മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ് പോയ നന്ദേട്ടനെ രേവതിയുടെ കൂടെ ഒരു ഓട്ടോയിൽ കയറുന്ന കാഴ്ച്ച ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടപ്പോഴാണ് … എന്റെ ലോകം കൈവിട്ട്

ആത്മ
(രചന: ശിവ ഭദ്ര)

നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആത്മ അവളുടെ പേനയെടുത്തു…

ഒഴിഞ്ഞ ഡയറിയുടെ ഒരു താളും നിവർത്തിവെച്ചു… കഴിഞ്ഞ രണ്ട് മണിക്കൂറായി പെയ്ത മഴയ്ക്ക് നേരിയ കുറവുണ്ട്.. ഇപ്പോൾ ചാറ്റൽ മഴയാണ്…..

അവൾ ഒരു ജനൽ പാളിയുടെ പകുതി തുറന്ന് വച്ചു…. നേരിയ തണുത്ത കാറ്റ് അകത്തേയ്ക്ക് വീശുന്നുണ്ട്… എത്ര കാറ്റടിച്ചാലും തണുക്കാത്ത മനസ്സുമായി ഇരിക്കുന്ന തനിക്ക് ഇതെന്തെന്ന് (വെറുതേ ഒരു ആത്മഗതം….)

എട്ട് വയസ്സുള്ള സച്ചുവും ആറ് വയസ്സുള്ള നക്ഷത്രയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ട്.. സച്ചു അനിയത്തിയെ ചുറ്റി പിടിച്ചിട്ടുണ്ട്, നല്ലതാ മോനേ എന്നും നീ അവളെ ഇതുപോലെ ചേർത്ത് നിർത്തിയേക്കണേ….,

ഇനി നീയേ ഉള്ളൂ ആണായി നമുക്ക് എന്ന് ഇന്നു കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ്റെ നെറുകയിൽ ചുംബിച്ച് കൊണ്ട് പറഞ്ഞിരുന്നു….
ഒന്നും മനസ്സിലായില്ലെങ്കിലും അച്ഛൻ ഇനി ഒരിക്കലും നമ്മുടെ വീട്ടിൽ വരില്ലെന്ന് മാത്രം അവന് മനസ്സിലായി.

ചുവരിലെ ക്ലോക്കിൽ സമയം 11.45 ഞാനെന്തെഴുതാനാണ് … കോളേജിൽ മൂന്ന് വർഷം മാഗസീനിൽ കഥയെഴുതി ഒന്നാം സ്ഥാനം വാങ്ങിയ ആത്മയ്ക്ക് നന്ദേട്ടൻ …..

ഓഹ് ഇന്ന് മുതൽ നന്ദേട്ടൻ അല്ലല്ലോ മിസ്റ്റർ. നന്ദഗോപാൽ.. കോളേജിൽ പി ജി യ്ക്ക് സീനിയറായി പഠിച്ച നന്ദൻ നൽകിയ ചോക്ലേറ്റിൻ്റെ മധുരം ഇന്നും നാവിലുണ്ട്….

അതിലും സന്തോഷമുണ്ടാക്കുന്നത്
“നീ എൻ്റെ പെണ്ണായതിൽ ഞാൻ അഭിമാനിക്കുന്നു കൊച്ചേ…” എന്ന് പറഞ്ഞുള്ള ആ മനുഷ്യൻ്റെ കള്ളനോട്ടവും ചിരിയും .

എത്ര വർഷങ്ങൾ കടന്ന് പോയിരിക്കുന്നു എഴുത്തിനെ…. അക്ഷരങ്ങളെ മറന്നിട്ട്..

പേനയെടുത്ത് അവൾ ഡയറിയിൽ കുറിച്ചു .

ഇത് ഞങ്ങളുടെ കഥയാണ് … ആത്മയുടെയും അവളുടെ സ്വന്തം നന്ദേട്ടന്റെയും കഥ …

എവിടെവെച്ചാണ് ജീവിതത്തിന്റെ ഗതി മാറി മറിഞ്ഞതെന്നറിയില്ല … അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ..,

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യം ഒരു കടലാസ്സ് തുണ്ടിലെ ഒപ്പ് കൊണ്ട് ഞങ്ങൾ അവസാനിപ്പിച്ചിരിക്കുന്നുവെന്ന്..

ഇപ്പോഴും ഓർക്കുന്നു ആ ദിനങ്ങൾ .. കോളേജ് മാഗസിനിലെ എന്റെ കവിത വായിച്ച് , എന്നെ തേടി വന്ന നന്ദേട്ടനെ ..

“ടോ ആത്മേ… തന്റെ കവിത പോരാട്ടോ ..
ഇനിയും ശരിയാവാനുണ്ട് …. ആരാണാവോ ഈ കവിത മാഗസിനിലേക്ക് എടുത്തത് .. താൻ വല്ല കൈക്കൂലിലും കൊടുത്തോ ..”

എന്നും പറഞ്ഞു ഒരു ചിരിയും ചിരിച്ചു കോളേജ് ആർട്സ് ക്ലബ്‌ സെക്രട്ടറിയായ നന്ദഗോപാൽ തിരിഞ്ഞു നടന്ന് പോകുന്നത് കണ്ടപ്പോൾ… എനിക്ക് വല്ലാത്ത ദേഷ്യമാണ് തോന്നിയത് …

കാരണം കൈകൂലി കൊടുക്കേണ്ട ആവശ്യം തനിക്കില്ല … എന്റെ കവിത ഞാൻ പോലും അറിയാതെയാണ് മാഗസിനിൽ വന്നതെന്ന കാര്യം പറയണമെന്നുണ്ടായിരുന്നു …

പക്ഷേ സങ്കടം കൊണ്ട് ശബ്‌ദം പുറത്തുവന്നില്ല .. സീനിയർ അല്ലേ .. എന്തും പറയാലോ ..

മിഴികൾ നിറഞ്ഞ് തിരികെ ക്ലാസ്സിൽ കയറിയപ്പോൾ തന്റെ സീറ്റിൽ ഒരു ഡയറി മിൽക്ക് ചോക്ലേറ്റും ഒരു തുണ്ട് കടലാസും .. ഒരു തവണ മാത്രം വായിച്ചുള്ളൂ ..

മനസ്സിലാരോ കുളിര് കോരിയിട്ട പോലെ തോന്നി …

“നിനക്കായൊരു വരി…

നിന്നെ തഴുകിയ ഓരോ ഇളം കാറ്റിലും
കൂട്ടായി ഞാനുണ്ടായിരുന്നു ..

നീ പോലുമറിയാതെ നിൻ മോഹങ്ങൾ
നിനക്കായ്‌ ഞാൻ നിറവേറ്റുമ്പോൾ …

നിൻ മിഴികളിൽ ഞാൻ വായിച്ചെടുക്കുന്ന എനിക്കായ് മാത്രം
നീ കരുതി വെയ്ക്കുന്ന പ്രണയത്തിൻ പൂമൊട്ടുകളാണ് …”

ആരാ … എന്താ .. അതൊന്നുമറിയില്ല…
പക്ഷേ ഒന്നു മാത്രം അറിയാം .. ആ നിമിഷം…എന്റെ മനസ്സിൽ പൂവിട്ട… പ്രണയത്തിന്റെ ഒരു വസന്തകാലം ..

ആരെന്ന് അറിയാതെ.. എന്തിനെന്നറിയാതെ…ഒരു ഇഷ്ടം ..

എനിക്കായ് ….എന്റെ ഇഷ്ടങ്ങൾ അറിഞ്ഞു…എന്നോട് കൂടെ നിൽക്കാൻ ഒരാൾ ഈ ഭൂമിയിലുണ്ടെന്ന് .. മനസ്സിലാരോ ഉരുവിടും പോലെ …

സന്തോഷം കൊണ്ട് എന്റെ മനം തുള്ളി ചാടുകയായിരുന്നു ..

കാരണം മാതാപിതാക്കളോ കൂടപ്പിറപ്പുകളോ ഇല്ലാത്ത തന്നെ വല്യച്ഛനായിരുന്നു വളർത്തിയത് …

അവർക്ക് ഒരു ഭാരമായിരുന്നു താനെന്നും അറിയാം . വീട്ടിൽ ഒരു വേലക്കാരി ആവശ്യമായതിനാൽ ഇന്നും എന്നെ അവിടെ നിർത്തുന്നു ..

പഠിക്കാൻ മിടുക്കിയായത്കൊണ്ട് പഠിച്ച സ്കൂളിലെ കമ്മിറ്റിക്കാര് തന്നെ ഇന്നും പഠിപ്പിക്കുന്നു .. എഴുത്തു മാത്രമായിരുന്നു തന്റെ ലോകവും.., തനിക്ക് ആകെ ആകെയുള്ള കൂട്ടും….

കോളേജ് മാഗസിനിൽ എങ്ങനെ തന്റെ കവിത വന്നെന്നറിയില്ല … അങ്ങനെ വന്നതും ഈശ്വര നിശ്ചയം ..അത് കൊണ്ടാണല്ലോ ഇന്ന്…. ഇങ്ങനെ ഒരാളെ കുറിച്ച് ഞാൻ അറിഞ്ഞത് ..

ആരാണെന്ന് ഒരു ക്ലൂ പോലുമില്ലാത്തതുകൊണ്ട് ആ കടലാസ്സും പിടിച്ചു കുറെ നടന്നു.. ചെരിപ്പ് തേഞ്ഞതല്ലാതെ ഒന്നും നടന്നില്ല ..

പക്ഷേ അന്വേഷണത്തിൻ്റെ എല്ലാ വഴികളിലും നന്ദഗോപാലിന്റെ സാനിധ്യമുണ്ടായിരുന്നു …

ഹോ കാണുമ്പോൾ തന്നെ ഞാൻ അവിടം കാലിയാക്കും .. കാരണം എന്നെ കണ്ടാൽ പിന്നെ ഓരോന്ന് പറയും …

ചങ്കിൽ കൊള്ളും പോലെ തന്നെ …
ഒരു മനസാക്ഷി ഇല്ലാത്ത ദുഷ്ടൻ ..

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ഒടുവിൽ കോളേജ് ഡേ വന്നെത്തി …
അന്ന് സ്റ്റേജിൽ നന്ദഗോപാലെന്ന പേര് കേട്ടപ്പോൾ ഞാൻ ഹാളിൽ നിന്ന് ഇറങ്ങി …

പക്ഷേ അതേ വേഗത്തിൽ തന്നെ ഞാൻ തിരിച്ചു കയറി … കാരണം തന്റെ വരികൾക്ക് ശ്രുതിയേകി നന്ദൻ പാടുന്നു .. എന്നെ കണ്ടതും മുഖത്ത് കള്ള ചിരി വിടർന്നു …

എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല ..

പക്ഷേ പാട്ട് കഴിഞ്ഞ് എല്ലാ വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ .. ഞാൻ അന്വേഷിക്കുന്ന ആള് നന്ദഗോപാൽ തന്നെയാണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല ..

അന്ന് എഴുതി ചേർക്കുകയായിരുന്നു എന്റെ പേരിനോട് ചേർത്ത് തന്നെ നന്ദേട്ടന്റെ പേര് ..

കോളേജ് പഠിത്തം കഴിഞ്ഞ് ജോലി നേടി നന്ദേട്ടൻ വല്യച്ഛന്റെ അടുത്ത് വന്ന് എന്റെ കൈ ചോദിച്ചപ്പോൾ .. ഒരിക്കലും ഒരു കൂടി ചേരൽ ഉണ്ടാവില്ലെന്ന് മനസ്സ് പറഞ്ഞു …

പക്ഷേ ജീവിതം അന്ന് ആ നിമിഷം മാറാൻ പോകുകയാണെന്ന് ഞാൻ അറിഞ്ഞില്ല …

സാഹചര്യം വില്ലനായി മുന്നിൽ വന്നപ്പോൾ നന്ദേട്ടന്റെ കൈയ്യും പിടിച്ചു അവിടെ നിന്നിറങ്ങേണ്ടി വന്നു ..

പിന്നീട് ഞങ്ങൾ ഞങ്ങൾക്കായി ഒരു സ്വർഗം പണിതു ..

ആ മനോഹര പൂന്തോട്ടത്തിൽ തത്തി കളിക്കാൻ രണ്ട്‌ ശലഭങ്ങൾ., സച്ചുവും നക്ഷത്രയും …

അന്ന് വരെ അറിയാതിരുന്ന കരുതലും സന്തോഷവും.. കുടുംബമെന്നത് എന്തെന്നുപോലും അറിഞ്ഞത് അപ്പോഴായിരുന്നു … സന്തോഷത്താൽ ഞാൻ എന്റെ ചുറ്റുമുള്ളത് പോലും മറന്നുവെന്ന് വേണം പറയാൻ …

നന്ദേട്ടന്റെ നിർബന്ധ പ്രകാരം വിവാഹം കഴിഞ്ഞും പഠിച്ചു ..

സച്ചുവും നക്ഷത്രയും കൂടിയായപ്പോൾ കുടുംബത്തിന് ഒരു ഭദ്രതയ്ക്ക് വേണ്ടി താനും കൂടി ജോലി നോക്കി …

സച്ചുവും നക്ഷത്രയും പഠിക്കുന്ന സ്കൂളിൽ മലയാളം അധ്യാപികയായി കയറി …

ജോലിയും കുട്ടികളും വീടും നന്ദേട്ടനും… എല്ലാമായി മുന്നോട്ട് പോകുമ്പോഴായിരുന്നു….,

വിധി തന്റെ രണ്ടാം ഊഴത്തിനായി വന്നെത്തിയത്…. സോ ഷ്യൽ മീ ഡി യയുടെ രൂപത്തിൽ .

അതേ ഫേ സ് ബു ക്ക് … ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫേ സ് ബു ക്ക് തന്നെ ..

അതേ … കൂട്ട് കൂടാനും ബന്ധം പുതുക്കാനും അത് നിലനിർത്താനും നാം ഉപയോഗിക്കുന്ന നമ്മുടെ ഫേ സ് ബു ക്ക് ..

ആദ്യമാദ്യം ഞങ്ങൾ ഒരുമിച്ചായിരുന്നു ഫേ സ് ബുക്ക് നോക്കുന്നതും മറ്റുള്ളവരുമായി സംസാരിച്ചതും .. പിന്നെ കൂട്ടുകാരുടെ എണ്ണം കൂടിയപ്പോൾ മെസ്സേജും ചാറ്റും കൂടി …

വീടും ജോലിയും പിള്ളേരെ പഠിപ്പിക്കലും ഒക്കെ ആയപ്പോൾ പതിയെ പതിയെ ഫേ സ് ബുക്ക് ലോകം ഞാൻ നോക്കാതെയായി .. എന്നാലും നന്ദേട്ടൻ എല്ലാരുടെയും വിശേഷം എന്നോട് പറയുമായിരുന്നു ..

അങ്ങനെയിരിക്കെയാണ് നന്ദേട്ടൻ പറഞ്ഞ് രേവതി വാസുദേവ് എന്ന പേര് ഞാൻ കേൾക്കുന്നത് …

“നല്ല കുട്ടി …പാവം .. നിന്നെ വലിയ ജീവനാ അവൾക്ക് .. സച്ചുവും നക്ഷത്രയും എന്നും ചോദിക്കും …
ഒരു ട്രാവൽ ഏജൻസിയിൽ ജോലി എടുക്കുവാ അവള് ..”

അങ്ങനെ തുടങ്ങിയ വിശേഷങ്ങൾ പിന്നെ വീഡിയോ കാൾ വരെയായി .. ഞങ്ങളും കൂടാറുണ്ട് ഇടയ്ക്ക്…

പക്ഷേ എവിടെ വെച്ചോ ഞങ്ങളുടെ ജീവിതത്തിന്റെ ഇടയിലേക്ക് അവൾ വന്നു കയറുകയായിരുന്നു …

അനുജത്തി കുട്ടിയായി കണ്ടത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. വിശേഷ ദിവസങ്ങളിൽ അവൾ ഞങ്ങളുടെ കൂടെ തന്നെയായി… പിന്നെ പിന്നെ വീട്ടിലെ സ്ഥിരം സന്ദർശകയുമായി…

നന്ദേട്ടന്റെ മാറ്റം ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത് അവളെ വിളിക്കുന്ന പേരിൽ വന്ന മാറ്റം കണ്ടപ്പോഴായിരുന്നു ….

രേവതി മാറി രേവൂയായി … അനുജത്തി കുട്ടിയോടുള്ള സ്നേഹം അത്ര മാത്രമേ ഞാൻ കരുതിയുള്ളൂ …

പക്ഷേ…..

അവളുടെ ഏട്ടാ എന്ന വിളി .. നന്ദനെന്നും പിന്നീട് നന്ദൂസ്സേ എന്നുമൊക്കെയായപ്പോൾ മനസ്സിൽ ഒരു വല്ലായ്മ തോന്നി … പിന്നെ നന്ദേട്ടനോട് അത് സൂചിപ്പിച്ചപ്പോൾ ..

എന്നെ കളിയാക്കി ..എന്റെ കുശുമ്പ് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും… ഇനിയെങ്കിലും നല്ലത് ചിന്തിച്ചൂടെ എന്നൊക്കെ പറഞ്ഞപ്പോൾ…. ഞാനും പിന്നീട് വിട്ടു …

കാരണം എന്റെ ചിന്താഗതിയുടെ കുഴപ്പമല്ലേ….

ദിവസങ്ങൾ കടന്ന് പോയി…

ഒരു മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ് പോയ നന്ദേട്ടനെ രേവതിയുടെ കൂടെ ഒരു ഓട്ടോയിൽ കയറുന്ന കാഴ്ച്ച ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടപ്പോഴാണ് …
എന്റെ ലോകം കൈവിട്ട് പോകുകയാണെന്ന് എനിക്ക് മനസ്സിലായത് …

ഞാൻ ഫോൺ വിളിച്ചപ്പോൾ എന്റെ കാൾ കട്ട്‌ ചെയ്തിട്ട് ” on meeting ” എന്ന മെസ്സേജ് കൂടി നന്ദേട്ടൻ ഇട്ടപ്പോൾ …

മനസ്സ് തകർന്ന് പോവുകയായിരുന്നു …

വൈകിട്ട് വീട്ടിൽ ഒന്നും സംഭവിക്കാത്തത് പോലെ മീറ്റിങ് വിശേഷങ്ങൾ പറഞ്ഞപ്പോൾ ഞാൻ ചതിക്കപ്പെടുകയാണെന്ന് മനസ്സിലായി ..

കുട്ടികളെ ഓർത്തും , ഈ ലോകത്ത് എനിക്ക് നന്ദേട്ടനല്ലാതെ ആരും ഇല്ലാ എന്ന സത്യം മനസ്സിൽ ഉള്ളത് കാരണം പലതും കണ്ടിട്ടും കാണാതെ ഞാൻ നടിച്ചു ..

ഒടുവിൽ ഒരിക്കൽ യാദൃശ്ചികമായി ജോലി നിർത്തി ഉച്ചനേരത്തു വീട്ടിൽ വന്നു കയറിയ ഞാൻ കണ്ടത് നന്ദേട്ടനോട് ചേർന്ന് നിൽക്കുന്ന അവളെയും …

ഒരു നിമിഷം ആശിച്ചു പോയി …ഭൂമി പിളർന്ന് ഞാൻ അങ്ങ് പോയിരുന്നുവെങ്കിലെന്ന് …

ഒരു പെണ്ണിനും … ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല .. തന്റെ ഭർത്താവിനെ മറ്റൊരുവളുമായി പങ്കുവെയ്ക്കാൻ … അയാളുടെ നാമത്തോടു ചേർത്ത് മറ്റൊരുവളുടെ പേര് …

ഒരു പെണ്ണിന്റെ ലോകം തന്നെ താലിയല്ലേ .. ഒരു നുള്ള് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണേലും, ജീവനോളം വിലയുള്ളതാണത് ..

ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല ..
തന്റെ സ്വന്തമായ .. തന്റെ എല്ലാമായ ആള് തന്നോട് വിശ്വാസ വഞ്ചന ….

താൻ കണ്ട കാഴ്ച്ചക്ക് … ഒരു ന്യായികരണവും ഇല്ലാതെ ,ഒരു കുറ്റവാളിയെ പോലെ തന്റെ മുന്നിൽ നന്ദേട്ടൻ നിന്നപ്പോൾ … ഒന്നേ മനസ്സിൽ വന്നുള്ളൂ …

താൻ എന്നും ഒറ്റയ്ക്കാണ് … നന്ദേട്ടന്റെ താങ്ങും കരുതലും ഇന്ന് ഞങ്ങളുടെ മേൽ ഇല്ലാ … എനിക്ക് സ്വന്തമായി എന്റെ കുട്ടികൾ മാത്രം …

മനസ്സ് പിടയുന്നുവെങ്കിലും നന്ദേട്ടന് എനിക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…
ഒരു ഒപ്പ് ….. ഇനി ഈ ജീവിതത്തിൽ .. നന്ദഗോപാലിന്റെ ജീവിതത്തിൽ ആത്മയുടെ നിഴൽപോലും വരില്ലെന്ന ഉറപ്പ് മാത്രം …

നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ആത്മ തന്റെ എഴുത്ത് നിർത്തി ,

സച്ചുവിന്റെയും നക്ഷത്രയുടെയും അടുത്ത് ചെന്ന് .. രണ്ടാൾക്കും ഉമ്മകൊടുത്തു… അവരെയും ചേർത്ത് പിടിച്ചു കിടന്നു ….

മനസ്സിൽ പുതിയ കിനാവുകൾ നെയ്തു കൊണ്ട് … തന്റെ കുട്ടികളുടെ ഭാവി സ്വപ്നം കണ്ട് … പുതിയ പ്രതീക്ഷകളുമായി …

പുതിയ ഒരു തുടക്കത്തിനായി തന്റെ മനസ്സിനെ തയ്യാറാക്കി കൊണ്ട് …
ജീവിതത്തെ വീറോടേയും വാശിയോടെയും കണ്ട് കൊണ്ട്…

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവിയെ വിജയത്തിന്റെ ആദ്യ പാടിയായി കണ്ട് കൊണ്ട്…വീണ്ടും ഒരു പുതിയ തുടക്കം… അന്ന് അവിടെ ആരംഭിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *