കിടപ്പ് മുറിയിൽ അയാളിൽ നിന്ന് വമിക്കുന്ന കള്ളിന്റെ മണവും കൂർക്കം വലിയും സഹിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമാണ് സുചിത്ര നേരം വെളുപ്പിക്കുന്നത്. വെളുപ്പിന് എണീക്കുന്ന സജി കുളിച്ചു

(രചന: Sivapriya)

മക്കളെ സ്കൂളിൽ അയച്ച ശേഷം ഫോണിൽ ഫേസ്ബുക് നോക്കി ഇരിക്കുകയായിരുന്നു സുചിത്ര. അപ്പോഴാണ് അമൽ എന്ന് പേരുള്ള ഫേസ്ബുക് ഐഡിയിൽ നിന്നും അവൾക്കൊരു ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. കൗതുകം തോന്നിയ അവൾ ആ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു.

പ്രൊഫൈൽ കയറി നോക്കിയപ്പോൾ അതൊരു ഫേക്ക് ഐഡി ആണെന്ന് മനസ്സിലായി. തന്റെയും ഫേക്ക് ഐഡി ആണല്ലോ എന്നോർത്ത് അവളത് കാര്യമാക്കിയില്ല. ഫേസ്ബുക് ഗ്രൂപ്സിലും പേജിലും വരുന്ന കഥകൾ വായിക്കാനും കമന്റ്‌ ഇടാനുമൊക്കെയാണ് സുചിത്ര ഫേസ്ബുക് ഉപയോഗിച്ചിരുന്നത്.

പല കഥകളും വായിക്കുമ്പോൾ തന്റെ ജീവിതവുമായി സാമ്യം തോന്നിയിരുന്നത് അവളെ വായനയിലേക്ക് കൂടുതൽ അടുപ്പിച്ചിരുന്നു.

കുടിയനായ ഭർത്താവും രണ്ട് മക്കളുമടങ്ങുന്നതാണ് സുചിത്രയുടെ കുടുംബം. സുചിത്രയുടെ ഭർത്താവ് സജി സെക്യൂരിറ്റി ജീവനക്കാരനാണ്. മൂത്ത മകൾ തൻവി ഏഴിലും ഇളയ മകൻ തൻവീർ അഞ്ചിലും പഠിക്കുന്നു.

രാവിലെ എഴ് മണിക്ക് ജോലിക്ക് പോകുന്ന സജി രാത്രി ഏട്ടര മണിക്കാണ് വീട്ടിൽ തിരിച്ചെത്തുന്നത്. വരുമ്പോൾ മൂക്കറ്റം കള്ളും മോന്തി പാതി ബോധത്തിലായിരിക്കും വന്ന് കേറുന്നത്. അതുകൊണ്ട് തന്നെ മക്കൾ ഈ കാഴ്ച കാണാതിരിക്കാനായി സുചിത്ര രണ്ടുപേരെയും നേരത്തെ ഭക്ഷണം കൊടുത്ത് ഉറക്കും.

കള്ള് കുടി ഉണ്ടെങ്കിലും സജി ഭാര്യയെ ദേ ഹോ പദ്രവം ഏല്പിക്കുകയോ വീട്ടിൽ ചിലവിന് കൊടുക്കാതിരിക്കുകയോ ചെയ്യാറില്ല. സജിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു പോയതാണ്.

വകയിലെ ഒരു അമ്മാവന്റെ വീട്ടിലാണ് അയാൾ വളർന്നതും പഠിച്ചതുമൊക്കെ. അതുകൊണ്ട് ജീവിതാനുഭവം അയാളെ ഒരു മുരടനും അധികം സംസാരിക്കാത്ത അന്തർമുഖനുമാക്കി മാറ്റിയിരുന്നു.

പതിമൂന്ന് വർഷം മുൻപ് അമ്മാവന്റെ പരിചയത്തിലെ സുഹൃത്ത് വഴിയാണ് സജിക്ക് സൂചിത്രയുടെ ആലോചന വരുന്നത്.

അമ്മാവൻ തന്നെ മുൻകൈ എടുത്ത് വിവാഹം നടത്തികൊടുത്തു. അതോടെ സജി ഭാര്യയുമായി വാടക വീട്ടിലേക്ക് മാറി താമസിച്ചു. വിവാഹം കഴിഞ്ഞു രണ്ടു മക്കളും ഉണ്ടായ ശേഷമാണ് സജി കുടിക്കാൻ തുടങ്ങിയത്.

ആദ്യമൊക്കെ അതുമായി പൊരുത്തപ്പെട്ടു പോകാൻ സുചിത്രയ്ക്കായില്ല. അവൾ ആവതും അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സജി കുടി നിർത്താൻ തയ്യാറായില്ല. സജിയോട് പിണങ്ങി കുറച്ചു ദിവസം സുചിത്ര അവളുടെ വീട്ടിൽ പോയി നിന്നെങ്കിലും അവളുടെ വീട്ടുകാർ അവളെ സജിയോടൊപ്പം മടക്കി അയച്ചു.

‘കുടിയനായാലും കുടുംബം നോക്കുന്നവനല്ലേ അവൻ. നീ ഇങ്ങനെ പിണങ്ങി വീട്ടിൽ വന്ന് നിന്നാൽ സഹോദരിമാർക്ക് നല്ല ആലോചനകൾ ഒന്നും വരില്ലെന്ന’ ന്യായീകരണമാണ് സുചിത്രയുടെ വീട്ടുകാർ പറഞ്ഞത്. അങ്ങനെ പോകപോകെ അവൾ അയാളുടെ സ്വഭാവ രീതികളുമായി പൊരുത്തപ്പെട്ടു.

കിടപ്പ് മുറിയിൽ അയാളിൽ നിന്ന് വമിക്കുന്ന കള്ളിന്റെ മണവും കൂർക്കം വലിയും സഹിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമാണ് സുചിത്ര നേരം വെളുപ്പിക്കുന്നത്. വെളുപ്പിന് എണീക്കുന്ന സജി കുളിച്ചു വസ്ത്രം മാറി, പേഴ്സിൽ നിന്നും കുറച്ച് പൈസ എടുത്ത് വീട്ടു ചിലവിനായി മേശ വലിപ്പിൽ ഇട്ട ശേഷം ഒരു കട്ടൻ ചായയും കുടിച്ചു കൊണ്ട് ജോലിക്കായി പോകും.

സുചിത്രയുടെ ജീവിതം നിരാശയിലേക്ക് കൂപ്പു കുത്തികൊണ്ടിരുന്നു. ഒരു ഭർത്താവിൽ നിന്ന് അവൾ ആഗ്രഹിച്ച സ്നേഹമോ പരിഗണനയോ സ്വകാര്യ നിമിഷങ്ങളോ അവൾക്ക് അയാളിൽ നിന്ന് കിട്ടിയിട്ട് വർഷങ്ങളായി.

മനസ്സും ശരീരവും മുരടിച്ചു പോയെങ്കിലും ഇടയ്ക്കൊക്കെ സജിയുടെ സാമീപ്യം അവൾ ആഗ്രഹിച്ച് പോകാറുണ്ടായിരുന്നു. സ്നേഹത്തോടെ സജി തന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്നോർത്ത് സുചിത്ര ഒരുപാട് രാത്രികളിൽ പൊട്ടികരഞ്ഞിട്ടുണ്ട്.

സജിയുടെ മക്കളെ പ്രസവിക്കാനും അവരെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ വിടാനും അവർക്ക് ഭക്ഷണം ഉണ്ടാക്കാനും മാത്രമാണ് തന്നെ അയാൾക്ക് ആവശ്യമുള്ളു എന്ന് അവൾക്ക് തോന്നി.

ആഴ്ചയിൽ ബുധനാഴ്ചയാണ് സജിക്ക് ലീവ് ഉള്ള ദിവസം. അന്നത്തെ ദിവസം രാവിലെ മുതൽ ഉച്ച വരെഅയാൾ ഉറക്കമായിരിക്കും. ഉച്ചക്ക് ശേഷം എണീറ്റ് കുളിച്ചു ചോറും കഴിച്ചു കവലയിലേക്ക് പോകും.

സ്കൂൾ വിട്ട് വരുന്ന മക്കളെയും കൊണ്ട് ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ച് അവരെ വീട്ടിലാക്കിയിട്ട് അയാൾ കള്ള് ഷാപ്പിലോ ബാറിലേക്കോ പോകും. ഇതായിരുന്നു സജിയുടെ പതിവ് രീതികൾ.

അങ്ങനെയാണ് ജീവിതത്തിലെ വിരസതയും ബോറടിയും മാറ്റാനായി സുചിത്ര വായന തിരഞ്ഞെടുത്തത്.
ദിവസങ്ങൾ കടന്നുപോയി…

ഒരുദിവസം ഫോണിൽ കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുചിത്രയ്ക്ക് അമലിന്റെ “ഹായ്” എന്നൊരു മെസ്സേജ് വരുന്നത്. ആദ്യം അവളത് ഗൗനിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു പിന്നെയും രണ്ട് മെസ്സേജ് കൂടെ വന്നു. അത് കണ്ടപ്പോൾ സുചിത്ര ചാറ്റ് ബോക്സ്‌ ഓപ്പൺ ചെയ്തു നോക്കി.
“ഹായ്.

ഹായ് ഞാൻ അമൽ

തന്റെ കമന്റ്സിന്റെ ഒരു ആരാധകനാണ് ഞാൻ. എങ്ങനെ സാധിക്കുന്നു ഇതുപോലെ അഭിപ്രായങ്ങൾ പറയാൻ. തന്റെ അനുഭവങ്ങളാണല്ലെ ഇങ്ങനെ ഹൃദയ സ്പർശിയായ അഭിപ്രായം എഴുതാൻ തനിക്ക് പ്രചോദനമായത്.”

അമലിന്റെ ആ മെസ്സേജസ് വായിച്ചപ്പോൾ സുചിത്ര ആശ്ചര്യപ്പെട്ടു. തന്റെ അനുഭവങ്ങളുമായി സാമ്യം തോന്നുന്ന കഥകളിൽ നീണ്ട അഭിപ്രായങ്ങൾ സുചിത്ര എഴുതാറുണ്ട്. അത് അമൽ എന്ന വ്യക്തി കൃത്യമായി മനസിലാക്കിയതിൽ അവൾക്ക് സന്തോഷം തോന്നി. ഒരാളെങ്കിലും തന്റെ വിഷമതകൾ തിരിച്ചറിഞ്ഞല്ലോ.

“ഹായ് അമൽ… താങ്കൾ എത്ര കൃത്യമായി എന്റെ സങ്കടം മനസ്സിലാക്കി. ഒരുപാട് സന്തോഷം തോന്നുന്നു. താങ്ക്സ് അമൽ.”
അവൾ അവനുള്ള റിപ്ലൈ ടൈപ്പ് ചെയ്തു.

“എല്ലാം ശരിയാകുമെടോ… കഷ്ടതകൾ ഇല്ലാത്ത ജീവിതമുണ്ടോ.” അമലിന്റെ ഉടനെ റിപ്ലൈ വന്നു.

“എന്റെ പ്രശ്നം അങ്ങനെ ശരിയാകുന്നതൊന്നുമല്ല. എത്ര വർഷമായി ഞാൻ ഇതൊക്കെ സഹിച്ചു മുന്നോട്ട് ജീവിക്കുന്നു. എന്റെ മക്കളെ ഓർത്താണ് ഞാൻ പിടിച്ചു നിൽക്കുന്നത്.”

“എന്താടോ തന്റെ പ്രശ്നം? എന്താണെങ്കിലും എന്നോട് തുറന്നു പറയ്യ്. ഒരാളോടെങ്കിലും മനസ്സ് തുറന്നാൽ അത്രയും വിഷമം കുറഞ്ഞു കിട്ടും.” അമലിന്റെ മെസ്സേജ് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ സന്തോഷം തോന്നി.

ആദ്യമൊക്കെ ഒന്നും വിട്ട് പറഞ്ഞില്ലെങ്കിലും പിന്നെ അവൾ തന്റെ വിഷമങ്ങൾ ഓരോന്നായി അമലിനോട് പറയാൻ തുടങ്ങി.
അങ്ങനെ ദിവസങ്ങൾ കഴിയവേ അവരുടെ സുഹൃത്ത്‌ ബന്ധം കൂടുതൽ ദൃഡമായി വന്നു.

അമലിന്റെ ഭാര്യ കാൻസർ വന്ന് മരിച്ചതാണ്. അവർക്ക് ഒരു മോള് ഉണ്ടായിരുന്നു. ഭാര്യ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ പനി വന്ന് മോളും മരിച്ചുപോയി.

ഭാര്യയുടെയും മകളുടെയും വേർപാട് താങ്ങാൻ കഴിയാതെ അമൽ നാട്ടിലെ ജോലി രാജിവച്ച് മുംബൈക്ക് പോയി. ഇപ്പൊ അവിടെ ഒരു ഐടി കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. അമലിന്റെ അച്ഛൻ മരിച്ചു പോയി. അമ്മ സഹോദരിയോടൊപ്പമാണ് താമസം.

അമലിന്റെ ജീവിത കഥ അറിഞ്ഞപ്പോൾ സുചിത്രയ്ക്കാകെ വിഷമമായി. ഇരുവരും പരസ്പരം വിഷമങ്ങൾ പങ്ക് വചച്ചും ആശ്വസിപ്പിച്ചും ഫ്രണ്ട് ഷിപ് മുന്നോട്ട് കൊണ്ട് പോയി. അങ്ങനെ അറിയാതെ തന്നെ രണ്ടുപേർക്കിടയിൽ ഒരു പ്രണയം രൂപം കൊണ്ടു.

രാവിലെ വീട്ടിലെ ജോലികൾ എല്ലാം ഒതുക്കിയ ശേഷം സുചിത്ര അമലുമായി ചാറ്റ് ചെയ്ത് ഇരിക്കും. മക്കൾ വന്ന ശേഷം അവരുടെ കാര്യം നോക്കി അവരെ ഉറക്കിയിട്ട് രാവന്തിയോളം അവന് മെസ്സേജ് അയച്ചു കിടക്കും.

അങ്ങനെ ചാറ്റ് ചെയ്തു അറിയാതെ ഉറങ്ങിപോകും. കുടിച്ചു ബോധമില്ലാതെ വരുന്ന സജി ഇതൊന്നും ശ്രദ്ധിക്കാറുമില്ലായിരുന്നു. അവളും അയാളെ ശ്രദ്ധിക്കാതെ പാടെ അവഗണിച്ചു. ഫേസ്ബുക്കിൽ നിന്നും വാട്സാപ്പിലേക്കും പിന്നെ കാളിങ് ലേക്കും അവരുടെ ബന്ധം വളർന്നു.

“സുചി… നമുക്ക് ഒരുമിച്ച് ജീവിക്കാമോ? എത്ര നാളെന്ന് വച്ചാണ് നമ്മൾ ഇങ്ങനെ കഴിയുക. ഒരു ജീവിതം അല്ലെ ഉള്ളു. നമുക്ക് ഇഷ്ടമുള്ള ആളോടൊപ്പം ഇഷ്ടമുള്ള പോലെ ജീവിക്കാൻ പറ്റിയില്ലേൽ പിന്നെ എന്ത് ജീവിതാടോ?” ഒരു ദിവസം അമൽ ചോദിച്ചു.

“ഞാനും അമൽ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതൊരിക്കലും നടക്കില്ലെടോ. എന്നെ അങ്ങേർക്ക് ആവശ്യമില്ലെങ്കിലും മക്കൾ ഉള്ളോണ്ട് സജിയേട്ടൻ എനിക്ക് ഡിവോഴ്സ് ഒന്നും തരത്തില്ല.”

“സുചി കൂടെ വരുമെങ്കിൽ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.”

“എന്റെ മക്കളില്ലാതെ എനിക്കൊരു ജീവിതം വേണ്ട അമൽ. മക്കളെ ജീവനായത് കൊണ്ടല്ലേ ഞാൻ ഇങ്ങേരെ സഹിച്ചു കിടക്കുന്നത്.”

“മക്കളെയും കൊണ്ടു പോന്നോ.സുചിയുടെ മക്കൾ എന്റെയും മക്കളാണ്.”

“ഇപ്പൊ അങ്ങനെയൊക്കെ തോന്നും. പിന്നീട് അമലിന് തന്നെ അവരൊരു ഭാരമാകും.”

“നീയില്ലാതെ എനിക്ക് പറ്റില്ല സുചി. ഒരു വർഷമായി നമ്മൾ പരിചയപ്പെട്ടിട്ട്. എത്ര വർഷം ഇങ്ങനെ പരസ്പരം കാണാതെ ഫോണിലൂടെ സംസാരിച്ചു നമ്മൾ ജീവിക്കും. സൂചിക്ക് എന്നോടൊരുതരി സ്നേഹം പോലും ഇല്ലല്ലെ.”

“അമലിനോട് എനിക്ക് സ്നേഹമുണ്ട്. പക്ഷേ ഈ ജന്മം ഒരുമിച്ച് ജീവിക്കാൻ സാധ്യമാകും എന്നോർത്തല്ല ഞാൻ അമലിനെ സ്നേഹിച്ചത്. അകലങ്ങളിൽ ഇരുന്നായാലും എന്നെ സ്നേഹിക്കാനും എന്റെ സങ്കടങ്ങൾ മനസ്സിലാക്കാനും ഒരാൾ.

കുടിക്കുമെങ്കിലും മക്കൾക്ക് അവരുടെ അച്ഛനെന്ന് വച്ചാൽ ജീവനാണ്. സജിയേട്ടന് തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ട് ഞാൻ ഒരിക്കലും അമലിനോടൊത്തു ഒരു ജീവിതം ആഗ്രഹിച്ച് കൊണ്ടല്ല സ്നേഹിച്ചത്. എന്റെ ജന്മം ഇങ്ങനെ പോട്ടെ. അടുത്ത ജന്മത്തിൽ നമുക്ക് ഒരുമിക്കാം അമൽ.”

“സുചി നിനക്ക് ഞാൻ വെറും നേരംപോക്ക് മാത്രം ആയിരുന്നോ?” അമലിന്റെ സ്വരം ഇടറിയിരുന്നു.

“അങ്ങനെയൊന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കരുത് അമൽ. സജിയേട്ടൻ എന്നെ ഉപേക്ഷിച്ചിരുന്നെങ്കിൽ നമുക്ക് വീട്ടുകാരോട് സംസാരിച്ചു കല്യാണമൊക്കെ കഴിച്ച് ഒരുമിച്ച് ജീവിക്കാമായിരുന്നു. പക്ഷേ അങ്ങേര് ഒരിക്കലും എന്നെ വേണ്ടെന്ന് വക്കില്ല.”

“നിന്നോട് സ്നേഹമില്ലാത്ത ഒരു ഭർത്താവിനെ വേണോന്ന് നീ തന്നെ ചിന്തിച്ചു നോക്ക്. അയാൾ ഡിവോഴ്സ് തരില്ലാന്ന് ഉറപ്പുള്ളപ്പോൾ നിനക്ക് എന്റെ കൂടെ ഇറങ്ങി പോന്നൂടെ. മക്കളെയും കൂടെ കൂട്ടിക്കോ. ഞാൻ നോക്കും നിങ്ങളെ. ഒരു മോള് നഷ്ടപ്പെട്ട എനിക്ക് നിന്നെയും മക്കളെയും ജീവനായി കണ്ട് സ്നേഹിക്കാൻ പറ്റും.”

“എനിക്കൊന്ന് ആലോചിക്കണം അമൽ. എടുത്തു ചാടി ഒരു തീരുമാനം പറയാൻ എനിക്ക് കഴിയില്ല.” സുചിത്ര പറഞ്ഞു.

“നിനക്കെന്നെ വിശ്വാസം ഇല്ലേ.?”

“എനിക്ക് അമലിനെ വിശ്വാസമാണ്. എനിക്ക് ആലോചിക്കാൻ കുറച്ചു സമയമാണ് ഞാൻ ചോദിച്ചത് അമൽ.”

“ശരി… അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. നിന്റെ തീരുമാനം അറിയിച്ചാൽ മതി. പോസിറ്റീവ് ആണെങ്കിൽ തിരിച്ചു വരുമ്പോൾ എന്റെ കൂടെ നീയും മക്കളും ഉണ്ടാവും. സജി ഒരിക്കലും നിങ്ങളെ തേടി വരാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം.”

“ഉം… ശരി അമൽ. ഞാൻ ആലോചിച്ചു ഒരു തീരുമാനം പറയാം.”

“ഒരുപാട് വൈകരുത്.”

“ഇല്ല.”

കാൾ കട്ട്‌ ചെയ്ത് കുറച്ചുസമയം അവൾ ഫോണിലേക്ക് തന്നെ ഉറ്റുനോക്കി ഇരുന്നു. അവളുടെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു.

ഒളിച്ചോടി പോകാനാണ് അമൽ വിളിക്കുന്നത്. തനിക്ക് അമലിനെ ഇഷ്ടമാണ്. കൂടെ ജീവിക്കാനും ആഗ്രഹം ഉണ്ട്.

പക്ഷേ ഒളിച്ചോടി പോയി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു ഭർത്താവ് ഉള്ള താൻ ബന്ധം പോലും പിരിയാതിരിക്കുമ്പോൾ അന്യ പുരുഷനൊപ്പം പോയാൽ അത് കുഞ്ഞുങ്ങളെ ഭാവിയെ കൂടെ ബാധിക്കും.

ഇതൊക്കെ അറിയാവുന്നത് കൊണ്ട് അമലിനെ സ്നേഹിക്കുമ്പോഴും ഒരകലത്തിൽ തന്നെ നിർത്തിയിരുന്നു. ഒരുപക്ഷേ മനസ്സ് കൈവിട്ട് എന്തെങ്കിലും അവിവേകത്തിനു മുതിർന്നലോ എന്നൊരു പേടി മനസ്സിലുണ്ടായിരുന്നു.

തന്നെ മനസിലാക്കുകയും തന്റെ സങ്കടം കേൾക്കാനും ഒരാൾ ഉണ്ടായപ്പോൾ അമലിനെ അറിയാതെ സ്നേഹിച്ചു പോയി. അതൊരു ഒളിച്ചോട്ടത്തിൽ അവസാനിക്കുമോ? അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കും… മക്കളുടെ ഭാവി.. അമലിന് തന്റെ മക്കൾ പിന്നീടൊരു അധിക പറ്റായാൽ എന്ത് ചെയ്യും.

താൻ നോ പറഞ്ഞാൽ ഒരുപക്ഷേ അമൽ പിണങ്ങി പോകുമായിരിക്കും. പിന്നീട് ഒരിക്കലും മിണ്ടിയെന്ന് വരില്ല. അമലിനെ നഷ്ടപ്പെടാനും വയ്യ കൂടെ പോകാനും മനസ്സ് വരുന്നില്ല. ഇപ്പോഴുള്ളത് പോലെ നല്ലൊരു സുഹൃത്തായി എങ്കിലും കൂടെ ഉണ്ടായിരുന്നാൽ മതിയെന്നാണ് ആഗ്രഹം. അത് നടക്കുമോന്ന് അറിയില്ല. എന്ത് തീരുമാനം എടുക്കണമെന്നറിയാതെ സുചിത്ര വിഷണ്ണയായി.

ഒരാഴ്ച കടന്നുപോയി. അമൽ മുംബൈയിൽ നിന്ന് ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്നിട്ടുണ്ട്. നാട്ടിൽ വന്നപ്പോൾ തൊട്ട് അവളുടെ തീരുമാനം അറിയാൻ അവനെന്നും കാൾ ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ട്. വരുന്നില്ല എന്ന് തന്നെയായിരുന്നു സുചിത്രയുടെ മറുപടി.

അമലിന് ഇനി അവളെ കൂടാതെ പറ്റില്ലെന്നും കൂടെ വരണമെന്നും മുംബൈയിൽ പോയി കല്യാണം കഴിച്ച് ഒരുമിച്ച് താമസിക്കാമെന്നും അവൻ അവളോട്‌ പറഞ്ഞു കൊണ്ടിരുന്നു.

അമൽ മുംബൈക്ക് തിരിച്ചു പോകുന്നതിന് രണ്ട് ദിവസം മുൻപുള്ള ഒരു രാത്രി.

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ സുചിത്രയ്ക്ക് മെസ്സേജ് അയക്കുകയാണ് അമൽ. അവൻ ചോദിക്കുന്നതിനൊക്കെ മറുപടി സുചിത്രയും അയച്ചു കൊണ്ടിരുന്നു.

“സുചി… നാളെ കഴിഞ്ഞാൽ ഞാൻ പോകും. ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട് ജീവിതം തന്നെ വെറുത്തുപോയി ആർക്കോ വേണ്ടി ജീവിച്ചു കൊണ്ടിരുന്ന എനിക്ക് ജീവിതത്തിൽ ഒരു പ്രതീക്ഷ തോന്നിയതും വീണ്ടും സന്തോഷമുള്ള പഴയ കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാനും ആഗ്രഹിച്ചത് നീ കാരണമാണ്.

നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയി സുചി. മറക്കാൻ പറയരുത്. നിന്നെ സ്നേഹിക്കാത്ത ഒരുവനൊപ്പം നീ എന്തിനു കഴിയുന്നു. കുന്നോളം സ്നേഹം ഈ നെഞ്ചിൽ കരുതി ഞാൻ വിളിച്ചിട്ടും നീ എന്തേ മുഖം തിരിക്കുന്നു.”

“അമൽ എന്റെ കുഞ്ഞുങ്ങളെ ഓർത്താണ് ഞാൻ സജിയേട്ടനൊപ്പം ജീവിക്കുന്നത്. അവരെ അവരുടെ അച്ഛനിൽ നിന്ന് ഒരിക്കലും ഞാൻ പറിച്ചു മാറ്റാൻ ആഗ്രഹിക്കുന്നില്ല. എന്നേക്കാൾ അവർക്കിഷ്ടം അങ്ങേരോടാണ്.”

“എങ്കിൽ മക്കളെ സജിക്ക് വിട്ടുകൊടുത്തു നീ എന്റെ ഒപ്പം വാ. നീ എന്റെ കൂടെ ഇറങ്ങി വന്നാൽ സജി നിനക്ക് ഉറപ്പായും ഡിവോഴ്സ് തരും. മക്കളെ കാണാൻ തോന്നുമ്പോൾ നിനക്ക് പോകാം. എന്നിലൂടെ നിനക്കിനിയും കുഞ്ഞുണ്ടാകും. എന്തിനാ നിനക്ക് ഇഷ്ടപ്പെട്ട ജീവിതം നീ വേണ്ടെന്ന് വയ്ക്കുന്നത്.”

“വേണ്ട അമൽ എന്നെ നിർബന്ധിക്കരുത്. ഞാൻ വരില്ല.”

“സുചി മറ്റന്നാൾ ഉച്ചക്ക് ഞാൻ പോകുമ്പോൾ നീ കൂടെ വന്നില്ലെങ്കിൽ പിന്നെ നീ ഒരിക്കലും എന്നെ ജീ വ നോടെ കാ ണില്ല. ജീവിക്കാൻ എനിക്ക് പ്രതീക്ഷയായ നീ ഇല്ലാതെ ഒരു ജീ വിതം ഞാൻ വേണ് ടെന് ന് വ യ്ക്കും.

ആർക്കോ വേണ്ടി ഓക്കാനിക്കുന്ന പോലുള്ള നിന്റെ നരക ജീവിതം കാണാൻ എനിക്ക് ഇനി കഴിയില്ല. ഇനി എന്ത് വേണോന്ന് നിനക്ക് തീരുമാനിക്കാം. റെയിൽവേ സ്റ്റേഷനിൽ ഞാൻ കാത്തിരിക്കും. ബാക്കി നിനക്ക് തീരുമാനിക്കാം. ഒന്നൂടെ ഒന്ന് ആലോചിച്ചു മറുപടി പറയ്യ്..”

അമലിന്റെ ആ മെസ്സേജ് വായിച്ചപ്പോൾ സുചിത്ര ധർമ്മ സങ്കടത്തിലായി. അവനെ എങ്ങനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാമെന്ന ആലോചനയിലായിരുന്നു അവൾ. ഒരു ഒളിച്ചോട്ടം മനസ്സ് കൊണ്ട് അവൾ ആഗ്രഹിച്ചില്ല. സജിയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നെങ്കിൽ അമലിനോട് തന്റെ വീട്ടുകാരോട് വന്ന് സംസാരിക്കാൻ പറയാമായിരുന്നു.

അവനുള്ള മറുപടി ആലോചിച്ചു കിടന്ന് അവൾ ഉറങ്ങിപ്പോയി. സമയപ്പോൾ വെളുപ്പിന് മൂന്നര കഴിഞ്ഞിരുന്നു. സുചിത്രയുടെ മറുപടി നോക്കി അങ്ങേ തലയ്ക്കൽ അമൽ ഉറക്കമൊഴിഞ്ഞു ഇരിക്കുകയായിരുന്നു.

സുചിത്രയെ ഓൺലൈൻ കാണിച്ചിട്ടും എന്തുകൊണ്ടാണ് അവൾ റിപ്ലൈ അയക്കാത്തതെന്ന് ആലോചിച്ചു അമൽ അവൾക്ക് വീണ്ടും വീണ്ടും മെസ്സേജ് അയച്ചു കൊണ്ടിരുന്നു.

“സുചി…

നീ എന്താ ഒന്നും മിണ്ടാത്തെ?

ഞാൻ വിളിച്ചാൽ കൂടെ വരില്ലേ നീ?

എന്നെ നിനക്ക് ഇഷ്ടമല്ലേ?”

മറുപടി ഒന്നും കിട്ടാതായപ്പോൾ അമൽ അവളെ ഫോണിൽ വിളിച്ചു. സൈലന്റ് മോഡിൽ ആയിരുന്ന ഫോൺ റിംഗ് ചെയ്തു കട്ടായി. അമൽ പിന്നെയും വിളിച്ചു കൊണ്ടിരുന്നു. ഇതൊന്നുമറിയാതെ സുചിത്ര ഉറങ്ങിപോവുകയും ചെയ്തു. ആ സമയത്താണ് സജി ഉറക്കത്തിൽ നിന്നും ഉണരുന്നത്. ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതായിരുന്നു അയാൾ.

ഇരുട്ടിൽ മൊബൈലിന്റെ തെളിച്ചം കണ്ടാണ് സജി അങ്ങോട്ട്‌ ശ്രദ്ധിക്കുന്നത്. സുചിത്ര മറു വശത്തേക്ക് ചരിഞ്ഞു കിടക്കുന്നുണ്ട്. മൊബൈലിൽ അമൽ എന്ന പേര് തെളിഞ്ഞു കാണുന്നുണ്ട്. റിംഗ് തീർന്നു കാൾ കട്ടായി.

സജിക്ക് മദ്യത്തിന്റെ കെട്ടൊക്കെ വിട്ടിരുന്നു. ഈ രാത്രി അവളെ ആരാണ് വിളിക്കുന്നതെന്നറിയാനായി അയാൾ അവളുടെ മൊബൈൽ എടുത്തു നോക്കി.
അമലിന്റെ മെസ്സേജ് കണ്ട് അത് തുറന്നു വായിച്ചു നോക്കി.

“എന്താ സുചി മെസ്സേജ് കണ്ടിട്ടും മിണ്ടാതിരിക്കുന്നത്.? ഞാൻ എത്ര തവണ വിളിച്ചു.” അമൽ മെസ്സേജ് സീൻ ആയത് കണ്ട് അയച്ചതാണ് മതി

സജി നെറ്റ് ഓഫ് ചെയ്ത ശേഷം മെസ്സേജ് മുഴുവനും വായിച്ചു നോക്കി. അയാൾക്ക് അവളോട് അതിയായ ദേഷ്യം തോന്നി. വെറുപ്പ് തോന്നി.. ഏറ്റവും ഒടുവിൽ സ്വയം പുച്ഛം തോന്നി.

സുചിത്രയോട് ദേഷ്യപ്പെട്ടിട്ടോ വെറുത്തിട്ടോ കാര്യമില്ലെന്നും തന്റെ തെറ്റാണെന്നും ആലോചിച്ചപ്പോൾ അയാൾക്ക് മനസിലായി. അവളുടെ ഉള്ളിൽ ഇത്രയേറെ വിഷമതകൾ ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് അയാൾ തിരിച്ചറിയുന്നത്.

ചിലവിനായി കുറേ കാശ് കൊടുത്താൽ തീരുന്നതാണ് തന്റെ കടമകൾ എന്ന ധാരണയായിരുന്നു അയാൾക്ക്. സുചിത്രയെ താൻ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യണമായിരുന്നു എന്ന് അയാൾക്ക് തോന്നി. കുറ്റബോധം കൊണ്ട് സജിയുടെ മനസ്സ് നീറി.

അമലുമായുള്ള ചാറ്റ് ഒക്കെ കണ്ടപ്പോൾ അവളോട്‌ ദേഷ്യം തോന്നിയെങ്കിലും പിന്നെ അവളോട്‌ അയാൾക്ക് അലിവ് തോന്നി. തന്റെ കൂടെ തെറ്റാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.

കുറേ വർഷങ്ങൾക്ക് ശേഷം സ്വബോധത്തോടെ സജി അവളെ നോക്കി. വാത്സല്യത്തോടെ നെറുകയിൽ തലോടി. ഫോൺ അവളുടെ സമീപത്തായി വച്ചിട്ട് അയാൾ എഴുന്നേറ്റു പുറത്തേക്ക് പോയി.

അന്ന് പതിവിലും വൈകിയാണ് സുചിത്ര ഉറക്കമെണീറ്റത്. അപ്പോഴേക്കും സജി ജോലിക്ക് പോയിരുന്നു. എണീറ്റ പാടെ മക്കളെ ധൃതിയിൽ സ്കൂളിൽ പറഞ്ഞയച്ച ശേഷമാണ് അവൾ അമലിന്റെ മെസ്സേജ് എടുത്തു നോക്കിയത്.

അവന്റെ മെസ്സേജോക്കെ വായിച്ചു താൻ ഉറങ്ങിപോയതാകുമെന്ന് അവൾ വിചാരിച്ചു. ഫോണിൽ അവന്റെ കുറേ മിസ്സ്‌ കാളും ഉണ്ടായിരുന്നു.

“ഒരു ഒളിച്ചോട്ടത്തിന് ഞാൻ തയ്യാറല്ല അമൽ. നാളെ രാവിലെ സജിയേട്ടൻ സ്വബോധത്തിൽ ഇരിക്കുമ്പോ ഞാൻ കാര്യം പറയുന്നുണ്ട്. എനിക്ക് അമലിനെ ഇഷ്ടമാണെന്ന് ഞാൻ പറയും. എന്നിട്ട് ഞാനെന്റെ വീട്ടിലേക്ക് തിരിച്ചു പോവും.

സജിയേട്ടനോട് വീട്ടുകാർ മുഖേന ഞാൻ ഡിവോഴ്സ് തരാൻ പറയും. എന്നിട്ട് അമൽ അമ്മയെയും സഹോദരിയെയും കൂട്ടി വന്ന് എന്റെ വീട്ടിൽ സംസാരിക്കൂ. നമുക്ക് അങ്ങനെ ചെയ്യാം.” സുചിത്രയ്ക്ക് അങ്ങനെ മറുപടി കൊടുക്കാനാണ് അപ്പോൾ തോന്നിയത്.

അമൽ ആ മെസ്സേജ് കണ്ടെങ്കിലും അവൾക്ക് റിപ്ലൈ കൊടുത്തില്ല. വാട്സാപ്പ് fb ഒക്കെ അവൻ അവളെ ബ്ലോക്ക്‌ ആക്കി. അമലിന്റെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്ന അവൾക്ക് അതൊരു കനത്ത പ്രഹരം തന്നെയായിരുന്നു.

അമൽ ഒരു പെ ൺവാണിഭ സം ഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു. തന്റെ അടവുകൾ ഒന്നും ഏൽക്കില്ലെന്ന് തോന്നിയാണ് അവനവളെ ബ്ലോക്ക്‌ ചെയ്തത്. ഇതൊന്നും മനസിലായില്ലെങ്കിലും അമലിന്റെ ഉദ്ദേശം ചതിക്കാനായിരുന്നു എന്ന് സുചിത്രയ്ക്ക് തോന്നി. അല്ലെങ്കിൽ പിന്നെ അവന് ബ്ലോക്ക്‌ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു. കൂടെ ഇറങ്ങി പോകാൻ തോന്നാത്തത് ഭാഗ്യമായി തോന്നി അവൾക്ക്.

അന്ന് വൈകുന്നേരം പതിവില്ലാതെ സജി നേരത്തെ വന്നു. അയാൾ കുടിച്ചിട്ടുണ്ടായിരുന്നില്ല.

പതിവിന് വിപരീതമായി സജി കുടിക്കാതെ വന്നത് കണ്ട് സുചിത്രയ്ക്ക് അതിശയമായി. മക്കൾ സ്കൂൾ വിട്ട് വന്നിട്ടുണ്ടായിരുന്നില്ല.

“സുചിത്രേ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.” ചായ ഇടാനായി അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞ അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

എത്രയോ നാളുകൾക്ക് ശേഷമാണ് അയാൾ അവളോട് സംസാരിക്കുന്നത്.

“എ… എന്താ സജിയേട്ടാ?” സുചിത്ര ചോദ്യ ഭാവത്തിൽ അയാളെ നോക്കി.

“എന്നെയും മക്കളെയും ഉപേക്ഷിച്ചു നീ പോയില്ലല്ലോ. ഒത്തിരി നന്ദിയുണ്ട് സുചിത്രേ. നിന്നോട് ഞാൻ നീതി പുലർത്തിയിട്ടില്ല ഇന്ന് വരെ. എന്നിട്ടും ഒരു പരാതിയും പറയാതെ നീ എനിക്ക് വച്ച് വിളമ്പി ഇവിടെ തന്നെ നിന്നില്ലേ.

എനിക്ക് നല്ല ബുദ്ധി തോന്നാൻ നിന്റെ ഫോണിലെ മെസ്സേജ് കാണേണ്ടി വന്നു. ഇത്തിരി വൈകിയാണെങ്കിലും എനിക്ക് എന്റെ തെറ്റുകൾ ബോധ്യമായി. നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല. ഇനി ഞാൻ കുടിച്ച് ബോധമില്ലാതെ വരില്ല… നിന്നെ പരിഗണിക്കാതെ അവഗണിച്ചതിനൊക്കെ മാപ്പ് തരില്ലേ നീ.

വീട്ട് ചിലവിനായി കുറേ പൈസ തന്നാൽ തീരുന്നതാണ് എന്റെ കടമ എന്ന് ഞാൻ ധരിച്ചു വച്ചിരുന്നു. അത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഒരിക്കലും നീ എന്നെ വിട്ട് പോകരുത്… എനിക്ക് നിന്നെ വേണം..” സുചിത്രയുടെ അടുത്തേക്ക് വന്ന് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് വിതുമ്പി കൊണ്ട് അയാൾ പറഞ്ഞു.

“സജിയേട്ടാ…. ഞാൻ… എനിക്ക്…” എന്ത് പറയണമെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“എനിക്ക് ഒന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് പറ്റിപോയതാ. ഇന്നലെ ആ മെസ്സേജ് ഒക്കെ കണ്ടപ്പോൾ നിന്നോട് ദേഷ്യോം വെറുപ്പും ഒക്കെ തോന്നി. എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോന്നു വരെ വിചാരിച്ചു.

പിന്നെ മനസ്സിരുത്തി ഒന്ന് ആലോചിച്ചപ്പോൾ തോന്നി തെറ്റ് എന്റെ ഭാഗത്താണെന്ന്. നീ എന്നെ തിരുത്താൻ നോക്കിയിട്ടും മാറാത്തത് എന്റെ തെറ്റല്ലേ. നിന്നോട് ദേഷ്യം പിടിച്ചിട്ട് എന്ത് കാര്യമെന്ന് മനസിലായി.”

“എന്നോട് ക്ഷമിക്ക് സജിയേട്ടാ… ഈ വീട്ടിൽ ഒറ്റപ്പെട്ടത് ആകെ ഒറ്റപ്പെട്ടത് പോലെ തോന്നിയപ്പോ… അങ്ങനെ സംഭവിച്ചതാ അമലുമായുള്ള അടുപ്പം. ഇത്തിരി സ്നേഹോം പരിഗണനയും ഏത് പെണ്ണാ ആഗ്രഹിക്കാത്തത്.” സുചിത്ര വിങ്ങിപ്പൊട്ടി അയാളുടെ നെഞ്ചിലേക്ക് ചേർന്നു.

“കഴിഞ്ഞതൊക്കെ ഒരു സ്വപ്നം ആണെന്ന് കരുതി മറന്നേക്ക്… ഇനി ഞാൻ കുടിച്ചിട്ട് വരില്ല. നഷ്ടപ്പെട്ട നമ്മുടെ നല്ല ദിവസങ്ങൾ തിരിച്ചു പിടിക്കാം നമുക്ക്.” സജി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പറഞ്ഞു.

അങ്ങനെ പരസ്പരം ക്ഷമ പറഞ്ഞ് അവർ പുതിയൊരു ജീവിതം ആരംഭിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *