(രചന: Sivapriya)
“സാറെ ഞാനെന്റെ മോനെ കൊന്നു.. ”
ഒരു ദിവസം വൈകുന്നേരം പോലീസ് സ്റ്റേഷനിലേക്ക് വന്നു കയറിയ മധ്യവയസ്ക്കയായ സ്ത്രീ അവിടെ ഉണ്ടായിരുന്ന പോലീസുകാരെ നോക്കി പറഞ്ഞു.
സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ ഒരു നിമിഷം അവരെ അന്തംവിട്ട് നോക്കി നിന്നു.
ആ സ്ത്രീയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ സംഗതി സത്യമാണെന്നു തോന്നിപ്പിച്ചു. അവരുടെ വസ്ത്രങ്ങൾ അവിടവിടെയായി കീറിയിട്ടുണ്ടായിരുന്നു. ഒപ്പം ദേഹത്തും സാരിയിലും ചോര ഉണങ്ങിപ്പിടിച്ചിരുന്നു.
“നിങ്ങൾ എന്താ ഇപ്പോൾ പറഞ്ഞെ?” കോൺസ്റ്റബിൾ രാജേഷ് അവരുടെ അടുത്തേക്ക് ചെന്നു.
“ഞാൻ എന്റെ മോനെ കൊന്നു സാറെ.. എന്റെ ഈ കൈകൾ കൊണ്ട് ഞാനവനെ കുത്തി കൊന്നു.” വികാര വിക്ഷോഭത്താൽ അവരുടെ ശബ്ദമിടറി.
“നിങ്ങൾ ഇവിടെ ഇരിക്കൂ… എന്താ സംഭവിച്ചതെന്ന് ആദ്യം പറയു.” വനിത കോൺസ്റ്റബിൾ സീമ അവരുടെ അടുത്തേക്ക് ഒരു കസേര നീക്കിയിട്ട് കൊണ്ട് പറഞ്ഞു.
ഒരു നേർത്ത കരച്ചിലോടെ ആ സ്ത്രീ കസേരയിലേക്ക് ഇരുന്നു. ചുറ്റുമുള്ളവർ അവരെ തന്നെ ശ്രദ്ധിച്ചു നിന്നു.
“ഈ കത്തി കൊണ്ടാണ് അവനെ… ഞാൻ…” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ ആ സ്ത്രീ ഉറക്കെ കരഞ്ഞു കൊണ്ട് സാരിത്തുമ്പിൽ മറച്ചു പിടിച്ചിരുന്ന വെട്ടുകത്തി എടുത്ത് മുന്നിലെ മേശപ്പുറത്തേക്ക് വച്ചു.
പോലീസുകാർ എല്ലാവരും ആ സ്ത്രീ മേശപ്പുറത്ത് വച്ച വെട്ടുകത്തിയിലേക്ക് നോക്കി. അതിൽ രക്തക്കറ ഉണ്ടായിരുന്നു. കൈയിപ്പിടിയിലും ഉണങ്ങിയ ചോരക്കറ.
ആ സ്ത്രീ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“ദാ ഈ വെള്ളം കുടിക്കു..” ഒരു ബോട്ടിൽ വെള്ളം ആ സ്ത്രീയുടെ അടുത്തേക്ക് നീക്കിവച്ച് കൊണ്ട് കോൺസ്റ്റബിൾ സീമ പറഞ്ഞു.
ആർത്തിയോടെ അവർ ആ ബോട്ടിലിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു തീർത്തു.
“ഇനി വേണോ..?” രാജേഷ് ചോദിച്ചു.
“വേ… വേണ്ട..” താഴ്ന്ന സ്വരത്തിൽ അവർ പറഞ്ഞു.
“നിങ്ങളുടെ പേരെന്താ..? എവിടുന്നാ വരുന്നത്.?” കോൺസ്റ്റബിൾ രാജേഷ് അവർക്ക് എതിർവശത്തായി ഇരുന്നുകൊണ്ട് ചോദിച്ചു.
“എന്റെ പേര് ബിന്ദു… വീട് ഇവിടെ അടുത്ത് തന്നെയാ സാറെ.” കുഴഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു.
“എന്താണ് ഉണ്ടായത്? നടന്ന കാര്യങ്ങൾ വ്യക്തമായി പറയൂ.” രാജേഷ് അവരോടു അനുനയത്തിൽ ചോദിച്ചു.
“പറയാം സാറെ.. ഞാനെല്ലാം പറയാം.”
ബിന്ദു പറഞ്ഞു തുടങ്ങി.
അവരുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. സാരിതലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ച ശേഷം ബിന്ദു എല്ലാവരെയും ഒന്ന് നോക്കി.
“കഴിഞ്ഞ ആഴ്ചയാണ് സാറെ എന്റെ മോൻ അനിൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുന്നത്. പതിനേഴു വയസ്സുള്ള ഒരു കൊച്ചിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റത്തിൽ ആയിരുന്നു അവൻ ജയിലിൽ ആയത്. വീടിനടുത്തുള്ള കൊച്ചായിരുന്നു.
ഒരു ദിവസം വൈകുന്നേരം ആ കൊച്ച് സ്കൂളിൽ നിന്നും മടങ്ങി വരുന്ന വഴി വീട്ടിലിറക്കി തരാമെന്ന് പറഞ്ഞു അതിനെ എങ്ങോട്ടോ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. നാട്ടുകാർ ആരൊക്കെയോ കണ്ടോണ്ട് മാത്രം ആ കൊച്ചിന് ഒന്നും പറ്റിയില്ല.” കിതപ്പോടെ അത്രയും പറഞ്ഞു നിർത്തിയ ശേഷം അവർ ശ്വാസം ആഞ്ഞുവലിച്ചു.
“കഴിഞ്ഞ ആഴ്ച ജാമ്യത്തിൽ ഇറങ്ങിയെങ്കിലും അവൻ വീട്ടിലേക്ക് വന്നിട്ടില്ലായിരുന്നു. അവിടെ കാലുകുത്തിയാൽ നാട്ടുകാർ എല്ലാവരും ചേർന്ന് തല്ലികൊല്ലുമെന്ന് അവനറിയാം.
ഇന്നലെ രാത്രി അമ്പലത്തിലെ ഉത്സവം കഴിഞ്ഞു മോൾടെ കുഞ്ഞിനെയും കൊണ്ട് ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. നോക്കുമ്പോൾ അകത്തെ മുറിയിലെ കട്ടിലിൽ അനിൽ കിടക്കുന്നുണ്ടായിരുന്നു.
ഞാൻ അവനോട് അപ്പൊത്തന്നെ ഇറങ്ങിപോവാൻ പറഞ്ഞു. രാവിലെ പൊയ്ക്കോളാമെന്ന് പറഞ്ഞു അവൻ മുറിയുടെ വാതിൽ വലിച്ചടച്ചു. അവന് ആവശ്യമുള്ള എന്തൊക്കെയോ എടുക്കാൻ വന്നതെന്നാ പറഞ്ഞെ. രാവിലെ എണീറ്റ് നോക്കുമ്പോൾ അവൻ മുറിയിൽ ഉണ്ടായിരുന്നില്ല.
മോള് എറണാകുളത്താണ് ജോലി ചെയ്യുന്നത്. മരുമോൻ ആക്‌സിഡന്റിൽ മരിച്ചുപോയി. മോളെ എന്റെ അടുത്ത് ആക്കിയിട്ടാണ് അവൾ ജോലിക്ക് പോയത്.
വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ മോൾ സ്കൂളിൽ നിന്നും വന്നിട്ടുണ്ടാവും. ഞാൻ കുറച്ചു ദൂരെയുള്ള ഒരു വീട്ടിൽ വീട്ട് ജോലിക്ക് പോകുന്നുണ്ട്. അടുത്തുള്ള വീടുകളിൽ ഒന്നും ഇവന്റെ സ്വഭാവ ദൂഷ്യം കാരണം ജോലി കിട്ടിയില്ല. അതുകൊണ്ടാ ടൗണിൽ ജോലിക്ക് പോയിട്ട് വരുന്നത്.
ഇന്നലെ വൈകുന്നേരം ടൗണിൽ ബസ്സൊക്കെ പണിമുടക്കിൽ ആയത് കാരണം പതിവ് സമയവും കഴിഞ്ഞു രാത്രി എഴ് മണി കഴിഞ്ഞാണ് വീട്ടിൽ എത്തിയത്.
ഇടയ്ക്ക് വല്ലപ്പോഴും ഇതുപോലെ നേരം വൈകിപോകാറുണ്ട്. അങ്ങനെ താമസിച്ചു വരുകയാണെങ്കിൽ മോളോട് അടുത്തുള്ള വീട്ടിൽ പോയി ഇരിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
പക്ഷേ ഇന്നലെ ഞാൻ വീട്ടിൽ എത്തുമ്പോൾ കൊച്ചുമോൾ പേടിച്ചുവിറച്ച് വീട്ടിലേക്കുള്ള വഴിക്കരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്നു. ഞാൻ കാര്യം ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ പേടിയോടെ വീടിന് നേരെ വിരൽ ചൂണ്ടി കാണിച്ചു.
ഞാൻ മോളെയും വിളിച്ചോണ്ട് വീട്ടിലേക്ക് കയറി ചെന്ന് നോക്കുമ്പോൾ മറ്റേ കൊച്ചിനെ അവൻ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു സാറെ. അതെല്ലാം ഫോണിൽ റെക്കോർഡ് ആകുന്ന വിധം ഫോണിൽ വീഡിയോ ഓൺ ആക്കി വച്ചിട്ടുമുണ്ടായിരുന്നു.
അവനെതിരെയുള്ള കേസ് പിൻവലിച്ചില്ലെങ്കിൽ വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്നു പറഞ്ഞു അവൻ ആ കൊച്ചിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ കാഴ്ച കണ്ട് കൊച്ചുമോൾ എന്നോട് പറയുവാ സാറെ…
“അമ്മമേ ആ ചേച്ചിയെ കെട്ടിയിട്ട് ഉപദ്രവിക്കണ പോലെ മാമൻ എന്നെയും എന്തൊക്കെയോ ചെയ്യാൻ നോക്കി. മോൾക്ക് വേദനിച്ചിട്ട് മോൾ ഇറങ്ങി ഓടി. മാമൻ പുറകെ ഓടിവന്നില്ല…
അതുകൊണ്ട് അമ്മാമ വരുന്നത് വരെ വീട്ടിലേക്ക് വരാതെ ആ വഴിയിൽ ഇരുന്നാൽ മാമൻ എന്നെ ഒന്നും ചെയ്യില്ലെന്ന് മനസിലായി. മോൾടെ ചുണ്ടൊക്കെ മാമൻ കടിച്ചു മുറിച്ചു… ദേ നോക്കിയേ…”
അത് കേട്ട് എന്റെ നെഞ്ചു പിടഞ്ഞു പോയി സാറെ.. പത്തു വയസ്സ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ പോലും… അവൻ ജീവിച്ചിരുന്നാൽ എത്ര പെൺകുട്ടികളെ അവൻ ഇതുപോലെ നശിപ്പിക്കുമെന്ന് പറയാൻ പറ്റില്ല.
അതുപോലെ തന്നെ ആ പെൺകുട്ടിയെയും അവൻ വെറുതെ വിടില്ലെന്ന് തോന്നി. നിയമത്തിനു വിട്ടുകൊടുത്താൽ ജയിലിൽ പോയി തിന്ന് കൊഴുത്തു പരോളിൽ ഇറങ്ങിയിട്ട് വീണ്ടും ആ കൊച്ചിനെ അന്വേഷിച്ചു പോയി ഉപദ്രവിക്കാൻ ശ്രമിക്കും.
ഇത്തിരിയില്ലാത്ത കൊച്ചു കുഞ്ഞിനെ പോലും അവൻ പീഡിപ്പിക്കാൻ ശ്രമിച്ചവനാ.
കള്ളും കഞ്ചാവും മയക്കുമരുന്നൊക്കെ അടിച്ചു കേറ്റി അവൻ ഇനിയും കൊള്ളരുതായ്മകൾ കാണിച്ചു കൂട്ടും. ഇങ്ങനെയൊരു മകനെ പെട്ടതിന് സമൂഹത്തിന്റെ പഴിയും കേൾക്കേണ്ടി വരും. നിയമത്തിനു വിട്ടുകൊടുക്കാതെ അവനെ കൊല്ലുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.
അടുക്കളയിൽ കയറി കയ്യിൽ കിട്ടിയ വാക്കത്തി എടുത്തു നൊന്ത് പെറ്റ മകനെ വെട്ടി പരിക്കേൽപ്പിക്കുമ്പോൾ എന്റെ നെഞ്ച് നീറിയില്ല… കൈ വിറച്ചില്ല…
എന്നെ തിരിച്ചു ആക്രമിക്കാനും വാക്കത്തി പിടിച്ചു വാങ്ങാനും അവൻ ശ്രമിച്ചു. വയറ്റിൽ തൊഴിച്ചു തറയിലിട്ട് ചവിട്ടി… എന്നിട്ടും ഞാൻ കത്തിയിലെ പിടി വിട്ടില്ല സാറെ… എങ്ങനെയൊക്കെയോ ഞാൻ അവനെ കൊന്നു. ഇനിയൊരു പെൺകൊച്ചും എന്റെ മോൻ കാരണം നശിപ്പിക്കപ്പെടാൻ ഇട വരരുതെന്ന് കരുതി ചെയ്തതാണ്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത്. അയൽക്കാർ എല്ലാവരും ഉത്സവം കാണാൻ പോയത് കൊണ്ട് ആരും ഒന്നും അറിഞ്ഞില്ല. വീട്ടിലിരുന്നു പഠിച്ചു കൊണ്ടിരുന്ന കൊച്ചിനെ അവൻ ബലാത്‌കാരത്തോടെ കൊണ്ട് വന്നു കെട്ടിയിട്ടതാ.
ആ കൊച്ചിന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു. അവിടെയും എല്ലാരും ഉത്സവം കാണാൻ പോയിരുന്നു. ഈ കൊച്ചിന് പരീക്ഷ ആയോണ്ട് അത് പോയില്ല. ഇതൊക്കെ നിരീക്ഷിക്കാൻ വേണ്ടിയാ തലേ ദിവസം അവൻ വീട്ടിൽ വന്നതെന്ന് പിന്നെ ആലോചിച്ചപ്പോഴാ സാറെ മനസ്സിലായെ.
അതിനെ ഞാൻ അപ്പൊത്തന്നെ കെട്ടൊക്കെ അഴിച്ചു അതിന്റെ വീട്ടിൽ പറഞ്ഞു വിട്ടു. രാത്രി തന്നെ മോളെ വിളിച്ചു ഉണ്ടായതൊക്കെ അറിയിച്ചു കൊച്ചിനെ വന്ന് കൊണ്ട് പോകാൻ പറഞ്ഞു. രാത്രി വണ്ടിക്ക് കേറി വെളുപ്പിന് വീട്ടിൽ വന്ന് കൊച്ചുമോളേം കൊണ്ട് അവള് പോയി…
അനിൽ വീട്ടിൽ വന്നതിന് തെളിവൊന്നും ഇല്ലാത്തോണ്ട് അടുക്കളയിൽ ഒരു കുഴി എടുത്തു മൂടാമെന്ന് വിചാരിച്ചു സാറെ.
പക്ഷേ കുഴി വെട്ടാൻ തുടങ്ങിയപ്പോ ആണ് എന്നെകൊണ്ട് ഒറ്റയ്ക്ക് കാര്യം നടക്കുകേലാന്ന് മനസിലായെ. പിന്നെ കുറേ നേരം ആലോചിച്ചപ്പോൾ തോന്നി സത്യം മറച്ചു വയ്ക്കാതെ പോലീസ് സ്റ്റേഷനിൽ വന്നു പറഞ്ഞു കീഴടങ്ങാമെന്ന്.
കോളേജിൽ പോകുന്ന വരെ ഒരു കുഴപ്പോമില്ലായിരുന്നു സാറെ. നല്ലൊരു കൊച്ചനായിരുന്നു. കോളേജിൽ പോയി തുടങ്ങിയെ പിന്നെയാ ഓരോ മാറ്റങ്ങള്.
ഞാൻ ജോലിക്ക് പോണ തിരക്കിലായോണ്ട് അവന്റെ സ്വഭാവം മാറി വരുന്നതും കള്ളും കഞ്ചാവുമൊക്കെ അടിച്ചു തുടങ്ങിയതും ഞാൻ അറിയാതെ പോയി… എന്റെ തെറ്റാ സാറെ… ഞാൻ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു… ഹാ ഇനി പറഞ്ഞിട്ട് കാര്യമില്ല… ” ഒരു നെടുവീർപ്പോടെ ബിന്ദു പറഞ്ഞു നിർത്തി.
“അനിലിന്റെ ബോഡി ഇപ്പോഴും വീട്ടിൽ തന്നെ ഉണ്ടോ?” രാജേഷ് ചോദിച്ചു.
“ഉണ്ട് സാറെ….” ബിന്ദുവിന്റെ സ്വരത്തിൽ വേദന നിഴലിച്ചിരുന്നു. ആ അമ്മ ഹൃദയം നോവിനാൽ വെന്ത് പിടയുന്നത് ആരും അറിഞ്ഞില്ല.
പോലീസുകാരുടെ അകമ്പടിയോടെ ബിന്ദുവിനെയും കൊണ്ട് മേലധികാരികൾ കൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അനിലിന്റെ ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിന്ദുവിനെ കോടതി റിമാൻഡിൽ വിട്ടു.
‘ഇനിയും ഇങ്ങനെയുള്ള മക്കൾ ആർക്കും ഉണ്ടാവരുതേയെന്നുള്ള പ്രാർത്ഥനയോടെ’ കേസും വിചാരണയ്ക്കും കാത്ത് നിൽക്കാതെ ഒരു ദിവസം രാത്രി ഹൃദയാഘാതത്തിലൂടെ ബിന്ദു മരണത്തിന് കീഴടങ്ങി.