്ടായിരുന്നു.
അങ്ങനെയാണ് അമ്മയെ സ്നേഹതീരത്ത് എത്തിക്കാനുള്ള തീരുമാനം അവൻ എടുക്കുന്നത്. ആ തീരുമാനം കേട്ടപ്പോൾ അവന്റെ ഭാര്യക്ക് സന്തോഷം തോന്നാതിരുന്നില്ല.
“രക്ഷപ്പെട്ടു.. ഞാൻ എങ്ങനെ നിങ്ങളോട് ഈ കാര്യം അവതരിപ്പിക്കും എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. അല്ലെങ്കിലും അവരിവിടെ നിൽക്കുന്നതിനോട് എനിക്ക് വലിയ താല്പര്യമൊന്നുമില്ല..”
അവളുടെ പ്രതികരണം കേട്ടപ്പോൾ അവന് വല്ലാതെ വേദന തോന്നിയെങ്കിലും ഇനി അവളുടെ മുന്നിൽ അമ്മയെ വിട്ടുകൊടുക്കുന്നതിലും ഭേദം സ്നേഹതീരം തന്നെയാണ് എന്ന് അവനു തോന്നി.
അമ്മയെ സ്നേഹതീരത്ത് കൊണ്ടാക്കി മടങ്ങുമ്പോൾ അവനും അമ്മയ്ക്കും ഒരുപോലെ വേദനിക്കുന്നുണ്ടായിരുന്നു.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ തനിക്കുവേണ്ടി ചെലവഴിച്ച അമ്മയുടെ അവസാനകാലത്ത് അമ്മയ്ക്ക് തുണയാവാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നൊരു ചിന്ത അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..!
പക്ഷേ ഓരോ ദിവസവും വൈകുന്നേരം ജോലികഴിഞ്ഞ് സ്നേഹതീരത്ത് എത്തി അമ്മയെ കണ്ടതിനു ശേഷം മാത്രമേ അവൻ വീട്ടിലേക്ക് മടങ്ങിയിരുന്നുള്ളൂ. എല്ലാ ആഴ്ചകളുടെയും അവസാനം കുട്ടികളുമായി അവൻ സ്നേഹതീരത്തേക്ക് വരും.
മകനോടും കൊച്ചുമക്കളോടും ഒപ്പം ചെലവഴിക്കാൻ കിട്ടുന്ന അവസരം അവർ നല്ല രീതിയിൽ തന്നെ വിനിയോഗിക്കുകയും ചെയ്യും.
വീട്ടിൽ നിന്നും മാറിയതിനുശേഷം അമ്മയുടെ മുഖത്ത് ഒരു പ്രസരിപ്പും സന്തോഷവും ഒക്കെ കാണാനുണ്ട് എന്ന് അവൻ ഓർക്കാറുണ്ട്.
പഴയതിനേക്കാൾ സന്തോഷത്തിൽ അവരുടെ ജീവിതം മുന്നോട്ടു പോയി..!
ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള മാറി താമസം കുടുംബത്തിന്റെ ഐക്യത്തിന് കാരണമാകും..!!