അച്ഛനും അറിയോ അയാളെ? ഇന്ന് അവിടെ കല്യാണത്തിന് വന്ന ആരോടും അമ്മ മിണ്ടുന്നതു ഞാൻ കണ്ടില്ല. ആ പൊട്ടനോടൊപ്പമായിരുന്നു മുഴുവൻ സമയം.

കുമാരൻ
(രചന: സ്നേഹ)

‘അമ്മ പോയി വെല്യേട്ടനും പോയി, കുമാരൻ ഒറ്റക്കായി. കുമാരൻ ഇപ്പോ ഒറ്റക്കാ.’

ഒരു കല്യാണ ഫംഗ്ഷനിൽ വെച്ച് കുമാരൻ രേവതിയോട് പറയുന്നത് കേട്ടപ്പോൾ രേവതിയുടെ അടുത്തുനിന്ന ശ്രേയ അറപ്പോടും വെറുപ്പോടും കൂടി അമ്മയോടായി പറഞ്ഞു.

‘അമ്മക്ക് വേറെ പണിയൊന്നും ഇല്ലേ, ഇമ്മാതിരിയുള്ളവരോട് സംസാരിക്കാൻ? വാ നമുക്ക് അവിടെ മാറി നിൽക്കാം.’ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു ശ്രേയ വലിച്ചു.

‘നീ പൊയ്ക്കോ, ഞാൻ വന്നേക്കാം.’ മോളുടെ കൈവിടുവിച്ചുകൊണ്ട് രേവതി പറഞ്ഞു.
‘അമ്മേ ഇതൊരു പൊതുസ്ഥലമാണ് പലരും ശ്രദ്ധിക്കുന്നുണ്ട്.’

‘ശ്രദ്ധിച്ചോട്ടെ, ഞാൻ കുമാരനോടല്ലേ സംസാരിക്കുന്നത്?’

‘ഓ ഒരു കുമാരൻ!’ ശ്രേയ പുച്ഛത്തോടെ കുമാരനെ നോക്കുന്നത് രേവതി കണ്ടില്ലന്നു നടിച്ചു.

പെട്ടന്നാണ് കുമാരൻ ഓടിപ്പോയി വെൽക്കം ഡ്രിങ്ക് നിറച്ചു വച്ചിരിക്കുന്നിടത്തു നിന്ന് രണ്ടു ഗ്ലാസുകൾ എടുത്തോണ്ടുവന്നത്. അതിൽ ഒരു ഗ്ലാസ്സ് രേവതിയുടെ നേരെ നീട്ടി.

‘കുടിച്ചോ രേവു, നല്ല രുചിയാ ഞാൻ കുടിച്ചു. ഇനിയും കുടിക്കാനാ ഇത്.

കുടിച്ചോ രേവു.’ കുമാരൻ കൈയിലിരുന്ന ഗ്ലാസ്സ് നീട്ടി മഞ്ഞക്കറ പിടിച്ച നിരതെറ്റി പൊന്തിയ പല്ലുകാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു. രേവതി ശ്രേയയുടെ നേരെ നോക്കി. ശ്രേയ അവജ്ഞയോടെ ചിറികൊട്ടി.

‘ഛെ, അമ്മക്ക് അറപ്പു തോന്നുന്നില്ലേ?’ അതിന് മറുപടിയൊന്നും പറയാതെ രേവതി ആ ഗ്ലാസ്സ് ചുണ്ടോടു ചേർത്തു. ‘ഈ അമ്മയ്ക്ക് ഇതെന്തിൻ്റെ കേടാണ്? മനുഷ്യനെ നാണം കെടുത്താനായിട്ട്.’

ശ്രേയ മുഖം വെട്ടിത്തിരിച്ച് അവിടെ നിന്നും പോയി.

‘അത് ആരാ രേവു ആ പെണ്ണ്?’

‘അതെൻ്റെ മോളാ കുമാരാ. ശ്രേയ എന്നാ പേര്.’

‘രേവൂൻ്റെ മോളാ?’

‘ഉം. അതെ എൻ്റെ മോളാ.’ കുമാരൻ നിരതെറ്റി പൊന്തിയ പല്ലു കാണിച്ച് പൊട്ടിച്ചിരിച്ചു.

‘കുമാരൻ ഇപ്പോ ആരുടെ കൂടെയാ താമസിക്കുന്നത് ?’

‘ഞാനൊറ്റക്കാ രേവു. കുമാരന് ആരും ഇല്ല. മഴ പെയ്യുമ്പോൾ കുമാരന് പേടിയാകും. അപ്പോ കമ്പിളി മൂടി കിടക്കും.’

രേവു ആ മുഖത്തേക്ക് നോക്കി. അനാഥനായ ഒരു കൊച്ചുകുഞ്ഞിൻ്റെ മുഖഭാവം ആയിരുന്നു കുമാരനപ്പോൾ.

‘ആരാ കുമാരന് കഞ്ഞി വെച്ചു തരുന്നത്?’

വീണ്ടും കുമാരൻ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘കുമാരന് കഞ്ഞിവെയ്ക്കാൻ അറിയാം രേവു’
ഒരു കൊച്ചു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ പറഞ്ഞു.

‘അപ്പോ കറിയോ?’

‘കറി ഒന്നും ഇല്ല രേവു.’ ദൈന്യതയോടെയുള്ള കുമാരൻ്റെ മറുപടി കേട്ടപ്പോൾ രേവുന് തൻ്റെ നെഞ്ചു വിങ്ങുന്നപോലെ തോന്നി.

‘പിന്നെ കുമാരൻ ചിലപ്പോ മോരു വാങ്ങുട്ടോ. മീൻകാരൻ വരുമ്പോൾ ചിലപ്പോ മീൻ തരും. അത് അടുപ്പിൽ ഇട്ട് വേവിക്കും. അത് അമ്മ പഠിപ്പിച്ചതാ.’

അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കുമാരൻ്റെ മുഖത്ത് ദു:ഖം നിഴലിക്കുന്നത് കാണാം. എൻ്റെ കൈയിലിരുന്ന ഡിസ്പോസബൾ ഗ്ലാസ്സ് വാങ്ങിക്കൊണ്ടു കുമാരൻ ഓടിപ്പോയി വേയ്സ്റ്റ് ബിന്നിൻ ഇട്ടു.

അപ്പോഴാണ് ഗേറ്റുകടന്ന് ആരൊക്കെയോ ഓഡിറ്റോറിയത്തിലേക്ക് വരുന്നത് കുമാരൻ കണ്ടത്. കുമാരൻ അവരുടെയടുത്തെത്തി.

എന്നിട്ട് രേവു നിൽക്കുന്നിടത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരും രേവു നിൽക്കുന്നിടത്തേക്ക് നോക്കി. രേവൂനെ കണ്ടതും എല്ലാവരുടെയും മുഖം വിടരുന്നത് കണ്ടു. കുമാരൻ എല്ലാവരേയും കൂട്ടി രേവതിയുടെ അടുത്തെത്തി.

‘കണ്ടോ ഇത് നമ്മുടെ രേവു ആണ്.’

‘വർഷം ഇത്ര കഴിഞ്ഞിട്ടും കുമാരന് ഇപ്പോഴും നല്ല ഓർമയാണല്ലോ രേവു.’

രേവതി എല്ലാവരേയും നോക്കി പുഞ്ചിരി തൂകി. എല്ലാവരോടും സംസാരിച്ചു വിശേഷങ്ങൾ പങ്കുവെച്ചു. കുമാരൻ അപ്പോഴേക്കും അടുത്ത ആളുകളേയും കൂട്ടി എത്തി. എന്നിട്ട് സന്തോഷത്തോടെ എല്ലാവർക്കും രേവതിയെ പരിചയപ്പെടുത്തിക്കൊടുത്തു.

‘ഞങ്ങളറിയും കുമാരാ രേവതിയെ. നീ പരിചയപ്പെടുത്തി തരികയൊന്നും വേണ്ട.’
കുമാരന് സങ്കടമായി എന്നു തോന്നുന്നു. കുറെ നേരം കുമാരൻ ഒന്നും മിണ്ടിയില്ല.

‘ഇന്നെങ്കിലും നിനക്ക് നല്ലൊരു ഷർട്ടും പാൻ്റും ഇടാൻ പാടില്ലായിരുന്നോ കുമാരാ?’
കൂട്ടത്തിലൊരാൾ പറഞ്ഞപ്പോളാണ് രേവതി കുമാരൻ്റെ ഡ്രസ്സിലേക്ക് നോക്കിയത്.

അഴുക്കുപിടിച്ച ഷർട്ടിൻ്റെ ബട്ടൻസുകൾ അലക്ഷ്യമായി നിരതെറ്റി ഇട്ടിരിക്കുന്നു. ഫുൾസ്ലീവ് ഷർട്ടാണ്. പക്ഷേ ഇരുകൈകളും മടക്കാതെ കൈപ്പത്തി മൂടി താഴേക്ക് നീണ്ടാണ് കിടക്കുന്നത്.

മുട്ടൊപ്പം ഇറക്കമുണ്ട് ഷർട്ടിന്. മുഷിഞ്ഞ് പഴകിയ ഒരു പാൻറാണ് ഇട്ടിരിക്കുന്നത്. അവിടേയും ഇവിടേയും പിഞ്ഞിക്കീറിയിട്ടുണ്ട്. പാകമാകാത്ത ചെരുപ്പ്. നീണ്ടു വളർന്ന മുടിയും.

നീണ്ടു കൂർത്ത നഖങ്ങളിൽ ചെളി നിറഞ്ഞിരിക്കുന്നുണ്ട്. പൊന്തി നിരതെറ്റിയ മഞ്ഞളിച്ച പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ ഇരുകവിളിലൂടെയും ഒലിച്ചിറങ്ങുന്ന ഉമിനീര് ഇടക്ക് ഷർട്ടിൻ്റെ കൈ കൊണ്ട് തുടച്ചു മാറ്റുന്നുണ്ട്.

കുമാരൻ്റെ മുഖത്തെ നിഷ്കളങ്കതയും ദയനീയതയും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. അക്ഷമനായി ദൂരെ മാറി നിൽക്കുന്ന കുമാരനെ രേവതി തൻ്റെ അടുത്തേക്ക് വിളിച്ചു. ചിരിച്ചു കൊണ്ടു കുമാരൻ ഓടിവന്നു.

രേവതി പേഴ്സ് തുറന്ന് അഞ്ഞൂറിൻ്റെ ഒരു നോട്ട് എടുത്ത് കൊടുത്തു. ആദ്യം ഒന്നു മടിച്ചെങ്കിലും കുമാരൻ അതു വാങ്ങി തിരിച്ചും മറിച്ചും നോക്കി. മുഖത്ത് ഒരു സന്തോഷവും ഇല്ല.

‘കുമാരാ ഇതു വല്യ നോട്ടാ സൂക്ഷിച്ച് വെച്ചോ.’
അടുത്തു നിന്ന ആൾ പറഞ്ഞു. എന്നിട്ടും കുമാരൻ്റെ മുഖത്ത് സന്തോഷം ഇല്ല.

‘രേവതി, നൂറിൻ്റെ രണ്ടു നോട്ടു കൊടുത്തു നോക്കിക്കേ കുമാരൻ്റെ മുഖം തെളിയും. കൂടുതൽ എണ്ണം കിട്ടുന്നതാ കുമാരന് സന്തോഷം എത്ര കിട്ടിയാലും സൂക്ഷിക്കില്ല. കിട്ടുന്നതു മുഴുവനും അപ്പോ തന്നെ ഫുഡ് അടിക്കും.’

‘കുമാരനും കൊതിയില്ലേ നല്ല ഭക്ഷണം കഴിക്കാൻ !’

‘തള്ള ഉണ്ടായിരുന്നപ്പോ ആ തള്ള പണിതുകൊണ്ടുവരുന്നതു മുഴുവൻ അവന് തിന്നാൻ കൊടുക്കുമായിരുന്നു. തള്ള ചത്തേ പിന്നെ ആരും തിരിഞ്ഞു നോക്കില്ല. റേഷൻ കിട്ടും അതു തനിയെ വച്ചു കഴിക്കും. പിന്നെ ഇതുപോലെയുള്ള കല്യാണത്തിനൊക്കെ പോകും’

പാവം. രേവതി മനസ്സിലോർത്തു. ഓഡിറ്റോറിയത്തിൽ നല്ല തിരക്കായി. കുമാരൻ ഒരു ഒഴിഞ്ഞ കോണിൽ പോയി നിന്നു ഇടയ്‌ക്ക് പല്ലിളിക്കുന്നുണ്ട്.

ഒലിച്ചിറങ്ങുന്ന ഉമിനീര് കൈപൊക്കി ഷർട്ടു കൊണ്ട് തൂക്കുന്നുണ്ട്. പരിചിതരുടെ അടുത്തെത്തിയ കുമാരനെ പലരും ആട്ടിയോടിക്കുന്നുണ്ട്.’ ദൈന്യത നിറഞ്ഞ ആ മുഖം രേവതിയെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

രേവതി ഒരു പ്ലേറ്റിൽ കുമാരനുള്ള ഭക്ഷണം വാങ്ങി മറ്റൊരു പ്ലേറ്റിൽ തനിക്കുമുള്ള ഭക്ഷണം വാങ്ങി കുമാരൻ്റ അടുത്തേക്കു ചെന്നു. ഭക്ഷണം കണ്ടതും കുമാരനതു വാങ്ങിക്കൊണ്ട് തറയിലേക്കിരുന്ന് ആർത്തിയോടെ കഴിക്കാൻ തുടങ്ങി.

രേവതി തൻ്റെ പരിചയക്കാരുടെ അടുത്തേക്ക് നീങ്ങി നിന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനിടയിൽ രേവതിയുടെ കണ്ണുകൾ ശ്രേയയെ തേടികൊണ്ടിരുന്നു.

ഭക്ഷണം കഴിച്ചു കഴിച്ച് കഴിഞ്ഞ് കൂട്ടുകാരോടും പരിചയക്കാരോടും വിശേഷങ്ങൾ പങ്കുവെച്ചതിനുശേഷം വധൂവരൻമാരോട് ആശംസകളറിച്ചതിന് ശേഷം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.

ശ്രേയയാണ് ഡ്രൈവ് ചെയ്തത്. മടക്കയാത്രയിൽ ആരും ഒന്നും സംസാരിച്ചില്ല. ശ്രേയ ഇപ്പോഴും ഗൗരവത്തിലാണ്. ഇടയ്ക്ക് രൂക്ഷ ഭാവത്തിൻ രേവതിയെ നോക്കുന്നുണ്ട്.

നാല് മണിക്കൂർ യാത്രയ്ക്ക് ശേഷം കാർ വീടിൻ്റെ ഗേറ്റ് കടന്നു. പോർച്ചിൽ കാർ നിർത്തി ശ്രേയ രൂക്ഷമായി രേവതിയെ നോക്കിയതിന് ശേഷം കാർ തുറന്ന് പുറത്തിറങ്ങിയതിന് ശേഷം ഡോർ വലിച്ചടച്ചു.

രേവതി പുഞ്ചിരി തൂകിക്കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഒന്നും അറിയാതെ കുമാരൻ സീറ്റിലേക്ക് ചാരിക്കിടന്ന് തല ഒരു വശത്തേക്ക് ചെരിച്ചുവച്ച് വായും തുറന്ന് പിടിച്ച് നല്ല ഉറക്കത്തിലാണ്.

രേവതിയും ശ്രേയയും വരുന്നതും നോക്കി പൂമുഖത്ത് കാത്തിരുന്ന മോഹൻ്റെ അടുത്തെത്തി ശ്രേയ.
‘എന്താ മോളെ എന്തു പറ്റി?’

‘എന്താ പറ്റിയെ എന്ന് സ്വന്തം ഭാര്യയോട് ചോദിക്ക്.’

‘അപ്പോ പ്രശ്നം ഗുരുതരമാണല്ലോ? ഭാര്യയോട് ചോദിക്കാം. അതിന് മുൻപ് അച്ഛൻ്റെ മോളു പറ എന്തു പറ്റിയെ എന്ന്. അമ്മയുമായി വഴക്കിട്ടോ?’

‘അമ്മ നാണം കെടുത്തിയച്ഛാ. ഏതോ പൊട്ടനോടൊപ്പം ആയിരുന്നു ഇന്നു മുഴുവൻ സമയവും.’

‘ഏതോ പൊട്ടൻ ആയിരിക്കില്ല കുമാരൻ ആയിരിക്കും.’

‘അച്ഛനും അറിയോ അയാളെ? ഇന്ന് അവിടെ കല്യാണത്തിന് വന്ന ആരോടും അമ്മ മിണ്ടുന്നതു ഞാൻ കണ്ടില്ല. ആ പൊട്ടനോടൊപ്പമായിരുന്നു മുഴുവൻ സമയം.

എനിക്ക് അവിടെ ആരെയെങ്കിലും പരിചയം ഉണ്ടോ? ഞാനാകെ വല്ലാതെയായി ഒറ്റക്ക് മാറി നിന്നു. ഞാൻ പോകുന്നില്ലന്ന് പറഞ്ഞതല്ലേ? അച്ഛനല്ലേ നിർബണദ്ധിച്ച് അമ്മയോടൊപ്പം പറഞ്ഞയച്ചത്.’

‘അച്ഛന് വയ്യാഞ്ഞിട്ടല്ലേ മോളെ സോറി. എന്നിട്ട് അമ്മയെവിടെ.?

‘ആ പൊട്ടനേയും കൊണ്ടാ വന്നിരിക്കുന്നത്. കാറിലൊണ്ട്. ആ പൊട്ടൻ നല്ല ഉറക്കമാണ്. അയാളെ ഉണർത്തി കൂട്ടിക്കൊണ്ടുവരാൻ ഇരിക്കുകയായിരിക്കും.’

ഡോർ തുറന്നടയുന്ന ശബ്ദം കേട്ട് മോഹൻ കാറിനരികിലേക്ക് നോക്കി. രേവതിക്കൊപ്പം നടന്നു വരുന്ന ആളെ കണ്ടു. കുമാരൻ്റെ മുഷിഞ്ഞു നാറിയ വേഷവും രൂപവും കണ്ടപ്പോൾ മോഹൻ്റെ മുഖമൊന്ന് ചുളിഞ്ഞു.

‘മോഹനേട്ടാ ഇതാ എൻ്റെ കളിക്കൂട്ടുകാരൻ കുമാരൻ. എല്ലാവരും പൊട്ടൻ കുമാരൻ എന്നു വിളിക്കും. ആ ദേശത്ത് കുമാരനെ അങ്ങനെ വിളിക്കാത്ത ഒരാളെയുണ്ടായിരുന്നുള്ളു അതു ഞാനാ.

കൊച്ചു കുഞ്ഞു മുതൽ പ്രായമായവർ വരെ കുമാരനെ വിളിക്കുന്നത് പൊട്ടൻ കുമാരൻ എന്നാ. എന്നാൽ ഞാൻ ഒരിക്കൽ പോലും വിളിച്ചിട്ടില്ല.

ഞാൻ ആ നാട്ടിൽ നിന്നു പോരുന്നതുവരെ എൻ്റെ കൂട്ട് കുമാരൻ ആയിരുന്നു ഞാനാ നാട്ടിൽ നിന്നു പോന്നിട്ട് വർഷം ഇരുപത്തിയഞ്ച് പിന്നിട്ടു ഇതിനിടയിൽ ഞാൻ രണ്ടോ മൂന്നോ വട്ടം മാത്രമാണ് കുമാരനെ കണ്ടിട്ടുള്ളു . എന്നിട്ടും കുമാരൻ എന്നെ മറന്നിട്ടില്ല. എൻ്റെ പേരു മറന്നിട്ടില്ല.’

ഈ സമയം കുമാരൻ ചുറ്റോടു ചുറ്റും കണ്ണോടിക്കുകയായിരുന്നു.

‘നമ്മളിത് എവിടാ രേവു വന്നിരിക്കുന്നത് ?’

‘ഇതാ കുമാരാ എൻ്റെ വീട്. ഇതെൻ്റെ ഭർത്താവ് മോഹനേട്ടൻ.’

കുമാരൻ പല്ലിളിച്ച് തലയാട്ടിക്കൊണ്ടു കുമാരൻ്റെ നേരെ നോക്കി.

‘മോഹനേട്ടാ, ഞാൻ കുമാരനെ ഇങ്ങോട്ടു കൊണ്ടുവന്നു.. ഇന്നു മുതൽ കുമാരൻ നമുക്കൊപ്പം ഈ വീട്ടിൽ ഉണ്ടാകും.’

‘ഈ വൃത്തിയില്ലാത്ത ഈ പൊട്ടനെ ഈ വീട്ടിൽ കേറ്റാൻ ഞാൻ സമ്മതിക്കില്ല.’ ശ്രേയ രേവതിയുടെ നേരെ പൊട്ടിത്തെറിച്ചു.

‘മോളെ, കുമാരൻ്റെ അമ്മ ജീവിച്ചിരുന്ന കാലം വരെ നല്ല വൃത്തി ഉണ്ടായിരുന്ന ആളാ കുമാരൻ. അവൻ്റെ അമ്മ പോയി കഴിഞ്ഞപ്പോൾ അവനെ ആരും ശ്രദ്ധിക്കാതെയായി.

സ്ഥിര ബുദ്ധി ഇല്ലാത്തോണ്ടല്ലേ കുമാരൻ വൃത്തിയായി നടക്കാത്തത്. ഇന്നു മുതൽ കുമാരനെ നമ്മൾ വൃത്തിയായി നടത്തും. അപ്പോൾ കുമാരൻ വൃത്തിയുള്ളവനായിക്കോളും.’

‘ഈ സ്ഥിര ബുദ്ധിയില്ലാത്ത ഇയാളെ ‘
ഇങ്ങോട് കൊണ്ടുവരണം എന്ന് എന്താ അമ്മക്കിത്ര നിർബ്ബദ്ധം?’

ശ്രേയയുടെ ചോദ്യത്തിന് മറുപടി പറയാൻ രേവതിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

‘എനിക്ക് അത്രയും പ്രിയപ്പെട്ടവൻ ആയതുകൊണ്ട്.’

‘ഇയാള് എങ്ങനാ അമ്മയ്ക്ക് പ്രിയപ്പെട്ടവൻ ആയത്?’

‘പറയാം അതു പെട്ടന്ന് പറയാൻ പറ്റില്ല.’

‘പറഞ്ഞിട്ട് ഇയാളെ ഇവിടേക്ക് കയറ്റിയാൽ മതി.’

രേവതി മോഹൻ്റെ നേരെ നോക്കി മോഹൻ പറയു എന്ന് തല ചലിപ്പിച്ചു.

രേവതി ശ്രേയയെയും കൂട്ടി പൂമുഖത്തെ ചാരു?ബെഞ്ചിലേക്കിരുന്നു.കുമാരൻ വീടിൻ്റെ പടിയിലും ഇരുന്നു. രേവതി പറയാൻ തുടങ്ങി.

‘കുമാരൻ്റെ അമ്മയും എൻ്റെ അമ്മയും ഉറ്റ സുഹൃത്തുക്കളായിരുന്നു. നന്നേ ചെറുപ്പത്തിൽ വിധവകളായവരായിരുന്നു രണ്ടു പേരും. കുമാരൻ്റെ വീട്ടിൽ മൂന്നു മക്കൾ.എൻ്റെ വീട്ടിൽ ഞാനൊരാളും.

തൊട്ടടുത്ത വീടുകളായിരുന്നു ഞങ്ങളുടെ വീടുകൾ. കുമാരന് ഒരു ചേട്ടനും ചേച്ചിയും. കുമാരനും ഞാനും ഒരേ പ്രായക്കാർ.

രണ്ടു വീട്ടിലെ അമ്മമാരും പണിക്കുപോയാണ് ഞങ്ങളെ വളർത്തിയിരുന്നത്. കുമാരൻ്റെ ചേച്ചിയെ വിവാഹം കഴിപ്പിച്ചയച്ചു. കുമാരൻ്റെ ചേട്ടൻ ജോലി അന്വേഷിച്ചു മറ്റൊരു നാട്ടിലേക്ക് പോയി.

അമ്മമാർ പണിക്ക് പോയി കഴിഞ്ഞാൽ ഞാൻ സ്കൂളിൽ പോകുന്നതുവരെ ഞാനും കുമാരനും മാത്രമാണ് വീട്ടിലുളളത്. എനിക്ക് കൂട്ടിനായി കുമാരനെ എൻ്റെ വീട്ടിലേക്ക് വിട്ടിട്ടാണ് കുമാരൻ്റെ അമ്മ പണിക്ക് പോകുന്നത്.

എന്നെ സ്കൂളിൻ്റെ പടിവരെ കൊണ്ടാക്കുന്നതും തിരിച്ചു വിളിച്ചു കൊണ്ടുവരുന്നതും കുമാരനാണ്. നാട്ടിലെ എല്ലാവർക്കും പൊട്ടൻകുമാരനാണ് കുമാരൻ.’

വർഷങ്ങൾ കഴിഞ്ഞു ഞാൻ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. അവധി ദിവസങ്ങളാണ്. പകൽ ഞാനും കുമാരനും മാത്രമേ വീട്ടിൽ കാണുകയുള്ളു.

കുമാരൻ ഭക്ഷണ കൊതിയനാണ്. അതും മധുര പലഹാരങ്ങൾ. കുമാരൻ്റെ അമ്മ പണിയുന്ന കാശ് കുമാരന് പലഹാരം വാങ്ങാനേ തികയു. ആര് എന്തു കൊടുത്താലും ആർത്തിയോടെ വാങ്ങി കഴിക്കും.

അങ്ങനെ ഒരു ദിവസം കുമാരന് മധുര പലഹാരവും ആയിട്ട് ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു. ആ നാട്ടിലെ പ്രമാണിയുടെ മകൻ ഒരു അലമ്പൻ. അവൻ കൊടുത്ത മധുര പലഹാരം ആർത്തിയോടെ കുമാരൻ കഴിച്ചു കൊണ്ടിരുന്നപ്പോളാണ് അവൻ വീടിനകത്തേക്ക് കയറി വന്ന് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്.

ഞാൻ അലറിക്കരഞ്ഞതും എൻ്റെ അലർച്ച കേട്ട് കുമാരൻ കഴിച്ചു കൊണ്ടിരുന്ന പലഹാരം വലിച്ചെറിഞ്ഞ് വീടിനകത്തേക്ക് കയറി വന്നു. ആ സമയം അവൻ എന്നെ കീഴ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവൻ്റെ മുന്നിൻ പിടിച്ചു നിൽക്കാനുള്ള എൻ്റെ ശ്രമങ്ങളെല്ലാം പാഴായ സമയത്താണ് കുമാരൻ പുറത്തു പോയി എടുത്തു കൊണ്ടുവന്ന കല്ലുകൊണ്ട് അവൻ്റെ തല ഇടിച്ചു പൊട്ടിച്ചത്. ചോര വാർന്നു കിടന്ന അവൻ്റെ ബോധം പോയി.

അവൻ മരിച്ചെന്നു കരുതി ഞാനാണ് കുമാരനെ പറഞ്ഞു വിട്ട് ആളുകളെ അറിയിച്ചത്. നാട്ടുകാർ വന്ന് അവനെ ആശുപത്രിയിലാക്കി. അതിനൊപ്പം ആ നാട്ടിലൊരു വാർത്തയും പരന്നു. ദിവാകരൻ മുതലാളിയുടെ മകൻ അശോകൻ രേവതിയെ പിഴപ്പിച്ചെന്ന്.

ആ നാണക്കേടിൽ നിന്ന് രക്ഷപെടാൻ അന്ന് ഞാനും അമ്മയും ആ നാട്ടിൽ നിന്ന് പോന്നതാ. പിന്നെ ഞാനാ നാട്ടിലേക്ക് പോകുന്നത് ഇന്നാണ് എൻ്റെ ഒരു സുഹൃത്തിൻ്റെ മകൻ്റ വിവാഹത്തിന്.

ഇതിനിടയിൽ രണ്ടു പ്രാവശ്യം മറ്റ് സ്ഥലത്തു വെച്ചു ഞാൻ കുമാരനെ കണ്ടിട്ടുണ്ട്. അശോകനെ കല്ലിന് ഇടിച്ചതിന് അവൻ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട് കുമാരനെ. പാവം എനിക്കു വേണ്ടിയാ അവൻ അങ്ങനെയൊക്കെ ചെയ്തതു.

അന്ന് അശോകൻ എന്നെ ഉപദ്രവിച്ചിരുന്നെങ്കിൽ ഞാനിന്ന് ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു. നിനക്ക് ഇങ്ങനെ ഒരു അമ്മയെ കിട്ടില്ലായിരുന്നു. കുമാരൻ പൊട്ടനായിരിക്കും, ബുദ്ധി കുറവും ഉണ്ട്.

പക്ഷേ ഇന്ന് സമൂഹത്തിൽ ബുദ്ധിയുള്ളവർ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്മകൾ ഒന്നും കുമാരൻ ചെയ്യുന്നില്ല. കുമാരൻ്റെ ശരീരത്തിനും ഡ്രസ്സിനും മാത്രമേ വൃത്തിയില്ലാത്തതായിട്ടുള്ളു.

സ്ഥിര ബുദ്ധിയും അതുപോലെ വൃത്തിയും ഭംഗിയുമായി വസ്ത്രം ധരിച്ച് മാത്യതയുടെ മുഖമൂടി അണിഞ്ഞു നടക്കുന്നവരേക്കാൾ ഒരുപടി മുന്നിലാണ് കുമാരൻ്റെ മനസ്സ്.

വസ്ത്രത്തിലെ ചെളി നമുക്ക് അലക്കി വെളുപ്പിക്കാം എന്നാൻ മനസ്സ് അശുദ്ധമാണെങ്കിൽ എന്തു ചെയ്യും! രേവതി പറഞ്ഞു നിർത്തി.

എല്ലാം കേട്ടുകൊണ്ടിരുന്ന ശ്രേയ രേവതിയെ കെട്ടിപ്പിടിച്ചു. ‘സോറി അമ്മ സോറി ‘ശ്രേയ അമ്മയുടെ അടുത്തു നിന്ന് എഴുന്നേറ്റ് കുമാരൻ്റെ അടുത്ത് വന്നു കൈ കൂപ്പിസോറി അമ്മാവാ സോറി.

ഒന്നും മനസ്സിലാകാതെ കുമാരൻ തൻ്റെ പൊന്തിയ പല്ലുകാണിച്ച് പൊട്ടി ചിരിച്ചു.

രണ്ടു വർഷം കഴിഞ്ഞൊരു ദിവസം ഇന്ന് ശ്രേയയുടെ വിവാഹ നിശ്ചയം. വിളിച്ചെത്തിയ വിരുന്നുകാരോടെല്ലാം ശ്രേയ കുമാരനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

‘ഇതെൻ്റെ അമ്മാവനാണ്, പേരു കുമാരൻ. ‘

ആ സമയം കുമാരൻ തൻ്റെ കസവുമുണ്ടും ഷർട്ടും ഉടയാതെ സൂക്ഷിക്കുന്ന തിരക്കിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *