ഞാനാണ് തെറ്റിപോയത്… നീ പറഞ്ഞത് ശരിയാ… അവൾ ചെയ്യുന്ന എല്ലാ കാര്യത്തിനും ഞാൻ കൂട്ട് നിൽക്കരുതായിരുന്നു..

നേർക്കാഴ്ച്ചകൾ
(രചന: ശിവ ഭദ്ര)

നിർത്താതെയുള്ള ഫോൺ റിങ് കേട്ടാണ് സൂസൻ ജോലിക്കിടയിൽ തന്റെ മൊബൈൽ എടുത്ത് നോക്കുന്നത്, ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവളുടെ മുഖത്ത് ചിരി വിടർന്നു..

” ഇച്ചായൻ കാളിങ് ” വീണ്ടും വീണ്ടും മൊബൈലിൽ അത് തന്നെ തെളിഞ്ഞപ്പോൾ, അവൾ ഫോണെടുത്തു…

“എന്താ ഇച്ചായ… പതിവില്ലാതെ ഈ നേരത്ത് ഒരു വിളി…”

” ടി കോപ്പേ… നീയിതു എവിടെ പോയി കിടക്കുവായിരുന്നു… എത്ര നേരമായി വിളിക്കുന്നെ.. ആവശ്യത്തിന് വിളിച്ചാൽ എടുക്കുകയുമില്ല… എടുത്തിട്ടാണെൽ അവളുടെ ഒരു കോപ്പിലെ സംസാരവും ..”

” ഇച്ചായ.. എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ.. എന്താ കാര്യം… ”

” ടി നീ വേഗം ആസ്റ്റർ മെഡിസിറ്റിയിലേക്ക് വാ.. നമ്മുടെ ഇസ മോൾക്ക് വയ്യാ.. സ്കൂളിൽ നിന്ന് അവളുടെ ടീച്ചർ വിളിച്ചു…

അവർ അവളെയും കൊണ്ട് അങ്ങോട്ടെയ്ക്ക് പോയിട്ടുണ്ട്..
ഞാനും ഓഫീസിൽ നിന്ന് ഇറങ്ങി..
നീ വേഗം വാ.. ”

” അയ്യോ.. എന്റെ കൊച്ച്… അവൾക്കിത് എന്നാ പറ്റിയെ..”

” അറിയില്ല…. സംസാരിച്ച് നിൽക്കാൻ സമയമില്ല.. നീ വേഗം വാ.. ”

തിരിച്ച് എന്തെങ്കിലും പറയും മുന്നേ ജോർജ് ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു ..

സൂസൻ പിന്നെ ഒന്നും ആലോചിച്ച് സമയം കളയാതെ തന്നെ വേഗം റെഡിയായി ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങി ..

ഏകദേശം അരമണിക്കൂർ ഡ്രൈവ്
അത്രയേയുള്ളൂ ആസ്റ്റർ മെഡിസിറ്റിലേയ്ക്ക്..

അവൾ അവിടെ ചെന്ന് കാർ പാർക്ക്‌ ചെയ്യുമ്പോൾ തന്നെ കണ്ടിരുന്നു ജോർജിന്റെ വണ്ടി കിടക്കുന്നത്…

അവൾ വേഗം തന്നെ ഹോസ്പിറ്റലിലേയ്ക്ക് കയറി..

അപ്പോഴേക്കും ജോർജിന്റെ കോളും വന്നു..

” ഹലോ ഇച്ചായ.. ഞാൻ ദാ ഹോസ്പ്പിലിൽ എത്തി.. ഇച്ചായൻ എവിടാ…”

” ടി… നീ നേരെ ഐ. സി. യൂ വിലേയ്ക്ക് പോരൂ.. ഞാൻ അതിന്റെ മുന്നിലുണ്ട്.. ”

” ഈശോയെ.. ഐ. സി. യൂ വിന് മുന്നിലോ.. എന്റെ കൊച്ചിന് എന്നാ പറ്റിയെ.. ”

” നീ വാ…”

അവൾ വളരെ വേഗതയിൽ തന്നെ അങ്ങോട്ടേക്ക് നടന്നു,

നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ അവിടെ എത്തി..

അവൾ അവിടെ എത്തുമ്പോൾ ജോർജ് ഡോക്ടറോട് സംസാരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..

ഇച്ചായന്റെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നതും കണ്ടു.. കണ്ണൊക്കെ നിറഞ്ഞിട്ടുമുണ്ട്… ആകെ ഒരു പന്തികേട്…

” ഈശോയെ.. എന്റെ കൊച്ച്…
അവളെ കാത്തോളണേ…
ഒന്നും വരുത്തരുതേ… ”

അവിടത്തെ അന്തരീക്ഷം കണ്ട് സൂസൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഇച്ചായന്റെ അടുത്തേക്ക് ചെന്നത്

” ഇച്ചായ….. നമ്മുടെ മോള്… ”

“കുഴപ്പമൊന്നുമില്ല ..അവൾ ഒക്കെയാണ്..”

” എന്നിട്ട് എന്റെ കൊച്ചേവിടെ ഇച്ചായ …
എനിക്ക് ഇപ്പോൾ തന്നെ എന്റെ കൊച്ചിനെ കാണണം ”

“അവൾ ഇപ്പോൾ ഐ സി യൂ വിലാണ്…
നമുക്ക് കാണാം..നീ തിരക്ക് കൂട്ടല്ലേ…”

” ഐ സി യൂ വിലോ ഈശോയെ.. എന്റെ കൊച്ചിന് ഇത് എന്താ ഇച്ചായ പറ്റിയെ..
സ്കൂളിൽ പോകുമ്പോഴും അവൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ…
പിന്നെ എന്താ ഇപ്പോൾ പറ്റിയെ… ”

” ടി നീയിങ്ങനെ ടെൻഷനാവാതെ..
അവള്… നമ്മുടെ കൊച്ച് ഒരു അബദ്ധം കാണിച്ചു.. ”

” അബദ്ധമോ… എന്തബദ്ധം… ”

” അത് നമ്മുടെ കുഞ്ഞു.. അവൾ കൈ ഒന്ന് മുറിച്ചു.. ”

” ഈശോയെ… എന്റെ കൊച്ച്…
എനിക്ക് ഇപ്പൊത്തന്നെ അവളെ കാണണം.. എന്തിനായിരുയ്ക്കും എന്റെ കുഞ്ഞ് അങ്ങനെ ചെയ്തെ.. ”

വാക്കുകൾ മുറിയുമ്പോഴും അതിനിരട്ടിയായി അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി കൊണ്ടേയിരുന്നു…

അല്ലെങ്കിലും ഏത് അമ്മയ്ക്കാണ് തന്റെ കുട്ടിക്ക് ഇങ്ങനെ ഒന്ന് സംഭവിച്ചെന്ന് കേൾക്കുമ്പോൾ സഹിക്കുവാൻ കഴിയുക

കരഞ്ഞു തളർന്ന സൂസൻ ജോർജിന്റ കരങ്ങളിൽ അഭയം തേടുമ്പോൾ,
അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് ഇസമോളുടെ മുഖമായിരുന്നു…

വിവാഹത്തിന് ശേഷം ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരുന്നിട്ടുണ്ട് …

ഒടുവിൽ എല്ലാ പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും ഫലമായിട്ടാണ്
ഇസമോൾ തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്ന് വരുന്നത്..

ജീവിതം തന്നെ താറുമാറായി പോകുമെന്ന് തോന്നി തുടങ്ങിയപ്പോൾ, പിടിച്ച് നിൽക്കാൻ ഒരു കച്ചിത്തുരുമ്പ്… അത് തന്നെയായിരുന്നു.. ഇസ… ഞങ്ങളുടെ ഇസബെല്ല.

അവളുടെ വരവോടെ ജീവിതം തന്നെ മാറിപ്പോയി…സ്നേഹം കൊണ്ട് വീടും വീട്ടുകാരെയും അവൾ മൂടുകയായിരുന്നു…

ഒരു കൊച്ച് കിലുക്കാംപെട്ടി .. അവളുടെ കളി ചിരിയിൽ ഞങ്ങളുടെ ലോകം പോലും അലിഞ്ഞു പോകുകയിരുന്നു.

കൊഞ്ചി കൊഞ്ചിയുള്ള വാർത്തമാനവും… ആരെയും മയക്കുന്ന ചിരിയും.. ഞങ്ങളുടെ കൊച്ച് ലോകത്ത് ഏഴഴക് ചാർത്തി കൊണ്ടേയിരുന്നു…

അമ്മയെന്ന വിളിയുടെ അർത്ഥവും ആഴവും അറിഞ്ഞതും അവളിലൂടെയായിരുന്നു…

എന്റെ ജീവനായി മാറിയ അവൾ
ഇച്ചായന് തന്റെ പ്രാണൻ തന്നെയായിരുന്നു.

അവളിലൂടെ ഞങ്ങൾ സ്വയം കുഞ്ഞുങ്ങളാവുകയും, അവൾ വളരുമ്പോൾ അവളുടെ കൂടെ ഞങ്ങളും വളരുകയായിരുന്നു…

നല്ല ഒരു അമ്മയും അതിലേറെ ഒരു കൂട്ടുകാരിയായി ഞാൻ അവൾക്ക് മാറിയപ്പോൾ, ഇച്ചായൻ അവൾക്ക് എന്തിനും ഏതിനും കൂടെ നില്ക്കുന്ന ഒരു കൂട്ടുകാരനുമായി മാറി.

കാലങ്ങൾ കടന്ന് പോയി

വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങൾ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു, അവളുടെ സുരക്ഷാകവചമായി.

എപ്പോഴോ അവൾ തന്നിൽ നിന്ന് ഒരു അകലം പാലിക്കുന്നതായി തോന്നി തുടങ്ങിയപ്പോൾ,

തനിക്കത് സഹിക്കുന്നതിലും അപ്പുറമായിരുന്നു, അതുകൊണ്ട് തന്നെയാണ് അവളിലേയ്ക്ക് ഒന്നൂടെ ചേർന്ന് നടക്കുവാൻ താൻ ശ്രമിച്ചതും.

അവൾക്ക് ഒരു പോറൽ വരുന്നത് പോലും തനിക്ക് സഹിക്കാനാവില്ല …

അപ്പോൾ ഇങ്ങനെ ഒരു അവസ്ഥ, താനെങ്ങനെ ഇത് സഹിക്കും.

ഇച്ചായന്റെ തണുത്ത കൈ സ്പർശിച്ചപ്പോഴാണ് താൻ ചിന്തയിൽ നിന്ന് ഉണർന്നത്..

“ഇച്ചായ…”

” മ്മ്.. ”

“എന്തിനാ അവൾ ഇങ്ങനെ ചെയ്തേ…
നമ്മളെയൊന്ന് ഓർക്കുക പോലും ചെയ്യാതെ, എന്തിനാ അവൾ ഇങ്ങനെ ചെയ്തത്…”

“അത്… അതെന്റെ എന്റെ തെറ്റാണ് സൂസൻ … നീ പലതവണ പറഞ്ഞപ്പോൾ… ഞാനൊന്ന് ശ്രദ്ധിക്കേണ്ടതായിരുന്ന്.. ”

“എന്താ ഇച്ചായ… ”

“ടി നീ അന്ന് പറഞ്ഞില്ലേ… അവൾക്ക് എന്തോ മാറ്റം വന്നു.. എന്നൊക്കെ…”

“മ്മ് …”

” നിന്നോട് എപ്പോഴും ദേഷ്യമാണ്..
അധികം സംസാരിക്കുന്നില്ല… എപ്പോഴും ഫോണിലും ലാപ്ടോപ്പിലുമൊക്കെയാണ്… പറഞ്ഞാൽ ഒന്നും കേൾക്കുന്നില്ല എന്നുമൊക്കെ … ”

“മ്മ്മ്…

പക്ഷേ അന്ന് ഇച്ചായൻ പറഞ്ഞല്ലോ
അതെല്ലാം എന്റെ തോന്നലാണെന്ന്..
അവളെ കൂടുതലായി ഞാൻ കോൺട്രോൾ ചെയുന്നത് കൊണ്ടാണ് അവൾ അങ്ങനെ പെരുമാറുന്നത് എന്നൊക്കെ…

ഇച്ചായൻ പറഞ്ഞതിന് ശേഷം ഞാൻ അവളുടെ കാര്യങ്ങളിലേയ്ക്ക് അധികം ഇടപെടാതെയായപ്പോൾ അവൾ പഴയത് പോലെ എന്നോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയല്ലോ ഇച്ചായ …”

“ഇല്ലടി… ഞാനാണ് തെറ്റിപോയത്…
നീ പറഞ്ഞത് ശരിയാ… അവൾ ചെയ്യുന്ന എല്ലാ കാര്യത്തിനും ഞാൻ കൂട്ട് നിൽക്കരുതായിരുന്നു..

ന്യായികരിക്കരുതായിരുന്നു… നീ പറഞ്ഞപ്പോഴെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ… ഇന്ന് ഇങ്ങനെ നമ്മുടെ മോൾ കിടക്കേണ്ടിവരികയില്ലായിരുന്നു….

നല്ല ഒരു അച്ഛനോ കൂട്ടുകാരനോയാവാൻ എനിക്ക് പറ്റിയില്ലടി… നമ്മുടെ കൊച്ചിനെ… അവളുടെ മനസ്സിലെ കാര്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാൻ പറ്റിയില്ല…
ഞാൻ തോറ്റു പോയി….”

ജോർജ് തന്റെ ഇരു കൈകളും കൊണ്ട് മുഖം പൊത്തി പൊട്ടി കരയാൻ തുടങ്ങി …

എന്താ കാര്യമെന്ന് അറിയാതെ സൂസൻ ജോർജിനെ അശ്വസിപ്പിക്കാൻ ശ്രമിച്ചു..

ആശ്വാസവാക്കുകൾക്ക് പോലും മുൾമുനയേക്കാൾ മൂർച്ചയുണ്ടെന്നാണ് ജോർജിന് അപ്പോൾ തോന്നിയത്.

അല്പസമയത്തിന് ശേഷം …

ഐ സി യൂ വിന്റെ ഡോർ തുറന്ന് നേഴ്സ് വന്നു ഇസയുടെ അടുത്തേക്ക് തങ്ങളെ കൊണ്ടുപോയി…

തളർന്ന് കിടക്കുന്ന ഇസയെ കണ്ടപ്പോൾ നെഞ്ച് പൊട്ടിപോകും പോലെ തോന്നി..

കൈ തണ്ടിൽ സ്റ്റിച്ച് ഇട്ട ഭാഗം കെട്ടി വെച്ചിട്ടുണ്ട്…

ഒരു കൈയിൽ ട്രിപ്പും ഇട്ടിട്ടുണ്ട്…

അവൾ കിടക്കുന്ന കട്ടിലിനു അടുത്തുള്ള കസേരയിൽ താൻ ഇരുന്നു…

ജോർജ് അവളുടെ അടുത്ത് ചെന്ന് നെറുകയിൽ ഒരു ഉമ്മ കൊടുത്തു തലോടി കൊണ്ടിരുന്നു..

അപ്പോൾ ഇസ തന്റെ കണ്ണുകൾ പതുക്കെ തുറന്നു… ഞങ്ങളെ കണ്ടതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി …

നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് ജോർജ് അവളോട്‌ പറഞ്ഞു..

“അയ്യേ.. അപ്പയുടെ കുട്ടി കരയുന്നോ…
മോശം മോശം… ഒന്നുല്ലടാ… ഇതൊക്കെ എന്ത്… അപ്പാടെ പൊന്നുംകുടം ഇത്രയുള്ളോ…”

“അപ്പാ…”.

“പോട്ടെടാ… കഴിഞ്ഞത് കഴിഞ്ഞു…
എന്നോട് നിനക്ക് പറയായിരുന്നില്ലേ…
അല്ലെങ്കിൽ അമ്മയോടെങ്കിലും പറയായിരുന്നില്ലേ…നമ്മൾ നല്ല കൂട്ടുകാരായിരുന്നില്ലേ..
പിന്നെ എന്താ മോള് പറയാതിരുന്നത്…”

“അപ്പാ… സോറി… ഞാൻ പേടിച്ചു പോയി… ഞാൻ തെറ്റ് ചെയ്തു പോയി അപ്പാ… അമ്മയും അപ്പയും അറിയാതെ…. നിങ്ങൾ എനിക്ക് തന്ന സ്വാതന്ത്ര്യം ഞാൻ മിസ്സ്‌യൂസ് ചെയ്തു …

അപ്പടേം അമ്മയുടേം മോൾ ആകാൻ ഞാൻ യോഗ്യത ഇല്ലാതെയായിപോയി…
സോറി …”

“എന്റെ ഇസ മോളേ എന്തോന്നൊക്കെയാ ഈ പറയുന്നേ..”

“അതേ അമ്മ…. എനിക്ക് തെറ്റ് പറ്റി പോയി അമ്മ …”

” ഇസ മതിടാ… നിർത്ത്.. കഴിഞ്ഞത് കഴിഞ്ഞു… ”

” ഇല്ലാ അപ്പാ… അമ്മ അറിയണം…
നിക്കറിയാം അപ്പാ പറഞ്ഞു കാണില്ല…
അമ്മ അറിയണം… അമ്മയോട് പറഞ്ഞില്ലങ്കിൽ എനിക്ക് പിന്നെ അമ്മയെ ഫേസ് ചെയ്യാൻ ആവില്ല.. ”

” എന്താ മോളേ… എന്താ ഇച്ചായ.. ഇവൾ എന്തൊക്കെയാ ഈ പറയുന്നത്… ”

” അമ്മ… ഞാൻ… ”

” എന്താ നീ പറ.. ന്താ കാര്യം… ”

” അമ്മ എന്നോട് ദേഷ്യപ്പെട്ടോ… തല്ലിക്കൊ… ചീത്ത പറഞ്ഞോ.. പക്ഷേ മിണ്ടാതെയിരിക്കരുത്… എനിക്ക് അത് സഹിക്കാൻ പറ്റില്ലമ്മ ….. ”

“എന്തോന്നാ മോളേ… നിന്നെ തല്ലുകയോ… അങ്ങനെ ഒന്ന് ഉണ്ടായിട്ടുണ്ടോ ഇന്നേവരെ.. എന്തിനാ നീ ഇങ്ങനൊക്കെ പറയുന്നേ.. നീ എന്താ ചെയ്തേ…ഇങ്ങനൊക്കെ പറയാനും മാത്രം…”

” അമ്മാ. അത്… അപ്പയും അമ്മയും അറിയാതെ ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങി…. ”

” ഇതിനാണോ.. നീ ഇങ്ങനെ കാണിച്ചേ.. ”

” അല്ല.. ”

” പിന്നെ.. ”

“അമ്മാ… അതെ ഞാൻ ഒരു ചാറ്റ് ആപ്പിൽ ജോയിൻ ചെയ്തു… സ്കൂളിലെ കൂട്ടുകാർ വഴിയാണ് ഞാൻ ആ ആപ്പ് അറിയുന്നത്… അവരൊക്കെ അതിലുണ്ട്… എന്നോടും ചേരാൻ പറഞ്ഞു…

കുറെ നിർബന്ധിച്ചപ്പോൾ ഞാനും ചേർന്നു… ഇപ്പോൾ ഒരു ആറ് ഏഴ് മാസമായി ഞാൻ അതിൽ… അമ്മ അന്ന് ചീത്ത പറഞ്ഞില്ലേ…

മുഴുവൻ നേരവും ഫോണിലാണ് ഞാൻ, ആരാ ഫോണിൽ എന്നൊക്കെ അപ്പോഴൊക്കെ ഞാൻ അതിൽ ചാറ്റ് ചെയ്യുകയായിരുന്നു….

പലരുമായി സംസാരിച്ചു …. ചിലർ ഇഷ്ടമാണെന്നൊക്കെ പറഞ്ഞു..
കൂട്ടുകാരോട് പറഞ്ഞപ്പോൾ..

ഇതൊക്കെ ഒരുനേരംപോക്കല്ലേ ..
നീ സംസാരിച്ചോ ഒരുകുഴപ്പവുമില്ല എന്നൊക്കെ പറഞ്ഞു.. അതുകൊണ്ട് ഞാൻ പിന്നേം സംസാരിച്ചു..

അങ്ങനെ ഇരിക്കെയാണ് ഞാൻ രോഹിത്തിനെ പരിചയപ്പെടുന്നത്..
പലപ്പോഴും പഠിക്കാൻ എന്നും പറഞ്ഞ് ഫോൺ എടുത്തത് അവനുമായി സംസാരിക്കാനായിരുന്നു …
ഞങ്ങൾ പെട്ടെന്ന് കൂട്ടായി…

ഒരുപാടു ഒരുപാട് സംസാരിച്ചു…
വീട്ടിലെ വിശേഷങ്ങളും… അപ്പയെയും അമ്മയെയും പറ്റി ഒക്കെ… ഒരിക്കൽ എന്റെ നമ്പർ അവൻ ചോദിച്ചു…നല്ല കൂട്ടായത് കൊണ്ട് ഞാൻ കൊടുത്തു…

പിന്നീട് വാട്സ്ആപ്പിലായി സംസാരം …
ഒരിക്കൽ അവനെന്റെ ഫോട്ടോ ചോദിച്ചു…ഞാൻ അവനെ വിശ്വസിച്ചതു കൊണ്ട് ഫോട്ടോ കൊടുത്തു…”

“ഇസ മോളേ… മതി… നീ റസ്റ്റ്‌ എടുക്കൂ…
നമുക്ക് ബാക്കി നാളെ പറയാം …”

” ഇല്ലപ്പാ… പ്ലീസ് എനിക്ക് അമ്മയോട് പറയണം… പറയാതെ പറ്റില്ല….ഞാൻ ചെയ്തത് തെറ്റാണ്… അമ്മ പലപ്പോഴും എന്നോടു പറഞ്ഞതാണ്….

ഈ ലോകം നിറയെ ചതി കുഴികളാണെന്ന്.. പ്രത്യേകിച്ച് പെൺകുട്ടികൾ വളരെ ശ്രദ്ധിക്കണമെന്ന്..
ഞാൻ കേട്ടില്ല…

എന്റെ ഈഗോയും ഫ്രസ്ട്രേഷനുമൊക്കെ കാരണം അമ്മ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല…
അമ്മയെ ശത്രുവായി കണ്ടു…
അമ്മയെന്റെ നന്മയ്ക്കുവേണ്ടി പറഞ്ഞതൊക്കെയും ഞാൻ തെറ്റായി കണ്ടു…

ഒരുപാട് ഞാൻ അമ്മയെ വിഷമിപ്പിച്ചു..
അമ്മയുടെ വാക്ക് കേൾക്കാഞ്ഞത് കൊണ്ടല്ലേ ഇന്ന് ഞാൻ ഇങ്ങനെയായത്…സോറി അമ്മ… എന്നോട് ക്ഷമിക്കണം…. ”

കേൾക്കുന്നതൊക്കെ വിശ്വസിക്കാനാവാതെ സൂസൻ അവിടെ നിശ്ചലമായി നിന്നു …

” അമ്മ.. അവൻ..രോഹിത് എന്റെ ഫോട്ടോ മോ ർ ഫ് ചെയ്തു… പലതിനും ഉപയോഗിക്കുമെന്നും പറഞ്ഞ് എന്നെ പേടിപ്പിക്കുവാണ്…ബ്ലാ ക്‌ മെയ്ൽ ചെയ്യുവാണ്..

അവൻ പറയുന്നപോലെ ഒക്കെ ചെയ്യണം… പറയുന്ന സ്ഥലത്ത് ചെല്ലണം എന്നൊക്കെ…

ഞാൻ പറ്റില്ല പറഞ്ഞപ്പോൾ,
അപ്പയോടു പറയും.. ഈ മോർഫ് ചെയ്ത ഫോട്ടോ അയക്കും… എന്നൊക്കെ പറഞ്ഞു…

അപ്പയോടും അമ്മയോടും ഞാൻ ഇതൊക്കെ എങ്ങനെ പറയും… എനിക്ക് പേടിയായിരുന്നു.. ഞാൻ കൂട്ടുകാരോട് പറഞ്ഞു, അവരും എന്നെ ഒഴിവാക്കി…
ഫോണിൽ നോക്കുമ്പോൾ തന്നെ എനിക്ക് പേടിയാ…

അപ്പയും അമ്മയും ഇതൊക്കെ അറിഞ്ഞു മറ്റുള്ളവരുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കുന്നത് ഓർത്തപ്പോൾ എനിക്ക് സഹിച്ചില്ല.. അതാ ഞാൻ ഇങ്ങനെ ചെയ്തേ…

ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാമെന്ന് കരുതിയതും …
വല്ലാത്ത ധൈര്യം തോന്നി..

ക്ലാസ്സ്‌ ബ്രേക്ക്‌ സമയത്ത് ഞാൻ വാഷ്റൂമിൽ പോയി കൈയിൽ കരുതിയ ബ്ലേ ഡ് കൊണ്ട് കൈ മു റിച്ചത്, പക്ഷേ അത് കഴിഞ്ഞപ്പോഴാണ് എനിക്ക് എന്റെ അപ്പയും അമ്മയും മുഖം ഓർമ്മ വന്നത് ..

ഞാനില്ലാതെ എന്റെ അപ്പയും അമ്മയും ഒരുപാട് വിഷമിക്കുമല്ലോ എന്നൊക്കെ ചിന്തിച്ചു ….

അപ്പോഴേക്കും ഒരുപാട് സമയം വൈകി പോയിരുന്നു ….അമ്മ.. അമ്മേ….സോറി…
പ്ലീസ് അമ്മാ…. അറിയാതെ പറ്റിപോയതാ…

അമ്മാ… അമ്മേടെ മോളോട് ഒന്ന് ക്ഷമിക്ക് അമ്മാ… പ്ലീസ്… ”

ഇസ പറയുന്നത് കേട്ട് സൂസന്റെ മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു…

കേട്ടതൊക്കെയും സത്യമാണോ…?
അതെ സത്യമാണ്… അതല്ലേ ഇന്ന് അവൾ ഈ നിലയിൽ ഇവിടെ…

അവൾ ഒരു നിമിഷം സ്വയം ചോദിച്ചു

“ഇസയെ വളർത്തുന്നത് തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത്.. പണ്ട് തൊട്ടേ നല്ല കൂട്ടുകാരെ പോലെയല്ലേ താനും ഇച്ചായനും അവളോട് പെരുമാറിയിരുന്നത് … അവളിൽ നിന്ന് ഒന്നും മറച്ചു വെക്കാറേ ഇല്ലാ… വെച്ചിട്ടുമില്ല….

ഒരേയൊരു കുട്ടിയായതിനാൽ എല്ലാം അറിഞ്ഞു വളരട്ടെയെന്നായിരുന്നു ഞങ്ങളും ആഗ്രഹിച്ചത്… അതുകൊണ്ട് തന്നെ പല ഉദാഹരണങ്ങളും പറഞ്ഞും ചൂണ്ടി കാട്ടിയും പല തവണ എല്ലാം പറഞ്ഞു കൊടുത്തതല്ലേ….

ഈ നശിഞ്ഞ കൊറോണയും ഓൺലൈൻ ക്ലാസ്സും വന്നു കഴിഞ്ഞപ്പോഴാണ് എല്ലാം താറുമാറായത്…. അവളിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയതും….

ഇപ്പോൾ ദാ സൈബർ ലോകത്ത്… ആരോ ഒരാൾ… ആരെന്ന് അറിയാത്ത ഒരാളെ വിശ്വസിച്ചു… അയാളുടെ കൈയിൽ എന്റെ കുഞ്ഞിന്റെ ഭാവിയും….

ഇനി എങ്ങനെ എന്താവും….
ഓർക്കുമ്പോൾ പേടി തോന്നുവാണ്…”

കുറച്ച് നേരം സൂസൻ തന്റെ കണ്ണുകൾ അടച്ചിരുന്നു…. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ..

കുറച്ച് കഴിഞ്ഞു അവൾ തന്റെ കണ്ണുകൾ തുടച്ച് മോൾടെ അടുത്തേക്ക് ചെന്നു, നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു…

” മോളേ…ഇസ … നീ ചെയ്തത് പ്രായത്തിന്റെ ചാപല്യമോ ഒക്കെയായേക്കാം … ടീനേജ് പ്രായമല്ലേ
ഈ പ്രായത്തിൽ എല്ലാവർക്കും ഇങ്ങനൊക്കെ തോന്നിയേക്കാം, ചെയ്തേക്കാം …

പ്രായത്തിന്റെ എടുത്തു ചാട്ടം അതുതന്നെയാവാം നീയും ചെയ്തത്…
മാതാപിതാക്കളോട് തോന്നുന്ന ദേഷ്യവും… അവർ പറയുന്നത് ഒക്കെ തെറ്റാണ് എന്ന ചിന്തയൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നും…
ശരിയാ…..

നീ എപ്പോഴും പറയും പോലെ…

” അമ്മ എനിക്ക് എന്റെ സ്പേസ് വേണം ”
ഈ സ്പേസ് അത് മിക്ക മാതാപിതാക്കളും തന്റെ കുട്ടികൾക്ക് കൊടുക്കാറുണ്ട്…

പക്ഷേ അവർക്ക് അത് മനസ്സിലാവില്ല…അവർ മറന്ന് പോകുന്ന ഒരു കാര്യമുണ്ട്..ഈ മാതാപിതാക്കളും ഇതേ പ്രായം കഴിഞ്ഞു വന്നവരാണ് എന്ന്…

അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ ഒരു ചെറിയ മാറ്റം പോലും അവർക്ക് മനസ്സിലാവുന്നതും അതിനെ എതിർക്കുന്നതും… നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് പോലും നിങ്ങൾ മറക്കുന്നു….

ഇപ്പോൾ പിന്നെ ഓൺലൈൻ പഠനം കൂടി ആയപ്പോൾ… പിന്നെ പറയേണ്ട കാര്യമില്ല…. എല്ലാം തികഞ്ഞവർ എന്ന ചിന്ത കൂടിയായി… ഫോണും ലാപ്ടോപ്പും കൂടെ ഡാറ്റാ പാക്കേജും…

ഇത്തിരി ഇല്ലാത്ത കുട്ടികളുടെ കൈയിൽ മുതിർന്നവരുടെ മേൽനോട്ടം പോലുമില്ലാതെ സുലഭമായി കിട്ടുമ്പോൾ…ജീവിതം തന്നെ നശിച്ചു പോകാൻ വേറെ എന്താണ് വേണ്ടത്…”

” അമ്മാ.. ”

” മോളേ എല്ലാത്തിലും നല്ലകാര്യവുമുണ്ട് ചീത്തയുമുണ്ട്…നമ്മൾ ഏതാണ് തിരഞ്ഞെടുക്കുന്നത് അതിലാണ് കാര്യം…

ആ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ഓരോ പാകപിഴകളാണ് ഓരോ വ്യക്തികളുടെയും ജീവിതത്തിന്റെ ഗതി മാറ്റി വിടുന്നത്… ഇന്റർനെറ്റ്‌ എന്ന ലോകം കൗതുകങ്ങൾ നിറഞ്ഞതാണ്…

പക്ഷേ ചതി നിറഞ്ഞതും…. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ നമ്മളെയില്ലാതാക്കൻ പോലും കഴിവുള്ള ഒന്നാണ് അത്…. അതിനാൽ അത് ഉപയോഗിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം…. ”

“അമ്മ… ഞാൻ അറിയാതെ…. പറ്റിപോയതാണ്..”

“അറിയാതെ…. പറ്റിപ്പോയിയെന്നൊക്കെയുള്ള വാക്കുകൾക്ക് പ്രസക്തിയില്ല ഇസ …
കാരണം പലതവണ ഞാൻ മുൻകൂട്ടി പറഞ്ഞു തന്നതാണ്… എന്നിട്ടും നീ….

നിനക്ക് പൂർണ സ്വാതന്ത്ര്യം തന്നുതന്നെയല്ലേ ഞങ്ങൾ വളർത്തിയത്… മകളെന്നതിലുപരി കൂട്ടുകാരെ പോലെയായിരുന്നില്ലേ നമ്മൾ…

ഇച്ചായന് നീ ജീവനല്ലേ മോളേ…
നിനക്കെന്തെങ്കിലും വന്നാൽ നിന്റെ അപ്പയ്ക്ക് അത് സഹിക്കാൻ കഴിയോ…

നീയില്ലാതെ ഞങ്ങൾക്ക് പറ്റോ… തെറ്റ് ആർക്കും പറ്റാം… നീ ചെയ്തത് ഞങ്ങൾ അറിയുമ്പോൾ നിന്നെ ചീത്ത പറഞ്ഞേക്കാം… പക്ഷേ അതിൽ നിന്ന് രക്ഷപെടാനുള്ള വഴികളും ഞങ്ങൾ കണ്ടെത്തിയാനെ …

പക്ഷേ നീ… നീ ഇന്ന് ചെയ്തത്… അത്.. അത് വളരെ തെറ്റായി പോയി ഇസ… അത് ചെയ്യും മുന്നേ ഒരു വട്ടം നീ ഓർത്തില്ലല്ലോ മോളേ നിന്റെ അപ്പയെ…..”

” അമ്മാ… സോറി അമ്മാ…ഒരിക്കലും ഇനി ഞാൻ ചെയ്യില്ല… അറിയാതെ …”

“നീ എന്നോടല്ല ഈ സോറി പറയേണ്ടത്…
നിന്നെ ജീവനോളം സ്നേഹിക്കുന്ന നിന്റെ അപ്പയോടാ പറയേണ്ടത്…ഈ നിമിഷം വരെ നിന്റെ അപ്പാ അനുഭവിച്ചത്…. അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല…

മനസ്സിലാവും ഒരിക്കൽ നീ ഞങ്ങളുടെ സ്ഥാനത്ത് നില്ക്കുമ്പോൾ… അല്ലേലും മാതാപിതാക്കൾക്ക് മക്കളോളം വലുത് മാറ്റ് ഒന്നും ഉണ്ടാവില്ല…

അവരുടെ ജീവൻ പോലും മക്കൾക്ക് ശേഷമേ ഉണ്ടാവൂ… അത് കൊണ്ട് തന്നെയല്ലേ മക്കൾ ചെയുന്ന എന്ത് തെറ്റും മറക്കാനും പൊറുക്കാനും അവർക്ക് ആകുന്നത്…”

” അപ്പാ…. ”

“എന്നതാടാ…”

” സോറി അപ്പാ… മോളോട് ക്ഷമിക്കോ…
എന്നോട് പണ്ടത്തെ പോലെ കൂട്ട് കൂടോ… ”

” എന്താടാ കുട്ടാ നീ ഇങ്ങനെയൊക്കെ പറയുന്നേ… നിന്നോടല്ലാതെ മറ്റാരോടുക്കൂട്ട് കൂടാനാണ് ഞങ്ങൾ …
നമ്മൾ ഒരുസെറ്റല്ലേടാ…

കഴിഞ്ഞതെല്ലാം അങ്ങ് മറന്നേക്ക് ….
ഇനി ആരും ഒന്നിന്റെ പേരിലും നിന്നെ ശല്യപ്പെടുത്തില്ല… അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്… ”

“അപ്പാ…”

ഇസ അവളുടെ അപ്പയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ സൂസൻ കൂടി അങ്ങോട്ടേക്ക് ചെന്ന് അവരെ രണ്ടാളെയും ചേർത്ത് പിടിച്ചു..

അവിടെ വീണ്ടും തുടങ്ങുകയായിരുന്നു ഒരു കൊച്ചു സ്വർഗം…. ജോർജിന്റെയും സൂസന്റെയും ഇസബെല്ലയുടെയും ഒരു കൊച്ചു സ്വർഗം…

മനുഷ്യൻ തെറ്റുകൾ ചെയ്തു കൊണ്ട് തന്നെയാണ് ശരികൾ പഠിക്കുന്നത്…

നമുക്ക് ചുറ്റുമുള്ള എല്ലാ വസ്തുക്കളിലും നല്ലതുമുണ്ട് ചീത്തയുമുണ്ട്…. അതിനാൽ നല്ല വഴികൾ തിരഞ്ഞെടുത്തത് നേർവഴിക്ക് മുന്നേറുക…

Leave a Reply

Your email address will not be published. Required fields are marked *