വേലക്കാരി
രചന: ശ്യാം കല്ലുകുഴിയില്‍
” ചേട്ടാ ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസിന്ഇടയിൽ ഉള്ള സ്ത്രീ മതിട്ടൊ… ”
” ആ എനിക്ക് അറിയാം, കഴിഞ്ഞ തവണയും അങ്ങനത്തെ ഒന്നിനെ ആണല്ലോ കൊണ്ട് വന്നത് എന്നിട്ട് എന്തായി… ”
” അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല… ”
” ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു.. ന്തായാലും ഞാൻ നോക്കട്ടെ… ”
അത് പറഞ്ഞ് ഗോപാലേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു, പൈസയ്ക്ക് ആണ് ആ ചിരി എന്ന് അറിയാവുന്നത് കൊണ്ട് ഗിരി പോക്കറ്റിൽ നിന്ന് പൈസ എടുത്ത് ഗോപാലേട്ടന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു…
” ചേട്ടാ ഒരുപാട് വൈകിപ്പിക്കാതെ തന്നെ ആളിനെ ഒപ്പിക്കണേ … ”
ഗോപാലേട്ടൻ തലയാട്ടി വിനയപൂർവ്വം നിന്നപ്പോൾ ഗിരി തിരികെ വീട്ടിലേക്ക് പോയി.. അന്ന് വൈകുന്നേരം തന്നെ ഗോപാലേട്ടൻ പുതിയ വേലക്കാരി നാളെ വരുമെന്ന് പറഞ്ഞപ്പോൾ ഗിരിക്ക് സന്തോഷമായി…
ഗിരിയുടെ മനസ്സിൽ വേലക്കാരി എന്നാൽ ചില സിനിമകളിൽ പ്രേക്ഷകർക്ക് കണ്ണിന് ആനന്ദം പകരാൻ ഇടയ്ക്ക് വന്ന് പോകുന്ന ചേച്ചിമാരെ പോലെയാണ്. അത് കൊണ്ട് തന്നെ ഒരുപാട് പേര് വന്നെങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവിടെ നിൽക്കാറില്ല അതാണ് പതിവ്…
അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും ഒരുപാട് നേരം കിടന്നിട്ടും ഗിരിക്ക് ഉറക്കം വന്നില്ല.പിറ്റേന്ന് രാവിലെ നേരത്തെ ഗിരി എഴുന്നേറ്റു. സിറ്റ് ഔട്ടിൽ ഇറങ്ങി വഴിയിലേക്ക് നോക്കി ഇരുപ്പ് തുടങ്ങി, കയ്യിൽ ഒരു പത്രം ഉണ്ടെങ്കിലും ഗിരിയുടെ മനസ്സ് നിറയെ വരാൻ പോകുന്ന വേലക്കാരിയെ കുറിച്ചായിരുന്നു…
ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഗിരി പത്രത്തിൽ നിന്ന് കണ്ണെടുത്ത് തല അൽപ്പം ഉയർത്തി നോക്കി, ഒരു സ്ത്രീ കടന്ന് വരുന്നത് കണ്ടപ്പോൾ ഗിരി വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ട് ഇരുന്നു..
” സാർ…. ”
ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോൾ അൽപ്പം ഗൗരവത്തോടെ ആരാ എന്ന ഭാവത്തിൽ ഗിരി തല ഉയർത്തി നോക്കി..
” ഗോപാലേട്ടൻ പറഞ്ഞിട്ട് വന്നതാണ്… ”
ആ സ്ത്രീ സൗമ്യമായി പറഞ്ഞു…
” ആ എന്നെ വിളിച്ചിരുന്നു, ഞാൻ കുറച്ചു കൂടെ പ്രായം ഉള്ള സ്ത്രീയെ ആണ് ഉദ്ദേശിച്ചത്… ”
ഗിരി ഗൗരവത്തോടെ പറയുമ്പോഴും മനസ്സ് കൊണ്ട് ഗോപാലെട്ടനോട് നന്ദി പറയുകയായിരുന്നു…
” എന്താ പേര്…. ”
ഗൗരവം വിടാതെ വീണ്ടും ഗിരി ചോദിച്ചു…
” മാലിനി… ”
” ആ ശമ്പളത്തിന്റെ കാര്യമൊക്കെ ഗോപാലേട്ടൻ പറഞ്ഞല്ലോ ല്ലേ… ”
മാലിനി തലയാട്ടി…
” എന്നാൽ അകത്തേക്ക് പൊയ്ക്കോളൂ… ”
മാലിനി വീണ്ടും തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. മാലിനി പോകുന്നതും നോക്കി ഗിരി കസേരയിൽ ഇരുന്നു… അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി എങ്കിലും അത് പുറത്ത് കാണിക്കാതെ അൽപ്പം ഗൗരവത്തോടെ ഇരുന്നു. ആദ്യമേ തനി സ്വഭാവം കാണിച്ചാൽ അവർ ഇന്ന് തന്നെ നിർത്തി പോകുമെന്ന് അവനറിയാം, ഇതുവരെ എല്ലാം അങ്ങനെ ആണ് പോയതും…
അന്ന് മാലിനി ഉണ്ടാക്കി കൊടുത്ത ഭക്ഷണങ്ങൾക്ക് പ്രത്യേക രുചി ഉള്ളതായി ഗിരിക്ക് തോന്നി. രാത്രിയിലേക്കുള്ള അത്താഴം ഒരുക്കി വച്ച് വൈകുന്നേരം തന്നെ മാലിനി വീട്ടിലേക്ക് പോയി… ആദ്യ ദിവസങ്ങളിൽ മാലിനിയോട് ഗിരി ഒരുപാട് അടുത്തില്ലെങ്കിലും പയ്യ പയ്യെ മാലിനി അടുക്കളയിൽ ജോലി എടുക്കുമ്പോൾ ന്തേലും സംസാരിച്ച് ഗിരിയും ചെന്ന് തുടങ്ങി, മാലിനിയുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഒന്നും ഇല്ലാത്തത് ഗിരിക്ക് കുറച്ച് ധൈര്യം നൽകി…
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി തുടങ്ങിയ മഴ പകലും നിർത്തതെ തുടർന്നു കൊണ്ട് ഇരിക്കുകയായിരുന്നു. പതിവുപോലെ മാലിനി അടുക്കളയിൽ ജോലി തിരക്കിലും, ഗിരി പയ്യെ അടുക്കളയിലേക്ക് ചെന്നു, മാലിനിയെ തൊട്ടുരുമി കൊണ്ട് ഓരോന്ന് എടുക്കുകയും സംസാരിക്കുകയും ചെയ്തു, ആദ്യം അവളിൽ നിന്ന് എതിർപ്പ് ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ ഗിരി വീണ്ടും ആവർത്തിച്ചു…
പെട്ടെന്ന് കയ്യിൽ ഇരുന്ന കത്തിയും തന്റെ നേർക്ക് പിടിച്ചു കൊണ്ട് മാലിനി തിരിഞ്ഞപ്പോൾ ഗിരി പേടിച്ച് രണ്ട് ചുവട് പിന്നിലേക്ക് മാറി നിന്നു….
” ടോ… തന്റെ പൈസയുടെ കൊഴുപ്പ് എന്നോട് കാണിക്കല്ലേ, തന്റെ കിന്നാരത്തിന് സമ്മതം തരുന്ന പല പെണ്ണുങ്ങളും കാണും അതുപോലെ താൻ എന്നെ കാണരുത്,, പറഞ്ഞേക്കാം…. ”
മാലിനിയുടെ പൊട്ടിത്തെറിചുള്ള സംസാരം കേട്ടപ്പോൾ ഗിരി അൽപ്പം ഭയന്നു…
” ജീവിതത്തിൽ ഒരുപാട് വേഷം കെട്ടിയവൾ ആണ് ഞാൻ, വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ് ഇപ്പോൾ ഈ ജോലിക്ക് ഇറങ്ങിയത്,, ഇനിയും ഓരോന്ന് പറഞ്ഞ് ഒലിപ്പിച്ചോണ്ട് വന്നാൽ ഉണ്ടല്ലോ ഈ കത്തി ഞാൻ നെഞ്ചത്ത് കയറ്റും പറഞ്ഞേക്കാം… ”
മാലിനി ഗിരിയുടെ നേർക്ക് കത്തി ചൂണ്ടി പറഞ്ഞപ്പോൾ ഗിരി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…
” അതെ, ഇനി ഇതിന്റെ പേരിൽ എന്നെ പറഞ്ഞു വിടാൻ നിൽക്കുക ആണേൽ ഞാൻ പീഡനകുറ്റത്തിന് കേസ് കൊടുക്കും പറഞ്ഞേക്കാം… ”
ഗിരി തിരിഞ്ഞു നടന്നപ്പോൾ മാലിനി അൽപ്പം ഉച്ചത്തിൽ ആണ് പറഞ്ഞത്. അന്ന് ആ സംഭവത്തിന് ശേഷം ഗിരി പിന്നേ മാലിനിയുടെ മുന്നിലേക്ക് വന്നില്ല…
മാലിനി വൈകുന്നേരം പോകാൻ ഇറങ്ങുമ്പോൾ ഗിരി സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു..
” സാർ,,, ഞാൻ ഇറങ്ങുകയാ… ”
മാലിനി യാത്ര പറഞ്ഞിറങ്ങി, മുറ്റത്തേക്ക് ഇറങ്ങിയിട്ട് തിരിഞ്ഞു നോക്കുമ്പോൾ ഗിരി തല കുമ്പിട്ട് ഇരിക്കുകയാണ്. മാലിനി വീണ്ടും തിരികെ ഗിരിയുടെ അരികിലേക്ക് ചെന്നു…
” അതെ സാറെ, നിങ്ങൾ ആണുങ്ങളെ പോലെ അല്ല സ്ത്രീകൾക്ക് ഏറ്റവും വിലപ്പെട്ടത് അവളുടെ മാനം ആണ്, അത് വല്ലവന്റെയും മുന്നിൽ അടിയറവ് വെച്ചിട്ട് പിന്നേ ജീവിച്ചിരുന്നിട്ട് എന്താ കാര്യം….. ”
മാലിനി അത് പറയുമ്പോഴും ഗിരി അവളുടെ മുഖത്ത് നോക്കാതെ ഇരിക്കുക ആയിരുന്നു…
” ഒരുപാട് സ്ഥലത്ത് ജോലിക്ക് പോയി, എല്ലായിടത്തും ആണുങ്ങളുടെ വിചാരം പെണ്ണുങ്ങൾ എന്നാൽ അവരെ സുഖിപ്പിക്കാൻ ഉള്ള ഏതോ സാധനം ആണെന്നാണ്, അത് കൊണ്ട് തന്നെ ഒന്നും ഒരുപാട് കാലം നീണ്ടു നിന്നില്ല,, എനിക്കും ഉണ്ട് സാറെ ഒരു കുടുംബം, എന്നെയും കാത്ത് ഇരിക്കുന്ന ഭർത്താവും മോളും ഉണ്ട്. ഒരു വർഷം മുൻപേ പുള്ളി കിടപ്പിലാകുന്നത് വരെ ഞങ്ങളെ പൊന്നുപോലെ ആണ് നോക്കിയിരുന്നത്, ഇന്നിപ്പോൾ കിടപ്പിലായി എന്ന് കരുതി അദ്ദേഹത്തേ കളഞ്ഞിട്ട് പോകാൻ പറ്റുമോ…. ”
മാലിനി അത് പറയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി…
” എന്തായാലും സാർ കരുതുന്നപോലൊരു പെണ്ണല്ല ഞാൻ.. ഗോപാലേട്ടനോട് പറഞ്ഞ് നാളെതന്നെ വേറെ ഒരാളെ നോക്കിക്കോ… ”
സാരിതുമ്പ് കൊണ്ട് കണ്ണുനീർ തുടച്ച് മാലിനി മുന്നോട്ട് നടന്നു…
” അതേ, സോറി,, ഇനി എന്റെ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാകില്ല, ഇതിന്റെ പേരിൽ ഇനി വരാതെ ഇരിക്കരുത്…. ”
ഗിരി അത് പറയുമ്പോഴേക്കും മാലിനി ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി, വീട്ടിലേക്ക് നടന്നു കഴിഞ്ഞിരുന്നു ….
✍️ശ്യാം….