(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
ഡീ വർഷ എവിടാ നീ… ചേട്ടന്റെ ദേഷ്യത്തിൽ ഉള്ള വിളികേട്ടുകൊണ്ടാണ് ഞാൻ മുകളിലോട്ട് ചെന്നത്. ചെന്നു നോക്കുമ്പോൾ അനഘ ചേട്ടന്റെ മുൻപിൽ കരഞ്ഞുകൊണ്ട് നിൽകുവാണ്..
“അനഘ ” അവൾ എന്റെ കൂട്ടുകാരിയാണ് ഒരു പാവംകുട്ടി, വീട്ടുകാരെ പരിചയപെടുത്താൻ ഞാൻ തന്നെയാണ് വീട്ടിലോട്ട് കൂട്ടികൊണ്ട് വന്നത്..
എന്ത് പറ്റി ഏട്ടാ എന്തിനാണ് ദേഷ്യപെടുന്നത്,…
ഇതാരാണ് എന്തിനാണ് ഇവൾ എന്റെ റൂമിൽകയറിയത്.. ഞാൻ പലപ്രവിശ്യം നിന്നോട് പറഞ്ഞിട്ടുണ്ട്..
നിന്റെ കൂട്ടുകാർ വന്നാൽ അവരെ നിന്റെ റൂമിൽ ഇരുത്തിക്കോണം, ആർക്കും ഒരു ദ്രോഹവും ചെയ്യാതെ അല്ലെ ഞാൻ ഇവിടെ ഇ റൂമിൽ കഴിയുന്നത്, പിന്നെ എന്തിനാണ് എന്നെ ദ്രോഹിക്കാൻ ഇങ്ങനെ ഓരോരുത്തവരെ ഇവിടേ കൊണ്ട് വരുന്നത്..
എന്താ ഏട്ടാ അവൾ അറിയാതെ കയറിയത് അല്ലെ. കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളുടെ കയ്യ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, എന്ത് പറ്റിയടി , കണ്ണകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. നിന്റെ റൂം ആണെന്ന് കരുതി.. കയറിയതാ, പക്ഷെ എന്റെ കൈകൊണ്ട് ആ ഫോട്ടോ താഴെവീണു അതാണ് സംഭവിച്ചത്..
എന്റെ ഏട്ടാ ഒരു ഫോട്ടോ പൊട്ടിയതിനു ആണോ അവളോട് ഇങ്ങനെ ദേഷ്യപെടുന്നത്..
താഴെ വീണുപൊട്ടിയ ഫോട്ടോ നേരെയാക്കികൊണ്ട് ഏട്ടൻ പറഞ്ഞു വർഷ നീ എന്നെ വീണ്ടും ദേഷ്യംപിടിപ്പിക്കാതെ ഇറങ്ങി പോ അവളെയും വിളിച്ചുകൊണ്ട് ഇവിടുന്ന്..
നിനക്കും അവൾക്കും ഒക്കെ ഇത് വെറും ഫോട്ടോ മാത്രമാണ്, എനിക്ക് അതെന്റെ ആത്മവ് ആണ്. ഇങ്ങനത്തെ കുറച്ചു ഓർമകളിൽ മാത്രം ആണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. ഇ ജീവിതം അത് ഇവിടെകിടന്നു നീറി ഒടുങ്ങണം അതാണ് എന്റെ ആശ അതിനു മങ്ങൽ ഏല്പിക്കാൻ ആരെയും ഞാൻ സമ്മതിക്കില്ല..
ഞാൻ അവളുടെ കയ്യിൽപിടിച്ചിട്ട് പറഞ്ഞു വാടി താഴോട്ട് പോകാം.. ഞാൻ അവളുടെ കയ്യിൽ പിടിച്ചിട്ട് മുറിക്കു പുറത്തിറങ്ങി. പുറത്തിറങ്ങിയതും അമ്മ താഴെന്ന് വിളിച്ചുചോദിച്ചു എന്നാപറ്റി മോളേ എന്താ അവിടെ ഒരു ബഹളം..
ഒന്നുമില്ല അമ്മേ അമ്മയുടെ മകന് വീണ്ടും പ്രാന്ത് ഇളകി അത്രയേ ഉള്ളു, ഇന്ന് അതിന്റെ ഇര പാവം ഇവൾആയി പോയി.. ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു…
ഞാൻ പൊയ്ക്കോട്ടേടി അനഘ എന്നോട് ചോദിച്ചു..
എവിടെ പോകാൻ കുറച്ചു കഴിഞ്ഞുപോകാം ഞാൻ തന്നെ നിന്ന് കൊണ്ട് വിടാം പോരെ…
മോൾ അവിടെ നടന്നത് ഒന്നുംകാര്യം ആക്കേണ്ട, അവൻ ഒന്നും മനസ്സിൽ വെച്ചുകൊണ്ട് പറയുന്നത് അല്ലാ. ഒരുപാട് സങ്കടങ്ങൾ അവന്റ ഉള്ളിൽ ഉണ്ട്…
എല്ലാം മറന്നു എന്റെ കുട്ടി പഴയ ജീവിതത്തിലോട്ട് തിരിച്ചു വന്നാൽ മതി അങ്ങനെ ഒരു പ്രാത്ഥന മാത്രമേ ഇ അമ്മക്ക് ഉള്ളു..
ഞാൻ പോയിക്കോട്ടെ അമ്മേ കുറച്ചു പഠിക്കാൻ ഉണ്ട്.. അനഘ വീണ്ടും പറഞ്ഞു..
ചുമ്മാ പറയുന്നത് ആണ് അമ്മേ എനിക്ക് ഇല്ലാത്ത എന്താണ് ഇവൾക്ക് പഠിക്കാൻ ഉള്ളത്. ഏട്ടൻ വഴക്ക് പറഞ്ഞത് നീ കാര്യം ആക്കണ്ട, ഏട്ടന് വേണ്ടി ഞാൻ മാപ്പ് ചോദിക്കാം പോരെ…
ആദ്യമായിട്ട ഇ വീട്ടിൽ വന്നിട്ട് ഒന്നും കഴിക്കാതെ പോകുക എന്ന് പറഞ്ഞാൽ അത് ഞാൻ സമ്മതിക്കില്ല അമ്മ പറഞ്ഞു.
അതൊക്കെ പിന്നെ ഒരു ദിവസം ആകാം അമ്മേ അവൾ അമ്മയോട് പറഞ്ഞു..
എന്നാൽ വർഷമോളേ ഇവളെ വീട്ടിൽകൊണ്ട് ചെന്ന്ആക്ക പോകാൻ ഇറങ്ങിയ അവളുടെ കയ്യിൽ പിടിച്ചിട്ട് അമ്മ പറഞ്ഞു ഇ കാരണംകൊണ്ട് മോൾ ഇനി ഇവിടെ വരാതിരിക്കരുത്..
ഞാൻ ഇനിയും വരും അമ്മേ, അമ്മ വിഷമിക്കണ്ട എനിക്ക് ഒരു സങ്കടവും ഇല്ലാ.. അമ്മ ഇല്ലാതെ വളർന്ന എനിക്ക് ഒരു അമ്മയുടെ സ്നേഹം ഇ കുറച്ച് സമയം കൊണ്ട് എനിക്ക് കിട്ടി. അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി..
വണ്ടിയിൽ പോകുന്നതിനു ഇടക്ക് അവൾ ചോദിച്ചു എന്ത് പറ്റിയതാടി നിന്റെ ചേട്ടന് .
പ്രണയം തന്നെ കാരണം…
ഇങ്ങനെ അല്ലാത്ത ഒരു ചേട്ടൻ ഉണ്ടായിരുന്നു എനിക്ക്, എപ്പോളും കളിയും ചിരിയുമായി ഒരു ഏട്ടൻ.. ആ ഏട്ടന്റെ ജീവിതത്തിൽ കടന്ന് വന്ന ഒരു പിശാച് ആയിരുന്നു, അഞ്ജലി..
അവളെ നേരിട്ട് അറിയാവുന്ന ഏട്ടന്റെ ഫ്രണ്ട് എല്ലാവരും ഏട്ടനോട് പറഞ്ഞു, അവൾ നിനക്ക് ശരിയാവില്ല, അവൾ നിന്നെ ചതിക്കും.. പക്ഷെ പ്രേമം തലക്ക് പിടിച്ചിരിക്കുന്നവർ ആരുടെ എങ്കിലും ഉപദേശത്തിന് കാത് കൊടുക്കുവോ, ഇല്ലാ ഏട്ടനും കൊടുത്തില്ല
പ്രണയം തമാശക്ക് കൊണ്ട് നടക്കുന്നത് ആണുങ്ങൾ മാത്രം അല്ലാ പെണ്ണുങ്ങളും.. ഇ സമൂഹത്തിൽ ഉണ്ട് അതിന്റ ഒരു ഉദാഹരണം ആയിരുന്നു അവൾ..
കാശും പണവും ഉള്ള മറ്റൊരുവനെ കണ്ടപ്പോൾ അവൾ ഏട്ടനെ കയ്യ്ഒഴിഞ്ഞു.. സ്നേഹിച്ചു മാത്രം ശീലം ഉള്ള ഏട്ടന് അത് താങ്ങാൻ പറ്റിയില്ല ഏട്ടന് മാത്രം അല്ല ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കും അത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
അപ്പോൾ ആ ഫോട്ടോയിൽ കണ്ടത് ആരാണ് വർഷ?? അനഘ ആകാംഷയോടെ ചോദിച്ചു..
അത് ആ നാശത്തിന്റെ ഫോട്ടോ ആണ് കുറച്ച് കാലം മനസ്സിൽ കൊണ്ട്നടന്നത് അല്ലെ മറക്കാൻ സമയം പിടിക്കും.. വേണ്ടന്ന് പറഞ്ഞു പോയിട്ടും ഇപ്പോഴും അവളുടെ ഫോട്ടോയും പിടിച്ചു, ജീവിതം നശിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ഏട്ടന്റെ ഇ അവസ്ഥ കാണുമ്പോൾ ചങ്ക് തകരുവാണ്.
സത്യത്തിൽ നിന്റെ ചേട്ടനെ ഉപേക്ഷിച്ചു പോയ
ആ പെൺകുട്ടിക്ക് അല്ലെ നഷ്ടം. ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം കിട്ടാൻ അതിനും വേണം ഒരു ഭാഗ്യം. അനഘ പറഞ്ഞു നിർത്തി.
എന്നാൽ നീ ഒരുകാര്യം ചെയ്യൂ എന്റെ ഏട്ടനെ അങ്ങട് കെട്ടിക്കോ ഞാൻ പറഞ്ഞു.
“വർഷ “പുള്ളിയുടെ മുൻപിൽ നിക്കാൻ ഉള്ള ധൈര്യം പോലും എനിക്കില്ല..
വണ്ടി അനഘയുടെ വീടിന്റ മുൻപിൽ നിർത്തിയിട്ടു ഞാൻ ചോദിച്ചു. എന്നെ വീട്ടിലോട്ട് ക്ഷേണിക്കുന്നില്ലേ.. നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു..
ഡീ “ഞാൻ “….നിനക്ക് അറിയാമല്ലോ ഇവിടുത്തെ കാര്യങ്ങൾ എല്ലാം പിന്നെ ഞാൻ എങ്ങനെ നിന്നെ ഇങ്ങോട്ട് ക്ഷേണിക്കും.
നീ കരയുവാ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എനിക്ക് അറിയാം ഇവിടുത്തെ കാര്യങ്ങൾ എല്ലാം. നീ വീട്ടിലോട്ട് ചെല്ല്, നമുക്ക് നാളെ കോളേജിൽവെച്ച് കാണാം.
അനഘയോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലോട്ട് യാത്ര തിരിച്ചു..
നല്ല ക്ഷീണം ഉള്ളത് കൊണ്ട് വീട്ടിൽ വന്നപാടെ ഞാൻ റൂമിൽ കയറി കിടന്നു.. ഉച്ചക്ക് ചോറ്കഴിക്കാൻ അമ്മ വിളിക്കുമ്പോൾ ആണ് എഴുന്നേറ്റത്, വരുമ്പോൾ ഏട്ടനേയും വിളിക്കാൻ പറഞ്ഞു..
എന്റെ അമ്മേ ചേട്ടനെ അമ്മതന്നെ വിളിച്ചാൽ മതി പുള്ളിയുടെ മൂഡ്ഇപ്പോൾ ശരിയല്ല. ഞാൻ പറഞ്ഞു..
വർഷാ നീ ഞാൻ പറയുന്നത് കേട്ടാൽ മതി അവൻ നിന്റെ ചേട്ടൻ ആണ്.. താഴോട്ട് വരുമ്പോൾ അവനെയും വിളിച്ചോണ്ട് വന്നാൽ മതി എന്നും പറഞ്ഞു അമ്മ താഴോട്ട് പോയി..
ഏട്ടന്റെ റൂമിന്റെ വാതിലിൽ കുറെ തവണ തട്ടിയപ്പോൾ ഏട്ടൻ വാതിൽ തുറന്നു.. എന്തായാലും രാവിലെ കണ്ടാ ആ ചൂടിപ്പോൾ മുഖത്ത് കാണാൻ ഇല്ലാ.. ചോദ്യഭാവേന എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു വാ ഏട്ടാ ചോറ് ഉണ്ണാം..
എനിക്കുള്ളത് ഇവിടെ തന്നാൽ മതി ഞാൻ ഇവിടെ ഇരുന്നു കഴിച്ചോളാം.. ഏട്ടൻ പറഞ്ഞു..
എന്തിനാ ഏട്ടാ ഞങ്ങളെ വീണ്ടും ഇങ്ങനെ വിഷമിപ്പിക്കുന്നത്, ഏട്ടന്റെ ഇ അവസ്ഥ കാണുമ്പോൾ ഉള്ള് നീറുവാണ് ഏട്ടൻ വേറെ ആരോ ആയപോലെ തോന്നുന്നു. ഇറ്റുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു..
ഏട്ടൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടിയിട്ട പറഞ്ഞു.. നീ താഴോട്ട് പോയിക്കോ ഞാൻ വന്നേക്കാം..
കുറച്ചു നാൾക്ക് ശേഷം ഏട്ടൻ ഞങ്ങൾക്ക് ഒപ്പം ഇരുന്നു ചോറുണ്ണാൻ.. ചോറ് വിളമ്പുന്നതിന് ഇടക്ക് അമ്മ പറഞ്ഞു ഇനി എന്റെ മോൻ പഴയത് എല്ലാം മറക്കണം..
ഉപേക്ഷിച്ചു പോവരെയും, വേണ്ടന്ന് വെച്ച് പോയവരെയും ഓർത്തു നമുക്ക് വിഷമിച്ചിരിക്കാം പക്‌ഷേ അത്കൊണ്ട് നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥംആണ് ഉള്ളത്.. അമ്മക്ക് അറിയാം നിനക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്, എല്ലാം മറക്കാൻ ഒരു ദിവസം അത് എന്നായാലും ജീവിതത്തിൽ വരും.
എല്ലാം മറക്കണം എന്ന് ആഗ്രഹം ഉണ്ട് അമ്മേ എന്നാലും ചിലസമയം ആ പഴയ ഓർമ്മകൾ എന്നെ വിട്ട്പോകുന്നില്ല, ഇനി എനിക്ക് മാറണം, പഴയത് പോലെ ആകണം ഏട്ടൻ പറഞ്ഞു നിർത്തി.
ഏട്ടന്റെ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു എല്ലാം ശരിയാകും.
പക്‌ഷേ ഏട്ടൻ അനഘയോട് പറഞ്ഞത് ശകലം കൂടിപോയി. എല്ലാരേയും പരിചയപ്പെടാൻ
ഞാൻ കൂട്ടികൊണ്ട് വന്നതാ അറിയാതെ ഏട്ടന്റെ റൂമിൽ കയറി പോയി അതിനു ആ പാവത്തിനെ ഇങ്ങനെ പേടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ..
പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം, ഒരാളുടെ റൂമിലോട്ട് ഇങ്ങനെ അല്ല വരുന്നത്.. ഏട്ടൻ പറഞ്ഞു.
എന്റെ ഏട്ടാ അവൾ എന്റെ റൂം ആണെന്ന് കരുതി കയറിയതാണ്, ഏട്ടനെ പരിചയപെടുത്തുന്നതിന് മുൻപ് അവൾ അറിയാതെ ഏട്ടന്റെ റൂമിൽ വന്നുപോയതാണ്
ഏട്ടന് അവളെ പരിചയം ഇല്ലാത്ത കൊണ്ടാണ് ഒരു പാവം കുട്ടിയാണ് അവൾ. ചെറുപ്പത്തിലേ അവളുടെ അമ്മ മരിച്ചു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. ഒരിക്കലും അമ്മക്ക് പകരം ആകില്ലല്ലോ രണ്ടാനമ്മ, അവരുടെ വരവോടെ അവൾ ആ വീട്ടിൽ ഒരു അധികപ്പറ്റായി.. ഇ അടുത്ത ഇടക്ക് അവളുടെ അച്ഛനും അവളെ വിട്ട് പോയി, അതോടെ ആ വീട്ടിൽ അവളുടെ കാര്യം കഷ്ടത്തിൽ ആണ്
പണത്തിനു വേണ്ടി ഇപ്പോൾ അവളുടെ രണ്ടാനമ്മ അവളെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളുമായിട്ട് അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുവാണ്, വിവാഹം നടന്നാൽ അവൾ ജീവിച്ചിരുക്കുമെന്ന് എനിക്ക് തോന്നുന്നില്ല അത് പലപ്രവിശ്യം എന്നോട് അവൾ പറഞ്ഞിട്ടുണ്ട്..
അതെല്ലാം മറക്കാൻ ആണ് അവൾ സമയം കിട്ടുമ്പോൾ എല്ലാം എന്റെ കൂടെ ഇങ്ങോട്ട് ഓടി വരുന്നത്.. ജീവിതത്തിലെ അവസാന നാളുകൾ ഇങ്ങനെ സന്തോഷിക്കാം എന്ന് അവൾ കരുതിക്കാണും പാവം.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചോറ് മുഴുവൻ കഴിക്കാതെ ഏട്ടൻ കയ്യ് കഴുകി റൂമിൽ പോയി.
അങ്ങനെ ഒരുദിവസം കടന്ന് പോയി.
രാവിലെ കോളേജിൽ പോകാൻ വണ്ടി എടുക്കാൻ വന്നപ്പോൾ ആണ് ഒരു വീൽ പഞ്ചറായിട്ട് ഇരിക്കുന്നത് കണ്ടത്. ശോ നാശം പിടിക്കാൻ ഇന്ന് ലേറ്റ് ആകുമല്ലോ ഞാൻ അകത്തു ചെന്ന് അമ്മയോട് പറഞ്ഞു അമ്മേ ഏട്ടനോട് പറ എന്നെ ഒന്നു കോളേജിൽ വിടാൻ ഇനിയും ലേറ്റ് ആകാൻ പറ്റില്ല
ഒരുപാട് നിർബന്ധിച്ചപ്പോൾ ഏട്ടൻ വരാമെന്ന് സമ്മതിച്ചു. അങ്ങനെ കുറച്ച് നാൾക്ക് ശേഷം ഏട്ടന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്തു. ഇപ്പോൾ സ്വഭാവത്തിൽ നല്ല മാറ്റാം വന്നു, പതുക്കെ മുഴുവൻആയിട്ട് മാറ്റി എടുക്കണം.
കോളേജിന് പുറത്തു റോഡിൽ ബൈക്ക് നിർത്തിയിട്ടു ഏട്ടൻ തിരിഞ്ഞു എന്നെ നോക്കി.
ഞാൻ പറഞ്ഞു അകത്തോട്ടു വിട് ഏട്ടാ ആ കാണുന്ന മരത്തിന്റെ അടുത്ത.
ഏട്ടൻ നിന്നെക്കൊണ്ട് തോറ്റു എന്നാ മട്ടിൽ തലകുലുക്കികൊണ്ട് വണ്ടി മുൻപോട്ട് എടുത്തു.
മരത്തിന്റെ അടുത്ത അനഘ എന്തോ ബുക്കിൽ എഴുതികൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു. ഏട്ടൻ അവളുടെ അടുത്ത കൊണ്ട് ബൈക്ക് നിർത്തി, ഹെൽമറ്റ് വെച്ചിരിക്കുന്ന കൊണ്ട് അവൾക്ക് ഏട്ടനെ മനസ്സിലായില്ല, പെട്ടന്നാണ് പുറകിൽ ഇരിക്കുന്ന എന്നെ അവൾ കണ്ടത്.
നീ ആയിരുന്നോ എന്ന് ചോദിച്ചു അവൾ അടുത്തോട്ടു വന്നു. ബൈക്ക് ഓടിച്ചത് ആരാണ് എന്ന് അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു
ഞൻ അവളോട് പറഞ്ഞു നിനക്ക് അറിയാവുന്ന ആൾ തന്നെ ആണ് ചോദ്യഭാവേന നിൽക്കുന്ന അവളുടെ മുൻപിൽ ഞാൻ തന്നെ ഏട്ടന്റെ ഹെൽമെറ്റ് ഊരി. ആളെ മനസ്സിൽ ആയതും പരിഭ്രമത്തോടെ അവിടുന്ന് പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചിട്ട് ഞാൻ പറഞ്ഞു എങ്ങോട്ടാ പോണത് അവിടെ നിൽക്കു. എന്റെ ഏട്ടൻ നിന്നെ പിടിച്ചു തിന്നില്ല.
ഏട്ടന്റെ മുൻപിൽ നിന്ന് വിയർക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു.
ഡീ ഇതാണ് എന്റെ ഏട്ടൻ പേര് വിഷ്ണു
ഏട്ടൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് പറഞ്ഞു
അനഘ, ഞാൻ ദേഷ്യപ്പെട്ടത് കാരണം ആണ് ഇയാൾ വീട്ടിലോട്ട് വരാത്തത് എങ്കിൽ അത് വേണ്ടാ ഇയാൾക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാം, അന്ന് തന്നോട് ഞാൻ ഒരു കാര്യവും ഇല്ലാതെ ദേഷ്യപ്പെട്ടു എന്റെ തെറ്റാണ്. അന്ന് എന്റെ ഏറ്റവും മോശപ്പെട്ട സമയത്താണ് താൻ എന്റെ മുൻപിൽ വന്നത്.
തനിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലാ എന്ന് കരുതുന്നു..
ഇല്ല ചേട്ടാ എനിക്ക് ചേട്ടനോട് ഒരു ദേഷ്യവും ഇല്ല, ഒത്തിരി സന്തോഷമായി ചേട്ടൻ എന്നോട് സംസാരിച്ചല്ലോ എനിക്ക് അത് മതി.
ഞങ്ങളോട് യാത്ര പറഞ്ഞു ഏട്ടൻ പോയി..
പിന്നെ കുറച്ചു ദിവസം അവൾ എന്റെകൂടെ വീട്ടിലോട്ട് വന്നു. അമ്മയ്ക്കും അവളെ വലിയ ഇഷ്ടമാണ് അവളുടെ വരവോടെ ഏട്ടന്റെ സ്വഭാവത്തിലും നല്ല മാറ്റാം വന്നു പഴയ ആ കളിയും ചിരിയും എല്ലാം തിരിച്ചു വന്നു.
ദിവസങ്ങൾ കടന്ന് പോയിക്കോണ്ടിരുന്നു
കുറച്ചു ദിവസമായി അവൾ കോളേജിൽ വന്നിട്ട് വിളിക്കാം എന്ന് വെച്ചാൽ അവൾക്ക് ഫോൺ ഇല്ല, വീട്ടിൽ പോയി തിരക്കാം എന്ന് വെച്ചാൽ അവളുടെ രണ്ടാനമ്മയുടെ സ്വഭാവം ശരിയല്ല. വീട്ടിൽ ഒരു കാരണവശാലും വരരുത് എന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്കു ശേഷം വീടിന്റെ കാളിങ് ബെൽ അടിക്കുന്ന കെട്ടിട്ടാണ് ഞാൻ വാതിൽ തുറന്നത്, നോക്കുമ്പോൾ അവളാണ്… ഞാൻ അവളോട് അകത്തോട്ടു വരാൻ പറഞ്ഞു എന്റെ ശബ്ദം കേട്ടുകൊണ്ട്, അമ്മയും ഏട്ടനും അങ്ങോട്ട് വന്നു… എവിടാരുന്നടി ഇത്രയും നാൾ നീ എന്താണ് കോളേജിൽ വരാതിരുന്നത്.
എന്റെ പഠിപ്പ് നിർത്തി ഇ മാസം ലാസ്റ്റ് എന്റെ കല്യാണം ആണ്, എല്ലാം അവർ പെട്ടന്ന് തീരുമാനിച്ചു, വീടിനു വെളിയിൽ എന്നെ ഇറക്കില്ലാരുന്നു, അമ്പലത്തിൽ പോകുവാണെന്നു കള്ളം പറഞ്ഞാണ് ഞാൻ ഇങ്ങോട്ട് വന്നത്.
ഇത്രയും കാലം ജീവിച്ചു എന്നൊരു തോന്നൽ വന്നത് നിന്റെ കൂടെ നടന്ന നാളുകളും, ഇവിടെ വരുമ്പോളും ആയിരുന്നു. ഇനി അതെല്ലാം വെറും ഓർമ്മകൾ മാത്രം.
ഇന്ന് ഒരുപാട് നേരം അവൾ ഞങ്ങളോട് സംസാരിച്ചു, നേരം കടന്ന് പോയത് അറിഞ്ഞില്ല രാവിലെ വന്നതാണ് ഇപ്പോൾ സമയം രാത്രി 8 മണി കഴിഞ്ഞു…
ഇത്രയും വൈകിയത് നിന്റ അമ്മ അറിഞ്ഞാൽ പ്രശ്നം അല്ലെ ഞാൻ ചോദിച്ചു..
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഒരിക്കലും അവർ എന്നെ കൊല്ലില്ല, ഇ ശരീരം അവർക്ക് ആവിശ്യം ഉണ്ട്, ഇതിനല്ലേ അവർ ഇത്രയും വലിയ വിലയിട്ടിരിക്കുന്നത്. അതുകൊണ്ട കല്യാണം കഴിയുന്നത് വരെ ഒന്നും ചെയ്യില്ല.
യാത്ര പറയാൻ നേരം അവൾ എന്നെയും അമ്മയെയും കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.
നേരം ഇരുട്ടിയ കൊണ്ട് ഏട്ടൻ അവളെ വീട്ടിൽ കൊണ്ട്ചെന്ന് ആക്കാം എന്ന് പറഞ്ഞു. ഏട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവളുമായിട്ട് മുൻപോട്ട് പോയി.
അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു അവളെ വിടണ്ടായിരുന്നു അല്ലെ അമ്മേ..
നല്ല കുട്ടിയാരുന്നു അവൾ നമുക്ക് അവളെ ഏട്ടനെക്കൊണ്ട് കെട്ടിച്ചാൽ മതിയാരുന്നു. ഏട്ടനെ പൊന്ന് പോലെ അവൾ നോക്കിയേനെ..
എനിക്കും അവളെ ഇഷ്ടമായിരുന്നു മോളേ അവനെക്കൊണ്ട് കെട്ടിച്ചാൽ കൊള്ളരുന്നു എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, ഈശ്വരൻ തീരുമാനിക്കട്ടെ.
ഇതേ സമയം വീട് അടുക്കാറായിട്ടും തന്നോട് സംസാരിക്കാതെ ഇരിക്കുന്ന അനഘ യോട് വിഷ്ണു ചോദിച്ചു, എന്താണ് ഇയാൾ ഒന്നും
സംസാരിക്കാത്തത്.
സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല ഏട്ടാ…
ഇനി നിങ്ങളെ ഒക്കെ കാണാൻ പറ്റുമോ എന്നും അറിയില്ല.. എന്റെ സമ്മതം ഇല്ലാതെ ഇ കല്യാണം നടത്താൻ അവർക്ക്സാധിക്കും, പക്‌ഷേ മുൻപോട്ടു ജീവിക്കണോ എന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്, എന്താണ് വേണ്ടത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. ഇ ജീവിതം അവസാനിപ്പിക്കാൻ അവരുടെ സമ്മതം വേണ്ടല്ലോ.
ഓടിക്കൊണ്ടിരുന്ന ബൈക്ക് നിർത്തി. വിഷ്ണു അവളെ നോക്കികൊണ്ട് പറഞ്ഞു ഇയാൾ എന്തക്കെയാണ് പറയുന്നത്.. അരുതാത്ത ഒന്നും പറയണ്ട.. തീരുമാനം എടുക്കാൻ മാത്രമേ മനുഷ്യർക്ക് സാധിക്കു, ആ തീരുമാനം നടക്കണോ എന്നത് വിധി തീരുമാനിക്കും, ഇയാളുടെ കണ്ണുനീർ
ഈശ്വരൻ കാണാതിരിക്കില്ല, ധൈര്യം ആയിട്ട്
ഇരിക്ക്..
വിഷ്ണു വീണ്ടും ബൈക്ക് മുൻപോട്ടു എടുത്തു
വണ്ടി അവളുടെ വീടിന് അടുത്തഎത്തി ബൈക്ക് പുറത്തു നിർത്തിയാൽമതി എന്ന് അവൾ പറഞ്ഞു കഴിയുന്നതിനു മുൻപേ.. വിഷ്ണു ബൈക്ക് ഓടിച്ചു വീടിന്റെ ഉമ്മറത്തു കൊണ്ട് നിർത്തി..
ബൈക്കിൽ നിന്ന് ഇറങ്ങിയ അവൾ അവനോട് പറഞ്ഞു.. ഏട്ടൻ പൊയ്ക്കോളൂ അല്ലങ്കിൽ, അമ്മ അരുതാത്ത എന്തെങ്കിലും ഏട്ടനോട് പറയും അത് എനിക്ക് സഹിക്കില്ല..
എന്നോട് എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പം ഇല്ല ഇയാൾ അകത്തു കയറിയിട്ടേ ഞാൻ പോകുന്നുള്ളൂ.. വിഷ്ണു പറഞ്ഞു..
അവൾ അകത്തു കയറിയതും വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്തു.. വണ്ടി മുൻപോട്ട് എടുത്തതും.. അകത്തു അവളുടെ രണ്ടാനമ്മയുടെ ശബ്ദം ഉച്ചത്തിൽ കേട്ടു ആരുടെകൂടെ അഴിഞ്ഞടാൻ ആണെടി പിഴച്ചവളെ നീ പോയത്, അത് എങ്ങനെയാണ് തള്ളയുടെ അതെ സ്വഭാവം അല്ലെ നിനക്ക്. തള്ള എത്തരക്കാരി ആണെന്ന് എനിക്ക് അറിയാം.
അനാവശ്യം പറയരുത്, എന്നെപ്പറ്റി എന്ത് വേണമെങ്കിലും പറഞ്ഞോ, കണ്ടു കൊതിതീരുന്നതിന് മുൻപേ എന്നെ വിട്ടപോയ എന്റെ അമ്മയെ പറ്റി ഒരു അക്ഷരം മിണ്ടിപ്പോകരുത്
എന്ന് അനഘ കരഞ്ഞുകൊണ്ട് പറയുന്നത് കേട്ട് ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ച്.. അവരുടെ വീടിന്റെ വാതിലിന് അടുത്തേക്ക് നടന്നു.
നീ എന്നോട് തർക്കുത്തരം പറയാറായി അല്ലേടി എന്നും പറഞ്ഞു അവളുടെ രണ്ടാനമ്മ അവളെ മുടിക്ക് പിടിച്ചു പുറത്തോട്ട് തള്ളി അവൾ വന്നു വീണത് എന്റെ മുൻപിലാണ്.
കരഞ്ഞുകൊണ്ട് ഇരിക്കുന്ന അവളെ പിടിച്ചു എഴുന്നേല്പിച്ചിട്ട് ഞാൻ അവളുടെ അമ്മയോട് പറഞ്ഞു നിങ്ങളും ഒരു സ്ത്രീതന്നെ അല്ലെ നിങ്ങളെയും ഇവൾ അമ്മേ എന്ന് തന്നെയല്ലേ വിളിച്ചത്. ഇവൾ ഒരു പാവം ആയത്കൊണ്ടല്ലേ
നിങ്ങൾ ഇവളെ ഇങ്ങനെ തട്ടികളിക്കുന്നത്.
അനഘ നിന്നെ ഇവിടെ ഇ അവസ്ഥയിൽ വിട്ടിട്ട് പോകാൻ എനിക്ക് പറ്റില്ല വാ എന്റെ കൂടെ എന്നും പറഞ്ഞു അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ അവളുടെ കയ്യും പിടിച്ചു ഞാൻ പുറത്തോട്ട് നടന്നു
അവളെയും ബൈക്കിൽ കയറ്റി ഞാൻ വീട്ടിലോട്ട് വണ്ടി തിരിച്ചു..
വീട്ടിൽ വന്നതും ഞങ്ങളെകണ്ടു അതിശയത്തോടെ, നിൽക്കുന്ന അമ്മയോട് ഞാൻ നടന്നത് എല്ലാം പറഞ്ഞു.. എനിക്ക് അപ്പോൾ വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല ഇവളെ ആ അവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സ്അനുവദിച്ചില്ല.
നന്നായി മോനെ അമ്മ ആഗ്രഹിച്ചതും അത് തന്നെ ആണ്, ഇനി എന്ത് വേണം എന്ന് അമ്മ തീരുമാനിച്ചോളാം..
അങ്ങനെ അമ്മയുടെ തീരുമാനത്തിൽ ഒരു വിവാഹത്തിന്, പണ്ടത്തെ ഓർമ്മകൾ വിട്ട് മനസ്സ് ഒരുങ്ങുന്നതിന് മുൻപേ എനിക്ക് അവളെ താലി കെട്ടേണ്ടി വന്നു.. അന്ന് ആദ്യമായി കണ്ടപ്പോൾ അവളോട് ദേഷ്യപ്പെട്ട് അതെ മുറിയിൽ അവൾ ഇന്ന് എന്റെ പെണ്ണായിട്ട്.
കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ മടിയിൽ തല വെച്ച് കിടന്ന് എന്നോട് അവൾ ചോദിച്ചു ഏട്ടന് ശെരിക്കും എന്നെ ഇഷ്ടമായിരുന്നോ.
അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു. ആദ്യം അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുക, പിന്നെ ആരും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കുക ഇത് മാത്രം ആയിരുന്നു മനസ്സിൽ. ഇപ്പോൾ ഇതൊന്നും അല്ല, നിന്നെ ഞാൻ എന്റെ പ്രാണനേക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് അനഘ
അപ്പോൾ ആ ഫോട്ടോ??
നഷ്ട പ്രണയത്തിന്റെ ഓർമ്മക്ക് സൂക്ഷിച്ചത് ഒന്നും അല്ലാ ജീവിതത്തിൽ വാശി വരാൻ സൂക്ഷിച്ചതാണ്, പക്ഷെ ആ ഫോട്ടോ കാണുമ്പോൾ എല്ലാം, അപകര്ഷതാബോധവും നഷ്ടബോധവും എന്നെ പിടികൂടും..
ഇനിയും ഏട്ടന്റെ മനസ്സ് നോവാൻ ഞാൻ അനുവദിക്കില്ല എന്നും പറഞ്ഞു അവൾ ആ ഫോട്ടോ ദൂരെക്ക് വലിച്ചെറിഞ്ഞു. ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ഇത് ചെയ്യാൻ നിന്റെ കയ്യ് തന്നെയാണ് ഏറ്റവും അനിയോജ്യം.
അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഞാൻ
അവളെ എന്റെ മാറിലേക്ക് ചാരി. അപ്പോൾ മനസ്സ് എന്നോട് പറഞ്ഞു…
അത് അങ്ങനെയാണ് മനസ്സ് വേദനിപ്പിച്ചു കടന്ന് പോകുന്ന കാലം തിരിച്ചുവരും ആ വേദന മറക്കാനുള്ള മരുന്നുമായി അതാണ് “ജീവിതം “