(രചന: Sivapriya)
പെണ്ണ് കാണാൻ വന്നവർക്ക് മുന്നിൽ ചായക്കപ്പ് അടങ്ങിയ ട്രേയുമായി തലയുയർത്തി പിടിച്ചാണ് വൈഷ്ണവി ചെന്നത്. നാണം കുണുങ്ങി മുഖം കുനിച്ചു വരുന്ന പെണ്ണിനെ പ്രതീക്ഷിച്ച ചെക്കന്റെയും കൂട്ടരുടെയും മുഖം വൈഷ്ണവിയെ കണ്ടപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായി.
പയ്യനെ നോക്കി മനോഹരമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് വൈഷ്ണവി ചായക്കപ്പ് സുധിക്ക് നേരെ നീട്ടി. അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ച് അവനത് വാങ്ങി.
എല്ലാവർക്കും ചായ കൊടുത്ത ശേഷം വൈഷ്ണവി അച്ഛന്റെ അരികിലായി വന്നിരുന്നു.
“പെണ്ണ് നല്ല തന്റേടക്കാരി ആണെന്ന് തോന്നുന്നു.” സുധിയുടെ അമ്മാവൻ ഗോപൻ അവന്റെ അച്ഛൻ ബാലനോട് മെല്ലെ പറഞ്ഞു.
“കണ്ടിട്ട് എനിക്കും അങ്ങനെ തോന്നുന്നു.” ബാലൻ അളിയന്റെ വാക്കുകൾ ശരി വച്ചു.
“നമുക്കിത് വേണോ ബാലേട്ടാ.” സുധിയുടെ അമ്മ ഗിരിജയാണ് അത് ചോദിച്ചത്.
“വരട്ടെ നമുക്ക് നോക്കാം… പെണ്ണ് കാണാൻ തരക്കേടില്ല, വിദ്യാഭ്യാസം ഉണ്ട്. പോരാത്തതിന് നല്ല ശമ്പളം ഉള്ള ജോലിയും.” ബാലനാണ്.
“എന്തൊക്കെ ഉണ്ടായിട്ടെന്താ… നമ്മുടെ വരുതിയിൽ അടങ്ങി ഒതുങ്ങി കഴിയുന്നതാണോ എന്ന് എങ്ങനെ അറിയും.” ഗിരിജ ചോദിച്ചു.
“നീയൊന്ന് അടങ്ങ് ഗിരിജേ… നമ്മൾ വന്ന് കേറിയതല്ലേയുള്ളു.” ബാലൻ ഭാര്യയോട് പറഞ്ഞു.
“നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ.?” ബാലൻ സ്വരം താഴ്ത്തി സുധിയോട് ചോദിച്ചു.
“ഉം… കുഴപ്പമില്ല അച്ഛാ.” സുധി അച്ഛൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു.
“ഞങ്ങൾക്ക് പെണ്ണിനെ ഇഷ്ടമായി. എന്റെ മോനും മോളെ ഇഷ്ടപ്പെട്ടു. മോളുടെ ഇഷ്ടം കൂടെ അറിഞ്ഞാൽ നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം…” ബാലൻ എല്ലാവരെയുമൊന്ന് നോക്കി.
“നിനക്ക് പയ്യനെ ഇഷ്ടായോ മോളെ.” വൈഷ്ണവിയുടെ അച്ഛൻ വിനയൻ അവളോട് ചോദിച്ചു.
“എനിക്ക് സുധിയോടൊന്ന് തനിച്ചു സംസാരിക്കണം. എന്നിട്ട് പറയാം ഞാനെന്റെ തീരുമാനം.” വൈഷ്ണവി തന്റെ അഭിപ്രായം പറഞ്ഞു.
“എങ്കിൽ അങ്ങനെ ആവട്ടെ… എന്താ നിങ്ങളുടെ അഭിപ്രായം.” വിനയൻ ബാലനെ നോക്കി.
“പിള്ളേര് തമ്മിൽ സംസാരിച്ച് എന്താന്ന് വച്ചാൽ തീരുമാനിക്കട്ടെ. അവരല്ലേ നാളെ ഒരുമിച്ച് ജീവിക്കേണ്ടത്.” ബാലൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.
വൈഷ്ണവി എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു, അവൾക്ക് പിന്നാലെ സുധിയും.
“ഞാൻ വൈഷ്ണവി, ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. അച്ഛന്റെ നിർബന്ധ പ്രകാരമാണ് ഞാനീ പെണ്ണ് കാണൽ ചടങ്ങിന് തയ്യാറായത്.” മുഖവുരയെന്നോണം അവൾ സ്വയം പരിചയപ്പെടുത്തി.
“ഞാൻ സുധി, യൂണിവേഴ്സിറ്റി കോളേജിൽ ക്ലാർക്ക് ആണ്.” സുധി അവളെ നോക്കി.
“ഭാവി വരനെ പറ്റി എനിക്കങ്ങനെ പ്രത്യേകിച്ച് ഡിമാൻഡ് ഒന്നുമില്ല. എന്നെ മനസ്സിലാക്കുന്ന സുഖ ദുഃഖങ്ങളിൽ ഒപ്പം നിൽക്കുന്ന ഒരു പങ്കാളി… അത്രയേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് പറയുന്നത് പോലെയാണ് ഓരോ മനുഷ്യരും.
ആർക്കും ആരുടെയും ഉള്ളൊന്നും ചികഞ്ഞു നോക്കാൻ പറ്റില്ല. സോ നമ്മൾ തമ്മിൽ നല്ലൊരു അണ്ടർസ്റ്റാൻഡിങ്ങിൽ എത്തിയിട്ട് പോരെ ബാക്കി കാര്യങ്ങൾ. എനിക്ക് താനും തനിക്ക് ഞാനും ഓക്കേ ആകുമെങ്കിൽ നമുക്ക് ഭാവി ജീവിതത്തെ പറ്റി ആലോചിക്കാം. സുധി എന്ത് പറയുന്നു.”
“എനിക്ക് ഓക്കേ ആണ് വൈഷ്ണവി. താൻ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ തമ്മിൽ നന്നായി മനസിലാക്കിയിട്ട് മതി മറ്റ് കാര്യങ്ങൾ. എനിക്കെന്തായാലും താൻ ഓക്കേ ആണ്. ഈ ആറ്റിട്യൂട് ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു.”
“എങ്കിൽ പിന്നെ നമുക്ക് അങ്ങോട്ട് പോകാം. പരസ്പരം ഇഷ്ടമായെന്നും നിശ്ചയം മൂന്നു മാസം കഴിഞ്ഞു മതിയെന്നും അവരോടൊക്കെ പറയാം. അങ്ങനെ പറയട്ടെ സുധി.” വൈഷ്ണവി അവനോട് ചോദിച്ചു..
“അങ്ങനെ ആയിക്കോട്ടെ. മൂന്നു മാസം മതിയോ തനിക്കെന്നെ മനസിലാക്കാൻ.” ചെറു ചിരിയോടെ സുധി അവളെ നോക്കി.
“നമുക്ക് നോക്കാം.” പുഞ്ചിരിയോടെ അവൾ പറഞ്ഞു.
തങ്ങൾക്ക് പരസ്പരം ഇഷ്ടമായെന്ന് എല്ലാവരെയും അറിയിച്ചപ്പോൾ എല്ലാവർക്കും സന്തോഷമായി.
“എനിക്ക് ആകെയുള്ളത് ഇവള് മാത്രമാണ്. സ്ത്രീധനം മോഹിച്ചാണെങ്കിൽ ഈ ബന്ധം നിങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതാകും നല്ലത്. കാരണം ഞാനെന്റെ മകൾക്ക് എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അത് അവളുടെ ഭാവി ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്.
അതെടുത്തു ചിലവാക്കാൻ അവളുടെ ഭർത്താവിനും വീട്ടുകാർക്കും അവകാശമില്ല. നിങ്ങളുടെ കടങ്ങൾ വീട്ടാനുള്ള സ്വർണവും പണവും കൊണ്ടല്ല എന്റെ മോള് അങ്ങോട്ട് വരാ.
അമ്മയില്ലാതെ വളർന്ന കുട്ടിയാണ്. നിങ്ങൾ അവൾക്ക് നല്ലൊരു അച്ഛനും അമ്മയും മോൻ നല്ലൊരു ഭർത്താവും ആയിരിക്കുമെന്ന വിശ്വാസത്തിലാണ് ഞാനിവളെ നിങ്ങളുടെ മോന് കൈപിടിച്ച് തരുന്നത്. ഇതൊക്കെ സമ്മതമാണോ?” വൈഷ്ണവിയുടെ അച്ഛൻ അവരോട് ചോദിച്ചു.
“ഞങ്ങൾക്ക് ഇവിടുന്ന് പെണ്ണിനെ മാത്രം മതി. ഒരു തരി പൊന്നും പോലും ഞങ്ങൾക്ക് വേണ്ട. അവനും വേണ്ട. അവളെ ഞങ്ങൾ സ്വന്തം മോളെ പോലെ നോക്കും. ഞങ്ങൾക്കും ആകെയുള്ളത് ഇവൻ ഒരാളാ. വന്ന് കയറുന്ന പെണ്ണ് ഞങ്ങളെ സ്വന്തം പോലെ കണ്ടാൽ മതിയെന്നേയുള്ളു.” സുധിയുടെ അമ്മ പറഞ്ഞു.
“എന്നോട് എങ്ങനെ ആണോ അതുപോലെ തന്നെയായിരിക്കും തിരിച്ചും.” ചിരിയോടെ വൈഷ്ണവി അവരെ നോക്കി.
“എങ്കിൽ പിന്നെ മക്കളെ ഇഷ്ടം പോലെ മൂന്നു മാസം കഴിഞ്ഞു നിശ്ചയം നടത്താം. പിന്നെ നല്ലൊരു മുഹൂർത്തം നോക്കി വിവാഹ തീയതി കുറിക്കാം.” ചോദ്യ ഭാവത്തിൽ ബാലൻ വിനയനെ നോക്കി.
“അങ്ങനെ മതി…” വിനയനും ആ തീരുമാനത്തിനോട് അനുകൂലിച്ചു.
“എനിക്കീ ബന്ധത്തിനോട് വല്യ താല്പര്യമൊന്നും തോന്നിയില്ല. അച്ഛനും മോനും ഇഷ്ടപ്പെട്ടോണ്ട ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാത്തത്.” തിരികെ വീട്ടിൽ പോകുമ്പോൾ കാറിലിരുന്ന് സുധിയുടെ അമ്മ ഇഷ്ടക്കേടോടെ പറഞ്ഞു.
“എന്റെ ഗിരിജേ… ഞാൻ ഒന്നും കാണാതെ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നോ?” ബാലൻ ചോദിച്ചു.
“അതില്ല ബാലേട്ടാ.. എന്നാലും പെണ്ണിന് ഇത്തിരി അഹങ്കാരോം തലക്കനവും ഉണ്ട്. നമ്മുടെ വരുതിയിൽ നിൽക്കുന്ന ടൈപ്പ് അല്ല”
“അതൊക്കെ കല്യാണം കഴിഞ്ഞാൽ ഒതുങ്ങിക്കോളും. പിന്നെ നമ്മൾ പറയുന്നതിനപ്പുറം അവൾ പോവില്ല. ആ പെണ്ണിന്റെ തന്തയ്ക്ക് അവളൊറ്റ മോളാ. അയാൾക്ക് നല്ല ആസ്തിയുമുണ്ട്. അങ്ങേരെ കാലം കഴിഞ്ഞാൽ അതൊക്കെ അവൾക്കുള്ളതല്ലേ. ഇപ്പൊ ഈ കാണിക്കുന്ന തലക്കനമൊക്കെ സ്നേഹപൂർവ്വമായ സമീപനം കൊണ്ട് മാറ്റിയെടുത്തു നമ്മുടെ വഴിക്ക് കൊണ്ട് വരേണ്ടത് എന്റെ നിന്റെം സുധിയുടേയുമൊക്കെ മിടുക്ക് പോലിരിക്കും.”
“അതോണ്ടല്ലേ അച്ഛാ ഞാൻ കണ്ണും പൂട്ടി സമ്മതിച്ചത്. ആ വീടിരിക്കുന്ന സ്ഥലം റോഡ് സൈഡിലാണ്. ഇപ്പൊ തന്നെ സെന്റിന് പത്തു ലക്ഷം കിട്ടും അവിടെ. ഞാൻ അതൊക്കെ കണ്ടിട്ടാ അവളെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞത്. എല്ലാം എന്റെ പേരിലാക്കി എടുക്കണമെങ്കിൽ തഞ്ചത്തിൽ നിൽക്കണം. പെണ്ണ് വിളഞ്ഞ വിത്താണ്.” സുധിയാണ്.
“നീ എന്റെ മോൻ തന്നെ.” ബാലൻ മകന്റെ ഷോൾഡറിൽ അടിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ മൂന്നു മാസത്തെ ഇടപഴകലിൽ വൈഷ്ണവിക്ക് സുധിയെ പൂർണ്ണമായി ബോധിച്ചു. അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ മാക്സിമം നല്ല പിള്ള ചമഞ്ഞായിരുന്നു സുധിയുടെ പെരുമാറ്റവും. ഇടയ്ക്ക് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലും ഫോൺ വിളിയും ചാറ്റിങ്ങും അവരെ കുറച്ചൂടെ അടുപ്പിച്ചു.
വൈകാതെതന്നെ സുധിയുടെയും വൈഷ്ണവിയുടെയും നിശ്ചയം ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും ചേർന്ന് നടത്തി. ആറു മാസത്തിനുള്ളിൽ തന്നെ വിവാഹ തീയതിയും കുറിപ്പിച്ചു.
വൈഷ്ണവിയെ വിവാഹം കഴിച്ചാൽ വന്നുചേരുന്ന സ്വത്തുക്കളിൽ ലക്ഷ്യം വച്ച് മാത്രമാണ് സുധിയും വീട്ടുകാരും ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോയത്.
അൽപ്പം തന്റേടക്കാരിയും ആർക്ക് മുന്നിലും തലയുയർത്തി പിടിച്ച് സ്വന്തം അഭിപ്രായം പറയുന്നതിലും യാതൊരു മടിയുമില്ലാത്ത വൈഷ്ണവിയെ സുധിയും വീട്ടുകാരും ചെറുതായി ഭയന്നിരുന്നു.
വിവാഹം കഴിഞ്ഞു അവളെ അവരുടെ വഴിക്ക് കൊണ്ടുവരാൻ വേണ്ടി സ്നേഹപൂർവ്വമായ പെരുമാറ്റത്തോടെ എല്ലാവരും അവളെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു. കാരണം ഈ വിവാഹം നടന്ന് കിട്ടേണ്ടത് അവരുടെ ആവശ്യമാണ്
വിവാഹ ശേഷം മെല്ലെ മെല്ലെ അവളുടെ ശമ്പളം യഥേഷ്ടം ചിലവാക്കാനും അവളുടെ വസ്തു വകകളിൽ ആധിപത്യം സ്ഥാപിക്കാനും മോഹിച്ചിരിക്കുകയാണ് അവർ. അതിനായി ഇപ്പോഴേ സ്നേഹം കൊണ്ട് ഓരോരോ ആവശ്യങ്ങൾ സാധിച്ചു എടുക്കുന്നതിൽ അവർ വിജയിച്ചു.
സുധിയുടെ വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങളിൽ സംശയം തോന്നുന്നുവെന്ന് വൈഷ്ണവി അച്ഛനോട് പറഞ്ഞപ്പോൾ വിനയൻ അതൊക്കെ അവളുടെ തോന്നലായിരിക്കുമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ചു. വൈഷ്ണവിയും അങ്ങനെയായിരിക്കുമെന്ന് കരുതി ആ വിഷയം അത്ര ഗൗരവമായി കണ്ടില്ല.
കല്യാണതീയതി അടുത്ത് വന്നു. ഒരുക്കങ്ങൾ ഏകദേശം പൂർണ്ണമായി കൊണ്ടിരുന്നു. ആഭരണങ്ങൾ എടുക്കാൻ പോയപ്പോൾ വൈഷ്ണവി സുധിയുടെ അമ്മയ്ക്ക് രണ്ട് വളയും ഒരു മാലയും സമ്മാനമായി വാങ്ങി നൽകി. അത്രയേറെ അവളുടെ സ്നേഹവും വിശ്വാസവും പിടിച്ചു പറ്റുന്നതിൽ ഗിരിജ വിജയിച്ചിരുന്നു.
സുധിയുടെയും വൈഷ്ണവിയുടെയും കല്യാണം കഴിഞ്ഞു അവർക്കൊരു കുഞ്ഞുണ്ടാകുന്നതുവരെ കാര്യങ്ങൾ ഇപ്പൊ പോകുന്നത് പോലെ പോകണമെന്ന പദ്ധതിയിലാണ് സുധിയും വീട്ടുകാരും. ഒരു കുഞ്ഞ് ആയി കഴിഞ്ഞാൽ പിന്നെ അതിന് വേണ്ടി വൈഷ്ണവി മറ്റെല്ലാം കോംപ്രമൈസ് ചെയ്യുമെന്ന ചിന്തയിലാണ് അവർ.
അങ്ങനെ വിവാഹം ദിവസം അടുത്തെത്തി. നാളെയാണ് സുധിയുടെയും വൈഷ്ണവിയുടെയും കല്യാണം. തലേ ദിവസം രാത്രി പതിവ് പോലെ വൈഷ്ണവി സുധിയെ ഫോൺ വിളിച്ചു.
സുഹൃത്തുക്കൾക്കൊപ്പം ബാച്ച്ലേഴ്സ് പാർട്ടി ആഘോഷിക്കുകയായിരുന്നു സുധി അപ്പോൾ. മൂക്കറ്റം മോന്തി അർദ്ധ ബോധവസ്ഥയിലായിരുന്നു അവനപ്പോൾ. വൈഷ്ണവിയോട് കുടിയും വലിയും ഒന്നുമില്ലെന്നാണ് അവൻ പറഞ്ഞിരുന്നത്.
പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ സുധി അതെടുത്തു നോക്കി.
“ഹലോ…” കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു.
“സുധി… സുധി കുടിച്ചിട്ടുണ്ടോ?” പതിവില്ലാതെയുള്ള അവന്റെ കുഴഞ്ഞ സൗണ്ട് കേട്ടപ്പോൾ വൈഷ്ണവിക്ക് സംശയമായി.
അന്ന് ബാച്ച്ലേഴ്സ് പാർട്ടി നടത്തുണ്ടെന്നും ഫ്രണ്ട്സിനൊക്കെ ഡ്രിങ്ക്സ് കൊടുക്കുന്ന കാര്യവും അവൻ തലേ ദിവസം അവളോട് പറഞ്ഞിരുന്നു. ഫ്രണ്ട്‌സ് കുടിക്കാൻ നിർബന്ധിച്ചാൽ കുടിക്കരുതെന്ന് അവൾ പ്രത്യേകം പറഞ്ഞിരുന്നതുമാണ്.
“അതേ… കുടിച്ചിട്ടുണ്ട്. വേണ്ടെന്ന് ഇവന്മാരോട് ഞാൻ പറഞ്ഞതാ. പക്ഷേ കേട്ടില്ല. ഒരു പെഗ് തുടങ്ങി വച്ചാൽ പിന്നെ ബോധം മറയുന്ന വരെ കുടിച്ചാലേ എനിക്ക് തൃപ്തിയാവൂ.” സുധിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ഓഹോ അപ്പോൾ കുടിക്കില്ലെന്ന് എന്നോട് കള്ളം പറഞ്ഞതാണല്ലേ.” വൈഷ്ണവിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു.
“അതേടി… അതിന് നിനക്കെന്താ. ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും. ഒരുത്തിയും എന്റെ കാര്യത്തിൽ തടയിടാൻ വരണ്ട. ഞാൻ പറയുന്നത് കേട്ട് എന്റെ കൂടെ മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിച്ചോണം. നാളത്തെ കെട്ട് കഴിഞ്ഞാൽ പിന്നെ നീയെന്റെ സ്വന്തം.” കുടിച്ച് ലക്കില്ലാതെ അവൻ ഓരോന്ന് പറയാൻ തുടങ്ങി.
“എന്തൊക്കെയാ സുധി ഈ പറയുന്നത്. എന്താ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ. ഫ്രണ്ട്‌സ് നിർബന്ധിപ്പിച്ചു കുടിപ്പിച്ചതാണെങ്കിൽ ഞാൻ ക്ഷമിക്കും. അല്ലാതെ എന്നോട് നുണ പറഞ്ഞതാണെങ്കിൽ… ” അവൾ പറഞ്ഞു വന്നത് പകുതിയിൽ നിർത്തി.
“ആണെങ്കിൽ നീ എന്ത് ചെയ്യുമെടി. നിന്നോട് ഞാൻ ഇതുവരെ പറഞ്ഞതൊക്കെ ശുദ്ധ നുണയാടി. നിനക്കിനി എന്ത് ചെയ്യാൻ പറ്റും. നാളെ നമ്മുടെ കല്യാണം ആടി. താലി കെട്ടി കഴിഞ്ഞാൽ പിന്നെ നിന്റെ ജീവിതം എന്റെ കാൽച്ചുവട്ടിൽ ആയിരിക്കും.
പിന്നെ നിന്റെ നെഗളിപ്പ് എനിക്കൊന്ന് കാണണം. നിന്നെ കെട്ടുന്നത് തന്നെ പത്തു പുത്തനുണ്ടാക്കാൻ വേണ്ടിയാ. ഞാനൊന്ന് ഒതുങ്ങി തന്നാൽ നീയെന്റെ തലയിൽ കയറി ഇരിക്കുമല്ലോ.” കുടിച്ചിരുന്നതിനാൽ മനസ്സിൽ അടക്കി വച്ചിരുന്നതൊക്കെ അവനറിയാതെ തന്നെ പറഞ്ഞു പോയി.
സുധിയുടെ വാക്കുകൾ കേട്ട് ഞെട്ടി ഇരിക്കുകയാണ് വൈഷ്ണവി. അവന്റെ യഥാർത്ഥ മുഖം ആ നിമിഷമാണ് അവൾ തിരിച്ചറിയുന്നത്. നാളെ നേരം പുലർന്നാൽ തങ്ങളുടെ വിവാഹമാണ്.
അന്നേരമാണ് അവന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നത്. എന്ത് ചെയ്യണമെന്നറിയാതെ വൈഷ്ണവി തരിച്ചിരുന്നു. ഫോണിൽ ഓട്ടോമാറ്റിക് കാൾ റെക്കോർഡ് ഓൺ ആയിരുന്നത് കൊണ്ട് സുധി പറഞ്ഞതൊക്കെ റെക്കോർഡ് ആയിരുന്നു.
എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു അവളെ ചീത്തയും വിളിച്ചു സുധി ബോധം കെട്ട് ഉറക്കമായി. എന്തൊക്കെ സംഭവിച്ചാലും വിവാഹം കഴിയുന്നത് വരെ ഇങ്ങനെ മൂക്കറ്റം കുടിക്കാതിരിക്കണമെന്നത് അവൻ ശ്രദ്ധിച്ചിരുന്നതാണ്.
കാരണം കുടിച്ചു ബോധമില്ലാതായ മനസ്സിലുള്ളതൊക്കെ പുറത്തേക്ക് വരും. ആ സമയത്ത് അവന് സ്വയം നിയന്ത്രണം നഷ്ടമാകും.
ആ നേരം വൈഷ്ണവി എങ്ങാനും വിളിച്ചിട്ട് താൻ വാ വിട്ട് എന്തേലും പറഞ്ഞു വിവാഹം മുടങ്ങിപോകരുതെന്ന് കരുതി മാക്സിമം ഡ്രിങ്ക്സ് ഒഴിവാക്കിയിരുന്നതാണ് സുധി. പക്ഷെ അന്നത്തെ ദിവസം ഫ്രണ്ട്സ് എല്ലാരും കൂടി അവനെ പിടിച്ചിരുത്തി കുടിപ്പിച്ചു കളഞ്ഞു. അങ്ങനെ എന്ത് സംഭവിക്കരുതെന്ന് അവൻ ആഗ്രഹിച്ചോ അത് തന്നെ നടന്നു.
സുധിയുടെയും വീട്ടുകാരുടെയും ചതി അവന്റെ നാവിൽ നിന്നുതന്നെ വൈഷ്ണവി അറിയാനിടയായി. വിവാഹത്തിനു മുൻപ് തന്നെ സത്യാവസ്ഥ അറിയാൻ പറ്റിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു.
ആ നിമിഷം തന്നെ അവൾ അച്ഛനെ വിവരങ്ങൾ എല്ലാം അറിയിച്ചു.
“ഇപ്പൊ എല്ലാം അറിഞ്ഞത് നന്നായി അച്ഛാ. എനിക്കീ വിവാഹം വേണ്ട. സ്വത്ത് മോഹിച്ചു എന്നെ കെട്ടാൻ വന്നവൻ നാളെ എന്നെ കൊല്ലാൻ പോലും മടിക്കില്ല. നാളെ വിവാഹം നടക്കാതാകുമ്പോൾ ആളുകൾ പലതും പറയുമായിരിക്കും.
അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. അച്ഛനും അതോർത്തു വിഷമിക്കരുത്. എല്ലാം ഇങ്ങനെ ആയത് നന്നായെന്ന് വിചാരിക്കാം.
എന്റെ കല്യാണം മുടങ്ങിപോയല്ലോന്ന് ഓർത്ത് അച്ഛൻ സങ്കടപ്പെട്ടിരിക്കരുത്.” വിനയനെ ആശ്വസിപ്പിച്ചു കൊണ്ട് വൈഷ്ണവി തന്റെ തീരുമാനം അയാളോട് പറഞ്ഞു.
“അച്ഛന് സന്തോഷമേയുള്ളൂ മോളെ. ഒരു ദിവസം നേരത്തെ തന്നെ നമുക്കിത് അറിയാൻ പറ്റിയല്ലോ. ഇനിയൊരിക്കലും കല്യാണ കാര്യം പറഞ്ഞു അച്ഛൻ മോളെ നിർബന്ധിക്കില്ല. ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെന്ന് അച്ഛന് ബോധ്യമായി. നിന്നെ ഈ വേഷം കെട്ടിച്ചതിൽ അച്ഛനോട് ക്ഷമിക്ക് മോളെ.”
“അതൊന്നും സാരമില്ല അച്ഛാ.” അവൾ അയാളുടെ മടിയിലേക്ക് ചാഞ്ഞു.
വലിയൊരു ട്രാപ്പിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൾ.
വൈഷ്ണവി പിന്മാറിയതോടെ പിറ്റേന്ന് വിവാഹം മുടങ്ങി. സുധിയുടെ വോയിസ് ക്ലിപ്പ് അവന്റെ ഫാമിലിയിൽ ഉള്ളവരെ കേൾപ്പിച്ച ശേഷം വിവാഹ ആവശ്യങ്ങൾക്ക് ചിലവായ തുക നഷ്ടപരിഹാരമായി അവൾ ആവശ്യപ്പെട്ടു.
അല്ലെങ്കിൽ ആ വോയിസ് ക്ലിപ്പ് പോലീസിന് കൈമാറി അവർക്കെതിരെ കേസുമായി പോകുമെന്ന് അവൾ പറഞ്ഞു. കേസും വഴക്കും പേടിച്ചു സുധിയുടെ വീട്ടുകാർ വൈഷ്ണവിക്ക് അവൾ ചോദിച്ച നഷ്ടപരിഹാര തുക നൽകി അത് ഒതുക്കി തീർത്തു.