രചന: ശ്യാം കല്ലുകുഴിയില്‍
എന്റെ സങ്കൽപ്പങ്ങളിലെ പെണ്ണായിരുന്നില്ല ഹേമ. അമ്മമരിച്ചു കഴിഞ്ഞ് ഞാനും അച്ഛനും തനിച്ച് ആയപ്പോൾ ആണ് ഒരു കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ..
ഒരുപാട് സ്ഥലത്തു പോയ് പെണ്ണ് കണ്ടു, പലതും ഇഷ്ടം ആയെങ്കിലും അച്ഛനെയും മോനെയും നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ് എല്ലാം ഒഴിഞ്ഞു പോയി. ബ്രോക്കറുടെ നിർബന്ധം കാരണമാണ് ഹേമയെ കാണാൻ പോയത്, അപ്പോഴും ഈ കല്യാണം നടക്കുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു..
കെട്ടുന്ന പെണ്ണിനേയും വീട്ടുകാരെയും അച്ഛനും കൂടി ഇഷ്ട്ടമാകണം എന്ന നിർബന്ധം ഉള്ളത് കൊണ്ട് അച്ഛനെയും കൊണ്ടാണ് ഹേമയെ കാണാൻ പോയത്.. അവിടെയും ഹേമയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹേമയുടെ മൂത്ത ചേച്ചിയെ വിവാഹം കഴിച്ചു വിട്ടിരുന്നു..
രണ്ട് വീട്ടുകാരും വിവാഹത്തോട് താല്പര്യം കാണിച്ചപ്പോൾ ഞാനും സമ്മതം മൂളി.. വളരെ ലളിതമായ ചടങ്ങിൽ വളരെ പെട്ടെന്ന് തന്നെ വിവാഹം നടന്നു. ഈ വിവാഹത്തിന് മനസ്സിൽ ആദ്യമേ താല്പര്യം ഇല്ലാത്തത് കൊണ്ടാകാം അവളിലേക്ക് അടുക്കാതെ മനസ്സ് വിട്ടു നിന്നു, എങ്കിലും പരാതികൾ ഒന്നും ഇല്ലാതെ അവൾ വീട്ടിൽ സന്തോഷത്തോടെ നിന്നു, എന്റെയും അച്ഛന്റെയും എല്ലാ കാര്യങ്ങളും ഒരു കുറവും ഇല്ലാതെ അവൾ ചെയ്തു കൊണ്ടിരുന്നു..
ഒരു ശനിയാഴ്ച ചെറിയ തലവേദന കാരണം ഉച്ചകഴിഞ്ഞ് ലീവ് ആക്കി വീട്ടിലേക്ക് വന്നു. വീട്ടിൽ വരുമ്പോൾ മുൻ വശത്തെ വാതിൽ അടഞ്ഞു കിടക്കുകയാണ്, വീടിന് ചുറ്റും നോക്കി ആരെയും കാണാൻ ഇല്ല അപ്പോൾ ആണ് പറമ്പിൽ നിന്ന് അച്ഛന്റെയും ഹേമയുടെയും ശബ്ദം കേൾക്കുന്നത്. ഞാൻ ശബ്ദം കെട്ടിടതേക്ക് നോക്കി അച്ഛൻ പറമ്പിൽ കിളയലും എന്തൊക്കെ നടലും ആണ്, സഹായിയായി ഹേമയും ഉണ്ട്, രണ്ടാളുടേയും കയ്യും കാലും നിറയെ മണ്ണ് ആണ്..
അച്ഛൻ പൊതുവെ സംസാരം കുറവാണ്, അമ്മ മരിച്ചു കഴിഞ്ഞ ശേഷം അച്ഛൻ ഒന്ന് ചിരിച്ചു പോലും കണ്ടിട്ടില്ല.. ഇന്നിപ്പോൾ അച്ഛനും ഹേമയും തമ്മിലുള്ള സംസാരവും ചിരിയും ഒക്കെ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നി. അൽപ്പം നേരം ഞാൻ ഒന്നും മിണ്ടാതെ അതും നോക്കി നിന്നുപോയി…
” ചേട്ടൻ ന്താ ഇന്ന് നേരത്തെ.. ”
ഹേമയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്..
” ഏയ് ഒന്നുമില്ല ഇന്ന് ഹാഫ് ഡേ ലീവ് ആക്കി… ”
ഞാൻ ഒരു ചിരി വരുത്തി പറഞ്ഞു..
” ചേട്ടൻ കഴിച്ചോ.. ”
ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് ഹേമ ചോദിച്ചു..
” ഇല്ല കൊണ്ട് പോയ ചോറ് തിരികെ കൊണ്ട് വന്നു… ”
” ന്നാൽ നമുക്ക് ഒരുമിച്ച് കഴിക്കാം… അച്ഛനും വാ ഇനി കഴിച്ചിട്ട് ചെയ്യാം… ”
അത് പറഞ്ഞ് അച്ഛന്റെ കയ്യിൽ ഇരുന്ന തൂമ്പ വാങ്ങി വച്ച് അവൾ പറമ്പിൽ നിന്ന് കയറിവന്നു. പുറത്തെ പൈപ്പിൻ ചുവട്ടിൽ കയ്യും കാലും മുഖവും കഴുകി അടുക്കളയിലേക്ക് പോയി. ഞാൻ മുറിയിൽ കയറി ഡ്രസ്സ് മാറി അടുക്കളയിൽ ചെന്നപ്പോൾ അവൾ രണ്ട് പ്ളേറ്റിലേക്ക് ആയി ചോറ് വിളമ്പുകയായിരുന്നു.. വിയർപ്പ് തുള്ളികൾ പറ്റിയിരിക്കുന്നു അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ഞാൻ നിന്നപ്പോൾ അവളും അനങ്ങാതെ എന്നെ ചേർന്ന് നിന്നു…
” മോളേ എനിക്ക് ചോറ് കുറച്ചു മതി കേട്ടോ…. ”
അച്ഛൻ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ പെട്ടെന്ന് ഹേമ എന്നിൽ നിന്ന് മാറി നിന്നു. എന്നിട്ടവൾ എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു, ഞാനും അവൾക്ക് ആദ്യമായി മനസ്സ് തുറന്നൊരു ചിരി സമ്മാനിച്ചു..
എനിക്കും അച്ഛനും ചോറ് നൽകി, ഞാൻ കൊണ്ട് പോയ ചോറ് അവളും കഴിച്ചു. എന്നും വേഗം കഴിച്ച് എഴുന്നേൽക്കുന്ന ഞാൻ പതിവില്ലാതെ പയ്യെ കഴിച്ചു. ഇടയ്ക്ക് ഹേമയെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു നാണം ഞാൻ കണ്ടു…
” ബാക്കി പണി ഇനി നാളെ എടുക്കാം മകളെ, ഞാൻ അൽപ്പനേരം കിടക്കട്ടെ… ”
ഭക്ഷണം കഴിച്ച് എഴുന്നേറ്റ അച്ഛൻ ഹേമയോട് അതും പറഞ്ഞു മുറിയിലേക്ക് പോയി. കഴിച്ച പാത്രങ്ങളും എടുത്ത് കൊണ്ട് ഹേമ അടുക്കളയിലേക്ക് നടന്നു. അവളുടെ പുറകെ ഞാനും അടുക്കളയിലേക്ക് ചെന്നു..
പാത്രങ്ങൾ കഴുകികൊണ്ട് നിൽക്കുന്ന അവളെ പിന്നിലൂടെ ചേർത്ത് പിടിച്ച് ഞാൻ നിന്നു, അവളുടെ വിയർപ്പിന്റെ ഗന്ധം ഞാൻ അന്ന് ആദ്യമായി ആസ്വദിച്ചു.
” ശ്ശോ മാറി നില്ല് അച്ഛൻ അപ്പുറത്ത് ഉണ്ട്… ”
അവൾ പരിഭവം കാണിച്ചു കൊണ്ട് പറഞ്ഞു..
” അച്ഛനും ഈ പ്രായം കഴിഞ്ഞല്ലേ വന്നത്, അതല്ലേ പതിവില്ലാതെ പോയി കിടന്നത്.. ”
ഞാൻ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞുകൊണ്ട് അവളെ എന്റെ മുഖത്തിന് അഭിമുഖമായി നിർത്തി, അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു..
” സോറി ഈ മനസ്സറിയാൻ വൈകി പോയതിന്… ”
ഞാൻ മെല്ലെ പറഞ്ഞു..
” എനിക്ക് അറിയാം ഒരു സ്ത്രീ ഇല്ലാത്ത വീടിന്റെ ബുദ്ധിമുട്ട്, പിന്നെ നിങ്ങൾ അച്ഛനും മോനും പാവങ്ങൾ ആണെന്ന് എനിക്ക് കണ്ടപ്പോഴേ തോന്നി… ”
” ഞാൻ അത്ര പാവം ഒന്നുമല്ല…”
അത് പറഞ്ഞ് ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് നിർത്തി..
” നാളെ തന്റെ വീട് വരെ പോയി അച്ഛനെയും കൂട്ടി വരാം. ഇനി ഇടവും വലവും ഓരോ അച്ചന്മാർ ആയിക്കോട്ടെ… ”
ഞാൻ അത് പറയുമ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു നിന്നു. അവളുടെ നെറ്റിയിൽ ഒരു സ്നേഹം ചുംബനം നൽകി ഞാൻ ഒന്നുകൂടെ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി…
✍️ശ്യാം…