(രചന: ശിഖ)
“””പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ടമായി. ഇനി കല്യാണം വച്ച് താമസിപ്പിക്കണ്ടല്ലോ. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഇതങ്ങ് നടത്താം. വിജയൻ എന്ത് പറയുന്നു?”
“””ഞങ്ങൾക്കും സമ്മതാണ്. എത്രേം പെട്ടെന്ന് കഴിഞ്ഞു കിട്ടിയാൽ അത്രേം നല്ലത്. ഇവൾക്ക് താഴെ ഒരെണ്ണം കൂടി കെട്ട് പ്രായം തികഞ്ഞു വരുന്നുണ്ട്.
പയ്യന്റെ അമ്മാവന്റെ വാക്കുകൾക്ക് അച്ഛൻ സമ്മതം പറയുന്നത് കണ്ട് ഹൃദയ ഭാരത്തോടെ വേണി മുറിയിലേക്ക് പോയി.
പുറത്ത് കല്യാണത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. വേണി തളർച്ചയോടെ കട്ടിലിൽ കിടന്നു.
കൂലിപ്പണിക്കാരനായ വിജയന്റെ മൂത്ത മകളാണ് വേണി. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. അനിയത്തി സിമി പ്ലസ്ടുവിൽ പഠിക്കുന്നു. അമ്മ രമയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.
ഡിഗ്രി എക്സാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുമ്പോഴാണ് ഗൾഫിൽ ജോലിയുള്ള വിനയന്റെ ആലോചന ബ്രോക്കർ അവൾക്കായി കൊണ്ട് വരുന്നത്.
വേണിയെ പെണ്ണ് കാണാൻ വന്നതും കണ്ട് ഇഷ്ടപ്പെട്ട് പോയതുമൊക്കെ അവന്റെ വീട്ടുകാരാണ്. വിനയൻ വീഡിയോ കാൾ വിളിച്ചാണ് പെണ്ണ് കണ്ടത്.
ഉടനെയൊരു കല്യാണത്തിന് വേണിക്ക് താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ കഴിയാതെ അവൾക്കിതിന് സമ്മതിക്കേണ്ടി വന്നു. വിനയനെ നേരിട്ടൊന്ന് കാണുകയോ ആളുടെ സ്വഭാവം എങ്ങനെയെന്നോ അറിയാത്തത് കൊണ്ട് വിവാഹത്തെ കുറിച്ചോർക്കുമ്പോൾ തന്നെ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു.
പെണ്ണ് കണ്ട് വാക്കുറപ്പിച്ചു കല്യാണത്തിന് ഡേറ്റും ഫിക്സ് ചെയ്തിട്ടാണ് പയ്യന്റെ വീട്ടുകാർ തിരിച്ചു പോയത്.
മൂന്നു മാസം കഴിഞ്ഞാൽ അവരുടെ കല്യാണമാണ്. വിവാഹത്തിന് നാല് ദിവസം മുൻപാണ് വിനയൻ ഗൾഫിൽ നിന്ന് രണ്ട് മാസത്തെ ലീവിന് വരുന്നത്.
ജോലിയിൽ നിന്ന് ഒഴിവ് കിട്ടുമ്പോഴും വൈകിട്ട് റൂമിൽ വന്ന് കഴിഞ്ഞാലും അവൻ വേണിയെ ഫോണിൽ വിളിച്ചു സംസാരിക്കും. ആദ്യമൊക്കെ അവനോട് സംസാരിക്കാൻ അവൾക്ക് നല്ല മടിയായിരുന്നു. ഒന്നോ രണ്ടോ വാക്കിൽ ഓരോ കോളും അവസാനിച്ചിരുന്നു.
സത്യത്തിൽ അവനോട് സംസാരിക്കാൻ അവൾക്ക് നല്ല പേടിയായിരുന്നു. നേരിട്ട് കാണാതെയാണ് എല്ലാവരും കല്യാണം ഉറപ്പിച്ചിരിക്കുന്നത്. ചെക്കന്റെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമാണ് കിട്ടിയതെങ്കിലും അതൊന്നും വേണിയെ തൃപ്തിപ്പെടുത്തിയിട്ടില്ല.
പരസ്പരം നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട് തമ്മിൽ മനസ്സിലാക്കി സ്നേഹിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവളുടെ ആഗ്രഹം പോലെയൊന്നുമല്ല ഇപ്പോ നടക്കാൻ പോകുന്നത്.
വേണി ഏറ്റവും പേടിച്ചത് ആദ്യ രാത്രി ഓർത്താണ്. കാരണം കുറച്ചുനാൾ മുൻപ് അവളുടെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഹിമയെന്ന കുട്ടിയുടെ കല്യാണം ഒരു ഗൾഫ് കാരനുമായി നടന്നിരുന്നു. മധുവിധു കഴിഞ്ഞു തിരിച്ചെത്തിയ ഹിമയ്ക്ക് പറയാനുണ്ടായിരുന്നത് ഭർത്താവിന്റെ പേക്കൂത്തുകളെ കുറിച്ച് മാത്രമാണ്.
ഹിമയുടെ ആദ്യരാത്രിയിൽ ഒത്തിരി സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിലിട്ടാണ് അവൾ മുറിയിലേക്ക് കടന്ന് ചെന്നത്. പക്ഷേ അവളുടെ ഭർത്താവ് ഇരുപത് വയസ്സ് പ്രായമുള്ള ചെറിയ പെണ്ണാണ് തന്റെ ഭാര്യയെന്ന ചിന്തയില്ലാതെയാണ് അവളെ കീഴ്പ്പെടുത്തിയത്.
ആദ്യമായി ഒരു പെണ്ണിന്റെ ശരീരം സ്വന്തമായി കിട്ടിയപ്പോൾ സെക്സ് വീഡിയോയിൽ കണ്ടുള്ള അറിവും കൂട്ടുകാർ പറഞ്ഞുള്ള രതി ക്രീഡകളും അയാൾ ഹിമയ്ക്ക് മേൽ പരീക്ഷിക്കുകയായിരുന്നു.
അവളുടെ ആഗ്രഹങ്ങളൊന്നും അയാൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല. അവധി കഴിഞ്ഞു അയാൾ തിരിച്ചു പോകുന്നത് വരെ ഓരോ പുതിയ ന്യൂഡ് വീഡിയോസ് കണ്ട് അതിലുള്ളവർ ചെയ്യുന്നത് പോലെ അവളെ ചെയ്യുകയും തിരിച്ചും ചെയ്യിപ്പിക്കുകയുമായിരുന്നു ഹിമയുടെ ഭർത്താവിന്റെ വിനോദം.
ലീവ് കഴിഞ്ഞു അയാൾ പോയപ്പോൾ സത്യത്തിൽ ഹിമയ്ക്ക് സന്തോഷമായിരുന്നു. ഇനി രണ്ട് വർഷം കഴിഞ്ഞേ അയാൾ ലീവിന് വരു. അതുവരെ അവൾക്ക് സമാധാനിക്കാം. ഈ രണ്ട് വർഷത്തിനിടയിൽ ഭർത്താവിനെ പറഞ്ഞു മാറ്റിയെടുക്കാനാണ് അവളുടെ ശ്രമം.
ഹിമയുടെ ഭർത്താവിനെ പോലെ ഒരാളാണ് വിനയനെങ്കിൽ തന്റെ കാര്യം കഷ്ടത്തിലാവുമെന്ന് ഓർത്ത് സങ്കടപ്പെടാനേ വേണിക്കായുള്ളു.
ഈ ഭയം മനസ്സിലുള്ളത് കൊണ്ട് വിനയനോട് മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ അടുപ്പം കാണിക്കാനോ ഒന്നും അവൾക്ക് കഴിഞ്ഞിരുന്നില്ല. അവൻ അവളോടടുക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും വേണി എപ്പോഴും ഒരു അന്യന്നോടെന്ന പോലെയാണ് വിനയനോട് സംസാരിച്ചിരുന്നത്.
ഒടുവിൽ അവരുടെ വിവാഹ ദിവസം വന്നെത്തി. കല്യാണത്തിന് നാല് ദിവസം മുൻപേ തന്നെ വിനയൻ നാട്ടിലെത്തിയിരുന്നു. അന്നുതന്നെ അവളെ കാണാനായി വീട്ടിൽ വന്നെങ്കിലും വേണി അവനെയൊന്ന് മുഖമുയർത്തി നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
ഒത്തിരി ആഗ്രഹിച്ച് അവളെ കാണാനെത്തിയ വിനയൻ വിഷമത്തോടെയാണ് മടങ്ങിയത്. ഈ വിവാഹത്തിൽ തനിക്കുള്ള അനിഷ്ടം മനസ്സിലാക്കി അവൻ പിന്മാറട്ടെ എന്ന് കരുതിയാണ് വേണി അങ്ങനെയൊക്കെ ചെയ്തത്.
പക്ഷേ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇരുവരുടെയും വിവാഹം നടക്കുക തന്നെ ചെയ്തു.
കൂട്ടുകാരി ഹിമയുടെ അനുഭവം മനസ്സിലുള്ളത് കൊണ്ട് ആദ്യരാത്രി ഭയന്ന് വിറച്ചാണ് വേണി മുറിയിലേക്ക് ചെന്നത്.
വെളുത്ത മുണ്ടും ക്രീം കളർ ജുബ്ബായുമായിരുന്നു വിനയന്റെ വേഷം. ആ ഡ്രെസ്സിൽ അവൻ വളരെ സുന്ദരനും സുമുഖനുമായി കാണപ്പെട്ടു. ആ നിമിഷമാണ് തന്നെ താലികെട്ടിയവന്റെ മുഖം അവൾ കാണുന്നത്. ഇത്രേം സുന്ദരനായ പുരുഷനാണോ തന്നെ കല്യാണം കഴിച്ചതെന്നോർത്ത് വേണി അത്ഭുതപ്പെട്ടു.
അവളെ നോക്കി പുഞ്ചിരി തൂകി ജനാലയിൽ ചാരി നിൽക്കുകയാണ് വിനയൻ. പാൽ ഗ്ലാസുമായി വേണി അകത്തേക്ക് കയറിയതും അവൻ നടന്ന് ചെന്ന് വാതിലടച്ച് കുറ്റിയിട്ടു.
“””ഞാനൊരു കാര്യം ചോദിച്ചാൽ താൻ സത്യം പറയുമോ?
“””എന്താ…. ചോദിച്ചോളൂ… വിക്കി വിക്കി അവൾ മറുപടി പറഞ്ഞു.
“””വേണിക്കെന്നെ പേടിയാണല്ലേ. വിവാഹത്തിന് മുൻപേ തന്നെ തനിക്കെന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ എനിക്കങ്ങനെ തോന്നിയിരുന്നു.
അവന്റെയാ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ അവളൊരു നിമിഷം കുഴപ്പത്തിലായി. ഒട്ടൊരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ സത്യം പറയാമെന്ന് തന്നെ വേണി തീരുമാനിച്ചു.
“””എനിക്ക്… എനിക്ക് പേടിയാണ്.
അറച്ചറച്ച് അവൾ പറഞ്ഞു.
“””എന്താ പേടിക്ക് കാരണം.
സൗമ്യനായി അവൻ ചോദിച്ചു.
“””എനിക്ക് വിനയേട്ടനെ കുറിച്ച് ഒന്നുമറിയില്ല. നമ്മൾ തമ്മിൽ നേരിട്ട് കണ്ട് പരസ്പരം അടുത്തറിയും മുൻപേ അല്ലെ കല്യാണം നടന്നത്.
“””ഇനിയാണെങ്കിക്കും എന്നെ അറിയാലോ. മനസ്സിലാക്കാലോ. അപ്പോൾ ഇഷ്ടം വരുമോ?
കുസൃതിയോടെ വിനയൻ അവളെ നോക്കി.
“””എന്റെ സമ്മതമില്ലാതെ എന്നെ തൊടുമോ?
മറുചോദ്യമായിരുന്നു അവളുടെ മറുപടി.
“””ഇല്ല. എന്റെ അമ്മയാണെ സത്യം.
വിനയനിൽ നിന്ന് അങ്ങനെയൊരു ഉറപ്പ് കിട്ടിയപ്പോൾ അവൾക്ക് സമാധാനമായി. താൻ വിചാരിച്ച പോലെ കുഴപ്പക്കാരനല്ല അവനെന്ന് അതിനോടകം അവൾക്ക് മനസ്സിലായിരുന്നു. വേണി സാവധാനം തന്റെ കൂട്ടുകാരിയുടെ അനുഭവം അവനോട് പങ്ക് വച്ചു.
“””വിനയേട്ടനും പ്രവാസിയായോണ്ട് എനിക്കൊരു പേടിയുണ്ടായിരുന്നു. ഹിമയുടെ ഭർത്താവിനെ പോലെയാകുമോ എന്നോർത്ത്.
“””ചിലയാളുകൾ തന്റെ കൂട്ടുകാരിയുടെ ഭർത്താവിനെ പോലെയാണ് എന്നുവെച്ചു എല്ലാരും അങ്ങനെയാവില്ല വേണി. തന്റെ പേടി പോലെ ഒന്നും സംഭവിക്കില്ല കേട്ടോ.
ബ്രോക്കർ വഴി തന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട നേരിട്ട് കാണുന്നതിന് മുൻപ് തന്നെ കെട്ടുറപ്പിച്ചത്. തന്നോടുള്ള എന്റെ ഇഷ്ടം കേവലം ഈ ശരീരത്തിനോട് മാത്രമല്ല. തന്റെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ഈ വിരൽത്തുമ്പിൽ പോലും ഞാൻ തൊടു.
വിനയന്റെ ആ വാക്കുകൾ അവളുടെ മനസ്സിലെ എല്ലാ ഭയത്തെയും മാറ്റി.
ആ രാത്രി ഒരേ കട്ടിലിൽ രണ്ടറ്റത്തായി അവർ കഴിഞ്ഞുകൂടി.
പിന്നെയുള്ള ദിവസങ്ങളിൽ അവൾ വിനയനെ കൂടുതൽ മനസ്സിലാക്കുകയായിരുന്നു. അവന്റെ സ്നേഹപൂർവ്വമായ സമീപനം അവളുടെ ഉള്ളിലും അവനോടുള്ള പ്രണയം വളരാൻ കാരണമായി.
വിനയന്റെ നന്മ നിറഞ്ഞ മനസ്സും സ്നേഹവും തിരിച്ചറിയാൻ വേണിക്ക് ഒരാഴ്ചയെ വേണ്ടി വന്നുള്ളൂ. തന്റെ മനസ്സ് മാറാൻ വേണ്ടി കാത്തിരിക്കുന്ന തന്നെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കാൻ തയ്യാറായ വിനയനോട് വേണിക്ക് കടുത്ത പ്രണയം തോന്നി. എല്ലാം അർത്ഥത്തിലും ഇരുവരും ഒന്ന് ചേരുമ്പോൾ ഇങ്ങനെയും ഭാര്യമാരെ സ്നേഹിക്കുന്ന പുരുഷന്മാർ ഉണ്ടെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
രണ്ട് മാസത്തെ അവധി തീർന്നത് ഇരുവരും അറിഞ്ഞില്ല. പരസ്പരം മത്സരിച്ചു സ്നേഹിച്ച് ജീവിതം പ്രണയം നിറഞ്ഞതാക്കാൻ ശ്രമിക്കുകയായിരുന്നു അവർ. ഒടുവിൽ ലീവ് തീർന്ന് വിനയൻ തിരിച്ചു പോകുമ്പോൾ അവന്റെ അടുത്ത വരവിനായി കണ്ണീരോടെ കാത്തിരിക്കാനേ അവൾക്കായുള്ളു.
ഉറ്റവരെ പിരിഞ്ഞിരിക്കുന്ന വേദന ഓരോ പ്രവാസികൾക്കും അവരുടെ ഇണയ്ക്കും എത്രത്തോളമാണെന്ന് വേണി തിരിച്ചറിയുകയായിരുന്നു. ഇത്രയും നല്ലൊരു മനുഷ്യനെ തനിക്ക് കിട്ടിയതിൽ അവൾ അതിയായി സന്തോഷിച്ചു. കടുത്ത വിരഹ വേദനയിൽ ആശ്വാസം പകരുന്നത് പരസ്പരമുള്ള കാളുകൾ മാത്രമാണ്.
വിധി ഓരോരുത്തർക്കും സമ്മാനിക്കുന്നത് വ്യത്യസ്ത ജീവിതങ്ങളാണ്. ഒരു വശത്ത് കൂട്ടുകാരിയായ ഹിമ ഭർത്താവിന്റെ വരവിനെ ഭയന്ന് കഴിയുമ്പോൾ വേണി അവളുടെ പ്രണയത്തെയും കാത്തിരിക്കുകയാണ്. അവൾക്ക് കൂട്ടായി അവരുടെ പ്രണയത്തിന്റെ സാക്ഷാത്കാരമായ ഒരു കുഞ്ഞും വേണിയുടെ വയറ്റിൽ ജന്മം കൊണ്ടിരുന്നു. അതുകൊണ്ട് ആ കാത്തിരിപ്പിന് ഇരട്ടി മധുരമായിരുന്നു.