ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും നിഖിലിന്റെ പൂച്ച കണ്ണുകളും അഞ്ജലിയുടെ ഹൃദയത്തിൽ പതിഞ്ഞു പോയി. അവളുടെ മനസ്സിൽ

(രചന: Sivapriya)

പ്ലസ്‌ വണ്ണിന് കുറച്ചു ദൂരെയുള്ള സ്കൂളിലാണ് അഞ്ജലിക്ക് അഡ്മിഷൻ ശരിയായത്. വീട്ടിൽ നിന്നും ഒരു മണിക്കൂർ ദൂരം ബസ്സിൽ സഞ്ചരിച്ചു വേണം സ്കൂളിൽ എത്താൻ.

ദിവസവും തനിച്ചാണ് അവൾ സ്കൂളിൽ പോയി വന്നിരുന്നത്. അങ്ങനെ പോയും വന്നും ഒരാഴ്ച കഴിഞ്ഞപ്പോൾ അഞ്ജലിക്ക് പുതിയൊരു കൂട്ടുകാരിയെയും കൂട്ടിന് കിട്ടി.

അഞ്ജലി കയറുന്ന സ്റ്റോപ്പ് കഴിഞ്ഞു അടുത്ത സ്റ്റോപ്പിൽ നിന്നാണ് നിമ ബസിൽ കയറുന്നത്. അങ്ങനെ അവർ തമ്മിൽ കമ്പനി ആയി. സ്കൂളിൽ പോകുന്നതും വരുന്നതും ഒരുമിച്ചാണിപ്പോൾ.

അഞ്ജലി ബയോളജി സയൻസും നിമ കമ്പ്യൂട്ടർ സയൻസും ആണ് വിഷയം. സ്കൂളിൽ വേറെ വേറെ ക്ലാസ്സ്‌ ആയിരുന്നെങ്കിലും അത് അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.

സെക്കന്റ്‌ ലാംഗ്വേജ് പീരിയഡിലും ഉച്ചയ്ക്കുള്ള ലഞ്ച് ബ്രേക്ക്‌ സമയത്തും ഇരുവരും സ്കൂളിലും ഒരുമിച്ചിരുന്നു. രണ്ടുപേരും തരക്കേടില്ലാതെ പഠിക്കുന്നവരാണ്. അതുകൊണ്ട് സ്കൂൾ ലൈഫ് ബോറടി ഇല്ലാതെ പൊയ്ക്കൊണ്ടിരുന്നു.

അന്ന് ബസ്സ്റ്റോപ്പിൽ അഞ്ജലി തനിച്ചായിരുന്നു. നിമയ്ക്ക് സുഖമില്ലാത്തോണ്ട് അന്ന് അവൾ സ്കൂളിലേക്ക് വന്നിരുന്നില്ല. അങ്ങനെ അഞ്ജലി ഒറ്റയ്ക്ക് ബസ് കാത്തിരിക്കുമ്പോഴാണ് ഒരു പയ്യനെ കാണുന്നത്.

അവരുടെ സ്കൂളിന് അടുത്തായി ഒരു കോളേജുണ്ട്. ബസ് സ്റ്റോപ്പിന് നേരെ എതിർ വശത്താണ് കോളേജ് ക്യാമ്പസ്.

കൂട്ടുകാരോടൊത്തു തോളിൽ കയ്യിട്ട് ചിരിച്ചു സംസാരിച്ചു വരുന്ന പൂച്ച കണ്ണനെ ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് ഇഷ്ടമായി. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ ആ പൂച്ച കണ്ണുകൾ അഞ്ജലിയുടെ ഹൃദയത്തെ കീഴടക്കി.

അഞ്ജലി നിൽക്കുന്ന ബസ് സ്റ്റോപ്പിന് അടുത്ത് വന്ന് നിന്ന് അവർ പരസ്പരം തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതൊക്കെ ഇടയ്ക്കിടെ അവൾ നോക്കി.

ഇതുവരെ ഈ പൂച്ച കണ്ണനെ താൻ ശ്രദിച്ചിട്ടില്ലല്ലോന്ന് അവൾ ഓർത്തു. എന്നും നിമയോട് ഓരോരോ വിശേഷങ്ങൾ പറഞ്ഞു നിൽക്കും ബസ് വരുമ്പോൾ ബസിൽ കയറി ഇരുന്നും സംസാരമാണ്. നിമ ഇറങ്ങുന്നത് വരെ അത് തുടരും. പിന്നെ എങ്ങനെയാണ് താനിവനെ കാണുകയെന്ന് അഞ്ജലി ചിന്തിച്ചു.

അപ്പോഴേക്കും അഞ്ജലിക്ക് പോകാനുള്ള ബസ് വന്നു. അവൾ വേഗം സീറ്റ് പിടിക്കാനായി ആദ്യം തന്നെ ബസിൽ കയറി ഇരുന്നു.

ഏറ്റവും പുറകിലാണ് അവൾക്ക് സീറ്റ് ഒഴിവുള്ളത് കിട്ടിയത്. അഞ്ജലി സീട്ടിലിരുന്ന ശേഷം പുറകിലേക്ക് തിരിഞ്ഞു പുറത്തേക്ക് എത്തിനോക്കി. ആ പൂച്ച കണ്ണനെ ഒന്നൂടെ കൺ കുളിർക്കേ കാണാൻ വേണ്ടി നോക്കിയതാണ്.

പക്ഷേ അവനെയും കൂട്ടുകാരെയും അവിടെ കണ്ടില്ല. നിരാശയോടെ അഞ്ജലി പിന്തിരിഞ്ഞപ്പോഴാണ് ബസിന്റെ ഏറ്റവും മുന്നിലായി പൂച്ച കണ്ണനും വേറൊരു കൂട്ടുകാരനും കൂടി നിൽക്കുന്നത് അവൾ കണ്ടത്.

പെട്ടന്ന് ആ കാഴ്ച കണ്ടപ്പോൾ അവളുടെ മനം തുടിച്ചു. ബസിൽ നിന്ന് ഇറങ്ങുന്നവരെ അഞ്ജലി പൂച്ച കണ്ണനെ തന്നെ നോക്കി ഇരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവനോടും അവന്റെ ആ പൂച്ച കണ്ണിനോടും അവൾക്ക് എന്തോ ഒരിഷ്ടവും ആകർഷണവുമൊക്കെ തോന്നി.

നിമയ്ക്ക് പനി കൂടുതലായതിനാൽ രണ്ടാഴ്ചത്തേക്ക് അവൾ സ്കൂളിൽ വന്നില്ല.
ആ ഒരാഴ്ച അഞ്ജലി സ്കൂളിൽ പോയി വന്നത് ഒറ്റയ്ക്കാണ്. നിമ എന്നും അമ്മയുടെ ഫോണിൽ അഞ്ജലിയെ വിളിച്ചു വിശേഷങ്ങൾ ചോദിക്കും.

അന്നന്നത്തെ കാര്യങ്ങളെല്ലാം അഞ്ജലി അവളോട്‌ പറയും. പക്ഷേ പൂച്ച കണ്ണന്റെ കാര്യം മാത്രം അഞ്ജലി നിമയിൽ നിന്ന് മറച്ചു വച്ചു. ഒരുപക്ഷേ നിമയ്ക്ക് അതൊന്നും ഇഷ്ടമായില്ലെങ്കിലോന്ന് കരുതിയാണ് അഞ്ജലി അക്കാര്യം അവളോട്‌ പറയാതിരുന്നത്.

അന്ന് ഒരു വ്യാഴാഴ്ച ദിവസം അഞ്ജലി ബസ് കാത്ത് നിൽക്കുകയായിരുന്നു. കുറേ നേരമായിട്ടും പതിവ് ബസ് കാണാത്തതിനെ തുടർന്ന് അവൾക്ക് ആകെ ടെൻഷനായി.

പൂച്ച കണ്ണനും കൂട്ടുകാരനും പിന്നെ അഞ്ജലിയും മാത്രമേ ആ സ്റ്റോപ്പിൽ നിന്നും ആ റൂട്ടിലേക്കുള്ള ബസിൽ കയറാൻ ഉള്ളു. അതുകൊണ്ട് തന്നെ ബസ് പോയോ ഇല്ലേ എന്നറിയാൻ അവരോടു ചോദിച്ചാലേ അറിയാൻ പറ്റു. കുറച്ചു സമയം കൂടി ബസ് നോക്കി നിന്ന ശേഷം അഞ്ജലി, ബസ് ഉണ്ടോ ഇല്ലേ എന്നറിയാൻ വേണ്ടി അവരുടെ അടുത്തേക്ക് ചെന്നു.

“ചേട്ടാ അമ്പാടി ബസ് ഇന്ന് ഇല്ലേ. കുറേ നേരായി നോക്കി നിൽക്കുന്നു. പതിവ് സമയം കഴിഞ്ഞിട്ടും കണ്ടില്ല.” തെല്ലൊരു ടെൻഷനോടെ അഞ്ജലി അവരോട് ചോദിച്ചു.

“അമ്പാടി ബസ് പഞ്ചറാണ്. ഇനി നാലരയ്ക്ക് മഹാദേവ വരും. താൻ ഒറ്റയ്ക്കേ ഉള്ളോ?” പൂച്ച കണ്ണന്റെ കൂടെയുള്ള കൂട്ടുകാരനാണ് അത് പറഞ്ഞത്.

“ഞാൻ ഒറ്റയ്ക്കേ ഉള്ളു. എന്റെ കൂടെ ഒരു ഫ്രണ്ട് കൂടി ഉണ്ട്. അവൾ പനി ആയതോണ്ട് കുറച്ചു ദിവസായി സ്കൂളിൽ വന്നിട്ട്.” അഞ്ജലിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു.

ആദ്യമായിട്ടാണ് അഞ്ജലി അത്രയും വൈകുന്നത്. വീട്ടിൽ സ്ഥിരം എത്തുന്ന സമയത്ത് കണ്ടില്ലെങ്കിൽ അമ്മ പേടിക്കുമെന്ന് അവൾക്കറിയാം.

“തന്റെ മുഖത്തെന്താ ഒരു ടെൻഷൻ. തനിച്ചു പോകാൻ പേടിയുണ്ടോ.?” അവൻ വീണ്ടും ചോദിച്ചു.

“ഇല്ല ചേട്ടാ. എന്നും എത്തുന്ന സമയത്ത് കണ്ടില്ലെങ്കിൽ അമ്മ പേടിക്കും.”

“അത്രേ ഉള്ളോ കാര്യം. അതിനാണോ ഇങ്ങനെ പേടിക്കുന്നത്.”

“ഡാ നിഖിലേ നിന്റെ ഫോണോന്ന് ഈ കുട്ടിക്ക് വീട്ടിൽ വിളിക്കാൻ കൊടുക്ക്. എന്റെ ഫോണിൽ ബാലൻസ് ഇല്ലെടാ.” കൂട്ടുകാരൻ പയ്യൻ പൂച്ച കണ്ണനോട് പറഞ്ഞു. പൂച്ച കണ്ണന്റെ പേര് നിഖിൽ ആണെന്ന് അഞ്ജലിക്ക് മനസിലായി.

നിഖിൽ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അഞ്ജലിക്ക് നേരെ നീട്ടി.

അഞ്ജലി അവന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിൽ വിളിച്ച് അമ്മയോട് ബസ് പഞ്ചറായ വിവരവും എത്താൻ വൈകുമെന്നും അറിയിച്ചു.

“താങ്ക്സ് ചേട്ടാ.” ഫോൺ മടക്കി കൊടുക്കുമ്പോൾ അഞ്ജലി പറഞ്ഞു.

“താങ്ക്സ്.” നിഖിൽ അവളുടെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി. മൊബൈൽ വാങ്ങുമ്പോൾ നിഖിലിന്റെ കൈവിരലുകൾ അവളുടെ വിരലുകളുമായി ഉരസിയപ്പോൾ അഞ്ജലിക്ക് ഉൾപുളകം തോന്നി.

“എന്താ തന്റെ പേര്..” നിഖിൽ ചോദിച്ചു.

“അഞ്ജലി.”

“ഞാൻ നിഖിൽ, ഇവൻ അനൂപ്. ഞങ്ങൾ ദേ ആ കോളേജിലാ പഠിക്കുന്നത്. ഫസ്റ്റ് ഇയർ ബികോമിന്.” നിഖിൽ തങ്ങൾ പഠിക്കുന്ന കോളേജ് ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞു അഞ്ജലി അവരുമായി കൂട്ടായി. നിഖിലിനെക്കാളും സംസാര പ്രിയൻ അനൂപാണ്. അഞ്ജലിയുടെ ശ്രദ്ധ മുഴുവനും നിഖിലിന്റെ ചിരിയിലും സംസാരത്തിലും മാത്രമായിരുന്നു. അങ്ങനെ ബസ് വരുന്നത് വരെ അവർ സംസാരിച്ചു നിന്നു. പിന്നെ പിന്നെ അതൊരു പതിവായി.

നിമ ഇല്ലെങ്കിലും ബസ് സ്റ്റോപ്പിലും ബസിലും നിഖിലും അനൂപും അവൾക്ക് കൂട്ടായി. ബസിൽ അവളുടെ സീറ്റിന് അടുത്ത് വന്ന് നിന്നും അവർ സംസാരിക്കുമായിരുന്നു. തിരക്ക് കൂടുതൽ ആണെങ്കിൽ നിഖിലും അനൂപും ബസിന്റെ മുൻ വശത്തു പോയി നിൽക്കും.

അങ്ങനെ നിൽക്കുമ്പോൾ അഞ്ജലി അവളറിയാതെ നിഖിലിനെ തന്നെ നോക്കിയിരുന്ന് പോകും. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും നിഖിലിന്റെ പൂച്ച കണ്ണുകളും അഞ്ജലിയുടെ ഹൃദയത്തിൽ പതിഞ്ഞു പോയി. അവളുടെ മനസ്സിൽ അവനോടുള്ള പ്രണയം പൂത്തുലഞ്ഞു തുടങ്ങി.

നിഖിൽ അടുത്തുള്ള ഓരോ നിമിഷവും അവൾ ഒത്തിരി സന്തോഷവതിയായി. അവന്റെ കണ്ണ് കൂർപ്പിച്ചുള്ള നോട്ടവും പൊട്ടിച്ചിരിയും സംസാരവുമൊക്കെ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.

രണ്ടാഴ്ച കഴിഞ്ഞു പനി കുറഞ്ഞപ്പോൾ നിമ സ്കൂളിൽ വന്ന് തുടങ്ങി. അഞ്ജലി അവളെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. പതിയെ നിമയും അവരിലൊരാളായി മാറി. അങ്ങനെ അവർ നാലുപേർ തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ് രൂപപ്പെട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. നിഖിലിനോടുള്ള അഞ്ജലി പ്രണയം അതി തീവ്രമായി ഹൃദയത്തിൽ വേരുറച്ചു വളർന്നു കൊണ്ടിരുന്നു. പക്ഷേ ഒരിക്കൽ പോലും അവനോട്, നേരിട്ട് മുഖത്ത് നോക്കി ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം അഞ്ജലിക്ക് ഉണ്ടായിരുന്നില്ല.

ഒരു ദിവസം അവനെ കാണാതിരുന്നാൽ തന്നെ ഹൃദയം വിങ്ങുന്നതും പിറ്റേ ദിവസം അവനെ കാണുമ്പോൾ സന്തോഷത്താൽ തുടികൊട്ടുന്ന മനവും നിഖിലിനോടുള്ള അവളുടെ പ്രണയം ഇരട്ടിപ്പിച്ചു.

അവന്റെ കവിളിലെ നുണക്കുഴിയും പൂച്ച കണ്ണുകളും അഞ്ജലിയുടെ ഹൃദയവും മനസ്സും കീഴടക്കി മുന്നോട്ട് പോയി. ആരോടും പറയാതെ അവൾ ആ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു. നിമയ്ക്ക് പോലും അഞ്ജലിക്ക് നിഖിലിനോടുള്ള പ്രണയം മനസിലായില്ല.

അങ്ങനെ രണ്ട് വർഷങ്ങൾ അതിവേഗം കടന്നുപോയി..

അന്ന് പ്ലസ്‌ ടു കാരുടെ ലാസ്റ്റ് എക്സാം ദിവസം ആയിരുന്നു. അന്നെങ്കിലും, ആ വൈകിയ വേളയില്ലെങ്കിലും തനിക്ക് നിഖിലിനോടുള്ള പ്രണയം തുറന്നു പറയണമെന്ന് മനസ്സിലുറപ്പിച്ചു കൊണ്ടാണ് അഞ്ജലി രാവിലെ സ്കൂളിലേക്ക് പോയത്.

എക്സാം എല്ലാം കഴിഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞു ഓട്ടോഗ്രാഫ് പരസ്പരം കൈമാറി കുട്ടികൾ എല്ലാവരും പല വഴിക്ക് പിരിഞ്ഞു. അഞ്ജലിയും നിമയും ബസ്റ്റോപ്പിൽ ബസ് വരുന്നതും കാത്ത് നിന്നു.

പതിവിന് വിപരീതമായി അന്ന് ബസ് സ്റ്റോപ്പിൽ നിഖിലും അനൂപും ഉണ്ടായിരുന്നില്ല. അഞ്ജലിക്ക് ആകെ സങ്കടമായി. അവനെ ഒരു നോക്ക് കാണാനും തന്റെ ഇഷ്ടം പറയാനും അവളുടെ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു. അഞ്ജലിയുടെ കണ്ണുകൾ ചുറ്റിനും തന്റെ പ്രണയമായ പൂച്ച കണ്ണുകളെ തേടി അലഞ്ഞുകൊണ്ടിരുന്നു.

ദൂരെ നിന്നും ബസ് വരുന്നത് അഞ്ജലിയും നിമയും കണ്ടു. ബസ് അടുത്ത് വന്ന് നിന്നപ്പോൾ മനസില്ല മനസ്സോടെ ഇരുവരും ബസിലേക്ക് കയറി. കണ്ടക്ടർ ഡബിൾ ബെൽ അടിച്ചപ്പോഴാണ് നിഖിലും അനൂപും ബസിലേക്ക് ഓടി വന്ന് കയറിയത്.

ആ കാഴ്ച കണ്ടപ്പോൾ അഞ്ജലിക്ക് ഹൃദയത്തിലൊരു തണുപ്പ് അനുഭവപ്പെട്ടു. കണ്ണുകളിൽ നിറയെ അവനോടുള്ള സ്നേഹം നിറച്ചു അഞ്ജലി അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു. ബസിൽ തിരക്കുണ്ടായിരുന്നതിനാൽ അഞ്ജലിയും നിമയും വെവ്വേറെ സീറ്റിൽ ആയിരുന്നു ഇരുന്നിരുന്നത്.

ബസിൽ കയറിപ്പറ്റിയ നിഖിൽ അഞ്ജലി അടുത്താണ് വന്ന് നിന്നത്. അവളുടെ തൊട്ടടുത്ത സീറ്റിലിരുന്ന ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയതും നിഖിൽ അവളുടെ അടുത്തേക്ക് ഇരുന്നു.

ആ കാഴ്ച തെല്ല് അസൂയയോടെ നോക്കികാണുകയായിരുന്നു നിമ. അറിയാതെ എപ്പോഴോ നിമയുടെ മനസ്സിലും ആ പൂച്ച കണ്ണുകളോട് ഒരിഷ്ടം തോന്നിതുടങ്ങിയിരുന്നു. നിമയും ആ ഇഷ്ടം അഞ്ജലിയുമായി പങ്ക് വച്ചിരുന്നില്ല.

നിഖിൽ അടുത്ത് വന്ന് ഇരുന്നപ്പോൾ അഞ്ജലിയുടെ ഹൃദയം ക്രമാതീതമായി തുടി കൊട്ടി. ഉള്ളം കയ്യൊക്കെ വിയർത്ത് അവൾ ആകെ പരവേശയായി. അവന്റെ ഷോൾഡർ അവളുടെ തോളിലൊന്ന് ഉരസിയപ്പോൾ അടി വയറ്റിൽ മഞ്ഞു വീഴുന്നൊരു അനുഭൂതി ആയിരുന്നു അവൾക്ക്.

“എടോ എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്.” നിഖിൽ ശബ്ദം താഴ്ത്തി അവളുടെ ചെവിയിൽ പറഞ്ഞു.

“എന്താ നിഖിലേട്ടാ.” വർദിച്ച നെഞ്ചിടിപ്പോടെ അഞ്ജലി അവനെ നോക്കി. ഉള്ളിൽ ആകാംക്ഷയും സന്തോഷവും നിറയുന്നത് അവളറിഞ്ഞു. തനിക്ക് തോന്നിയത് പോലൊരു ഇഷ്ടം നിഖിലിന് തന്നോടും ഉണ്ടായിരുന്നുവെന്ന് അവൾക്ക് തോന്നി.

“എനിക്ക് തന്റെ ഫ്രണ്ട് നിമയെ ഭയങ്കര ഇഷ്ടമാണ്. ഇഷ്ടമാണെന്ന് ആ കുട്ടിയോട് നേരിട്ട് പറയാൻ എനിക്കൊരു ചമ്മലും മടിയുമാണ്. താൻ വേണം ഇക്കാര്യം നിമയോട് പറയാൻ. എന്നെ സഹായിക്കില്ലേ അഞ്ജലി. ഇത് എന്റെ ഫോൺ നമ്പറാണ്. നിമയ്ക്കെന്നെ ഇഷ്ടമാണെങ്കിൽ മാത്രം താനെന്റെ നമ്പർ അവൾക്ക് കൊടുക്കണം. ” പ്രതീക്ഷയോടെ നിഖിൽ അവളെ നോക്കി.

നിഖിലിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ തുറന്നു പറച്ചിൽ അഞ്ജലിയുടെ മനസ്സിനെ പിടിച്ചുലച്ചു. അവൾ തലയ്ക്കടിയേറ്റതുപോലെ അവനെ തന്നെ നോക്കി. അഞ്ജലിയുടെ കൈയ്യിലേക്ക് അവൻ തന്റെ ഫോൺ നമ്പർ എഴുതിയ പേപ്പർ വച്ചു കൊടുത്തു.

അത് കൂടെ ആയപ്പോൾ അടക്കി വച്ചിരുന്ന സങ്കടം അഞ്ജലിയിൽ നിന്നും പൊട്ടിപുറപ്പെട്ടു. എത്ര അടക്കാൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അഞ്ജലിയുടെ കണ്ണുകളിൽ ചുവപ്പ് രാശി പടരുകയും ചുണ്ടുകൾ വിതുമ്പുകയും ചെയ്തു. എത്രയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.

“അഞ്ജലി… തനിക്ക് എന്ത് പറ്റി?” പരിഭ്രമത്തോടെ നിഖിൽ അവളോട്‌ ചോദിച്ചു.

അഞ്ജലി മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

“എനിക്ക് നിഖിലേട്ടനെ ഒരുപാട് ഇഷ്ടമാണ്. ആദ്യമായി കണ്ട ദിവസം തന്നെ മനസ്സിൽ കയറികൂടിയതാണ് ഈ മുഖവും ഈ നുണക്കുഴിയും ഈ പൂച്ച കണ്ണുകളും. ഇത്രയും നാൾ നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. എന്നും കാണുകയും സംസാരിക്കുകയും ചെയ്തിട്ടും ഒരിക്കൽ പോലും ഈ മുഖത്ത് നോക്കി ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യമില്ലായിരുന്നു.

ഇന്നെങ്കിലും എന്റെ ഇഷ്ടം തുറന്നു പറയണമെന്ന് കരുതി വന്നതായിരുന്നു ഞാൻ. പക്ഷെ… എനിക്കറിയില്ലായിരുന്നു നിഖിലേട്ടന് ഇഷ്ടം നിമയെയായിരുന്നുവെന്ന്.” അഞ്ജലി അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി തല താഴ്ത്തി ഇരുന്നു.

അഞ്ജലി പറഞ്ഞതൊക്കെ കേട്ട് വല്ലായ്മയോടെ ഇരിക്കുകയാണ് നിഖിൽ. അവളോട്‌ എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു.

“നിഖിലേട്ടൻ വിഷമിക്കണ്ട… ഇത് മനസ്സിൽ തന്നെ ഇരുന്നാൽ വല്ലാത്ത വിമ്മിഷ്ടം തോന്നും എനിക്ക്. ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരാതിരിക്കട്ടെ. മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞില്ലല്ലോന്ന് ഓർത്തു എനിക്ക് സങ്കടപ്പെടേണ്ടി വരില്ലല്ലോ.

നിമയ്ക്ക് നിഖിലേട്ടനെ ഇഷ്ടമാകും. നിഖിലേട്ടൻ പറഞ്ഞത് ഞാൻ അവളോട്‌ പറയാം. ഈ നമ്പർ ഞാൻ നിമയ്ക്ക് കൊടുത്തേക്കാം.” അഞ്ജലി അവനെ നോക്കി വിഷാദം നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു.

“എനിക്കറിയില്ലായിരുന്നു തനിക്ക് എന്നോട്..” വാക്കുകൾ പൂർത്തീകരിക്കാൻ അവനായില്ല.

“സോറി നിഖിലേട്ടാ..” ഉള്ളിലെ നീറ്റൽ മറച്ചുപിടിച്ചു അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

അനൂപിന്റെ അടുത്തുള്ള ആൾ എഴുന്നേറ്റു പോയപ്പോൾ നിഖിൽ അവന്റെ അടുത്തേക്ക് മാറി ഇരുന്നു. അപ്പോൾ നിമ അഞ്ജലിയുടെ സീറ്റിലേക്ക് വന്നിരുന്നു.

“നിഖിലേട്ടൻ എന്താ അഞ്ജു പറഞ്ഞേ.” ആകാംക്ഷയോടെ നിമ ചോദിച്ചു.

“നിഖിലേട്ടന് നിന്നെ ഇഷ്ടമാണ്… നിനക്ക് ഇഷ്ടമാണെങ്കിൽ നിഖിലേട്ടന്റെ ഫോൺ നമ്പർ നിനക്ക് തരാൻ വേണ്ടി തന്നിട്ടുണ്ട്. ആൾക്ക് നേരിട്ട് പറയാൻ ധൈര്യമില്ല.”

“സത്യമാണോ നീ പറയുന്നേ… നിഖിലേട്ടന് എന്നെ ഇഷ്ടാണെന്നോ.?” വിശ്വാസം വരാതെ മിഴിഞ്ഞ കണ്ണുകളോടെ നിമ അഞ്ജലിയെ നോക്കി.

അവളുടെ നോട്ടത്തിലും മുഖത്ത് പടർന്ന നാണത്തിൽ വിരിഞ്ഞ പുഞ്ചിരിയും കണ്ടപ്പോൾ നിമയ്ക്ക് നിഖിലിനെ ഇഷ്ടമാണെന്ന് അഞ്ജലിക്ക് മനസിലായി. അഞ്ജലി നിഖിൽ കൊടുത്ത നമ്പർ എഴുതിയ പേപ്പർ നിമയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു.

അപ്പോഴാണ് അഞ്ജലിയുടെ നിറഞ്ഞ കണ്ണുകൾ നിമ ശ്രദിച്ചത്.

“എന്താ അഞ്ജു.. എന്ത് പറ്റി നിനക്ക്. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.”

“ഒന്നൂല്ലടി..” അഞ്ജലി മുഖം തിരിച്ചു കളഞ്ഞു. അത് കണ്ടപ്പോൾ നിമയ്ക്ക് കാര്യം മനസിലായി.

“നിനക്കും നിഖിലേട്ടനെ ഇഷ്ടമായിരുന്നല്ലേ.” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“ഉം… അത് സാരമില്ല.. എന്റെ പൊട്ട ബുദ്ധിയിൽ വെറുതെ തോന്നിതാ. നീ അത് വിട്ടേക്ക്. കാര്യമാക്കണ്ട.” ഇടർച്ചയോടെ അഞ്ജലി പറഞ്ഞു.

“എനിക്ക് മുൻപേ നിഖിലേട്ടനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ഇഷ്ടപ്പെട്ടതുമൊക്കെ നീയല്ലേ. ഞാൻ സംസാരിക്കാം നിഖിലേട്ടനോട്. എനിക്ക് വലുത് നിന്റെ സന്തോഷമാണ് അഞ്ജു.”

“വേണ്ട നിമ… ഇഷ്ടം പിടിച്ചു വാങ്ങാനുള്ളതല്ല. അത് താനേ മനസ്സിൽ തോന്നണം. അങ്ങനെ നിഖിലേട്ടന് മനസ്സിൽ ഇഷ്ടം തോന്നിയ പെണ്ണ്, അത് നീയാ. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. നിനക്കും നിഖിലേട്ടനെ ഇഷ്ടമാണ്. നിങ്ങൾക്കിടയിൽ ഞാനൊരു കരടാവില്ല നിമ. ഇത് എന്റെ വാക്കാണ്.”

ഹൃദയം പറിഞ്ഞു പോകുന്ന വേദനയിലും പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു. ആരും കാണാതെ ഉള്ള് തുറന്നൊന്ന് പൊട്ടിക്കരയാൻ തോന്നി അവൾക്ക്.

ഇഷ്ടങ്ങൾ ആരിൽ നിന്നും പിടിച്ചു വാങ്ങാനുള്ളതല്ലെന്ന് അഞ്ജലിക്ക് അറിയാം. പിടിച്ചു വാങ്ങുന്ന സ്നേഹത്തിനു അൽപ്പായുസ്സ് മാത്രമേ ഉണ്ടാവൂ. അത് അഞ്ജലിക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *