ഇതൊക്കെ വെറുതെയിരുന്ന് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നത് കൊണ്ടാണ്. വെറുതെ ആൾക്കാരെ ബുദ്ധിമുട്ടിപ്പിക്കാൻ… “

പ്രതീക്ഷ
(രചന: ശ്യാം കല്ലുകുഴിയില്‍)

” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… ”

കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്.

ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ എടുത്തുകൊണ്ടുവന്ന ആശുപത്രിയിയും, അന്നുണ്ടായിരുന്ന നേഴ്സ് ഇതാണെന്നും ഞാനപ്പോഴേക്കും ഓർത്തെടുത്തിരുന്നു….

” അമ്മയിരുന്ന് കരയാതെ, ഇന്നോ നാളെയോ ഡിസ്ചാർജ് ആയിക്കോളും… ”

നേഴ്സ് അത് പറയുമ്പോഴാണ് കരച്ചിൽ പുറത്തേക്ക് വരാതെയിരിക്കാൻ സാരി തുമ്പ് കടിച്ചുപിടിച്ച് കാൽ ചുവട്ടിൽ ഇരിക്കുന്ന അമ്മയെ കണ്ടത്. അല്ലെങ്കിലും അമ്മയ്ക്ക് ഇപ്പോൾ എല്ലാത്തിനും കണ്ണീർ പൊഴിക്കാനേ അറിയുള്ളു…

” ഇതൊക്കെ വെറുതെയിരുന്ന് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നത് കൊണ്ടാണ്. വെറുതെ ആൾക്കാരെ ബുദ്ധിമുട്ടിപ്പിക്കാൻ… ”

ഉള്ളിലെ ദേഷ്യം മറച്ചു വയ്ക്കാതെ നേഴ്സ് വീണ്ടും പറഞ്ഞുകൊണ്ടിരുന്നു…

” ജീവിതത്തിൽ അത്രയൊക്കെ സൗകര്യമുണ്ടേൽ, ആരേലും മരിക്കാൻ നോക്കുമോ സിസ്റ്ററെ… ”

എന്റെ ചോദ്യത്തിനവർ ദഹിപ്പിക്കുന്ന നോട്ടം നോക്കി നടന്ന് പോകുമ്പോഴും അമ്മയൊന്നും മിണ്ടാതെ കണ്ണീർ ഒഴുക്കി ഇരുന്നതേയുള്ളു….

പിറ്റേന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തുമ്പോൾ പതിവുപോലെ അയൽവക്കാതെ വീടുകളിൽ നിന്ന് പല തലകളും എന്നേ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

ഉമ്മറത്ത് ഇരുന്ന അച്ഛനെ കടന്ന് വീട്ടിലേക്ക് കയറുമ്പോൾ മുൻപ് ഉണ്ടായിരുന്നത് പോലെ ഒരു ദീർഘനിശ്വാസം മാത്രം അച്ഛനിൽ നിന്നുണ്ടായി, അതിന്റെ അർത്ഥങ്ങൾ പലതും ആണെന്ന് എനിക്കിപ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്….

പഠിക്കാൻ കഴിവില്ലാത്തവൻ, സ്ഥിരമായി ജോലിക്ക് പോകാത്തവൻ, കുടുംബത്തിന് ഉപയോഗമില്ലാത്തവൻ, വീട്ടിലേക്കൊന്നും സമ്പാദിച്ചു കൊണ്ട് വരാത്തവൻ,

ഇതൊക്കെ പോരാഞ്ഞ് താൻ കൊടുത്ത ഒരു പാഴ്ജന്മം അങ്ങനെയങ്ങനെ പല പല അർത്ഥങ്ങൾ, ആ ദീർഘനിശ്വാസത്തിന് പിന്നിലുണ്ട്…..

” അപ്പു എവിടെയമ്മേ… ”

ആ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടപ്പോൾ തന്നെ ആളിനെ മനസ്സിലായി, അനു, കളി കൂട്ടുകാരി, കൂടെ പഠിച്ചവൾ. ജീവിതത്തിൽ പലപ്പോഴും ഞാൻ പരാജയത്തിന്റെ പടു കുഴിയിൽ വീഴുമ്പോഴെല്ലാം ഉപദേശവുമായി വരുന്നവൾ,

കല്യാണം കഴിഞ്ഞ് പോയപ്പോൾ പിന്നെ അവളുടെ ഭർത്താവിനോട് താരതമ്യം ചെയ്തായിരുന്നു ഉപദേശങ്ങൾ, ചിലപ്പോഴൊക്കെ വല്ലാത്ത അമർഷം തോന്നാറുണ്ട് അവളോട്….

ഇന്നിനി അവളുടെ ഉപദേശം കൂടി കേൾക്കാൻ വയ്യത്തത് കൊണ്ടാണ് വേഗം ഷർട്ടും മാറ്റി പുറത്തേക് ഇറങ്ങാൻ തുടങ്ങിയത്, എന്നാൽ ഞാൻ റൂമിൽ നിന്ന് ഇറങ്ങും മുന്നേ അവൾ വാതിൽക്കൽ എത്തിയിരുന്നു…

” എന്നെക്കണ്ടാകും അല്ലേടാ പുറത്തേക്ക് പോകുന്നത്… ”

അവൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ ആ മുഖത്ത് പഴയ സന്തോഷവും, പ്രസരിപ്പും ഇല്ലാത്തത് പോലെ തോന്നി…

” ഏയ് ഞാൻ വെറുതെ…. ”

ഞാൻ അലസമായി പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ മുറിയിലേക്ക് കയറിയിരുന്നു….

” എന്തുപറ്റി നിനക്ക് ഒരു ഉന്മേഷം ഇല്ലാത്തത് പോലെ… ”

ഞാൻ ചോദിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ട് എന്നെതന്നെ നോക്കി നിന്നു….

” നിനക്കെങ്ങനെ മനസ്സിലായി…. ”

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…

” എന്തുപറ്റിയടി… വീട്ടിൽ എന്തേലും പ്രശ്നമുണ്ടോ….”

” ഏയ്…. ഞാൻ…. ഞാൻ പലപ്പോഴും നിന്നെ കാരണം അറിയാതെ വെറുതെ ഉപദേശിച്ചിട്ടുണ്ട്, എന്താടാ നിനക്ക് പറ്റിയത് എന്ന് പോലും ചോദിച്ചിട്ടില്ല,

നിന്റെ വിഷമം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല, വെറുതെ ആരോടൊക്കെയോ താരതമ്യം ചെയ്ത് പലപ്പോഴും നിന്നെ കുത്തി നോവിച്ചിട്ടേയുള്ളു….. ”

തല കുമ്പിട്ട് അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

” എന്താടി… എന്താ പ്രശ്നം…. ”

” ഞാൻ പിന്നെ പറയാം…. എന്തായാലും കുറച്ച് ദിവസം ഞാൻ വീട്ടിൽ തന്നെ ഉണ്ടാകും… ഇപ്പോൾ നിന്നെയൊന്ന് കാണണമെന്ന് തോന്നി… പോട്ടെ പിന്നെ കാണാം…. ”

മറുപടിക്കൊന്നും കാത്ത് നിൽക്കാതെ അവൾ അത് പറഞ്ഞ് പോകുമ്പോൾ, അവൾ ഒരിക്കലും ഇങ്ങനെ കരഞ്ഞോ, ഇത്രയും സങ്കടപ്പെട്ടോ ഞാൻ കണ്ടിരുന്നില്ല…

വീടിന്റെ പുറത്ത് ഇറങ്ങുമ്പോൾ നാട്ടുകാരുടെയോടും കൂട്ടുകാരുടെയും കളിയാക്കലും, കുറ്റപ്പെടുത്തലും കേൾക്കാൻ വയ്യാത്തത് കൊണ്ടാണ് പിന്നെയുള്ള ദിവസങ്ങളിൽ ഏറെ നേരവും മുറിയിൽ തന്നെ കഴിച്ച് കൂട്ടിയിരുന്നത്….

” ആ നീ ഈ വീട്ടിൽ തന്നെ അടയിരിക്കുകയാണോ…. ”

ഒരു ദിവസം ഉമ്മറത്ത് ഇരിക്കുമ്പോഴാണ് അനു അതും ചോദിച്ച് കയറി വന്നത്, അവളുടെ കയ്യിൽ തൂങ്ങി മകനും ഉണ്ടായിരുന്നു…

” ആ നീ തിരികെ പോയില്ലയിരുന്നോ… ”

അവളുടെ കയ്യിൽ തൂങ്ങി വരുന്ന മോന്റെ നേർക്ക് കൈകൾ നീട്ടിക്കൊണ്ടാണ് ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ ഉമ്മറത്തേ തിണ്ണയിൽ വന്നിരുന്നു…

” അല്ലടാ അപ്പു നീ എന്തിനാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്…. ”

അവളടെ ചോദ്യം കേൾക്കാത്ത മട്ടിൽ മോനെ മടിയിൽ ഇരുത്തി കളിപ്പിച്ചു കൊണ്ടിരുന്നു. അവൻ പതിയെ മുറ്റത്തെ ഇറങ്ങി കളിക്കുമ്പോഴാണ് ഞാൻ അവളെ നോക്കുന്നത് അപ്പോഴും അവൾ എന്നെ തന്നെ നോക്കിയിരിക്കുയായിരുന്നു…

” ചില സമയത്തൊക്കെ മനസ്സ് കൈ വിട്ടു പോകുമെടി… അങ്ങനെയെപ്പോഴൊ തോന്നിയതാ…. ”

ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് പറഞ്ഞത്…

” അത് ശരിയാ… പക്ഷേ ഇത് രണ്ടാമത്തെ തവണയാണ്… അപ്പൊ നല്ല തല്ല് കിട്ടാഞ്ഞിട്ട് അല്ലാതെന്ത, അതോ വല്ല തേപ്പും ഉണ്ടോ മോനെ…. ”

അവൾ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്…..

” നീ ഈ മുഖത്തേക്ക് നോക്കിയേ, കൈയ്യിൽ അഞ്ചിന്റെ പൈസയും ഇല്ലതെ, ഈ മോന്തയും വച്ച് ചെന്നാ ഏവളെങ്കിലും നമ്മളെ മൈൻഡ് ചെയ്യോ…. ”

അത് പറഞ്ഞ് പൊട്ടി ചിരിച്ചത് ഉള്ളിലെ സങ്കടം പുറത്ത് വരാതെയിരിക്കാൻ തന്നെയാണ്….

” ഞാൻ പറഞ്ഞില്ലേ ആദ്യം ശ്രമിച്ചത്, എന്തോ മനസ്സിൽ അങ്ങനെ അങ്ങ് തോന്നി, എല്ലാം അവസാനിപ്പിക്കാൻ.

കുഞ്ഞുനാളിലെ തുടങ്ങിയതാണ് വീട്ടുകാർ അവളെ കണ്ട് പഠിക്ക് അവളെ കണ്ട് പഠിക്കെന്ന്, എന്റെ ചേച്ചി അവൾ നല്ലപോലെ പഠിക്കുമായിരുന്നു, പക്ഷേ ഞാൻ, നിനക്ക് അറിയാലോ പലപ്പോഴും തട്ടിയും മുട്ടിയുമാണ് ജയിച്ചു പോകുന്നത്.

അവളെ പോലെ തന്നെ എനിക്ക് പഠിക്കാൻ പറ്റണമെന്നില്ലല്ലോ, പക്ഷെ അതൊന്നും വീട്ടുകാർ മനസിലാക്കിയില്ല, വീട്ടുകാർ മാത്രമല്ല പഠിപ്പിച്ചിരുന്ന അധ്യാപകർ പോലും അവളെ കണ്ട് പഠിക്കെന്നാണ് പറഞ്ഞിരുന്നത്….

അവൾ നല്ലപോലെ പഠിച്ചു ജോലി വാങ്ങി, അതുപോലെ നല്ലൊരാളെ കല്യാണവും കഴിച്ചു, പിന്നെ അങ്ങേരെ കണ്ട് പഠിക്കെന്നായി…

പുറത്ത് ഇറങ്ങിയാലും ഒരേ കളിയാക്കൽ ജോലിയായില്ലേ, കല്യാണമായില്ലേ, അവളെ കണ്ട് പഠിക്ക്, നീ അവളുടെ അനിയൻ തന്നെയാണോ അങ്ങനെ കുറെ കുറെ, മടുത്തടൊ…

അതിനിടയിൽ പല ജോലികൾ നോക്കി ഒന്നും അങ്ങോട്ട് ശരിയായില്ല, ഞാൻ മാക്സിമം അഡ്ജസ്റ് ചെയ്യാൻ ശ്രമിച്ചു, എന്നിട്ടും പറ്റുന്നില്ല…. അതൊന്നും ഇവിടെ പറഞ്ഞാൽ ആർക്കും മനസിലാകില്ല.

സ്വന്തം കുടുംബത്തിൽ പോലും ആരും മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരാ മനസ്സിലാക്കുക. നിനക്ക് അറിയോ അച്ഛൻ എന്നോട് സംസാരിച്ചിട്ട് തന്നെ മാസങ്ങളായി, അമ്മയ്ക്ക് ആണേൽ എപ്പോഴും എന്നെ കാണുമ്പോൾ കണ്ണീർ പൊഴിക്കാനെ സമയമുള്ളൂ…. ”

ഞാൻ അതൊക്കെ പറയുമ്പോഴും അവൾ ഒന്നും മിണ്ടാതെ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു….

” എപ്പോഴോ മനസ്സ് കൈ വിട്ടപ്പോഴാ ഞാൻ ആദ്യത്തെതിന് ശ്രമിച്ചത്, പിന്നെ അത് പറഞ്ഞായി കളിയാക്കൽ, രണ്ടാമത്തേത് മരിക്കാൻ വേണ്ടി തന്നെ ചെയ്തതാണ്, അത്രയങ്ങ് മടുപ്പ് ആയിപ്പോയി…. ”

” പോട്ടെടാ നീ മറ്റുള്ളവരെ നോക്കേണ്ട സ്വന്തം സന്തോഷം നോക്കി ജീവിക്ക്, അല്ലേലും മരിക്കാനുള്ള ധൈര്യത്തിന്റെ പകുതി പോരെ ജീവിക്കാൻ…. ”

അവളത് പറയുമ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി….

” അതൊക്കെ ശരിയാ, നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ കുറെ പഠിപ്പിസ്റ്റുകൾ ഉണ്ട് അവർ പഠിച്ച് എവിടേലും നല്ല ജോലി ഒപ്പിച്ച് ജീവിതം സെറ്റിലാക്കും,

പിന്നെ കുറച്ച് പേരുണ്ട് ഒന്നും പഠിക്കാതെ, ക്ലാസ്സിലും കയറാതെ അടിയും വഴക്കും ഉണ്ടാക്കി കുറെയെണ്ണം, അവർ സ്കൂൾ കഴിയും മുന്നേ എന്തേലും ജോലി പഠിച്ച് എങ്ങോട്ടേലുമൊക്കെ പോയി ജീവിതം രക്ഷപെടുത്തും,

ഇനി ഇതിൽ രണ്ടിലും പെടാത്ത ചിലരുണ്ട് അവരുടെ ജീവിതം ഇന്ന് ശരിയാകും നാളെ ശരിയാകും എന്നും പറഞ്ഞ് അങ്ങനെ മുന്നോട്ട് പോകുന്നതല്ലാതെ ഒന്നും ഒരിക്കലും നേരെയാക്കാൻ പോകുന്നില്ല…. ”

ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളുമൊന്ന് ചിരിക്കാൻ ശ്രമിച്ചു. പിന്നെ കുറച്ച് നേരം രണ്ടാളും ഒന്നും മിണ്ടാതെ മുറ്റത്ത് മോൻ കളിക്കുന്നതും നോക്കിയിരുന്നു….

” അല്ലടി നീ വന്നിട്ട് കുറച്ച് ആയല്ലോ തിരികെ പോകുന്നില്ലേ അതോ മൂപ്പര് അടിച്ചു പുറത്താക്കിയോ…. ” ഞാൻ ചോദിക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ മോനെയും നോക്കിത്തന്നെ ഇരുന്നതേയുള്ളു…

” എനിക്ക് നിന്നിപ്പോലെ ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ല, അല്ലേ എന്നെ പോയേനെ…. ” മോനിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണവളത് പറഞ്ഞത്…

” എന്താടി എന്താ പറ്റിയെ, അന്നും നി ഒന്നും പറഞ്ഞില്ലല്ലോ… ”

” എനിക്ക് എവിടേലും ഒരു ജോലി ഒപ്പിച്ചു തരാൻ പറ്റുമോ നിനക്ക്… ”

അവളത് പറയുമ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കിയിരുന്നു…

” ഒരുപാട് നാൾ അച്ഛനേയും അമ്മയെയും ബുദ്ധിമുട്ടിച്ച് ജീവിക്കാൻ പറ്റില്ലല്ലോ, ചെറുതെങ്കിലും എന്തേലുമൊരു വരുമാനം വേണം, ഒന്നുമില്ലേലും എന്റെയും ഇവന്റെയും കാര്യങ്ങളെങ്കിലും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ നടന്ന് പോണം…. ”

അവളത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

” നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ കെട്ടിയോനുമായി എന്തേലും പിണക്കമുണ്ടേൽ അതൊക്കെ അങ്ങ് മാറും…. ”

” ഏയ് ഇതങ്ങനെ മാറുമെന്നതല്ലടാ…. കല്യാണം കഴിഞ്ഞ് ആദ്യമൊക്കെ സന്തോഷമായിരുന്നു,

പിന്നെ സന്തോഷമുണ്ടെന്ന് എല്ലാവർക്കും മുന്നിൽ അഭിനയിച്ചു തുടങ്ങി, പതിയെ പതിയെ ഒരുനാൾ സന്തോഷം തിരികെവരുമെന്ന പ്രതീക്ഷയിൽ ജീവിച്ചു തുടങ്ങി. പക്ഷേ ഇനിയും എനിക്ക് പറ്റില്ല അപ്പു എല്ലാം സഹിച്ചും ക്ഷമിച്ചും….. ”

തോളിൽ കിടന്ന ഷാൾ കൊണ്ട് മുഖം തുടച്ചവൾ പറയുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ ഞാനും ഇരുന്നു….

” നി പറഞ്ഞത് പോലെ ഇനി അവിടെ നിന്നാൽ മനോനില തെറ്റി ഞാൻ എന്തേലും ചെയ്തു പോകും അതാണ് മോനെയും കൂട്ടി ഇവിടേക്ക് വന്നത്…. ”

“പുള്ളിക്ക് നല്ല സ്നേഹമായിരുന്നല്ലോ പിന്നെന്താ പറ്റിയെ….”

ഞാനത് ചോദിക്കുമ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” സ്നേഹം….. അതാണോ സ്നേഹം… ഒരാളോട് കുറച്ചു നേരം സംസാരിച്ചാൽ, വീട്ടിൽ വിളിച്ച് സംസാരിക്കുന്ന സമയം കൂടിയാൽ, എന്തിന് ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ അൽപ്പം വൈകിയാൽ വരെ അങ്ങേർക്ക് സംശയമാണ്, എന്നാലോ അങ്ങേർക്ക് ഇതെല്ലാം ആകാം…

എന്നോട് അങ്ങേര് ഒന്നും സംസാരിക്കുക കൂടിയില്ല അപ്പു, എന്നോട് പോട്ടെ ഇവനോടൊ, അവനൊപ്പം കുറച്ച് നേരം ഇരിക്കാനോ, അവനൊപ്പം കളിക്കാനോ ഒന്നിനും അങ്ങേർക്ക് സമയമില്ല,

അങ്ങേർക്ക് എപ്പോഴും സ്വന്തം ജോലിയും, കൂട്ടുകാരുമൊക്കെയാണ്, അവർക്കൊപ്പം ചിലവഴിക്കാൻ സമയമുണ്ട്, സ്വന്തം കെട്ടിയോളോടും, മോനോടും സംസാരിക്കാൻ സമയമില്ല…”

അവളത് പറയുമ്പോൾ പിന്നേയും കരഞ്ഞ് തുടങ്ങി….

” എനിക്ക് വേറൊന്നും വേണ്ട, സ്നേഹത്തോടെ രണ്ട് വാക്ക് അതെങ്കിലും എനിക്ക് പ്രതീക്ഷിച്ചൂടെ അപ്പു. സുഹൃത്തുക്കൾക്ക് കൊടുക്കുന്ന, അവരോട് ചിലവഴിക്കുന്ന നിമിഷത്തിന്റെ ഒരംശം എങ്കിലും….. ”

കരച്ചിൽ പുറത്തേക്ക് വരാതെ കടിച്ച് പിടിക്കുമ്പോൾ പലപ്പോഴും അവളുടെ വാക്കുകൾ മുറിഞ്ഞിരുന്നു….

” അങ്ങേർക്ക് സന്തോഷിക്കാൻ പല തരത്തിലുള്ള പെൺസുഹൃത്തുക്കളും ഉണ്ട്, ആദ്യം പലരും എന്നോട് സൂചിപ്പിച്ചപ്പോൾ ഞാൻ കര്യമാക്കിയയില്ല, പലതും നേരിൽ കാണേണ്ടി വന്ന ഒരു ഭാര്യയുടെ അവസ്ഥ അത് ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല അപ്പു…. ”

അത് പറഞ്ഞവൾ എങ്ങലടിച്ച് കരയുമ്പോൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ ഞാനും ഇരുന്നു. അവൾ കരഞ്ഞ് മനസ്സൊന്ന് ശാന്തമാകുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയിരുന്നില്ല….

” ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട് അങ്ങേരെ കണ്ട് പഠിക്കാൻ, ഒരിക്കലും അങ്ങനെ ആകരുത് അപ്പു.

കുറച്ചെങ്കിലും സമയം സ്വന്തം ഭാര്യയ്ക്കൊപ്പം ചിലവഴിക്കാൻ കണ്ടെത്തണം, അവളുടെ കാര്യങ്ങൾ കേൾക്കാൻ, ചിലപ്പോൾ അവൾ പറയുന്നത് അടുക്കളയിൽ കറിക്കരിഞ്ഞ കാര്യവും, തുണി അലക്കിയപ്പോൾ ബട്ടൻസ് പൊട്ടിപോയതുമൊക്കെ ആകും,

നിങ്ങൾക്കതൊക്കെ നിസാരമാണെങ്കിലും അവൾക്ക് അതിൽ കൂടുതൽ ഒന്നും വിശേഷങ്ങൾ പലപ്പോഴും ഉണ്ടാകില്ല അപ്പു…. ”

അവൾ പറയുമ്പോൾ തല കുലുക്കി ഞാനും ഇരുന്നതല്ലാതെ ഒന്നും പറയാൻ കഴിഞ്ഞില്ല….

” എനിക്ക് മടുത്തു ഞാൻ വീട്ടിൽ പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് എന്താണെന്നോ പോയ്കോളാൻ, അന്ന് രാത്രി തിരികെ വന്നപ്പോൾ ഞാൻ പോകാത്തതായി അങ്ങേർക്ക് കുറ്റം…

അങ്ങേർക്ക് അടിച്ച് പൊളിച്ചു ജീവിക്കാൻ ഞാനും മോനും ഒരു ബാധ്യതയാണെന്ന് പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്…. നിന്നോട് പറയാൻ പറ്റാത്ത വേറെയുമുണ്ട് പലതും…. ഒരുപാട് സഹിച്ചു ക്ഷമിച്ചു ഇനി പറ്റില്ല….. ”

ഒരു ദീർഘനിശ്വസത്തോടെ അവൾ പറയുമ്പോൾ ഒരു മൂളലോടെ ഞാൻ ഇരുന്നു…

” എവിടേലും ഒരു ചെറിയ ജോലി ഒപ്പിക്കണം, ഇപ്പോൾ തന്നെ നാട്ടുകാർ ചോദിച്ചു തുടങ്ങി തിരികെ പോണില്ലേയെന്ന്. വീട്ടുകാർക്ക് മനസ്സിൽ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ലല്ലോ…. ”

അത് പറയുമ്പോൾ അവളുടെ ചിരിയ്ക്ക് പിന്നിലെ വേദന എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…..

” ഞാനിത് ആരോടാ പറയുന്നേ, ജീവിതത്തെ പേടിച്ച് മരിക്കാൻ പോയവനോടാ….” അവൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ ഞാനും ചിരിച്ചു….

” നമുക്കൊക്കെ ആ പഴയ സ്കൂൾ കുട്ടികളായി തന്നെ ഇരുന്നാൽ മതിയായിരുന്നു അല്ലേടാ… ഒന്നിനെ കുറിച്ചും ചിന്തിച്ചു ടെൻഷൻ അകാതെ, നിഷ്കളങ്കമായ ചിരിയും കളിയുമൊക്കെയായി, എന്ത് രസമായിരുന്നു….. ”

അത് പറയുമ്പോൾ എന്റെ ഓർമ്മകൾ ആ സ്കൂൾ ജീവിതത്തിലേക്ക് പോയി, അവളുടെയും മനസ്സ് അങ്ങോട്ട് പോയത് കൊണ്ടാകും രണ്ടാളും വിദൂരയിലേക്ക് നോക്കി മിണ്ടാതെയിരുന്നത്…

” ഞാൻ വീട്ടിലേക്ക് പോട്ടെ…. ” ആ ഇരുപ്പ് ഏറെ നേരം ഇരുന്ന് കഴിഞ്ഞാണ് അവൾ പോകാനായി എഴുന്നേറ്റത്…

” നിന്നോടൊക്കെ പറഞ്ഞപ്പോൾ മനസ്സിന് ഒരാശ്വാസം ഉണ്ട്. പിന്നേ ഇനി മരിക്കാൻ ഒന്നും നിൽക്കല്ലേ, എന്റെയും നിന്റെയുമൊക്കെ ജീവിതം ശരിയാകുമെടാ….” അവൾ തോളിൽ തട്ടിയതും പറഞ്ഞ് നടക്കുമ്പോൾ അവളുടെ കയ്യിൽ തൂങ്ങി മോനും ഉണ്ടായിരുന്നു…

എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ഞാൻ ശ്രമിച്ചപ്പോൾ, ജീവിതത്തിൽ തനിച്ച് പൊരുതാൻ തുടങ്ങുകയാണവൾ, എന്നെയും അവളെയും പോലെ ഒരുപാട് ആൾക്കാർ ഉണ്ടാകും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നവർ…

അതേ എല്ലാം ശരിയാകും ആ പ്രതീക്ഷയിൽ ആണല്ലോ ഓരോരുത്തരുടെയും ജീവിതം മുന്നോട്ട് പോകുന്നത്, ചിലരത് ജീവിതത്തിൽ കയ്യെത്തി പിടിക്കുമ്പോൾ മറ്റുചിലർക്കത് മരണം വരെയുള്ള വെറും കാത്തിരിപ്പായും തുടരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *