രണ്ട് വർഷം കൊണ്ട് എന്നെ മടുത്തിട്ട് മറ്റൊരുത്തിയുടെ കൂടെ ജീവിതമാരംഭിച്ച അയാളെ ഞാൻ എന്തിന് ഓർക്കണം..! എല്ലാത്തിനുമപ്പുറം കോടതി എന്നിൽ നിന്ന് വേർപെടുത്തിയ ഒരു മനുഷ്യനെ

(രചന: ശ്രീജിത്ത് ഇരവിൽ)

എന്റെ മോന്റെ അച്ഛനെ ഞാൻ ഓർക്കാറേയില്ല. കഴിഞ്ഞ പതിനാറ് വർഷങ്ങളും അയാളെ കുറിച്ച് ചോദിക്കുന്ന സകലരോടും ഇതുതന്നെയാണ് ഞാൻ പറയാറുള്ളത്..

അല്ലെങ്കിലും ഈ കണ്ട ജനങ്ങളെല്ലാം എന്തിനാണ് അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്..!

രണ്ട് വർഷം കൊണ്ട് എന്നെ മടുത്തിട്ട് മറ്റൊരുത്തിയുടെ കൂടെ ജീവിതമാരംഭിച്ച അയാളെ ഞാൻ എന്തിന് ഓർക്കണം..!

എല്ലാത്തിനുമപ്പുറം കോടതി എന്നിൽ നിന്ന് വേർപെടുത്തിയ ഒരു മനുഷ്യനെ എനിക്ക് എങ്ങനെയാണ് ഓർക്കാൻ സാധിക്കുക…!

എന്റെ മോന്റെ അച്ഛനെ ഞാൻ പരിപൂർണ്ണമായി മറന്നിരിക്കുന്നു. വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ ആഴം വെറുതേയൊന്ന് അറിയാൻ കാതോർത്ത് നിൽക്കുന്നവരെ എങ്ങെനെയാണ് ഇതൊന്ന് ഞാൻ ബോധ്യപ്പെടുത്തുക…!

അയാളുടെ കൂടെ പ്രേമിച്ച് നടന്ന കാലം തൊട്ട് വീട്ടുകാരെയെല്ലാം ധിക്കരിച്ച് കൂടെ ഇറങ്ങിപ്പോയത് വരെ നൊടിയിടയിൽ പണ്ടേക്ക് പണ്ടേ ഞാൻ മറന്നതാണ്. ഒരുമിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളുടെ ആകെ തുക എന്റെ മോൻ മാത്രമാണെന്ന ഓർമ്മ മാത്രമേ എനിക്ക് ഇപ്പോഴുള്ളൂ..

എന്നിരുന്നാലും ജീവിതത്തിൽ അയാളുമായുള്ള ഏതെങ്കിലും രംഗം മറക്കാതിരുന്നിട്ടുണ്ടോയെന്ന് തനിച്ചിരിക്കുന്ന വേളയിലൊക്കെ ഞാൻ ഓർക്കാറുണ്ട്. കാലം മുഴുവൻ തറക്കാനുള്ള പൂക്കളും മുള്ളുകളും തന്ന അയാളെ എനിക്ക് എങ്ങനേയും മറന്നല്ലേ പറ്റൂ..!

അച്ഛൻ എന്തിനാണ് നമ്മളെ വിട്ട് പോയതെന്ന് പണ്ടൊരിക്കൽ മോൻ എന്നോട് ചോദിച്ചിട്ടുണ്ട്. അന്നൊരു ഊമയുടെ വിലാപം എന്താണെന്ന് ഞാൻ കൃത്യമായി അറിഞ്ഞു. ശബ്ദം വന്നപ്പോൾ അച്ഛനെ നമ്മൾക്ക് ഓർക്കുകയേ വേണ്ടായെന്ന് ഞാൻ അവനോട് പറയുകയായിരുന്നു. എന്റെ മോൻ മിടുക്കനാണ്. അവനത് അക്ഷരം പ്രതിയനുസരിച്ചു.

പിരിഞ്ഞതിന്റെ ആറാം മാസം തൊട്ട് എനിക്ക് പുനർവിവാഹ ആലോചനകളൊക്കെ വന്നതാണ്. ധിക്കരിച്ച് ഇറങ്ങിപ്പോയിട്ടും എന്നേയും മോനേയും തിരിച്ചുകൊണ്ടുവന്ന അച്ഛനെ ഞാൻ വീണ്ടും ധിക്കരിച്ചു.

ഇനിയൊരു വേർപാട് മറക്കാൻ എന്റെ കരളിന് ശേഷിയില്ലായെന്ന് ആരെക്കാളും കൂടുതൽ എനിക്ക് അറിയാമായിരുന്നു. ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഇനിയൊരു തുണ വേണ്ടായെന്ന് ഞാൻ തീരുമാനിച്ചു. അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ട് ആ ധിക്കാരവും ക്ഷമിക്കപ്പെട്ടു.

മിക്ക മനുഷ്യരും കണ്ണിൽ നിരാശയൊഴിച്ച് കാത്തിരിക്കുന്നത് തിരിച്ച് വരില്ലെന്ന് പറഞ്ഞ് തങ്ങളിൽ നിന്നൊരു കാലത്ത് ഇറങ്ങിപ്പോയവരെയാണെന്ന് ഇടക്കൊക്കെ എനിക്ക് തോന്നാറുണ്ട്.

അതുമാത്രമല്ല. ഒരിക്കൽ പ്രിയം തോന്നിയവരെ ഓർക്കുന്നതിനേക്കാളും പ്രയാസം ഇനിയൊരിക്കലും ഓർക്കരുതെന്ന വിധത്തിൽ മറക്കാൻ ശ്രമിക്കുന്നതാണെന്നും കൂടി എനിക്ക് തോന്നാറുണ്ട്. ആ തോന്നലുകൾ വരുമ്പോഴൊക്കെ ഞാൻ അയാളെ പണ്ടേക്ക് പണ്ടേ മറന്നതല്ലേയെന്ന് എന്നോട് തന്നെ പറയും.

അന്ന് മോന്റെ സ്കൂളിലെ പി ടി എ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും കയ്യിലൊരു പത്രവുമായി ചിരിച്ചുകൊണ്ട് അച്ഛൻ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. അച്ഛന് പതിവില്ലാതെ എന്താണിത്ര സന്തോഷമെന്ന് ചോദിച്ചപ്പോൾ പത്രമെനിക്ക് തന്നു. പൂർണ്ണമായും മറന്നിട്ടും അതിൽ അയാളുടെ മുഖം കണ്ടുപിടിക്കാൻ എനിക്ക് പ്രയാസമേ ഉണ്ടായിരുന്നില്ല.

അച്ഛന്റെ മുഖത്തുള്ള ചിരി ഞാൻ എന്നിലും വരുത്താൻ ശ്രമിച്ചു.

ഇതൊക്കെ കണ്ടുകൊണ്ടിരുന്ന എന്റെ മോൻ ഞാൻ തുറന്നുപിടിച്ച ആ പത്രത്തിന്റെ ചരമ കോളത്തിലേക്ക് എത്തിനോക്കി. എന്നിട്ട് എന്റെ കണ്ണുകൾ തറച്ചിരിക്കുന്ന ഇടത്തേക്ക് ചൂണ്ടി ആരാണമ്മേയെന്ന് ചോദിച്ചു.

അതുകേട്ടപ്പോൾ എന്റെ കണ്ണുകൾ രണ്ടും പൊട്ടിയൊലിക്കുമോയെന്ന ഭയത്തിൽ പത്രം മടക്കി ഞാൻ അച്ഛന് തന്നെ കൊടുക്കുകയായിരുന്നു.

ആരാണെന്ന് മോൻ വീണ്ടും ചോദിച്ചു. അമ്മയെന്നോ മറന്നുപോയ ഒരാളാടായെന്ന് മാത്രമേ അവനോട് എനിക്ക് ആ നേരം പറയാൻ സാധിച്ചുള്ളൂ.

അത് പറയുമ്പോൾ മുമ്പേ പടർത്തിയിട്ടും മാഞ്ഞുപോയ പുഞ്ചിരിയെ പിന്നേയും ഞാൻ എന്റെ ചുണ്ടത്ത് വിരിച്ചുവെച്ചിരുന്നു. അല്ലെങ്കിലും കഴിഞ്ഞ പതിനാറ് വർഷങ്ങളോളം ഞാൻ അയാളെ ഓർക്കാറേയില്ലല്ലോ…!!

Leave a Reply

Your email address will not be published. Required fields are marked *