(രചന: ശ്രേയ)
” എല്ലാ തവണത്തേയും പോലെ ഇതും നിസ്സാരമായി തള്ളിക്കളയരുത്.. മോന്റെ പോക്ക് അത്ര ശരിയല്ല.. എനിക്ക് അവനെ ഓർത്തു നല്ല പേടിയുണ്ട്.. ”
ലേഖ ഭർത്താവ് അശോകനോട് പറഞ്ഞു.
” നീ ഇങ്ങനെ പേടിക്കണ്ട.. നിനക്ക് വെറുതെ തോന്നുന്നതാണ് അതൊക്കെ.. ”
അശോകൻ അവൾ പറയുന്നത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല…!
“ഏട്ടാ ഇത് അങ്ങനെയല്ല. അവൻ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. അവന്റെ കാര്യങ്ങൾ അറിയേണ്ടത് നമ്മൾ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.”
അവൾ വീണ്ടും വീണ്ടും നിർബന്ധിക്കുമ്പോൾ അശോകന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
” അതിനു മാത്രം എന്തു പ്രശ്നം ഉണ്ടെന്നാണ് താൻ പറഞ്ഞു വരുന്നത്..? കുറച്ച് അധികം സമയം അവൻ ഫോൺ ഉപയോഗിക്കുന്നതാണോ തന്റെ പ്രശ്നം.?
നമ്മൾ വളർന്നു വന്ന കാലം ഒന്നുമല്ലല്ലോ..ഇപ്പോഴത്തെ കുട്ടികൾ ഇതൊക്കെ തന്നെയാണ് കളിക്കുന്നത്. അത് ഇത്രയും സീരിയസ് ആയ ഒരു പ്രശ്നമാക്കാനും മാത്രം ഒന്നുമില്ല. ”
അശോകൻ നിസ്സാരമായി പറയുമ്പോൾ താൻ കണ്ട കാഴ്ചകളും താൻ അറിഞ്ഞ സത്യങ്ങളും അവരുടെ ഉള്ളിലിരുന്ന് വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
താൻ എന്തൊക്കെ പറഞ്ഞാലും അയാൾ വിശ്വസിക്കാൻ പോകുന്നില്ല എന്ന് ഇതിനോടകം തന്നെ ലേഖയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അല്ലെങ്കിലും എന്ത് കാര്യത്തിനും അദ്ദേഹത്തിന് മകനെ നല്ല വിശ്വാസമാണ്.
അവൻ എത്രയൊക്കെ തെറ്റ് ചെയ്താലും അവനെ ശാസിക്കാറില്ല. ഒരേയൊരു മകനാണ് എന്നുള്ള പരിഗണന കൊണ്ട് അവൻ അതെല്ലാം നല്ല രീതിയിൽ തന്നെ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.
” ഏട്ടാ.. ഞാൻ കണ്ട കാര്യങ്ങളെക്കുറിച്ച് ഏട്ടനോട് സംസാരിക്കേണ്ട എന്ന് തന്നെയാണ് കുറച്ചു മുൻപ് വരെ ഞാൻ കരുതിയിരുന്നത്. പക്ഷേ ഇനിയും ഇത് ഇങ്ങനെ തുടർന്നാൽ ശരിയാവില്ല.
ഏട്ടനോട് പറയാതിരിക്കുന്ന ഓരോ നിമിഷവും ഇതെല്ലാം അവന്റെ കുട്ടിക്കളി മാത്രമാണ് എന്ന് ഏട്ടൻ കരുതും. പക്ഷേ അത് അങ്ങനെയല്ല എന്ന് എനിക്കും ഏട്ടനും ഒക്കെ അറിയാം. ”
അവർ ആമുഖം പോലെ പറയുമ്പോൾ തന്നെ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് അയാൾക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു.
” താൻ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറയ്.. ”
അയാൾ അനുവാദം കൊടുത്തപ്പോൾ അവർ അയാളോട് സംസാരിക്കാൻ തുടങ്ങി.
” സാധാരണ ഞാൻ അവന്റെ ഫോൺ ഒന്നും എടുത്തു നോക്കാറില്ല എന്ന് ഏട്ടനു അറിയാമല്ലോ.
ഇന്നലെ അവൻ ക്ലാസ്സ് കഴിഞ്ഞ് വന്നിട്ട് പാടത്ത് കളിക്കാൻ പോയിട്ടുണ്ടായിരുന്നില്ലേ..? ആ നേരത്ത് അവൻ ഫോണ് ചാർജിൽ വച്ചിട്ടാണ് പോയിരുന്നത്.
അന്നേരം തന്നെ അവന്റെ ഒരു സുഹൃത്ത് വിളിക്കുകയും ചെയ്തു. ഞാൻ കോൾ എടുത്തപ്പോൾ ഞാനാണ് കോൾ എടുത്തത് എന്നറിയാതെ അവൻ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ”
അവരുടെ ഓർമ്മകൾ ആ ഒരു സംഭവത്തിലേക്ക് ചെന്ന് എത്തി നിന്നു.
” ഡാ ഇന്നലെ ഞാൻ അയച്ചു തന്ന വീഡിയോ നീ കണ്ടായിരുന്നോ..? എങ്ങനെയുണ്ടായിരുന്നു പെർഫോമൻസ്..?
നീ ഇന്ന് എനിക്ക് വേറെ ഏതോ പുതിയത് ഒരെണ്ണം അയച്ചു തരാമെന്ന് പറഞ്ഞില്ലേ..? അത് എനിക്ക് ഇന്ന് തന്നെ കിട്ടണം കേട്ടല്ലോ.. നീയെന്താടാ ഒന്നും പറയാത്തത്..? ”
അവന്റെ ആ ചോദ്യങ്ങൾ കേട്ടപ്പോൾ എനിക്കെന്തോ ആകെ ഒരു വല്ലായ്മ തോന്നി. ഇവൻ ഇതെന്തിനെക്കുറിച്ചാണ് പറയുന്നത് എന്നു പോലും തനിക്ക് അറിയാൻ കഴിയുന്നില്ലല്ലോ. എന്തായാലും മറുപടി പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു.
എന്ത് വീഡിയോ ആയിരിക്കും ഇവർ പറയുന്നത്..?
ആ ചിന്തയിലാണ് ഞാൻ അവന്റെ ഫോണിന്റെ ലോക്ക് തുറന്നു അത് നോക്കിയത്. അവൻ ഫോൺ വാങ്ങിയ സമയത്ത് ഇട്ടിരുന്ന അതേ ലോക്ക് തന്നെ ആയതു കൊണ്ട് എനിക്ക് അത് തുറക്കാൻ വലിയ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നില്ല.
അവന് വീഡിയോ അയച്ചു കൊടുത്തിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും വാട്സ്ആപ്പ് വഴി ആയിരിക്കണം അല്ലോ . അതുകൊണ്ട് ആദ്യം തന്നെ അതാണ് ചെക്ക് ചെയ്തു നോക്കിയത്.
ഇന്നലെ നമ്മുടെ മകന്റെ നമ്പറിലേക്ക് അയച്ചു കൊടുത്ത വീഡിയോ എന്തായിരുന്നു എന്ന് ഏട്ടനു അറിയാമോ..? സെ ക്സ് വീഡിയോ ആയിരുന്നു..
അതുകണ്ട് സത്യം പറഞ്ഞാൽ എന്റെ ദേഹം തളരുന്നത് പോലെ ആയിപ്പോയി. 15 വയസ്സിൽ തന്നെ ഇവന് ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്നുള്ള രീതിയിൽ ആയിരുന്നു അൽഭുതം.
എന്നാൽ അതിലേറെ എന്നെ തളർത്തിയത് ഇത് ഇന്നലെ ഉണ്ടായ ആദ്യത്തെ സംഭവമല്ല എന്നുള്ളത് കൊണ്ടാണ്. അവരുടെ ചാറ്റ് ഹിസ്റ്ററി നോക്കുമ്പോൾ തന്നെ അറിയാം കുറെ നാളുകളായുള്ളതാണ് ഇങ്ങനെയുള്ള പരിപാടികൾ എന്ന്.
പിന്നീട് അവന്റെ ഗ്യാലറി പരിശോധിച്ചപ്പോഴാണ് അതിൽ ഇതുപോലെയുള്ള കുറെ വീഡിയോകളും ഫോട്ടോകളും ഒക്കെ ഞാൻ കണ്ടു. അവന്റെ പോക്ക് അത്ര ശരിയല്ല കേട്ടോ..
ഈ പ്രായത്തിൽ തന്നെ ഇങ്ങനെയൊക്കെ തുടങ്ങിയാൽ ഇത് എവിടെ ചെന്ന് അവസാനിക്കും എന്നാണ്..? ഏട്ടൻ അവനോട് കാര്യമായി തന്നെ സംസാരിക്കണം. ഇതിനൊക്കെ ഒരു അവസാനം വേണ്ടേ..?
അവൾ പറഞ്ഞത് കേട്ട് അയാൾ കുറച്ചു നിമിഷം അവരെ നോക്കിയിരുന്നു.
” എടോ ഞാൻ നേരത്തെ പറഞ്ഞില്ലേ ഇത് നമ്മൾ വളർന്ന കാലഘട്ടമല്ല. ഒരു വിരൽത്തുമ്പിൽ ഇവർക്ക് ഇതെല്ലാം ലഭ്യമാകുമ്പോൾ നമ്മൾ എത്രയൊക്കെ ശാസിച്ചിട്ടും കുറ്റം പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
എങ്കിലും അവനോട് ഞാൻ ഒന്ന് സംസാരിക്കാം. അതിന്റെ പേരിൽ താൻ ഇനി ഇതിവിടെ വലിയൊരു പ്രശ്നമാക്കി മാറ്റണ്ട.. ”
അയാൾ പറഞ്ഞപ്പോൾ അവർ സമ്മതം അറിയിച്ചു.
അയാൾ റെഡിയായി ഓഫീസിലേക്ക് പോവുകയും ചെയ്തു. വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് കുറച്ചു വിശ്രമം എന്നുള്ള രീതിയിൽ സോഫയിൽ ഇരിക്കുമ്പോൾ ആയിരുന്നു ഒരു ഫോൺ വരുന്നത്.
മകന്റെ സ്കൂളിൽ നിന്നാണ് എന്ന് കണ്ടതോടെ ഒരു അങ്കലാപ്പോടെയാണ് ഫോൺ എടുത്തത്.
“ഹലോ ശരത്തിന്റെ അമ്മയല്ലേ..?”
“അതെ.. എന്താ ടീച്ചറെ..?”
വിറച്ചു കൊണ്ടാണ് ലേഖ സംസാരിച്ചത്.
” നിങ്ങളൊന്ന് അത്യാവശ്യമായി സ്കൂളിലേക്ക് വരണം. കഴിയുമെങ്കിൽ ശരത്തിന്റെ അച്ഛനെയും കൂടി ഒപ്പം കൂട്ടണം. കുറച്ച് ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കാനുണ്ട്. ”
അത്രയും പറഞ്ഞുകൊണ്ട് അവളുടെ മറുപടി പോലും കാത്തു നിൽക്കാതെ ടീച്ചർ ഫോൺ കട്ടാക്കി. അവരുടെ സ്വരത്തിലുള്ള ഗൗരവം തന്നെ എന്തോ കാര്യമായ പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കാൻ അവളെ പ്രേരിപ്പിച്ചു.
ഒരു നിമിഷം പോലും ചിന്തിക്കാതെ അവൾ അശോകനെ ഫോൺ വിളിച്ച് വിവരം പറഞ്ഞു. അവൾ റെഡിയായി നിൽക്കുമ്പോഴേക്കും അയാളും എത്താം എന്ന് പറഞ്ഞതോടെ അവൾ വേഗത്തിൽ തന്നെ റെഡിയാവാൻ തുടങ്ങി.
രണ്ടാളും കൂടി സ്കൂളിൽ എത്തുമ്പോൾ നേരെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ആണ് പോയത്. അവിടെ ചെല്ലുമ്പോൾ മുറിക്ക് പുറത്ത് തന്നെ ശരത്തും അവന്റെ ഒന്ന് രണ്ട് കൂട്ടുകാരും ഒക്കെ നിൽപ്പുണ്ട്.
കുറ്റം ചെയ്തതുപോലെ തലതാഴ്ത്തി നിൽക്കുന്ന അവരെ കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ട് എന്ന് അവർക്ക് ഉറപ്പായി. അവരെ ഒന്നു നോക്കിയിട്ട് അനുവാദം വാങ്ങി അവർ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് കയറി.
“നിങ്ങളെ വിളിപ്പിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്.”
അത്രയും പറഞ്ഞുകൊണ്ട് ടീച്ചർ ഒരു ഫോൺ എടുത്ത് അവരുടെ മുന്നിലേക്ക് വെച്ചു. അത് ശരത്തിന്റെതാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
“ഇത് നിങ്ങളുടെ മകന്റെ ഫോൺ ആണെന്ന് അറിയാമല്ലോ.. ഈ കോളേജിൽ ഫോൺ നിർബന്ധമായും റെസ്‌ട്രിക്‌ട് ചെയ്തിട്ടുള്ളതാണ്. പക്ഷേ നിങ്ങളുടെ മകൻ ഇതുമായാണ് മിക്കപ്പോഴും സ്കൂളിലേക്ക് വരുന്നത്.
സ്കൂളിലേക്ക് ഇതും കൊണ്ടുവരുന്നത് പോരാഞ്ഞിട്ട് പെൺകുട്ടികളുടെ ഫോട്ടോ എടുക്കുക അത് മോർഫ് ചെയ്ത് അവരെ കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയതാണ് നിങ്ങളുടെ മകന്റെ ഇപ്പോഴത്തെ പരിപാടികൾ.
അവനെ പേടിച്ചിട്ട് പെൺകുട്ടികൾ ക്ലാസിന് പുറത്തേക്ക് പോലും ഇറങ്ങാറില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നിട്ടുണ്ട്.
ഇനിയും ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല. ആദ്യത്തെ ഘട്ടം എന്നുള്ള നിലയ്ക്ക് അവന്റെ പാരന്റ്സിനെ വിവരമറിയിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.
ഈ പ്രായത്തിൽ തന്നെ പോലീസും കേസും ഒക്കെയായി നടക്കുന്നതിനേക്കാൾ ഭേദമാണല്ലോ മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കുന്നത്.”
പ്രിൻസിപ്പാൾ പറഞ്ഞപ്പോൾ തങ്ങളുടെ തൊലി ഉരിയുന്നത് പോലെയാണ് ആ അച്ഛനും അമ്മയ്ക്കും തോന്നിയത്.
” ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല ടീച്ചറെ. ദയവു ചെയ്ത് ഇത്തവണത്തേക്ക് മാപ്പാക്കണം.. ”
പറഞ്ഞുകൊണ്ട് കൈകൂപ്പി ലേഖ. അവരുടെ അവസ്ഥ മനസ്സിലായത് പോലെ ആ ടീച്ചറിനും അലിവ് തോന്നുന്നുണ്ടായിരുന്നു.
” എന്തായാലും ഇത്തവണത്തേക്ക് പ്രശ്നമൊന്നുമില്ല. അവനെ നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കണം.. ”
അവരോട് പറഞ്ഞുകൊണ്ട് ശരത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടീച്ചർ അനുവാദം കൊടുത്തു.
അവനെയും കൊണ്ട് വീട്ടിലെത്തിയപ്പോൾ തന്നെ അച്ഛൻ അവനെ ശകാരിച്ചു.
“നിനക്ക് പഠനത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫോൺ വാങ്ങി തന്നത്. ഇപ്പോൾ എന്തായാലും ഓൺലൈൻ ക്ലാസുകൾ ഒന്നും ഇല്ലല്ലോ. ഇനി നീ ഫോൺ ഉപയോഗിക്കേണ്ട. അത് തൽക്കാലം എന്റെ കയ്യിൽ ഇരുന്നോട്ടെ..”
അവന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി അദ്ദേഹം അലമാരയിൽ കൊണ്ടുവന്നു പൂട്ടിവച്ചു.
പിന്നെയും കുറെ നേരം അവൻ ഫോണിനു വേണ്ടി അച്ഛനെയും അമ്മയുടെയും പിന്നാലെ നടന്നെങ്കിലും അവരെ അതു കൊടുക്കാൻ ആ മാതാപിതാക്കൾ തയ്യാറായിരുന്നില്ല.
അതോടെ ദേഷ്യം വന്നു അവൻ മുറിയിൽ കയറി വാതിൽ അടച്ചു. ആഹാരം കഴിക്കാൻ വിളിച്ചിട്ടും അവൻ പുറത്തേക്ക് വരാതെ വാശി കാണിച്ചു.
അവന്റെ ഭാഗത്ത് തെറ്റുള്ളതു കൊണ്ടു തന്നെ അച്ഛനും അമ്മയും അവനെ കൂടുതൽ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം.
പിറ്റേന്ന് നേരം വെളുത്ത് അവനെ അന്വേഷിച്ചു മുറിയിലേക്ക് ചെന്ന് അമ്മ കാണുന്നത് തുറന്നു കിടക്കുന്ന വാതിലാണ്. അവനെ അവിടെയൊന്നും കാണാതായതോടെ അവൻ എവിടേക്കോ പോയി മറഞ്ഞു എന്ന് അവർക്ക് മനസ്സിലാവുകയും ചെയ്തു.
പോലീസിൽ പരാതി നൽകി. അന്വേഷണത്തിന് യാതൊരു തുമ്പും ഇല്ലാതെ ഇരിക്കുമ്പോൾ അച്ഛനും അമ്മയും സ്വയം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.
ദിവസങ്ങൾ നീണ്ടു നിന്ന് അന്വേഷണത്തിനൊടുവിൽ ഒരു അജ്ഞാത ജഡം പോലെ അവനെ കണ്ടു കിട്ടുമ്പോൾ മാതാപിതാക്കൾ സ്വയം ശപിക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ ദോഷം കൊണ്ട് മാത്രമാണ് മകന് ഇങ്ങനെ സംഭവിച്ചത് എന്ന് പരസ്പരം കുറ്റപ്പെടുത്തി അച്ഛനും അമ്മയും കാലം കഴിക്കുന്നു.