(രചന: Sivapriya)
“കെട്ടിലമ്മ ഇതുവരെ പള്ളിയുറക്കം കഴിഞ്ഞു എണീറ്റില്ലേ?” വാതിലിൽ വന്ന് ഉറക്കെ തട്ടി വിളിക്കുന്ന അനിലേട്ടന്റെ അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
എന്നും രാവിലെ അഞ്ചു മണിക്ക് അലാറം വച്ച് എഴുന്നേൽക്കാറാണ് പതിവ്. ഇന്നലെ രാത്രി കിടക്കാൻ നേരത്താണ് ഇട്ടിരുന്ന വെളുത്ത മാക്സിയുടെ പുറകിൽ മുഴുവൻ ചോര പുരണ്ടിരിക്കുന്നത് കണ്ടത്.. ഒപ്പം കാല് കടച്ചിലും നടുവേദനയും വയറു വേദനയും കൂടി ആയപ്പോൾ സഹിക്കാൻ പറ്റിയില്ല.
ഇത്തവണ പീരിയഡ്സ് കുറച്ചു നേരത്തെയാണ്. എങ്ങനെയൊക്കെയോ ദേഹം കഴുകി വൃത്തിയാക്കി ഇട്ടിരുന്ന തുണിയും നനച്ച് പിഴിഞ്ഞ് വിരിച്ച ശേഷം വന്ന് കട്ടിലിലേക്ക് കിടന്നതേ ഓർമ്മയുള്ളു. പിന്നെ ഉണരുന്നത് അമ്മയുടെ ശബ്ദം കേട്ടാണ്.
വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങുന്ന പണികൾ തീരുന്നത് രാത്രി പതിനൊന്നു മണിക്കാണ്. ഒന്ന് നടു നിവർത്തി കിടക്കാനായി ഓടി വരുമ്പോൾ ഇങ്ങനെ വല്ല പണിയും കൂടി കിട്ടിയാൽ അന്നത്തെ ദിവസം പോക്ക് തന്നെ.
ഇന്നലെ രാത്രി വയ്യായ്ക കാരണം അലാറം വയ്ക്കാൻ പോലും മറന്ന് എങ്ങനെയോ കിടന്നുറങ്ങി പോയി. അരികിൽ കിടക്കുന്ന അനിലേട്ടനെ നോക്കിയപ്പോൾ മൂപ്പര് തലവഴി മൂടിപ്പുതച്ചു സുഖ ഉറക്കമാണ്. ഫോണെടുത്ത് സമയം നോക്കിയപ്പോൾ എഴ് മണി കഴിഞ്ഞിരുന്നു.
“ഈശ്വരാ… ഞാൻ ഇത്രയും സമയം ഉറങ്ങിപ്പോയോ.” കട്ടിലിൽ നിന്ന് പിടഞ്ഞെണീറ്റ് കൊണ്ട് ഞാൻ ചെന്ന് വാതിൽ തുറന്നു.
“എനിക്ക് രാവിലെ കൃത്യം എഴ് മണിക്ക് ചായ കിട്ടണമെന്ന് നിനക്കറിയില്ലേ മല്ലികേ. എന്നിട്ട് എന്ത് ധൈര്യത്തിലാ നീ ഇത്രയും നേരം കിടന്നുറങ്ങിയത്. അനിക്ക് ഓഫീസിൽ പോവാനുള്ള കാര്യം നീയങ് മറന്നോ. അവൻ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഓഫീസിൽ പോകാനായി വരുമ്പോൾ കാപ്പിയും ചോറുമൊക്കെ മേശപ്പുറത്ത് കണ്ടില്ലെങ്കിലാണ്…” പറഞ്ഞു വന്നത് പകുതിക്ക് നിർത്തി എന്നെ തുറിച്ചു നോക്കിയ ശേഷം അനിലേട്ടന്റെ അമ്മ സിറ്റ് ഔട്ടിൽ പോയിരുന്ന് പത്രം വായിക്കാൻ തുടങ്ങി.
അതിനർത്ഥം അവർക്ക് ഉടനെ ചായ കിട്ടണമെന്നാണ്. ഇല്ലെങ്കിൽ തള്ള വീട് രണ്ടാക്കും.
പെട്ടന്ന് ബാത്‌റൂമിൽ കയറി രാത്രി വച്ച പാഡ് മാറ്റി വേറൊരെണ്ണം വച്ച് പല്ല് തേച്ച് മുഖം കഴുകി ഞാൻ അടുക്കളയിലേക്ക് ഓടി. ആ നിമിഷം ശരീരത്തിന്റെ വേദനകളെ ഞാൻ മറന്നിരുന്നു.
അനിലേട്ടന്റെ അമ്മ ആറരയ്ക്ക് എണീക്കും. കുളി കഴിഞ്ഞു വരുമ്പോൾ എഴ് മണിയാകും. അപ്പൊതന്നെ ഒരു കപ്പ് ചൂട് ചായ അവർക്ക് നിർബന്ധമാണ്. എങ്ങാനും വൈകി എണീറ്റ് ചായ കിട്ടാൻ താമസിച്ചാൽ ആ ദിവസം മുഴുവൻ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയലും ശകാരവും ആയിരിക്കും.
പാകത്തിന് മധുരമിട്ട് കടുപ്പമുള്ള ആവി പറക്കുന്ന ചായ അമ്മയ്ക്ക് മുന്നിൽ വയ്ക്കുമ്പോൾ ഗൗരവത്തിൽ എന്നെയൊന്ന് നോക്കി. ഉടനെ തന്നെ ഞാൻ ചായക്കപ്പ് അവരുടെ കൈകളിൽ വച്ച് കൊടുത്തു. എന്നെ ദാഹിപ്പിക്കുന്ന നോട്ടം നോക്കിയിട്ട് അവർ പത്രത്താളിലേക്ക് നോട്ടം മാറ്റി.
പത്തുമണിക്കാണ് അനിലേട്ടന് ഓഫീസിൽ പോകാനുള്ളത്. എട്ട് മണി ആകുമ്പോൾ എണീക്കും. കുളിച്ചു വസ്ത്രം മാറി ഒൻപത് മണി ആകുമ്പോൾ പ്രാതൽ കഴിക്കാനെത്തും. കഴിച്ച് കഴിഞ്ഞു ഏമ്പക്കവും വിട്ട് എണീറ്റ് കൈ കഴുകി ഒൻപതാരയോടെ വീട്ടിൽ നിന്ന് ഇറങ്ങും.
രാവിലെ എണീക്കുമ്പോഴുള്ള പതിവ് പണികൾ മാറ്റി വച്ച് ഞാൻ ശ്വാസം വിടാതെ അടുക്കളയിൽ ഓടി നടന്നു. മാവ് എടുത്ത് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ഗ്യാസിലേക്ക് വച്ചു. മറ്റേ ഗ്യാസ് അടുപ്പിലേക്ക് ചോറിന് വെള്ളവും. വെള്ളം തിളച്ചപ്പോൾ അരി കഴുകി ഇട്ടു.
ഇഡ്ഡലി വെന്ത് കഴിഞ്ഞപ്പോൾ എടുത്തു മാറ്റി പരിപ്പ് വേവിച്ച് കഷ്ണങ്ങൾ നുറുക്കിയിട്ട് കടുക് താളിച്ചു സാമ്പാർ റെഡിയാക്കി. പിന്നെ തേങ്ങ അരച്ച് കുറച്ചു എടുത്ത് മിക്സിയിൽ ഇട്ട് അടിച്ച് ചീന ചട്ടിയിലേക്ക് ഒഴിച്ച് കടുക് വറുത്തു എടുത്ത് ചമ്മന്തിയും ആക്കി.
പിന്നെ ക്യാബേജ് എടുത്ത് നുറുക്കി തോരൻ വച്ചു. പപ്പടം കാച്ചി. ഇതിനിടയിൽ ഫ്രിഡ്ജിൽ കഴുകി മുറിച്ചു വച്ചിരുന്ന മീനെടുത്തു തണുപ്പ് പോകാൻ വച്ചിരുന്നു. അതെടുത്തു മുളക് പുരട്ടി പൊരിച്ചെടുത്തു. ഒപ്പം രസവുമുണ്ടാക്കി. പിന്നെ അടുത്ത തട്ട് ഇഡ്ഡലിക്ക് മാവ് കോരി ഒഴിച്ച് അടച്ചു വച്ച ശേഷം അരി വാർത്തു.
പറയാൻ എളുപ്പമാണെങ്കിലും ഒന്ന് ശ്വാസമെടുക്കാൻ പോലും സമയമില്ലാതെ ഓടി നടന്ന് എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ സമയം എട്ടര.
ഇഡലിയും സാമ്പാറും ചമ്മന്തിയും കൂടെ ഫ്ലാസ്കിൽ ചായയും വിളമ്പാനുള്ള പാത്രങ്ങളും മേശമേൽ നിരത്തിയപ്പോൾ അനിലേട്ടന്റെ വിളി വന്നു.
“മല്ലികേ…” അലർച്ച പോലെയുള്ള അനിലേട്ടന്റെ ശബ്ദം കേട്ട് മാക്സിയിൽ കൈ തുടച്ചുകൊണ്ട് പേടിയോടെയാണ് മുറിയിലേക്ക് ഓടിയത്.
അനിലേട്ടൻ കുളി കഴിഞ്ഞു വന്ന് ഇടാനുള്ള ഡ്രസ്സ് തപ്പുവായിരുന്നു. എന്നും രാവിലെ എണീറ്റ ഉടനെ ഏട്ടന് ഇടാനുള്ള ഡ്രസ്സ് അയൺ ചെയ്തു വച്ചിട്ടാണ് പുറത്തേക്ക് പോവുന്നത്. ഇന്നത് മറന്നു.
“എന്താ അനിലേട്ടാ?”
“ഇന്ന് എനിക്കിടാനുള്ള ഡ്രസ്സ് എടുത്തു വച്ചില്ലേ?”
“തിരക്കിനിടയിൽ മറന്ന് പോയി അനിലേട്ടാ. എണീറ്റപ്പോൾ വൈകി. ഞാനിപ്പോൾ തന്നെ അയൺ ചെയ്തു വച്ചേക്കാം.”
“നിനക്കവിടെ ഇത്രയ്ക്ക് മല മറിക്കുന്ന പണി എന്താ? വേഗം വേണം എനിക്ക്. എങ്ങാനും ഞാൻ ഓഫീസിൽ എത്താൻ താമസിച്ചാൽ തിരിച്ചു വന്നിട്ട് കാണിച്ചു തരുന്നുണ്ട് ഞാൻ.” ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അയാൾ ചവിട്ടുത്തുള്ളി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
പെട്ടന്ന് തന്നെ അലമാരയിൽ നിന്ന് പാന്റും ഷർട്ടും എടുത്ത് അഞ്ചു മിനിറ്റിനുള്ളിൽ അയൺ ചെയ്തു കൊടുത്ത ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി. ധൃതി പിടിച്ചു തേച്ചതിനാൽ കൈ പൊള്ളുകയും ചെയ്തു. വെപ്രാളത്തിനിടയിൽ അത് കാര്യമാക്കിയില്ല.
അടുക്കളയിൽ ചെന്ന് അനിലേട്ടന് ഓഫീസിലേക്ക് കൊണ്ട് പോകാനുള്ള ചോറും കറികളും എടുത്തു വച്ചു. എല്ലാം ബാഗിലാക്കി മേശപ്പുറത്തായി കൊണ്ട് വച്ചപ്പോൾ അമ്മയും മോനും കൈ കഴുകി കഴിക്കാൻ വന്നിരുന്നു.
രണ്ട് പ്ളേറ്റുകളിൽ ഇഡലിയും സാമ്പാറും വിളമ്പി ഫ്ലാസ്കിൽ നിന്നും ചൂട് ചായ കാപ്പിലേക്ക് പകർന്ന് കൊടുത്ത് ഞാൻ അരികിൽ നിന്നു. അവര് കഴിച്ചെണീക്കും വരെ ഞാനരികിൽ ഉണ്ടാവണം. വേണ്ടതൊക്കെ വിളമ്പി കൊടുക്കയും വേണം. അവര് കഴിച്ചെണീറ്റ് പോയാലെ എനിക്ക് കഴിക്കാൻ അനുവാദം ഉള്ളു.
“ഇതെന്താ ചമ്മന്തിക്ക് തീരെ ഉപ്പ് ഇല്ലത്തെ. സാമ്പാറിൽ ആണെങ്കിൽ ഉപ്പും കൂടുതൽ എരിവും കൂടുതൽ. വായിൽ വച്ചു തിന്നാൻ കൊള്ളില്ല. അതെങ്ങനാ നിനക്ക് വായിക്ക് രുചിയായി വല്ലതും വച്ചുണ്ടാക്കാൻ അറിയാങ്കിലല്ലേ…
മൂക്ക് മുട്ടെ തിന്ന് കിടന്നുറങ്ങാൻ അല്ലെ അറിയൂ. എന്റെ മോന്റെ ഗതികേട്. അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തു നിന്ന് പെണ്ണെടുത്താൽ പിന്നെ ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു.”
അനിലേട്ടന്റെ അമ്മ വായിൽ വന്നതൊക്കെ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന പോലെയാണ് അനിലേട്ടന്റെ പെരുമാറ്റം.
അമ്മ എന്ത് പറഞ്ഞാലും പ്രവൃത്തിച്ചാലും ഏട്ടൻ മൈൻഡ് ചെയ്യാറില്ല. ഏട്ടന്റെ മൗനം എന്നെ എന്ത് വേണോ പറയുകയോ ചെയ്യുകയോ ചെയ്തോന്നുള്ള ഭാവത്തിൽ അമ്മയ്ക്ക് അനുവാദം കൊടുക്കുന്നത് പോലെയാണ്.
ഞാൻ സാമ്പാറും ചമ്മന്തിയും രുചിച്ചു നോക്കി, കുഴപ്പമൊന്നുമില്ല. വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു പാത്രം വടിച്ചു നക്കി തിന്നിട്ടാണ് അമ്മ എഴുന്നേറ്റു പോയത്. അനിലേട്ടനും എഴുന്നേറ്റു പോയി കൈ കഴുകി. പിന്നാലെ കൈ തുടയ്ക്കാനുള്ള ടവലും കൊണ്ട് ചെന്നില്ലെങ്കി അതിന് ഉടനെ ചീത്ത കിട്ടും. വേഗം ടവൽ കൊണ്ട് കൊടുത്തു.
ഒൻപതര ആയപ്പോൾ അനിലേട്ടൻ ഓഫീസിൽ പോകാൻ ഇറങ്ങി. കൃത്യ സമയത്തു ഇറങ്ങാൻ പറ്റിയത് കണ്ട് സമാധാനത്തോടെ ഞാൻ നെഞ്ചിൽ കൈ വച്ചു. ലേറ്റ് ആയി ഇറങ്ങിയിരുന്നെങ്കിൽ വൈകുന്നേരം വരുമ്പോൾ അതിന് അടി വാങ്ങേണ്ടി വന്നേനെ.
ഏട്ടൻ പോയി കഴിഞ്ഞതും രണ്ട് പേരും കഴിച്ച് വച്ച എച്ചിൽ പാത്രം കൊണ്ട് സിങ്കിൽ ഇട്ട ശേഷം ഞാൻ മൂന്നു ഇഡലിയും അൽപ്പം ചമ്മന്തിയും ഒഴിച്ച് വേഗത്തിൽ ആഹാരം കഴിച്ച് എണീറ്റു. കൈയിലെ പൊള്ളൽ നല്ല നീറ്റൽ ഉണ്ടായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല.
രാവിലെ എണീക്കുമ്പോ ചെയ്യുന്ന മുറ്റമടിയൊക്കെ പിന്നെയാണ് ചെയ്തത്. അത് കഴിഞ്ഞു വന്ന് അടുക്കള ഒതുക്കി. വീട് മുഴുവൻ തൂത്തു വാരി തുടച്ചു. വാഷിംഗ് മെഷീനിൽ തുണി കഴുകുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലാത്തോണ്ട് തുണികളെല്ലാം അലക്ക് കല്ലിൽ കൊണ്ടിട്ടു അലക്കി.
എല്ലാ തുണികളും കഴുകി പിഴിഞ്ഞ് അശയിൽ വിരിച്ചിട്ട് നടുവൊന്ന് നിവർത്തി നിന്നതേയുള്ളു ഞാൻ. അപ്പോഴാണ് രാവിലെ വൈകി എണീറ്റത്തിന്റെ ദേഷ്യം തീർക്കാൻ അമ്മ കട്ടിയുള്ള നാല് ബെഡ് ഷീറ്റ് കൊണ്ട് വന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞത്.
“ഇതൊക്കെ നിനക്ക് വൃത്തിക്ക് കഴുകികൂടെ. അതെങ്ങനാ മേലനങ്ങി പണിയെടുത്തു ശീലമില്ലല്ലോ.”
രണ്ട് ദിവസം മുൻപ് കഴുകി ഉണക്കി അലമാരയിൽ കൊണ്ട് വച്ച ബെഡ് ഷീറ്റാണ് അത്. ഒന്നും മിണ്ടാതെ അതുകൊണ്ടുപോയി അലക്കി വിരിച്ചു. തിരിച്ചു എന്തെങ്കിലും പറഞ്ഞു പോയാൽ ഇരട്ടിയായി അനിലേട്ടന്റെ ചെവിയിലെത്തും. അതുകൊണ്ട് ഒന്നും പറയാൻ പോയില്ല.
ജോലിയൊക്കെ ഒതുക്കി കുളി കഴിഞ്ഞു വന്നപ്പോൾ രണ്ട് മണി ആയി. അമ്മ ഊണ് കഴിഞ്ഞു ഉറക്കം പിടിച്ചിരുന്നു. ഞാൻ വേഗം ചെന്ന് ചോറെടുത്തു കഴിച്ച ശേഷം ഇത്തിരി നേരം പോയി ഹാളിലെ സോഫയിൽ കിടന്നു.
അഞ്ചുമണിക്ക് ഉറക്കം കഴിഞ്ഞു അമ്മ എണീറ്റ് വരുമ്പോൾ ഞാൻ കിടന്നുറങ്ങുന്നതെങ്ങാനും കണ്ടാൽ അടുത്ത പുകിൽ തുടങ്ങും. നാല് മണിക്ക് അലാറം വച്ചു ഇത്തിരി നേരമൊന്ന് മയങ്ങി ഞാൻ.
അമ്മയ്ക്ക് വൈകുന്നേരം ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരം ഉണ്ടാക്കണം. അത് കഴിഞ്ഞു രാത്രി ആഹാരം ഉണ്ടാക്കണം. നേരത്തെ പണിയൊക്കെ ഒതുക്കി ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടാലും പിടിക്കില്ല. അതുകൊണ്ട് ഞാൻ എന്തെങ്കിലും എപ്പോഴും ചെയ്തോണ്ട് ഇരിക്കണം.
ഇവരുടെയൊക്കെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം ഞാൻ. എന്നാലും മുഖം കടന്നാൽ കുത്തിയത് പോലെയായിരിക്കും.
ഒരു നല്ല വാക്ക് രണ്ട് പേരിൽ നിന്ന് പ്രതീക്ഷിച്ചിട്ടും കാര്യമില്ല. അനിലേട്ടന് പിന്നെ മൂഡ് തോന്നുന്ന രാത്രികളിൽ ഭോഗിക്കാനുള്ള ഉപകരണമാണ് ഞാൻ. എന്റെ വികാരങ്ങൾക്ക് യാതൊരു വിലയുമില്ല. പിന്നെ സമയമാസമയങ്ങളിൽ അനിലേട്ടനും അമ്മയ്ക്കും വച്ച് വിളമ്പി അവരുടെ കാര്യങ്ങൾ മുറ തെറ്റാതെ നോക്കി നടത്താനും എന്നെ വേണം.
അനിലേട്ടന്റെ രണ്ടാം ഭാര്യയാണ് ഞാൻ. ആദ്യ ഭാര്യ കാശുള്ള വീട്ടിലെ പെണ്ണായിരുന്നു. അമ്മയുടെയും മോന്റെയും അടിമയായി കഴിയാൻ താല്പര്യമില്ലാത്തോണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അവര് ബന്ധം പിരിഞ്ഞു രക്ഷപെട്ടു പോയി.
അന്നന്നു കിട്ടുന്ന കാശ് കൊണ്ട് ജീവിച്ചു പോകുന്ന കൂലിപ്പണിക്കാരന്റെ മൂത്ത മോളാണ് ഞാൻ. സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തോണ്ട് കല്യാണം വൈകി ഇരിക്കുമ്പോഴാണ് അനിലേട്ടന്റെ ആലോചന വന്നത്.
കാശില്ലാത്ത വീട്ടിലെ പെണ്ണാകുമ്പോ ഇവരുടെ ചൊല്പടിക്ക് അടക്കി കിടക്കുമെന്ന് പറഞ്ഞാണ് എന്നെ കെട്ടികൊണ്ട് വന്നത്. അനിലേട്ടന് ബാങ്കിലാണ് ജോലി.
എനിക്ക് താഴെ കെട്ടിക്കാൻ ഇനി രണ്ട് പെണ്മക്കൾ കൂടിയുണ്ട് അച്ഛന്. വാടക വീടാണ്. പഠിക്കാൻ മോശമായത് കൊണ്ട് പ്രീ ഡിഗ്രിയോടെ പഠിത്തം നിർത്തിയതാണ് ഞാൻ. അതുകൊണ്ട് കല്യാണത്തിന് മുൻപ് പൊയ്ക്കൊണ്ടിരുന്ന സെയിൽസ് ഗേളിന്റെ ജോലിക്ക് അനിലേട്ടൻ പിന്നെ വിട്ടതുമില്ല.
എല്ലാവരുടെയും കണ്ണിൽ ഞാൻ ഭാഗ്യവതിയാണ്. പോകാൻ ഒരിടമില്ലാത്തത് കൊണ്ട് എല്ലാം സഹിച്ചു ഞാനിവിടെ കഴിഞ്ഞു പോകുന്നു. ഇതായിരിക്കാം എന്റെ വിധി..!