അവൾ വാതിൽ തള്ളി തുറന്നതും കണ്ട് കാഴ്ചയിൽ സ്തംഭിച്ചു പോയി. തൻ്റെ പ്രാണനായ ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിനെ ചുംബിക്കാൻ ഒരുങ്ങുന്നു.

(രചന: ശിവപദ്മ)

“അമ്മൂ. ഒന്ന് പതിയെ പോടി.” ഇന്ദിര അവൾക്ക് പിന്നാലെ ഓടി.

” എന്താടി..” അമ്മു ചോദിച്ചു.

” അത്… അമ്പാട്ടെ കൃഷ്ണനുണ്ണി വന്നല്ലൊ നീ അറിഞ്ഞില്ലേ… ” ഇന്ദിര പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ നോക്കി.

” ഉണ്ണിയേട്ടൻ വന്നൂന്നോ… ഏയ് നിനക്ക് ആള് മാറിയതാവും… ഞാനാറിയാതെ ഇരിക്കുവോ ”

” ആഹ് എങ്കിൽ നീ അറിയാത്ത പലതും നടക്കുന്നുണ്ട് അമ്പാട്ട് വീട്ടിൽ…”

” നീ കാര്യം തെളിച്ച് പറയെൻ്റേ ഇന്ദിരേ.”

” ഞാനൊന്നും പറയാനില്ല..നീ തന്നെ അന്വേഷിക്ക് അതാവും നല്ലത്” അവൾ പറഞ്ഞപ്പോൾ സംശയത്തോടെ അവളെ നോക്കിക്കൊണ്ട് അമ്മു അമ്പാട്ടേക്കുള്ള വഴിയിലേക്ക് ഇറങ്ങി.

” എൻ്റെ തേവരെ… അവൾക്ക് എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ.” അമ്മു പോയ് വഴിയേ നോക്കി നിന്നു ഇന്ദിര.

അമ്പാട്ടെ പടിപ്പുര കഴിഞ്ഞ് സന്തോഷത്തോടെ പോവുകയാണ് അമ്മു… നാളുകൾ ശേഷം ഉണ്ണിയെ കാണാനുള്ള തിടുക്കവും വരുന്ന വിവരം അവളെ അറിയിക്കാഞ്ഞതിൽ ഉള്ള കുഞ്ഞ് പിണക്കവും ഉണ്ട് ഉള്ളിൽ…

പൂമുഖത്ത് കയറുമ്പോൾ കണ്ടു അമ്മാവൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നത്.

” മ്… എന്താ അമ്മു ഈ വഴിക്ക്…” അയാളുടെ ഗൗരവം നിറഞ്ഞ ഭാവം അവൾക്ക് അന്യമായിരുന്നു.

” അത് പിന്നെ ഞാൻ അമ്മായിയെ കാണാൻ…” അന്നേരം അയാളോട് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.

” മ്” ഇരുത്തി മൂളി കൊണ്ട് അയാൾ എണീറ്റ് അകത്തേക്ക് പോയി.

” ഹാവൂ… ആശ്വാസമായി…” അവൾ വേഗം അടുക്കളയിലേക്ക് ഓടി.

” അമ്മായി.. ” അവൾ സന്തോഷത്തോടെ വിളിച്ചെങ്കിലും അവരുടെ മുഖത്ത് തെളിച്ചമില്ലായിരുന്നു.

” എന്ത് പറ്റി അമ്മായി മുഖം വല്ലാതെ പനി വല്ലതും ആരുന്നോ…” അവരുടെ മുഖം ഉയർത്തി അവൾ ചോദിച്ചു.

” ഒന്നൂല്ല അമ്മൂ… ” അവരുടെ മുഖം അവളിൽ നിന്നും ഒളിപ്പിച്ചു.

” അമ്മായി ഉണ്ണിയേട്ടൻ വന്നുവോ… ഞാനറിഞ്ഞില്ലല്ലൊ , ഇപ്പൊ ദേ ഇന്ദിര പറഞ്ഞപ്പഴാ ഞാനറിഞ്ഞത്..അതാ ഓടി വന്നത് ഒന്ന് കാണാൻ…

” അമ്മായിയും ഒന്നും അറിയുന്നില്ല മോളേ.. ഒന്നും..

” ഞാനൊന്നു ഉണ്ണിയേട്ടനെ കാണട്ടേ..” അവൾ മുകളിലെ മുറിയിലേക്ക് ഓടി. എന്ത് ചെയ്യണം എന്നറിയാതെ ആ അമ്മ മനം ഉരുകി.

” ഉണ്ണിയേട്ടാ… ” അവൾ വാതിൽ തള്ളി തുറന്നതും കണ്ട് കാഴ്ചയിൽ സ്തംഭിച്ചു പോയി. തൻ്റെ പ്രാണനായ ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിനെ ചുംബിക്കാൻ ഒരുങ്ങുന്നു.

” ഒരു മാനേഴ്സില്ലേ ഇയാൾക്ക്… ഇങ്ങനയാണൊ ഒരാളുടെ റൂമിലേക്ക് വരുന്നത്.. ഇഡിയറ്റ്… ” ആ പെണ്ണാണ്.

” ഏയ് ആശ… ഇതാണ് അമൃത ഞാൻ പറഞ്ഞിട്ടില്ലെ എൻ്റെ അമ്മാവൻ്റെ മകൾ.” ഉണ്ണിയെ അമ്മു കണ്ണെടുക്കാതെ നോക്കി നിന്നു.ഒപ്പം ആ പെണ്ണിന്റെ ഇടുപ്പിൽ മുറുകിയിരിക്കുന്ന അവൻ്റെ കൈയും.

” ആഹ് അമ്മു.. ഇത് ആശ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്..” ഏതൊ ഗുഹയ്ക്കുള്ളിൽ നിന്ന് എന്നപോലെയായിരുന്നു അവൾക്ക് അവൻ്റെ വാക്കുകൾ.

” എന്താ… എന്താ പറഞ്ഞേ.. ” അവൾക്ക് വിശ്വാസം വന്നില്ല.

” ആശ മുറിയിലേക്ക് പൊയ്ക്കോളു… ആ പെണ്ണ് അമ്മുവിനെ അടിമുടി നോക്കി പുശ്ചിച്ചു കൊണ്ട് മുറിയിലേക്ക് പോയി.

” ഉണ്ണിയേട്ടാ… എന്തൊക്കെയാണ് പറയുന്നേന്ന് ബോധമുണ്ടോ.. അവരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എങ്കിൽ ഞാനാരാ ഉണ്ണിയേട്ടാ…” അവൾ അവൻ്റെ ഷർട്ടിൽ മുറുകെ പിടിച്ചു.

” ബീ പ്രാക്ടിക്കൽ അമ്മു.. ഈ പാടവും പറമ്പും , ടെക്നോളജി വളരാത്ത ഈ പട്ടിക്കാട്ടിൽ ജീവിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്… ആശ എൻ്റെ കൂടെ വർക്ക് ചെയ്യുന്നതാണ് വലിയ കാശൊള്ള വീട്ടിലെ ഒറ്റമകളാണ്… ഇവിടെ പ്ലസ്ടു മാത്രം ഉള്ള നിന്നെ കെട്ടി ഈ പട്ടിക്കാട്ടിൽ ആയുസ് മുഴുവൻ ഹോമിക്കാൻ എനിക്ക് വയ്യ… നാലഞ്ച് വർഷത്തെ പ്രണയമാണ് ഞങൾ തമ്മിൽ.. എനിക്ക് അവളെ വിട്ട് കളായാനൊന്നും പറ്റില്ല.. നീയായി ഒഴിഞ്ഞ് പോകുന്നതാവും നല്ലത്.” ഒരു തരത്തിലും ഉള്ള കുറ്റബോധമൊ വിഷമമൊ ഒന്നും അവനിൽ ഉണ്ടായിരുന്നില്ല.

” നാലഞ്ച് വർഷത്തെ പ്രണയം… അപ്പോ ഞാൻ … ഞാൻ വെറുമൊരു നേരം പോക്ക് ആയിരുന്നു… ” ആ തിരിച്ചറിവാണ് അവളെ ഏറ്റവും തകർത്തത്…

” അമ്മു… നിനക്ക് വിഷമം ഉണ്ടാകും എനിക്ക് അറിയാം പക്ഷെ ഞാൻ എൻ്റെ നല്ല ഭാവിയല്ലേ നോക്കേണ്ടത്…” അവൻ അവളുടെ തോളിൽ കൈ വച്ചു.

” ച്ഛീ കൈയെടുക്കടൊ… തൊട്ട് പോകരുത് എന്നെ… താൻ ഇത്രയും വലിയ ഒരു ചതിയനാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ… ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലൊ സന്തോഷം…. നിങ്ങൾ നിങ്ങളുടെ നല്ല ഭാവിയുമായി സുഖമായി ജീവിക്ക്.. ഞാൻ വരില്ല ഇനി ഇയാൾടെ മുന്നില്… ” അവൾ മുറിയിൽ നിന്നും ഇറങ്ങി ഓടി വന്നത് ഊണ് മുറിയിലേക്ക് ആയിരുന്നു.

” ഹാ… അവനെല്ലാം പറഞ്ഞല്ലൊ… ഇനി അമ്മു അവൻ്റെ ജീവിതത്തിൽ ഒരു തടസ്സമായി വരരുത്… ” അമ്മാവൻ അത് പറയുമ്പോൾ അവൾക്കു അയാളോട് പുശ്ചമായിരുന്നു.
അവൾ അമ്മായേയും നോക്കി…

” എന്നോട് ക്ഷമിക്ക് മോളെ… ഞാൻ ഒന്നും അറിഞ്ഞതല്ല.. പരാമാവധി പറഞ്ഞു നോക്കി… ഇല്ലാത്ത സ്നേഹം പിടിച്ചു വാങ്ങി തരാൻ തോന്നിയില്ല എനിക്ക്… എൻ്റെ മോളെ ഇവിടെ ഉള്ളവർ അർഹിക്കുന്നില്ല.. ഇനി എൻ്റെ കുട്ടി ഇങ്ങോട്ട് വരരുത്.. പൊയ്ക്കോ… ” അമ്മായി കരഞ്ഞ് കൊണ്ട് അകത്തേക്ക് പോയി.

അവൾ പ്രഞ്ജയറ്റവളെ പോലെ പുറത്തേക്കും…

വൈകാതെ നാടുമുഴുവൻ അമ്പാട്ടെ കൃഷ്ണനുണ്ണി അമ്മൂനെ വഞ്ചിച്ചു എന്ന് പാട്ടായി…

” കൊല്ലും ഞാനവനെ… പട്ടി.. എൻ്റെ കൊച്ചിനെ പറഞ്ഞ് പറ്റിച്ചിട്ട് അവനങ്ങനെ സുഖമായി ജീവിക്കണ്ട.. ” അപ്പുവേട്ടൻ ദേഷ്യപ്പെട്ടു കൊണ്ട് ഇറങ്ങി… അവന് പിന്നാലേ ചെന്ന് അമ്മു അവനെ വട്ടം പിടിച്ചു…

” എന്തിനാ ഏട്ടാ… എനിക്ക് വേണ്ടി അയാളെ ഒന്നും ചെയ്യാൻ പോവണ്ട… കൂടുതൽ ചതിക്കപ്പെടാതെ രക്ഷപ്പെട്ടു എന്നും സമാധാനത്തിലാ ഞാൻ… എൻ്റെ ഏട്ടൻ അവന്റെ മുന്നിൽ പോകണ്ട ഇനി ഒരിക്കലും… അവന് ഇന്ന് എന്നെ വേണ്ടെങ്കിൽ എനിക്ക് ഇന്നലെയേ വേണ്ട… വിട്ടേക്ക് ഏട്ടാ… ” അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവളുടെ കണ്ണീരിന് മുൻപിൽ അവനൊന്ന് തണുത്തു..

” അമ്മാവനും മോൻ്റെ തെമ്മാടിത്തരത്തിന് കൂട്ട് നിന്നല്ലൊ അമ്മേ… അയാള് കൃഷി ഇറക്കാൻ നിവൃത്തിയില്ലാതെ പറമ്പ് വിൽക്കാൻ നിന്നപ്പോ നമ്മുടെ അച്ഛനല്ലേ അയാളെ സഹായിച്ചത്… ആ നന്ദിപോലും അയാള് കാണിച്ചില്ലല്ലോ…” അപ്പുവിന്റെ അമർഷം അടങ്ങുന്നൂണ്ടായില്ല…

” മോളേ… ഏട്ടനൊരു കാര്യം പറയട്ടേ എൻ്റെ കുട്ടി അത് അനുസരിക്കോ… ”

” ഏട്ടൻ പറഞ്ഞൊ… ”

” മോള് ഒരു വിവാഹത്തിന് സമ്മതിക്കണം.. അവൻ്റെ കെട്ടിന് മുമ്പ് എനിക്ക് മോളുടെ കല്ല്യാണം നടത്തണം..” അവൻ പറയുമ്പോൾ അവൾക്കു ഏറെ വിഷമം തോന്നി എങ്കിലും അവളത് ഉള്ളിലാക്കി.. ഇന്നോളം എൻ്റെ ഇഷ്ടമാണ് ഏട്ടൻ നോക്കിയത്..

” എനിക്ക് സമ്മതം ഏട്ടാ… ഏട്ടൻ തീരുമാനിച്ചൊ… ” അതും പറഞ്ഞവൾ അകത്തേക്ക് ഓടിപ്പോയി…

ചുമരിലൂടെ ഊർന്നിറങ്ങി നിലത്തിരുന്നു കരയുമ്പോൾ അവളുടെ മനസിലെ ഉണ്ണി എന്ന മോഹവും ആ കണീരിലൂടെ ഒഴുകി ഇറങ്ങി…

ദിവസങ്ങൾ കടന്നുപോയി… അപ്പു അമ്മുവിനായി പല ആലോചനകളും നോക്കി ഒടുവിൽ നാളെ അവളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.

” അമൃതയ്ക്ക് എന്നേ എവിടെ എങ്കിലും വച്ച് കണ്ടതായി ഓർമയുണ്ടോ..” ഓർമയിൽ എങ്ങും ഈ മുഖം അവൾക്ക് കിട്ടിയില്ല.

” മ്ഹും ഇല്ല… ”

” എന്നൊ ഒരു നാളിൽ എന്നിൽ നിന്നും അകലുന്നു പ്രാണനാകനല്ല.. എല്ലായിപ്പോഴും എന്നോടൊപ്പം ഉണ്ടാകുന വെളിച്ചമാകാൻ വരുമോ നീ…”. അയളാത് പറയുമ്പോൾ അമ്മു ഞെട്ടലൊടെ അയാളെ നോക്കി..

” ഉണ്ണിയേട്ടൻ പ്രണയം പറഞ്ഞ വരികൾ… ഇന്നും ഉണ്ട് എൻ്റെ മനസ്സിനുള്ളിൽ ആ വാക്കുകൾ… ” അവളുടെ ഉള്ളം നൊന്തു.

” അമ്പാട്ടെ കൃഷ്ണനുണ്ണി ആദ്യമായി പ്രണയം പറഞത് ഇങ്ങനെയാണ് അല്ലേ അമ്മൂ… ” അവൻ കുസൃതിയോടെ ചോദിച്ചു.

” ഇത് എങ്ങനെ… ” അവൾക്ക് സംശയം.

” എൻ്റെ പേര് മാധവ്… ഇവിടെ കൃഷി ഓഫീസിലാ ജോലി… കൃഷ്ണനുണ്ണിയും ഞാനും ഒന്നിച്ചാ പഠിച്ചത്… ഒരിക്കൽ തേവരുടെ കോവിലിൽ വച്ച് ഞാൻ കണ്ട് ഇഷ്ടപ്പെട്ടതാണ് അമ്മുവിനെ… പക്ഷേ നേരിട്ട് പറയാനുള്ള ഭയം, അത് കൊണ്ട് അവനോടു പറയാൻ ഏൽപിച്ചതാ.. എന്ത് ചെയ്യും ആൽമാർത്ഥ കൂട്ടുകാരൻ എട്ടിന്റെ പണിയാ തന്നു… അവൻ ഇയാളെ അവന് ഇഷ്ടമാണ് എന്നരീതിയിൽ പറഞ്ഞു.. നിങ്ങൾ മുറചെറുക്കനും പെണ്ണും ഇയാള് അത് സമ്മതിച്ചു… പിന്നീട് അവൻ എന്നോട് മിണ്ടീട്ടില്ല… പിന്നെ ഇപ്പൊ… ” അവൻ ചെറിയ ചമ്മലോടെ പറഞ്ഞു.

” പിന്നെ ഇപ്പൊ എന്താ അന്ന് ഇല്ലാത്ത ധൈര്യം പൊട്ടി മുളച്ചോ… അന്നേ നേരിട്ട് വന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെ തേഞ്ഞൊട്ടി ഇരിക്കില്ലാരുന്നു… ” അമ്മു മുഖം വെട്ടിച്ചു.

” നീയൊന്ന് ക്ഷമിക്ക് എൻ്റെ അമ്മുവേ… വേണോങ്കിൽ കെട്ടികഴിഞ്ഞ് നീ രണ്ട് തന്നോടീ ഞാൻ വാങ്ങി കൊള്ളാം… ” അവൻ മീശ തുമ്പ് ഒന്ന് പിരിച്ചു.

” അത് ഞാൻ തരുന്നുണ്ട്… ” അവൾ പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി…

” അപ്പോ മാധവാ… നമുക്ക് എത്രയും പെട്ടെന്ന് ഇത് നടത്താം… അറിയാലൊ അവൻ്റെ വിവാഹത്തിന് മുമ്പ് ഇവളുടെ എനിക്ക് നടത്തണം…” അപ്പു അവൻ്റെ കൈയിൽ പിടിച്ച്.

” ഏട്ടാ… എന്തിനാ ഇപ്പൊ ധൃതി പിടിച്ച്… അതിന്റെ ആവശ്യവും ഇല്ല.. ” അമ്മു പറയുമ്പോൾ എല്ലാവരും അവളെ ഞെട്ടലോടെ നോക്കി.

” പേടിക്കണ്ട… എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്.. പക്ഷേ ഇങ്ങനെ അയാളോടുള്ള വാശിയ്ക്ക് ധൃതിയിൽ വേണ്ട… അൽപം സമയമെടുത്തു ആഘോഷമായി തന്നെ നടത്താം… അതുവരെ ഞാൻ ഈ കൃഷിആപ്പീസറെ ഒന്ന് മനസിലാക്കട്ടെ… ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ചയല്ലേ..” അവൾ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

” അവള് പറഞ്ഞതാ അതിന്റെ ശരി… അങ്ങനെ മതി… ” മാധവിൻ്റെ അമ്മ അതിനേ അനുകൂലിച്ചു. ഒടുവിൽ അതിനെ അങ്ങനെ തീരുമാനമാക്കി.

നാളുകൾ അധിവേഗം കഴിഞ്ഞു പോയ്.. ആദ്യം ഉണ്ണിയുടെയും പിന്നീട് അമ്മൂൻ്റെയും മാധവിൻ്റെയും വിവാഹം ആഘോഷമായി തന്നെ നടന്നു…

മാധവിൻ്റെ ജീവിതത്തിലെ ഒളിമങ്ങാത്ത വെളിച്ചമായി മാറി അമ്മു…
പഴയ കാലത്തെ ഓർമകൾ ഒന്നും തന്നെ അവരുടെ ചിന്തകളിൽ ഉണ്ടായിരുന്നില്ല…
ജീവിതം അതിന്റെ മനോഹാരിതയിൽ അവർ ആഘോഷമാക്കി മാറ്റി…

അമ്മൂന് ഇത് ആറാം മാസം ആണ്… അപ്പു അവളെ കാണാൻ വീട്ടിൽ എത്തിയപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്…

ഉണ്ണിയേട്ടൻ്റെ നാലഞ്ച് വർഷത്തെ ആത്മാർത്ഥ പ്രണയമായ പരിഷ്കാരി ഭാര്യ വേറെ ആർക്കൊ ഒപ്പം വിദേശത്തേക്ക് പോയത്രേ… നാണക്കേട് കാരണം ഉണ്ണി ഇപ്പോ അമ്പാട്ട് തന്നെയാണ് ഇരിപ്പ്… കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… അല്ലേലും ഇതിനൊക്കെ നമ്മൾ എന്ത് പ്രതികരിക്കാനാണ്…

വൈകിട്ട് തേവരെ തൊഴാൻ മാധവും അമ്മയും ഒത്ത് ക്ഷേത്രത്തിൽ എത്തിയതാണ് അമ്മു…

” മോളെ അമ്മൂ… ” പിന്നിൽ നിന്ന് അമ്മായിയുടെ വിളികേട്ടു അവർ തിരിഞ്ഞ് നോക്കി ഉണ്ണിയേട്ടനും അമ്മായിയും ആണ്…

” സുഖമാണൊ മോളെ.. ഇപ്പൊ എത്ര മാസമായി.”

” ആറ്… സുഖല്ലേ അമ്മായി…” അവൾ ഉണ്ണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ തലകുനിച്ചു നിന്നു.

” വാ അമ്മൂ സമയമായി… ” മാധവ് ശ്രദ്ധയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പോയ്. അത് കണ്ണെടുക്കാതെ നോക്കി നിന്നു ഉണ്ണി.

” ഒരു നിമിഷത്തെ അവിവേകം. ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ നീയിയിരുന്നേനെ ആ സ്ഥാനത്ത്… ഭാഗ്യമില്ല… ” അമ്മായി അവനെ നോക്കി പറഞ്ഞു.

” അമ്മൂസേ…അവൻ്റെ കണ്ണില് നല്ല നിരാശയുണ്ട് അല്ലേ… ”

” ആ ആർക്കറിയാം ഞാൻ നോക്കീല… ഉണ്ടെങ്കിൽ തന്നെ നമുക്ക് എന്താ ആപ്പീസറെ… അയാൾക്ക് അയാളുടെ പാട്…

” അതും ശരിയാ… ” മാധവ് അവളുടെ വയറിൽ തഴുകി.

” ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുന്നത് അതിലും മികച്ചതിനെ നമുക്ക് തരാൻ വേണ്ടിയാണ്… ”

” അത് നേരാ… ഈ എന്നപോലെ…

” ഉവ്വേ…

” എന്താടി നിനക്ക് സംശയമുണ്ടോ…

” ഒരു സംശയവുമില്ല ൻ്റെ ആപ്പീസറേ… അവൻ്റെ മുടിയിൽ വിരൽ കടത്തി ഉലച്ചു…

പരസ്പരം കുറോമ്പുകാട്ടിയും പ്രണയം പകർന്നും അവരുടെ ജീവിതം മുന്നോട്ട്…

Leave a Reply

Your email address will not be published. Required fields are marked *