അമ്മേ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരുവർഷത്തോളമാകുന്നു, ഈ സമയം വരെ ഞാനെന്ത് ചെയ്തിട്ടും എന്നെയൊന്നു വഴക്ക് പറഞ്ഞിട്ടില്ല ഈ മൗലിയേട്ടൻ

അമ്മ
(രചന: ശിവപദ്മ)

“നിങ്ങള് എന്ത് മനുഷ്യനാണ് മൗലിയേട്ടാ… ” ഭാമി അവനോടു ചോദിച്ചു.. അവൻ്റെ മറുപടി ഒരു പുഞ്ചിരിയാണ്…

“ഹാ വന്നല്ലൊ ഹോൾമാർക്ക് പുഞ്ചിരി.. എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചിരുന്നോണം കേട്ടോ… ” അവൾ പറഞ്ഞ് തീരുമ്പോഴേക്കും അവൻ ചുണ്ട് കൂർപ്പിച്ചു ഒരുമ്മ കാണിച്ച്.

“കുന്തം… നിങ്ങളൊട് പറയാൻ എനിക്ക് വയ്യ… ” ഭാമി കൈ പിണച്ചു കെട്ടി മാറിയിരുന്നു.

“ഹാ.. എന്താണ് പെണ്ണേ രാവിലെ എൻ്റെ മോൻ്റെ മെക്കിട്ടു കേറുന്നെ… ” അഞ്ജു അവർക്ക് അടുത്തേക്ക് ചായ’യുമായി വന്നു.

“ഓ… ഇനി അമ്മയോട് പറഞ്ഞിട്ട് എന്തിനാ മോൻ്റെ ബാക്കി ചിരിച്ച് കാണിക്കാനല്ലേ… ഹും!.. ” അവൾ മുഖം വെട്ടിച്ചു… അഞ്ചു മകനെ നോക്കീതും മൗലി കണ്ണ് ചിമ്മി കാണിച്ചു.

“ഹയ് എൻ്റെ കുറുമ്പി ദാ ഈ ചായകുടിയ്ക്ക് ഈ ദേഷ്യമൊക്കെ മാറട്ടെ…” ഭാമിയുടെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് അഞ്ചു ചായയെടുത്ത് അവളുടെ കൈയിൽ കൊടുത്തു.

” മ് ” ഭാമി അവളെ നോക്കി ചായമൊത്തി കുടിച്ചു. അത് കണ്ട് ചിരിയോടെ മൗലിയും…

“ഹ്മ് ഇനി പറയ്… എന്താ പ്രശ്നം?… ” അഞ്ചു അവളോട് ചോദിച്ചു.

” പ്രശ്നം അമ്മേടെ മോനാ… ”

” അവനെന്ത് ചെയ്തു… ”

” എന്താ ചെയ്യാത്തത്?… അമ്മേ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരുവർഷത്തോളമാകുന്നു, ഈ സമയം വരെ ഞാനെന്ത് ചെയ്തിട്ടും എന്നെയൊന്നു വഴക്ക് പറഞ്ഞിട്ടില്ല ഈ മൗലിയേട്ടൻ, ചിലപ്പോൾ ഞാൻ ചെയ്യുന്നത് നല്ല തല്ല് കൈള്ളിത്തരങ്ങളാ എന്നിട്ടും ദേ ഈ ചിരിയോടെ അത് എല്ലാം മാറ്റും… അല്ലെങ്കിൽ കൊച്ച് പിള്ളാരെ പേടിപ്പിക്കും പോലെ കണ്ണുരുട്ടി കാണിക്കും… എനിക്കും ഇല്ലേ ഇച്ചിരി അടികൂടണമെന്നും വഴക്ക് ഉണ്ടാക്കണെമെന്നും ഒക്കെ… ” ഭാമി മൂക്ക് വലിച്ചു…

അവൾ പറഞ്ഞത് കേൾക്കേ അഞ്ചു പൊട്ടിച്ചിരിച്ചു… മൗലി ശബ്ദമില്ലാതെ ചിരിച്ചു.

” കണ്ടൊ കണ്ടൊ… ഞാൻ പറഞ്ഞില്ലേ അമ്മയും കളിയാക്കുംന്ന്… കഷ്ടണ്ട്ട്ടൊ അമ്മേ… ” അവൾ മുഖം വീർപ്പിച്ചു.

” ആ ഓകെ ഓകെ.. അമ്മ നിർത്തി, ഡാ ദേ.. എൻ്റെ കൊച്ചിനെ ഇങ്ങനെ കളിയാക്കരുത് കേട്ടോ… ” മൗലിയെ നോക്കി കണ്ണുരുട്ടി കാണിച്ചു അഞ്ചു…

” ഓഹ് ആയിക്കോട്ടെ.. ” അവൻ കൈകൂപ്പി കാണിച്ചു..

” എന്നാ നിങ്ങള് പിണക്കം മാറ്റ് അമ്മയ്ക്ക് കുറച്ചു പണിയുണ്ട്… ” അവൾ എഴുന്നേറ്റു..

” എൻ്റെ പിണക്കം ഞാൻ മാറ്റുന്നില്ല… ഞാനും വരുവാ അമ്മേടെ കൂടെ.. ” അവൾ എഴുന്നേറ്റതും കൈയിൽ ഒരു പിടി വീണിരുന്നു… അഞ്ചുവിനറിയാമായിരുന്നു അവൾ വരില്ല എന്ന് അതിനാൽ അവൾ അടുക്കളയിലേക്ക് എത്തിയിരുന്നു.

” വിടുന്നുണ്ടൊ… എന്നോട് മിണ്ടണ്ട.. ” മൗലി അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു ഇരുന്നു.

“എന്താണ് എൻ്റെ ഭാമിനിയ്ക്ക്, ഏഹ്… ഞാൻ നിന്റെ കൺസ്പ്റ്റിന് പറ്റിയ ആളല്ലെന്ന് തോന്നുന്നുണ്ടോടി… നീ ആഗ്രഹിക്കുന്ന പോലെയൊന്നും അല്ലേടി ഞാൻ… ” മൗലി അവളുടെ തോളിലേക്ക് മുഖം ചേർത്ത് വച്ചു.

“മൗലിയേട്ടൻ എന്തൊക്കയാ പറയണേ, ഞനങ്ങനൊന്നും… ” അവൾക്ക് ആകെ വിഷമം തോന്നി…

” എന്താ നിനക്ക് ഞാൻ വഴക്കൊന്നും പറയത്തതാണൊ നിൻ്റെ പ്രശ്നം…” മൗലി അവളുടെ താടിയ്ക്ക് പിടിച്ചു ചോദിച്ചു.

” അത് ഞാൻ…”

” എടാ… നമ്മൾ പരിചയപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം രണ്ട് വർഷത്തിന് അടുത്തായി… ഈ സമയം കൊണ്ട് നീ കാണുന്ന ഈ ഞാൻ തന്നെയാണ് യഥാർത്ഥത്തിലും, പക്ഷേ താനറിയാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട് എൻ്റെ… അല്ല ഞങ്ങളുടെ ജീവിതത്തിൽ…” മൗലി പറയുമ്പോൾ ഭാമി അവനെ സൂക്ഷിച്ചു നോക്കി…

” ഹ്മ്… പേടിക്കണ്ടടി… നീ ഒരിക്കൽ ചോദിച്ചിട്ടില്ലേ അച്ഛനും അമ്മയും ഡിവോഴ്സായ ശേഷം ഞാനും ചേച്ചിയും എന്ത്കൊണ്ടാണ് അച്ഛനെ കാണാൻ പോകാത്തത് എന്ന്…”

“മ്”

” തോന്നീട്ടില്ല ആളെ കാണണം എന്ന്… അത് ദേഷ്യമൊ വെറുപ്പൊ ഒന്നും കൊണ്ടല്ല… എങ്കിലും എന്തോ ഒന്ന് ഞങ്ങളെ അതിൽ നിന്ന് തടയുന്നുണ്ട്… എനിക്ക് ഓർമയുള്ള കാലം മുതൽ ഞാൻ കാണുന്നത് അച്ഛൻ്റെയും അമ്മയുടെയും വഴക്കാണ്, അതിൽ കൂടുതൽ അച്ഛൻ അമ്മയെ വിളിക്കുന്ന ചീത്തകളും ഉപദ്രവവും ആയിരുന്നു…

ശരിക്കും എന്തിനാണ് അമ്മയെ അച്ഛൻ ഇങ്ങനെ തല്ലുന്നത് എന്ന് പോലും അറിയില്ലായിരുന്നു… ചിലപ്പോൾ ഞാനോ ചേച്ചിയൊ കളിക്കിടയിൽ ഒന്ന് വീണാലോ, കഴിച്ചതിന്റെ അവശിഷ്ടങ്ങൾ നിലത്തൊ മറ്റൊ കിടന്നാലൊക്കെയാണ് അമ്മയെ അച്ഛൻ ശകാരിക്കുന്നതും ഉപദ്രവിക്കുന്നതും..” മൗലി അവളെ നോക്കി.

” വാട്ട്… ഇതൊക്കെ ആണൊ കാരണങ്ങൾ… ” ഭാമിയ്ക്ക് അമർഷം തോന്നി.

” ഇതും അതിൽ ചിലത് മാത്രമാണ്… നീ ചോദിക്കാറില്ലേ നിനക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യാൻ ഞാൻ എന്തിനാണ് പറയുന്നത് എന്ന്… അച്ഛനോടോപ്പം ഉണ്ടായിരുന്ന കാലത്ത് അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങൾ ഉണ്ടായിരുന്നില്ല… ഇഷ്ടമുള്ള ഡ്രസിടാനോ, ഇഷ്ടമുള്ള പോലേ ഒരുങ്ങാനോ ഒന്നും സാധിക്കില്ലായിരുന്നു.

എല്ലാം അച്ഛൻ്റെ ഇഷ്ടം അത് മാത്രമേ അവിടെ നടക്കൂ. അതായിരുന്നു അവിടുത്തെ നിയമം… അമ്മയ്ക്ക് പണ്ട് ഒരു മൂക്കുത്തി ഉണ്ടായിരുന്നു, വിവാഹത്തിന് മുൻപ് തന്നെ അച്ഛൻ അത് അഴിപ്പിച്ചിരുന്നു, അച്ഛന് അതൊന്നും ഇഷ്ടമില്ലായിരുന്നു… അമ്മ ഇടയിൽ പറയുമായിരുന്നു എത്രയൊക്കെ അയാളെ സ്നേഹിച്ചിരുന്നു എന്നാലും ഒരിക്കലും ഞാൻ എൻ്റെയിഷ്ടങ്ങളെ മാറ്റാൻ പാടില്ലായിരുന്നു എന്ന്… ”

” അമ്മ അമ്മയുടെ ഓരോ ചെറിയ ഇഷ്ടങ്ങളും മാറ്റിവച്ചത് അയാളോടുള്ള അമിതമായ സ്നേഹം കൊണ്ടായിരുന്നു… പക്ഷേ ആൾക്ക് അത് തിരികെ ഉണ്ടായിരുന്നൊ എന്നത് സംശയമായിരുന്നു ഞങ്ങൾക്ക്… അത്രത്തോളം അമ്മയെ ഉപ്രദ്രവിച്ചിരുന്നു. ഒരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പുരുഷനും അവളെ അത്രത്തോളം വേദനിപ്പിക്കില്ലായിരുന്നു…

അച്ഛൻ അതിന്റെ എല്ലാം എക്സ്ട്രീം ലെവലായിരുന്നു… ഒരു പെണ്ണിന് ഏതൊക്കെ രീതിയിൽ വേദനിപ്പിക്കാമൊ അതെല്ലാം ചെയ്യുമായിരുന്നു… എന്ത് ചെയ്താലും ഒന്നിനും പ്രതികരിക്കാതെ ഞങ്ങളെയും കൊണ്ട് ആ വീട്ടിൽ അടച്ച് പൂട്ടി ഇരിക്കണം അതായിരുന്നു അച്ഛൻ്റെ നിയമം…

അമ്മ ആരോടും കൂട്ടുകൂടാൻ സമ്മതിക്കില്ല.. എങ്ങാനും കൂട്ട് കൂടിയാൽ അച്ഛൻ്റെ തനിസ്വരൂപം മറ്റുള്ളവർ അറിഞ്ഞാലോ എന്ന ഭയം.. ആൾക്ക് പുറത്തൊക്കെ നല്ല ഇമേജ് ആണ്… ആൾക്ക് അമ്മയെ നല്ല സംശയമായിരുന്നു… കണ്ണിൽ കാണുന്ന ഓരോരുത്തരുമായും ചേർത്ത് വച്ച് സംസാരിക്കും, അതിൻ്റെ പേരിലും ഉപദ്രവിക്കും… ”

” ഹും!…” ഓരോന്ന് കേൾക്കും തോറും ഭാമിയുടെ മുഖം വലിഞ്ഞ് മുറുകി.

” നിന്റെ പീരിയഡ് സമയത്തൊക്കെ ഞാൻ കെയർ ചെയ്യുമ്പോൾ ചോദിക്കില്ലേ ഇതൊക്കെ എവിടുന്നാ പഠിച്ചേന്ന്… അതൊക്കെ എൻ്റെ അമ്മ പഠിപ്പിച്ചതാ… ആ സമയത്തൊക്കെ അമ്മ അച്ഛനിൽ നിന്നും ഒരുപാട് മെൻ്റൽ ടോർച്ചറിങ് അനുഭവിച്ചിട്ടുണ്ട്…

അച്ഛന്റെ ബെഡ്ഡിൽ എങ്ങാനും ഇരിക്കയൊ കിടക്കയൊ ചെയ്താൽ തീർന്നു അത് മറക്കും വരെ അമ്മയെ അതിൻ്റെ പേരിൽ കുറ്റപ്പെടുത്തും, അച്ഛൻ്റെ ധാരണ ആർത്തവം എന്നത് എന്തോ പാപമാണ് എന്നാ… തൻ്റെ തലമുറയെ ഭൂമിയിൽ കൊണ്ട് വരാനുള്ള നാച്ചുറൽ പ്രോസസ് ആണെന്ന് ആള് ഇതുവരെ അംഗീകരിച്ചിട്ടില്ല…

ഈ ഒരു കാരണം പറഞ്ഞു അമ്മയെ ആ ദിവസങ്ങൾ കഴിഞ്ഞിട്ടും ക്ഷേത്രത്തിൽ പോകാനൊ വിളക്ക് കൊളുത്താനൊ അനുവദിച്ചിരുന്നില്ല… പീരിയഡ്സിൻ്റെ വേദനയിൽ കിടക്കുമ്പോൾ ഇതൊക്കെ വെറും അഭിനയമാണെന്നാ അച്ഛൻ പറഞ്ഞിരുന്നത്… എല്ലാം അതിന്റെ പീക്കിൽ എത്തിയതും അമ്മ പ്രതികരിച്ചു തുടങ്ങി…

അത് അച്ഛനിലെ ഞാനെന്ന ഭാവത്തിന് ഏറ്റ അടിയായിരുന്നു. അതിൻ്റെ പ്രതിഫലനം വളരെ വലുതായിരുന്നു… ഒരിക്കൽ അടിച്ചതിന് പ്രതികരിച്ചതിന് അച്ഛൻ്റെ ബെൽറ്റ് പൊട്ടും വരെ അമ്മയെ തല്ലിയാണ് തീർത്തത്… പാവം ഒന്ന് ഉറക്

കെ കരയുക പോലും ഇല്ലായിരുന്നു അമ്മ… എനിക്ക് നല്ല ഓർമ്മയുണ്ട് അച്ഛൻ ഭ്രാന്ത് പിടിച്ചപോലെ അമ്മയെ തല്ലുന്നത്, ചേച്ചി പേടിയോടെ മാറി ഒരു മൂലയിൽ നിൽക്കും ഞാനും ശബ്ദം പുറത്തു വരാതെ കരയും… പേടിയാണ് ശബ്ദം കേട്ടാൽ അതിനും അമ്മയെ തല്ലുമൊ എന്ന്…

അമ്മയോട് അങ്ങനെ ഒക്കെ കാണിച്ചിരുന്നു എങ്കിലും ഞങ്ങളോട് സ്നേഹം കാണിക്കുമായിരുന്നു. ഞങ്ങളെ മാത്രം പുറത്ത് കൊണ്ട് പോകും ഫുഡും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിത്തരും പക്ഷേ അതൊക്കെ അച്ഛനെ വിട്ട് പോകാതിരിക്കാൻ ഉള്ള പ്രകടനങ്ങളായിരുന്നു… അത് ഞങ്ങൾ അമ്മയ്ക്ക് ഒപ്പം അച്ഛനെ വിട്ട് വന്ന ശേഷമാണ് മനസിലായത്…

അമ്മമ്മയുടെ വീട്ടിലേക്ക് വന്നതിനു ശേഷം ഞങ്ങളെ കാണാൻ വന്നാൽ ഒന്ന് ചേർത്ത് പിടിക്കുക പോലും ഇല്ല… അമ്മ മാറ്റാരെയെങ്കിലുമായി ബന്ധമുണ്ടൊ എന്ന് കണ്ട് പിടിക്കുന്നതിൽ മാത്രമായിരുന്നു അച്ഛൻ്റെ ശ്രദ്ധ. ഇതൊക്കെ ആയിരുന്നു അച്ഛൻ.. എല്ലാ ആൺമക്കളുടെയും ഹീറോയാണ് അവരുടെ അച്ഛന്മാർ… എനിക്ക് പക്ഷേ അമ്മയാണ് എന്റെ ഹീറോ…”

” അച്ഛനെ വിട്ട് വന്ന ശേഷം ഒരുപാട് ബുദ്ധിമുട്ടിയമ്മ, ഞങ്ങളെ നോക്കാനും പഠിപ്പിക്കാനും ഒത്തിരി കഷ്ടപ്പെട്ടു. പാതിവഴിയിൽ നിന്നപോയ അമ്മയുടെ പഠനം വീണ്ടും തുടങ്ങി… അമ്മമ്മയും മാമനും പിന്നെ അമ്മയുടെ കുറെ നല്ല സുഹൃത്തുക്കളുടെയും സഹായത്തോടെ അമ്മ അമ്മയുടെ ജീവിതം മുന്നോട്ടു കൊണ്ടു പോയി…

ആഗ്രഹിച്ച പഠനം ജോലി, ഇഷ്ടമുള്ള യാത്രകൾ, ഞങ്ങളുടെ പഠനം, പത്ത് വർഷം കൊണ്ട് നഷ്ടമായതൊക്കെ അമ്മ നേടിയെടുത്തു. നീ ചേച്ചിയെ കണ്ടിട്ടില്ലേ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന് നീ തന്നെ പറയാറില്ലേ… ചേച്ചിയെ അങ്ങനെ മാറ്റിയത് അമ്മയാണ് , ചേച്ചി ആഗ്രഹിച്ച വിദ്യാഭ്യാസം കൊടുത്തു, ഇഷ്ടപെട്ട അധ്യാപന ജോലിയ്ക്ക് കയറി.. സ്വന്തം നിലപാടുകൾ ആർക്ക് വേണ്ടിയും മാറ്റത്ത എൻ്റെ തന്റേടിയായ ചേച്ചി… ”

” പിന്നെ ദേ നിൻ്റെ ഈ പ്രിയപ്പെട്ട ഭർത്താവ് ചന്ദ്രമൗലി IPS.. ഈ കാണുന്ന ഞാൻ എൻ്റെ അമ്മയുടെ ഇത്ര വർഷത്തെ കഷ്ടപാടാണ്… എനിക്ക് ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ കഴിയില്ലെടി… ഞാൻ കാരണം നിൻ്റെ കണ്ണിൽ നിന്നും കണ്ണീർ വീണാൽ അതിൽ ഞാൻ കാണുന്നത് എൻ്റെ അമ്മയേയാണ്… അമ്മ എന്നെ പഠിപ്പിച്ച ഒരേയൊരു കാര്യം സ്ത്രീകളെ ബഹുമാനിക്കുക എന്നതാണ്… ഇന്ന് വരെ ഞാനത് ചെയ്തിട്ടുണ്ട്, എന്ന് കരുതി അതിന് അർഹതയില്ലാത്തവരെ ഞാൻ ബഹുമാനിക്കാറില്ല കേട്ടോ… അവർ ചെയ്യുന്ന പ്രവർത്തിയിലൂടെ ഞാൻ ബഹുമാനിക്കാറുണ്ട്… ഞാൻ കാരണം നീ കരയുന്നുണ്ടെങ്കിൽ അത് നമ്മുടെ കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാനായിരിക്കണം, മനസിലായോടി കാന്താരി.. വെറുതെ എന്നെ തനി പോലീസുകാരനാക്കല്ലേടി ഭാര്യേ… ” അവളുടെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അവൻ പറഞ്ഞു… അവളിൽ നിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാൽ അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചിരുത്തി.

അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ച് കൊടുത്തു…

” എന്താടി… ഭാമിനി… ” പ്രത്യേക രീതിയിൽ താടിയുഴിഞ്ഞ് കൊണ്ട് ചോദിച്ചു.

” സോറി മൗലിയേട്ടാ… ഞാനിതൊന്നും അറിയാതെ… ”

” അയ്യേ പോട്ടേ സാരല്ലടാ… വിഷമിക്കല്ലേ… ഞാൻ എൻ്റെ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ് എൻ്റെ ഭാര്യയെ ഒരു കാര്യത്തിലും സങ്കടപെടുത്തില്ല എന്ന്… ഇതുവരെ ഞാനൊരു നല്ല മകനും നല്ല ഹസ്ബൻ്റുമാണ് എന്ന് തന്നെയാണ് എൻ്റെ വിശ്വാസം, ഇനി വേണമെങ്കിൽ ഒരു നല്ല അച്ഛനുമാകാം കേട്ടൊ… സമയം ആയെന്ന് തോന്നുന്നു… ” അവൻ കൊഞ്ചി പറഞ്ഞതും അവൾ അവൻ്റെ വയറിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് അകത്തേക്ക് ഓടിപ്പോയി…

അവൾ നേരെ അഞ്ചുവിന് അടുത്തേക്കാണ് പോയത്… പിന്നിൽ നിന്ന് കുറച്ചു നേരം ഭാമി അഞ്ചുവിനെ തന്നെ നോക്കിയിരുന്നു… അവൾക്ക് ഒരേസമയം സഹതാപവും അഭിമാനവും തോന്നി…

” അമ്മാ… എന്താ ഉണ്ടാക്കണെ…” പിന്നിലൂടെ അവളെ പുണർന്നു കൊണ്ട് ഭാമി ചോദിച്ചു.

” പിണക്കം മാറ്റി ഇപ്പോഴിങ്ങ് എത്തുമെന്ന് എനിക്ക് അറിയാരുന്നു അതാ ദേ നിൻ്റെ ഇഷ്ടപെട്ട ഉണ്ണിയപ്പം തയാറാക്കിയത്.. ” അവൾ പാത്രം തുറന്ന് ഒരെണ്ണം എടുത്തു അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.

” ഓ എൻ്റെ ചക്കര അമ്മ… ഉമ്മ… ” ഭാമി അഞ്ചുവിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു…

ചിരിയോടെ ഭാമിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന അമ്മയെ പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു മൗലി…

Leave a Reply

Your email address will not be published. Required fields are marked *