(രചന: ശിഖ)
പെണ്ണ് കാണാൻ വന്നവർക്ക് ചായ കൊണ്ട് കൊടുത്തിട്ട് റോസി അമ്മയ്ക്കരികിൽ വന്ന് നിന്നു.
“””ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടായി… മോനും ഇഷ്ടമായെന്നാ പറയുന്നത്. ഇനി മോൾടെ ഇഷ്ടം കൂടി അറിഞ്ഞാൽ നമുക്ക് മനസമ്മതത്തിനുള്ള ഡേറ്റ് നോക്കാം. പയ്യന്റെ പപ്പ പീറ്റർ റോസിയുടെ പപ്പയോട് പറഞ്ഞു.
“””ഞങ്ങളുടെ ഇഷ്ടം തന്നെയാ മോൾക്കും. എനിക്ക് പയ്യനെ നന്നായി ബോധിച്ചു. നിങ്ങൾക്ക് കൂടി ഇഷ്ട്ടമായ സ്ഥിതിക്ക് നമുക്ക് മനസമ്മതവും മിന്നുകെട്ടിനുള്ള ദിവസവുമൊക്കെ നോക്കിയേക്കാം.
റോസിയുടെ അച്ഛൻ ജോർജ് എല്ലാവരെയുമൊന്ന് നോക്കി.
“””എങ്കിൽ അടുത്ത മാസം മനസമ്മതം നടത്തിയേക്കാം. മൂന്നു മാസം കഴിഞ്ഞു കല്യാണം. നിങ്ങൾക്കും അത് സമ്മതമാണോ?
പീറ്റർ ചോദിച്ചു.
“””സമ്മതമാണ്. സ്ത്രീധനമായി നിങ്ങളെന്താ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാൽ കൊള്ളായിരുന്നു.
ജോർജ് കസേരയിലൊന്ന് ഇളകിയിരുന്നു.
“””ഞങ്ങൾക്ക് സ്ത്രീധനമൊന്നും വേണ്ട. ഇവിടുന്ന് പെണ്ണിനെ മാത്രം മതി. ഞങ്ങടെ മൂത്ത മോളെ പോലും പത്ത് പൈസ സ്ത്രീധനം കൊടുക്കാതെയാണ് കെട്ടിച്ചത്. അതുകൊണ്ട് ഇവനും സ്ത്രീധനമൊന്നും ഞങ്ങൾക്ക് വേണ്ടാ.
പീറ്ററിന്റെ വാക്കുകൾ കേട്ട് ജോർജിന് വലിയ ആശ്വാസം തോന്നി.
കാരണം റോസിക്ക് താഴെ വേറെയും രണ്ട് പെണ്മക്കൾ കൂടിയുണ്ട്. അവര കല്യാണം കഴിപ്പിച്ചയക്കുന്നതും വലിയൊരു ബാധ്യത തന്നെയാണ് അയാൾക്ക്. റോസിക്ക് ഇങ്ങനെയൊരു ബന്ധം ഒത്തുവന്നതിൽ ജോർജിനും ഭാര്യ മേരിക്കും സന്തോഷം തോന്നി.
പക്ഷേ റോസിയുടെ മുഖത്ത് വിഷാദമായിരുന്നു. കാരണം സ്വന്തം കല്യാണത്തിന് അവളുടെ ഇഷ്ടം പോലും ആരും ചോദിച്ചില്ല, ഭർത്താവാകാൻ പോകുന്നയാൾ അവളെയൊന്ന് നോക്കിയൊന്ന് ചിരിക്കുകയല്ലാതെ സംസാരിക്കുകയൊന്നും ചെയ്തിട്ടില്ല.
മിന്നുകെട്ടിന് മുൻപെങ്കിലും പരസ്പരം സംസാരിച്ചു മനസ്സുകൾ തമ്മിലൊരു അടുപ്പം വേണമായിരുന്നുവെന്ന് അവൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ല.
റോസി ഡിഗ്രി കഴിഞ്ഞു സിറ്റിയിൽ ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായിട്ട് പോകുന്നുണ്ട്.
“””കല്യാണം കഴിഞ്ഞാ റോസി ജോലിക്ക് പോകുന്നതിനോട് മാത്രം ഞങ്ങൾക്ക് യോജിപ്പില്ല. കാരണം അവർക്ക് വേണ്ടത് ഉണ്ടാക്കാനുള്ള ഒരു ജോലി എന്റെ മോൻ റോയ്ക്കുണ്ട്. അതുപോരെ
“””വീട്ടിൽ വെറുതെ ഇരുത്തണ്ടല്ലോ എന്ന് കരുതിയ ഞങ്ങൾ മോളെ ജോലിക്ക് അയച്ചത്. നിങ്ങൾക്കാർക്കും ഇഷ്ടമില്ലെങ്കിൽ അവളിനി മുതൽ പോകുന്നില്ല. അല്ലേ മോളെ.
ജോർജ് റോസിയെ നോക്കിയപ്പോ അവൾ സമ്മത ഭാവത്തിൽ തലയനക്കി. സ്വന്തം വീട്ടിൽ പോലെ തന്നെ ചെന്ന് കേറുന്ന വീട്ടിലും താനൊരു അടിമയെ പോലെ ജീവിക്കേണ്ടി വരുമെന്ന് റോസിക്ക് ആ നിമിഷം ഉറപ്പായി. കുഞ്ഞിലേ മുതൽ അച്ഛനും അമ്മയും പറയുന്നത് അനുസരിച്ച് വളർന്ന അവൾക്ക് ആരെയും എതിർത്ത് സംസാരിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല.
വീട്ടുകാർ കയ്യൊഴിഞ്ഞാൽ താൻ പെരുവഴി ആകുമല്ലോ എന്നോർത്താണ് അവൾക്ക് പേടി. റോസിക്ക് താഴെ ഡിഗ്രിക്കും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ട് അനിയത്തിമാർ കൂടിയുണ്ട്. അവർ പഠിക്കാൻ പോയിരുന്നത് കൊണ്ട് വീട്ടിൽ റോസിയും അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നുള്ള പെണ്ണ് കാണൽ ആയതുകൊണ്ട് ആരെയും വിളിക്കാനും കഴിഞ്ഞിരുന്നില്ല.
കൂലിപ്പണിക്കാരനായ ജോർജിന് വലിയ ചിലവില്ലാതെ തന്നെ മൂത്ത മകളുടെ കല്യാണം ശരിയായതിൽ സന്തോഷമായിരുന്നു.
റോസിയെ കെട്ടാൻ പോകുന്ന പയ്യന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ക്യാഷ്യർ ആയിട്ടാണ് ജോലി. വേറെ ദുശീലമൊന്നും ഇല്ലാത്തത് കൊണ്ടും വീട്ടിൽ കുറച്ചു നീക്കിയിരിപ്പ് ഉള്ളത് കൊണ്ടും നല്ല രീതിയിൽ അവർക്ക് ജീവിക്കാൻ റോയുടെ ശമ്പളം തന്നെ ധാരാളമായിരുന്നു.
പെണ്ണ് കാണാൻ വന്ന കൂട്ടർ കാര്യങ്ങൾ ഏകദേശം തീരുമാനത്തിലെത്തിച്ചിട്ട് മടങ്ങിപ്പോയി.
ഒരു മാസത്തിനുള്ളിൽ മനസമ്മതം കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ മിന്നുകെട്ടും തീരുമാനിക്കപ്പെട്ടു. എന്നിട്ടും റോയ് ഒരു തവണ പോലും റോസിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
കല്യാണത്തിന് മുൻപ് ഫോൺ വിളിയും സംസാരവുമൊന്നും ഇഷ്ടപ്പെടാത്ത ആളാണെന്ന് തോന്നി റോസിയും അങ്ങോട്ട് വിളിക്കാൻ മടിച്ചു.
ദിവസങ്ങൾ അതിവേഗം കടന്ന് പോയി. ഒടുവിൽ റോസിയുടെയും റോയുടെയും കല്യാണം വലിയ ആർഭാടമൊന്നുമില്ലാതെ പള്ളിയിൽ വച്ച് കഴിഞ്ഞു.
ആദ്യരാത്രി ചെറിയൊരു പേടിയോടെയാണ് റോസി മുറിയിലേക്ക് കടന്ന് ചെന്നത്. അവളെയും കാത്ത് അവിടെ റോയ് ഉണ്ടായിരുന്നു.
റോസി മുറിയിൽ കയറിയപ്പോൾ റോയ് വാതിലടച്ച് കുറ്റിയിട്ട് അവൾക്കടുത്തായി വന്നിരുന്നു. അവളുടെ കൈയിലിരുന്ന പാൽ ഗ്ലാസ് വാങ്ങി കുറച്ചു കുടിച്ച ശേഷം ബാക്കി അവൾക്ക് നൽകി.
“””റോസിക്ക് എന്നെക്കുറിച്ചോ എനിക്ക് റോസിയെ കുറിച്ചോ ഒന്നുമറിയില്ല… വിവാഹത്തിന് മുൻപ് മനഃപൂർവമാണ് ഫോണിൽ വിളിക്കാതിരുന്നത്. കെട്ട് കഴിഞ്ഞു ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം അടുത്തറിഞ്ഞു സ്നേഹിക്കാമെന്ന് കരുതി.
റോയിൽ നിന്നും ഒരിക്കലും വിചാരിക്കാതെ അങ്ങനെയൊക്കെ കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉള്ളിൽ തോന്നിയ ഭയം പതിയെ ഇല്ലാതായി.
“””എല്ലാം ഇച്ചായന്റെ ഇഷ്ടം പോലെ.
റോയ് എന്ന മരുമകനെ റോസിയുടെ വീട്ടുകാർക്കും റോസി എന്ന മരുമകളെ റോയുടെ വീട്ടുകാർക്കും നല്ല ഇഷ്ടമായി. പ്രതീക്ഷിച്ച പോലെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ റോയുടെ വീട്ടിൽ അവൾ സന്തോഷത്തോടെ കഴിഞ്ഞു വന്നു.
രാവിലെ റോയും പീറ്ററും ജോലിക്ക് പോയാൽ വീട്ടിൽ റോസിയും റോയുടെ അമ്മ ഡെയ്സിയും മാത്രമേ ഉണ്ടാകു. അവരിൽ നിന്നാണ് താൻ ജോലിക്ക് പോകുന്നത് റോയ്ക്കാണ് ഇഷ്ടമില്ലാത്തതെന്ന് അവൾക്ക് മനസ്സിലായത്. അത് കേട്ടപ്പോൾ അവൾക്ക് വിഷമമായി. ജോലിക്ക് പോകാൻ അവൾക്ക് അത്രേം ഇഷ്ടമായിരുന്നു.
ഒരിക്കൽ റോയിയോട് അത് ചോദിച്ചപ്പോൾ ആദ്യമായി റോയ് അവളോട് പൊട്ടിത്തെറിച്ചു. അതിന് ശേഷം അവൾക്കവനോട് അതേക്കുറിച്ച് ചോദിക്കാൻ പേടി തോന്നി.
അവരുടെ വിവാഹം കഴിഞ്ഞിട്ടിപ്പോ മാസം ഒന്ന് കഴിഞ്ഞു. ഇതുവരെ ഇരുവരും ഭാര്യ ഭർത്താക്കന്മാരെ പോലെ ശരീരം കൊണ്ട് ഒന്ന് ചേർന്നിട്ടില്ല. സ്വകാര്യ നിമിഷങ്ങളിൽ നിന്നൊക്കെ മനഃപൂർവം റോയ് ഒഴിഞ്ഞു നിൽക്കുന്നത് പോലെ ഇടയ്ക്ക് റോസിക്ക് തോന്നാറുണ്ട്.
തന്റെ ഭർത്താവ് തന്നെയൊന്ന് കെട്ടിപിടിച്ചെങ്കിൽ ഒരുമ്മ തന്നെങ്കിൽ എന്ന് അവൾ ഇടയ്ക്കെങ്കിലും ആഗ്രഹിച്ചു പോകാറുണ്ട്. എങ്കിലും അവനായിട്ട് താല്പര്യമെടുക്കാത്തോണ്ട് അവൾക്കങ്ങോട്ട് പോകാനൊരു മടി തോന്നിയിരുന്നു.
ഒരു ദിവസം ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്ന റോസി കാണുന്നത് അവളുടെ സ്വകാര്യ ഭാഗങ്ങൾ നോക്കി സ്വയഭോഗം ചെയ്യുന്ന ഭർത്താവിനെയാണ്. അപ്പോഴാണ് താൻ പൂർണ്ണ നഗ്നയാണെന്നും അവൾ തിരിച്ചറിഞ്ഞത്. ഇടയ്ക്കിടെ അവളുടെ ശരീര ഭാഗങ്ങളിൽ അവൻ തൊട്ട് നോക്കുകയും ചെയ്യുന്നുണ്ട്.
പേടിച്ചുപോയ റോസി പെട്ടന്ന് ചാടിയെഴുന്നേറ്റു.
“””ഇച്ചായാ… നിങ്ങളെന്താ ഈ കാണിക്കുന്നേ?
തന്റെ പ്രവർത്തികൾ റോസി കണ്ടുവെന്ന് മനസ്സിലായതും റോയ് ഭയന്ന് പോയി.
“””റോസി… നീയിത് ആരോടും പറയരുത്. കാണാനുള്ള ആഗ്രഹം കൊണ്ട് നോക്കിപ്പോയതാ… അപ്പൊ ഞാൻ…
റോയ്ക്ക് എന്ത് പറയണമെന്നറിയാതെ നിന്ന് വിയർത്തു.
“””ഇച്ചായാ ഞാൻ നിങ്ങളുടെ ഭാര്യാണ്. ബോധത്തോടെ ഇരിക്കുമ്പോ എന്റെ വിരൽ തുമ്പിൽ പോലും തൊടാൻ മടിക്കുന്ന ആള് രാത്രി ഞാൻ ഉറങ്ങി കഴിയുമ്പോ ഇതാണോ ചെയ്യുന്നേ. എന്താ ഇച്ചായന്റെ പ്രശ്നം..?
റോയുടെ ഭയന്നുള്ള ഇരിപ്പും സോറി പറച്ചിലുമൊക്കെ കണ്ടപ്പോൾ റോസിക്കാകെ പന്തികേട് തോന്നി.
“””എന്നോടൊന്നും ചോദിക്കരുത് റോസി… ഞാൻ പറയില്ല.
അത്രയും പറഞ്ഞിട്ട് റോയ് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.
തന്റെ ഭർത്താവിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് അന്നത്തോടെ അവൾക്ക് വ്യക്തമായി. ഈ വിഷയം ആരോട് പറയുമെന്നറിയാതെ റോസി ആകെ മനോ വിഷമത്തിലായി. റോയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ ഇരിക്കുമ്പോഴാണ് അവൾക്ക് ഒരുപായം തോന്നിയത്.
പിറ്റേന്ന് തന്നെ റോയിയെ നിർബന്ധിച്ച് അവൾ ഒരു മനഃശാത്രവിദഗ്ധന്റെ അടുത്ത് കൊണ്ടുപോയി.
അന്ന് രാത്രി താൻ ഉണർന്ന് നോക്കിയപ്പോ കണ്ട കാര്യങ്ങളും റോയുടെ പെരുമാറ്റവും ഇതുവരെ തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തതുമൊക്കെ അവൾ ഡോക്ടറോട് പറഞ്ഞു.
“””എന്താ റോയ് തന്റെ പ്രശ്നം? എന്താണെങ്കിലും തുറന്ന് പറയൂ.
എല്ലാം കേട്ട ശേഷം അയാൾ അവനോട് ചോദിച്ചു.
ആദ്യമൊന്നും സഹകരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് റോയ് ഡോക്ടറോട് എല്ലാം തുറന്നു പറഞ്ഞു.
“””ഡോക്ടർ എനിക്ക് റോസിയുമായി ബന്ധപ്പെടാൻ പേടിയാണ്. എനിക്കവളെ ഇഷ്ടമൊക്കെയാണ്. പക്ഷേ അവളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല അതുകൊണ്ടാ ഞാൻ ഒന്നിനും മുതിരാത്തത്.
“””റോയ്ക്ക് ഇങ്ങനെ തോന്നാൻ എന്താ കാരണം. ഒരിക്കൽ പോലും നിങ്ങൾ അവരുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്.
“””എന്റെ ലിംഗത്തിന് നീളക്കുറവുണ്ട് ഡോക്ടർ. ഒരു പെണ്ണിനേം തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ലെന്ന് എന്റെ ഫ്രണ്ട്സ് പറഞ്ഞിട്ടുണ്ട്. എനിക്ക് കഴിവില്ലെന്ന് അറിഞ്ഞാൽ ഭാര്യ വേറെ ആണുങ്ങളെ തേടിപോകുമെന്നും അവർ പറഞ്ഞത് കേട്ടാണ് റോസിയെ ഞാൻ ജോലിക്ക് പോലും വിടാത്തത്.
ഇതൊക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ട് സ്നേഹത്തോടെ അവളെയൊന്ന് ഉമ്മ വയ്ക്കാൻ കൊതിയായ പോലും എനിക്ക് അത് കൊടുക്കാൻ പറ്റുന്നില്ല.
റോയ് പൊട്ടിക്കരഞ്ഞു.
“””ഇതൊക്കെ തന്റെ തെറ്റായ ധാരണയാണ് റോയ്. ഈ പ്രശ്നം നമുക്ക് ഈസിയായി മാറ്റിയെടുക്കാം.
ഡോക്ടർ അവനെ ആശ്വസിപ്പിച്ചു വേണ്ട നിർദേശങ്ങൾ നൽകി ഒരു മാസത്തോളം കൗൺസിലിംഗും കൊടുത്തു. അവസാനം തന്റെ മനസ്സിലെ അബദ്ധ ധാരണകൾ മാറ്റിയെടുക്കാൻ അവനു കഴിഞ്ഞു.
അങ്ങനെ റോസിക്കൊപ്പം നല്ലൊരു കുടുംബ ജീവിതം തുടങ്ങാൻ അവന് ലഭിച്ചു. റോസിക്കും അവളുടെ ആഗ്രഹം പോലെ ജോലിക്ക് പോകാനും കഴിഞ്ഞു. തങ്ങളുടെ ഇടയിലെ പ്രശ്നത്തിന് ശരിയായ പരിഹാര മാർഗം കണ്ടെത്തിയതിൽ റോസിയോട് റോയ്ക്ക് അകമഴിഞ്ഞ സ്നേഹം തോന്നി.